നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ അവന്‍ വിരലുകള്‍ കൊണ്ട് ഒപ്പി അവളുടെ…

സ്വപ്നങ്ങളെ പ്രണയിച്ചവള്‍

രചന: ദിപി ഡിജു

‘സ്വപ്നങ്ങള്‍…. അവ എന്നും എന്നില്‍ നിറമഴ പെയ്യിച്ചിരുന്നു…

വര്‍ണ്ണാഭമായ സ്വപ്നങ്ങളില്‍ മുങ്ങി കുളിക്കാന്‍ തീക്ഷ്ണമായ ആവേശം പലപ്പോഴും എന്നെ വിവശയാക്കി… വിലക്കുകളുടെ അതിര്‍വരമ്പുകളില്ലാതെ സ്വൈര്യമായി കൈപിടിച്ചു വിഹരിക്കാന്‍ സ്വപ്നങ്ങളേക്കാള്‍ നല്ല ചങ്ങാതിമാര്‍ ഉണ്ടോ…

എന്‍റെ സ്വപ്നങ്ങളില്‍ എന്നും ഞാന്‍ കുറവുകള്‍ ഒന്നും ഇല്ലാത്തവളായിരുന്നു…അവയില്‍ എന്‍റെ നയനങ്ങള്‍ കാണുന്ന കാഴ്ച്ചകള്‍ ഭാവനാതീതമായിരുന്നു….എന്‍റെ നാവ് അക്ഷരങ്ങള്‍ക്ക്മേല്‍ തീര്‍ത്തിരുന്ന മതില്‍കെട്ടുകള്‍ക്കും അവയില്‍ സ്ഥാനം ഏതുമുണ്ടായിരുന്നില്ല…

എല്ലാ സ്വപ്നങ്ങളിലും എനിക്കൊപ്പം അവനുമുണ്ട്… എന്‍റെ മാത്രം പ്രണയം…!!!’

‘എടി പൊട്ടക്കണ്ണീ… നീ എന്താ അവിടെ ഇരുന്നു കുത്തിക്കുറിക്കുന്നത്… ദേ നിന്നെ അമ്മ അവിടെ അന്വേഷിക്കുന്നുണ്ട്…’

മാഞ്ചുവട്ടിലെ ഇളം തണലില്‍ ഇരുന്നു ഡയറിയില്‍ ഓരോന്നു കുത്തിക്കുറിക്കുകയായിരുന്നു ഭാനുമതി.

ഭാനുമതി എന്നത് അവളുടെ മുത്തശ്ശിയുടെ പേരാണ്. എല്ലാവരും ഭാനു എന്നു വിളിക്കും. ഭാനുപ്രിയ എന്ന ഇരട്ടസഹോദരിയുമുണ്ടവള്‍ക്ക്. അവളുടെ പ്രിയ. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അവളേക്കാള്‍ മൂത്തവള്‍. കാഴ്ച്ചയില്‍ ഏറെക്കുറെ സാമ്യം ഉണ്ട്.

ചെറുപ്പം മുതല്‍ ഷോര്‍ട്ട് സൈറ്റ് ഉണ്ട് ഭാനുവിന്. അടുത്തുള്ള വസ്തുക്കള്‍ മാത്രമേ കാണാന്‍ പറ്റൂ. ഒരു കട്ടി ഗ്ളാസ്സുള്ള കണ്ണട അവളുടെ സന്തതസഹചാരിയാണ്. സംസാരിക്കുമ്പോള്‍ ചെറിയ വിക്കും ഉണ്ടായിരുന്നു. ആ പേരില്‍ അവളെ എന്നും പ്രിയ കളിയാക്കിയിരുന്നു. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ അവള്‍ അതൊന്നും കാര്യമാക്കാറില്ല.

പ്രിയയുടെ വിളി കേട്ട് അവള്‍ ഡയറി അടച്ചു വച്ചു അകത്തേക്ക് കയറി. മുറിയില്‍ അവളുടെ മേശയില്‍ കൊണ്ടു പോയി ഡയറി ഭദ്രമായി വച്ചശേഷം അടുക്കളയിലേക്ക് ചെന്നു.

‘എ…എന്താ അമ്മേ വി..വിളിച്ചത്…???’

‘നീ എവിടെ ആയിരുന്നു…??? ഇന്നു രമേച്ചിയും ദേവനും വരുന്നുണ്ട്… അവര്‍ ഇന്നു ഇവിടെ ആകും തങ്ങുന്നത്… പ്രിയയ്ക്ക് പഠിക്കാന്‍ ഉണ്ടെന്നു പറഞ്ഞു… നീ ഒന്നു വന്നേ മോളെ ഒരു കൈസഹായത്തിന്… അത്താഴം കാലമായില്ല…’

‘അ…അല്ലേലും പണിയെടുക്കുന്ന കാ..കാര്യം പറയുമ്പോള്‍ അ..അപ്പോള്‍ അവള്‍ പ…പഠിത്തക്കാരി ആകുമല്ലോ…’

‘ഹാ… ഏതായാലും നീ വാ…’

ഭാനു തന്‍റെ അമ്മയുടെ കൂടെ പണികളില്‍ മുഴുകി.

ദേവന്‍ അവളുടെ അമ്മാവന്‍റെ ഏകമകന്‍ ആണ്. അവരുടെ രണ്ടുപേരുടെയും മുറച്ചെറുക്കന്‍. ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു.

ജോലികള്‍ക്കിടയിലും അവളുടെ ചിന്ത മുഴുവന്‍ ദേവനെ കുറിച്ച് ആയിരുന്നു.

അവളുടെ ദേവേട്ടന്‍. വയസ്സറിയിച്ച കാലം മുതല്‍ അവള്‍ മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന അവളുടെ സ്വപ്നം. എന്നാല്‍ തുറന്നു പറയാന്‍ അവള്‍ക്ക് ഭയം ആയിരുന്നു.

ദേവന് കൂടുതല്‍ അടുപ്പം പ്രിയയോട് ആയിരുന്നു. തന്‍റെ അപകര്‍ഷതാബോധം ഭാനുവിനെ അവര്‍ക്കിടയില്‍ നിന്നു മാറ്റിനിര്‍ത്തി. പലപ്പോഴും ഒളിഞ്ഞു നിന്നു അവരുടെ കളിചിരികള്‍ അവള്‍ നോക്കി കണ്ടു. നിശബ്ദമായി അവനെ പ്രണയിച്ചു.

‘നീ എന്താ ഭാനു ഈ ചിന്തിച്ചു നിക്കണേ…??? ദാ ആ കറി അടിക്കു പിടിക്കും കേട്ടോ…’

‘ഒ…ഒന്നൂല്ല അമ്മേ…’

‘ഒരു കാര്‍ വരുന്നുണ്ടല്ലോ… അവര്‍ ആകുള്ളൂ…’

അമ്മ കൈ സാരിത്തലപ്പു കൊണ്ടു തുടച്ചു പുറത്തേക്കിറങ്ങി.

ഉമ്മറത്ത് എല്ലാവരും ചേര്‍ന്നുള്ള സംസാരവും പൊട്ടിച്ചിരിയും എല്ലാം കേള്‍ക്കാം. ഭാനു സാവധാനം അടുപ്പില്‍ നിന്നു പാത്രം ഇറക്കി വച്ചു മുന്‍വാതിലിനു മറവില്‍ നിന്നു.

ഒളികണ്ണാലെ അവളുടെ പ്രണയത്തെ നോക്കി എത്ര നേരം നിന്നു എന്നറിയില്ല. ദേവന്‍റെ ഓരോ ചിരിയും അവളില്‍ ആയിരം വസന്തങ്ങള്‍ തീര്‍ത്തു കൊണ്ടിരുന്നു.

‘പ്രിയയും ഭാനുവും എന്തേ…???’

‘പ്രിയ പഠിക്കുവാ… ഭാനു അടുക്കളയില്‍ ഉണ്ട്…’

‘പ്രിയമോള്‍ ഇപ്പോള്‍ അവസാനവര്‍ഷം അല്ലേ…???’

‘ഉംംം… അതു കഴിഞ്ഞിട്ടു വേണം പ്രിയയെ ഈ ദേവന്‍റെ കൈ പിടിച്ചു ഏല്‍പ്പിക്കാന്‍… പിന്നെ ഭാനുവിന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതിയല്ലോ… അവളുടെ കുറവുകള്‍ അറിഞ്ഞു ഒരുത്തന്‍ വരണോല്ലോ…’

അമ്മയുടെ വാക്കുകള്‍ കേട്ടതും ഭാനുവിനു തല കറങ്ങുന്നതു പോലെ തോന്നി. മിഴികളിലൂടെ മഴ പെയ്തിറങ്ങി. ആരും കാണാതിരിക്കാന്‍ അവള്‍ മുറിയിലേക്ക് ഓടി പോയി കട്ടിലില്‍ തലചായ്ച്ചു. തലയിണ മുഴുവന്‍ കണ്ണീരാല്‍ കുതിര്‍ന്നു.

കുറച്ചു സമയം അങ്ങനെ കിടന്നപ്പോള്‍ തെല്ലൊരു ആശ്വാസം തോന്നി.

‘അല്ലേലും… എന്‍റെ ഇഷ്ടം ഞാന്‍ ഇതു വരെ ആരോടും പറഞ്ഞിട്ടില്ലല്ലോ… ഒരിക്കല്‍ പോലും ദേവേട്ടന്‍ എന്നെ അങ്ങനെ നോക്കിയിട്ടു പോലും ഇല്ല… പ്രിയയുമായായിരുന്നില്ലേ കൂട്ടു മുഴുവന്‍… ഞാന്‍ വെറുതെ മണ്ടി… ഈ വിക്കുള്ള പൊട്ടക്കണ്ണിയെ ദേവേട്ടനെ പോലൊരാള്‍ എങ്ങനെ ഇഷ്ടപ്പെടാനാ…???’

കണ്ണുകള്‍ ഇറുക്കെ തുടച്ചു കുളിമുറിയില്‍ കയറി തലയിലൂടെ കുറെ വെള്ളം കോരി ഒഴിച്ചു. ആ തണുത്ത ജലത്തോടൊപ്പം അവളുടെ വേദനകളും ഒഴുകി പോകുന്നത് അവള്‍ അറിഞ്ഞു. ശാന്തമായ മനസ്സോടെ പുറത്തേക്ക് ഇറങ്ങി വന്നവള്‍ മുറിയില്‍ ഇരിക്കുന്ന ദേവനെ കണ്ടൊന്നു ഞെട്ടി.

‘എന്താടി പെണ്ണേ… നീ കുളിക്കാന്‍ പോകുമ്പോഴും ഈ പൊട്ടക്കണ്ണട മാറ്റില്ലേ…???’

അവള്‍ക്കരികിലേക്ക് നടന്നു അവളുടെ കണ്ണില്‍ നിന്ന് വെള്ളം വീണു നനഞ്ഞ ആ കണ്ണട എടുത്തു മാറ്റി അയാള്‍ മുണ്ടിന്‍റെ അറ്റം കൊണ്ടു തുടച്ചു.

‘ഞാ…ഞാന്‍ പെട്ടെന്ന് മ…മറന്നു പോയി…’

അവളുടെ അടുത്തേക്ക് ഒന്നു കൂടി നീങ്ങി അവന്‍ അവളുടെ ഇടുപ്പില്‍ പിടിച്ചു ചേര്‍ത്തു നിര്‍ത്തി ആ കണ്ണട അവളുടെ കണ്ണിലേയ്ക്ക് വീണ്ടും വച്ചു കൊടുത്തു.

ഒരു നിമിഷം എന്താ സംഭവിക്കുന്നത് എന്നു മനസ്സിലാകാതെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

‘എന്നും ഞാന്‍ വരുമ്പോള്‍ വാതിലിനു പുറകില്‍ മറഞ്ഞു നിന്ന് എന്നെ നോക്കുന്ന ആ കണ്ണുകള്‍ ഇന്നും ഞാന്‍ കണ്ടിരുന്നു…. അമ്മായി പ്രിയയുടെ കാര്യം പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നതും ഞാന്‍ കണ്ടു… നീ എന്താ കരുതിയെ…?? ഞാന്‍ അവളെ അങ്ങ് കെട്ടും എന്നോ…??? ഈ കുപ്പിക്കണ്ണടയ്ക്കു പിന്നിലെ ആ കണ്ണുകളില്‍ തെളിഞ്ഞിരുന്ന എന്നോടുള്ള അഗാധപ്രണയം ഞാന്‍ കണ്ടിട്ടില്ലെന്നു വിചാരിച്ചോ… പൊട്ടി…’

‘ഞാ…ഞാന്‍… പ്രിയ… അ…അവള്‍… എനിക്ക് വി… വിക്ക്…’

അവന്‍ അവളുടെ ചുണ്ടുകള്‍ക്കുമേല്‍ വിരല്‍ വച്ചു. അവളുടെ കൈയ്യിലേക്ക് അവളുടെ ഡയറി വച്ചു കൊടുത്തു. അത്ഭുതത്തോടെ അവനെയും ഡയറി വച്ച മേശയിലും നോക്കുന്ന അവളെ കുസൃതിയോടെ ദേവന്‍ കണ്ണിറുക്കി കാണിച്ചു.

‘നീ ഒന്നും പറയേണ്ട… എനിക്ക് ഈ വിക്കുള്ളവളെ മതി… കടലോളം സ്നേഹം എനിക്കായ് ഉള്ളില്‍ കരുതിയിട്ടുള്ള എന്‍റെ ഈ ഉണ്ടക്കണ്ണിപെണ്ണിനെ…പ്രിയയ്ക്ക് പറ്റിയ ഒരു ചെറുക്കനെയും കണ്ടു പിടിച്ചിട്ടാ എന്‍റെ ഈ വരവ്… അവള്‍ക്കും ഇഷ്ടമായാല്‍ ഒരേ പന്തലില്‍ തന്നെ രണ്ടു കല്ല്യാണവും… മനസ്സിലായോടീ…’

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ അവന്‍ വിരലുകള്‍ കൊണ്ട് ഒപ്പി അവളുടെ നെറുകയില്‍ ഒരു നറുമുത്തം നല്‍കി.

അവള്‍ മനസ്സില്‍ പറഞ്ഞു.

‘എന്‍റെ സ്വപ്നം… ഞാന്‍ പ്രണയിച്ച എന്‍റെ മാത്രം സ്വപ്നം…’