സോനുവിനെ കണ്ടത് മുതലായിരുന്നു ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടെന്ന് വിശ്വസിച്ചുതുടങ്ങിയത്…

രചന:: മഹാ ദേവൻ

” ഇങ്ങനെ ഞൊണ്ടി ഞൊണ്ടി എപ്പോ തീർക്കാനാ ഈ വീട്ടിലെ പണിയൊക്കെ നീ.അന്നേ ഞാൻ അവനോട് പറഞ്ഞതാ.. ഈ ബന്ധം വേണ്ടാ വേണ്ടാ എന്ന്. കേട്ടില്ല..അല്ലെങ്കിലും പറഞ്ഞാൽ കേൾക്കുന്ന ശീലം അവനു പണ്ടേ ഇല്ലല്ലോ..അതുകൊണ്ട് ഒക്കെ തന്നാ ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത്. അനുഭവിക്കട്ടെ..”

എന്നത്തേയും പോലെ രാവിലെ തുടങ്ങിയ വായ്ത്താരിയാണ്. സോനുവിന്റെ കൈ പിടിച്ചീ പടി കയറിയത് മുതൽ കേട്ട് തുടങ്ങിയ വാചകങ്ങൾ.

” ഇവിടെ എല്ലാം തികഞ്ഞവർ ഓടിയിട്ട് തന്നെ ഈ വീട്ടിലെ പണി മുഴുവൻ തീരുന്നില്ല അപ്പഴാ ഒരു ഒന്നരക്കാലി.സിമ്പതി കേറി പ്രേമിച്ചതല്ലേ.. അനുഭവിക്കട്ടെ. കെട്ടിക്കേറിവരുമ്പോൾ ആകെ കഴുത്തിൽ ഉണ്ടായിരുന്നത് നൂല് പോലേ ഒരു സാധനം ആണ്.അതിനപ്പുറം ഒരു തരി സ്വർണ്ണമിടാൻ പോലും കഴിവില്ലാത്ത ഒന്നിനെ പ്രേമിക്കുമ്പോൾ രണ്ട് കാലെങ്കിലും ശരിക്കും ഉണ്ടോന്ന് നോക്കായിരുന്നില്ലേ ആ മരങ്ങോടന്. “

കേട്ട് തഴമ്പിച്ച വാക്കുകൾ ആണെങ്കിലും ഇടയ്ക്ക് കണ്ണുകൾ നിറയുമായിരുന്നു സീതയുടെ.. “പ്രണയിക്കുന്നത് ഇത്ര വലിയ തെറ്റാണോ..അതോ ഒന്നരക്കാലുമായി ജനിച്ചുപോയതോ. !”

പലപ്പോഴും കുത്തുവാക്കുകൾ കേൾക്കുമ്പോൾ തന്റെ കുറവുകളെ സ്വയം പ ഴിക്കുമായിരുന്നു അവൾ.പണ്ട് ദേഷ്യം വരുമ്പോൾ സ്വന്തം അമ്മ പോലും പറയുന്നത് കേട്ടിട്ടുണ്ട് ” നിന്റെ തല കണ്ടതിൽ പിന്നെ ഈ വീടിന്റെ കഷ്ട്ടക്കാലം ആണെന്ന്.മുഴുക്കുടിയനായ അച്ഛൻ വെള്ളത്തിൽ വീണ് മരിച്ചപ്പോഴും കുറ്റം ഒന്നരക്കാലിയുടെ കുരുത്തമില്ലായ്മ ആയിരുന്നു.പഠിക്കാൻ മിടുക്കനായിരുന്ന ഏട്ടൻ പത്താംവയസ്സിൽ അപസ്‌മാരം വന്ന് വീണപ്പോഴും മുത്തശ്ശി പറഞ്ഞത് ” ചട്ടുകാലിയുടെ ജനനസമയം കുടുംബത്തിന്റ ആണിവേര് വരെ ഇളക്കും “എന്നായിരുന്നു.

സോനുവിനെ കണ്ടത് മുതലായിരുന്നു ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടെന്ന് വിശ്വസിച്ചുതുടങ്ങിയത്. പക്ഷേ, അപ്പോഴും മനസ്സിലൊരു ഭയം ഉണ്ടായിരുന്നു. ഒന്നരക്കാലിയായതിന്റ പേരിൽ ആ ജീവിതം കൂടി…അതുകൊണ്ട് തന്നെ പലപ്പോഴും സ്വയം ഒഴിഞ്ഞുമാറാൻ ശ്രമികുമ്പോഴെല്ലാം അവൻ പറയാറുള്ളത് ഒന്ന് മാത്രമായിരുന്നു ” സീതേ. നിന്റെ കുറവുകളെ മാത്രമല്ല എന്റെ കണ്ണുകൾ കാണുന്നത്. ഓരോ കുറവുകളുള്ളവരിലും അതിനേക്കാൾ വലിയൊരു കഴിവ് ദൈവം തന്നിട്ടുണ്ടാകും. അത് കാണാൻ ശ്രമിക്കാതെ കുറവുകളെ മാത്രം കാണാൻ ശ്രമിക്കുന്നവരുടെ വാക്ക് കേട്ട് നീയിങ്ങനെ അപ്‌സെറ്റ് ആകാതെ നീ നീയായി നിൽക്ക്. നിന്നെക്കാൾ കുറവുകളുള്ള എത്രയോ പേര് ഈ ലോകത്തുണ്ട്. രണ്ട് കാലും ഇല്ലാത്തവർ, കയ്യില്ലാത്തവർ, കണ്ണില്ലാത്തവർ…അങ്ങനെ അങ്ങനെ ഒരുപാട് പേർ.അവരൊക്കെ ജീവിക്കുന്നില്ലേ.? ഇല്ലായ്മയിൽ പോലും ദൈവം തന്ന ജീവിതം കൈവിടാതെ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന അവരെ ഒക്കെ കണ്ടാൽ ഇതൊന്നും ഒരു കുറവായി പോലും നമുക്ക് തോന്നില്ല. “

അവന്റ വാക്കുകൾ ആയിരുന്നു പലരുടെയും കുത്തുവാക്കുകളും സഹതാപം നിറഞ്ഞ നോട്ടങ്ങളിൽ നിന്നുമൊക്കെ അവഗണിക്കാനും മുന്നോട്ട് നടക്കാനും പ്രേരിപ്പിച്ചത്..

വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ വീട്ടുകാർക്ക് പൂർണ്ണസമ്മതം ആയിരുന്നു.

” ഒന്നരക്കാലുള്ള പെങ്ങൾ ഉള്ളത് കൊണ്ടാണ് നിന്റ ഏട്ടന് ഒരു പെണ്ണ് കിട്ടാത്തത് ” എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന അമ്മയ്ക്ക് ഈ ആലോചന ഒരു അനുഗ്രഹം ആയിരുന്നു.ഒന്നരക്കാലി ഒഴിഞ്ഞുപോയാൽ പിന്നെ മോനെ കൊണ്ട് കെട്ടിക്കാലോ…..

കല്യാണം കഴിയുമ്പോൾ പ്രതീക്ഷകൾക്ക് വല്ലാത്തൊരു നിറമായിരുന്നു..

പക്ഷേ, എല്ലാം നിമിഷനേരം കൊണ്ട് നിറം മങ്ങി. സോനു ഗൾഫിലേക്ക് കയറിയ മുതൽ.

” എന്താടി, അമ്മയ്ക്ക് നിന്നോട് സ്നേഹമല്ലേ, നിന്നെ കുറിച്ച് പറയുമ്പോൾ അമ്മയ്ക്ക് നൂറ് നാവ് ആണല്ലോ… അല്ലേലും ന്റെ അമ്മയ്ക്ക് സ്നേഹിക്കാനേ അറിയൂ ” എന്ന് ആഹ്ലാദത്തോടെ പറയുന്ന സോനുവിനോട് അമ്മ പറയുന്ന കുത്തുവാക്കുകൾ കുറിച്ച് എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നു സീതയ്ക്ക്.

ചിലപ്പോൾ അത് സോനുവിന്റ സ്നേഹത്തിന് വരെ കോട്ടം തട്ടിക്കും. സോനു അറിയുന്ന അമ്മ മരുമോളെ പോന്നപോലെ സ്നേഹിക്കുന്നവൾ ആകുമ്പോൾ തന്റെ വാക്കുകൾ ചിലപ്പോൾ വെള്ളത്തിൽ വരച്ച വര പോലെ തെളിയാതെ പോകും. മാത്രമല്ല, സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മയെ മനപ്പൂർവം കുറ്റം പറയുകയാണെന്ന് കരുതിയാൽ അത് ചിലപ്പോൾ സോനുവിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴം കുറയ്ക്കും.

അത് അറിയാവുന്നത്കൊണ്ട് തന്നെ അവൾ എല്ലാത്തിനും ഒരു ചിരി ഉത്തരമായി നൽകി.

” അമ്മയ്ക്ക് എന്നോട് വല്ലാത്ത സ്നേഹം ആണ് ഏട്ടാ. അതുപോലെ എനിക്കും. ഇങ്ങനെ ഒരു അമ്മയെ കിട്ടിയ ഞാൻ ഭാഗ്യവതിയാ.. ” എന്ന് മനസ്സില്ലാമനസ്സോടെ പറയുമ്പോൾ അത് സോനുവിനെ അത്രമേൽ സന്തോഷിപ്പിക്കുമല്ലോ എന്ന് മാത്രമായിരുന്നു സീത ചിന്തിച്ചത്.

മകനോട് മരുമകളുടെ സ്നേഹത്തെ കുറിച്ചും കരുതലിനേ കുറിച്ചും വാ തോരാതെ സംസാരിക്കുന്ന അമ്മ എന്നും ചോദിക്കുന്നത് “എന്റെ മോനെ നീ കൈവിഷം കൊടുത്തു കറക്കിയെടുത്തില്ലെടി ചട്ടുകാലി ” എന്നായിരുന്നു.നാലാളറിയേ നല്ലവളായവൾ എത്ര പെട്ടന്നാണ് വാക്കുകളിൽ ഒരുമ്പട്ടവൾ ആകുന്നതെന്ന് അത്ഭുതത്തോടെ ഓർക്കാറുണ്ട്.

അന്ന് അടുക്കളയിൽ പുകമറയിൽ അടുപ്പ് ഊതിക്കത്തിക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും അമ്മ ചൊറിയാൻ തുടങ്ങിയത്.

” ഇവിടെ മനുഷ്യനേ പുകച്ചു കൊല്ലുമോ നീ. അശ്രീകരം. ആ അരക്കാലും വെച്ച് ഇവിടെ കേറിയപ്പോ തുടങ്ങി കഷ്ടകാലം. എന്തിനാ ദൈവമേ ഭൂമിക്ക് ഭാരമായി ഇങ്ങനെ ഓരോന്നിനെ ജനിപ്പിക്കുന്നത്, മറ്റുള്ളവരെ കൂടി കഷ്ട്ടപെടുത്താൻ. “

കേട്ട് പഴകിയ പ്രാക്ക് ആണെങ്കിലും എന്തോ പെട്ടന്ന് അവളുടെ കൈ പോയത് അടുപ്പിൽ നീറിപ്പുകയുന്ന വിറകുകൊള്ളിയിലേക്ക് ആയിരുന്നു. അടുപ്പിൽ നിന്നും അത് വലിച്ചെടുത്തതും അമ്മായിഅമ്മയ്ക്ക് നേരെ വീശിയതും ഒരുമിച്ച് ആയിരുന്നു. പക്ഷേ, ശരീരത്തിൽ കൊള്ളും മുന്നേ തിരിച്ചെടുക്കുമ്പോൾ പെട്ടന്നുള്ള ആ ആക്രമണത്തിൽ ഒന്ന് പതറിനിൽക്കുകയായിരുന്നു അമ്മ.

” ദേ, തള്ളേ.. സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്. എനിക്ക് കാലിനെ സ്വാധീനക്കുറവ് ഉളളൂ.. കൈക്ക് ഒരു കുഴപ്പവും ഇല്ല. പറഞ്ഞേക്കാം. മകന്റെ മുന്നിൽ മരുമകളോട് വല്ലാത്ത സ്നേഹം ആണല്ലോ.. എന്നിട്ട് ചെയ്യുന്നതോ? തിരിച്ചൊന്നും പ്രതികരിക്കാതെ ഇരിക്കുന്നത് അവിടെ കിടക്കുന്ന ആ മനുഷ്യനെ ഓർത്ത് മാത്രമാ.. ഈ കുറവുള്ള എന്നെ ചേർത്തുപിടിച്ച ആ മനസ്സ് വേദനിക്കരുത് എന്ന് കരുതി. പക്ഷേ, അപ്പോഴൊക്കെ നിങ്ങള് അങ്ങ് കൊത്തിക്കെറുവാണല്ലോ. ഇനി എങ്ങാനും എന്റെ പിറകെ നടന്നു ചൊറിഞ്ഞാൽ ഇപ്പോൾ ഈ വിറകുകൊള്ളി വീശിയതെ ഉളളൂ, ആവർത്തിച്ചാൽ ഈ തല ഞാൻ തല്ലിപൊളിക്കും. എന്നിട്ട് ന്റെ അമ്മായമ്മയെ സ്നേഹത്തോടെ ഞാൻ പരിചരിച്ചോളാ. ഏട്ടനോട് അമ്മ തെന്നിവീണെന്ന് വിശ്വസിപ്പിക്കാൻ എനിക്ക് അറിയാം.. അതിന് മാത്രം മരുമോളെയും മരുമോളുടെ സ്നേഹത്തെയും പുകഴ്ത്തിപറഞ്ഞിട്ടുണ്ടല്ലോ നിങ്ങള്.. അതുകൊണ്ട് ഇനി ഞാൻ ഇതുവച്ചു തല പൊളിച്ചാലും ഞാൻ പറയുന്നത് വിശ്വസിച്ചോളും അവര് . അതുകൊണ്ട് ഇനി ഇങ്ങനെ ആവർത്തിക്കാതിരിന്നാൽ ഇപ്പോൾ ഉള്ളപോലെ തല അവിടെ ഉണ്ടാകും. പറഞ്ഞില്ലെന്നു വേണ്ട “

അമ്മ നടുക്കം വിട്ട് മാറാതെ നിൽക്കുമ്പോൾ അവൾ പിന്നെയും അടുപ്പ് ഊതിതുടങ്ങി.അന്ന് ഏട്ടൻ വിളിച്ചപ്പോഴും അമ്മ പറയുന്നുണ്ടായിരുന്നു ” മരുമോളുടെ സ്നേഹം ശരിക്കും ഇന്നാണ് മോനെ അറിഞ്ഞത്. കണ്ണ്നിറഞ്ഞുപോയി സ്നേഹം കണ്ടിട്ട് ” എന്ന്.

സീതയും പറഞ്ഞു ഏട്ടനോട് ” അമ്മയ്ക്ക് ഞാനെന്നു വെച്ചാ ജീവനാ ഏട്ടാ..പിറകിൽ നിന്നും മാറില്ല.. അവസാനം ഞാൻ പറഞ്ഞു പറഞ്ഞ് ഇപ്പോൾ ഒരുത്തീല് ഇരുത്തി. ഇങ്ങനെ ഉണ്ടോ ഒരു മരുമോൾ സ്നേഹം ” എന്ന്…. !