അച്ഛന്‍റെ സമ്മാനം – രചന: NKR മട്ടന്നൂർ
തിരിഞ്ഞു നോക്കി…ആശ്വാസമായി. അയാള്‍ നടന്നു വരുന്നുണ്ട്.
അറിയാത്ത ഏതോ നാടുകളില്‍ നിന്നും വന്ന് ഇവിടെ താമസിക്കുന്ന അവര്‍ക്കിടയിലൂടെ ഞാന്‍ കോളജിലേക്ക് നടന്നു. ഓരോരുത്തരുടേയും നോട്ടം കാണുമ്പോള്‍ അറപ്പു തോന്നുന്നു. കൊത്തി വലിക്കുകയാ കണ്ണുകള്‍ കൊണ്ട്…
അമ്മ ഗേറ്റില്‍ ഇപ്പോഴും എന്നെത്തന്നെ നോക്കി നില്‍പുണ്ട്. അതങ്ങനേയാ…ഞാന്‍ കണ്ണില്‍ നിന്നും മറയണതു വരെ അതേ നില്‍പു തുടരും. എന്തു പറഞ്ഞാലും കേള്‍ക്കില്ല…അമ്മയ്ക്ക് ഞാന്‍ തിരിച്ചു വീട്ടിലെത്തുന്നതു വരെ സത്യത്തില്‍ പേടിയാ…ആ പേടി എന്‍റുള്ളിലുമുണ്ട്…
പക്ഷേ…അമ്മയേപോലെ പേടിച്ചിരിക്കാന്‍ എനിക്കു പറ്റില്ല. പഠിച്ചു ഒരു ജോലി നേടണം. അതിനായുള്ള കഠിന പരിശ്രമത്തിലാണ് ഞാന്‍. ഒരു നിവൃത്തിയുമില്ലാത്തോണ്ടാ ഈ വീട്ടില്‍ ഇങ്ങനെ കടിച്ചു തൂങ്ങണത്.
ചുറ്റിലും അന്യ നാട്ടുകാരാ. മിക്കവരുടെ ഭാഷയും ഹിന്ദിയും മറ്റേതൊക്കെയോ ആണ്. അവരില്‍ പലരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമത്രേ…കൂടുതല്‍ പേരും കഞ്ചാവിനടിമകളായിരിക്കുമെന്നും പറഞ്ഞു കൂട്ടുകാരി മോഹിനി.
എന്‍റെ വീടിന്‍റെ പിറകില്‍ നാലു വീടുകള്‍ അവന്‍മാര്‍ക്ക് വാടകയ്ക്കു കൊടുത്തിരിക്കുകയാ അതിന്‍റെ ഉടമസ്ഥര്‍…ആ അന്യ നാട്ടുകാരെ ഈ ടൗണിലെ ഏതോ വലിയ കെട്ടിടത്തിന്‍റെ പണിക്കായ് കൊണ്ടു വന്നു പാര്‍പ്പിച്ചതാ…
ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി എനിക്കു പിറകേ നിശ്ചിത അകലത്തില്‍ അയാള്‍ നടന്നു വരുന്നുണ്ട്. ആള്‍ വല്യ ഗൗരവക്കാരനാണെന്നേ, മുഖത്ത് നോക്കി പറയാനാവൂ.
എന്നും ദൂരേന്ന് അയാള്‍ വരുന്ന നേരത്താ ഞാനിപ്പോള്‍ കോളജിലേക്ക് പോവുന്നത്. വൈകിട്ട് അഞ്ചു മണിക്ക് ടൗണിലെത്തുമ്പോള്‍ അയാള്‍ എവിടുന്നോ അവിടെ എത്തിച്ചേരുന്നു. ഒന്നും ചോദിച്ചില്ല ഞാന്‍ ഇതുവരെ…
നിങ്ങള്‍ ആരാണെന്നോ..?എവിടുന്നാ വരുന്നതെന്നോ…?എന്താ ജോലി എന്നൊന്നും…
അച്ഛനും ഏട്ടനും പോയതില്‍ പിന്നേയാ എന്നിലും അമ്മയിലും ആ പേടി വന്നു കൂടിയത്. അതിന് മുന്നേ ഈ വീടൊരു സ്വര്‍ഗ്ഗമായിരുന്നു. ലോറി ഡ്രൈവറായിരുന്നു ഞങ്ങളുടെ അച്ഛന്‍. കിട്ടുന്നതുകൊണ്ട് ഞങ്ങള്‍ ഒതുങ്ങി ജീവിക്കുകയായിരുന്നു.
ഏട്ടന് മിലിട്ടറിയിലേക്ക് സെലക്ഷന്‍ കിട്ടിയിട്ട് ട്രെയിനിങ്ങിന് പോവാനായ് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടാന്‍ പോയതായിരുന്നു അച്ഛന്‍. ആ യാത്രയില്‍ എന്‍റേയും അമ്മയുടേയും സ്വപ്നങ്ങളെല്ലാം അനാഥമായി.
ഒരു കൂട്ടുകാരന്‍റെ കാറിലാ അവര്‍ രണ്ടു പേരും പോയത്. പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു ട്രെയിന്‍ . ആ സമയത്ത് വേറെ വാഹനങ്ങളൊന്നും കിട്ടാത്തതിനാലായിരുന്നു ആ കാര്‍ വാങ്ങിയത്. എതിരേ വന്ന ഒരു മീന്‍ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…
കൂട്ടുകാരേ പോലെയായിരുന്നു അച്ഛനും ഏട്ടനും…വീട്ടിലാണേല്‍ അരവയറിലും നിറയുന്നൊരു സംതൃപ്തിയുണ്ടായിരുന്നു. അച്ഛന്‍റെ വരുമാനം കൊണ്ടാ എന്നേയും ഏട്ടനേയും പഠിപ്പിച്ചത്. അച്ചന്‍റെ പ്രതീക്ഷകള്‍ക്കൊത്ത് ഞങ്ങള്‍ പഠിച്ചു. അച്ഛന്‍റെ സ്വപ്നമായിരുന്നു ഏട്ടന്‍.
ഒരു പട്ടാളക്കാരന്‍ എന്നെയൊന്ന് ‘ സല്യൂട്ട് ‘ ചെയ്യണംന്നു പറയുമായിരുന്നു അച്ഛന്‍ എപ്പോഴും…അതെന്‍റെ മകന്‍ തരുമെന്നും…പക്ഷേ…അതിനു കാത്തു നില്‍ക്കാതെ അവര്‍ രണ്ടു പേരും അവസാന യാത്രയിലും ‘ ഒന്നായ് ‘ ഞങ്ങളീന്ന് അകന്നു പോയി…
അമ്മയായിരുന്നു കൂടുതല്‍ തളര്‍ന്നത്…ഒരു ഭ്രാന്തിയേ പോലെ പിച്ചും പേയും പറഞ്ഞു തുടങ്ങിയ അമ്മയ്ക്കു വേണ്ടി ഞാനെന്‍റെ വേദനകളും സങ്കടങ്ങളും മറന്നു. ഒരു മാസം കോളജിലേക്ക് പോവാതെ ഞാന്‍ അമ്മയ്ക്കു കാവലിരുന്നു.
പിന്നേയാ കോളജീന്ന് സാറന്‍മാരും കുട്ടികളും വീട്ടിലേക്ക് വന്നതും അമ്മയെ ഒരു കൗണ്‍സിലിംഗ് സെന്‍ററില്‍ കൊണ്ടു പോയതും…പതിയെ പതിയെ അമ്മ ഞങ്ങളുടെ ലോകത്തേക്ക് തിരിച്ചു വന്നു.
ഞങ്ങളുടെ വാര്‍ഡ് മെമ്പറുടെ കാരുണ്യത്താല്‍ അമ്മയ്ക്ക് സര്‍ക്കാരാശുപത്രിയില്‍ പാര്‍ട്ട് ടൈമായി ഒരു ജോലിയും ശരിയായി. അങ്ങനെ വീണ്ടും ഞാന്‍ കോളജിലേക്കും അമ്മ ജോലിക്കും പോയി തുടങ്ങി.
അച്ഛന്‍റെ ആഗ്രഹമായിരുന്നു ഞാന്‍ ഒരു ടീച്ചറാവണമെന്നതും. ഡിഗ്രി കഴിഞ്ഞു ബി എഡ് ചെയ്യണം. അമ്മയും എന്‍റെ മോഹങ്ങള്‍ക്കു കൂട്ടുള്ളതു കൊണ്ട് ഞാന്‍ അതിനുള്ള കഠിന പരിശ്രമത്തിലാണ്. വൈകിട്ട് വീട്ടിലേക്ക് വരുമ്പോള്‍ കുറച്ചകലേയുള്ള രേവതിചേച്ചിയെ കിട്ടും എന്നും കൂട്ടിന്.
എന്നാലും ആ ഏട്ടന്‍ പിറകിലുണ്ടോന്ന് തിരിഞ്ഞു നോക്കുന്നതും ഒരു പതിവായിരുന്നു. ഒരു നിഴല്‍ പോലെ എന്‍റെ കൂടെ നടക്കുന്ന അയാള്‍ ആരാണെന്നറിയേണമുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ ഞാന്‍ നടന്നു പിന്നേയും…
അവരുടെ മുന്നിലൂടെ നടക്കുമ്പോഴാ ഒരു ധൈര്യവും കിട്ടിയിരുന്നത്. കാരണം ആ കണ്ണുകളുടെ സംരക്ഷണത്തിലാ ഞാനെപ്പോഴും എന്നൊരു വിശ്വാസം എന്നിലെപ്പോഴോ വളര്‍ന്നിരുന്നു.
ആ മുഖത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. അതും ഞാന്‍ ആരോടും പറയാതെ എന്‍റുള്ളില്‍ സൂക്ഷിച്ചു വെച്ചു.
ഒരു ദിവസം വൈകിട്ട് കോളജില്‍ നിന്നും വരുമ്പോള്‍ വീടിന്‍റെ ഉമ്മറത്ത് ആ ഏട്ടന്‍ ഇരിക്കുന്നു…അമ്മ അടുത്തു തന്നെ നില്‍പുണ്ട്…അവര്‍ ചിരപരിചിതരേ പോലെ എന്തോ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അമ്മ പറയുന്നത് കേട്ടു.
ദാ..ദിവ്യ വന്നല്ലോ…
ഞാന്‍ അതിശയത്തോടെ ആ ഏട്ടനെ നോക്കി നിന്നു…ഈ മുഖം…ഇത്ര അടുത്തു കാണുന്നത് ആദ്യമായിട്ടായിരുന്നു. ആ കണ്ണുകളും മൂക്കും ചിരിയുമെല്ലാം അതു പോലെ തന്നെയുണ്ട്. ഇത്തിരി നീളം കുറവു തോന്നിപ്പിച്ചു.
ഞാനവരെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് അകത്തേക്ക് കയറിപോയി. അകത്ത് അതേ മുഖമുള്ളൊരാള്‍ അപ്പോഴും ചുമരില്‍ തൂങ്ങി എന്നോട് ചിരിക്കുന്നുണ്ടായിരുന്നു…യാദൃശ്ചികമാവാം…
രാത്രി അമ്മ പറഞ്ഞു അവരുടെ കഥ…ഞങ്ങളുടെ കഥകളെല്ലാം കേട്ടപ്പോള്‍ എന്നെയും ഒരു മകനേ പോലെ കാണണമെന്നും പറഞ്ഞാ ആ ഏട്ടന്‍ അന്നു വീട്ടീന്നിറങ്ങി പോയത്. ദൂരേ ഏതോ നാട്ടീന്ന് സ്ഥലം മാറി വന്നതാ. സര്‍ക്കാറോഫീസിലാ ജോലി. ബന്ധുക്കളെന്നു പറയാന്‍ ഇനി അങ്ങനെ ആരുമില്ല. അനാഥനായിരുന്നു…
അമ്മാവന്‍റെ സംരക്ഷത്തില്‍ വളര്‍ന്നു പഠിച്ചു ഒരു ജോലി നേടി. അമ്മാവിയുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അമ്മാവന്‍ തന്നേയാ ഇങ്ങനെയൊരു വഴി കാട്ടിക്കൊടുത്തത്. എവിടേലും പോയി സുഖായ് ജീവിച്ചോളാന്‍ പറഞ്ഞു.
അമ്മാവനെ എപ്പോഴും വിളിക്കാറുണ്ട്. ഒരു താമസ സ്ഥലം കിട്ടുവോന്നറിയാനാ ഇന്ന് അമ്മയെ കണ്ടപ്പോള്‍ വീട്ടില്‍ കേറിവന്നു ചോദിച്ചത്. ഇപ്പോള്‍ താമസിക്കുന്നിടത്ത് തീരെ വൃത്തിയില്ല. അമ്മ പറഞ്ഞു കാണും
ഉമ്മറത്ത് ഒരു മുറിയുണ്ടെന്ന്…
ഏട്ടന്‍ ഉപയോഗിച്ച ആ മുറി എന്നും തൂത്തു തുടച്ചു ഞാന്‍ കാത്തു സൂക്ഷിച്ചത് ഒരു പക്ഷേ ഇതിനാവും…അവന്‍ അവിടെ താമസിച്ചോട്ടെ അല്ലേ…? അമ്മയുടെ മുഖത്തെ പ്രതീക്ഷ കണ്ടപ്പോള്‍ മറുത്തൊന്നും പറയാനായില്ല.
എനിക്കുംഇഷ്ടമായിരുന്നോ അതും…! ഏട്ടന്‍റെ സാധനങ്ങള്‍ ഒതുക്കി വെയ്ക്കാന്‍ ഞാനും അമ്മയും സഹായിച്ചു…അതിനുമപ്പുറം എന്നെ ഏറെ സന്തോഷിപ്പിച്ചത്…
ആ ഏട്ടന്‍ ഒടുവില്‍ പോയി ഓടിച്ചു ഞങ്ങളുടെ മുറ്റത്തേക്ക് കയറ്റിയ ആ ‘ ബുള്ളറ്റ് ‘ കണ്ടപ്പോഴായിരുന്നു…എന്നെ കണ്ടതില്‍ പിന്നെ ഒരിക്കല്‍ പോലും അതില്‍ കയറി ഓഫീസിലേക്ക് പോയിട്ടില്ല. എന്നും എനിക്കു കൂട്ടായ് ആ മറുനാടന്‍ തൊഴിലാളികള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു.
അമ്മാവന് ഒരു മകളുണ്ടായിരുന്നു. അവളെ ഒരു കുഞ്ഞു പെങ്ങളായേ കണ്ടിരുന്നുള്ളൂ…പക്ഷേ ഒരു ജോലി കിട്ടിയതില്‍ പിന്നെ അവളെ കെട്ടണമെന്നും പറഞ്ഞെന്നെ ഒരുപാട് നിര്‍ബന്ധിച്ചു. ഒരിക്കലും അവളെ അങ്ങനെ കാണാനായിട്ടില്ലെനിക്ക്…പിന്നെങ്ങനേയാ…
അപ്പോള്‍ ആ ശബ്ദം ഇടറിയിരുന്നു. പാവം…എനിക്കും സങ്കടം തോന്നി. വീണ്ടും ആ പഴയ ലോകത്ത് എത്തിയ പോലായി. അച്ഛനില്ലെന്ന സങ്കടം കൂടി ആ ഏട്ടനിലൂടെ ഞാന്‍ മറന്നപ്പോള്‍…എന്നോ നഷ്ടമായ മകനെ തിരിച്ചു കിട്ടിയ പോലെ അമ്മയിലും ആ പഴയ ഉന്‍മേഷം തിരിച്ചു വന്നു…
ഏട്ടന്‍റെ ഫോട്ടോ ചുവരില്‍ ഇനി വെയ്ക്കേണ്ടെന്നും പറഞ്ഞു അമ്മ വിളക്കിനു മുന്നില്‍ നിന്നും അതെടുത്തു മാറ്റി…ആരാണ് ഈ അവസ്ഥയില്‍ ഞങ്ങളെ ആശ്വസിപ്പിക്കാനായ് എന്‍റെ ഏട്ടന്‍റെ മുഖഛായയുള്ള, അതേ മനസ്സുള്ള ഈ മനുഷ്യനെ ഞങ്ങള്‍ക്കരികിലേക്ക് പറഞ്ഞയച്ചത്…?
എന്‍റെ അച്ഛനാവും അല്ലേ…?