അയാള്‍ സെക്യൂരിറ്റിയുടെ മുറിയില്‍ കയറി പെട്ടെന്ന് താക്കോല്‍ കൈക്കലാക്കി ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്ന് പതിയെ ഗേറ്റ് പൂട്ടി…

ഒരു ഒളിച്ചോട്ടക്കഥ

രചന: ദിപി ഡിജു

‘എടിയേ… ഒന്നു വേഗമാകട്ടെ… നേരം വെളുക്കുന്നേനു മുന്‍പ് പുറത്തു ചാടണം…’

‘നിങ്ങള്‍ ഇങ്ങനെ കിടന്ന് കാറി പൊളിക്കാതെ മനുഷ്യാ… ശബ്ദം കേട്ട് അവരെങ്ങാന്‍ എഴുന്നേറ്റാല്‍ എല്ലാം കുളമാകുമേ… പറഞ്ഞില്ലാന്നു വേണ്ട…’

‘നീ പുറകെ വന്നാല്‍ മതി… സെക്യൂരിറ്റി പുറകു വശത്തേക്ക് പോകുമ്പോള്‍ ഞാന്‍ കൈ കാണിക്കാം… അപ്പോള്‍ പെട്ടെന്ന് ഓടി വരണം…’

‘ശരി… ശരി… മനസ്സിലായി… എന്നാല്‍ നിങ്ങള്‍ പോകാന്‍ നോക്കൂ… കാശൊക്കെ എടുത്തല്ലോല്ലേ…???’

‘ഹാ… ഉണ്ടെടി… നീയും എല്ലാം ഉണ്ടോന്നു നോക്കിയില്ലേ…???’

‘ഹാ… എല്ലാമുണ്ട്… ഇനി സമയം കളയേണ്ട…’

വിശ്വന്‍ പതുങ്ങി ചെന്ന് മതിലിനോടു ചേര്‍ന്നു നിന്നു ആംഗ്യം കാണിച്ചതും ശ്രീദേവി പെട്ടെന്ന് ബാഗ് എടുത്ത് പുറത്തേക്ക് ഓടി.

അയാള്‍ സെക്യൂരിറ്റിയുടെ മുറിയില്‍ കയറി പെട്ടെന്ന് താക്കോല്‍ കൈക്കലാക്കി ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്ന് പതിയെ ഗേറ്റ് പൂട്ടി, സെക്യൂരിറ്റി റൂമിന്‍റെ ചെറിയ വാതിലിലൂടെ താക്കോല്‍ അകത്തേക്ക് എറിഞ്ഞു.

രണ്ടു പേരും കൈകള്‍ കോര്‍ത്തു പിടിച്ചു റോഡിലൂടെ കുറച്ചു ദൂരം ഓടി തെരുവ് കടന്നതും അണച്ചു കൊണ്ട് പരസ്പരം നോക്കി ചിരിച്ചു.

‘ഓര്‍മ്മയുണ്ടോ വിശ്വേട്ടാ…???’

‘പിന്നെ ഓര്‍മ്മയില്ലാതെ…???’

അവര്‍ വീണ്ടും കുറച്ചു ദൂരം നടന്ന് ജംങ്ഷനില്‍ എത്തി.

‘നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളൂ… ഈ സമയത്ത് വണ്ടി വല്ലതും കിട്ടുമോ ഏട്ടാ…???’

‘നമുക്ക് നോക്കാം… നീ നടക്ക്…’

‘ഒരു വണ്ടി വരുന്നുണ്ടല്ലോ… ലോറി ആണെന്നാ തോന്നണേ…’

വിശ്വന്‍ കൈ കാണിച്ചതും ലോറി നിര്‍ത്തി.

‘ഒരു ലിഫ്റ്റ് തരാമോ…’

ലോറിക്കാരന്‍ അത്ഭുതത്തോടെ അവരെ നോക്കി.

‘മുത്തശ്ശനും മുത്തശ്ശിയും എങ്ങോട്ടാ…???’

‘ഞങ്ങള്‍ പാലക്കാട്ടേക്കാ… ആ വഴി ആണോ…???’

‘അതെ… ഞാന്‍ കര്‍ണാടകത്തിനു പോകുവാ…’

അവരെ വണ്ടിയില്‍ കയറാന്‍ അയാള്‍ സഹായിച്ചു.

‘മോന്‍ ഒറ്റയ്ക്കാണോ…???’

‘ഹേയ് അല്ല… ക്ളീനര്‍ ഉണ്ട്… അവന്‍ പുറകില്‍ കിടന്ന് മയങ്ങുവാ…’

‘എന്താ മോന്‍റെ പേര്…???’

‘രവി…. നിങ്ങളുടെയോ…???’

‘ഞാന്‍ വിശ്വന്‍… ഇതു ശ്രീദേവി… മോന്‍റെ വീട്ടില്‍…???’

‘ഇപ്പോള്‍ ഒറ്റാന്തടി ആണ്… കുറച്ചു നാളുകള്‍ക്കുള്ളില്‍ ഒരാള്‍ കൂടി വരും… അമ്മാവന്‍റെ മോളാ… അല്ല… നിങ്ങള്‍ പാലക്കാട് എവിടേയ്ക്കാ…???’

‘ഒരു കല്ല്യാണത്തിനു പോകുവാ…’

‘ആരുടെ…???’

‘ഞങ്ങളുടെ തന്നെ…’

കൂസലില്ലാതെ ശ്രീദേവി പറഞ്ഞ ഉത്തരം കേട്ട് രവിയുടെ കാല്‍ അറിയാതെ ബ്രേക്കില്‍ അമര്‍ന്നു.

‘മുത്തശ്ശി എന്താ പറഞ്ഞേ…???’

‘ഹായ്… ഈ പ്രായത്തിലെ ചെവി അടിച്ചു പോയോ…??? ഞങ്ങളുടെ കല്ല്യാണം ആണെന്ന്… ചിറയാതെ വണ്ടി എടുക്കെടാ ചെറുക്കാ…’

രവി വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ആക്കി.

‘അഅത് എഎന്താ… ഈ പ്രായത്തില്‍…???’

‘നാല്‍പതു വര്‍ഷം മുന്‍പ് ഇവളുടെ കഴുത്തില്‍ ഞാന്‍ തന്നെയാടോ താലി കെട്ടിയത്… നല്ല അസ്സല്‍ ഒളിച്ചോട്ടക്കല്ല്യാണം തന്നെ ആയിരുന്നു… കൊടുമ്പിരി കൊണ്ട പ്രണയം ആയിരുന്നേ…’

ശ്രീദേവിയുടെ ചുളിവുകള്‍ വീണ മുഖം നാണത്താല്‍ തുടുക്കുന്നതു കണ്ട് വിശ്വന്‍ ആ കവിളില്‍ ഒന്നു നുള്ളി.

‘ഹാ… എന്താ പറയാ…. രണ്ടു കുട്ടികള്‍ ആയി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ അങ്ങനെ അങ്ങ് തലപൊക്കി തുടങ്ങി…. നമ്മള്‍ പ്രേമിച്ചു നടക്കുമ്പോള്‍ നല്ലതായി തോന്നുന്ന പല കാര്യങ്ങളും കല്ല്യാണം കഴിഞ്ഞു അനിഷ്ടങ്ങളായി മാറുമേ… വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ രണ്ടു പേരും തയ്യാറായില്ല… പരസ്പരം മത്സരിക്കാന്‍ ആയിരുന്നു കൂടുതല്‍ താല്‍പര്യം… ബന്ധം പിരിഞ്ഞു… രണ്ടു മക്കളേയും രണ്ടു പേരും അങ്ങോട്ടു വീതിച്ചെടുത്തു…’

‘ബന്ധം പിരിഞ്ഞെങ്കില്‍ നിങ്ങള്‍ പിന്നെങ്ങനെയാ വീണ്ടും….???’

‘സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ആയിരുന്നെന്നു രണ്ടു പേരും അഹങ്കരിക്കുന്നതിനിടയിലും മക്കളോടുള്ള സ്നേഹം പണമായി നല്‍കി സ്വയം ഞെളിയുന്നതിനിടയിലും അവരെ സ്നേഹം കൊടുത്തു വളര്‍ത്താന്‍ മറന്നു പോയി… മക്കള്‍ വളര്‍ന്നു ഞങ്ങളോളം ആയപ്പോള്‍ അവര്‍ക്ക് ഞങ്ങളും ഒരു ബാധ്യത ആയി… ശല്യമായി… കുറച്ചു നാള്‍ മുന്‍പ് ആണ് ഞാന്‍ ആ വൃദ്ധസദനത്തിലെ അന്തേവാസി ആയത്… മകനു നോക്കാന്‍ ബുദ്ധിമുട്ട് ആണെന്നു മുഖത്തു നോക്കി പറഞ്ഞപ്പോള്‍ സ്വയം എടുത്ത തീരുമാനം ആയിരുന്നു അത്… എനിക്ക് മാസാമാസം ലഭിക്കുന്ന പെന്‍ഷന്‍ കാശിന്‍റെ ഒരു പങ്ക് ഞാന്‍ അവിടെ കൊടുത്തിരുന്നു… ഒന്നുമില്ലേലും മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ആരേലും ഉണ്ടാകുമല്ലോ എന്നു കരുതി… ഒരു മാസം മുന്‍പ് മകള്‍ ഇവളെയും അവിടെ കൊണ്ടു വന്നു തള്ളി…’

അയാള്‍ മുണ്ടിന്‍റെ തുമ്പാല്‍ ഒന്നു കണ്ണു തുടച്ചു.

‘ഒന്നിരുത്തി ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്കും മനസ്സിലായി വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചതൊന്നും തന്നെ ശാശ്വതം ആയിരുന്നില്ലെന്നു… എന്തേലും നേടിയോ…??? അതുമില്ല… ഞങ്ങള്‍ വീണ്ടും ആ ജീവിതം ഒന്നു തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചെടോ… നാല്‍പതു വര്‍ഷം മുന്‍പ് ഇവളെയും വിളിച്ചിറക്കി കൊണ്ടു വന്നു താലി ചാര്‍ത്തിയ ആ അമ്പലത്തില്‍ തന്നെ പോയി വീണ്ടും ജീവിതം തുടങ്ങണം എന്നതു ഇവളുടെ ആഗ്രഹം ആയിരുന്നു… അതു കൊണ്ട് ഇന്ന് ഞങ്ങള്‍ വീണ്ടും അങ്ങ് ഒളിച്ചോടി… വൃദ്ധസദനത്തില്‍ നിന്ന്… ആ പഴയ ഇരുപത്തഞ്ചുകാരനും ഇരുപത്തിരണ്ടുകാരിയുമായി…വീണ്ടും ഒന്നു പ്രണയിക്കാന്‍… പക്ഷെ ഇത്തവണ ആ പ്രണയം മരണത്തോളം കൂടെ ഉണ്ടാവും കേട്ടോ… ‘

ശ്രീദേവി നാണത്തോടെ വിശ്വനെ ഒന്നു കിഴുക്കി.

അവരുടെ കൂടെ ആ കല്ല്യാണം കൂടാന്‍ രവിയും കൂട്ടുകാരനും ഉണ്ടായിരുന്നു.

ശ്രീദേവിയുടെ കഴുത്തില്‍ താലി ചാര്‍ത്തി കുങ്കുമചുവപ്പാല്‍ സിന്ദൂരരേഖ അയാള്‍ വീണ്ടും ചുമപ്പിക്കുമ്പോള്‍ എന്തിനെന്നറിയാതെ ആ കണ്ണുകള്‍ നിറയുന്നത് അവര്‍ ഇരുവരും സാകൂതം നോക്കി നിന്നു.