അവളിങ്ങനെ പിറുപിറുക്കുന്നതിനിടയിൽ ശബ്ദം കേട്ടിട്ടാവാം കൂട്ടുകാരിലൊരാൾ കതകു തുറന്നു…

ഒരു മഴക്കാല സന്ധ്യയിൽ

രചന: Josepheena Thomas

നഗരത്തിലെ ഒരു ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു ആ അഞ്ചു ചങ്ങാതിമാർ. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ. ഓരോരുത്തരെയായി പരിചയപ്പെടുത്താട്ടോ….

ആദ്യത്തെയാൾ നല്ലൊരു കവിയായിരുന്നു. അതും നിമിഷ കവി. നീണ്ട മുടിയും താടിയുമുള്ള ജൂബാ ധാരിയായ അയാൾ ഒറ്റനോട്ടത്തിൽത്തന്നെ ഒരു കവിയാണെന്നു തോന്നിപ്പിക്കും. അയാൾ നഗരത്തിലെ തന്നെ ഒരു ഗ്രന്ഥശാലയിൽ ജോലി നോക്കുകയാണ്.

രണ്ടാമത്തെയാളാകട്ടെ ഒരു ശില്പി. ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഉണ്ടാക്കുന്നതിൽ കേമനായിരുന്നു അയാൾ. അയാളുടെ ശില്പങ്ങൾ വിദേശീയരെ .വല്ലാതെ ആകർഷിച്ചിരുന്നു. നീണ്ട നാസികയും ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന കണ്ണുകളും അയാളുടെ പ്രത്യേകതകളായിരുന്നു. അയാൾക്ക് സ്വന്തമായി രണ്ടു മുറികൾ ഈ ഹോസ്റ്റലിലുണ്ട്. ആൾക്കൊരു പ്രത്യേകതയുണ്ട്. ശിപ്പങ്ങളുണ്ടാക്കുന്ന മുറിയിലേയ്ക്ക് ആരെയും പ്രവേശിപ്പിക്കില്ല. ശില്പവും ശില്പിയും മാത്രമായ ഒരു ലോകം.

അതാ … ആ വരുന്ന സ്വല്പം തടിച്ച പ്രകൃതമുള്ള ആളില്ലേ? സഫാരി സ്യൂട്ടും കറുത്ത ഫ്രെയിമുള്ള കണ്ണടയും കഷണ്ടി കയറിയ തലയിൽ തൊപ്പിയും വച്ച ആൾ.

അയാൾ ഒരു സംവിധായകനാണ് ട്ടോ. പടത്തിന്റെ വർക്കു കഴിഞ്ഞാൽ പിന്നെ പുള്ളിയെ കാണണമെങ്കിൽ അമ്പലപ്പുഴയിലുള്ള അയാളുടെ വീട്ടിൽ ചെല്ലണം. അത്രയ്ക്ക് നൊസ്റ്റുവാണ് അയാൾക്ക് വീട്. അഭിനയ മോഹവുമായി തന്റെ മുമ്പിൽ വരു.ന്ന ആരെയും മടക്കി അയയ്ക്കാത്ത ഒരു നല്ല മനുഷ്യൻ. എല്ലാവരും , അപ്പാജി എന്നു സ്നേഹത്തോടെ വിളിക്കുന്ന ഒരു വ്യക്തി. പക്ഷേ സ്റ്റാർ വാല്യുവിന്റെ അഭാവമോ എന്തോ കഴിഞ്ഞ പടം പൊട്ടിപ്പോയതിന്റെ നിരാശയിലാണദ്ദേഹം…

നാലാമത്തെയാൾ അതാ വരുന്നുണ്ടല്ലോ. ഒരു ഫെമിനിസ്റ്റ് ആണദ്ദേഹം. സ്ത്രീകളുടെ ഉന്നമനം മാത്രമാണ്. അവിവാഹിതനായ പുള്ളിക്കാരന്റെ ലക്ഷ്യം. കേരളത്തിലെ സ്ത്രീകൾ കുറച്ചു കൂടി ബോൾഡാകണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അഞ്ചാമനെ കാണുമ്പോഴെ തോന്നുന്നില്ലേ ആളൊരു പഞ്ചാരയാണെന്നു്.

ഒരു പെണ്ണിനെ എങ്ങനെ വളച്ചൊടിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണയാൾ. മകന്റെ ഈ സ്വഭാവത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടുത്താം എന്നാണ് അവിവാഹിതനായ അയാളുടെ അമ്മയുടെ ചിന്ത. അതിനു വേണ്ടി അവർ പ്രാർത്ഥിക്കാത്ത ദേവാലയങ്ങളില്ല. എന്നെങ്കിലുമൊരിക്കൽ മകൻ നന്നാവും എന്നുറച്ചു വിശ്വസിച്ചു കൊണ്ട് മുട്ടിപ്പായ പ്രാർത്ഥനയിലാണ് ആ പാവം വിധവയായ അമ്മ.

അങ്ങനെയിരിക്കെ ചതച്ചുകുത്തി ചെയ്യുന്ന മഴയുള്ള ഒരു വൈകുന്നേരം. ഏകദേശം ആറുമണിയായിട്ടുണ്ടാവും. മഴയുടെ താണ്ഡവ നൃത്തത്തിലും ശബ്ദത്തിലും പുറത്ത് ഒരു പെൺകുട്ടി മഴയിൽ നിന്നും രക്ഷനേടാൻ അവരുടെ സിറ്റൌട്ടിൽ കയറി വന്നത് അവർ അഞ്ചു പേരും അറിഞ്ഞില്ല. രോഗിയായ തന്റെ അമ്മയ്ക്ക് മരുന്നു വാങ്ങിക്കാൻ പോയ അവൾ കുടയെടുക്കാൻ മറന്നു പോയിരുന്നു.മരുന്നു നനയാതിരിക്കാനാണ് തുറന്നു കിടക്കുന്ന ഗേറ്റു കണ്ടപ്പോൾ അവൾ അവിടേയ്ക്കോടിക്കയറിയത്. ശക്തമായ മഴയിൽ നനഞ്ഞൊലിച്ച ശരീരം. അവളുടെ ആകാരവടിവ് വ്യക്തമാക്കുന്ന വിധം നനഞ്ഞ സാരി ദേഹത്തോടൊട്ടിക്കിടക്കുന്നു. മരുന്നു അവിടെ കണ്ട കസേരയിൽ വെച്ചിട്ട് സാരിയിലെ വെള്ളം പിഴിഞ്ഞു കളയുകയായിരുന്നു അവൾ.

“നശിച്ച മഴ. വീട്ടിൽ നിന്നിറങ്ങുമ്പോൾ മഴയുടെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു.”

അവളിങ്ങനെ പിറുപിറുക്കുന്നതിനിടയിൽ ശബ്ദം കേട്ടിട്ടാവാം കൂട്ടുകാരിലൊരാൾ കതകു തുറന്നു. പുറകെ പുറകെ ബാക്കി നാലു പേരും. ഏതോ ഒരു അത്ഭുത ജീവിയെ കാണുന്നതു പോലെ അവർ അവളെ സാകൂതം നോക്കി. അവളാകട്ടെ പേടിച്ചരണ്ട മാൻപേടയെപ്പോലെ അഞ്ചുപേരെയും മാറി മാറി നോക്കി. തോരാതെ പെയ്യുന്ന മഴയിൽ അമ്മയ്ക്കു വാങ്ങിച്ച മരുന്നു നനയരുതെന്ന ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. തുറന്നു കിടന്ന ഗേറ്റു കണ്ടപ്പോൾ അവിടെ ആണുങ്ങൾ മാത്രമേ ഉള്ളു എന്നൊന്നും ചിന്തിച്ചില്ല. അവർക്ക് ആശ്ചര്യമാണുണ്ടായത്. മഴയിൽ കുതിർന്നു നിന്ന അവളുടെ സാരിയിൽ നിന്നും ഒഴുകിയ വെള്ളം തറയിൽ പല തരത്തിലുള്ള ചിത്രങ്ങൾ സൃഷ്ടിച്ചു. അവർ അഞ്ചു പേരുടെയും മനസ്സിലൂടെ പലതരം ചിന്തകൾ കടന്നുപോയി.

ഒന്നാമതു പരിചയപ്പെടുത്തിയ കവിയില്ലേ ? നിമിഷ കവിയായ അയാൾക്ക്മ ഴയിൽ കുളിച്ചു നിന്ന അവളെ വർണ്ണിച്ച് ഒരു കവിതയെഴുതാനാണ് തോന്നിയത്. അങ്ങിനെയൊരു വിഷയം കിട്ടിയതിൽ അയാൾക്കു സന്തോഷം തോന്നി. അയാളുടെ മനസ്സിൽ സുന്ദരമായ ഒരു കവിത വിരിഞ്ഞു.

രണ്ടാമനായ ശില്പി അവിടെ കണ്ടത് സുന്ദരമായ ഒരു ശില്പത്തെയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കനത്ത മഴയിൽ നനഞ്ഞു കുതിർന്ന അവളുടെ ശരീരം അയാളിലെ പ്രതിഭാസമ്പന്നനായ ശില്പിയെ ഉണർത്തി. അയാളുടെ ജീവിതത്തിലിന്നു വരെ കൊത്തിയിട്ടില്ലാത്ത ഒരു സുന്ദര വിഗ്രഹം അയാൾ കണ്ടു. വിടർന്ന നയനങ്ങളും നീണ്ട നാസികയും വടിവൊത്ത ആകാരസൗഷ്ഠവവും തന്റെ ശില്പത്തിനു മാറ്റുകൂട്ടും. വെള്ളക്കൽ മൂക്കുത്തി അവളുടെ നാസികയ്ക്ക് ചന്തം കൂട്ടുന്നില്ലേ? മഴയിൽ സ്ഥാനഭ്രംശം വരുത്തിയ ഉടയാടകൾഅവളുടെ സൗന്ദര്യം എടുത്തു കാണിക്കുന്നില്ലേ? കണങ്കാലിൽ പറ്റിപ്പിടിച്ചു കിടക്കുന്ന വെള്ളി പാദസരവും ചുവപ്പും കറുപ്പും ഇടകലർന്നു കരങ്ങളിൽ അണിഞ്ഞ കുപ്പിവളകളും അവളുടെ സൗന്ദര്യത്തെ കൂട്ടാൻ വഹിക്കുന്ന പങ്ക് തീരെ ചെറുതല്ല. ആലില പോലെ ഒട്ടിയ വയർ വിദഗ്ധനായ ഒരു ശില്പിയുടെ കയ്യിൽ ഭദ്രമാകില്ലേ ?

സിനിമാ സംവിധായകന്റെ ചിന്ത മറ്റൊന്നായിരുന്നു. തന്റെ അടുത്ത കഥയിലെ നായിക ഈ സുന്ദരി തന്നെ. ഇവളെ നായികയാക്കിയാൽ പടം ഓടുമെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. എങ്കിൽ താൻ രക്ഷപ്പെട്ടു. എട്ടു നിലയിൽ പൊട്ടിയ തന്റെ കഴിഞ്ഞ പ്രാവശ്യത്തെ സിനിമയ്ക്കൊരു പ്രതിവിധിയാകും ഇവൾ നായികയായുള്ള സിനിമ കോരിച്ചൊരിയുന്ന ഈ മഴയ്ക്കു പോലും അവളുടെ സൗന്ദര്യത്തിന് അല്പം പോലും മങ്ങലേല്പിക്കാനായില്ല. മേക്കപ്പ് ചെയ്യുമ്പോൾ അവളുടെ സന്ദര്യം ഇരട്ടിക്കുന്നത് അയാൾ മനസ്സിൽ സങ്കല്പിച്ചു നോക്കി. ഈ ശാലീന സുന്ദരിയെ ദൈവമാണു തന്റെ മുന്നിൽ കൊണ്ടുവന്നത്.

ഇവർ മൂന്നുപേരും ചിന്തിച്ചതു പോലെയല്ല നാലാമനായ ഫെമിനിസ്റ്റ് ചിന്തിച്ചത്. സമയം സന്ധ്യയാകാറായി. മഴ ശമിക്കാതെ അവൾ എങ്ങിനെയാണ് വീട്ടിലേക്കു പോവുക? സമയം സന്ധ്യയാകാറായില്ലേ. പോരെങ്കിൽ കാലം കെട്ട കാലവും . വഴിയിൽ എന്തെല്ലാം അപകടങ്ങൾ പതിയിരിക്കുന്നുണ്ടാവും?

പാവം! അവൾ ഒറ്റയ്ക്കല്ലേ പോവുന്നത്? അവൾക്കു വേണ്ട സുരക്ഷ കൊടുക്കാൻ ഒരു ഫെമിനിസ്റ്റായ തനിക്കു കടമയില്ലേ? ഒരു പക്ഷേ ദൈവനിശ്ചയം അതായിരിക്കാം. അതല്ലേ അവൾ തന്റെ മുനിൽത്തന്നെ വന്നു പെട്ടത്. മഴ ഒട്ടൊന്നു ശമിക്കട്ടെ. അവളെ വീട്ടിൽ കൊണ്ടാക്കണം.

അഞ്ചാമനാവട്ടെ ഈ നാലു പേരും ചിന്തിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായാണ് ചിന്തിച്ചത്. അവളുടെ നനഞ്ഞൊട്ടിയ ശരീരം അയാളിലെ കാ മവികാരത്തെ ഉണർത്തി. അവളുടെ ശരീരത്തിന്റെ നിമ്നോന്നതങ്ങളിൽ അയാളുടെ കണ്ണുകൾ ഉടക്കി. എന്തൊരു വ ശ്യമായ സൗന്ദര്യമാണവൾക്ക്. ആരും ഒന്നു തൊടാൻ മോഹിക്കുന്ന സൗന്ദര്യം. പണ്ടെങ്ങോ വായിച്ച ഒരു ഗ്രീക്കു കഥയിലെ നായികയെപ്പോലെ തോന്നി അയാൾക്ക്. വെള്ളം ഇറ്റിറ്റു വീഴുന്ന കേശഭാരവും വിടർന്ന നയനങ്ങളും ആകാരവടിവുമെല്ലാം ആ അനാഘാത കുസുമത്തെ കൂടുതൽ മനോഹരിയാക്കി. എത്രയും പെട്ടെന്ന്അവളിൽ അലിഞ്ഞുചേരാൻ അയാളുടെ മനസ്സ് വെമ്പൽ കൊണ്ടു. ഒരു നിമിഷം അയാൾക്കു മറ്റു നാലു പേരോടും എന്തെന്നില്ലാത്ത വെറുപ്പു തോന്നി. അവരാരും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും താനാ അഭൗമ സൗന്ദര്യം ആവോളം നുകർന്നേനെ.

പെട്ടെന്നാണ് അയാളുടെ മനസ്സിൽ ഒരശ്ശരീരി പോലെ ആ ശബ്ദം മുഴങ്ങിക്കേട്ടത്.

“മോനെ….. സ്ത്രീകളെ ബഹുമാനിക്കണം. സ്ത്രീകളെ അമ്മയായും സഹോദരിയായും ഒക്കെ കാണാൻ കഴിയണം..

ഇന്നു നമ്മുടെ സമൂഹത്തിൽ ആർക്കും അങ്ങിനെ കാണാൻ കഴിയാത്തതാണ് നമ്മുടെ നാടിന്റെ ശാപം.”

രണ്ടാഴ്ച മുമ്പ് ജോലി കിട്ടി ഈ നഗരത്തിലേക്കു വരുമ്പോൾ തന്റെ ഉമ്മ തനിക്കു തന്ന വിലപ്പെട്ട ഉപദേശം. ഇല്ല …. താനതിനെതിരായി പ്രവർത്തിക്കില്ല. മനസ്സിൽ തോന്നിയ ആ ഭ്രാന്തമായ ചിന്തകളെ അയാൾ ശപിച്ചു. ഇവൾ എന്റെ സഹോദരിയാണ്.

താൻ ചേർത്തുപിടിക്കേണ്ടവൾ. അയാൾ തന്റെ വീട്ടിലുള്ള സഹോദരിയെ ഓർത്തു. കുറ്റ ബോധം അയാളെ വേട്ടയാടി. അയാൾ അകത്തേക്കു പോയി.

ബാഗിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന കുടയെടുത്ത് അവളുടെ നേരെ നീട്ടി. അപ്പോൾ അയാളുടെ മുഖത്തു വിരിഞ്ഞ ചെറു മന്ദഹാസത്തിന് പത്തര മാറ്റിന്റെ തിളക്കമുണ്ടായിരുന്നു…