പറഞ്ഞു മുഴുവനക്കാത്ത ആ വാക്കിൽ നിറഞ്ഞു നിൽക്കുന്നതെന്താണെന്ന് മറ്റെന്തിനെക്കാളും കൂടുതലായി…

ആയിഷ

രചന: നൗഫു സെമി

“ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ…”

“ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…’

“പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ ഇന്നും അതെല്ലാം വെക്തമായി തന്നെ ഓർക്കുന്നുണ്ട്ട്ടോ, അല്ല ഇക്കാ എന്താ ഇപോ അതൊക്കെ ഓർത്തിരിക്കുന്നത്..”

“ഒന്നുമില്ല ആയിഷാ , വെറുതെ ഒരു മോഹം.. ആ ദിവസങ്ങളിലേക് ഒന്ന് തിരിച്ചു പോയിരുന്നെങ്കിലെന്ന്…”

“കൊള്ളാല്ലോ, മനസിലിരിപ്പ്, വയസ്സ് അൻപതു കഴിഞ്ഞു എന്നിട്ടും യുവ കോമളനണെന്നാണ് മനസ്സിൽ…”

“ശരീരത്തിനല്ലേ ആയിഷാ ചുളിവ് വീണത് മനസ്സിനല്ലല്ലോ…”

“ഇക്കാന്റെ മനസ് ഇപ്പോഴും ചെറുപ്പമാണോ…”

“ഇന്നലെ വരെ ആയിരുന്നു.. ഇന്നിപ്പോ???”

❤❤❤

“ആയിഷു,”

“എന്താ ഇക്കാ…”

“നി എവിടെ പെണ്ണെ…”

“ഞാൻ ഈ ചോറും കൂട്ടാനും ഒന്ന് വെക്കട്ടെ, ഇല്ലേൽ ഉച്ചക്ക് നമ്മള് വായു മുണുങ്ങേണ്ടി വരും… ഒന്ന് പറഞ്ഞിട്ട് വന്നു കൂടെ ഇങ്ങക്ക്.. ഇതിപ്പോ സർപ്രൈസ് തന്ന് വന്നതല്ലേ അവിടെ ഇരിക്ക്…”

“നി ഒന്ന് ഇവിടെ വാ പെണ്ണെ..”

“ഇക്കാ, ഉമ്മയുണ്ട് അപ്പുറത്തെ…”

“പോടീ, ഉമ്മ ജാനകിഏട്ടത്തിയുടെ വീട്ടിലേക് പോയി…”

“ഹ്മ്മ് ഹ്മ്മ് ഞാൻ വരില്ല..”

“നി വരുന്നുണ്ടോ, ഇല്ലേ ഞാൻ ഇപ്പം പോകും തിരിച് സൗദിയിലേക്കു..”

“എന്റെ ഇക്കാ, മക്കള് രണ്ടാളും ഇപ്പൊ വരും,”

“ഓലിപ്പോളൊന്നും വരില്ല പെണ്ണെ,.. അവരെ ഞാൻ സിനിമ കാണാൻ പറഞ്ഞു വിട്ടു..”

“നല്ല ആള് തന്നെ നിങ്ങൾ, ഉപ്പ വന്ന ദിവസം തന്നെ മക്കളെ കൂടെ നിർത്താതെ സിനിമ കാണാൻ വിട്ടിരിക്കുന്നു..”

“നി സമയം പോകാതെ ഇങ്ങോട്ട് ഒന്ന് വന്നേ..”

“ഇക്കാ.. എന്റെ കുളിയൊക്കെ ബാക്കിയാണ്..”

“എടി ഒന്ന് വാ ,”

“ഇത് എന്തൊരു തിരക്കാണ് മനുഷ്യ, ഞാൻ ഇവിടെ തന്നെ ഇല്ലേ..”

അക്ബർ പതിയെ അടുക്കളയിൽ നിൽക്കുന്ന ആയിഷയുടെ പിറകിൽ പോയി നിന്നു അവളുടെ തോളിൽ തല ചായ്ച്ചു വയറിലൂടെ കൈകൾ കോർത്തു കൊണ്ട് തന്റെ ശരീരത്തിലേക് അടുപ്പിച്ചു..

“പ്രവാസികൾക്ക് ജീവിതത്തിൽ കിട്ടുന്ന മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യമുണ്ട്, അറിയുമോ നിനക്ക്?”

പതിയെ അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് കൊണ്ട് അക്ബർ ചോദിച്ചു..

അക്ബറിന്റ കൈകൾ തന്റെ ശരീരതിൽ സ്പെർശിച്ച കുളിരിൽ നിൽക്കുന്ന ആയിഷ ഈ ലോകത്തൊന്നും അല്ലായിരുന്നു..

“ഇല്ല.. അറിയില്ല ഇക്കാ…”

“ഓരോ പ്രാവശ്യവും ആ ദ്യരാത്രിയിലെ പോലെ ആഘോഷിക്കാൻ പറ്റുന്ന ഭാഗ്യം നമുക്ക് മാത്രമേ കിട്ടിയിട്ടുള്ളു പെണ്ണെ,”

“അയ്യേ.. ഈ ഇക്കാക്ക.. മക്കളും ഉമ്മയും കേട്ടാൽ ഉണ്ടല്ലോ….”

“അതിനെന്താ..”

“അതിന് കുന്തം…”

“ഇങ്ങക്ക് ഒരു നാണവും ഇല്ലേ…”

“നല്ല ആളാ ഈ പറയുന്നത്.. എന്റെ ആയിഷു നി തന്നെ അല്ലെ ഞാൻ ഫോൺ വിളിച്ചാൽ ഒരു ഉമ്മ കിട്ടാതെ കട്ട് ചെയ്യാത്തവൾ..”

“അത് അവിടെ ആയിരുന്നപ്പോ അല്ലെ.. ഇപ്പോ ഇങ്ങള് എന്റെ അടുത്തില്ലേ…”

“എന്നാൽ പിന്നെ അന്ന് തരാറുള്ള ഉമ്മ താ…”

“പൊയ്ക്കോളി അവിടുന്ന്.. ഇനി രാത്രി മതിട്ടോ.. പോയെ.. അടുക്കളയിൽ നിന്നും പോയെ..”

“പോട്ടെ…”

“ഹ്മ്മ്.. പോ….”

“ഞാൻ പോവും.. അക്ബർ ഒരു ഭീഷണി പോലെ അവളോട്‌ പറഞ്ഞു…”

“അങ്ങനെ ഇപ്പൊ പോണ്ട.. ഇങ്ങള് ഇങ്ങോട്ട് വരി…”

“ഹാവൂ.. ഇനി ഇപ്രാവശ്യം ഏതായാലും ആ ദ്യരാത്രി നമുക്ക് ആദ്യ പകലാക്കാം അല്ലെ…”

“ഹ്മ്മ്… തന്റെ കവിളിൽ നാണം വിരിഞ്ഞിരുങ്ങി കൊണ്ട് ആയിഷു മറുപടിയായി മൂളി…”

❤❤❤

“ഇക്കാ…”

“ആയിഷു…”

“മതി ഇക്കാ… എത്ര വർഷമായി നിങ്ങൾ ആരോരുമില്ലാതെ ആ അന്യ നാട്ടിൽ… നമുക്ക് ഇപ്പൊ ഉള്ളത് തന്നെ മതി.. ഞാൻ ഇത് വരെ നിങ്ങളോട് പറഞ്ഞിട്ടില്ല.. ഇനിയെങ്കിലും നിങ്ങൾ..”

പറഞ്ഞു മുഴുവനക്കാത്ത ആ വാക്കിൽ നിറഞ്ഞു നിൽക്കുന്നതെന്താണെന്ന് മറ്റെന്തിനെക്കാളും കൂടുതലായി അറിവുള്ള ഞാന്‍ വളരെ പെട്ടന്ന് തന്നെ നാട്ടിലേക്കു വന്നു… പ്രവാസി എന്നുള്ള പട്ടം അഴിച്ചു മാറ്റി കൊണ്ട്…

ഓരോ ബിസ്സിനസ്സ് ചെയ്തു തോറ്റു മടങ്ങി വരുമ്പോഴും അവളുടെ മടിയിലേക് എന്നെ കിടത്തി ആ കൈകൾ നെറ്റിയിലേക് പതിയെ തടവി ഇറങ്ങും.. ഒരു ആശ്വാസം പോലെ…

ഉള്ളതെല്ലാം വിറ്റ് പെറുക്കി അവസാനം ഞാൻ ഒന്നുമില്ലാതെ ഇരുന്നപ്പോഴാണ് ഞാൻ മഹ്റായി അവളുടെ കഴുത്തിൽ ചാർത്തിയ നാല് പവൻ കൈകളിലേക് തരുന്നത്…

“ഇവിടുത്തെ ചതിയും വഞ്ചനയും എന്റെ ഇക്കാക്ക് അറിയില്ല.. ഇക്കാ ആരെയും ചതിക്കുക ഒന്നും വേണ്ട.. പക്ഷെ ഇക്കയുടെ മനസ്സിൽ ഒരു കാര്യം ഉണ്ടായിരിക്കണം.. കൂടെ ഉള്ളവർ എത്ര ബന്ധം ഉള്ളവർ ആണെങ്കിലും പണത്തിനു വേണ്ടി എന്തും ചെയ്യുമെന്നുള്ള കാര്യം…”

“ഇക്കാ, പോയത് എല്ലാം പോകട്ടെ.. പക്ഷെ ഈ മഹർ ഞാൻ മരിക്കുന്ന സമയം എന്റെ കഴുത്തിൽ വേണമെന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.. ഇത് എനിക്ക് തിരിച്ചു വേണം… അവളുടെ കണ്ണിൽ നിന്നും ഒലിക്കുന്ന കണ്ണ് നീർ പോലും എന്നോട് അന്ന് സംസാരിച്ചിരുന്നു…”

❤❤❤

മൂന്നു കൊല്ലം, മൂന്നേ മൂന്നു കൊല്ലം കൊണ്ട്.. അക്ബർ ആ നഗരത്തിൽ അക്ബർ ഹാജി ആയി മാറി.. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ബിസ്സിനെസ്സ് മാഗ്നെറ്റ്.. വരുമാനം കുന്ന് കൂടിയ ദിവസങ്ങളിൽ പോലും വീട്ടിൽ നിന്നും ഒരു ദിവസം പോലും അക്ബർ മാറി നിന്നിട്ടില്ല…

ആയിഷു അവളായി രുന്നു അക്ബറിന്റെ ജീവ വായു…

❤❤❤

“ഹലോ…”

“ഉമ്മാ .…”

“അക്കു.. നി പെട്ടന്ന് നാഷണൽ ഹോസ്പിറ്റലിലേക് വരണം…”

“എന്താണുമ്മ..”

“ഒന്നുമില്ല മോനെ നി പെട്ടെന്നൊന്നു വാ…”

ഉമ്മയുടെ വിറയലോടെ ഉള്ള ശബ്‌ദം അക്ബറിന്റെ മനസ്സിൽ ഭയം നിറച്ചു..

“ഉമ്മാ…”

അക്ബറിന്റെ വിളിയിൽ, അപ്പുറത്തു നിന്നും ആയിഷു എന്നുള്ള ഒരു പേരും.. കൂടെ ഒരു തേങ്ങൽ മാത്രം അവസാനമായി കേട്ടു കൊണ്ട് അവസാനിച്ചു…

തിരികെ വിളിക്കാൻ ശ്രമിച്ചു കൊണ്ട്.. അക്ബർ വളരെ പെട്ടന്ന് തന്നെ തന്റെ കാറിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു..

തന്നെ അറിയുന്നവരും, അയൽവാസികളും ബന്ധുക്കളുമായി ആ ആശുപത്രിയിടെ മുറ്റം നിറഞ്ഞിരുന്നു.. മിടിക്കുന്ന ഹൃദയത്തിന്റെ താളം അക്ബറിന് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗത്തിൽ ഓടുവാനായി തുടങ്ങി…

എന്റെ ആയിഷു.. അവൾ…

❤❤❤

“ഇക്കാ… മക്കൾ അനേഷിക്കില്ലേ നമ്മളെ…”

“അനേഷിക്കും എന്നെ അല്ല, നിന്നെ…”

“അങ്ങനെ അല്ല.. ഉപ്പയോടാ അവര്ക് ഏറ്റവും ഇഷ്ട്ടം…”

“ഇഷ്ട്ടം എന്നോടാവും.. പക്ഷെ അവർക്കു നി ഇല്ലാതെ പറ്റില്ലല്ലോ… ഫിലു ഇന്നലെ മുതൽ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല…”

“ഇക്കാ, എന്റെ മക്കൾ..”

“മക്കളെ മാത്രമേ ഓർക്കുന്നുള്ളു പെണ്ണെ…”

❤❤❤

“പ്രഷർ കൂടിയതാണ് അക്ബർ..” കൂട്ടുകാരനായ ഹരീഷ് കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“ഹരീഷ് ഇനി,.. എനിക്ക് എന്റെ ആയിഷു വിനെ തിരികെ വേണം… എത്ര പണം വേണമെകിലും ഞാൻ തരാം, പക്ഷെ നി എന്റെ ആയിഷു വിനെ തിരികെ നൽകണം.. പ്ലീസ്..” തന്റെ കൈയിൽ പിടിച്ചു കൊണ്ട് ഒരു കുഞ്ഞിനെ പോലെ കരയുന്ന അക്ബറിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഹരീഷ് നിന്നു..

“അക്ബർ ഞങ്ങൾ വേണ്ടത്തെല്ലാം ചെയ്യുന്നുണ്ട്.. ബാക്കി മുകളിലുള്ളവൻ കൂടി തീരുമാനിച്ചിട്ടുണ്ടല്ലോ.. പ്രാർത്ഥിക്കുക.. മനസ്സ് നിറഞ്ഞു ചോദിക്കുക്ക.. ആയിഷു വിനു ഒന്നും വരുത്തല്ലേ എന്ന്…”

❤❤❤

“ഉപ്പാ…. ഉമ്മ” തന്റെ രണ്ട് മക്കളും ICU വാർഡിന് മുമ്പിലേക് എത്തിയ അക്ബറിനെ കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി…

ഉമ്മ, ആരുടെയോ ചുമലിൽ തല ചായ്ച്ചു കിടക്കുന്നുണ്ട്… ഒരടി പോലും ഇനി മുന്നോട്ട് ചലിപ്പിക്കാൻ കഴിയാതെ അക്ബർ അവിടെ ഇരുന്നു… തന്റെ രണ്ട് പൊന്നു മക്കളെ ചേർത്തിരുത്തി കൊണ്ട്…

എത്ര സമയം അവിടെ ഇരുന്നെന്നു അറിയില്ല..

“അക്ബർ…”

ഡോക്ടർ ഹരീഷ് വന്നു വിളിച്ച സമയമാണ് അക്ബർ ചിന്തയിൽ നിന്നും ഉണർന്നത്…

“ഡോക്ടർ എന്റെ ഭാര്യ…”

“മിസ്റ്റർ അക്ബർ.. നമുക്ക് കേബിനിൽ ഇരിക്കാം…”

ഡോക്ടറുടെ മുഖത്തു വിരിയുന്ന ഭാവം തനിക് ഒട്ടും അനുകൂലമല്ലന്ന ഉത്തമ ബോധ്യത്തോടെ തന്നെ അക്ബർ ഡോക്ടറുടെ പിറകെ മുറിയിലേക് നടന്നു..

❤️❤️❤️

“ഇക്കാ, ഞാൻ ഒന്ന് ചോദിച്ചോട്ടെ,..”

“ഹ്മ്മ്…”

“ഇക്കാക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റുമോ..”

അക്ബർ അവളുടെ ചോദ്യം കേട്ടു കുറച്ച് നിമിഷം എന്ത് പറയണമെന്ന് അറിയാതെ നിന്നു… ജീവിതത്തിൽ ആദ്യം താൻ തന്നെ ആകും യാത്രയാകുക എന്നുള്ള ഉറച്ച വിശ്വസം അതായിരുന്നു ആയിഷ ഇല്ലാത്ത ഒരു നേരത്തെ കുറിച്ച് എന്നെ ചിന്തിപ്പിക്കുന്നതിൽ നിന്നും എന്റെ മനസിനെ പിറകിലേക് വലിച്ചത്…പക്ഷെ ഇപ്പൊ എന്ത് ഉത്തരം നൽകും..

ആയിഷ യെ തോളോട് ചേർത്ത് നിർത്തി മുകളിലേക്ക് തന്റെ കണ്ണുകളെ പായിച്ചു കൊണ്ട് അക്ബർ പറഞ്ഞു..

“നീ എന്റെ കൂടെ ഇല്ലാതെ ആകുന്ന ദിവസം, എന്റെ പേരും ഈ ഭൂമിയിൽ നിന്നും മായിക്കപ്പെടും..”

“അപ്പൊ ഇക്ക, ആത്മഹത്യ ചെയ്യുമോ…”

“പോടീ, ബുദുസെ.. നിന്റെ ആത്മാവിനെ പിടിച്ച മാലാഖ തന്നെ എന്റെയും പിടിച്ചു നിന്റെ കൂടെ കൊണ്ട് പോകും…നിന്റെ ഉള്ളിലെ ഹൃദയമാണ് പെണ്ണെ എന്റെ ജീവൻ നിലനിർത്തുന്നത്…”

❤️❤️❤️

“അക്ബർ…”

“കുറച്ചു കോംബ്ലിക്കേറ്റഡ് ആണ്…”

“പ്രെഷർ തലയിൽ കയറി ബ്ലഡ് കട്ട പിടിച്ചിട്ടുണ്ട്… ഞാൻ നിങ്ങളോട് പറഞ്ഞതെല്ലേ അവളെ വെറുതെ സ്‌ട്രെയിൻ ചെയ്യിക്കരുതെന്ന്..”

“ഡോക്ടർ, ഞാൻ അവളെ വിഷമിപ്പിക്കുന്നതൊന്നും വീട്ടിൽ പറയാറില്ല..”

“ഒരു ഓപ്പറേഷൻ വേണ്ടി വരും ഇന്ന് തന്നെ…”

“ഒരു ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ് നമുക്കുണ്ട്.. പ്രാർത്ഥിക്കുക..”

“ഡോക്ടർ, എന്റെ ആയിഷയെ ഒന്ന് കാണുവാൻ പറ്റുമോ..”

“പുറത്ത് നിന്ന് കാണാം, അല്ലാതെ ഇപ്പൊ അകത്തു കയറാൻ പറ്റില്ല..”

“പ്ലീസ് ഡോക്ടർ..”

“സോറി അക്ബർ.. അത് അപകടമാണ്..”

“ഓക്കേ.. ഡോക്ടർ ഞാൻ അങ്ങനെ കണ്ടോളാം…”

❤️❤️❤️

ചെറിയ ജീവിതം.. വലിയ പ്രതീക്ഷ

ഇരുപത്തി മൂന്നു കൊല്ലത്തെ ദാമ്പത്യം… അതിൽ ഇരുപത് വർഷവും വിദേശത്ത്.. രണ്ട് വർഷത്തിൽ തൊണ്ണൂറ് ദിവസത്തെ ലീവിന് വരും.. ഇരുപത് വർഷത്തിന് ഇടയിൽ ഞാൻ അവളോടൊപ്പം ജീവിച്ചത് തൊള്ളായിരം ദിവസം…

ഒരു വസന്തം വന്നു അവളോട് കൂടെ ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോട് അടുക്കുന്നു… ആയിരം ദിവസം…

ആകെ എന്റെ പെണ്ണിന്റെ കൂടെ ജീവിച്ചത് ആയിരത്തിതൊള്ളായിരം ദിവസങ്ങൾ മാത്രം..

❤️❤️❤️

ഡോക്ടറുടെ കേബിനിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോളും അവളുടെ ആ ചോദ്യം എന്റെ മുന്നിലേക്ക് വന്നു..

“ഞാൻ ഇല്ലാതെ ആയാൽ..”

കഴിയില്ല… അവളില്ലാതെ ഞാൻ എങ്ങനെ എന്റെ ദിവസങ്ങളെ സന്തോഷ ത്തോടെ കൂടെ കൂട്ടും.. ആയിഷ നിന്റെ പുഞ്ചിരി തൂകുന്ന മുഖമാണ് പെണ്ണെ എന്റെ നെഞ്ചിൽ ഇടിക്കുന്ന മന്ത്രം…

ഓരോ പ്രവാസി യും പറയുന്ന ഒരു കള്ളമുണ്ട്.. അത് അവർ ഏറ്റവും കൂടുതൽ പറയുക കൂടെ ഉള്ള പ്രവാസി സുഹൃത്തുക്കളോട് തന്നെ ആയിരിക്കും… നാട്ടിലേക്കു പോകുവാനായി മനസിൽ കൊതി വന്നാൽ.. മക്കളെ കാണാൻ തോന്നുന്നു എന്നൊരു കളളം.. മക്കളെ കാണാൻ തോന്നുമെങ്കിൽ പോലും അവരുടെ ഓരോരുത്തരുടെയും ഉള്ളിൽ തന്റെ പ്രിയപ്പെട്ടവളെ ഒന്ന് കാണാൻ ഉള്ള കൊതിയാകും.. പക്ഷെ അവർ അത് ഒരിക്കലും പറയില്ല എന്ന് മാത്രം…

ഓരോ പ്രാവശ്യത്തെയും ലീവ് കഴിഞ്ഞു തിരികെ പോകുവാനുള്ള സമയം അടുക്കുമ്പോൾ,.. പ്രിയപ്പെട്ടവളുടെ മൂർത്താവിൽ ഒരു ചുംബനം നൽകി കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണ് നീർ തുള്ളികൾ കിടയിലൂടെ നിറമുള്ള ഒരു പുഞ്ചിരി നൽകി പറയാതെ പറയും..

ഉടനെ വരാം… പെട്ടന്ന് തന്നെ.. ഈ കടം തീർത്തിട്ട്…

❤️❤️❤️

“അക്ബർ… സോറി…”

“ആയിഷ.. അവൾ പോയി…”

നിശ്ചലമായി ഇരിക്കാൻ മാത്രമേ അക്ബറിന് സാധിച്ചുള്ളൂ.. ദേഹത്തേക്ക് അരിച്ച് കയറുന്ന തരിപ്പ് പോലും അറിയാതെ കുറച്ചു സമയം അക്ബർ ആ ചെയറിൽ തന്നെ ഇരുന്നു…

കുറച്ചു കാര്യങ്ങൾ കൂടെ ചെയ്യുവാനായുണ്ട്..

ആയിഷയുടെ അവസനമായുള്ള കുളി അത് ഞാൻ തന്നെ നടത്തണം.. അവളെ പുതിയ വീട്ടിലേക് പോകുന്നതിന് മുമ്പുള്ള വസ്ത്രം ധരിപ്പിച്ചു ഒരുക്കണം…അവളെ കൊണ്ട് പോകുന്ന വാഹനത്തിന്റെ മുന്നിൽ തന്നെ ചേർത്ത് നിൽക്കണം.. അവളെ സുന്ദരമായി സ്വീകരിക്കാൻ റബ്ബിനോട് പറയണം.. അവളെ പുതിയ വീട്ടിലേക് കൈ ചേർത്ത് ഇറക്കി വെക്കണം…

പോരുവാൻ നേരം സ്വകാര്യമായി പറയണം… പെണ്ണെ ഞാൻ പെട്ടന്ന് വരാമെന്ന്…

❤️❤️❤️

“ഇക്കാ പോവണ്ടേ…”

“പോകാം…”

അവരിരുന്ന ബെഞ്ചിൽ നിന്നും ആയിഷയുടെ കൈകൾ പിടിച്ചു കൊണ്ട് അക്ബറിന്റെ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തേക്കിറങ്ങി അപ്പൂപ്പന്‍ താടി പോലെ മുകളിലേക്കുയര്‍ന്നു…

തന്നിൽ നിന്നും വിട്ടു ഉയരങ്ങളിലേക് പറന്ന് പൊങ്ങുന്ന ആത്മാവിനെയും പ്രാണ സഖിയെയും കണ്ണ് തുറന്ന് നോക്കി കൊണ്ട് ആ ശരീരം ബെഞ്ചിൽ ഇരുന്നു… ആയിഷയുടെ ചാരെ ഉറങ്ങുന്നതും കാത്ത്…

ബൈ

നൗഫു ❤️❤️❤️