ഓട്ടോക്കാരി
രചന: ദിപി ഡിജു
‘എടാ… നീ ഒന്നൂടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയെ…’
താക്കോല്‍ ഒന്നുകൂടി തിരിച്ചു തന്‍റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയ ജിതിന്‍ പരാജിതഭാവത്തില്‍ സുഹൃത്തായ സന്തോഷിനെ നോക്കി.
‘എടാ…. അവള്‍ ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങും… വീട്ടുകാര്‍ എല്ലാവരും ഉറങ്ങി എന്നാ വിളിച്ചു പറഞ്ഞേ… ദേ… ഇന്നു നടന്നില്ലേല്‍ അറിയാല്ലോ… പിന്നെ ഈ ജന്മം എനിക്കവളെ കിട്ടില്ല… ഒന്നൂടി നോക്കെടാ സ്റ്റാര്‍ട്ട് ആകുമോന്നു…’
‘ഇല്ലെടാ ഒരു രക്ഷയുമില്ല… നമുക്ക് വേറെ വല്ല വണ്ടി വിളിച്ചാലോ…???’
‘ഈ നട്ടപാതിരായ്ക്ക് ഏതു വണ്ടി കിട്ടാനാ…??? അവന്‍റെ ഒരു ചപ്പടാ വണ്ടി…അവള്‍ ഇപ്പോള്‍ തന്നെ ചാടുമല്ലോ ദൈവമേ…’
‘നീ വാ… നമുക്ക് ആ റോഡിലേക്ക് ഒന്നു ഇറങ്ങി നോക്കാം…’
ജിതിന്‍ സന്തോഷിന്‍റെ കൈയ്യില്‍ വലിച്ചു കൊണ്ടു റോഡിലേയ്ക്ക് ഇറങ്ങി നിന്നു.
‘എടാ… പരിചയക്കാര്‍ ആരേലും കണ്ടാല്‍ പിന്നെ തീര്‍ന്നു… അറിയാല്ലോ…’
‘നീ ഒന്നു അടങ്ങി നില്‍ക്കെടാ… രണ്ടിനേയും ബാംഗ്ളൂര്‍ എന്‍റെ താമസസ്ഥലത്ത് എത്തിക്കാം എന്നു വാക്കു തന്നത് ഞാനാണേല്‍ അതു ഞാന്‍ നടത്തിയിരിക്കും മനസ്സിലായോടാ…’
‘എങ്ങനേലും വെളുക്കും മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തണം… പിന്നെ സമാധാനം ആയി…’
‘ഒന്നടങ്ങി നില്‍ക്കെടാ… ദാ… ഒരു വണ്ടി വരുന്നുണ്ടെന്നു തോന്നുന്നു…’
‘ഈശ്വരാ… പരിചയക്കാര്‍ ആണേലും പ്രശ്നക്കാര്‍ ആകാതിരുന്നാല്‍ മതിയായിരുന്നു…’
‘ടാ… ഒരു ഓട്ടോ ആണെടാ… ഞാന്‍ കൈ കാണിക്കുവാണേ…’
അവര്‍ക്ക് അരികിലായി ഓട്ടോ നിര്‍ത്തി.
ഡ്രൈവിങ്ങ് സീറ്റില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടു ജിതിന്‍ ഞെട്ടി.
‘ഈശ്വരാ… ഈ നട്ടപാതിരായ്ക്ക് ഓട്ടോ ഓടിച്ചോണ്ടു നടക്കുന്നത് ഒരു പെണ്ണോ…???’
‘എന്താ… സന്തോഷേട്ടാ… രാത്രി എന്താ ഒരു ചുറ്റിക്കളി…???’
അവള്‍ ഓട്ടോയില്‍ ഇരുന്നുകൊണ്ട് പുറത്തേക്ക് നോക്കി.
അവളെ കണ്ടതും സന്തോഷ് ചിരിച്ചു കൊണ്ട് അവള്‍ക്കടുത്തേക്ക് ചെന്നു ഓട്ടോയ്ക്കു മുകളില്‍ വലതു കൈ വച്ച് ഒന്നു തല കുനിച്ചു അകത്തേക്ക് നോക്കി.
‘ഹാ… നീയായിരുന്നോ… സമാധാനമായി… എടി ഭാമേ… അവള്‍ ഇന്ന് ഇറങ്ങി വരാമെന്നു പറഞ്ഞു… ഞങ്ങള്‍ക്ക് ഒന്നു റെയില്‍വേ സ്റ്റേഷനില്‍ വരെ പോണം…’
‘ആര്…??? അശ്വതിയോ…???’
‘അല്ലാതെ എനിക്ക് വിളിച്ചോണ്ടു പോവാന്‍ വേറെ ആരാടീ ഉള്ളത്…???’
‘എന്നാല്‍ കേറിക്കോ…???’
അവര്‍ അകത്തേക്ക് കയറി ഇരുന്നു.
‘നീ ഇതു വരെ ഓട്ടം നിര്‍ത്തിയില്ലായിരുന്നോ…???’
‘നിര്‍ത്തിയതായിരുന്നു ചേട്ടാ… അപ്പോഴാ അപ്പുറത്തെ വീട്ടിലെ ശാരദ ചേച്ചിക്ക് നെഞ്ചുവേദനയാണെന്നു പറഞ്ഞു വിളിച്ചത്… അവരെ ആശുപത്രിയില്‍ കൊണ്ടാക്കി വരുന്ന വഴിയായിരുന്നു…’
ഭാമ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
‘ഇയാള്‍ക്ക് ഇങ്ങനെ രാത്രിയില്‍ ഓട്ടം പോകാന്‍ പേടിയാവില്ലേ…???’
ചോദ്യം കേട്ട് ഭാമ ജിതിനെ പുച്ഛഭാവത്തില്‍ ഒന്നു തിരിഞ്ഞു നോക്കി.
‘ഇതാരാ സന്തോഷേട്ടാ ഈ മണുകൊണാഞ്ചന്‍… ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ…’
‘ഇവന്‍ എന്‍റെ കൂടെ പഠിച്ചതാ… ജിതിന്‍… ബാംഗ്ളൂര്‍ ആണ് ജോലി… ഞങ്ങളെ ബാംഗ്ളൂര്‍ക്ക് കടത്താന്‍ ഇവനാ സഹായിക്കുന്നത്…’
‘അപ്പോളേ… ജിതിന്‍ ചേട്ടാ… ഇത് എന്‍റെ നാട്… എന്‍റെ നാട്ടുകാര്… അവരെ ആരെയാ ഞാന്‍ പേടിക്കേണ്ടത്… പിന്നെ ചേട്ടന്‍ ഉദ്ദേശിച്ച… ആ പേടി…ആണേലെ… അതെനിക്കില്ല… അങ്ങനത്തെ ഉദ്ദേശ്യത്തില്‍ ഈ ഭാമയുടെ അടുത്തു വന്നാല്‍ അവനൊന്നും ജീവനോടെ പിന്നെ കാണില്ല…’
ഓട്ടോയില്‍ നിന്ന് ഒരു വടിവാള്‍ എടുത്തു പൊക്കി കാണിച്ച ഭാമയെ കണ്ട് ജിതിന്‍ ഒന്നു ഞെട്ടി സന്തോഷിനെ നോക്കി. അവന്‍റെ മുഖത്ത് യാതൊരു ഭാവഭേദവും ഇല്ലെന്നു കണ്ടപ്പോള്‍ അവനു അത്ഭുതം തോന്നി.
‘ഏതായാലും നീ ആയതു നന്നായി… വേറെ ആരേലും ആയിരുന്നേല്‍ എല്ലാ പ്ളാനും പൊളിഞ്ഞേനെ…’
‘നിങ്ങള്‍ക്ക് ഇത് നേരായ മാര്‍ഗ്ഗത്തില്‍ അങ്ങു നടത്തിയാല്‍ പോരായോ സന്തോഷേട്ടാ…??? എന്തിനാ ഈ ഒളിച്ചോട്ടമൊക്കെ…??? ഒന്നുമില്ലേലും നിങ്ങടെ മുറപ്പെണ്ണു തന്നെയല്ലെ അശ്വതി…???’
‘ഓ… മുറപെണ്ണ്… ഞങ്ങളുടെ വീട്ടുകാരുടെ കാര്യം അറിയാല്ലോ… നേരെ കണ്ടാല്‍ കടിച്ചു കീറാന്‍ നടക്കുവാ… അവരായിട്ടു ജന്മത്ത് ഞങ്ങളെ കെട്ടിച്ചു തരില്ല… അപ്പോള്‍ പിന്നെ ഇതു തന്നെ മാര്‍ഗ്ഗം…’
‘ഇനി ഇത് അടുത്ത ഒരു പ്രശ്നം ആവില്ലേ…’
‘അവര്‍ക്ക് തമ്മില്‍ അടി കൂടാന്‍ ഇതല്ലേല്‍ വേറെ ഒരു പ്രശ്നം… അത്രേ ഉള്ളൂ…’
‘ദാ… സ്ഥലം എത്തി സന്തോഷേട്ടാ… അധികം അടുത്തേക്ക് കൊണ്ടു പോകുന്നില്ല… ചേട്ടന്‍ പോയി വിളിച്ചോണ്ട് വാ…’
സന്തോഷ് അശ്വതിയുടെ വീട് ലക്ഷ്യമാക്കി നടന്നു.
‘ഭാമ എന്നാണല്ലേ പേര്…??? എന്താ ഇങ്ങനെ ഒരു ജോലി തിരഞ്ഞെടുക്കാന്‍…!!!’
ജിതിന്‍റെ ചോദ്യം കേട്ട് ഭാമ ഒന്നു തിരിഞ്ഞു നോക്കി.
‘ഈ ജോലിക്കെന്താ കുഴപ്പം…???’
‘അല്ല… പെണ്ണുങ്ങളൊക്കെ ഓട്ടോ…???’
‘അതെന്താ പെണ്ണുങ്ങള്‍ ഓടിച്ചാല്‍ വണ്ടി നീങ്ങില്ലേ… കക്കാനും പിടിച്ചു പറിക്കാനും ഒന്നുമല്ലല്ലോ…’
‘അതെ… ഞാന്‍ കണ്ടിട്ടില്ല ഇതു വരെ ഇങ്ങനെയുള്ള പെണ്ണുങ്ങളെ…’
‘എങ്ങനെയുള്ള പെണ്ണുങ്ങളെ…???’
‘അല്ല… ഇതു പോലെ ഓട്ടോ ഓടിക്കുന്ന… അതും… ഇതു പോലെ രാത്രിയില്‍ പോലും ഇത്ര ധൈര്യമായിട്ട്…’
‘അതേ… ചേട്ടന്‍ തന്‍റേടമുള്ള പെണ്ണുങ്ങളെ കാണാത്തതു കൊണ്ടാ…’
‘താന്‍ എന്താ പഠിക്കാന്‍ പോകാതെ… ഇങ്ങനെ ഓട്ടോ ഓടിച്ചു നടക്കുന്നത്…???’
‘ആരു പറഞ്ഞു ഞാന്‍ പഠിക്കാന്‍ പോണില്ല എന്ന്… ഞാന്‍ പി ജി സ്റ്റുഡന്‍ഡ് ആണ് മാഷേ… ഓട്ടോ ഒാടിക്കല്‍ ക്ളാസ്സ് കഴിഞ്ഞുള്ള സമയം മാത്രേ ഉള്ളൂ…’
‘ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്… ഇയാളുടെ അച്ഛനും അമ്മയും…’
‘വീട്ടില്‍ ഉണ്ട്…’
‘അവര്‍ക്ക് എന്തേലും അസുഖങ്ങള്‍…??’
‘അല്ല… സത്യത്തില്‍ എന്താ ചേട്ടന്‍റെ പ്രശ്നം…???’
‘അതല്ല… സാധാരണ അച്ഛനും അമ്മയ്ക്കും അസുഖം… അല്ലേല്‍ സാമ്പത്തിക പ്രശ്നം ഇതൊക്കെ ആണല്ലോ നിങ്ങളെ പോലെ ഉള്ളവര്‍ ഇങ്ങനെ കഷ്ടപ്പെട്ടു പണിയെടുക്കുന്നത്…’
‘എന്‍റെ പൊന്നു ചേട്ടാ… പ്രാരാബ്ധ കഥ ഒന്നുമില്ല… എന്‍റെ അച്ഛനും അമ്മയും ഞങ്ങളെ വളര്‍ത്തിയതേ… ആരെയും ഡിപ്പെന്‍ഡ് ചെയ്യാതെ ജീവിക്കണം എന്നു പഠിപ്പിച്ചാണ്… എന്‍റെ പഠനത്തിന്‍റെയും എന്‍റെ ആവശ്യങ്ങളുടെയും എല്ലാം പണം ഞാന്‍ തന്നെയാണ് ഉണ്ടാക്കുന്നത്… പിന്നെ കുറച്ച് സമ്പാദ്യവും ഉണ്ട്…കെട്ടിക്കൊണ്ട് പോകുന്നവന്‍ ഇട്ടിട്ടു പോയാലും ആരെയും ആശ്രയിക്കേണ്ടല്ലോ… അത്രേ ഉള്ളൂ… ദാ അവര്‍ വരുന്നുണ്ട്…’
ബാഗുമായി ഓടി വരുന്ന സന്തോഷിനേയും അശ്വതിയേയും ചൂണ്ടി കാട്ടി കൊണ്ട് ഭാമ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു.
റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു പോയി അവരെ ഇറക്കി തിരിച്ചു പോകുന്ന ഭാമയെ നോക്കി നിന്നു പോയി ജിതിന്‍.
‘എടാ… സന്തോഷേ… കെട്ടുവാണേല്‍ ദാ അതു പോലെ ഒരു ഐറ്റത്തിനെ കെട്ടണം… നല്ല ചങ്കുറപ്പുള്ള ഒരെണ്ണത്തിനെ…’
‘എന്തോ…??? എങ്ങനേ…???
അവളുടെ ഓട്ടോ പോയ വഴി നോക്കി ജിതിന്‍ പറയുന്നത് കേട്ട് സന്തോഷും അശ്വതിയും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഒരു കള്ളച്ചിരിയോടെ ജിതിന്‍ അവരെ നോക്കി കണ്ണിറുക്കി.
ഒരായിരം പുതുസ്വപ്നങ്ങളോടെ ആ മൂന്നു ഹൃദയങ്ങള്‍ സ്റ്റേഷനിലേക്ക് കാലെടുത്തു വച്ചു.