നാളുകൾ കൊഴിഞ്ഞു വീണിട്ടും വിളിച്ചാൽ കേൾക്കുന്ന അടുത്തുണ്ടായിട്ടും അവനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല…

പത്തുനാൾ

രചന: അബ്ദുൾ റഹീം പുത്തൻചിറ

ഞാൻ അവനോട് ചോദിച്ചു ” ഞാൻ പൊയ്ക്കോട്ടേ”… അവൻ മൂളി. ഒരു നിമിഷം.. അവനെ നോക്കി നിന്നിട്ട് ഞാൻ നടന്നു. ഇപ്പോൾ അവൻ കരയുന്നുണ്ടാകണം…തിരിഞ്ഞു നോക്കാതെ ഞാൻ എന്റെ മകനെയും കൊണ്ട് എന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു വിളി പ്രതീക്ഷിച്ച എനിക്ക് തെറ്റി.അങ്ങനെയൊന്നു സംഭവിച്ചില്ല.

നാളുകൾ കൊഴിഞ്ഞു വീണിട്ടും വിളിച്ചാൽ കേൾക്കുന്ന അടുത്തുണ്ടായിട്ടും അവനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല. ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടായിരുന്നു.. അവനെ ഒന്ന് ഭയപ്പെടുത്തണം എന്നു മാത്രം കരുതിയുള്ളു….ഇപ്പോൾ എല്ലാം കൈവിട്ട് പോകുമോ എന്ന പേടി…

സത്യം പറഞ്ഞാൽ ഞാൻ തന്നെയല്ലേ തെറ്റുകാരി.. ഓരോ കാരണങ്ങളുണ്ടാക്കി അവനോട് വഴക്ക് കൂടുന്നത് പതിവായിരുന്നു…എന്തു പറഞ്ഞാലും മിണ്ടാതിരുന്ന അവനോട് ദേഷ്യത്തോടെ പലതും ഞാൻ വിളിച്ചു പറഞ്ഞു… കൂട്ടത്തിൽ ഈ വാക്ക് കൂടി.

“നമുക്ക് പിരിയാം “. അതുകേട്ടു അവൻ ഞെട്ടുന്നത് ഞാൻ കണ്ടിരുന്നു. അപ്പോൾ എന്നിലെ ഈഗോ കൂടുതൽ ശക്തിയായി… ഇറങ്ങുമ്പോൾ അവൻ വന്നു എന്നെ തടയുമെന്ന് കരുതിയ എനിക്ക് തെറ്റി…നോട്ടം കൊണ്ടുപോലും അവൻ എന്നെ തിരിച്ചു വിളിച്ചില്ല.

വയ്യ…. അവനെ കാണാതെ.. അവനോട് സംസാരിക്കാതെ… അവനെ ചീത്ത പറയാതെ ഇനിക്ക് പറ്റുന്നില്ല…

“ഞാൻ പോകാ ” അമ്മയോട് യാത്ര പറഞ്ഞു മകനെയും കൊണ്ട് വീണ്ടും ആ പടി കയറുമ്പോൾ ഒരു ചമ്മൽ തോന്നിയിരുന്നു. ഞാൻ വന്നത് അറിഞ്ഞിട്ടും അതു മൈൻഡ് ചെയ്യാതെ അടുക്കളയിൽ തിരക്കിട്ട് ഭക്ഷണം ഉണ്ടാക്കുന്ന അവനെ ദേഷ്യത്തോടെ ഒരു കടി കടിച്ചു…വേദനയിൽ പുളഞ്ഞ അവൻ എന്നെ വാരി പുണർന്നു ചുണ്ടുകൾ നുകർന്നു …. അതിൽ എല്ലാം കഴിഞ്ഞു…. ഒരു കൈകൊണ്ട് എന്നെ ചേർത്തു നിർത്തി മറുകൈകൊണ്ട് അവൻ ഫ്രിഡ്ജിൽ ഒട്ടിച്ചു വെച്ച പേപ്പറിൽ ഇങ്ങനെ കുറിച്ചു….

“അഞ്ചാം പിണക്കം.. പത്തുനാൾ “

അതേ… ഇത്രയുമുള്ളു ഞങ്ങളുടെ പിണക്കം… അല്ലങ്കിലും ഇണക്കം ഉള്ളിടത്തല്ലേ പിണക്കമുള്ളു…