മരുമകൻ
രചന: ദിവ്യ കശ്യപ്
എന്റെ വീടിന്റെ ഒരു മതിലിനും അപ്പുറത്താണ് ആ വീട്… ഞാനെന്നും കാലത്തെഴുന്നേറ്റ് ദോശ ചുട്ടോണ്ട് നിൽക്കുമ്പോഴോ പുട്ടിനു പൊടി വാരി വെച്ചിട്ട് ആവി വരാൻ നിൽക്കുമ്പോഴോ കിട്ടുന്ന കുഞ്ഞ് ഇടവേളകളിൽ ന്റെ അടുക്കളയുടെ പടിയിൽ ചാരി നിന്നു അപ്പുറത്തേക്ക് നോക്കാറുണ്ട്…
അപ്പുറത്തെ ആശചേച്ചി അപ്പോൾ തുണിയലക്കുന്ന തിരക്കിലാവും… അലക്കു കല്ലിന്റെ ചുവട്ടിൽ നിന്നും വേഗത്തിൽ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങുന്ന കമ്പ്യൂട്ടറിന്റെ വേഗത്തിൽ സ്പ്രിംഗ് പോലെ കറങ്ങി നിന്നു പണിയെടുക്കുന്ന ആശ ചേച്ചിയെ അവിടെ നിൽക്കുന്ന സമയം മുഴുവൻ എനിക്ക് കാണാം…
ആശ ചേച്ചിക്ക് അടുത്തുള്ള ഒരു തടുക്ക് കമ്പനിയിൽ പണിയുണ്ട്.. അവിടെ എട്ട് മണിക്ക് കയറണം… എട്ട് മണിയാകുമ്പോൾ എനിക്കെന്റെ ദോശയും ചമ്മന്തിയും അല്ലെങ്കിൽ പുട്ടും കടലക്കറിയും അതുമല്ലെങ്കിൽ അപ്പവും മുട്ടക്കറിയും പാകമാകുന്ന നേരത്ത് ആശച്ചേച്ചിക്ക് പ്രാതലും ഉച്ചയൂണും രണ്ട് തരം കറിയും കുളിയും അലക്കും മുറ്റമടിയും അങ്ങനെ എല്ലാം കഴിയും.. എന്നിട്ട് കുളിച്ച മുടി തുമ്പ് തട്ടിയിട്ടിട്ടു ഒരോട്ടമുണ്ട് കമ്പനിയിലേക്ക്… അതും ഞാൻ കാണാറുണ്ട്… ന്റെ അടുക്കളപ്പടിയിൽ നിന്നും…
ആശച്ചേച്ചിയുടെ ഭർത്താവിന് തയ്യൽ പണിയാണ്… ഈയിടെയാണ് അവിടുത്തെ മോളുടെ കല്യാണം കഴിഞ്ഞത്.. പഠിത്തമുള്ള കുട്ടിയാണ്…അശ്വതി.. ഒരു ഗവ :അംഗീകൃത സ്ഥാപനത്തിൽ താൽക്കാലികമാണെങ്കിലും ജോലിയുമുണ്ട് …. ഞങ്ങളും പോയിരുന്നു കല്യാണത്തിന്…
കല്യാണം കഴിഞ്ഞത് മുതൽ ആശ്വതിയുടെ മുഖം ഞാൻ തെളിഞ്ഞു കണ്ടിട്ടേയില്ല.. എന്തൊക്കെയോ മൂടിക്കെട്ടലുകൾ പോലെ.. അവളെ ഞാൻ പിന്നെ ചിരിച്ചു കണ്ടിട്ടില്ല..വല്ലപ്പോഴുമേ വരൂ.. വന്നാലും പിറ്റേന്ന് പോകും… കെട്ടിയ ചെക്കൻ ആ വീട്ടിൽ അന്തി ഉറങ്ങാറില്ല… കൊണ്ടാക്കിയിട്ട് പോകും.. ചിലപ്പോ വിളിക്കാൻ വരും.. ചിലപ്പോ അവൾ തനിയെ പോകും…
അവളുടെ പേരിൽ കല്യാണത്തിന് വേണ്ടി ഒരു ചിട്ടി പിടിച്ചാരുന്നു… അവളത് അടച്ചു കൊണ്ടിരുന്നതുമാണ്… ഇപ്പോഴത് അവൾ അടക്കുന്നില്ലത്രേ… ആശ ചേച്ചിക്ക് ആഴ്ചയിൽ കമ്പനിയിൽ നിന്നു കൂലി കിട്ടുമ്പോൾ മാറ്റി കൂട്ടി വെച്ചാണത്രേ അതിപ്പോൾ അടക്കുന്നത്… അവളുടെ കയ്യിലിപ്പോ atm കാർഡില്ലത്രേ… അവന്റെ കയ്യിലാണ് അവളുടെ atm കാർഡെന്നു… മൂന്നാഴ്ചയായി അവളിങ്ങോട്ട് വിളിച്ചിട്ടെന്ന്.. അവളുടെ ഫോണിൽ ചാർജ്ജില്ലത്രേ… അവന്റെ ഫോണെടുത്ത് വിളിച്ചാൽ വഴക്ക് പറയുമെന്ന്…..
ഒന്നര വർഷം കഴിഞ്ഞപ്പോൾ കുഞ്ഞുണ്ടായി അവൾക്ക്… കുഞ്ഞിന്റെ പേരിടൽ ഒക്കെ ഗംഭീരമായി ആഘോഷിച്ചു ഇവിടെ അവളുടെ വീട്ടിൽ വെച്ച്…ഇവിടുണ്ടാരുന്ന ആറു മാസക്കാലം അവളുടെ മുഖത്ത് ഞാൻ ചിരി കണ്ടാരുന്നു… കണ്ണുകൾക്ക് തിളക്കമുണ്ടാരുന്നു..
അവരുടെ കുടുംബത്തിലെ ആ തലമുറയിലെ ആദ്യത്തെ കുഞ്ഞാണ്..മാമൻ മാരും കുഞ്ഞമ്മമാരുമൊക്കെ അതിനെ നിലത്തും താഴെയും വെക്കാതെയാണ് കൊണ്ടുനടന്നത് ..
അതിന്റെ ഒന്നാം പിറന്നാൾ വന്നു… അവന്റെ വീട്ടിൽ വെച്ചാണ് നടത്തിയത്.. ആശചേച്ചിയെയും ഭർത്താവിനെയും മാത്രമേ വിളിച്ചുള്ളത്രെ ..ഇവിടുള്ള വേറെ ആരെയും വിളിച്ചില്ലത്രെ …അവന്റെ ആൾക്കാർ എല്ലാവരുമുണ്ടായിരുന്നൂന്നു…
ഇവിടുത്തെ ആൾക്കാരുടെ വിഷമം മനസിലാക്കി ആശ ചേച്ചിടെ ഭർത്താവ് ഇവിടെ വെച്ചൊരു ചടങ്ങ് നടത്താന്ന് കരുതീന്ന്… മോളോടും മരുമോനോടും പറഞ്ഞെന്നു കുഞ്ഞുമായി വരാൻ ഒരീസം…
അത് കേട്ടപ്പോൾ അവനവളോട് പറഞ്ഞെന്നു… “നീയും കൊച്ചും പൊക്കോ.. ഞാൻ വരുന്നില്ലെന്ന്…” അവളത് വീട്ടിൽ പറഞ്ഞപ്പോൾ വിഷമത്തോടെയെങ്കിലും അവർ പറഞ്ഞൂന്നു… “എന്നാ നീയും കൊച്ചും പോരെന്നു… “ബന്ധുക്കളെ അഞ്ചാറ് പേരെയൊക്കെ വിളിച്ചും പറഞ്ഞൂന്നു ചടങ്ങിന് വരാണമെന്ന്… അവരൊക്കെ ന്തൊക്കെയോ സമ്മാനപ്പൊതികളും മേടിച്ചു വെച്ചൂന്ന്…സദ്യക്കുള്ള കുറിപ്പടിയും കൊടുത്താരുന്നുന്നു ആശ ചേച്ചിടെ ഭർത്താവ് പാചകക്കാരന്…
അപ്പൊ അവള് കരഞ്ഞു കൊണ്ട് വിളിച്ചെന്നു… “അവൻ കൊച്ചിനെ വിടൂല്ലെന്നു പറഞ്ഞെന്നു… രണ്ടാം പിറന്നാൾ നടത്തിയാൽ മതീന്ന്… അച്ഛന്റേം അമ്മേടേം അവസ്ഥ ഓർക്കുമ്പോ അവൾക്ക് സഹിക്കണില്ല്യാന്ന്… അവൾക്ക് മരിച്ചാ മതിയെന്ന്… “
അവളിപ്പോഴും വല്ലപ്പോഴും വരാറുണ്ട്..അലക്കു കല്ലിനടുത്ത് ആശ ചേച്ചിടെ ഒപ്പം കുഞ്ഞിനേം ഒക്കത്തെടുത്തു നിന്നു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ന്തൊക്കെയോ പറയാറുണ്ട്… ഇപ്പോഴും അവൾ ചിരിക്കാറില്ല …. ചിലപ്പോൾ ചിരിക്കാറുണ്ട് … അവളുടെ കുഞ്ഞിനെ നോക്കി മാത്രം…
………………………………
മറ്റുള്ളവരുടെ കുടുംബത്തിലേക്കുള്ള എത്തിനോട്ടം /ഒളിഞ്ഞുനോട്ടം ശരിയല്ലെന്നറിയാം… ങ്കിലും… കാലത്തെ പലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ കിട്ടുന്ന കുഞ്ഞിടവേളകളിൽ അടുക്കള പടിയിൽ നിൽക്കുമ്പോൾ അപ്പുറത്തെ അലക്കുകല്ലിന്റെ ചോട്ടിൽ നിന്നും കേട്ട ചില നേർസ്വരങ്ങൾ….
NB: ചെറുക്കന്റെ വീട്ടിൽ ചെന്നുകയറുന്ന മരുമകൾ മാത്രമല്ലല്ലോ… പെണ്ണിന്റെ വീട്ടിൽ വന്നു കയറുന്ന മരുമകനും നന്നായി തന്നെ പെരുമാറണ്ടേ…
പെണ്ണ് ചെക്കന്റെ അച്ഛനെയും അമ്മയെയും മാത്രമല്ലല്ലോ.. ചെക്കൻ പെണ്ണിന്റെ അച്ഛനെയും അമ്മയെയും കൂടി സ്വന്തമായി കാണണ്ടേ….