അവളുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ എനിക്ക് മൂന്നാമതൊരു കണ്ണുകൂടി ഉണ്ടായിരുന്നെങ്കിൽ…

പ്രണയപ്പൂർണം – ഭാഗം II രചന: Ajay Adith

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അവസാന ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഞാൻ ചിത്രങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഏതൊരു ചിത്രകാരനെപ്പോലെയും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ചിത്രകാരനാവുക എന്നതായിരുന്നു എന്റെയും ലക്ഷ്യം.

അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കോളേജുകളിലും ഒരു ചിത്രപ്രദർശനം നടത്തികൊണ്ടിരിക്കുന്ന കാലത്താണ് അച്ഛാച്ചന്റെ വക എനിക്ക് ഒരു കല്ല്യാണാലോചന വന്നത്.

പക്ഷെ വിവാഹം എന്നൊരു ചിന്ത എന്റെ ഉള്ളിൽ ഇല്ലാതിരുന്നത് കൊണ്ട് തന്നെ അന്ന് അതിനെ ശക്തമായി എതിർക്കുകയും എന്റെ നിർബന്ധം മൂലം ആ ആലോചന അവിടെ വച്ച് തന്നെ അവസാനിപ്പിക്കുകയും ചെയ്തു.

എങ്കിലും അവർ എന്നെ സമ്മതിപ്പിക്കണം എന്നതിനുവേണ്ടി ആ കുട്ടിയെകുറിച്ചും അവളുടെ രൂപത്തെക്കുറിച്ചും എന്നോട് വിവരിച്ചകാര്യങ്ങൾ മനസ്സിൽ കോർത്തു. ഒരു കൗമാരക്കാരന്റെ ഉള്ളിൽ കുഴിച്ചു മൂടിയ ആഗ്രഹചിന്തകൾ ഉണർന്ന നിമിഷത്തിൽ ഒരു രൂപം തെളിഞ്ഞു.

എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്ത ഒരു രൂപം. നാളെക്ക് അത് മറക്കും എന്ന ഒരു അഹങ്കാരം ഉള്ളിൽ ഉള്ളതുകൊണ്ട് തന്നെ കണ്ട രൂപം അതിന്റെ മനോഹാരിത പൂർണമായും ആസ്വദിച്ചുക്കൊണ്ട് തന്നെ കണ്ടു. സ്വപ്നത്തിന്റെ നാലാം യാമത്തിൽ അങ്ങനെ ഒരു പെണ്ണിന്റെ ചിത്രം കൂടി എന്റെ പേരിൽ വരക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ കൊതിച്ചിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ അടുത്ത കലാലയം തേടി യാത്രയായി. ഒരുപാട് നാളുകൾക്ക് ശേഷം ചിത്രപ്രദർശനം അവസാനിപ്പിക്കാനായ് സാംസ്കാരിക നഗരിയുടെ ഉള്ളിൽ നിലകൊള്ളുന്ന കായൽ കരക്കടുത്തായിട്ടുള്ള ഒരു കലാലയം തിരഞ്ഞെടുത്തു. ചർച്ചകൾക്കൊടുവിൽ അടുത്ത ദിവസം തന്നെ അവിടെ പ്രദർശനം നടത്താൻ അവർ അനുമതി നൽകി.

രാവിലെ തന്നെ പ്രദർശനം ആരംഭിച്ചു. ഹാൾ കുട്ടികളെ കൊണ്ട് നിറഞ്ഞു. പലരുടെയും അഭിനന്ദനങ്ങൾ എന്നെ തേടിയെത്തി. പ്രദർശനം അതിന്റെ അവസാന നിമിഷങ്ങളിലേക്ക് ഓടിയടുക്കവേ ആളുകൾ എല്ലാം ഒഴിഞ്ഞു തുടങ്ങിയിരുന്നു.

നിങ്ങൾ വരുന്നില്ലേൽ വരണ്ട ഞാൻ പോയി കണ്ടിട്ടുവരാം എന്ന് കൂട്ടുക്കാരികളോട് പറഞ്ഞു…ഒരു വെള്ളയിൽ കസവുനൂലുകൾ കൊണ്ട് മായാവർണം തീർത്ത ഒരു ധാവണിക്കാരി പെണ്ണ് ഹാളിലേക്ക് ഓടിക്കയറി വന്നത്…

ഞാൻ സ്വപ്‍നത്തിൽ എന്റെ ഹൃദയത്തിൽ വരച്ച രൂപത്തിന്റെ കരിമുകിലഴകി.

ഗൗരിയേച്ചി ആയിരുന്നോ അത്…പാറു വീണ്ടും ഇടക്കുകയറി.

മ്മ്…അല്ലാതാര്..?

അത്രക്ക് സുന്ദരി ആയിരുന്നോ ഗൗരിയേച്ചി.

അവളുടെ സൗന്ദര്യം എന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവളെ ആദ്യമായ് കണ്ട മാത്രയിൽ തന്നെ എന്റെ ഉള്ളിലെ എല്ലാ വികാര വിചാര ചിന്തകൾ എല്ലാം അവളിലേക്ക് ഒതുങ്ങിയ പോലെ ആയിരുന്നു. അവളുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ എനിക്ക് മൂന്നാമതൊരു കണ്ണുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും കൊതിച്ചിരുന്നു.

അവൾ പേരിൽ ഗൗരിയാണെങ്കിൽ രൂപത്തിൽ തൃപുരസുന്ദരി ആയിരുന്നു. എന്നിട്ടെന്തുണ്ടായി…? അവൾ തെല്ല് ആകാംഷയോടെ ചോദിച്ചു. അവൾ ഓരോ ചിത്രങ്ങളും ആകാംഷയോടെ നോക്കി നോക്കി എന്റെ അരികിൽ എത്തി.

നിങ്ങൾ ആണോ ഈ ചിത്രങ്ങൾ വരച്ചത്. അവളുടെ ചോദ്യത്തിന് മറുപടി ആ നിമിഷത്തിൽ എങ്ങനെയാണ് ഞാൻ കൊടുത്തത് എന്ന് എനിക്ക് ഇന്നും പിടികിട്ടാത്ത ഒരു കാര്യമാണ്.

ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്…അവൾ പറഞ്ഞു. ഞാൻ അവളുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ചു. തെല്ലു കുസൃതിയോടെ എന്റെ ഒരു ചിത്രം ഇതുപോലെ വരച്ചുതരാൻ പറ്റുമോ എന്നവൾ ചോദിച്ചു. മറുപടി പോലും നൽകാതെ ഒരുപാട് നാളിലെ എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ഒരു ഭ്രാന്തനെപ്പോലെ സാധനങ്ങൾ തയ്യാറാക്കി.

എന്റെ പ്രവർത്തിയിൽ അവൾ ആകാംക്ഷയോടെ നോക്കി നില്കുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട് ആ നിമിഷത്തിലെ അവളുടെ ഭാവം. എന്റെ മനസിലെ ഭാവവും അവളുടെ മുഖവും ചേർത്ത് വച്ച് അവളുടെ ഓരോ അംഗോപാഗ തികവുകൾ ഞാൻ ഒപ്പിയെടുത്ത് ഞാൻ ആ ചിത്രം അവൾക്ക് സമ്മാനിച്ചു.

അവൾ ആ ചിത്രത്തിലെ അവളുടെ ഭാവമാറ്റം ശ്രദ്ധിച്ചത് കൊണ്ടെന്നോണം എന്റെ മുഖത്തേക്ക് നോക്കി. തമ്മിൽ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലെങ്കിൽ പോലും ഞാൻ മനസ്സിൽ ഒരുപാട് നാളായി കൊതിച്ചു പ്രണയിച്ചു കൊണ്ടു നടന്നിരുന്ന രൂപമാണ് നീ….അപ്രതീക്ഷിതമായാണ് നീ ഇന്ന് എന്റെ അരികിൽ വന്നത്. വിരോധമില്ലെങ്കിൽ എന്റെ വേളിയായ് കൂടെ…

ഇപ്പോൾ പറയണം എന്നില്ല. എന്റെ വിലാസം ആ ചിത്രത്തിനു പുറകിൽ ഉണ്ട്. തീരുമാനം എന്തായാലും അത് അറിയിക്കണം…ഇത്രയും പറഞ്ഞു അവളെ നോക്കാതെ ഞാൻ തിരിഞ്ഞു നടന്നു. എനിക്ക് എതിരായി അവളും നടന്നകന്നു.

വാതിൽ കടന്നു പോകാൻ നേരം അവൾ അവിടെ വച്ചിരുന്ന ബുക്കിൽ എനിക്കായ് മറുപടി എഴുതി വച്ചു നടന്നകന്നു.

എന്താ എഴുതി വച്ചിരുന്നത്…?പാറുവിന് ആകാംഷ ഏറിയിരുന്നു.

തുടരും….

എത്രത്തോളം ഭംഗിയാക്കാൻ കഴിഞ്ഞു എന്നറിയില്ല. നിങ്ങളുടെ വിലയേറിയ അഭിപ്രായം എന്ത് തന്നെ ആയാലും അത് വിശദമാക്കി രണ്ട്‌ വരിയിൽ കുറയാതെ കമന്റ് ഇടുക.