ആദ്യമായി അവളുടെ കണ്ണിലെ ആ തിളക്കം മങ്ങി. ഒരു ജലകണം അവളുടെ മിഴിയിൽ നിന്നും ഇറ്റിട്ട് വീഴാൻ അധികം സമയം വേണ്ടിവന്നില്ല…

(നിങ്ങളെ വേറിട്ടൊരു ലോകത്തേയ്ക്ക് ക്ഷണിക്കുന്നു…ശടെ എന്ന് പറയുമ്പോഴേക്കും വായിച്ച് തീർക്കാവുന്നൊരു കഥ …. )

മരണവും പ്രണയവും

രചന: RJ SAJIN

വൈറസിന്റെ വ്യാപനം കൊടുങ്കാറ്റുപോലെ പാരിലെങ്ങും പരന്നു. കാറ്റിൽ ഇലകൾ കൊഴിയുന്നപോലെ ഓരോ ജീവനും ഇല്ലാതായിക്കൊണ്ടിരുന്നു. ഭൂമിയിലെ ഒരുവിഭാഗം ജനങ്ങൾ മരണത്തെ തടയാനുള്ള നെട്ടോട്ടത്തിലുമായിരുന്നു .

ദൈവത്തിന് മുന്നിൽ ഒരുപോലെയാകാൻ കഴിയാത്തവർ കൊറോണയുടെ മുന്നിൽ ഒരുപോലായി .

ഇതേസമയം നരകവാതിലിൽ നിക്കുന്ന കാവൽകാരനായ കാലന് ജോലിത്തിരക്ക് വര്ധിച്ചുവന്നു .

ആഗമിക്കുന്നവരിലേറെയും തിന്മയുടെ നരകത്തോട്ട് തന്നായിരുന്നു .ഒരുപാട് വിറക് കൊള്ളികൾ വാതിലിൽ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു .

തൊട്ട് മുന്നിലെ സ്വർഗ്ഗവാതിലിൽ നിക്കുന്ന കാവൽക്കാരിഒരു ചെറുപുഞ്ചിടിയോടെ നരകവാതിലിൽ തന്നെ ദൃഷ്ടിപതിപ്പിച്ചുകൊണ്ടിരുന്നു .

അവളുടെ മിഴികൾ കാണാൻ നല്ല തിളക്കമായിരുന്നു.അന്ധകാരത്തിൽ കുടികൊള്ളുന്ന കാലന്മാരുടെ ഇടയിലോട്ട് ആ കാവൽക്കാരിക്ക് എങ്ങനെ ഇത്ര തന്മയത്തത്തോടെ നോക്കി നിൽക്കാൻ കഴിയുന്നു എന്നത് നരകത്തിലെ കാവൽക്കാരനു അത്ഭുതം തന്നെയായിരുന്നു …

കാവൽ ജോലി അത്രയേറെ വെറുപ്പായി തോന്നിയിരുന്നവന് അതിപ്പോൾ വളരെ ആത്മ സംതൃപ്തി കിട്ടുന്ന ഒരു തൊഴിലായി മാറിയിരിക്കുന്നു .കാരണം അവൾ തന്നെയായിരുന്നു .

പരസ്പരമുള്ള നോട്ടം അവരിൽ പ്രണയമായിമാറാൻ അധികം നാളുകൾ വേണ്ടിവന്നില്ല .ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത നന്മയിലും തിന്മയിലും ആണവർ .

പരസ്പരം മിണ്ടീട്ടില്ലെങ്കിലും രണ്ടാൾക്കും മനസ്സിലാക്കാൻ പറ്റുന്നവിധമായി മാറിയിരുന്നു അവരുടെ മനസ്സുകൾ .

അന്നേരമാണ് യമരാജാവിന്റെ വിളംബരം. “ഭൂമിയിൽ ഇനിയും കാലന്മാർ പോകേണ്ടതുണ്ട് ..നിലവിലെ എല്ലാവരും ഭൂമിയിലായതുകൊണ്ട് കാവൽക്കാലനും ഭൂമിയിലേക്ക് പലായനം ചെയ്യണം .”

കാവൽക്കാലനെ അത് വലിയൊരു ധർമ്മസങ്കടത്തിലാക്കി .ഒരാളെ കൊല്ലാനുള്ള ആ മാനസിക ബലമൊന്നും തനിക്കിപ്പോ ഇല്ലന്ന് വ്യക്തമായി അറിയാമായിരുന്നു . കാരണം പ്രണയം മനസ്സിനെ അത്രമേൽ ലോലമാക്കിയിരിക്കുന്നു .പ്രാണനെടുക്കാനല്ല കൊടുക്കാനാണ് അവനിപ്പോൾ ആഗ്രഹിക്കുന്നതും .

ഈ ഒരു വിളംബരം അവനെ പാടെ തളർത്തി.

ഭൂമിയിലേക്കു അവനു പോകാൻ നേരമായി ..നരകത്തിലുള്ള എല്ലാവരോടും യാത്രപറഞ്ഞു .ഇറങ്ങാൻ നേരം മനസ്സിൽ പറയാൻ ബാക്കിവെച്ചപോലെ ഒരു ചോദ്യചിഹ്നം ഉടലെടുത്തു .

നരകവാതിലിൽ നിന്ന് കാണാറുള്ള ഒരേ ഒരു വസന്തമായിരുന്ന ആ സ്വർഗ്ഗത്തിലെ കാവൽക്കാരിയെ കണ്ട് യാത്രപറയണം .

അവൻ രണ്ടുംകല്പിച്ചു അവളുടെ അടുത്തേക്ക് ചെന്നു .

“ഭൂമിയിലേക്ക് പോകുവാണ് …ഇനി നമ്മൾ കാണില്ല …പോകുന്നതിനുമുന്നെ കണ്ട് യാത്രപറയണം എന്നുതോന്നി ….”

ആദ്യമായാണ് അവളോട് മിണ്ടുന്നതു .

ആദ്യമായി അവളുടെ കണ്ണിലെ ആ തിളക്കം മങ്ങി .ഒരു ജലകണം അവളുടെ മിഴിയിൽ നിന്നും ഇറ്റിട്ട് വീഴാൻ അധികം സമയം വേണ്ടിവന്നില്ല .അവളവന്റെ കണ്ണിൽ നോക്കി .പോകാതിരുന്നൂടെ എന്ന ചോദ്യം അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു .

അവനും ഒന്നും പറയാൻ പറ്റിയിരുന്നില്ല .അന്നേരം അവളൊരു കടലാസിൽ ഒരു കുറിപ്പെഴുതി അവനിലേക്ക് എറിഞ്ഞു .ഭൂമിയിൽ ചെന്നശേഷം മാത്രമേ അത് തുറന്നു നോക്കാവു എന്നു ഓർമ്മപ്പെടുത്തി .

അവളുടെ മുഖത്തു നോക്കി ഒരുചെറുപുഞ്ചിരി നൽകി അവൻ ഭൂമിയിലേക്ക് യാത്രതിരിച്ചു .

താൻ കഴിഞ്ഞജന്മത്തിൽ ആരായിരുന്നുവെന്നോ എവിടെയാ ജീവിച്ചതെന്നോ ഒന്നും അയാൾക്ക് ഓർമ്മയില്ലായിരുന്നു .ഭൂമിയിലെത്തിയ കാലന് അധികം ജനങ്ങളെയൊന്നും പൊതുയിടങ്ങളിൽ കാണാൻ സാധിച്ചില്ല .

ഇവിടെ പണിയൽപ്പം എടുക്കേണ്ടിവരുമെന്ന പ്രത്യേക നിർദ്ദേശം യമരാജനിൽ നിന്നുണ്ടായിരുന്നത് കാലൻ ഓർത്തു.

അപ്പോളാണ് ആ നാട്ടിലെ ചുമരിലെ ഭാഷകണ്ടത് .മലയാളമായിരുന്നു.

ഇന്നത്തെ ധൗത്യം മനസ്സിലാക്കി കാലൻ ഇരയുടെ വീടിലേക്ക് നടന്നു .

നോവിന്റെ തിര ആഞ്ഞടിക്കാൻ പോകുന്ന ആ വീട്ടിൽ എത്തിച്ചേർന്നു. ജനാലയുടെ ഉള്ളിലൂടെ കാലൻ അകത്തേക്ക് ഒന്ന് നോക്കി .കളിയും ചിരിയുമായി ഒരു കുഞ്ഞ്‌ കുടുംബം

അച്ഛൻ മക്കൾക്ക് ചോറുവാരിക്കൊടുക്കുന്നു ,ചെറുപുഞ്ചിരിയോടെ അതുനോക്കി തോളിൽ ചാരി അയാളുടെ ഭാര്യയും ഇരിപ്പുണ്ട് .

ഇന്ന് ആ വീട് കണ്ണീർ ചാലിൽ ഒഴുകാൻ പോകുകയാണ് .എന്തിനാ ഇവരുടെ സന്തോഷം കെടുത്തുന്നത് .?ശരിക്കുള്ള സ്വർഗ്ഗം ഈ സന്തോഷത്തോടെ ഇരിക്കുന്ന അവരുടെ നിമിഷങ്ങളല്ലേ ?

അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല തന്റെ തൊഴിൽ ഇതാണ് എന്ന ചിന്തകളോടെ കാലൻ വീടിനുള്ളിൽ കയറി .നെഞ്ചുവേദന വന്ന് മരണപ്പെടാനാണ് ആ ഗൃഹനാഥന്റെ വിധി .

സ്വർഗ്ഗത്തിലേക്ക് തുടർന്നുള്ള യാത്രയും .

കാലന്റെ ഉള്ളിൽ എന്തോ ഒരുപിടച്ചിൽ അനുഭവപ്പെട്ടു .

തന്റെ ഒരു സഹപ്രവർത്തകർക്കും ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടില്ല .വന്നയുടൻ കാര്യംനടത്തി പോകും .എന്താണ് തന്നിലെ മാറ്റത്തിന് കാരണം .കാലൻ കണ്ണൊന്നു അമർത്തി അടച്ചു .അപ്പോളേക്കും മനസിലൊരു രൂപംതെളിഞു ..

ആ കാവൽക്കാരിയുടെ മുഖമായിരുന്നു മനസ്സിൽ വന്നത് .ഉള്ളിലെ പ്രണയത്തിന്റെ വിത്ത് മുളച്ചതായി അയാൾക്ക് അപ്പോളാണ് ബോധ്യപ്പെട്ടത് .

സ്നേഹത്തിന്റെ കണികയുണ്ടായാൽ ഏതുകാലനും വേറിട്ടൊരു രീതിയിലാകും എന്നുമനസ്സിലാക്കാൻ അയാൾക്ക് അധികം സമയം വേണ്ടിവന്നില്ല .

അന്നാദ്യമായി കാലന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു .മറ്റൊരുപ്രണയത്തെ ഇല്ലാതാക്കാൻ പോകുകയാണ് താൻ .

കൈ ഒന്ന് സ്പർശിച്ചാൽ അയാളുടെ ശ്വാസം നിലയ്ക്കും.കാലൻ മനസ്സില്ലാ മനസ്സോടെ കൈനീട്ടാൻ നേരം ചുമരിൽ തൂക്കി ഇട്ടേക്കുന്ന ഒരു ഫോട്ടോ കണ്ടു .ഒരു പുരുഷന്റെയും സ്ത്രീയുടെയും പഴയ കല്യാണഫോട്ടോ ആയിരുന്നു അത് .

നല്ല പരിചയമുള്ള മുഖം .

ഇതാവളല്ലേ …..

അതേ ..അവൾ തന്നെ …..

സ്വർഗ്ഗവാതിലിലെ ആ കാവൽക്കാരി ….

എന്റെ ഉള്ളിൽ പ്രണയത്തിന്റെ വിത്ത് പാകിയവൾ ….

കാലൻ കൈ പിന്നിലോട്ട് വലിച്ചു …

ഇത് അവൾ താമസിച്ച വീടാണ് .അവളുടെ ചെറുമക്കൾ ആണ് ..ഭർത്താവ് ഇപ്പൊ എവിടെയായിരിക്കും ?സ്വർഗ്ഗത്തിൽ ആയിരിക്കുമോ ?ആഹഹ്ഹ ..ഫോട്ടോ കണ്ടല്ലോ ..കണ്ടുപിടിക്കാം ..

എന്തായാലും ഇല്ല ,എനിക്ക് പറ്റില്ല ..ചെറുമക്കളെ കണ്ടു എന്ന സന്തോഷവിവരം അവളെ അറിയിക്കണം …അവൾക്കത് ഒത്തിരി സന്തോഷമാകും .

എന്ത് തന്നെ ശിക്ഷ കിട്ടിയാലും ശരി ആരെയും കൊല്ലാൻ താനില്ലെന്ന് മനസ്സിൽ പ്രതിജ്ഞയെടുത്ത് കാലൻ തിരികെ നടന്നു .

നടക്കാൻ നേരം അവളെറിഞ്ഞു തന്ന ആ പേപ്പർ തുറന്നു നോക്കി ..

“ആരെയും നോവിക്കരുത് .ഞാൻ കാത്തിരിക്കും ..നീ നല്ലൊരു മനസ്സുമായി വരുന്നതും കാത്ത് ..ആ വരവിൽ നിന്റെ പാപക്കറ മാറുകയും നീ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും ‘

സന്തോഷം നിറഞ്ഞ അവസ്ഥയായിരുന്നു കാലന് അപ്പോൾ .കൂടാതെ വലിയൊരു കാര്യംചെയ്ത പ്രതീതിയും .

അവളുടെ പിന്തലമുറയെയും കണ്ടു .അവരെ ഒന്നും ചെയ്തതും ഇല്ല .

തിരികെ ചെന്ന് ഈ സന്തോഷവാർത്ത അവളെ അറിയിച്ചിട്ട് ആ കണ്ണുകളുടെ തിളക്കം വീണ്ടും കണ്ട് ആസ്വദിക്കാമല്ലോ എന്ന ആനന്ദത്തിൽ നടന്നു .

അന്നേരം സ്വന്തം രൂപം എന്താണെന്നറിയാൻ അവിടെയുള്ള കണ്ണാടിയിൽ നോക്കാൻ ഒരു അവസരം കിട്ടി..

ആ നോട്ടത്തിനിടേൽ കാലനൊന്നു ഞെട്ടി .

മുഖത്തു 100 വാൾട് ബൾബ് കത്തിയ പ്രകാശം തെളിഞ്ഞുവന്നു .അയാൾ ചിരിച്ചു

കാരണം അയാൾ കണ്ണാടിയിൽ കണ്ടത്, ആ ചുമരിലെ ഫോട്ടോയിൽ അവളുടെ അടുത്ത് ചേർന്നുനിന്നിരുന്ന ആ പുരുഷനെയായിരുന്നു .

ശുഭം

Cover photo Source Google