ജീവിതപാഠം – രചന: മാരീചൻ
‘ അമ്മതൻ കയ്യാൽ നൽകും ഭക്ഷണം അമൃതിനെ വെല്ലും ‘
FB യിൽ പോസ്റ്റ് ഇട്ട് ഒരു സെക്കന്റ് കഴിഞ്ഞില്ല താഴെ രാജീവൻ ദേ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടേക്കുന്നു…
നാശം…കണ്ടിട്ട് ചൊറിഞ്ഞു വന്നതാണ്. കടിച്ചു പിടിച്ച് സഹിച്ചു. പക പോക്കുകയാണവൻ. സഹിക്കാനേ പറ്റു. എന്താ കാര്യം എന്നല്ലേ.
സ്വന്തം ചങ്കായിരുന്നിട്ട് കൂടി ഒരു ദുർബല നിമിഷത്തിൽ എനിക്ക് രാജീവനെ ചതിക്കേണ്ടി വന്നു. മനപൂർവ്വമല്ല കേട്ടാ. സാഹചര്യങ്ങളുടെ സമ്മർദ്ദം. അതാ സത്യം. പക്ഷേ അതു പറഞ്ഞാ അവന് മനസ്സിലാകണ്ടേ…?
ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ ഹോസ്റ്റൽ ജീവിതം ജീവിച്ചവരാണ് ഞങ്ങൾ. ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞവർ. അക്കാലത്ത് അവനൊരു പ്രണയം ഉണ്ടായിരുന്നു. അസ്ഥിക്ക് പിടിച്ച പ്രണയം. പക്ഷേ പറഞ്ഞിട്ടെന്താ അവനേക്കാൾ നല്ല ഒരുത്തനെ കിട്ടിയപ്പോൾ കാമുകി അവനെ വൃത്തിയായങ്ങ് തേച്ചൊട്ടിച്ചു.
ആത്മഹത്യ കൊണ്ട് അവനല്ലാതെ വേറെ ആർക്കും ഒരു നഷ്ടവും ഉണ്ടാകില്ല എന്ന തിരിച്ചറിവിൽ അവൻ ജീവിതം രാജ്യത്തിന് സമർപ്പിച്ചു. നേരെ പോയി പട്ടാളത്തിൽ ചേർന്നു. സിംഗിൾ പസങ്കയായി…അവന്റെ ജീവിതാനുഭവവും വീക്ഷണവും എന്നോട് പങ്കുവെച്ചതിന്റെ ഫലമായും കൂട്ടുകാരനേറ്റ തേപ്പിൽ മനം നൊന്തും ഞാനും സിംഗിളാകാൻ തീരുമാനിച്ചു.
ചത്താലും കല്യാണം കഴിക്കില്ലാന്ന് രണ്ടാളും ബന്ധുക്കളുടെയും നാട്ടുകാരുടേയും മുന്നിൽ വച്ച് സത്യം ചെയ്തു. ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് ക്ലാസ്സുകൾ എടുത്തു. അവിവാഹിതരായ മഹാൻമാരുടെ ഫോട്ടോകൾ വീട്ടിലെ ചുവരുകളിൽ ഒട്ടിച്ചു വെച്ചു. ജീവിതം അങ്ങനെ സംഭവബഹുലമായി മുന്നോട്ട് പോയി.
അപ്പോഴാണ് എന്റെ ചേട്ടന് ഒരു കല്യാണ ആലോചന വന്നത്. പുള്ളിക്കാരനെ ഞങ്ങളുടെ സിംഗിൾ പസങ്ക ഗ്രൂപ്പിൽ ചേർക്കാൻ ഞാനും രാജീവനും കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ പെണ്ണിനെ കണ്ടതോടെ ഞങ്ങളുടെ പ്രതീക്ഷകളെ പാടെ തകർത്തു കൊണ്ട് ആള് വിവാഹിതനാകാൻ തീരുമാനിച്ചു.
ചേട്ടച്ചാരെ കാണുമ്പോഴേല്ലാം പുച്ഛിക്കുന്ന ഇമോജി ഇട്ടും രാജീവനും ഞാനും തമ്മിലുള്ള ചാറ്റുകളിൽ ചേട്ടനെ കിഴങ്ങൻ എന്ന് വിളിച്ചും ഞാനും രാജീവനും എന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
പക്ഷേ പുതിയ പെണ്ണ് വീട്ടിലേക്ക് വന്നതോടെ കാര്യങ്ങൾ മാറി. ഒറ്റനിമിഷംകൊണ്ട് ഏട്ടൻ സ്റ്റാർ ആയ അവസ്ഥ. കല്യാണത്തിന് മുമ്പ് വൈകിട്ട് ജോലി കഴിഞ്ഞ് ഞങ്ങൾ വീടെത്തുമ്പോൾ അമ്മ രണ്ടാൾക്കും ചായ തരും.
ഒന്നുകിൽ മധുരം കുറവാകും ഇല്ലേൽ കടുപ്പം കുറവാകും. കുറ്റം പറഞ്ഞാൽ കഴിഞ്ഞു. ഞങ്ങളെ രണ്ടാളേം പ്രസവിക്കാനുണ്ടായ സാഹചര്യം തൊട്ട് തുടങ്ങും. അതു കേൾക്കാൻ കഴിയാത്തോണ്ട് രണ്ടാളും മിണ്ടാതെ കുടിച്ചിട്ട് പോകും.
ചോറിന്റെ കാര്യവും ഏതാണ്ട് അത് തന്നെ…എന്നും ഒരു മാമ്പഴ പുളിശ്ശേരിയും ചുട്ട പപ്പടവും…ഇപ്പോ എന്താ കഥ. എനിക്ക് പഴയ പോലെ അമ്മയുടെ വക പരിമിതികൾ ഉള്ള ചായ. ചേട്ടച്ചാർക്ക് ഏട്ടത്തിയമ്മ വക പാൽ ചായ…
ചായക്കാര്യം മാത്രമല്ല എല്ലാക്കാര്യത്തിലും ഇത് തന്നെ സ്ഥിതി. ചേട്ടച്ചാർക്ക് രാവിലെ മ്മളെ പോലെ കാളയുടേയും പോത്തിന്റെം പേര് കേട്ട് ഉണരണ്ട. മാത്രമോ ഇഷ്ടമുള്ള ആഹാരം വെച്ച് കൊടുക്കുന്നു. ഷർട്ട് തേച്ചു കൊടുക്കുന്നു. തുണി കഴുകിക്കൊടുക്കുന്നു. ആകെ ബഹളം.
ഇതിനെല്ലാം പുറമെ മനുഷ്യന്റെ സമനില തെറ്റിക്കാൻ അങ്ങേരുടെ ഒരു ശൃംഗാരവും. എത്രയാന്ന് വെച്ചാ സഹിക്കുക…കൃത്യം ഒരു മാസം കഴിഞ്ഞതും ഞാനും സിംഗിൾ മാറി ഡബിളാകാൻ തീരുമാനിച്ചു.
കാമുകി തേച്ചതിനേക്കാൾ വിഷമമായിരുന്നു രാജീവന് എന്റെ സിംഗിൾ പസങ്കയിൽ നിന്നുള്ള രാജി. അവന്റെ നിറഞ്ഞ കണ്ണുകൾ എനിക്ക് കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു. യഥാർത്ഥ പ്രശ്നം പിന്നെയായിരുന്നു.
മ്മള് ഡബിളാവാൻ തീരുമാനിച്ചത് മാതാശ്രീയെ അറിയിക്കണമല്ലോ. കൂട്ടുകാരുടെ കല്യാണവിശേഷങ്ങളൊക്കെ വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു നോക്കി. എവിടെ..? പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂന്ന മട്ടില്ല.
മാത്രമല്ല ഇങ്ങോട്ടാരേലും മ്മടെ കല്യാണക്കാര്യം പറഞ്ഞാലും ‘അവന് അതിലൊന്നും താല്പര്യമില്ല…എന്റെ വിധി ‘ എന്ന് പറഞ്ഞ് ആള് കണ്ണ് തുടക്കേം ചെയ്യും. ആകെ പെട്ടു എന്ന് പറഞ്ഞാൽ മതീല്ലോ. ഒടുക്കം രണ്ടും കല്പ്പിച്ച്ബ്രോക്കർ പ്രകാശനെ ചാക്കിട്ട് പിടിച്ചു.
അവനെക്കൊണ്ട് അമ്മയോട് പറയിപ്പിച്ചു. എന്റെ സമ്മതം എങ്കിലും ഒന്ന് ചോദിക്കാൻ. അവന്റെ ഡയലോഗിൽ മാതാശ്രീ വീണു. ‘ നിനക്ക് കല്യാണം നോക്കട്ടോ ‘ എന്ന് അമ്മ സംശയത്തോടെ ചോദിക്കുമ്പോൾ എന്റെ മനസ്സിൽ ലഡു ചറപറാ പൊട്ടുവായിരുന്നു.
ഇനി എന്റെ കല്യാണം നടന്നില്ലെന്ന് പറഞ്ഞ് അമ്മ കരയണ്ട എന്താന്ന് വെച്ചാൽ ആയിക്കോ…?എന്ന് ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തിട്ട് മ്മള് വേഗം മുറിയിൽ പോയി കതകടച്ച് അര മണിക്കൂർ ദപ്പാംകൂത്തായിരുന്നു.
പിന്നെ കാത്തിരിപ്പിന്റെ നാളുകൾ വരവായി. പ്രകാശന് ഉത്സാഹക്കുറവ് തോന്നണ്ടാന്ന് കരുതി അമ്മ കൊടുക്കുന്ന ഫീസ് കൂടാതെ വഴിയിൽ വെച്ച് കാണുവാണേൽ ഞാനും എന്തേലും തുക കൊടുക്കും.
(അതു വാങ്ങിച്ചിട്ട് ആ സാമദ്രോഹി മ്മടെ മുഖത്ത് നോക്കി ഒരു ആക്കി ചിരിയുണ്ട്. തൊലി ഉരിഞ്ഞു പോകും. പിന്നെ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ അതുകൊണ്ട് മ്മള് ആ ഉരിഞ്ഞതൊലി എടുത്ത് വീണ്ടും അങ്ങ് ഇടും അത്ര തന്നെ)
കെട്ട് കഴിഞ്ഞിട്ട് വേണം ചേട്ടച്ചാരുടെ സ്റ്റാർ വാല്യു ഒന്ന് കുറയ്ക്കാൻ. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് പ്രകാശന്റെ സന്ദേശമെത്തി. എന്റെ നല്ല പാതിയെ കണ്ടെത്തിയിരിക്കുന്നു. ഇനി ഞാൻ ചെന്ന് കണ്ട് സമ്മതം മൂളണം.
മാതാശ്രീ ആ വാർത്ത മ്മളെ അറിയിക്കുമ്പോൾ സന്തോഷം മറച്ചുവെക്കാൻ ഞാൻ പെടാപ്പാട് പെടുവായിരുന്നു. പിന്നെ താമസിച്ചില്ല പിറ്റേന്ന് തന്നെ കുളിച്ചൊരുങ്ങി ഏട്ടനും ഞാനും രാജീവനും പ്രകാശനും കൂടി പുറപ്പെട്ടു.
പെണ്ണിന്റെ വീട്ടിലെ സംഭവ വികാസങ്ങൾ അമ്മയ്ക്ക് റിപ്പോർട്ട് ചെയ്യാനാ ഏട്ടച്ചാരുടെ വരവ്. കാറിലിരിക്കുമ്പോൾ പ്രകാശൻ പെണ്ണിന്റെ ചുറ്റുപാടുകളെക്കുറിച്ചൊക്കെ വിശദീകരിക്കാൻ തുടങ്ങി. പെണ്ണുകാണാനാണോ അതോ സ്ഥല കച്ചവടത്തിനാണോ പോണേന്ന് ഇടയ്ക്ക് മ്മക്ക് ഒരു സംശയം പോലെ വന്നുട്ടാ.
അതിനിടയിലാ പ്രകാശന്റെ അറ്റൻ ഡയലോഗ്. പെണ്ണിന്റെ ആങ്ങള ചെറുക്കന് ഗൾഫിൽ ജോലി ശരിയായിരിക്കുവാത്രേ. ഇരുപത് ദിവസം കൂടിയെ അവന് നാട്ടിൽ നിൽക്കാൻ പറ്റു. അതുകൊണ്ട് പെണ്ണിനെ ഇഷ്ടമാവുകയാണേൽ ഇരുപത് ദിവസത്തിനുള്ളിൽ കല്യാണം നടത്തണം.
എന്റെ മനസ്സിൽ പിന്നേം ലഡു മഴ ഏത്…ഈ ലഡു എല്ലാം തിന്ന് മ്മക്ക് വല്ല ഷുഗറും വരുമോന്ന് പേടിക്കേണ്ട അവസ്ഥ. രാജീവനാണേൽ പുച്ഛച്ചിരിയുമായിരിക്കുവാ. അവന്റെയൊരു പുച്ഛം ആര് മൈൻഡ് ചെയ്യുന്നു. പോകാൻ പറ…
എന്തായാലും അങ്ങനെ ലഡു മഴയിൽ മുങ്ങി മ്മള് പെണ്ണു വീട്ടിലെത്തി. പരിചയപ്പെടലും അമ്മായിയച്ഛന്റെ കെട്ടിപ്പിടുത്തവും ഒക്കെ കഴിഞ്ഞ് കാര്യപരിപാടിയിലേക്ക് കടന്നു.ദേ മ്മടെ നല്ല പാതി യാകേണ്ടവൾ ചായയുമായി വരുന്നു.
സത്യം പറയാലോ പൂച്ച മത്തിത്തല കണ്ട അവസ്ഥയായി എന്റേത്. തൊട്ടടുത്തിരിക്കണ എന്റെ ചേട്ടച്ചാരും രാജീവനും മ്മടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കാനിരിക്കുവാ എന്ന് ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് ഉള്ളിലെ പൂച്ചയെ ഞാൻ പിടിച്ച് കെട്ടിയിട്ടു.
പെണ്ണ് വന്ന് മ്മടെ മുമ്പിൽ ദേ നാണിച്ച് തല കുനിച്ച് നിൽക്കുന്നു. ഇങ്ങനെ മുഖം കുനിച്ച് നിന്നാൽ എങ്ങനെ ആളെ അറിയാനാ…?പിന്നെന്താ മൊത്തത്തിലൊന്ന് നോക്കി തൃപ്തിയടഞ്ഞു. അത്ര തന്നെ…
പെൺകുട്ടിയോട് എന്തേലും ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടോന്ന് ചോദിച്ചപ്പോഴും ചേട്ടച്ചാരുടെ റിപ്പോർട്ടിംഗ് പേടിച്ച് ഞാൻ വേണ്ടാന്ന് പറഞ്ഞു. (തീരെ താല്പര്യമില്ലാതെ നടത്തണ കല്യാണമല്ലേ അതാ )അഭിമാന ക്ഷതം പേടിച്ച് ഫോൺ നമ്പറും വാങ്ങീല്ല.
എന്തായാലുംപോകാൻ നേരം മ്മള് ഭാവി അളിയനെ കെട്ടിപ്പിടിച്ചിട്ടാ ഇറങ്ങിയേ. കഴിഞ്ഞ ജന്മത്തിൽ ഞാൻ കാര്യമായ എന്തോ പുണ്യം ചെയ്തിട്ടുണ്ടാവണം ഇല്ലേൽ ഇങ്ങനെ ഉപയോഗപ്രദമായ ഒരു അളിയനെ എനിക്ക് കിട്ടുവോ.
പിന്നെല്ലാം പെട്ടെന്നായിരുന്നു. പുടവ എടുപ്പും കല്യാണം വിളിയും ആകെ ബഹളം. രാജീവന് പ്രതിഷേധം ഉണ്ടായിരുന്നേലും കല്യാണപരിപാടിക്ക് ആള് മുൻപന്തിയിൽ തന്നെ നിന്നു.
അങ്ങനെ മാലയിടീലായി…താലികെട്ടായി…പെണ്ണിന് വീട്ടുകാരെ പിരിയാൻ വയ്യെന്ന് പറഞ്ഞ് കരച്ചിലായി…( കരച്ചില് കണ്ടാൽ തോന്നും മ്മള് അവളെ കൊല്ലാൻ കൊണ്ട് പോകുവാന്ന്) അങ്ങനെ ആ ചടങ്ങ് അങ്ങ്ട് കഴിഞ്ഞു.
സംഭവബഹുലമായ ആദ്യരാത്രി എത്തി. സത്യം പറയാലോ മണിയറയിലേക്ക് പാലും കൊണ്ട് വന്നപ്പോഴാ മ്മടെ നല്ല പാതിയുടെ മുഖം ശരിക്കും കണ്ടത്. ആക്രാന്തം ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഉളളിലെ കാട്ടാളനെ പറഞ്ഞ് മനസ്സിലാക്കി മ്മള് ഓളെ കൈ പിടിച്ച് അടുത്തിരുത്തി. ആള് അപ്പോഴും ചെറുതായിട്ട് തേങ്ങുന്നുണ്ട്.
മ്മടെ ചങ്കിടിച്ചു പോയി. വല്ല തേപ്പു കഥയും പറയാനുള്ള പുറപ്പാടാണോന്ന് പേടിച്ചു. മടിച്ചു മടിച്ചു കാര്യം തിരക്കി…എവിടെ..? കുട്ടി മിണ്ടണില്യ…ഒടുവിൽ താണു കേണ് ചോദിച്ചപ്പോൾ മറുപടി കിട്ടി. വീട്ടുകാരെ പിരിഞ്ഞ വിഷമമാത്രേ.
ഇത്രയ്ക്ക് വിഷമമാണേൽ നീ എന്തിനാ കല്യാണം കഴിക്കാൻ പോയേ വീട്ടിൽ തന്നെയങ്ങ് നിന്നാൽ പോരായിരുന്നോ എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയതാണ്. ആദ്യരാത്രി ആയതു കൊണ്ട് മാത്രം ക്ഷമിച്ചു. അറിയാവുന്ന തറ കോമഡിയൊക്കെ പറഞ്ഞ് ഒരു വിധം കരച്ചിലുമാറ്റി ചിരിയാക്കി.
പിന്നെ തുടങ്ങീലേ ഓള് പഴം പുരാണം. അച്ഛനേം അമ്മേം ചേട്ടനേം എന്തിന് അവളെ വീട്ടിൽ രണ്ട് കൊല്ലം മുമ്പ് ചത്ത പട്ടീനെ വരെ വിവരണമായി. വിവരണത്തിന് മുമ്പ് അവള് ഒരു മുൻകൂർ ജാമ്യമെടുത്തിരുന്നു…
ആദ്യരാത്രിയിൽ ആദ്യം പങ്കുവയ്ക്കേണ്ടത് മനസ്സാത്രേ…ശരീരത്തിന് രണ്ടാം സ്ഥാനമേ ഉള്ളു പോലും…
(ഇതിനൊക്കെ ഇങ്ങനെ പ്രത്യേകസ്ഥാനമാനങ്ങളൊക്കെ ഉണ്ടെന്ന് മ്മള് അപ്പഴാ അറിയണേ)
എന്തായാലും മണി പന്ത്രണ്ട് കഴിഞ്ഞിട്ടും ഓള് മനസ്സിന്റെ പകുതി പോലും പങ്കുവച്ച് തീർന്നില്ലാന്ന് ബോധ്യപ്പെട്ടതോടെ ശരീരത്തിന്റെ കാര്യം മ്മള് വിട്ടു. കണ്ണടച്ച് കേൾക്കുവാ എന്ന മട്ടിൽ കട്ടിലിലേക്ക് ചാഞ്ഞു. അവിടെ അപ്പോഴും മനസ്റ്റ് പങ്കുവെക്കല് നടന്നോണ്ടിരിക്കുവാ. അവിടിരുന്ന് ചെലയ്ക്കട്ടെ ശവം…
പിറ്റേന്ന് കാലത്ത് ഏട്ടാ എന്ന് വിളിച്ച് കയ്യിൽ പാൽഗ്ലാസ്സുമായി നിൽക്കുന്ന ശ്രീമതിയെ കണ്ടാണ് എഴുന്നേറ്റത്. പക്ഷേകണ്ണു തുറന്നപ്പോഴാ മനസ്സിലായേ കണ്ടത് സ്വപ്നമായിരുന്നു ന്ന്. ആള് ദേ അടുത്ത് പുതച്ച് മൂടി കിടക്കുന്നു. ഇന്നലെ പങ്കു വെക്കലൊക്കെ കഴിഞ്ഞ് എപ്പോ ഉറങ്ങിയോ ആവോ.
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി പുതിയ തുടക്കമാണ് എന്നൊക്കെ ചിന്തിച്ച് പതുക്കെ തട്ടി വിളിച്ചു. ഒന്നു രണ്ടു പ്രാവശ്യം തട്ടി വിളിച്ചിട്ടും കണ്ണുതുറക്കുന്നില്ല. ഒടുവിൽ രണ്ടും കല്പ്പിച്ച് സ്വല്പം ശക്തിയായി ഒരു തട്ട് കൊടുത്തു. പെണ്ണിന് സ്വല്പം വേദനിച്ചുന്ന് തോന്നി ചാടി എഴുന്നേറ്റ് എന്നെ ഒരു നോട്ടം നോക്കി.
ഭഗവാനേ നിന്ന നിൽപ്പിൽ മ്മള് ഉരുകിപ്പോയി. ഒരു അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴാ ലവൾക്ക് ഞാൻ കെട്ടിയോനാണ് എന്ന ബോധം വന്നതെന്ന് തോന്നുന്നു രൗദ്രം മാറി ആ മുഖത്ത് കുറേശ്ശെ നാണം വന്നു.
ചായ വേണോ…? കാപ്പി വേണോ…? നാണത്തിൽ മുങ്ങിയ ചോദ്യം വന്നു.
മ്മടെ ലൈറ്റും സൗണ്ടും എല്ലാം അവളുടെ ആദ്യത്തെ നോട്ടത്തിൽ തന്നെ അടിച്ചു പോയിരുന്നതുകൊണ്ട് മ്മള് വെറുതെ നോക്കി നിന്നതേ ഉള്ളു. ആള് തന്നെ ഒരു തീരുമാനത്തിൽ എത്തിയെന്ന് തോന്നി. ഇപ്പോ വരാം…ന്ന് പറഞ്ഞ് പോണത് കണ്ടു.
ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ആള് മടങ്ങി എത്തി. കുളിച്ച് സുന്ദരിക്കുട്ടിയായി കയ്യിലൊരു ഗ്ലാസ്സും പിടിച്ചാ വന്നത്. മ്മടെ മനസ്സിലേക്ക് രാവിലത്തെ സ്വപ്നം ഇടിച്ചു കയറി വന്നു. പുതിയ തുടക്കം…ചെറിയൊരു ചിരിയോടെ ഗ്ലാസ്സ് വാങ്ങി ചുണ്ടോട് ചേർത്തു.
സത്യം പറഞ്ഞാ ഓക്കാനം വന്നു. ചായയാണോ അതോ കാപ്പിയാണോ ഇനി ഹോർലിക്സ് എങ്ങാനും കലക്കി കൊണ്ട് വന്നതാണോ ആകെ ഒരു സംശയം. എന്തായാലും തണുത്ത് ഉറഞ്ഞ ഒരു കാടിവെള്ളം അതാ എനിക്ക് തോന്നിയേ. രാവിലത്തെ നോട്ടത്തിന്റെ ഹാങ്ങ് ഓവർ പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാത്തതു കൊണ്ട് ഞാനൊന്നും പറഞ്ഞില്ല.
ഒരു നിമിഷം അമ്മയെ ഓർത്തു. ചായക്ക് ചൂട് കുറഞ്ഞതിന് എത്ര തവണ പിണങ്ങിയിരിക്കുന്നു. പാടില്ലായിരുന്നു…അതൊരു തുടക്കം മാത്രമാണെന്ന് ചിന്തിച്ചത് ശരിയാരുന്ന് എന്ന് പിന്നെ മനസ്സിലായി. ആഹാരം കഴിക്കുമ്പോഴെല്ലാം അമ്മയോട് മനസ്സുകൊണ്ട് മാപ്പു പറയേണ്ട സ്ഥിതി.
അമ്മയാണേൽ പെണ്ണു വന്നതോടെമ്മളെ പൂർണ്ണമായും കയ്യൊഴിഞ്ഞു. മാമ്പഴ പുളിശ്ശേരി കഴിക്കാൻ കൊതിയാകുന്നു എന്ന് ഒരിക്കൽ സഹികെട്ട് അമ്മയോട് പറഞ്ഞു. ധർമ്മപത്നി പിറ്റേന്ന് തന്നെ മാങ്ങയും മഞ്ഞൾപ്പൊടിയും എല്ലാം ഇട്ടു കലക്കിയൊരു വെള്ളം ചോറിന്റെ കൂടെ തന്നു. അതോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാൻ മ്മള് ശീലിച്ചു.
ഒരിക്കൽ രാജീവൻ വീട്ടിൽ വന്നു. അന്ന് അവള് കൊടുത്ത ചായ കുടിച്ചിട്ട് അവൻ എന്നെ നോക്കി ചിരിച്ച ഒരു കൊലചിരി ഉണ്ട് സഹിക്കാൻ പറ്റിയില്ല. ആ ചിരി ഇപ്പോഴും തുടരുന്നു. അടിച്ചമർത്തപ്പെട്ടവന് നേരെയുള്ള ചിരി…സഹിക്കുക തന്നെ…അല്ലാണ്ടിപ്പോ ന്താ ചെയ്ക…?