പൊതുവേ രോഗിയായ അവർ തിമ്മയ്യയുടെ കയ്യിൽ ഒരു പുലി കുട്ടിയെ കൂടി കണ്ടപ്പോൾ നന്നായി ഭയന്നു…

കളിക്കൂട്ടുകാരൻ

രചന: Vijay Lalitwilloli Sathya

“മോളെ പാറൂ അച്ഛൻ എന്റെ തങ്കക്കുടത്തിന് എന്താ കൊണ്ടുവന്നതെന്ന് നോക്കിക്കേ”

“ങേ… അയ്യോ പുലിക്കുട്ടിയോ ഇതെന്തിനാ മനുഷ്യനെ… ഇതിനെ ഇങ്ങോട്ട് വലിച്ചു കൊണ്ടു വന്നേക്കണത് “

അരുമ മകൾ പാറുക്കുട്ടിയെ വിളിച്ചപ്പോൾ വന്നത് തിമ്മയ്യയുടെ ഭാര്യയാണ്. പൊതുവേ രോഗിയായ അവർ തിമ്മയ്യയുടെ കയ്യിൽ ഒരു പുലി കുട്ടിയെ കൂടി കണ്ടപ്പോൾ നന്നായി ഭയന്നു.

“എടി ചീരു ഇതിനെ എനിക്ക് കാട്ടിൽ നിന്ന് കിട്ടിയതാ. കാട്ടിൽ ഒറ്റപ്പെട്ട് വിശന്നുവലഞ്ഞ ഇതിനെ പരുന്ത് റാഞ്ചി എടുത്തുകൊണ്ടു പോകുമ്പോൾ അതിന്റെ കയ്യിൽ നിന്നും വീണത് നേരെ എന്റെ മുമ്പിൽ.വിട്ടിട്ട് പോവാൻ നേരത്ത് ആ പരുന്ത് വീണ്ടും അതിലെ വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നിപോയെടി..കുറച്ചുനാൾ നമ്മുടെ പാറുക്കുട്ടിയുടെ കൂടെ ഇവിടെ കളിച്ചോട്ടെ എന്ന് ഞാനും അങ്ങട് വിചാരിച്ചു… ഇതിനെ ഇങ്ങട് കൂടെ കൂട്ടി എന്താ വിരോധമുണ്ടോ?”

“ഹെന്റെ ഹമ്മോ…മല ദൈവങ്ങളെ ഞാൻ ഇതെന്നാ കേൾക്കുന്നത്…കാണണത്….ഇതിയാനിത് എന്നാ ഭാവിച്ചാ.എടോ മനുഷ്യാ..ഇത് വളർന്നു വലുതായ നമ്മളെ മുഴുവൻ പിടിച്ചു തിന്നും!!”

“ഒക്കെ എനിക്കറിയാം ചീരു.. ഇപ്പൊ ഇത് കുഞ്ഞല്ലേ. അത് വലുതാകുമ്പോൾ ഉള്ള അല്ലേ.? അപ്പോൾ നമ്മൾക്കിതിനെ പറഞ്ഞു വിടാം”

“ഓ പിന്നെ… നിങ്ങൾ പറഞ്ഞുവിടുമ്പോഴേക്കും വലുതാവുന്ന ഈ കാട്ടു ജന്തു നിങ്ങളെ അത് പറഞ്ഞു വിടും പരലോകത്തേക്ക് “

ചീരു ബഹളംവച്ചു.

“ഹായ് പൂച്ചക്കുട്ടി “

എന്നുപറഞ്ഞുകൊണ്ട് പാറുക്കുട്ടി കളിക്കുന്നതിനിടയിൽ നിന്നും ഓടി വന്നു.

“അത് പൂച്ച കുട്ടിയൊന്നുമല്ല.പുലി കുട്ടിയാ പുലിക്കുട്ടി.” അമ്മ അവളെ ഭയപ്പെടുത്തി.

“ആണോ അപ്പ ഇത് പുലി ആണോ?”

“ആണ്… മോളെ..പുലിക്കുട്ടി ഒക്കെ തന്നെയാണ് മോൾക്ക് പേടിയുണ്ടോ “

” എനിക്ക് പേടിയൊന്നുമില്ല….താര്വോ അപ്പ അതിനെ എനിക്ക് കളിക്കാൻ”

മോളുടെ ആഗ്രഹമല്ലേ ചിന്നയ്യ പുലിക്കുട്ടിയെ മോളുടെ കയ്യിൽ വെച്ച് കൊടുത്തു.

“ഹായ് എന്തു മിനുസമുള്ള രോമം.”

അവൾ അതിനെ തലയിലും പുറത്തും തലോടി പറഞ്ഞു. അത് അവളുടെ കൈ നക്കി “അമ്മേ ഇതിനു വിശക്കുന്നുണ്ടാകും കുറച്ച് ചോറ് കൊടുക്കൂ അമ്മേ “

പാറുക്കുട്ടി പറഞ്ഞു.

“അതെ അതിന് ഇത്തിരി ചോറ് കൊടുക്കുമോ?” തിമ്മയ്യ ചോദിച്ചു.

” ചോറൊക്കെ തിന്നാൻ ഇത് പൂച്ചഅല്ല. കാട്ടു ജീവിയാ കാട്ടുജീവി.എട്ടും പൊട്ടും തിരിയാതെ പുലിയെ വളർത്താൻ കൊണ്ടുവന്നേക്കണ്.”

“എനിക്കറിയാം ചീരു. മാംസം ഒക്കെ തിന്നാൻ അതിന് പ്രായമായിട്ടില്ല നീ ഇത്തിരി പാല് ഉണ്ടെങ്കിൽ കൊടുക്കൂ”

” പാൽ ഒക്കെയുണ്ട്.. ” ചീരു പാറുക്കുട്ടിയുടെ കയ്യിലിരിക്കുന്ന പുലി കുട്ടിയെ സൂക്ഷിച്ചുനോക്കി.

അതു വിശന്നു നാവു നൊട്ടി നുണയുന്നത് കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. അവരിലെ മാതൃത്വം ഉണർന്നു. അവൾ ഇത്തിരി പശുവിൻ പാൽ അതിന് നൽകി. തന്റെ അമ്മയെ കാണാതെയും പാലു കുടിക്കാതെയും വിശന്നു വരണ്ട ആ ചുണ്ടിൽ പാൽത്തുള്ളികൾ കൊണ്ടപ്പോൾ ആർത്തിയോടെ ആ പുലിക്കുട്ടി പാൽ മൊത്തം നക്കി കുടിച്ചു. പരുന്തിനെ നഖംകൊണ്ടപ്പോൾ ഉണ്ടായ മുറിപ്പാടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. തിമ്മയ്യ ആ മുറിവിൽ പച്ച മരുന്നു പുരട്ടി.

അങ്ങനെ കുറച്ചു ദിവസം പുലി കുട്ടിയുമായി കൂട്ടു കൂടിയപ്പോൾ ചീരുവും അതിനെ മാനസികമായി ഉൾക്കൊണ്ടു. തിമ്മയ്യയും പാറുക്കുട്ടിയും അതിനെ വളർത്താൻ തന്നെ തീരുമാനിച്ചു. അവർ അതിനു “ഷോരൂ” എന്ന് പേര് പേരിട്ടു. തിമമയ്യ പുലി കുട്ടിയെ വളർത്താൻ വഴികൾ ആലോചിച്ചു.

തിമ്മയ്യ നല്ലൊരു ഇരുമ്പ് പണിക്കാരൻ കൂടിയാണ്. ഇരുമ്പ് കമ്പികൾ ശേഖരിച്ച അയാൾ ഒരു വലിയ കൂടുണ്ടാക്കി. വീടിനുള്ളിൽ തന്നെ ഒരു രഹസ്യ മുറിയും വാതിലും ഉണ്ടാക്കി അതിനകത്ത് ആ കൂട് ആദ്യം സ്ഥാപിച്ചു. പുലിക്കുട്ടി വളർന്നുവലുതായി വരുമ്പോൾ നാട്ടുകാരും പരിസരവാസികളും അറിയാതെ അതീവരഹസ്യമായി പുലി കുട്ടിയെ അതിനുള്ളിലിട്ടു വളർത്താനാണ് പരിപാടി. ഫോറസ്റ്റ്കാരും, മൃഗസംരക്ഷണ വകുപ്പുകാരും അറിയാതിരിക്കാൻ വളരെ ശ്രദ്ധിച്ചു. ഗ്രാമത്തിലെ കുന്നിൻചെരുവിൽ കാടിനോട് ചേർന്ന് കിടക്കുന്ന ഒറ്റപ്പെട്ട ഒരു വീടാണ് തിമ്മയ്യയുടേത്. അതുകൊണ്ടുതന്നെ പൊതുവേ വീട്ടിൽ ആരും വരാതിരുന്ന ആ സാഹചര്യത്തിൽ തിമ്മയ്യ ക്കു പുലികുട്ടിയെ വളർത്താൻ എളുപ്പമാണ്. അത് അയാൾക്കും അറിയാം.

പാറുക്കുട്ടിയുമായി നന്നായി ഇണങ്ങി കഴിഞ്ഞ പുലി കുട്ടിയെ തുടർന്ന് താനുണ്ടാക്കിയ റൂമിലെ കൂട്ടിലിട്ടു വളർത്താൻ തുടങ്ങി. പുലിക്കു വേണ്ട ഭക്ഷണം നൽകി എന്നും മുറി ഭദ്രമായി അടച്ചു വെക്കും. റൂമിൽ കയറി അതിന്റെ ഭംഗി ഒക്കെ ആസ്വദിക്കാൻ സൗകര്യം ഉണ്ടായിരുന്നു. ഭക്ഷണം നൽകാൻ മുകളിൽ ഒരു ചെറിയ കിളിവാതിലും മുകളിൽ മോന്തായത്തിൽ നിന്നും കയറിട്ട് വലിക്കുന്ന വിധത്തിൽ മുൻ ഇരുമ്പ് ജാലകവും ആ കൂട്ടിനുണ്ടായിരുന്നു.

പുലി വളർന്നുവലുതായി വരികയാണ്. തിമ്മയ്യ അതിനു വേണ്ടുന്ന ഭക്ഷണനത്തിനും മൂന്നുപേരുടെ ഉപജീവനത്തിനുമായി നല്ലൊരു വഴി കണ്ടെത്തി. തിമ്മയ്യ കോഴി ഫാം തുടങ്ങി. ധാരാളം കോഴികളെ വളർത്തി.കോഴികളെ പട്ടണത്തിൽ കൊണ്ടുപോയി വിറ്റും പുലിക്കു ഇറച്ചിയായും നൽകികൊണ്ടിരുന്നു. കോഴികളുടെ മുട്ടകൾ കൊണ്ടുപോയി കവലകളിലെ കടകളിൽ കൊണ്ടുകൊടുത്തു ചീരുവും പാറുവും തിമ്മയ്യയെ സഹായിച്ചു.

പുലി വളർന്നു മുട്ടൻ ആയി ആറടി നീളവും മൂന്നര അടി നീളവുമുള്ള ഉഗ്രൻ പുലി. പാറുക്കുട്ടി ഇരുപത് വയസ്സായ സുന്ദരി കുട്ടിയായി മാറി. അവൾക്കു പത്തു വയസ്സിൽ കൊണ്ടുവന്നതാണ് പുലികുട്ടിയായ ഷോരുവിനെ പത്തു വർഷത്തിൽ യൗവനയുക്തമായ ഒരു പുലിയായി മാറി ആ പുലിക്കുട്ടിയും .

തിമ്മയ്യക്കും വയസ്സായി. ഭാര്യ ചീരു. രോഗിണിയായി കിടപ്പിലാണ്. ഇതിനിടെ പാറുക്കുട്ടി കവലയിലുള്ള കടയിലെ സുമേഷ് ഒരു പയ്യനുമായി അടുപ്പത്തിലായിരുന്നു. അവൻ അവളെ തന്നെ ജീവിതസഖി ആക്കാൻ പട്ടണത്തിലേക്ക് ക്ഷണിച്ചു. അച്ഛനുമമ്മയെയും വിട്ടു അവൾക്കു പോകാൻ ഭയമാണ്. അതേസമയം അവളെ വിവാഹം കഴിക്കാൻ ആ നാട്ടിൽ തന്നെയുള്ള ഒരു ചട്ടമ്പി യുവാവു ജഗ്ഗു തയ്യാറെടുക്കുന്നുണ്ടായിരുന്നു.

അമ്മ രോഗി ആയതിനുശേഷം സ്കൂളിലും കടകളിൽ മുട്ട കൊണ്ട് കൊടുക്കാൻ പോകുമ്പോഴും അയാളുടെ ശല്യം അവൾക്ക് ഉണ്ടായിട്ടുണ്ട്. പലപ്പോഴും പതിയിരുന്ന് ആണ് അയാൾ അവളെ പ്രലോഭിപ്പിക്കാൻ സമീപിച്ചിരുന്നത്. വൃത്തികെട്ട മുഖഭാവവും സ്വഭാവവും ഉള്ള ജാഗ്ഗുവിനെ അവൾക്ക് ഇഷ്ടമല്ല. വീടുതേടി ഒരുനാൾ വീട്ടിലേക്ക് വന്ന് അവനെ തിമ്മയ്യ തോക്ക് കാട്ടി വിരട്ടിയോടിച്ചിരുന്നു. അന്ന് വെല്ലുവിളി മുഴക്കി യാണ് അവൻ കടന്നു പോയത്.
ഇതിനിടയിൽ ചീരുവിന്റെ വേർപാട് തിമയ്യയെയും മകൾ പാറുക്കുട്ടിയും തളർത്തി. അവശനായ അപ്പനെ കാണുമ്പോൾ പാറുക്കുട്ടിക്ക് ഉള്ളിൽ ഒരു ആന്തൽ “അപ്പാ അപ്പനും കൂടി പോയാൽ ഈ ഷോരുവിനെ ആരു നോക്കും.”

” ഒരുനാൾ ഈ ചോദ്യം നീ എന്നോട് ചോദിക്കും എന്ന് എനിക്കറിയാം…നോക്കു മകളെ ഇത് വിഷമാണ് എന്റെ കാലം കഴിയുന്നതിനു മുമ്പ് ഞാനി വിഷം ഷോരുവിന്റെ ഭക്ഷണത്തിൽ ഇട്ടു കൊടുക്കും അങ്ങനെ അവൻ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകും” ” അയ്യോ വേണ്ട അപ്പാ വേണ്ട. ആശങ്ക കാരണം ചുമ്മാ ചോദിച്ചതാ ഞാൻ… ഈ ഞാൻ നോക്കിക്കൊള്ളാം എന്റെ ഷോരുവിനെ “

കരഞ്ഞുകൊണ്ടുഅവൾ പറഞ്ഞു. “അല്ല മോളെ കാലം നമുക്കായി കാത്തുവച്ച എന്താണെന്നറിയില്ല. ഇനി എപ്പോഴെങ്കിലും മോൾക്ക് അവൻ ഉപദ്രവകരമാണ് ആണെന്ന് തോന്നുമ്പോൾ ഇതാ ഈ വിഷം മകൾ അവന്റെ ഭക്ഷണത്തിൽ ഇട്ടു നൽകിയാൽ മതി അവൻ പൊയ്ക്കോളൂ ആർക്കും ഒരു ഉപദ്രവവും നൽകാതെ,ഈ ലോകത്തുനിന്ന്”

“വേണ്ട അപ്പ വേണ്ട ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ
അങ്ങനെയുള്ള ഒരു സാഹചര്യം വന്നാൽഈ ഞാനും അവനും ഒന്നിച്ച് വിഷം കഴിച്ച ചാവും “

അതും പറഞ്ഞ് അവൾ ആ വിഷ കുപ്പി വാങ്ങി സൂക്ഷിച്ചുവെച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം കോഴിയുമായി പട്ടണത്തിൽ പോയ തിമ്മയ്യക്ക് അപകടം ഉണ്ടാവുകയും മരണമടയുകയും ചെയ്തു.

പാറുക്കുട്ടി പ്രതീക്ഷിച്ചതു പോലെ തന്നെ ആ ഒറ്റപ്പെട്ട കാലം കടന്നുവന്നു. ഷോരുവിനു ഭക്ഷണം നൽകി ഭയ വിഹ്വലമായ ദിനരാത്രങ്ങൾ അവൾ കഴിച്ചുകൂട്ടി. പുലിയുമായി ഒരു യുവതി കാടിനോട് ചേർന്നുള്ള ഗ്രാമത്തിലെ ഒരു കോണിൽ ഇങ്ങനെ വസിക്കുന്ന കാര്യം പുറംലോകം അറിഞ്ഞില്ല

അങ്ങനെ ഒരു ദിവസം മുട്ടയുമായി കവലയിൽ ചെന്നു. തൻറെ കാമുകൻ സുമേഷിനോട് എല്ലാം തുറന്നു പറയണം എന്നുണ്ട്. പക്ഷേ ഈ വിഷയം അവന്റെ കൈവിട്ടുപോയാൽ പുറംലോകവും സർക്കാറും അറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർത്ത് അവൾ ഒന്നും മിണ്ടിയില്ല. അവൻ അവളെ പുതിയ ജീവിതത്തിന് വേണ്ടി വരുവാൻ വീണ്ടും ക്ഷണിച്ചു. “ഞാൻ ആലോചിച്ചു പറയാം ” എന്ന് മറുപടി അവനെ സന്തോഷവാൻ ആക്കി.

ഏറെ നാളത്തെ ദുഃഖത്തിന് ശേഷം ഇത്തിരി സന്തോഷത്തോടെ അവൾ വീട്ടിലേക്കു മടങ്ങുമ്പോൾ,കാട്ടു വഴിയിൽ വച്ച് ആ ചട്ടമ്പി ജഗ്ഗുവിനെ കണ്ടു. അവൻ അവൾക്കു മുന്നിൽ ഭീഷണിയുമായി വഴി തടഞ്ഞ് നിൽക്കുകയാണ്.

” ഞാൻ ഒരുപാട് ക്ഷമിച്ചു. അതിനു ഫലമായി കാലം എനിക്ക് അവസരങ്ങൾ ഒരുക്കി തരികയാണോ എന്ന് പോലും സംശയമുണ്ട്. കാരണം എന്റെ മുന്നിലെ തടസ്സങ്ങൾ ഓരോന്നോരോന്നായി ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് നാളത്തെ ആഗ്രഹമാണ്. മനസ്സിലിട്ട് താലോലിക്കുന്ന ഒരു സുന്ദര സ്വപ്നം. താമരക്കുമ്പിളിൽ ഉള്ള തേനിന് ഒരുപാട് പ്രത്യേകത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇന്നത് എന്താണെന്നു ഞാൻ അറിയും. നീ എനിക്കുവേണ്ടി ഉള്ളവളാണ്
ഇന്ന് രാത്രി ഞാൻ വരും. ഇനി എനിക്ക് നിന്നെ കല്യാണം കഴിക്കേണ്ട കാരണം ഞാൻ കെട്ടി. നാട്ടുകാരുടെ മുമ്പിൽ അവൾ ആണ് എന്റെ ഭാര്യ. പക്ഷേ എനിക്ക് നിന്നെ വേണം “

അതും പറഞ്ഞ് അവൻ തിരിഞ്ഞു നടക്കവേ ഒന്നുകൂടി ഓർമ്മിപ്പിച്ചു

” രാത്രി ഞാൻ വരും നീ കരുതിയിരുന്നോ”

ഒരു വന്യ മൃഗത്തെ ഞാനിവിടെ പരിപാലിക്കുന്നുണ്ട് നാട്ടിലുള്ള മനുഷ്യൻ എന്നാ ഈ വന്യമൃഗത്തെ നിലയ്ക്കുനിർത്താൻ ആവാതെ തനിക്ക് ഈ നാടുവിടേണ്ടി വരിക കഷ്ടം തന്നെ. കണ്ണീരോടെ ഏറിയ ദുഃഖത്തോടെ കൊണ്ടുപോകാനുള്ള വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി അവൾ ആലോചിച്ചു താൻ പോയാൽ തന്റെ ഷോരുവിനു പിന്നെ ആരുണ്ട്. കൂട്ടിനുള്ളിൽ പട്ടിണികിടന്ന് ചാവും. അതു മഹാപാപമാണ്.വേണ്ട, ചാവുന്നങ്കിൽ താനും ഷോരുവും ഒന്നിച്ച്. അവളു ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

ഷോരുവിനു നല്കാനുള്ള അവസാനത്തെ അത്താഴം ഒരുക്കുകയാണ്. ഒപ്പം ഒരു കലത്തിൽ തനിക്കുള്ള ചോറും..രണ്ടിലും വിഷം കലക്കി രണ്ടുപേർക്കും ഒന്നിച്ചു പോകാം. പാറുക്കുട്ടി. അതിനായി കോഴികൂട്ടിൽ നിന്നും മുട്ടൻ കോഴിയെപിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു. ഇതിന്റെ പപ്പും പൂടയുമെടുത്ത് ഇതിന്മേൽ അച്ഛൻ തന്ന വിഷം ഒഴിച്ച് വേണം ഷോരുവിന് നൽകാൻ. ഓർക്കുമ്പോൾ അവൾ ഉച്ചത്തിൽ കരഞ്ഞു പോയി. കോഴിയെ കൊല്ലാൻ ഒരുങ്ങവേ പുറത്ത് വാതിലിൽ മുട്ട് കേട്ട് ഈശ്വരാ ആരാ എത്രയോ വർഷങ്ങൾക്കു ശേഷം ഈ വാതിലിന് ഒരു മുട്ട് കേൾക്കുന്നത്.

“പാറുക്കുട്ടി ഞാനാ കതക് തുറക്കൂ”

“ഇത് അവനാണു ആ ചട്ടമ്പി ജഗ്ഗു ” ദൈവമേ തന്നെ പിച്ചിച്ചീന്താൻ ആർത്തിയോടെ കൊതി പിടിച്ചു വന്നിരിക്കുകയാണ്. എങ്ങനെ രക്ഷപ്പെടും ഒരിക്കലും ഇവന് കീഴടങ്ങരുത് അവളുടെ അന്തക്കരണം മന്ത്രിച്ചു. ഇതുവരെ സൂക്ഷിച്ച പരിശുദ്ധിയോടെ വേണം തനിക്കു മരിക്കാൻ

“പാറുക്കുട്ടിയെ കതക് തുറക്കൂ ഇല്ലെങ്കിൽ ഞാൻ ചവിട്ടി പൊളിക്കും” അവൻ പുറത്തുനിന്ന് ആക്രോശിച്ചു.

അവൾ ഭയന്നു. അവൾ ഒരു കാര്യം തീരുമാനിച്ചുറച്ചു..

അവൾ ഷോരുവിനെ പൂട്ടിയ മുറിയുടെ കതകിന്റെ പൂട്ട് ആദ്യം തുറന്നു വച്ചു.

ഈ സമയം ആ ചട്ടമ്പി ജഗ്ഗു മുൻ വാതിൽ തല്ലിത്തകർത്തു. അവൻ അകത്തു കയറി.

നോക്കുമ്പോൾ രണ്ടു മുറി അടഞ്ഞു കാണുന്നുണ്ട് അതിൽ ഒരെണ്ണത്തിൽ പാറുക്കുട്ടി കയറി ഒളിച്ചിരുന്നു.

ജഗ്ഗു രണ്ടു വാതിലുകളും ശ്രദ്ധിച്ചു. ഒരു മുറിക്കകത്തു കൂടിയ പാറുക്കുട്ടി ഷോരുവിന്ടെ കൂടിന്റെ മുൻവാതിൽ മോന്തായത്തിൽ നിന്നും തന്റെ റൂമിലേക്കുള്ള കയറിൽ പിടിച്ചു വലിച്ചു….!

ആ വാതിൽ തുറക്കുന്ന സംവിധാനം അപ്പന്റെ കാലത്തെ സെറ്റപ്പ് ആയതുകൊണ്ടും അപ്പൻ പോലും ഇതുവരെ തുറക്കാതിരുന്നത് കൊണ്ടു അവൾക്ക് അത് വലിച്ചു തുറക്കാൻ പ്രയാസപ്പെട്ടു.. പിന്നെയും പിന്നെയും ശ്രമിച്ചു. ഒടുവിൽ വലിയ ശബ്ദത്തോടെ തുറന്നു…

അതോടെ ഇത്രയും കാലം കൂട്ടിലടക്കപെട്ട ഷോരുവിനു അടച്ച് ആ കൂടിന്റെ മുൻവശം തുറക്കപ്പെട്ടപ്പോൾ വല്ലാത്ത സ്വാതന്ത്ര്യം അനുഭവപ്പെട്ടു..

പതുക്കെ ഷോരുവിന്റെ കൂട്ടിൽനിന്നും അവൻ പുറത്തിറങ്ങി…

റൂമിനു വാതിൽ ഉള്ളതുകൊണ്ട് കൂടിനു വെളിയിൽ ആയെങ്കിലും ഷോറൂ മുറിക്കകത്ത് തന്നെയുണ്ട്.

ഷോറൂവിന്റെ മുറിയിൽ നിന്നും ഷോരുവിന്റെ കൂടിന്റെ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ജഗ്ഗു കരുതി അതിൽ ആയിരിക്കും പാറുക്കുട്ടി ഒളിച്ചിരിക്കുന്നത് എന്ന്!!

ആ വിഡ്ഢി ആ വാതിൽ തുറന്നു…!

“അമ്മേ…”

ഒരു ആർത്തനാദം മുഴക്കാനെ ജഗ്ഗുവിനു ആയുള്ളൂ.

ഷോരൂ ചട്ടമ്പിയുടെ പിടലി കടിച്ചു കുടഞ്ഞു നിലത്തുവീണ ചട്ടമ്പി യെ കടിച്ചെടുത്തു പുറത്തേക്കോടി കാട്ടിലേക്ക് മറഞ്ഞു.

മറ്റേ മുറിയിലുള്ള പാറുക്കുട്ടി ഒരു നെടുവീർപ്പോടെ ഷോരു ജഗ്ഗുനെയും കടിച്ചു കാട്ടിലേക്ക് മറിയുന്നത് കണ്ണീരോടെ നോക്കിനിന്നു.

പിറ്റേന്ന് അവൾ സുമേഷിനെ കൂടെ പുതിയൊരു ജീവിതം തുടങ്ങാൻ യാത്രയായി.

NB: ജിത്തു ജോസപ്പിന്റെ ഫിലിം അല്ല.. ചെറിയ കഥയാണ്… വായിച്ചു നിങ്ങൾ വലിയ വിമശനത്തിന് ഒരുങ്ങരുത്…പുലിമുരുഗനെ ഓർത്താൽ ബാലരമ എന്ന് പറയാൻ വരുന്നവർ അടങ്ങുമല്ലോ..

❤❤

ലൈക്കും കമന്റും ചെയ്യാതെ പോകരുത്….