കുളക്കടവിൽ ഓളങ്ങൾ അലയടിക്കവേ ആ വിശ്വസൗന്ദര്യത്തിന്റെ ഓരോ അണുവും എന്നിൽ ലയിച്ചു

പ്രണയപ്പൂർണം – അവസാനഭാഗം – രചന: Ajay Adith

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

കാംഷ എന്റെ മനസിനെ കീഴ്‌പ്പെടുത്തിയ നിമിഷം മുതൽ ഞാൻ ചെയ്തതെല്ലം യാന്ത്രികമായിരുന്നു. അവൾ എനിക്ക് നൽകിയ മറുപടിയിൽ അറിയാതെ തന്നെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

എന്താണ് അതിൽ എഴുതിയിരുന്നത്…?പാറു വീണ്ടും ചോദ്യമെടുത്തിട്ടു. എന്റെ ഒരു ചിത്രം കൂടി എനിക്ക് വരച്ചു തരണം. എന്റെ നെറ്റിയിൽ നിങ്ങളുടെ കൈകളാൽ തിലകം അണിയിക്കുന്ന ചിത്രം. അവളുടെ മറുപടി കണ്ട് ഞാൻ അന്ന് നിന്നത് എനിക്ക് എന്നും മറവിയില്ലാത്ത നിമിഷമാണ്.

ചേച്ചി വളരെ റൊമാന്റിക് ആയിരുന്നു അല്ലേ…?

അങ്ങനെ ചോദിച്ചാൽ ഒറ്റ നോട്ടം കൊണ്ട് എന്റെ ഉള്ളിലെ എല്ലാചിന്തകളും അവൾ മാത്രമാക്കാൻ കഴിവുള്ളവൾ…അതായിരുന്നു അവളുടെ പ്രണയം…അല്ല ഞങ്ങളുടെ പ്രണയം.

മ്മ്…. പാറുവിന്റെ മുഖത്ത് വിഷാദം നിഴലടിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ എല്ലാം വേഗം അവസാനിപ്പിക്കാൻ ഞാൻ തുടങ്ങി…

അവിടെ നിന്നങ്ങോട്ട് ഞങ്ങളുടെ പ്രണയം ഓരോ ദിവസവും വളർന്നു തുടങ്ങി. ഇടവഴികളിലും കലാലയവീഥിയിലും നീർമാതള തറകളിലും ഞങ്ങളുടെ സ്വപ്‌നങ്ങൾ ചിതറികിടന്നിരുന്നു. വൈകാതെ തന്നെ അവളുടെ വീട്ടിലും കാര്യങ്ങൾ അറിഞ്ഞു. പ്രശ്നം രൂക്ഷമായിതുടങ്ങി.

എന്റെ വീട്ടിലെ എതിർപ്പുകൾ ഒരു പരിധിവരെ കുറഞ്ഞ സമയം നോക്കി അവളെ ഞാൻ ഒരു രാത്രിയുടെ കൂട്ടുപിടിച്ച് കൂടെകൂട്ടി. ഞാൻ കാത്തുവച്ച കുലദേവതയുടെ മടിത്തട്ടിൽ പൂജിച്ചെടുത്തതാലിയും സിന്ദൂരവും അവളുടെ അങ്കോപാഗങ്ങളിൽ മിനുങ്ങി.

അവളുടെ കയ്യുംപിടിച്ചു വീട്ടിൽ വന്നുകേറി. ആദ്യമൊക്കെ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് എല്ലാം മംഗളമായി തന്നെ നടന്നു.

നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ പൂർത്തിയാവും മുന്നേ കുളപ്പടവിലെ വള്ളിപ്പടപ്പിൽ തുറിച്ചമിഴികളുമായി അവൾ…പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ ഉഴറി….കണ്ഠത്തിൽ നിന്നും വറ്റിയ ജലകണം മിഴികളെ തട്ടിയുണർത്തി. ഞാൻ നിശ്ചലനായി.

എന്റെ ശബ്ദം നിലച്ച നിമിഷം തന്നെ പാറു എന്നെ നോക്കി. എന്റെ കണ്ണിലെ കണ്ണീർ തുടച്ചുക്കൊണ്ട് അവൾ എന്നെ ഗാഢമായി മാറോടണച്ചു. ഒരു നിമിഷം കൊണ്ട് പൂർവ്വകാലത്തിലെ വിഷാദനാളുകളിലേക്ക് പോയ എന്റെ മനസിനെ അവൾ തിരിച്ചുപിടിച്ചു. അവളുടെ ഹൃദയമിടിപ്പിന്റ താളം എന്റെ ഉള്ളിലെ മറ്റെല്ലാ ചിന്തകളേയും മായ്ച്ചു പാർവ്വതിയിലേക്ക് മാത്രമാക്കി.

ഏത് നിമിഷത്തിലും പതറാത്ത അവളുടെ മനോബലം എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഗൗരിയുടെ വിയോഗത്തിനു ശേഷം ജീവിതം തകർന്നു, മരണത്തെ മാത്രം സ്വപ്നം കണ്ട്, പിന്നിട്ട വഴിയിൽ ഒരുമിച്ച് നടക്കാൻ, കൊതിച്ച സ്വപ്‌നങ്ങൾ നെയ്ത ഇടങ്ങളിൽ എല്ലാം അവളുടെ എന്റെ ഗൗരിയുടെ ഓർമ്മകളിൽ, മനസിലെ ഓരോ അണുവിലും അവൾക്ക് മാത്രമായ് നൽകാൻ കാത്തുസൂക്ഷിച്ച പ്രണയവും പേറി നടന്ന കാലത്ത് അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥ ജീവിതത്തിന്റെ മറ്റൊരു ദുരന്തവും മനസ്സിൽ പേറി ജർമ്മനികാരിയായ അവൾ എന്റെ അമ്മാവന്റെ മകൾ ആയ പാറു കടന്നു വന്നു.

മനസ്സിൽ നിറയെ ഗൗരിയുടെ ഓർമ്മനിറച്ചു ജീവിതത്തിൽ ഇനി ഒന്നും വേണ്ട എന്ന് തീരുമാനിച്ചു തന്നെയാണ് അന്ന് നാളുകൾ തള്ളി നീക്കിയിരുന്നത്. പാറു വീട്ടിൽ ഉണ്ട് എങ്കിലും അവളെ ഞാൻ കണ്ടതായി ഭാവിച്ചിരുന്നില്ല. അവളെ എന്ന് അല്ല ആരെയും ഞാൻ കണ്ടതായി ഭാവിച്ചിരുന്നില്ല.

എനിക്ക് ഗൗരിയോടുള്ള പ്രണയം കണ്ടിട്ടോ എന്റെ താളം തെറ്റിയ ജീവിതം കണ്ടിട്ടോ എന്നറിയില്ല അവളിൽ എന്നോട് പ്രണയം ജനിച്ചു…തകർന്ന ജീവിതത്തിൽ നിന്ന് എനിക്ക് ഒരു മടക്കയാത്ര പാർവ്വതിയിൽ നിന്നാകുമെങ്കിൽ അത് അങ്ങനെ ആകട്ടെ എന്ന് കരുതി വീട്ടുകാരും അവളെ അനുകൂലിച്ചു.

വീട്ടുകാർ ഓരോരുത്തരായി എന്റെ അരികിൽ ഈ കാര്യം പറഞ്ഞുവന്നുക്കൊണ്ടിരുന്നു. പക്ഷെ അവർക്കൊന്നും എന്റെ വിഷമത്തെ തള്ളി നീക്കാനോ ഗൗരിക്ക് പകരം പാർവ്വതിയെ എന്റെ മനസ്സിൽ കൊണ്ടുവരാനോ കഴിഞ്ഞിരുന്നില്ല. ഒടുവിൽ അവൾ തന്നെ എന്റെ അരികിലേക്ക് പ്രണയഭാവത്തിൽ വന്നു തുടങ്ങി.

എന്റെ മനസിലെ ഗൗരിയെ എന്നിൽ നിന്ന് പിഴുതെറിഞ്ഞ് ആ സ്ഥാനം സ്വന്തമാക്കാൻ വന്നവളോട് തോന്നിയ വെറുപ്പ്. അവളിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. പാറു അവളുടെ പ്രണയം എല്ലാ രീതിയിലും എന്നെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഒരുനാൾ എന്റെ ഗൗരിയുടെ പ്രാണൻ അപഹരിച്ച അതേ കുളക്കടവിൽ…അവളുടെ കണ്ണീരിൽ തുളുമ്പിയ ഓർമ്മകൾ മനസ്സിൽ ഓർത്തെടുത്ത് ജലത്തിൽ എന്റെ പ്രതിബിഭമായ് തെളിഞ്ഞ എന്റെ ഗൗരിയുടെ രൂപം മനസ്സിൽ നിറഞ്ഞ നിമിഷം എന്നെ പുറകിൽ നിന്ന് രണ്ട് കൈകൾ കെട്ടിപ്പുണരാൻ വന്നു.

കൈകളിൽ നിന്നും, ആ ശരീരത്തിൽനിന്നും ഞാൻ ഒഴിഞ്ഞുമാറി. ലാസ്യ ഭാവത്തിൽ എന്റെ മുന്നിൽ അവൾ പാർവ്വതി. എന്നിലെ അടങ്ങാത്ത കോപം അവളിൽ ശകാര വർഷം നടത്തി.

പലവട്ടം ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും പിന്മാറാതെ എന്നെ പിടികൂടാൻ നടക്കുന്ന യക്ഷീ…എന്റെ ശവം കൂടി കാണാൻ വേണ്ടിയാണോ നീ എന്നെ ഇങ്ങനെ പിന്തുടരുന്നത് എന്ന എന്റെ ചോദ്യം അന്ന് അവളെ വല്ലാതെ തളർത്തി. എന്നിൽ നിന്നും ഇത്തരത്തിൽ ഉള്ള വാക്കുകൾ അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നിങ്ങളെ വശീകരിക്കാനോ നശിപ്പിക്കാനോ ശല്ല്യം ചെയ്യാനോ ഞാൻ ചിന്തിച്ചിട്ടില്ല. പണ്ടെപ്പോഴോ ഉള്ളിൽ തോന്നിയ പ്രണയം അത് നഷ്ടപ്പെട്ടു. പിന്നീട് അയാൾ എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആ ചിന്തയിൽ നിന്ന് ഉണർന്ന ഉള്ളിൽ ഉറങ്ങികിടന്നിരുന്ന എന്റെ പ്രണയം എപ്പോഴോ ഉണർന്നു…

അത് എനിക്ക് മറക്കാൻ പറ്റാതെ ഒരു ഭ്രാന്തായി മാറി എന്നെ ഇവിടേം വരെ എത്തിച്ചു. പക്ഷെ എന്തും ഞാൻ സഹിക്കുമായിരുന്നു…പക്ഷെ ഭദ്രേട്ടന്റെ ശവം കാണാൻ വന്നവൾ എന്ന് എന്നെ വിളിക്കരുതായിരുന്നു. അവൾ കോപത്താലും നൈരാശത്താലും നിന്ന് വിറച്ചു.

അവളിലെ രൂപമാറ്റം എന്നിലും ഭയം നിറച്ചു. ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമായി ഞാൻ കാണില്ല എന്ന് പറഞ്ഞ് അവൾ ആ കുളത്തിലേക്ക് ചാടി.

വിറയലോടുകൂടിയ ഒരു ദീർഘനിശ്വാസത്തോടെ അവളുടെ മാറിൽ നിന്ന് തലയെടുത്ത് ഞാൻ അവളെ നോക്കി. അവൾ ഒരു എന്നെ കുറച്ചുനേരം നോക്കിയിരുന്നു. പെട്ടെന്നെന്നെ വാരിപ്പുണർന്നു ഗാഢ ഗാഢം ചുംബിച്ചു.

എനിക്ക് വേണ്ടി ജീവൻപ്പോലും കളയാൻ തയ്യാറായ പെണ്ണിനെ ആ കുളത്തിന്റെ ആഴങ്ങളിൽ നിന്ന് എന്റെ കൈകളിൽ കോരിയെടുത്തു ജീവിതത്തിലേക്ക് കൈപിടിച്ചുഉയർത്തിയ ആ നിമിഷത്തിൽ അവൾ എനിക്ക് നൽകിയ അതേ ചുംബനം പോലെ.

വേർപിരിഞ്ഞ ചുണ്ടുകളിലെ ചുവപ്പിനെ ഒന്നുകൂടെ കടിച്ചു ചുവപ്പിച്ചുക്കൊണ്ട് അവൾ പറഞ്ഞു എനിക്ക് എന്റെ പ്രാണനാഥന്റെ സ്വന്തം ആകണം. അവളെ ഒന്നുകൂടെ ഞാൻ അരികിലേക്ക് അടിപ്പിച്ചു. അവൾ എന്നെ തടഞ്ഞുകൊണ്ട് അവൾ വാതിലിനരികിലേക്ക് നീങ്ങി.

ഒരു കുസൃതിചിരിയിൽ വാതിൽ തുറന്നവൾ എന്റെ വരവിനെയും കാത്തു നിന്നു. മുന്നിലായ് അവളും കൂടെ ഞാനും ആ പാതിരാത്രിയിൽ നടന്നു. കുളപ്പടവിൽ പൂർണ്ണചന്ദ്ര നിലാവിൽ കുളക്കടവിൽ ഓളങ്ങൾ അലയടിക്കവേ ആ വിശ്വസൗന്ദര്യത്തിന്റെ ഓരോ അണുവും എന്നിൽ ലയിച്ചു.

ബ്രഹ്മമുഹൂർത്തത്തിന്റെ ആരംഭം പൂവാലൻ സ്വരം മീട്ടിയപ്പോൾ തളർന്നടഞ്ഞ കണ്ണുകൾ തുറന്നു. എന്റെ ഇടനെഞ്ചിൽ അവൾ ഉണർന്നിട്ടില്ല. മൂർദ്ധാവിൽ അമർന്ന എന്റെ ചുണ്ടുകളെ നോക്കി അവളും കൺതുറന്നു.

ശരീരത്തിൽ പറ്റിപിടിച്ച മണ്ണിനെ കുളത്തിൽ മുങ്ങി ജലത്തിൽ അർപ്പിച്ചു തിരിച്ചു ആ കുളപ്പടവിലേക്ക് കയറി പദ്മാസനത്തിൽ ഇരുന്നു. എനിക്ക് പിന്നാലെ അവളും മുങ്ങി കയറി. ചന്ദ്രശോഭയിൽ ജലകണങ്ങൾ ഇറ്റിറ്റു വീഴുന്ന അവളുടെ ശരീരത്തിലെ ഇടനെഞ്ചിൽ ഞാൻ കെട്ടിയ താലി തിളങ്ങി.

മെല്ലെ അടിവച്ച് അടിവച്ച് ആ പ്രേമരൂപിണി എന്റെ മടിയിൽ എനിക്ക് അഭിമുഖമായി വന്നിരുന്നു കാലുകൾ കൊണ്ട് എന്നെ അവൾ കൂടുതൽ അവളിലേക്ക് അടിപ്പിച്ചു, ബിന്ദുമണ്ഡല വാസിനിയെപ്പോലെ അവൾ എന്നോട് ചേർന്നു.

ഭദ്രേട്ടന് ഇപ്പോഴും ഞാൻ ഒരു യക്ഷിയാണെന്ന് തോന്നുന്നുണ്ടോ. അവളെ ഒന്നുകൂടെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ തുടയിൽ ഉണങ്ങി പറ്റിപിടിച്ച രക്തത്തെ അവളുടെ മുടിയിഴയിൽ നിന്ന് ഇറ്റുവീണ ജലത്തിൽ ചാലിച്ച് എന്റെ വിരലുകളാൽ അവളുടെ സീമന്തരേഖയിൽ ഞാൻ തിലകം ചാർത്തിക്കൊണ്ട് പറഞ്ഞു…

നീ യക്ഷിയല്ല…ദേവിയാണ്…ഈ ഭദ്രന്റെ സർവ്വപ്രണയവും ആവാഹിച്ചെടുത്ത എന്റെ ശക്തി.

—- ശുഭം —-

ഒരുപാട് മോഹിച്ചു എഴുതിയതാണ് ഇതിന്റെ ആദ്യഭാഗങ്ങൾ. പക്ഷെ ഈ ഭാഗം എങ്ങനെ ഒക്കെയോ എഴുതി തീർത്തതാണ്. ഇഷ്ടമാകുമോ എന്ന് അറിയില്ല. എല്ലാവരും ക്ഷമിക്കുക. അഭിപ്രായം എന്ത് തന്നെ ആയാലും രേഖപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.