ഒളിച്ചോട്ടക്കാരി
രചന: നൗഷാദ് കണ്ണേരി
ആകാശച്ചെരിവിലെ ചുവപ്പ് വര്‍ണ്ണവും അസ്തമിച്ച് പ്രകൃതിയെ ഇരുട്ട് വിഴുങ്ങി തുടങ്ങിയിരുന്നു. മുഷിഞ്ഞ് ചുരുണ്ട്കയറിയ ഉടുതുണിയുടെ കൊന്തലക്കല്‍ സൂക്ഷിച്ച ബീഡിയെടുത്ത് ചുണ്ടില്‍ വച്ച് തീകൊടുത്ത് പുക അന്തരീക്ഷത്തിലേക്ക് ഊതിപ്പായിച്ച് അയാള്‍ അസ്വസ്ഥയോടെ വീടിന് മുന്‍പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങള്‍ക്കിടയില്‍ നീണ്ട് കിടക്കുന്ന വരമ്പിന്‍റെ ഇരുള്‍മൂടിയ അറ്റത്തേക്ക് ഇടക്കിടെ കണ്ണുകള്‍ പായിച്ച് അയാള്‍ ശാപവാക്കുകള്‍ ചൊരിയുന്നുണ്ടായിരുന്നു.
രാവിലെ കൂലിപ്പണിക്ക് പോയ ഭാര്യ ഇനിയും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല അതാണ് അയാളെ അസ്വസ്ഥനാക്കുന്നത്.
വേലിക്കല്‍ അമ്മ വരുന്നതും കാത്ത് ഏറെനേരമായി നോക്കിനില്‍ക്കുന്ന അഞ്ച് വയസുളള മകള്‍ക്ക് അനുഭവങ്ങള്‍ പ്രായത്തിലതികം പക്വത നല്‍കിയിരുന്നു.
”ഒരു വെളിച്ചമെടുത്ത് അച്ഛനൊന്ന് പോയി നോക്കിയാലെന്താ.?”
അത് കേട്ട് അയാള്‍ക്ക് ചൊറിഞ്ഞ് കയറി.
”നീ പോടീഅവിടുന്ന്. നിന്‍റെ തളള ഒരു ഒളിച്ചോട്ടക്കാരിയല്ലേ.? ആരുടേയെങ്കിലും കൂടെ ഒളിച്ചോടിപ്പോകുന്നെങ്കിലങ്ങ് പോകട്ടേ.”
”പാടവരമ്പില്‍ ഇഴജന്തുക്കളുളളതാണച്ഛാ. വെളിച്ചമില്ലാതെയാണ് അമ്മ വരുന്നതെങ്കിലോ.?”
നിന്‍റെ തളളയേക്കാള്‍ വിഷമുളള മറ്റുവല്ല ജന്തുക്കളും ഈ ഭൂമിമലയാളത്തിലുണ്ടോടീയെന്ന് ചോദിച്ച് പൊട്ടിച്ചിരിച്ച് അയാള്‍ അടുത്ത ബീഡിക്ക് തീകൊളുത്തി.
രാത്രിയായി, പാടത്തുനിന്നും ചീവിടുകളും മറ്റുജീവജാലങ്ങളും വാദ്യാഘോഷങ്ങള്‍ അരംഭിച്ചിരുന്നു. മിന്നാമിനുങ്ങുകള്‍ നുറുങ്ങുവെട്ടങ്ങള്‍ തീര്‍ത്ത് നാല് പാടും പാറിനടന്നു.
അല്‍പം കഴിഞ്ഞപ്പോഴേക്കും ഇരുട്ടിലൂടെ ഒരു നിഴലനക്കം അവര്‍ കണ്ടു. വൈകുന്നേരം വരെ കൂലിപ്പണിയെടുത്ത് അവശയായാണ് ഭാര്യ പടികടന്ന് വരുന്നത്. ഭാര്യയാണെന്നറിഞ്ഞ അയാള്‍ ധൃതിയില്‍ പടിക്കലേക്കിറങ്ങിചെന്ന് പറഞ്ഞു.
”ഇത്രനേരം നീ എവിടെ നിരങ്ങുകയായിരുന്നെടി.? കാത്തു നിന്നു മനുഷ്യന്‍റെ ക്ഷമ നശിച്ചു. ഇനിയിപ്പോ അങ്ങോട്ട് ചെന്നിട്ട് കാര്യമുണ്ടാവുമോ ആവോ.? വേഗം പണമിങ്ങെടുക്ക്.”
തളര്‍ച്ചക്കിടയിലും അവള്‍ പറഞ്ഞു.
”അമ്പലത്തിലേക്ക് ഭജന പാടാനൊന്നുമല്ലല്ലോ ചാ രായഷാപ്പിലേക്ക് ക ളള്കുടിക്കാനല്ലെ.? ഭാര്യ അദ്ധ്വാനിച്ച് കൊണ്ട് വരുന്ന പണം തട്ടിപ്പറിച്ച് ക ളളുകുടിക്കാന്‍ നാണമുണ്ടോനിങ്ങള്‍ക്ക്.? പക്ഷേ ഇന്ന് നിങ്ങള്‍ക്ക് ഞാന്‍ പണംതരുന്നത് മനസറിഞ്ഞ് സന്തോഷത്തോടെയാണ്.”
”ആര്‍ക്ക് വേണമെടീ നിന്‍റെ ചക്കാത്ത്.? മുടക്കാചരക്കായി നിന്ന നിനക്ക് ഒരു ജീവിതം തന്നതിന്‍റെ കൂലിയായി കണക്കാക്കിയാല്‍ മതി.”
ഭാര്യയുടെ കൈയില്‍ നിന്നും കൂലി പിടിച്ച് വാങ്ങി നടന്ന് നീങ്ങുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.
”പെണ്ണുങ്ങളായാല്‍ സമയത്തിന് വീട്ടിലെത്തണം. അല്ലാതെ പാതിരാവരെ നാടുനിരങ്ങുന്നത് കുടുംബത്തില്‍ പിറന്ന പെണ്ണിന് ചേര്‍ന്നതല്ല. നാട്ടുകാരെകൊണ്ട് പറയിപിച്ച് ആണുങ്ങളുടെ മാനം കളയാനായി ഒരോരോ ജന്മങ്ങള്‍.”
തന്‍റെ കൈയില്‍ നിന്നും പണവും പിടിച്ച്പറിച്ച് ചാരായഷാപ്പിലേക്ക് നടന്ന് നീങ്ങുന്ന അഭിമാനിയായ ഭര്‍ത്താവിനെയോര്‍ത്ത് അവളുടെ ചുണ്ടില്‍ പുച്ഛമായ ഒരു ചിരിവിടര്‍ന്നു.
ഏറെ പ്രണയിച്ചവനുമായുളള വിവാഹത്തിന് തറവാട്ടുമഹിമ വില്ലനായപ്പോള്‍ അവന്‍റെ കൂടെജീവിക്കാന്‍ ഒളിച്ചോട്ടശ്രമമുണ്ടായി. പിടിക്കപ്പെട്ടപ്പോള്‍ നാടറിഞ്ഞു. തറവാടിന്‍റെമാനം തന്‍റെ മടിക്കുത്തിലൂടെയാണ് പോയെന്ന് പറഞ്ഞ് എല്ലാവരും കുടുംബത്തിലെതന്നെയുളള ഒരുത്തന്‍റെ തലയില്‍ അവളെ ബലമായി കെട്ടിവച്ചു.
ചിലവിനുകൊടുക്കില്ല എന്നതിനെക്കാള്‍ ഒരു പുരുഷന്‍ എന്ന നിലയിലും അയാള്‍ പരാജയമായിരുന്നു. കെട്ട്താലിയടക്കും വിറ്റു ക ളള് കുടിച്ചപ്പോള്‍ വിശപ്പടക്കാനുളള അന്നത്തിന് വേണ്ടിയാണ് അവള്‍ ആദ്യമായി കൂലിപ്പണിക്കിറങ്ങിയത്. അതിനിടയില്‍ അവള്‍ക്കൊരു കുഞ്ഞും ജനിച്ചു. കുഞ്ഞിന് മറ്റാരുടെയൊ ഛായയാണെന്ന് പറഞ്ഞും അയാള്‍ അവളെ ഉപദ്രവിച്ചു.
ചാ രായഷാപ്പില്‍ വൈകിയെത്തിയ അയാള്‍ തന്‍റെ സ്ഥിരംസീറ്റുകിട്ടാനായി മറ്റുളളവരുമായി തര്‍ക്കിച്ചു. പതിവ് പോലെ കുടിക്കിടെയുളള വഴക്കുണ്ടായി. ഭാര്യ കണ്ടവന്‍റെയൊപ്പം കിടന്നുണ്ടാക്കുന്ന പണംകൊണ്ട് കുടിച്ചിട്ട് നാട്ടുകാരുടെ മെക്കിട്ട് കയറാന്‍ വരരുതെന്ന് പറഞ്ഞ് മറ്റുളളവര്‍ അയാളെ തല്ലി.
തന്‍റെ ഭാര്യക്ക് മറ്റൊരാളുമായി ചുറ്റിക്കളിയുണ്ടെന്നത് മറ്റുളളവര്‍ പറഞ്ഞപ്പോള്‍ തറവാടിയായ അളുടെ അഭിമാനം വീണ്ടും കളങ്കപ്പെട്ടു. അയാള്‍ക്കത് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. ഭാര്യയുടെ കൈയില്‍നിന്നും പിടിച്ച് വാങ്ങിച്ച മുഴുവന്‍ കാശു കുടിച്ച് തീര്‍ത്ത് ലക്ക് തെറ്റി വഴിയിലൂടെ വീണുരുണ്ട് വീട്ടിലേക്ക് കയറുമ്പോള്‍ അയാള്‍ ഒച്ചവച്ചു.
”എടീ മൂ ധേവീ നീയെന്‍റെ മാനം കളഞ്ഞില്ലേ.? ആളുകളുടെയിടയില്‍വച്ച് എന്‍റെ തൊലിയുരിഞ്ഞ് പോയെടീ.. നാട്ടുകാരുടെ മുഖത്ത് ഇനി ഞാനെങ്ങനെ നോക്കും.? ആരാടീ നിന്‍റെ ജാരന്‍ നിന്നെ ഞാനിന്ന് കൊല്ലും.”
ശകാര വാക്കുകള്‍ ചൊരിഞ്ഞ് വീടുമുഴവന്‍ തിരഞ്ഞെങ്കിലും ഭാര്യയേയും മകളേയും വീട്ടിലെവിടേയും കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
ഡ്രസ്സുകളടങ്ങിയ അവരുടെ പെട്ടിയും അവരോടൊപ്പം അപ്രത്യക്ഷമായത് കണ്ടപ്പോള്‍ അയാള്‍ തലയില്‍ കൈവച്ച് പറഞ്ഞു.
”അവള്‍ വീണ്ടും ഒളിച്ചോടി.”