“ഇതാ ഒരു സ്നേഹിത“
രചന: അനീഷ് ദിവാകരൻ
ബസ്സിൽ നിന്ന് ഇറങ്ങി രജീഷ് കോളേജിലെയ്ക്ക് നടന്നു… ഇന്ന് അവസാന ദിവസം ആണ് കോളേജിലെ… തേർഡ് ക്ലാസ്സിൽ പാസ്സ് ആയ്യിരിക്കുന്നത് കൊണ്ട് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ രജീഷിനു ഒരു താല്പര്യവും ഇല്ലായിരുന്നു. എന്നാൽ തന്റെ ശാലിനിയെ അവസാനം ആയി ഒന്ന് കാണുവാൻ കഴിഞ്ഞെങ്കിലോ..അത് ചുട്ടു നീറുന്ന ഒരാഗ്രഹം ആയി മനസ്സിൽ കിടന്നു കത്തുന്നു.. പല പ്രാവശ്യം തനിക്ക് അവളോടുള്ള അനുരാഗം പറഞ്ഞാൽ കൊള്ളാം എന്നുണ്ടായിരുന്നു… മുടിഞ്ഞ തന്റെ നാണം അതിനു സമ്മതിച്ചിട്ടു വേണ്ടേ.
ടാറിട്ട റോഡിൽ നിന്ന് തെന്നിമാറി കിടക്കുന്ന ഒറ്റയടി പാതയിലേക്ക് രജീഷ് കടന്നു. പാതയിലെ വലിയ മതിൽകെട്ടിനുള്ളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തികൊണ്ട് തല ഉയർത്തിനിൽക്കുന്ന വാകമരം കാറ്റിൽ ഇളകി ആടി. മുന്നോട്ടുള്ള വഴിയിൽ അവൻ തീർത്തും ഏകനായിരുന്നു. ഒരു വലിയ വളവ് എത്തുന്നതിന് മുൻപ് വിരഹം നിറഞ്ഞു നിന്ന ഏതോ ഒരു ഗാന ശകലങ്ങൾ രജീഷിനെ തേടി എത്തി. ആ വളവിനപ്പുറം ഏതോ പെൺകുട്ടി വഴിയിൽ നിന്ന് പാടുന്നുണ്ട്.
ആകാംക്ഷയോടെ വളവു തിരിഞ്ഞ അവൻ ഞെട്ടിതരിച്ചുനിന്ന് പോയി..അവിടെ അങ്ങിനെ ഒരു പെൺകുട്ടി ഇല്ലായിരുന്നു….. അയാളുടെ ശരീരത്തിലൂടെ ഏതോ ഒരു ശക്തിയുടെ കുതിച്ചുകയറ്റം ആ നിമിഷം രജീഷ് അറിഞ്ഞില്ല.. ആ ഒറ്റയടി പാതയിൽ നിന്ന് താഴെക്കു നോക്കിയാൽ ഒരു പാട് അകലെ കാടിന്റെ നടുവിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു തറവാട് കാണാം… മാങ്കുറിശ്ശി ഇല്ലം.. കുറേ നാൾ മുൻപ് ഏതോ ദുർമന്ത്രവാദികൾ അവിടെ താമസിച്ചിരുന്നു അത്രെ….പിന്നീട് ഒരിക്കൽ ആ ഇല്ലത്തെ പെൺകുട്ടിക്കു ഏതോ ഒരു തമിഴൻ ചെക്കനോട് കലശലായ പ്രേമം… പ്രേമം മൂത്തു വന്നപ്പോൾ അത് മനസ്സിലാക്കിയ മന്ത്രവാദി ആ ചെക്കനെയും കുടുംബത്തെയും തന്റെ ദുർ ശക്തികളെ അയച്ചു ഇല്ലായ്മ ചെയ്തു… അധികം താമസിയാതെ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു… ആ പെൺകുട്ടിയുടെ പ്രേതത്തെ അവിടെ ചില സ്ഥലങ്ങളിൽ കണ്ടവരുണ്ട് എന്ന് പറയുന്നു.. പിന്നീട് ഒരിക്കൽ ആ ഇല്ലത്തുണ്ടായ തീ പിടുത്തത്തിൽ അവിടെ താമസിച്ചിരുന്ന ദുർമാന്ത്രികനടക്കം എല്ലാവരും വെന്തു വെണ്ണീറായി…
കുറച്ചു സമയം അതൊക്കെ ആലോചിച്ചു രജീഷ് അവിടെ അറിയാതെ നിന്ന് പോയി.. പിന്നീട് ശാലിനിയെക്കുറിച്ച് ഓർമ്മ വന്ന രജീഷ് ദൃതിപിടിച്ചു കോളേജിലേക്ക് നടന്നു. അവിടെ ഉണങ്ങിയ മരച്ചില്ലയിൽ ഒരു നിഴൽ പോലെ എന്തോ അവനെ ശ്രെദ്ധിക്കുന്നത് മാത്രം രജീഷ് അപ്പോൾ അറിയാതെ പോയി. കോളേജിന്റെ മുൻപിൽ എത്തിയപ്പോൾത്തന്നെ പ്രിയ സുഹൃത്ത് അനീഷ് വരുന്നത് കണ്ട അവനു ആശ്വാസം ആയി
“അനീഷ് ശാലു നെ കണ്ടോ “
“ഏത് ശാലു…” ചിരിച്ചു കൊണ്ട് അനീഷ് ചോദിച്ചു
“ഡാ ഞാൻ വല്ലാത്ത ടെൻഷനിൽ ആണ്… ഇന്ന് രാവിലെ ഉറക്കം ഉണർന്നു എഴുന്നേറ്റപ്പോൾ ആണ് അറിയുന്നേ… അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാന്ന്… ഡാ ഒന്ന് വേഗം പറ അവളെ കണ്ടോ?”
“കൊള്ളാം രജീഷ് ഇത് പറയാൻ നീ അവസാന ദിവസം വരെ വെച്ച് കൊണ്ടിരുന്നു അല്ലെ.. കൊള്ളാം ഭേഷ്… നിനക്ക് എന്നോട് എങ്കിലും ഒന്ന് പറയാൻ മേലാരുന്നോ.. ആ… അവളു വന്നു സർട്ടിഫിക്കറ്റ് വാങ്ങി നുമ്മടെ തടിച്ചി പാറു രാധികയോടൊപ്പം തിരിച്ചു പോകുന്നതും കണ്ടു..മിക്കവാറും അവളുടെ ഹോസ്റ്റലിലേക്ക് ആയിരിക്കും പോയിരിക്കുന്നത്…..എന്നിട്ട് ഇപ്പോൾ ആണ് അവന്റെ എഴുന്നുള്ളത്ത്… അല്ല പിന്നെ “
അത് കേട്ട് രജീഷ് ആകെ തളർന്നു പോയി. കുറച്ചു കൂടി നേരത്തെ തനിക്കു അവളോടുള്ള അനുരാഗം പറയേണ്ടതായിരുന്നു… അതെങ്ങനെ എത്ര പേര് ആണ് ശാലിനിയെ പ്രേമിച്ചു പുറകെ നടന്നത്.. എല്ലാവരോടും അവൾ താല്പര്യം ഇല്ല എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന് താൻ വളരെ വൈകി ആണ് അറിയുന്നത്… എന്നാൽ പിന്നീട് ഉള്ള നീണ്ട ആലോചനയിൽ ആണ് അവൾക്ക് തന്റെ നേരെ ഉള്ള നോട്ടത്തിലും പെരുമാറ്റത്തിലും എന്തോ തന്നോട് പറയാൻ ഉണ്ട് എന്ന് തനിക്കു മനസ്സിൽ ആകുന്നത്.. ഛെ.. താൻ കാര്യങ്ങൾ നേരെ ചൊവ്വേ മനസ്സിൽ ആക്കാൻ ഒരു പാട് വൈകി പോയിരിക്കുന്നു. അതിനിടയിൽ യക്ഷിയെ പേടിച്ചു വഴിയിൽ നിന്ന് അങ്ങനെയും കുറേ അധികം സമയം പോയി കിട്ടി.
അനീഷിന്റെ സൈക്കിൾ കടം വാങ്ങി രജീഷ് ശാലിനിയുടെ ഹോസ്റ്റലിലേക്ക് പാഞ്ഞു… ഇന്ന് ഭാഗ്യം ഉണ്ടെങ്കിൽ തനിക്കു അവളെ കാണാം. കോളേജ് കഴിഞ്ഞു കുറച്ചു ദൂരം കൂടി കഴിഞ്ഞാൽ പിന്നെ ലേഡീസ് ഹോസ്റ്റലിലേക്കുള്ള കുത്തനെ ഉള്ള കയറ്റം ആണ്. സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്ന് രജീഷ് സൈക്കിളിന്റെ പെഡലിൽ ആഞ്ഞു ചവിട്ടി.. ദൂരെ അതാ ഒരു പൊട്ടു പോലെ ശാലിനിയും ഒപ്പം രാധികയും നടന്നു നീങ്ങുന്നു.. എത്ര ദൂരെ ആണെങ്കിലും ശാലിനിയെ അവനു തിരിച്ചു അറിയാം.. അത്രയ്ക്കുണ്ട് അവനു അവളോടുള്ള ഇഷ്ടം. ഒരു വിധം രജീഷ് അവരുടെ പുറകെ എത്തി.. ചെറുതായി ഒന്ന് സൈക്കിളിലെ ബെല്ലടിച്ചപ്പോൾ രാധിക ആണ് ആദ്യം തിരിഞ്ഞു നോക്കിയത്.
“എന്താ… രജീഷ് “
“എനിക്ക് ശാലിനിയോട് ഒരു കാര്യം…” കിതപ്പിനിടയിൽ അവൻ പറഞ്ഞൊപ്പിച്ചു…. ശാലിനി അത്‍ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ടു രജീഷ് ഒന്ന് കൂടെ വിയർത്തു.
“എന്താ.. രജീഷ്.. എന്താ എന്നോട്.. പറയാൻ..”ഇതാ തന്റെ ശാലിനി തന്നോട് ചോദിക്കുന്നു.. അവളുടെ കണ്ണുകളിൽ നാണത്തിന്റെ നൂറ് താമര വിരിയുന്നത് രജീഷിനു കാണാമായിരുന്നു…അല്ലെങ്കിൽ തന്നെ സൈക്കിൾ ഓടിച്ചു ഒരു പരുവം ആയിരുന്ന രജീഷ് ശാലിനിയുടെ ആടികളിക്കുന്ന കണ്ണുകളിലെ നോട്ടം കൂടി താങ്ങാൻ ഉള്ള കെൽപ്പില്ലാതെ കുഴങ്ങി. ആ ഒരു നിമിഷം തന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ അവനു തോന്നി.
“അതെ… കങ്ങരപടിക്കുള്ള ലാസ്റ്റ് ബസ് എപ്പോഴാ…” ചോദ്യം കേട്ട് അൽപ്പസമയം രജീഷിന്റെ മുഖത്തെക്ക് കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി നിന്ന ശാലിനി മറുപടി ഒന്നും പറയാതെ ചവിട്ടി കുതിച്ചു ഹോസ്റ്റലിനുള്ളിലേക്ക് നടന്നു പോയി.
“ന്റെ.. പൊന്നു രജീഷ് അത് ചോദിക്കാൻ ആണോ ഈ സൈക്കിളും ഓടിച്ചു ഞങ്ങളുടെ പുറകെ ഇത്ര കഷ്ടപെട്ടു വന്നേ..?”
“അതല്ല….”
“എതല്ലെന്നു…? തെളിയിച്ചു ഒന്ന് വേഗം പറയ് രജീഷ്…”
“രാധിക എനിക്ക് ശാലിനിയെ ഭയങ്കര ഇഷ്ടം.. ചോദിച്ചാൽ ഇഷ്ടം അല്ലെന്ന് പറയുമോ എന്നൊരു സംശയം… അത് കൊണ്ട് ചോദിക്കാൻ ഒരു ഭയം”
“അത് കൊണ്ട് ഈ അവസാന ദിവസം വരെ വേണ്ടി വന്നു അല്ലെ രജീഷിനു ഇതൊന്നു പറയാൻ….”
“സോറി.. രാധിക “
“എന്നാ എന്റെ പൊന്നു മോൻ പുറകിൽ ആരാ നിൽക്കുന്നെ എന്ന് നോക്കിയെ “
ഞെട്ടി തിരിഞ്ഞു നോക്കിയ അവൻ കണ്ടു തന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി കൊണ്ട് ശാലിനി.. ആ കണ്ണുകളിലെ തീക്ഷണ നോട്ടം താങ്ങാൻ ആവാതെ രജീഷ് തല കുമ്പിട്ടു..
“രജീഷ് നീ പറയുന്നത് മുഴുവൻ ഞാൻ കേട്ടു… എന്നെ ഇഷ്ടം ആയിരുന്നു അല്ലെ നിനക്ക്..”
“അതെ…” രജീഷിൽ നിന്ന് വാക്കുകൾ അറിയാതെ പുറത്തു ചാടി.
“എന്നിട്ട് നീ എന്ത് കൊണ്ട് ഈ അവസാന നിമിഷം വരെ ഇത് എന്നിൽ നിന്നും മറച്ചു വെച്ചു “
ശാലിനിയോട് മറുപടി ഒന്നും പറയാൻ ആകാതെ തല കുമ്പിട്ടു നിൽക്കുക ആയിരുന്നു അപ്പോഴും രജീഷ്
“എടാ നിന്റെ കണ്ണുകളിൽ നിന്റെ ചില പ്രവർത്തികളിൽ ഞാൻ കണ്ടിട്ടുണ്ട് നിനക്ക് എന്നോട് ഉള്ള സ്നേഹം.. എന്നാലും എന്നോട് നീ ഇത് പറയാതെ..ഞാൻ അങ്ങോട്ട് വന്നു ചോദിക്കും എന്ന് നീ കരുതിയോ…. “
രജീഷിന്റെ അടുത്ത് നിന്നും പെട്ടന്ന് അകന്ന് മാറി ശാലിനി അടുത്തുള്ള കലുങ്കിൽ മുഖം താഴ്ത്തി ഇരുന്നു. ശാലിനിയുടെ കാലുകളിലേക്ക് കണ്ണ് നീർ തുള്ളികൾ ഇറ്റിറ്റു വീഴുന്നത് രജീഷിനു കാണാമായിരുന്നു.
“രജീഷ് നിന്റെ കാര്യം പറഞ്ഞു ശാലിനി വളരെ വിഷമിച്ചു ഇപ്പോൾ എന്റെ ഒപ്പം നടക്കുക ആയിരുന്നു… ഇവൾ ഇപ്പോൾ എന്നോട് പറഞ്ഞതെ ഉള്ളു നിനക്ക് ഇവളോട് സ്നേഹം ഇല്ലാതിരിക്കാം എന്നൊക്കെ… ഏതായാലും സമാധാനം ആയി… രണ്ടു പേരും ഒന്നിച്ചല്ലോ… ശാലിനി നിന്റെ നാട്ടിലേക്കുള്ള അവസാന ബസ്സും വരാറായി.. നീ കരഞ്ഞു കൊണ്ട് ഇരുന്നാൽ……..എങ്ങനെ.. പോകുന്നില്ലേ…” രാധിക ജിജ്ഞാസയോടെ ശാലിനിയുടെ മുഖം പിടിച്ചുയർത്തി.. ശാലിനി പെട്ടന്ന് വാച്ചിൽ നോക്കി കൊണ്ട് കലുങ്കിൽ നിന്ന് ചാടി എഴുന്നേറ്റു.
“രജീഷ് നീ എന്റെ ഫോൺ നമ്പർ നോട്ട് ചെയ്തോളു..”
“ഓ അതെന്റെ കയ്യിൽ ഉണ്ട് “
“എന്റെ കയ്യിൽ ഉണ്ട്.. എന്നിട്ട് ആണ്…”
രജീഷിന്റെ കൈകിട്ട് ഒരു നുള്ള് കൊടുത്തിട്ടു അപ്പോൾ ബസ് സ്റ്റോപ്പിലേക്ക് വന്നു നിന്ന ബസ്സിൽ ഓടി കയറുമ്പോഴും ശാലിനിയുടെ കണ്ണുകൾ അവനിൽ ഉടക്കി നിന്നിരുന്നു ..കഴിഞ്ഞു പോയ സമയങ്ങളിൽ, വർഷങ്ങളിൽ പറയാൻ ആവാതെ പോയ ആയിരമായിരം കഥകൾ പറയുന്നുണ്ടായിരുന്നു ചുവന്നു നിറഞ്ഞിരുന്ന ആ കണ്ണുകൾ.. ശാലിനിയുടെ ബസ് അകലെ ഒരു പൊട്ടു പോലെ മറഞ്ഞപ്പോൾ രജീഷ് വഴിയിൽ നിന്ന് അറിയാതെ തുള്ളി ചാടിപ്പോയി..
“ദൈവമേ.. അവളുടെ മനസ്സിൽ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളൂ എന്നോ ” രജീഷ് സൈക്കിളിനെ ഒരു മുത്തം കൊടുത്തു സൈക്കിളിൽ ചാടി കയറി ഇരുന്നു. ക്ലാസ്സിൽ മാത്രം അല്ല ആ കോളേജിലെ തന്നെ കൊലകൊമ്പൻമാർ ശാലിനിയുടെ പുറകെ നടക്കുന്നത് കണ്ടു തനിക്കു ഒരു സാധ്യതയും താൻ കണ്ടിരുന്നില്ല.. ശോ . കുറച്ചു നേരത്തെ താൻ ഇതൊക്കെ തിരിച്ചറിയേണ്ടതായിരുന്നു.. സന്തോഷം കൊണ്ട് മതി മറന്ന രജീഷ് സൈക്കിളിലിരുന്ന് ശാലിനിയുടെ ബസ് പോയ വഴിയിൽ ഒന്ന് കൂടി തിരിഞ്ഞു നോക്കി.. ………………..
അന്ന് തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ബസ്സിൽ ഇരുന്നു ഉറങ്ങി പോയ ശാലിനി ഏതോ സ്റ്റോപ്പിൽ ബസ് ബ്രേക്ക് ഇടുന്ന ശബ്ദം കേട്ട് ആണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്..സമയം സന്ധ്യ ആയി തുടങ്ങിയിരുന്നു രജീഷിനെകുറിച്ച് പെട്ടന്ന് ഓർമ്മ വന്ന അവൾ നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ ഫോൺ എടുത്തു നോക്കി. ഇല്ല താൻ ഫോൺ റിങ് ചെയ്യുന്നത് ഒന്നും കേട്ടില്ല… ഫോൺ സൈലന്റ് ആയിരുന്നുവാ എന്ന് അവൾ നോക്കി. ഇല്ല ഒരു കാൾ പോലും രജീഷിൽ നിന്ന് വന്നിട്ടില്ല. ശാലിനി വല്ലാത്ത ആശയക്കുഴപ്പത്തിൽ ആയിപ്പോയി . ധൃതി പിടിച്ചു ബസ്സിൽ ഓടി കയറിയത് കൊണ്ട് രജീഷിന്റെ ഫോൺ നമ്പർ വാങ്ങാതെ ഇരുന്നത് വലിയ മണ്ടത്തരം ആയിപോയെന്നു ഇപ്പോൾ അവൾക്കു മനസ്സിലായി..
വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഇതേ സ്ഥിതി തുടർന്നു… രാധികയോട് ഒരു കരച്ചിലോടെ അവൾ കാര്യം പറഞ്ഞു.രജീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചു കൊണ്ട് രാധിക യുടെ അറിയിപ്പ് അൽപ്പം സമയത്തിനുള്ളിൽ എത്തി.രജീഷ് ഒരു പക്ഷെ പറ്റിച്ചത് ആവും എന്നുള്ള രാധികയുടെ അഭിപ്രായം കൂടി കുറച്ചു നാൾ കഴിഞ്ഞു വന്നതോടെ ശാലിനി മാനസികമായി ആകെ തകർന്നു..രാധികയിൽ നിന്ന് രജീഷിന്റെ ഫോൺ നമ്പർ കണ്ട് പിടിച്ചു എല്ലാദിവസവും ട്രൈ ചെയ്തു കൊണ്ടിരുന്ന ശാലിനി കുറെ നാളുകൾക്ക് ശേഷം ഒരിക്കൽ അവളുടെ പ്രിയപ്പെട്ട വന്റെ ഫോൺ റിങ് ചെയ്യുന്നുതറിഞ്ഞു കാത് കൂർപ്പിച്ചു .. അൽപ്പം സമയത്തിനുള്ളിൽ രജീഷിന്റ വാക്കുകൾ അവളുടെ ഇട നെഞ്ച് പൊട്ടിച്ചു കൊണ്ട് ഓടി എത്തി…
ഇഷ്ടം അല്ലെന്ന്… ഇനി ഒരിക്കലും വിളിക്കരുത് എന്ന്.. മനസ്സിൽ തോന്നിയ ദേഷ്യവും വിഷമവും ഒക്കെ രജീഷിന്റെ കാത് പൊട്ടിപോകുന്ന രീതിയിൽ വിളിച്ചു പറഞ്ഞ ശാലിനി അറിഞ്ഞില്ല താൻ ഒരു മാനസിക വിഭ്രാന്തിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയായിരുന്നുവെന്ന്…പിന്നീട് നടന്ന നീണ്ട ട്രീറ്റ്മെന്റ് കൊണ്ട് ആണ് ശാലിനി ഏറെ കുറെ പഴയ രീതിയിൽ ജീവിതത്തിലേക്ക് തിരികെ വന്നത്…എന്നാൽ കുറച്ചു വർഷങ്ങക്കുമപ്പുറം ശാലിനിയെ കുടുംബത്തെയും പിന്നെയും കാത്തിരുന്നത് വൻ ചതിക്കുഴികൾ ആയിരുന്നു .ബിസിനസ്സിൽ ശാലിനിയുടെ അച്ഛന്റെ പാർട്ണർ ആയിരുന്ന അവളുടെ കൊച്ചച്ചൻ അവളുടെ അച്ഛനെ സമർത്ഥമായി പറ്റിച്ചു… ബിസിനസ് മാത്രം അല്ല ശാലിനി യുടെ വലിയ കൊട്ടാരം പോലുള്ള വീടും പറമ്പിന്റെ ആധാരം കൂടി അയാൾ കൈക്കലാക്കി… ആ നാട്ടിൽ നിന്ന് തന്നെ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടു പൊയ്ക്കൊള്ളാൻ ആയിരുന്നു കൊച്ചച്ചന്റെയും അയാളുടെ ഗുണ്ടകളുടെയും കല്പന…. എന്നാൽ ശാലിനിയുടെ ഒറ്റ വാശിയിൽ അവളുടെ കുടുംബം ആ നാട്ടിൽ തന്നെ ഒരു ഒറ്റ മുറി കെട്ടിടത്തിൽ വാടകയ്ക്ക് താമസം ആരംഭിച്ചു…
ശാലിനിയുടെ ചെറിയ ശമ്പളത്തിൽ ആ കുടുംബം കഷ്ടപ്പെട്ട് കഴിഞ്ഞു… അതി സുന്ദരിയായിരുന്ന ശാലിനിയെ നാട്ടിൽ പലരും നോട്ടമിട്ടിരുന്നു..ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി വീട്ടിനുള്ളിലേക്ക് കടന്നു വന്ന ആളെ കണ്ടു ശാലിനി ഞെട്ടി… അവൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ആയിരുന്നത്… വീട്ടിനുള്ളിൽ കയറിയതും അയാൾ വീടിന്റെ വാതിൽ അകത്തു നിന്നും അടച്ചു… തന്നെ ഉപദ്രവിക്കുകയാണ് അയാളുടെ ലക്ഷ്യം എന്ന് കണ്ട ശാലിനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി… ആ സമയത്തു ദൈവം കൊണ്ട് വിട്ട മാതിരി ആയിരുന്നു അവളുടെ കൊച്ചച്ചന്റെ മകൾ ഗയയുടെ വരവ്…
അകത്തു ശാലിനിയുടെ കരച്ചിൽ കേട്ട് ഗയ പുറത്തു നിന്ന് കരഞ്ഞു ബഹളം ഉണ്ടാക്കിയതിനെ തുടർന്നു ഓടി കൂടിയ നാട്ടുകാർ ശാലിനിയുടെ മുതലാളിയെ കൂട്ടം കൂടി തല്ലി. എങ്ങിനെയോ അയാൾ നാട്ടുകാരുടെ പിടി വിടുവിച്ചു ഓടി അയാളുടെ കാറിൽ കയറി രക്ഷപെട്ടു കളഞ്ഞു … ഗയയും ശാലിനിയും അന്ന് പരസ്പരം കെട്ടിപിടിച്ചു കുറേ അധികം സമയം കരഞ്ഞു… ഗയയ്ക്ക് ജീവൻ ആയിരുന്നു അവളുടെ വല്യച്ഛന്റെ മകൾ ശാലിനി.. ഒന്നിച്ചു കളിച്ചും തല്ലു കൂടിയും വളർന്നവർ… ഇപ്പോൾ ഗയയയ്ക്ക് തന്റെ അച്ഛന്റെ ദുരാഗ്രഹം കാരണം അവളുടെ പ്രിയപെട്ട ചേച്ചിയുടെ മുഖത്തു നോക്കാൻ പോലും പറ്റാതെ ആയിരിക്കുന്നു.
തന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്ന് ശാലിനിയെ അറിയിക്കാൻ ഓടി എത്തിയത് ആണ് ഗയ… എങ്ങനെ എങ്കിലും ഈ കല്യാണആലോചനയിൽ നിന്ന് തന്നെ രക്ഷിക്കണം എന്നുള്ള ഗയയുടെ അഭ്യർത്ഥന കേട്ട് ശാലിനി ഞെട്ടി…കാണാൻ വരുന്ന ചെക്കന് ആക്‌സിഡന്റിൽ ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ടത്രേ…എന്നാലും ചെക്കന്റെ വീട്ടുകാർ നല്ല പണക്കാർ ആണ്.. അത് മാത്രം അറിഞ്ഞാൽ മതിയല്ലോ ഗയയുടെ അച്ഛന്…
“ശാലിനി ചേച്ചി ഈ കല്യാണം വേണ്ട എന്ന് വെച്ചാൽ എന്നെ കൊന്ന് കളയും അച്ഛൻ ആ കണ്ണ് പൊട്ടനെ കല്യാണം കഴിക്കുന്നതിലും ഭേദം എനിക്ക് മരിച്ചാൽ മതി ചേച്ചി “
ശാലിനി ഗയയെ മാറോടണച്ചു പിടിച്ചു..ഗയയുടെ കരച്ചിൽ അടക്കാൻ ശാലിനി പാട് പെട്ടു….. ഗയ ഇപ്പോൾ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നുള്ളു എന്ന് ശാലിനി തിരിച്ചറിഞ്ഞു… കുറച്ചു മുൻപ് തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ തന്റെ ശരീരം വിറക്കുന്നതും.. കാലപഴക്കം കൊണ്ട് പിഞ്ചിപോയിരുന്ന തന്റെ സാരി ഇപ്പോൾ നടന്ന പിടിവലിക്കിടയിൽ കീറിപോയതും ഗയ അറിയുന്നേ ഉണ്ടായിരുന്നില്ലയെന്നു ശാലിനി മനസ്സിലാക്കി.. നാട്ടുകാർ പോലും മുറ്റത്തു നിന്ന് പിരിഞ്ഞു പോയിട്ടില്ല… അതിന് മുന്നേ ഗയ അവളുടെ സ്വന്തം ബുദ്ധിമുട്ടിലേക്കു കടന്നിരിക്കുന്നുവെങ്കിൽ ഗയയെ ഒരു പാട് സൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്നു ശാലിനിക്ക് മനസ്സിലായി.. വല്ല അവിവേകവും ഗയ കാണിച്ചു കളയും എന്ന് വരെ ശാലിനി ഭയപെട്ടു.
“എന്റെ പൊന്നു മോൾ ഇങ്ങനെ ഭയക്കാതെ ചേച്ചിയുണ്ടല്ലോ ഇവിടെ… ഒരു കാരണവശാലും ചേച്ചി ഇത് സമ്മതിക്കില്ല… മോള് വീട്ടിലേക്ക് ചെല്ല് ചേച്ചി അവർ എത്തുമ്പോഴെക്ക് അങ്ങ് എത്തിയേക്കാം ” ഒരു വിധം ഗയയെ തിരിച്ചു പറഞ്ഞയച്ച ശാലിനി ബാത്‌റൂമിൽ ഓടിക്കയറി ഒരു ബക്കറ്റ് വെള്ളം നിന്ന നിൽപ്പിൽ തല വഴി ഒഴിച്ചു. ശരീരം പല ഭാഗത്തും നീറുന്നുണ്ട്…. ശാലിനി കണ്ണ്നീർ തോർത്ത് കൊണ്ട് തുടച്ചു മാറ്റി.. ഒന്ന് ഉറക്കെ കരയാൻ പോലും തനിക്കു ദൈവം സമയം തരുന്നില്ലയല്ലോ എന്നോർത്ത് അവളുടെ ഹൃദയം തേങ്ങി.. ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു കയ്യിൽ കിട്ടിയ ചുരിദാറും ഇട്ട് ശാലിനി ഗയയുടെ വീട്ടിലേക്ക് പോകാൻ ആയി പുറത്തേക്കു ഇറങ്ങി
“ശാലിനി മോളെ.. നീ എവിടെ പോകുന്നു ” വീടിനു കുറച്ചു അകലെ ചായക്കട നടത്തുന്ന മാധവൻ ചേട്ടൻ ആയിരുന്നു അത്..
“ചേട്ടാ ഒന്ന് ഗയയുടെ വീട് വരെ “
“എന്റെ പൊന്നു മോളെ നിനക്ക് പ്രാന്ത് ആണ്… ആ ഗയയുടെ അച്ഛൻ അല്ലെ മോളുടെ അച്ഛനെ ചതിച്ചത്.. എന്നിട്ടും നീ..എങ്ങനെ നിനക്ക് ഇതിന് ഇപ്പോൾ കഴിയുന്നു ..മോളെ മാത്രം അല്ല ഞാൻ പോലീസിൽ പരാതി പെട്ടിട്ടുണ്ട്…നിന്റെ മുതലാളിയെ ഒരു പാഠം പഠിപ്പിക്കണം… കൂട്ടത്തിൽ നല്ല ഇടി ചേട്ടനും കൊടുത്തിട്ടുണ്ട് മോളെ. എന്നാലും അത് പോരാ ഇനി അവൻ.. ഈ നാട്ടിലെ ഒരു പെണ്ണിന്റെ അടുത്തും ഇമ്മാതിരി പണി ചെയ്യരുത്…മോളുടെ അച്ഛനും അമ്മയും വന്നിട്ട് കാര്യം ഒക്കെ പറഞ്ഞിട്ട് മോൾ എവിടെയെങ്കിലും പോയാൽ മതി ” അത് കേൾക്കാത്തമാതിരി മാധവൻ ചേട്ടനെ സ്നേഹത്തോടെ മുന്നിൽ നിന്ന് പതുക്കെ ഉന്തി മാറ്റി അവൾ ഗയയുടെ വീട്ടിലേക്കോടി
“മോളെ വേഗം ഒന്ന് വന്നേക്കണേ ആ പോലീസുകാരു എങ്ങാനും ഇപ്പോൾ വന്നാൽ അവരുടെ വഴക്കു ഞാൻ കേൾക്കേണ്ടിവരുമെന്ന് തോന്നുന്നുവല്ലോ ”
മാധവൻ ചേട്ടന്റെ പരിഭവം ഒന്നും കേൾക്കാൻ ശാലിനിക്ക് സമയം ഉണ്ടായിരുന്നില്ല .ഗയയുടെ വീട്ടിലെ ഗെയിറ്റു കടക്കുമ്പോൾ ശാലിനി ഒന്ന് നിന്നു.. ഒരിക്കലും ഇങ്ങോട്ട് ഇനി വരരുത് എന്ന് കരുതിയത് ആണ് അത്രയ്ക്ക് ഉണ്ട് കൊച്ചച്ചൻ ചെയ്ത ചതിയുടെ നീറ്റൽ മനസ്സിലിപ്പോഴും .. എന്നാൽ ഗയ….അവളെ ഉപേക്ഷിക്കാൻ തനിക്കു പറ്റില്ലല്ലോ… മുറ്റത്തു തന്നെ ഒരു കറുത്ത ഇന്നോവ കാർ കിടക്കുന്നത് അവൾ കണ്ടു… ദൈവമേ താൻ വൈകി പോയി എന്ന് തോന്നുന്നു….ചെറുക്കനും കൂട്ടരും വന്നിട്ട് അധികം നേരം ആയോ എന്തോ….വീടിന്റെ മുന്നിലെ വാതിലിലൂടെ തന്നെ ധൃതി പിടിച്ചു അകത്തെക്ക് കയറാൻ തുനിഞ്ഞ ശാലിനി ആ കാഴ്ച കണ്ടു ഞെട്ടി… നാണത്തിൽ കുതിർന്ന ചിരിയോടെ ഗയ ചെറുക്കനും കൂട്ടർക്കും ഓരോരുത്തർക്കായി ചായ കൊടുക്കുന്നു…
“ആ… ശാലിനി മോളെ അകത്തേക്ക് ചെല്ലു…”
പുറത്തു നിൽക്കുന്ന ശാലിനിയെ കണ്ട ചതിയനായ അവളുടെ കൊച്ചച്ചൻ ശാലിനി അപ്പോൾ വന്നതിലുള്ള ദേഷ്യം പുറത്തു കാണിക്കാതെ അവളോട് അകത്തെക്ക് ചെല്ലാൻ പറഞ്ഞു…ശാലിനി അകത്തേക്ക് കയറുമ്പോൾ ചെറുക്കൻ കൂട്ടർ അവളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…കൊച്ചച്ചൻ അവളെ പരിചയപ്പെടുത്തിയില്ല. തീരെ വില കുറഞ്ഞ ഡ്രസ്സ് ഒക്കെ ഇട്ട് വരുന്ന ശാലിനിയെ പരിചയ പെടുത്തിയാൽ അത് കുറച്ചിൽ ആകുമോ എന്ന് അയാൾ ഒരു പക്ഷെ ചിന്തിച്ചിരിക്കാം. അകത്തേക്ക് ചെന്ന ശാലിനി അകത്തു തന്നെ ഉള്ള മറ്റൊരു മുറിയിൽ ഗയയെയും പ്രതീക്ഷിച്ചു അതിയായ ആകാംക്ഷയോടെ കാത്തിരുന്നു…. അൽപ്പം സമയത്തിനുള്ളിൽ തന്നെ ഗയ ഒരു ചെറിയ ചിരിയോടെ ശാലിനിയുടെ അടുത്തെത്തി.
“ചേച്ചി ഞാൻ വിചാരിച്ചത് പോലെ ഒന്നും അല്ല കാര്യങ്ങൾ… ആക്‌സിഡന്റ് സംഭവിച്ചത് ചെറുക്കന്റെ ചേട്ടന് ആണ്… ഒരു കണ്ണ് ആ ആക്‌സിഡന്റിൽ നഷ്ടപെട്ടത് കൊണ്ട് കക്ഷി ഇനി ജീവിതത്തിൽ കല്യാണമേ വേണ്ട എന്ന് തീർച്ചപെടുത്തി ഇരിക്കുകയാണത്രെ “
“അതെയോ…എന്നാൽ മോൾക്ക് അനിയൻ ചെറുക്കനെ ഇഷ്ടം ആയോ അത് അറിഞ്ഞാൽ മതി ചേച്ചിക്ക് “
“ഇഷ്ടം ആയി ചേച്ചി… നല്ല ഭംഗി ഉണ്ട് കാണാൻ” ചെറിയ നാണത്തോടെ ഗയ തുടർന്നു… പിന്നെ ഫേമസ് ഡോക്ടർ ആണല്ലോ “
“ഓ… അത് ശരി കല്യാണം മുടക്കാൻ വന്ന ചേച്ചി ഇപ്പോൾ മണ്ടി ആയിപോയല്ലോ പെണ്ണെ ” ശാലിനി ഗയയുടെ കവിളിൽ ചെറുതായി ഒരു നുള്ള് കൊടുത്തു…
“ഏതായാലും ഇവിടെ അധികപറ്റായി നുമ്മളില്ലേ അല്ലെങ്കിൽ തന്നെ ചെറിയച്ഛന് ഞാൻ വന്നത് ഇഷ്ടം ആയിട്ടില്ല എന്ന് തോന്നുന്നു “
“ചേച്ചി ഇവിടെ നിക്ക് ചേച്ചി നിങ്ങളുടെ ആധാരം പണയം വെച്ചിട്ടും വലിയച്ഛനെ പറ്റിച്ച കാശ് കൊണ്ടും ഒക്കെ അല്ലെ അച്ഛൻ ഈ വലിയ ആള് കളിക്കുന്നെ…” ഗയയുടെ മുഖം വാടി
“അയ്യോ എന്റെ പൊന്നു മോളെ ഇന്ന് കരയല്ലേ നീ.. അതും ഈ സന്തോഷം ഉള്ള ദിവസം…എല്ലാം നിനക്ക് വേണ്ടി അല്ലെ എന്നോർക്കുമ്പോൾ ഈ ചേച്ചിക്ക് ഒരു വിഷമവും ഇല്ല മോളെ…… ഇനിയും എന്റെ മോൾക്ക് ഒന്നും തരാൻ ഈ ചേച്ചിയുടെ കയ്യിൽ ഒന്നും ഇരിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ് ഈ ചേച്ചിക്കു സങ്കടം എന്റെ പൊന്നു…” ഗയയുടെ മുന്നിൽ കരയാതിരിക്കാനുള്ള ശ്രെമം പരാജയപ്പെടും എന്ന് തോന്നിയപ്പോൾ ഗയയെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു ശാലിനി അടുക്കള വഴി പുറത്തേക്കു ഇറങ്ങി…അടുക്കള വാതിൽക്കൽ തന്നെ നിന്ന് അകത്തേക്ക് എത്തി നോക്കി കൊണ്ടിരുന്ന കണ്ണ് പൊട്ടനും ആയി കൂട്ടിയിടിച്ചു അവൾ താഴെ വീണു
“ഓ.. സോറി…” കണ്ണ് പൊട്ടൻ തല ചൊറിഞ്ഞു
“നിങ്ങൾ എന്ത് അറിയാനാണ് ഇവിടെ വന്നു നിന്നിരുന്നത് മാഷേ… ഓ.. എന്റെ കൈ മുട്ട് പൊട്ടി എന്ന് തോന്നുന്നു ” ശാലിനി കൈ തടവി കൊണ്ട് എഴുന്നേറ്റു വന്നു
“എന്ത് പറ്റി ശാലിനി…” കണ്ണ് പൊട്ടൻ അവളുടെ കൈ പരിശോധിക്കാൻ ആയി മുന്നോട്ട് വന്നു
“എന്ത് പറ്റാനാ… ഞാൻ പോട്ടെ ” ഒന്ന് രണ്ടു ചുവടുകൾ മുന്നോട്ട് നടന്ന ശാലിനി ഒന്ന് നിന്ന് കണ്ണ് പൊട്ടനെ സൂക്ഷിച്ചു നോക്കി
“നിങ്ങൾക്ക് എങ്ങനെ എന്റെ പേരറിയാം…”
“അത്…………….ഇവിടെ…. അച്ഛൻ പറയുന്നത് കേട്ട്…. .”
“ഓ… ശരി അങ്ങനെ…”
ശാലിനി വീട്ടിൽ ചെന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കാർ ശാലിനിയുടെ വീടിന്റെ മുറ്റത്തു വന്നു നിന്നു.. ഒറ്റ നോട്ടത്തിൽ തന്നെ ആ കാർ ഗയയെ കാണാൻ വന്ന ചെറുക്കൻ കൂട്ടരുടെ ആണ് എന്ന് കണ്ടു ശാലിനി വേഗം വാതിൽ തുറന്നു… കയ്യിൽ നിറച്ചു പാക്കറ്റുകളും ഒക്കെ ആയി അകത്തേക്ക് വരുന്ന വയസ്സായ സ്ത്രീയെ കണ്ട് ശാലിനി എന്താ ചെയ്ക എന്നറിയാതെ കുഴങ്ങി… ഇരിക്കാൻ പറയാൻ നല്ലൊരു കസേര പോലും ആ ഒറ്റമുറി കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല…. ശാലിനിയുടെ അച്ഛന്റെ കട്ടിലിൽ ഇരുന്ന ഉടനെ അവർ ഓരോ പാക്കറ്റ് പൊട്ടിച്ചു ശാലിനിയെ കാണിക്കാൻ തുടങ്ങി…ഒരു പക്ഷെ ഗയയ്ക്ക് കല്യാണത്തിന് ഇടാൻ വാങ്ങിയത് തന്നെ കാണിക്കാൻ കൊണ്ട് വന്നത് ആയിരിക്കണം എന്ന് ശാലിനി കരുതി… എന്നാൽ എന്തൊക്കെയോ സംസാരിക്കാൻ ആ അമ്മ തുടങ്ങുന്നതിനു മുന്നേ ഒരു ഫോൺ വന്നത് കണ്ട് അവർ പെട്ടന്ന് യാത്രയും പറഞ്ഞിറങ്ങി…
“അമ്മേ… ഈ ഡ്രസ്സ് ഒക്കെ എടുക്കാൻ അമ്മ മറന്നു…” ശാലിനി അവരെ ഓർമ്മപ്പെടുത്തി.
“ഇല്ല മോളെ അത് നിനക്ക് വേണ്ടി എന്റെ മൂത്ത മകൻ വാങ്ങിയതാ… വേണ്ട എന്ന് പറയല്ലേ മോളെ… ഇന്ന് ഗയയെ പെണ്ണ് കാണാൻ എന്റെ ഇളയ മകൻ നിന്റെ കൊച്ചച്ചന്റെ വീട്ടിൽ വന്നിരുന്നു…നിന്റെ കഥ ഗയയിൽ നിന്ന് കേട്ടിട്ട് അവൻ ആരൊയൊക്കെയോ വിളിച്ചു ചോദിച്ചു.. പിന്നെ എന്നോട് പറഞ്ഞു മോള് അവന്റെ ഒപ്പം പഠിച്ചിരുന്നതാ.. എന്നൊക്കെ മോളെ അവനു ഒരു പാട് ഇഷ്ടം ആയിരുന്നു എന്നും എന്നോട് പറഞ്ഞു.. ഇപ്പോൾ മോളെ ഉപദ്രവിക്കാൻ ശ്രെമിച്ച… ആ മുതലാളിയെ അനേഷിച്ചു ഇറങ്ങിയതാണവൻ… ഇത്ര ദേഷ്യത്തിൽ… അവനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല…ഞാൻ ചെല്ലട്ടെ മോളെ.. അവൻ നിന്റെ മുതലാളിയെ കണ്ടു എന്ന് പറഞ്ഞു ഫോൺ വന്നിരുന്നു..എനിക്ക് ഇവിടെ ഇരുന്നിട്ട് ഒരു മനസമാധാനവും ഇല്ല .” കുറച്ചു ദൂരം നടന്നിട്ട് അമ്മ തിരിച്ചു വന്നു
“പറ്റുമെങ്കിൽ മോള് അവനു ഒരു ജീവിതം കൊടുക്കുമോ മോളെ… അവൻ വല്ലാത്ത പാവം ചെക്കനാ.. ആ നശിച്ച ആക്‌സിഡന്റ് അവന്റെ മുഖം വികൃതമാക്കി കളഞ്ഞില്ലേ “കരച്ചിലിനിടയിൽ ആ അമ്മ പറഞ്ഞ വാക്കുകൾ ഒന്നും ശാലിനി കേൾക്കുണ്ടായിരുന്നില്ല, കാരണം ശാലിനിയുടെ ചിന്തകൾ എപ്പോഴെ കാടുകയറി തുടങ്ങിയിരുന്നു… തന്നെ ഇഷ്ടം ഉള്ള ഒരു പാട് പേര് പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒക്കെ ഉണ്ടായിരുന്നു താനും. അതിൽ ഈ കണ്ണ് പൊട്ടൻ ആരായിരിക്കും… വീണ്ടും വീണ്ടും ആലോചിട്ടും അവൾക്ക് ഒരു ഒത്തും പിടിയും കിട്ടിയില്ല
“അമ്മേ അമ്മയുടെ മകന് എങ്ങനെയാണ് ആക്‌സിഡന്റ് സംഭവിച്ചത് ” ചിന്തകളിൽ നിന്ന് ഉണർന്ന ശാലിനി ചോദിക്കുമ്പോഴെയ്ക്ക് ആ അമ്മയെയും കൊണ്ട് ആ കറുത്ത കാർ പൊയ്കഴിഞ്ഞിരുന്നു… ശാലിനിയുടെ ചോദ്യം കേട്ട് കൊണ്ട് ഗയ അപ്പൊ ഴെക്കും നടന്നു അവിടെ എത്തിയിരുന്നു
“അത് ചേച്ചി…കുറേ വർഷങ്ങൾക്ക് മുൻപ് ചേട്ടന്റെ കോളേജ് അടയ്ക്കുന്ന ദിവസം ആണ് അത്രെ… ചേട്ടൻ ഇഷ്ടപെട്ടിരുന്ന കുട്ടിക്ക് ചേട്ടനോടും തിരിച്ചു സ്നേഹം ഉണ്ടെന്ന് ചേട്ടൻ അറിയുന്നത്… ചേട്ടൻ ഒരു സൈക്കിളിൽ ആയിരുന്നു അന്ന് .. തിരിച്ചുള്ള വഴിയിൽ നല്ലൊരു ഇറക്കം ഉണ്ടായിരുന്നുവെന്ന് പറയുന്നു .. അതിയായ സന്തോഷത്തിൽ സൈക്കിളിൽ കയറിയ ചേട്ടൻ ഇറക്കത്തിൽ സൈക്കിൾ ഹാൻഡിലിൽ നിന്ന് കൈ വിട്ടു ..വളവ് തിരിഞ്ഞു വന്ന ബസ് ചേട്ടനെ…”
“നിർത്തു…” ശാലിനിയുടെ അലർച്ച ഗയയെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
“എനിക്കു കേൾക്കണ്ട മോളെ… ഇനി ഒന്നും ഈ ചേച്ചിക്ക് കേൾക്കണ്ട ..” ചെവി പൊത്തി താഴെ ഇരുന്നു പൊട്ടികരയുക ആയിരുന്നു ശാലിനി അപ്പോൾ.
“എന്റെ പൊന്നു മോളെ എനിക്ക് എല്ലാം മനസ്സിലായി..മോളെ… മോളുടെ ഏട്ടന്റെ പേര് എന്ത് എന്നാ പറഞ്ഞത് ” കരച്ചിലിനിടയിൽ ശാലിനി ചോദിച്ചു
“രജീഷ്…” അത് കേട്ടതും ശാലിനി തന്റെ ചുരിദാറിന്റെ ഷാൾ എടുത്തു വായ അടച്ചു പിടിച്ചു കരച്ചിൽ തുടർന്നു അത്.കണ്ടു ഗയയും ഒപ്പം കരയാൻ തുടങ്ങി “ചേച്ചി എന്താ പറ്റിയെ ചേച്ചി…”ഗയ ശാലിനിയെ കെട്ടിപിടിച്ചു… കുറച്ചു നേരം കഴിഞ്ഞു കണ്ണ് തുടച്ചു എന്തോ ആലോചിച്ചു കൊണ്ട് ശാലിനി ഗയയെ ഉന്തി മാറ്റി എഴുന്നേറ്റു..അവൾ വേഗം അവളുടെ പഴയ കൂട്ടുകാരി രാധികയെ ഫോൺ ചെയ്തു.
“രാധിക സത്യം പറയണം അന്ന് നമ്മൾ കണ്ടു പോന്നതിനു ശേഷം രജീഷിന് എന്താണ് സംഭവിച്ചത്… ഞാൻ എല്ലാം അറിഞ്ഞു കഴിഞ്ഞു…” അപ്പുറത്ത് നിന്ന് കുറേ അധികം സമയം രാധികയുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ശാലിനിയുടെ ദേഷ്യം ഇരട്ടിച്ചു… “രാധിക നീ എന്തെങ്കിലും ഒന്ന് പറഞ്ഞു തുലക്ക് ” “ശാലു… അവന്റെ സൈക്കിൾ’അന്ന് നമ്മൾ അവനെ കണ്ട് പിരിഞ്ഞ ദിവസം ഒരു ആക്‌സിഡന്റിൽ പെട്ടു..ഒരു വിധത്തിൽ ആണ് ഡോക്ടർമ്മാർ അവനെ രക്ഷിച്ചത്..കുറച്ചു നാൾ കഴിഞ്ഞു ഓർമ്മകൾ തിരിച്ചു കിട്ടിയപ്പോൾ അവൻ നിന്നെ അനേഷിക്കാനായി ആശുപത്രികിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു… ഒരു കണ്ണും ഇല്ലാതെ,പ്ലാസ്റ്റിക് സെർജറി ഒക്കെ ചെയ്ത തന്റെ വികൃത മുഖം കണ്ണാടിയിൽ കണ്ടു അവൻ പൊട്ടികരഞ്ഞുപോയി…പിന്നെ ഒരു കാരണവശാലും ഇതൊന്നും ശാലിനി അറിയരുതെന്ന് ഞങ്ങളെ ഒക്കെ വിളിച്ചു പറഞ്ഞു…അത് കൊണ്ടാ ഞാൻ അന്ന് “
“വേണ്ട രാധിക എനിക്കൊന്നും കേൾക്കേണ്ട… നിന്നെയൊക്കെ ഞാൻ വിശ്വസിച്ചു പോയല്ലോ ദൈവമേ “
“ആ.. ശാലിനി അവൻ ഇപ്പോൾ വിളിച്ചു നിന്റെ വീട്ടു പേര് ഒക്കെ ചോദിച്ചിരുന്നു…അവൻ ഇനി ഒരിക്കലും കല്യാണം കഴിക്കില്ലാന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു അവന്റെ മുഖം അത്ര വികൃതമായി പോയെന്ന് …വിദേശത്തുള്ള ഏതോ ചാരിറ്റിസ്ഥാപനത്തിൽ ഉടനെ അവൻ പോകും എന്ന് പറയുന്നു… പിന്നെ ചിലപ്പോൾ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നും എന്നോട് പറഞ്ഞു ..” ശാലിനി കൂടുതൽ ഒന്നും പറയാതെ രാധികയുടെ കാൾ കട്ട് ചെയ്തു…അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു അവൾക്ക് രാധികയോട്……..അപ്പോൾ അത് രജീഷ് തന്നെ ആയിരുന്നു… എല്ലാവരും എല്ലാം അറിഞ്ഞു താൻ മാത്രം ഒന്നും അറിഞ്ഞില്ല.. താൻ ഏറ്റവും വലിയ തന്റെ കൂട്ടുകാരി എന്ന് കരുതിയ രാധിക പോലും തന്നെ മനസിലാക്കിയിരുന്നില്ല… കഷ്ടം….. കേവലം ബാഹ്യ സൗന്ദര്യത്തിൽ മാത്രം അല്ലെ രജീഷ് തന്റെ സ്നേഹം കണ്ടിരുന്നുള്ളൂവല്ലോ എന്നോർത്തപ്പോൾ ശാലിനിക്ക് സങ്കടം സഹിക്കാൻ ആയില്ല… രജീഷ് നീ പിടിക്കപെട്ടു കഴിഞ്ഞു .. ഇനി നീ ഏത് വിദേശത്ത് ആണ് പോകുന്നത് എന്ന് എനിക്കൊന്ന് കാണണം..
“ഗയ എനിക്ക് ഉടനെ നിന്റെ രജീഷ് ചേട്ടനെ കാണണം എവിടെ ഉണ്ട് അവൻ “
ശാലിനിയുടെ മനസ്സ് സന്തോഷം കൊണ്ട് തുടി കൊട്ടാൻ തുടങ്ങിയിരുന്നു …ശാലിനിയുടെ കരച്ചിൽ മാറിയത് കണ്ടു ഗയയ്ക്കും സന്തോഷമായി
“ഗയ എനിക്ക് ഇപ്പോൾ ജീവിക്കാൻ തോന്നുന്നു ഗയ നീ എന്നോട് പറഞ്ഞത് പോലെ ഞങ്ങളുടെ വീടിന്റെ ആധാരം നിന്റെ അച്ഛന്റെ കൈയിൽ നിന്ന് തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ പെണ്ണെ “
“അത് ഒക്കെ ഉണ്ട് ഒരു സസ്പെൻസ് ആയി അത് തല്ക്കാലം അങ്ങനെ നിന്നോട്ടെ…..”ഗയ ഒരു ചെറു ചിരിയോടെ അതിനു ത്തരം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു കാർ പൊടി വമിപ്പിച്ചു കൊണ്ട് അവിടെ വന്നു നിന്നു..അതിൽ നിന്ന് ശാലിനിയുടെ മുതലാളിയെ പിടിച്ചു വലിച്ചിറക്കി കൊണ്ട് വരുന്ന രജീഷിനെ കണ്ടു ശാലിനി ഒന്നും ആലോചിക്കാൻ പോയില്ല.. ഒറ്റ ഓട്ടത്തിന് അവന്റെ അടുത്ത് എത്തി രജീഷിന്റെ മുഖത്തെക്ക് നോക്കി നിന്ന് കിതച്ചു..
“ശാലിനി നിന്നെ തൊട്ട ഈ മുതലിനെ എന്താണ് ഞാൻ ചെയ്യേണ്ടത്…” മുതലാളിയെ ശാലിനിയുടെ മുന്നിൽ വെച്ച് വീണ്ടും ഇടിക്കാൻ ഓങ്ങിയ രജീഷിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ശാലിനി ചോദിച്ചു
“അതിനു മുന്നേ നീ പറ.. നീ എന്റെ രജീഷ് അല്ലെ…” ശാലിനി യുടെ പെട്ടന്ന് ഉള്ള ചോദ്യം കേട്ട് രജീഷ് പതറി..
“ശാലിനി.. അത് ഞാൻ എന്റെ മുഖം…”
“നിന്റെ മുഖം മണ്ണാംകട്ട .. നിന്നെ ഞാൻ ശരി ആക്കി തരാം കേട്ടോ ഇന്ന്..” ശാലിനി രജീഷിന്റെ കണ്ണുകളിൽ മാറി മാറി നോക്കി
“ഇത്ര നീ കണ്ടിരുന്നുള്ളൂവല്ലേ ഈ ശാലു ന്റെ സ്നേഹം… കഷ്ടം ഉണ്ട് രജീഷ്…അന്ന് നിനക്ക് സംഭവിച്ചത് അറിഞ്ഞിരുന്നുവെങ്കിൽ ഓടി വരുമായിരുന്നല്ലോ ഈ ശാലിനി.. ഒരു പ്രാവശ്യം നീ എന്നോട് സ്നേഹം ആണെന്ന് പറയാൻ കാത്തുകാത്തിരുന്നു അവസാന നിമിഷം എനിക്കത് കിട്ടിയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷം ഉണ്ടായിരുന്നു എനിക്ക് ആ എന്നെ ഒന്നും അറിയിക്കാതെ……… ഞാൻ ഇത്രയും നാൾ പിന്നിട്ട ഓരോ നിമിഷവും നിന്നെ ഓർത്തു നീറി നീറി മരിക്കുകയാണെന്ന് നീ ഓർത്തില്ലല്ലോ രജീഷ്… കഷ്ടം “
“വേണ്ട ശാലു… ഈ മുഖം നോക്കി എല്ലാവർക്കും എന്നോട് സഹതാപം മാത്രമേ ഉണ്ടാകു.. നിന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു സമീപനം ഉണ്ടായാൽ ഞാൻ ആകെ തകർന്നുപോകും അത് കൊണ്ട്… അത് കൊണ്ട് മാത്രമാ നിന്നെ ഇതൊന്നും അറിയിക്കാതെ ഇരുന്നത്… ഇന്ന് രാത്രിയിലെ ഫ്ലൈറ്റിൽ ഞാൻ അമേരിക്കയിലേക്ക് പോകും പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ” രജീഷ് ഇതു പറഞ്ഞു തീർന്നതും ശാലിനിയുടെ ഓർക്കാപുറത്തുള്ള കെട്ടിപ്പിടുത്തത്തിൽ രജീഷും ശാലിനിയും ഒപ്പം താഴെക്കു വീണു.. രജീഷിന്റെ കണ്ണുകളിൽ നോക്കി ശാലിനി ചോദിച്ചു “നീ പോകുമോടാ എന്നെ വിട്ടിട്ട്… കുറേ നാളുകൾ ആയി നിന്റെ മൗനം ഞാൻ സഹിക്കുന്നു ഇനി….ഇനി നിനക്ക് എന്നെ വേണ്ടാന്ന് വെച്ച് വിദേശത്തു പോണോ..പോണോന്ന് .” രജീഷിനെ ഒന്ന് തിരിയാൻ പോലും ആകാതെ കെട്ടിപിടിച്ചിരിക്കുക ആയിരുന്നു ശാലിനി.. അത് മനസ്സിലായ രജീഷ് അറിയാതെ പൊട്ടിചിരിച്ചു പോയി.. ആ ചിരി കണ്ടു ശാലിനിയുടെ മനം നിറഞ്ഞു… എത്ര നാളായി രജീഷിനെ ഇങ്ങനെ കണ്ടിട്ട്…രജീഷിനെ നോക്കിയിട്ടും നോക്കിയിട്ടും ശാലിനിക്ക് മതി വരുന്നുണ്ടായിരുന്നില്ല… “നിങ്ങൾ എങ്ങോട്ട് എങ്കിലും പോകൂ… എന്നെ വിട് പ്ലീസ്… ഇടി കൊണ്ട് ഞാൻ ചാകാറായി.. ശാലിനി നീ ഒരു ഗുണ്ടയെ വിടും എന്ന് ഞാൻ കരുതിയില്ല ” മുതലാളിയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവിടെ അങ്ങനെ കുറച്ചു ആൾക്കാർ ഉണ്ടെന്നു ശാലിനിയും രജീഷും ഓർത്തത്. പെട്ടന്ന് രണ്ട് പേരും ഡ്രെസ്സിൽ പറ്റിയിരുന്ന പൊടി ഒക്കെ തട്ടികുടഞ്ഞു എഴുന്നേറ്റു വന്നു.മുതലാളിയുടെ പ്രേത്യേക ടോണിൽ ഉള്ള കരച്ചിൽ കണ്ടു എല്ലാവരും പൊട്ടിചിരിച്ചു പോയി “ശാലിനി സോറി.. നിന്റെ സ്നേഹം എന്താണെന്ന് ഇപ്പോൾ മാത്രം ആണ് ഞാൻ തിരിച്ചറിയുന്നത്… ഇനി ഇപ്പോൾ ഞാൻ എങ്ങും പോകുന്നില്ല നിന്റെ കൂടെ ജീവിതാവസാനം വരെ ” രജീഷ് അത് പറഞ്ഞു തീരുന്നതിനു മുൻപ് ചെറിയച്ചൻ അങ്ങോട്ട് വരുന്നത് കണ്ടു ശാലിനി സന്തോഷകണ്ണ് നീർ തുടച്ചു…
“മോളെ ശാലു.. ഞാൻ വലിയ തെറ്റ് ആണ് നിന്നോടും എന്റെ ഏട്ടനോടും ഒക്കെ ചെയ്തത്..ഞാൻ പണയം വെച്ചിരുന്ന നിങ്ങളുടെ വീടിന്റെ ആധാരം ഇതാ കയ്യോടെ പിടിച്ചോ … ജപ്തി ഞാൻ നേരത്തെ ഒഴിവാക്കിയിരുന്നു.. ഇനി നിങ്ങൾക്ക് നിങ്ങളുടെ പഴയ വീട്ടിലേയ്ക്ക് താമസം മാറ്റാം.. ശാലിനി മോളെ നിന്റെ സ്നേഹം ആണ് എന്റെ കണ്ണ് തുറപ്പിച്ചത്….. എന്നാലും മോളെ ഇത്ര ഒക്കെ ഞാൻ നിങ്ങളുടെ കുടുംബത്തോട് ചെയ്തിട്ടും മോളുടെ തിരിച്ചുള്ള പ്രേത്യകിച്ചു ഗയയോടുള്ള നിന്റെ സ്നേഹം എന്നെ അത്‍ഭുതപെടുത്തികളഞ്ഞു…ഏട്ടൻ വന്നാൽ പറയണം ഈ നശിച്ച അനിയൻ വന്നിരുന്നു എന്ന്..” ഗയയുടെ അച്ഛൻ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു “ചേട്ടനെ പറ്റിച്ചു നേടിയ കുറേ കാശും എന്റെ കയ്യിൽ ഉണ്ട്… ചെറിയച്ഛനോട് ക്ഷെമിക്കണം മോളെ ”
“അയ്യോ ചേച്ചി അയാൾ… ആ മുതലാളി…..രക്ഷപെട്ടു കളഞ്ഞല്ലോ ” ഗയ പറയുന്നത് കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്..പാന്റ്സ് ഊരി പോകാതെ കൈ കൊണ്ട് പിടിച്ചു കൊണ്ട് മുതലാളി അപ്പോൾ ജീവനും കൊണ്ട് ഒരു വശത്തു കൂടി പായുന്നുണ്ടായിരുന്നു.
“ചേച്ചി ആയാൾ ചേച്ചിയുടെ കാൽ തൊട്ട് മാപ്പ് പറഞ്ഞിട്ടാണ് ഓടിപോയത് ചേച്ചി അത് കണ്ടായിരുന്നോ ” ഗയ പറയുന്നത് കേട്ട് ശാലിനി ചിരിച്ചു … ഒരു സ്നേഹിതയുടെ വിജയത്തിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു അത്.
🌹🌹🌹🌹🌹🌹🌹