(ശടെ എന്ന് പറയും മുന്നേ വായിച്ച് തീർക്കാം ….നിങ്ങൾ നിങ്ങളല്ലാതെ ഒന്ന് വായിക്കേണ്ടിവരും 😉)
അവളും ആ അവളും
രചന: RJ SAJIN
“ദേ മനുഷ്യാ …നമ്മൾ പിരിഞ്ഞാലും സന്തോഷത്തോടെ തന്നെ നമുക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്കറിയാം ..
ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാ നല്ലത് .
കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ നമുക്ക് ജോലിയുമുണ്ട്
ഒരു ഡിവോഴ്‌സൊന്നും ഇന്നത്തെ സമൂഹത്തിന് ബാധകമല്ലെന്ന് അറിയാല്ലോ അല്ലേ …”
തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയായിരുന്നു അതുലിന്റെ ചൊറിഞ്ഞ ചോദ്യത്തിനുള്ള മറുപടി അവൾ നൽകിയത് .
“ഓ അറിയാവേ …അതുപോട്ടെ ,നിനക്ക് തലവേദന എന്ന് പറഞ്ഞതല്ലേ..വയ്യെങ്കിൽ കുറച്ച് നേരം വിശ്രമിച്ചിട്ട് വാ …”
ചപ്പാത്തിക്ക് മാവുകുഴച്ചുകൊണ്ടു നിന്ന കീർത്തനയുടെ മുഖത്തോട്ട് നോക്കിയശേഷം തന്റെ ജാള്യത മറച്ചു പിടിച്ച് അതുൽ തേങ്ങ തിരുകൽ തുടർന്നു..
കീർത്തനയുടെയും അതുലിന്റെയും ഒരു പ്രണയവിവാഹമായിരുന്നു .
12 കൊല്ലം കഴിഞ്ഞിട്ടിപ്പോളും കുഞ്ഞു കുഞ്ഞു ഇണക്കവും പിണക്കവുമായി ജീവിതം മുന്നോട്ട് പോകുന്നു .
അവരുടെ സന്തോഷത്തിന്റെ അടിസ്ഥാനം തന്നെ ആ പരസ്പരബഹുമാനമായിരുന്നു .
“അമ്മേ ……എന്താണ് അമ്മേ ഈ ജാതിയും മതവും ?”
പാഠഭാഗം ഉറക്കെ വായിച്ചശേഷം കൃതുൽ പഠനമുറിയുൽ നിന്നും വിളിച്ചുകൂവി .
ചെവി ഒന്ന് കൂർപ്പിച്ച ശേഷം അവൾ അവന്റെ അടുത്തേക്ക് നടന്നു .
അവന്റെ മുഖത്തോട്ട് നോക്കിയശേഷം
“അത് പണ്ട് നിലനിന്നിരുന്ന വിവരമില്ലായ്മയുടെ അടിസ്ഥാനഘടകങ്ങൾ ആയിരുന്നു മോനെ ….
മനുഷ്യനെ ഭിന്നിപ്പിക്കുന്നതല്ലാതെ വേറൊരു പ്രയോജനവും ഇതിൽ നിന്നുണ്ടായിരുന്നില്ല…
ആൺ ,പെൺ ,ട്രാൻസ്‌ജെൻഡർ ..ഈ മൂന്നു വേർതിരിവുകൾ ഉണ്ടെങ്കിലും നമ്മൾ എല്ലാവരും മനുഷ്യർ ആണ് …
ഈ തിരിച്ചറിവ് അന്നത്തെ മനുഷ്യനില്ലായിരുന്നു മോനെ ..”
“എന്ത് മനുഷ്യരാ അമ്മേ അക്കാലത്ത് ജീവിച്ചിരുന്നത് ..”
കുഞ്ഞുമനസ്സിലെ ദേഷ്യം മുഖത്തുകാട്ടി അവൻ അമ്മയോട് പറഞ്ഞു .
നല്ല മാറ്റങ്ങൾ മനുഷ്യരിൽ ഉണ്ടാകും …
പക്ഷെ മോനെപ്പോലെ ചിന്തിക്കുന്ന തലമുറകൾ വന്നുകൊണ്ടിരിക്കണം “
കൃതുൽ അമ്മയുടെ മുഖത്ത് തന്നെ ജിജ്ഞാസയോട് നോക്കിയിരുന്നു .
മറുപടി കൊടുത്ത ശേഷം അവൾ തന്റെ മുറിയിലേക്ക് നടന്നു .
ക്ലോക്കിലെ സമയമൊന്ന് നോക്കിയശേഷം ബെഡിൽ വന്നിരുന്നു .
തലവേദന കൂടുന്നുണ്ട് .
അവൾ തന്റെ ആ വാച്ചിലോട്ട് നോക്കി . അവളുടെ ചിരി അപ്പോളേക്കും മങ്ങിത്തുടങ്ങിയിരുന്നു .
ചൂണ്ടുവിരലൊന്ന് സ്പർശിച്ച ശേഷം വാച്ചിലെ കീയിൽ ഒന്ന് അമർത്തിപ്പിടിച്ചു പിറകിലോട്ട് തിരിച്ചു .
അപ്പോളേക്കും കണ്ണുനീർ ഇറ്റിറ്റായി വീഴാൻ തുടങ്ങുന്നുണ്ടായിരുന്നു .
ജാതിമാറി കെട്ടിയതിനു വീട്ടുകാർ ഒറ്റപ്പെടുത്തിയതും ..
അനിയൻ ട്രാൻസ്‌ജെൻഡർ ആയതിനു നാട്ടുകാർ ഒറ്റപ്പെടുത്തിയതും …
സാമ്പത്തികമായി പിന്നിലോട്ട് ആയപ്പോൾ കുടുംബത്തിന്റെ ഉള്ളിലെ സ്നേഹം കുറഞ്ഞു വന്നതും ..
ലഹരിക്കടിമയായി മാറിയ ഭർത്താവിന്റെ ക്രൂരതകൾ അനുഭവിച്ചിട്ടും സമൂഹത്തെ പേടിച്ച് ഡിവോഴ്‌സിലോട്ട് പോകാൻ പറ്റാത്തതും മനസ്സിൽ മിന്നിമറഞ്ഞു ..
ഈ ദൃശ്യങ്ങൾ അവളുടെ ലോലമായ ഹൃദയത്തെ പിടിച്ചുകുലുക്കി ഇടനെഞ്ചിൽ ഒരു വേദനയനുഭവപ്പെടുത്തി .
അപ്പോളും അവൾ കീ പിന്നിലോട്ട് തിരുക്കിക്കൊണ്ടുതന്നെയിരുന്നു .
2021 ലേക്ക് വരുമ്പോൾ കലണ്ടർ മാറിക്കൊണ്ടിരുന്നു .
അവളുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു .
വാച്ചിന്റെ കീ പിന്നിലോട്ട് തിരിച്ചിട്ടും ഏറെ നേരമെടുത്തപ്പോളാണ് താനിപ്പോൾ നിൽക്കുന്നത് തന്റെ ജീവിതത്തിൽ നിന്നും ഏറെ വര്ഷങ്ങൾക്കപ്പുറമാണെന്ന തിരിച്ചറിവ് അവളിലുണ്ടായത് .
തന്റെ ജീവിതത്തിൽ ഈ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ വർഷങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാൻ സാധിക്കുന്ന ഈ ടൈം ട്രാവലർ വാച്ചിൽ കാലങ്ങൾ ഒരുപാട് മാറി പിന്നോട്ട് വരേണ്ടിയിരിക്കുന്നു .
ഇന്നത്തെ കാലത്തേക്കുള്ള തിരിച്ചുവരവിൽ തന്റെ ഉപബോധ മനസ്സ് സൃഷ്ടിച്ച ദൃശ്യങ്ങളായിരുന്നു ആ വാച്ചിലൂടെ അവൾ കണ്ടതും .
ഇതുപോലത്തെ വാച്ച് എല്ലാവരിലും ഉണ്ട് … അതിലെ കാഴ്ചകൾ നേരാവാൻ ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രം .
തന്റെ ചിന്തയെ തട്ടിയുണർത്തിക്കൊണ്ട് ഹാളിൽ നിന്നും മദ്യപിച്ചെത്തിയ അതുലിന്റെ ശബ്ദം ഉയർന്നു …
“മുറിക്കുള്ളിൽ കയറിയിരിക്കാതെ അടുക്കളയിൽ കയറി വല്ലോം ഉണ്ടാക്കടി **** “
(മാറ്റം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ..കാലം വേഗത്തിൽ മാറട്ടെ എന്നാശംസിച്ചുകൊണ്ട് സമർപ്പിക്കുന്നു …🌸 )