പ്രണയപ്പൂർണം – ഭാഗം I രചന: Ajay Adith
രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ആദ്യമായിട്ടലെങ്കിലും അവളുമൊത്തുള്ള ആദ്യ രാത്രിയുടെ ഈ ദിനം എന്നിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു. എന്തിനാണ് എനിക്ക് ഇപ്പോഴും അവളിൽ ലയിക്കാൻ കഴിയില്ല എന്ന സന്ദേഹങ്ങൾ ഉള്ളിൽ നിറയുന്നത്.
ഇത്തരം ചിന്തകൾ ഉള്ളിൽ തകർത്തുപെയ്യവേ അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു. ഒരുകാലത്ത് പ്രാണന്റെ പാതിയായിരുന്നവൾക്ക് ഞാൻ കൊതിച്ച് നൽകിയ അതേ കരിമ്പച്ചനിറമുള്ള പട്ടുടുത്ത്.
അവളുടെ മുഖത്ത് പ്രണയത്തിന്റെ സാക്ഷാത്ക്കാരത്തിന്റെ സന്തോഷവും ആദ്യരാത്രിയുടെ നാണവും മിന്നി മറയുന്നത് ഞാൻ അറിയാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. കയ്യിൽ കരുതിയ പാൽ എനിക്ക് നേരെ അവൾ നീട്ടി…
എന്തിനാണ് പാർവ്വതി ഇങ്ങനെ ഒക്കെ…ഈ ചടങ്ങിന്റെ ഒക്കെ ആവശ്യം ഉണ്ടോ…? എന്ന് പുഞ്ചിരി നൽകികൊണ്ട് ചോദിച്ചു. അവൾ നീട്ടിയ പാൽ ഞാൻ കൈകളിൽ ഒതുക്കി. അവളിൽ വീണ്ടും നാണം.
ഒരു ചെറിയ മൗനത്തിന് വിടനൽകി അവൾ പറഞ്ഞു. ഭദ്രേട്ടൻ എന്റേതാകുന്നത് അതിന്റെ എല്ലാ പൂർണ്ണതയിലും ആകണം. അവൾ നാണം വിടാതെത്തന്നെ അവളുടെ അധികാര സ്വരത്തിൽ അത് പറഞ്ഞു.
അവളെ ഇനി എന്റെ പേരിൽ ഒരിക്കലും വിഷമിപ്പിക്കില്ല എന്ന എന്റെ പ്രതിജ്ഞ നിറവേറ്റണം എന്ന എന്റെ വാശി എന്റെ ഉള്ളിലെ ഉടലെടുത്ത സന്ദേഹങ്ങളെ തള്ളിമാറ്റികൊണ്ടിരുന്നു. പാതി കുടിച്ച പാൽഗ്ലാസ് അവൾക്കുനേരെ നീട്ടുമ്പോൾ അവളുടെ കണ്ണിലെ തിളക്കം എന്നെ അവളിലേക്ക് അടുക്കാൻ കൊതിപ്പിച്ചു തുടങ്ങി.
അവൾ മെല്ലെ അത് നുകർന്നു എന്റെ അരികിൽ വന്നിരുന്നു. കട്ടിലിൽ ചുമരിൽ ചാരി ഇരുന്നുകൊണ്ട് ഞാൻ എന്റെ കാൽപാദങ്ങളോട് ചേർന്ന് അവളും. ഒരു ഉൾവിളിയെന്നോണം അവളുടെ തോളിൽ പതിഞ്ഞ എന്റെ കൈവിരലുകളെ കൂട്ടുപിടിച്ച് തണ്ടെറുത്ത താമരമുട്ടുപോലെ അവളും എന്റെ ചുമലിൽ തലചായ്ച്ചു.
ഏട്ടന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു… നെഞ്ചിൽ തലോടികൊണ്ടിരിക്കുന്ന അവളുടെ ചൂണ്ടുവിരലിന്റെ ചലനം നിറുത്തികൊണ്ടവൾ പറഞ്ഞു. നിന്റെ നെഞ്ചും വല്ലാതെ ഇടിക്കുന്നു….അതു പറയുമ്പോൾ എന്റെ മുഖത്തേക്കുള്ള അവളുടെ നോട്ടം ഞാൻ അറിഞ്ഞിരുന്നു.
നേരം ഇഴഞ്ഞു നീങ്ങവേ എന്റെ മുഖം അവൾ അവൾക്കുനേരെ തിരിച്ചു പിടിച്ചുക്കൊണ്ട് ചോദിച്ചു…എനിക്ക് ഏട്ടന്റെ…എനിക്ക് ഗൗരിയേച്ചിയെ കുറിച്ച് എല്ലാം പറഞ്ഞുതരുമോ…?
അവളിൽ ലയിക്കാൻ തയ്യാറാക്കിയ എന്റെ മനസിനെ തകർത്തു കൊണ്ടാണ് അവൾ അത് ചോദിച്ചത് എങ്കിലും എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. കണ്ണിൽ നിന്നൊഴുകിയെത്തിയ കണ്ണുനീരിനെ തുടച്ചുമാറ്റികൊണ്ടാണ് ഞാൻ അവളിൽ നിന്നും അടർന്നു മാറിയത്.
എന്തിനാണ്…? എല്ലാം നിനക്ക് അറിയുന്നത് അല്ലേ…കട്ടിലിൽ നിന്നെഴുനേൽക്കാൻ തുടങ്ങിയ എന്നെ അവൾ വലിച്ചിരുത്തി.
വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചത് അല്ല. എനിക്ക് മറ്റുള്ളവർ പറഞ്ഞുള്ള അറിവ് മാത്രമേ ഒള്ളൂ. പക്ഷെ ഇപ്പോഴും അറിയാത്ത ഒരുപാട് കഥകൾ ഉണ്ട്…ഏട്ടന് മാത്രം അറിയുന്ന കഥകൾ. എനിക്ക് അതെല്ലാം അറിയണം. ഏട്ടന്റെ ഉള്ളിലും അതെല്ലാം കിടന്ന് വിങ്ങുകയല്ലേ…
എന്നെ ഏട്ടൻ സ്വന്തമാക്കുന്നത് മനസ്സിൽ പൂർണ്ണമായും ഞാൻ മാത്രം ആവുന്ന നിമിഷത്തിൽ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും എന്നിലേക്ക് ചാഞ്ഞു…
അവളോട് എന്ത് പറയണം എന്നറിയാതെ ഞാനും. കുറച്ചു നേരത്തെ ചിന്തകൾക്കൊടുവിൽ അവളോട് എല്ലാം പറയാൻ തുടങ്ങി…
തുടരും…
അഭിപ്രായം എന്തായാലും കമന്റ് ഇടണം. എങ്കിൽ മാത്രമേ തെറ്റുകൾ തിരുത്താൻ പറ്റൂ…വിലയേറിയ അഭിപ്രായങ്ങൾക്കായ് കാത്തിരിക്കുന്നു.