സംഭവിച്ച കാര്യങ്ങളെല്ലാം ചുരുക്കി അയാളോട് പറയുമ്പോൾ അയാളുടെ മുഖത്തും ഭാര്യയെ കുറിച്ചുള്ള…

വാശി…

രചന: റിൻസി പ്രിൻസ്

“ചേട്ടാ ഈ സാരി എങ്ങനെയുണ്ട്…..നല്ല ഭംഗി ഇല്ലേ…….?

ഫോണിൽ ഓൺലൈൻ വെബ്സൈറ്റിൽ ഒരു സാരി ചൂണ്ടിക്കാണിച്ചുകൊണ്ട് സുധർമ്മ ചോദിച്ചു……അതിലേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു…..

” നിനക്ക് ഇപ്പോൾ അത് വേണം അതിനു വേണ്ടിയല്ലേ കാണിക്കലും ചോദ്യംചെയ്യലും ഒക്കെ…..

” നല്ല ഭംഗിയുണ്ട് ചേട്ടാ…..380 രൂപ ഉള്ളൂ…..അത് ഞാൻ വാങ്ങട്ടെ….

“വാങ്ങിക്കോ……പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ എൻറെ സഹായമില്ലാതെ ഇങ്ങനെയൊക്കെ വാങ്ങാമായിരുന്നല്ലോ….. സ്വന്തമായിട്ട് അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് നിന്നും ഇതൊക്കെ വാങ്ങായിരുന്നില്ലേ……!

” അതിന് എനിക്ക് പഠിക്കാനുള്ള കഴിവ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ ചേട്ടാ……അതുകൊണ്ടല്ലേ പന്ത്രാണ്ടം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ പിടിച്ചു കെട്ടിച്ചത്…..തയ്യൽ പഠിക്കാൻ വീട്ടിട്ടും പഠിക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്നില്ല…..ഇല്ലെങ്കിൽ എൻറെ വീട്ടിൽ എന്താ പഠിക്കാൻ മാർഗ്ഗം ഇല്ലാഞ്ഞിട്ടാണോ…..?

” എടീ പഠിക്കാൻ കഴിവില്ലെങ്കിലും എന്തെങ്കിലും ഒരു കാര്യത്തിൽ ഏതെങ്കിലും കഴിവുണ്ടാകും……

“എനിക്ക് അങ്ങനെ ഒരു കഴിവും ഉണ്ടായിരുന്നില്ല…..!

“അത് നിൻറെ വെറും തോന്നലാ….നീ നന്നായി ആഹാരം ഉണ്ടാകുമല്ലോ…..എന്നെ സംബന്ധിച്ചെടുത്തോളം നീ ഉണ്ടാക്കുന്നതുപോലെ രുചികരമായ ആഹാരം ഞാനിതുവരെ എൻറെ അമ്മ ഉണ്ടാക്കി പോലും കഴിച്ചിട്ടില്ല…..

” അത് എല്ലാ സ്ത്രീകളും ചെയ്യുന്നതല്ലേ…..

“എല്ലാവരും ചെയ്യുന്നത് ആണെങ്കിലും അത് രുചികരമായി മറ്റൊരാളുടെ അരികിലേക്ക് എത്തിക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്……മാത്രമല്ല നീ നമ്മുടെ പറമ്പിലും വീടിൻറെ ടെറസിലും ഒക്കെ ഇഷ്ടം പോലെ പച്ചക്കറികളൊക്കെ നട്ട് പിടിപ്പിച്ചിട്ടുണ്ട്….വിഷാംശമില്ലാത്ത ആഹാരമാണ് നീ എനിക്കും മക്കൾക്കും തരുന്നത്……. ഇന്നത്തെ കാലത്തെ ഒരു പ്രിസർവേറ്റീവുകളും ചേർക്കാതെ വിഷാംശമില്ലാത്ത ഭക്ഷണം ലഭിക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെയാണ്….അതൊക്കെ നിൻറെ കഴിവ് ആണ്…ഒരു കഴിവും ഇല്ലാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല സുധേ…..എന്തെങ്കിലുമൊക്കെ കഴിവ് നിനക്ക് ഉണ്ടാവും…..നീ അത് എന്താണെന്ന് ഒന്ന് അറിയാൻ ശ്രമിച്ചാൽ മാത്രം മതി…..നീ സാരി ബുക്ക് ചെയ്തോ….?

“അത് വേണ്ട ചേട്ടാ…..

” എന്താ ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ടാണോ……?

“അതുകൊണ്ടൊന്നും അല്ല….. ഇപ്പോൾ ജയേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു വാശി പോലെ…..അത്‌ എൻറെ സ്വന്തം കാശുകൊണ്ട് വാങ്ങണം……

” അയ്യോ നീ അങ്ങനെ വലിയ വാശി ഒന്നും കാണിക്കണ്ട…..! ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ…..

“എനിക്ക് അറിഞ്ഞുകൂടെ ചേട്ടാ…..!! ജീവിതത്തിലൊരിക്കലെങ്കിലും എനിക്ക് എൻറെ സ്വന്തം കാശുകൊണ്ട് അഭിമാനത്തോടെ എന്തെങ്കിലും വാങ്ങണം…….പഠിക്കുന്ന കാലത്ത് അച്ഛന്റെ ചിലവില്, പിന്നെ ചേട്ടൻറെ ചെലവില്, ഇനി വളരുമ്പോൾ മകന്റെ ചെലവില്, അങ്ങനെയല്ലേ ഞാൻ ജീവിക്കാൻ പോകുന്നത്…..അതിനു മുൻപ് ഒരുവട്ടമെങ്കിലും എനിക്ക് ചെറുതായി ഒന്ന് ജീവിക്കണം…….ജീവിതത്തിൽ എപ്പോഴെങ്കിലും……

” എൻറെ സുധേ……ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ….നീ അതിൽ പിടിച്ച് കയറാൻ നോക്കണ്ട…..ഞാൻ തന്നെ സാരി ബുക്ക്‌ ചെയ്യാം….

” വേണ്ടെന്ന്……എനിക്കൊരു പിണക്കം ഉണ്ടായിട്ടല്ല ചേട്ടാ…..എൻറെ ചെറിയൊരു വാശി……അങ്ങനെ കരുതിയാൽ മതി….

അത് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി…..അപ്പോഴേക്കും പാലുമായി ജാനകി ചേച്ചി എത്തിയിരുന്നു…..

” പഞ്ഞിപുല്ല് ഇരിപ്പുണ്ടോ സുധേ…..

” പഞ്ഞപ്പുല്ല്…?അത് എന്തിനാ ജാനു ചേച്ചി…..അവിടെ കുഞ്ഞുങ്ങൾ വല്ലതും വന്നിട്ടുണ്ടോ…..മോളുടെ കുഞ്ഞു മറ്റോ….

” ഇല്ല….നിനക്കറിയാലോ രഘുവേട്ടന് ഷുഗർ ആണ്…..ഇത് വെച്ചിട്ടുള്ള എന്തെങ്കിലും കൊടുക്കാൻ ആണ്……ഇന്നലെ ഞാൻ റാഗിപ്പൊടി തിരക്കി സൂപ്പർമാർക്കറ്റിലും മെഡിക്കൽ സ്റ്റോറിലും ഒക്കെ തിരക്കി…..ആയുർവേദ കടയിൽ വരെ പോയി നോക്കി…..കിട്ടിയില്ല…..കിട്ടിയാലും കേടാവാതെ ഇരിക്കാൻ ഉള്ള വിഷം ആയിരിക്കും…..

“ചേച്ചിക്ക് ഇത്തിരി വാങ്ങി പൊടിച്ചു കൂടെ…..

“മിനക്കേട് അല്ലേ…..!!

കുറച്ച് നേരം കൂടെ കുശലാന്വേഷണങ്ങൾ എല്ലാം പറഞ്ഞതിനുശേഷം അവർ തിരികെ വീട്ടിൽ പോയി…….ജയദേവനും മക്കളും അവരുടെ തിരക്കുകളിലേക്ക് മാറിയപ്പോൾ വെറുതെ ഉച്ചയുറക്കത്തിലെ ഇടയിലാണ് സുധ ആലോചിച്ചത് ജാനകി ചേച്ചി പറഞ്ഞ കാര്യത്തിനെ കുറിച്ച്…..ഒപ്പം ജയദേവന്റെ വാക്കുകൾ……

” ഏതൊരു മനുഷ്യനിലും എന്തെങ്കിലുമൊരു കഴിവ് ഉണ്ടാകും, ഇന്നത്തെ കാലത്തെ ഒരു പ്രിസർവേറ്റീവുകളും ചേർക്കാതെ വിഷാംശമില്ലാത്ത ഭക്ഷണം ലഭിക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെയാണ്…..”

അവളുടെ മനസ്സിൽ തെറ്റല്ലാത്ത ഒരു ബുദ്ധി തോന്നി…

പക്ഷേ അത് ആരോടെങ്കിലും പറയാൻ അവൾക്ക് ഒരു ചമ്മൽ തോന്നി…….എങ്കിലും ഉള്ളിലെവിടെയോ ഒരു കനലേരിയുന്നുണ്ടായിരുന്നു……..അതുകൊണ്ടുതന്നെ വൈകുന്നേരം ജയദേവൻ വന്നപ്പോൾ പറഞ്ഞു….

” എനിക്ക് കുറച്ച് കാശ് വേണം ചേട്ടാ…..

” ആഹാ നിൻറെ വാശി ഒക്കെ ഇത്ര പെട്ടെന്ന് തീർന്നോ…..

” ഇത് ആ വാശിയുടെ പ്രതിഫലനമാണ് എന്ന് കരുതിയാൽ മതി……ഈ കാശ് ചേട്ടൻ കുറിച്ചിട്ടോ……ഇത് ഞാൻ തിരിച്ചു തരും,

” എന്താ സുധേ നീ ആള് ആകെ മാറിപ്പോയല്ലോ……ആട്ടെ എത്ര രൂപ നിനക്ക് വേണ്ടത്…..

” ഇപ്പോൾ എനിക്ക് ഒരു 5000 രൂപ വേണം….

” 5000 രൂപയോ…..

“5000 രൂപ തന്നെ…..!!തിരികെ തരും……..

മറുത്തൊന്നും ചോദിക്കാതെ അയാൾ കാശുകൊടുത്തു…..പിറ്റേദിവസം കുട്ടികൾ സ്കൂളിലേക്ക് അയാൾ ഓഫീസിലേക്ക് പോയ സമയം നോക്കി അവൾ വീട് പൂട്ടി ഇറങ്ങി പോയി…….ആദ്യം വാങ്ങിയത് റാഗി ആണ്……വീട്ടിൽ കൊണ്ടുവന്ന് നന്നായി കുതിർത്തതിനു ശേഷം മില്ലിലേക്ക് കൊണ്ടുപോയി പൊടിച്ചു കൊണ്ടുവന്നു……ശേഷം അത് ചെറിയ പാക്കറ്റുകളിലാക്കി…..ആദ്യത്തെ പാക്കറ്റ് ജാനകി ചേച്ചിയുടെ അരികിൽ തന്നെയായിരുന്നു…….

“ദാ ചേച്ചി ഒരു വിഷവും ഇല്ലാതെ വിശ്വസിച്ചു വാങ്ങിക്കാം……എന്റെ പുതിയ സംരംഭം ആണ് …..

ജാനകി ചേച്ചി സന്തോഷപൂർവ്വം അത് വാങ്ങി……പിന്നീട് അയൽവക്കത്തുള്ള കുറച്ച് സ്ത്രീകളും വാങ്ങി…..മെല്ലെ അവൾ സൂപ്പർമാർക്കറ്റിലും മെഡിക്കൽ സ്റ്റോറിലും വിവരം പറഞ്ഞു…..വീട്ടിലുണ്ടാക്കുന്ന സാധനം ആണെങ്കിൽ കൊണ്ടുവന്നു കൊള്ളാൻ അവരും അനുവാദം നൽകി……ആദ്യം കുറച്ചു മാത്രം കൊണ്ടു വന്നാൽ മതി എന്ന് ഒരു നിയമവും പറഞ്ഞു……എങ്കിലും അതു കൊണ്ടുവന്നതും വളരെ പെട്ടെന്ന് തന്നെ വിപണനം സാധ്യമായി…ഒരാഴ്ച കൊണ്ട് തന്നെ ജയദേവൻറെ കാശ് അവൾ മടക്കിനൽകി…….അയാൾക്ക് അത്ഭുതവും ആകാംഷയും ആയിരുന്നു അവളുടെ ആ പ്രവർത്തികൾ….

” എന്താ ഇത്……നിനക്ക് എവിടുന്നാ ഇത്രയും കാശ്……

” ഈ കാശുണ്ടാക്കാൻ എനിക്ക് പ്രചോദനമായത് ചേട്ടൻറെ വാക്കുകളാണ്……

സംഭവിച്ച കാര്യങ്ങളെല്ലാം ചുരുക്കി അയാളോട് പറയുമ്പോൾ അയാളുടെ മുഖത്തും ഭാര്യയെ കുറിച്ചുള്ള അഭിമാനം തെളിഞ്ഞു കാണാമായിരുന്നു…കുറച്ചു നാൾ കൊണ്ട് അവളുടെ പേരിൽ ഒരു ഫുഡ്‌ ബ്രാൻഡ് തന്നെ ഇറങ്ങി……ഇപ്പോൾ സുധർമയ്ക്ക് അറിയാം ഏതൊരു മനുഷ്യനും ചെറുതെങ്കിലും ചില കഴിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ട് എന്ന്…അത് നമ്മൾ കാണാതിരിക്കുന്നത് ആയിരിക്കും എന്ന്…..

ഒരു മനുഷ്യനെ ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കുന്നതിനു പല കാരണങ്ങൾ ഉണ്ടാകും, പക്ഷെ ഒന്നും ഇല്ലാത്ത ഒരു മനുഷ്യൻ ഉയരങ്ങളുടെ പടവുകൾ താണ്ടിയിട്ടുണ്ട് എങ്കിൽ അതിന് ഒറ്റ കാരണം മാത്രമേ ഉള്ളൂ….കളിയാക്കിയവരുടെയും പരിഹസിച്ചവരുടെയും മുന്നിൽ നിവർന്നു നിന്ന് കാണിക്കണം എന്ന് ഉള്ള അവന്റെ

“വാശി….

അതെ…! ചിലപ്പോഴെങ്കിലും ഏതേലും വിജയത്തിന് പിന്നിൽ ഒരു വാശിയുടെ കഥ ഉണ്ടാകും. ഏറെ വേദനങ്ങൾ ഏറ്റുവാങ്ങി പലവട്ടം തൊട്ടുപോയ ഒരു ഹൃദയം ഉണ്ടാകും….

(ശുഭം )

ശരിക്കും ഒരു യഥാർത്ഥ അനുഭവമാണ് ഒരാളുടേത്. അതുകൊണ്ടുതന്നെ ഇതൊരു കഥ ആക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല. എന്നോട് കഥ ആക്കാൻ വേണ്ടി ഒരാൾ പറഞ്ഞുതന്ന ഒരു അനുഭവം.