ഓർമ്മകളുടെ ഒരു പഴയ കോണിലിരുന്ന് ആ ഇരുപത്തിയൊന്നുകാരി അയാളോട് ചോദിച്ചു…

കന്യാകുമാരി

രചന: Daniya Najiha

“നമുക്ക് പിരിയാം “

അയാൾ അവിശ്വസിനീയമായി അവളെ നോക്കി.

“നീയെന്താ നിഷാ ഈ പറയുന്നെ !! ഇതിനും മാത്രം എന്തുണ്ടായി? “

അവൾ ഒന്നും മിണ്ടാതെ കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.

വിവേകിന്റെ മനസ്സ് അസ്വസ്ഥമായി. അയാൾ വണ്ടിയുടെ മിററിലൂടെ പിറകിലേക്ക് നോക്കി. അവൾ പറയുന്നതൊന്നും മനസ്സിലാക്കാൻ പോലും പ്രായമെത്താത്ത രണ്ട് കുഞ്ഞുങ്ങൾ…

“കളിക്കാതെ കാര്യമെന്താണെന്ന് പറ…”

“നമ്മളിപ്പോൾ പ്രണയിക്കുന്നില്ല… ഉണ്ടോ വിവേക്? “

അയാൾക്കുത്തരമില്ലായിരുന്നു. എങ്കിലും അയാൾ കയർത്തു.

“എപ്പോഴും നിന്നേം കെട്ടിപ്പിടിച്ചിരിക്കാൻ പറ്റുമോ.. നീ കുറച്ചൂടെ പ്രാക്ടിക്കൽ ആവണം നിഷാ…എന്റെ തിരക്കുകൾ നിനക്കറിയില്ലേ…നിനക്കും മക്കൾക്കും വേണ്ടിയല്ലേ ഞാൻ “

“എനിക്കും മക്കൾക്കും പണത്തേക്കാൾ ആവശ്യം നിന്നെയാണ് വിവേക്…”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“നിന്നോടൊരു വഴക്കിനു എനിക്ക് താല്പര്യമില്ല… ഈ കണ്ണീർ നാടകമൊന്നും കാണാൻ സമയവുമില്ല”

അവൾ പിന്നീടൊന്നും പറഞ്ഞില്ല. അയാളും.

കുടുംബവീട്ടിൽ ചെന്നിറങ്ങുമ്പോൾ അവിടെ ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. കണ്ടപാടെ അമ്മാവൻ ഓടിയെത്തി.

“കേറി വാ… എത്ര കാലായി കുട്ട്യേ കണ്ടിട്ട്.. യാത്രയൊക്ക സുഖല്ലേര്ന്നോ”

വിവേകിന്റെ കയ്യിൽ നിന്നും കുട്ടിയെ എടുത്തുകൊണ്ട് അമ്മാവൻ പറഞ്ഞു..

“മോള് ചെല്ല്… അമ്മായി അകത്ത്‌ണ്ട്.. “

അമ്മാവന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പറ്റുമെന്ന് നിഷ കരുതിയതല്ല… അവസാന നിമിഷമാണ് വിവേകിന്റെ മീറ്റിംഗ് ക്യാൻസലായത്.

വീട്ടിൽ നിന്നു കുറച്ച് നേരം മാറി നിൽകുമ്പോൾ മനസ്സിലൊരാശ്വാസം കിട്ടുമെന്നവൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നേർ വിപരീതമെന്നോണം മനസ്സ് കൂടുതൽ വിഷാദഭരിതമായി. അമ്മ ഒരുപാട് ചോദിച്ചെങ്കിലും തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അല്ലെങ്കിലും തന്റെ പ്രശ്നമെന്താണെന്ന് അവൾക്ക് തന്നെ പൂർണ്ണബോധ്യമുണ്ടായിരുന്നില്ല.

വിവേകിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം പതിവ് തെറ്റാതെ അവൾ ചെയ്തു തീർത്തു… എന്നാൽ ഓരോ നിമിഷവും അവൾ മുങ്ങിത്താഴുകയായിരുന്നു .സദാ പുകച്ചുരുളുകളാൽ വേട്ടയാടപ്പെട്ട് അവൾ നീറിപ്പുകഞ്ഞു.

നാലു മണിക്കൂർ യാത്രയുണ്ടെങ്കിലും തിരിച്ചുള്ള വഴിയിൽ അവർ പരസ്പരം മിണ്ടിയില്ല. കാറിലെ fm ഇൽ നിന്നുള്ള പാട്ടുകളൊന്നും അവരുടെ മനസ്സിനെ സ്പർശിച്ചതുമില്ല.

അന്ന് രാത്രി വിവേകിന് ഉറക്കം വന്നില്ല.അവളുടെ വാക്കുകൾ അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അയാൾ എഴുന്നേറ്റ് ലിവിങ് റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് അവളുടെ ഡയറി കണ്ണിൽ പെട്ടത്. പെട്ടെന്ന് തോന്നിയ ഒരാകാംഷയിൽ അയാളത് മറിച്ചു നോക്കി. നിരതെറ്റിയ ഒരുപാട് വരികൾ പലയിടത്തായി എഴുതിയിട്ടിരിക്കുന്നു.

“സന്തോഷം പോലെ സങ്കടവും ഒരുന്മാദവസ്ഥയാണ്…

ഇനിയെന്നും രാവ് മാത്രമാണെന്നറിഞ്ഞിട്ടും..ഇരമ്പി പെയ്യുന്ന ഇരുട്ടിനിടയിലും…പ്രകാശകണികകൾ തിരയുന്നതുപോലെ ദാരുണമാണ് “

അവൾക്കെന്താണ് പറ്റിയത് !! പ്രണയിക്കുന്ന സമയത്ത് വാ തോരാതെ സംസാരിച്ചിരുന്ന… കത്തുകൾ മുഴുവനും കവിതകളാൽ നിറച്ചിരുന്ന അവൾ എത്രമേൽ മാറിപ്പോയി എന്നയാൾ ആദ്യമായ് തിരിച്ചറിഞ്ഞു. അവളുടെ ലോകത്ത് നിന്ന് തെന്നിമാറിയതിൽ തെല്ലൊരു കുറ്റബോധം അയാളെ വരിഞ്ഞു.

വിവേക് ശബ്ദമുണ്ടാക്കാതെ ഉറങ്ങുന്ന നിഷയുടെ അടുത്തിരുന്നു. മെല്ലെ അവളുടെ നെറ്റിയിൽ തലോടി. അങ്ങനെ ഒരു പ്രവൃത്തി ചെയ്തിട്ടൊരുപാട് കാലമായിരുന്നതിനാൽ വല്ലാത്തൊരു അപരിചിതത്വം അയാൾക്ക് തോന്നി. പൊടുന്നനെ ഇറുക്കിയടച്ച അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നതായാൾ കണ്ടു.

“നീ ഉറങ്ങിയില്ല? “

അവൾ ഇല്ലെന്ന് തലയാട്ടി.

“എന്തു പറ്റി എന്റെ പെണ്ണിന്? ” പറഞ്ഞ നിമിഷം അയാൾ തന്നെ ഒന്ന് ഞെട്ടി. വർഷങ്ങൾക്ക് മുൻപ് അയാൾ സ്ഥിരം “പെണ്ണേ” എന്നാണവളെ വിളിച്ചിരുന്നത് എന്നോർത്തു. അത് കേൾക്കുന്നത് അവൾക്കൊരുപാടിഷ്ടമായിരുന്നു.

“എനിക്കറിയില്ല വിവേക് ” അവൾ പൊട്ടിക്കരഞ്ഞു.

“ചിരിക്കുമ്പോൾ പോലും എനിക്ക് കരച്ചിൽ വരുന്നു… എനിക്ക് തീരെ വയ്യ” അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.

വിവേകിന്റെ മനസ്സിൽ വല്ലാത്തൊരു ഭീതി തോന്നി. അവൾ വിഷാദത്തിന്റെ മുനമ്പിൽ നിന്നു പിടയുന്നതയാൾ വേദനയോടെയറിഞ്ഞു.

“നാളെ നമുക്കൊരു യാത്ര പോവണം. നീ ഇപ്പൊ ഉറങ്ങിക്കോ… നമുക്കും മക്കൾക്കും വേണ്ടതെല്ലാം എടുത്ത് വെച്ചിട്ട് ഞാൻ കിടന്നോളാം.” അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അനുസരണയോടെ കിടന്നുറങ്ങി.

പിറ്റേന്ന് നേരത്തേയെഴുന്നേറ്റ് അവർ പുറപ്പെട്ടു.

“നമ്മളെങ്ങോട്ടാ പോകുന്നത്? “

“അതൊക്കെയുണ്ട്.. നീ കണ്ടോ..”

അവൾ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു..

“നിഷാ.. നിന്നോട് ഞാൻ ഇഷ്ടാണെന്ന് പറഞ്ഞ ദിവസം ഓർമ്മയുണ്ടോ? “

അവളൊന്നു മൂളി.

” അന്ന് എന്നോട് സൗഹൃദം മാത്രമേയുള്ളു എന്ന് പറഞ്ഞ് നീ ഒഴിഞ്ഞു മാറി”

“എന്നിട്ടും പിന്നേം നടന്നല്ലോ എന്റെ പിറകെ” അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു

“അത് പിന്നെ നിനക്കിഷ്ടാണെന്ന് എനിക്കറിയായിരുന്നു”

“എങ്ങനെ? “

“സുഹൃത്തായി കണ്ടോളാൻ പറഞ്ഞപ്പോ നീ എന്റെ മുഖത്തു നോക്കിയതേ ഇല്ലല്ലോ… പിന്നെ നീ എന്താ വിചാരിച്ചേ… ഒളിഞ്ഞും മറഞ്ഞും നോക്കുന്നതൊന്നും ഞാൻ കാണുന്നില്ലായിരുന്നു എന്നോ? ‘

“വിവേകിനതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ? “

“പിന്നില്ലാതെ”

ഒരുപാട് ഓർമ്മകളിലൂടെ അവർ പിന്നിലേക്ക് യാത്ര ചെയ്തു. കന്യാകുമാരിയിലെത്തിയപ്പോഴേക്കും നിഷ ചെറുതായൊന്ന് മയങ്ങിയിരുന്നു. സ്ഥലം തിരിച്ചറിഞ്ഞ അവളുടെ മുഖത്ത് ഉന്മേഷം നിറഞ്ഞു.

വർഷങ്ങൾക്കു മുൻപ് കന്യാകുമാരിയിൽ സൂര്യാസ്തമയം കാണാനായി കാത്തിരുന്ന പ്രണയിനിയുടെ മുഖത്തെ തിളക്കം വിവേക് അവളിൽ വീണ്ടും കണ്ടു.

ഓർമ്മകളുടെ ഒരു പഴയ കോണിലിരുന്ന് ആ ഇരുപത്തിയൊന്നുകാരി അയാളോട് ചോദിച്ചു..

“വിവേക്…കല്യാണം ഒക്കെ കഴിഞ്ഞ്… ഒരുപാട് കാലം കഴിയുമ്പൊ നമ്മുടെ സ്നേഹം ഇല്ലാണ്ടാവ്വോ? “

“ഈ കടൽ ഇല്ലാതാവ്വോ? “

“ഇല്ല “

“അപ്പൊ അതും ഇല്ല “

” കല്യാണം കഴിഞ്ഞാലും വർഷത്തിൽ ഒരിക്കലെങ്കിലും നമുക്കിവിടെ വരണം. ഇന്നത്തെ… ഈ ദിവസത്തേതു പോലെ നിന്റെ വിരലുകൾ പിടിച്ച് സൂര്യൻ കടലിനെ ചുംബിക്കുന്നതും നോക്കിയങ്ങനെ നിൽക്കണം.”

രണ്ട് മക്കളെയും തോളത്തെടുത്ത് അവർ കൈകൾ കോർത്തു അസ്തമയം നോക്കി നിന്നു. വിവേക് കണ്ണെടുക്കാതെ അവളോട് ചോദിച്ചു..

“ഇഷ്ട്ടല്ലേ?? “

അവൾ മൂളി.

“എത്ര? ” അയാൾ മതിവരാതെ വീണ്ടും ചോദിച്ചു…

“ഒരുപാടൊരുപാട്”