രചന: മഹാ ദേവൻ
പലപ്പോഴും പറഞ്ഞിട്ടുണ്ട് വീട്ടിൽ, ” നമുക്കൊരു വാഷിങ്മെഷീൻ വാങ്ങിയാലോ” എന്ന്. അപ്പോഴൊക്കെ അമ്മ പറയാറുണ്ട് ” അതിൽ ഇട്ട് തിരിച്ചെടുത്തിട്ട് എന്തിനാ, അഴുക്ക് പോവേം ഇല്ല, വൃത്തീം ആവില്ല.. കല്ലിലിട്ട് തല്ലി അലക്കിയാലേ ശരിക്കും അഴുക്ക് പോകൂ.. എനിക്ക് ആവുന്ന വരെ ഞാൻ അങ്ങനെ അലക്കികൊള്ളാം. നിനക്കും നിന്റ ഭാര്യയ്ക്കും വേണേൽ വാങ്ങിക്കോ ” എന്ന്.
അത് പറയുമ്പോൾ കേട്ട് പാടെ പോയി വാങ്ങിയാൽ നാളെ അതൊരു കുറ്റംപറച്ചിലിന് കാരണമാകുമെന്ന് അറിയാമായിരുന്നു. ” ഓഹ്, ഇപ്പോഴത്തെ ചെറുപ്പക്കാരികൾക്ക് കയ്യനങ്ങി ഒന്നും ചെയ്യാൻ വയ്യല്ലോ. അവര് എന്തേലും പറയുമ്പോഴേക്കും വാങ്ങിക്കൊടുക്കാൻ നിന്നെ പോലെ ഉള്ള കെട്ടിയോന്മാർ ഉള്ളപ്പോൾ പിന്നെ എങ്ങനെ ഇവര് മേലനങ്ങി എന്തേലും ചെയ്യാനാ… ” എന്ന്.
അമ്മ അങ്ങനെ പറയുമെന്ന് അറിയാവുന്നത് കൊണ്ടാവാം ഭാര്യയും അമ്മയുടെ വാക്കിനെ താങ്ങിക്കൊണ്ട് പറഞ്ഞത് ” ശരിയാ ഏട്ടാ…. വാഷിംഗ്‌മെഷീനിൽ ഇട്ടാലൊന്നും വൃത്തിയാവില്ല.. പിന്നെ വേഗം പിഞ്ഞുകീറുകയും ചെയ്യും. വൃത്തിയാവണേൽ കല്ലിൽ തല്ലിതിരുമ്മണം ” എന്ന്.
” നിങ്ങള്ക്ക് വേണ്ടെങ്കിൽ പിന്നെ ഞാൻ എന്തിനാ വെറുതെ ന്റെ കാശ് കളയുന്നത് ” എന്നും പറഞ്ഞ് എന്റെ വഴിക്ക് പോകുമ്പോൾ ഇടക്കിടെ ദേഷ്യം വരുമ്പോൾ അമ്മ പറയുന്നത് കേൾക്കാം ” ഈ വീട്ടിലെ പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു. ചാവുമ്പഴേ ഈ വീട്ടിലെ പണി തീരൂ ” എന്ന്. അപ്പോഴൊക്കെ ഞാനും ആലോചിച്ചിട്ടുണ്ട് രാവിലെ മുതൽ പാതിരാ വരെ ഇത്രയൊക്കെ പണിയുണ്ടോ ഈ വീട്ടിൽ എന്ന്.
രണ്ട് പെണ്ണുങ്ങൾ ഉള്ള വീട്ടിൽ ഇതിനുമാത്രം എന്ത് പണിയാണെന്ന് ചിന്തിക്കാറുണ്ട്. രാവിലെ കുറച്ചു പണികൾക്ക് സഹായിച്ചിട്ട് ജോലിക്ക് പോകുന്ന താൻ വൈകീട്ട് വന്നാലും എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്… പിന്നെ അതിനിടയ്ക്ക് എന്താപ്പോ ഇത്ര പണി എന്ന് ആലോചിച്ചിട്ട് മനസ്സിലായില്ല.
അത് അമ്മയോടെങ്ങാനും ചോദിച്ചാൽ അപ്പൊ എടുത്തുചാടി ഒരു പറച്ചിലാണ് ” രാവിലെ കഷ്ടപ്പെട്ട് ഉണ്ടാക്കിത്തരുന്നതും തിന്ന് നിങ്ങള്ക്ക് രാവിലെ അങ്ങ് പോയാൽ മതി. പിന്നെ ഈ വീട്ടിലെ ഒന്നും അറിയണ്ടല്ലോ… രെ രണ്ട് പെണ്ണുങ്ങൾ ഇവിടെ എന്താ ചെയ്യുന്നതെന്ന്. വൈകീട്ട് കേറിവന്നാൽ പിന്നെ കുളിയും കഴിഞ്ഞ് മൊബൈലിൽ കുത്താൻ തുടങ്ങും നീ.. അല്ലാതെ നിനക്കെന്താ പണി? “
അമ്മയുടെ ഈ ചോദ്യം പല ആവർത്തി കേൾക്കുമ്പോൾ വരുന്നൊരു ദേഷ്യമുണ്ട്.
” നിങ്ങള് പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞങ്ങൾ രാവിലെ ഇറങ്ങിപോകുന്നത് പണിസ്ഥലത്തിരുന്നു പൂജ്യം വെട്ടിക്കളിക്കാൻ ആണെന്ന്. അവിടെ പോയി വെറുതെ ഇരിക്കല്ല ഞങ്ങൾ. സിമന്റും മണലും വെട്ടുകല്ലുമെല്ലാം ചുമന്നും വെയിലുകൊണ്ടുമാണ് വൈകുന്നേരം ആക്കുന്നത്. എന്നിട്ട് ഇവിടെ വന്നിട്ടും ഞാൻ എനിക്ക് പറ്റുന്ന പോലെ സഹായിക്കാറുണ്ട്. ഇല്ലേ. രാവിലെ എണീറ്റ് മുറ്റമടിച്ചും അകവും പുറവും തൂത്തും വൃത്തിയാക്കി കഴിഞ്ഞല്ലേ ഞാൻ പണിക്ക് പോകുന്നത്. എന്നിട്ട് നമ്മള് ചെയ്യുന്നതിന് ഒരു വിലേം ഇല്ല. നിങ്ങൾ ചെയ്യുന്നതിന് മാത്രം പറയാൻ കണക്കുണ്ട് “
എത്രയൊക്കെ ചെയ്തുകൊടുത്താലും ഒരു വിലേം ഇല്ലാത്തോർത്തു സങ്കടപ്പെടുമ്പോൾ അത്രേം പറഞ്ഞ എനിക്ക് മുന്നിൽ തോൽക്കില്ലെന്ന വാശിയിൽ പറയുന്ന അടുത്ത ഒരു ഡയലോഗ് ഉണ്ട്. !
“ഓഹ്… നീ രാവിലെ വഴിപാട് പോലെ എന്തെങ്കിലും ചെയ്ത് പോകുന്നതാണല്ലോ ഇപ്പോൾ വല്യ കാര്യം. എന്നിട്ട് ചെയ്യുന്നത് വൃത്തിയാവോ.. അതും ഇല്ല. ആർക്കോ വേണ്ടി ചെയ്യുമ്പോലെ പ്രാകിപ്പറഞ്ഞു എന്തേലും കാട്ടികൂട്ടുന്നതാണല്ലോ വല്യ കാര്യം ” എന്ന്.
തൊഴുതുപോകാറുണ്ട് അപ്പൊ ” നിങ്ങളോട് വാദിച്ചു ജയിക്കാൻ ഞാനില്ലേ ” എന്നും പറഞ്ഞ്.
അതൊക്കെ പോട്ടെ ഇപ്പോൾ ആണേൽ കെട്ടിയോൾടെ നടുവെട്ടി കിടപ്പിലായത് വീട്ടിൽ ഒരു പ്രതിസന്ധിയായിരുന്നു. ” അമ്മയ്ക്ക് ഇപ്പഴേ വയ്യ… ഇനി അവളുടെ കാര്യം കൂടി നോക്കാൻ നിന്നാൽ പിന്നെ തീരെ വയ്യാതാകും. അതോടൊപ്പം നാല് ദിവസം കഴിഞ്ഞ് മടുപ്പ് തുടങ്ങിയാൽ നിങ്ങൾ പിന്നെ പിറുപിറാന്ന് ഓരോന്ന് പറയാൻ തുടങ്ങും. അതുകേട്ടാൽ ചിലപ്പോൾ എനിക്കും ദേഷ്യം വരും. ഞാനും എന്തേലും മറുത്തു പറഞ്ഞാൽ പിന്നെ അതൊരു വല്യ പ്രശ്നം ആകും. അതുകൊണ്ട് ആണ് പറയുന്നത് രാവിലെ പണിക്ക് ഒരാളെ വെക്കമെന്ന്. അതാകുമ്പോൾ രാവിലെ ഒരു വിധം പണികൾ അവര് ചെയ്യുമല്ലോ. ബാക്കിയുള്ള അടുക്കകുളപ്പണിമാത്രം അമ്മ ചെയ്താൽ മതിയല്ലോ… ” എന്ന് പറയുമ്പോൾ അമ്മ എന്നെ ഒന്ന് പുച്ഛത്തോടെ നോക്കിക്കൊണ്ട് പറയും ” ഓഹ്,,, ഇനിപ്പോ ഒരാളെ പണിക്ക് വിളിക്കാത്തത്തിന്റെ കുറവേ ഉളളൂ.. എന്നിട്ട് അവൾക്ക് പറയുന്ന കാശും കൊടുത്തിട്ട് അവർ എന്ത് ചെയ്യാനാ… രാവിലെ വന്നാൽ ഒന്ന് അടിച്ചു തുടയ്ക്കും, തുണി ഒന്ന് അലക്കിയിടും, അതും വൃതിയാവേം ഇല്ല. അതിന് അവര് പറയുന്ന കാശ് കൊടുക്കേം വേണം.
അതിന്റെ ആവശ്യമൊന്നും ഇപ്പോൾ ഇവിടെ ഇല്ല, എനിക്ക് വയ്ക്കും പോലെ ഞാൻ മെല്ലെ ചെയ്‌തോളാം എല്ലാം. നിങ്ങൾ നിങ്ങള്ക്ക് പറ്റുമ്പോലെ സഹായിക്കാൻ കൂടിയാൽ മതി ” എന്ന്.
അമ്മയെ നല്ലവണ്ണം അറിയാവുന്ന എനിക്ക് അറിയാം നാലാംനാൾ തുടങ്ങും അങ്കമെന്ന്.
എങ്കിലും പണിക്ക് ആളുവേണ്ടെന്ന അമ്മയുടെ ഉറച്ച നിലപാടിൽ മറുത്തൊന്നും പറയാതെ ” എന്നാൽ പിന്നെ ഞാൻ കുറച്ചു ദിവസം ലീവ് എടുക്കാം, അവൾക്കിപ്പോ എല്ലാത്തിനും ഒരാൾ സഹായത്തിനു വേണ്ടേ, അമ്മയെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല, അവളുടെ കാര്യം നോക്കാൻ തന്നെ ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതൊരു ആശ്വാസമല്ലേ ” എന്ന് മയത്തിൽ പറയുമ്പോൾ ” വെറുതെ ഉള്ള പണി കളഞ്ഞ് വീട്ടിലിരിക്കണ്ട, എനിക്ക് പറ്റുമ്പോലെ ഞാൻ ചെയ്‌തോളാ ” എന്ന അമ്മയുടെ സ്നേഹഭരിതമായ വാക്കിൽ വീണുപോകുമ്പോൾ കിടന്ന കിടപ്പിൽ അവളും സന്തോഷത്തോടെ ചിരിക്കും.
പക്ഷേ,ആ സന്തോഷത്തിനു ആയുസ്സ് മൂന്ന് ദിവസം ആയിരുന്നു.
നാലാം ദിവസം വീർപ്പിച്ച മുഖം കണ്ട് രാവിലെ എഴുനേൽക്കുമ്പോൾ അടുക്കളയിൽ തുടങ്ങിയിരുന്നു പിറുപിറുക്കലുകൾ. ” എന്ത് ചെയ്ത് കൊടുത്താലും നന്ദി ഇല്ല ഒന്നിനും. ഇവരുടെ ഒക്കെ വിഴുപ്പലക്കി മടുത്തു. ” എന്ന് കൂടി ചെയ്ത കാര്യങ്ങളുടെ ലിസ്റ്റ് കൂടിയപ്പോൾ ഇതൊക്കെ മുൻകൂട്ടി കണ്ട ഞാൻ മൗനം പാലിച്ചു.
” നിന്റെം എന്റേം കുട്ടിയുടേം തുണി ഇനി അമ്മയോട് അലക്കണ്ട, ഞാൻ വൈകീട്ട് ജോലി കഴിഞ്ഞ് വന്ന് അലക്കികൊള്ളാം എന്ന് പറഞ്ഞേക്ക്, അല്ലേൽ നാളെ അതിന്റ കണക്ക് കൂടി കേൾക്കെണ്ടി വരും ” എന്ന് അമ്മയോട് പറയാൻ ഭാര്യയെ ചട്ടം കെട്ടുമ്പോൾ അന്ന് മുതൽ ആ വീട്ടിലെ വാഷിംഗ്‌മെഷീൻ കൂടി ആയി ഞാൻ.
രാവിലെ ഭാര്യയുടെയും കുട്ടിയുടെയും വസ്ത്രം അലക്കിയിടുമ്പോൾ വൈകീട്ട് അലക്കാൻ എന്റെ പണിക്ക് ഇടുന്ന ഡ്രെസ്സും കൂടാതെ മറ്റ് കുറച്ചും ഉണ്ടാകും അലക്കാൻ.
കഥ ഏഴ് ദിവസം ആയപ്പോൾ വഴക്കിട്ട അമ്മ പെങ്ങളുടെ വീട്ടിലേക്ക് പോയപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യവും സങ്കടവും തോന്നി അവരോട്. കുറച്ചു ദിവസത്തേക്ക് ഒന്നും ചെയ്യരുതെന്ന് പറഞ്ഞ ഭാര്യയുടെ എല്ലാ കാര്യവും സ്വയം ഏറ്റെടുത്ത അമ്മ പാതിവഴിക്ക് വഴക്കിട്ട് പോകുമ്പോൾ പറക്കമുറ്റാത്ത ഒരു കുഞ്ഞ് കൂടി വീട്ടിൽ ഉണ്ടെന്ന് എങ്കിലും ഓർക്കണ്ടേ എന്ന് ആലോചിക്കുമ്പോൾ തല പെരുക്കൻ തുടങ്ങി.
കുട്ടിയെ കൂടുതൽ നേരം എടുത്തിരിക്കാൻ പോലും പറ്റാത്ത അവൾക്ക് കുട്ടിയെ എടുത്തിരിക്കേണ്ട അവസ്ഥ വന്നപ്പോൾ എനിക്ക് ആ വീട്ടിലെ മൊത്തം പണിയും ചെയ്യേണ്ട അവസ്ഥയായിരുന്നു അമ്മയുടെ സ്വയം എല്ലാം ഏറ്റെടുത്തു ” എല്ലാം ഞാൻ ചെയ്‌തോളാ, പണിക്കൊന്നും ആളെ വെക്കേണ്ട ” എന്ന വാക്കിനെ വിശ്വസിച്ച എനിക്ക് കിട്ടിയത്.
അതൊരു വാശിയായിരുന്നു. ഇവർ പാതിരാ വരെ ചെയ്യുന്ന പണികൾ ചെയ്യാനുള്ള വാശി.പിറ്റേ ദിവസം ജോലിക്ക് പോണ്ടെന്ന് വെച്ച് രാവിലെ അഞ്ചു മണിക്ക് അടുക്കളയിൽ കേറുമ്പോൾ ” ഇനി ഈ വീട്ടിലെ പണി എപ്പോ തീരുമോ എന്തോ ഈശ്വരാ ” എന്നായിരുന്നു മനസ്സിൽ. രാവിലെ ചോറിനു വെള്ളം വെച്ച് മുറ്റമടിച്ചു വരുമ്പോഴേക്കും ചോറിന്റെ വെള്ളം ചൂടായിരുന്നു. അതിലേക്ക് അരിയിട്ട് ഭാര്യയ്ക്ക് കുളിക്കാനുള്ള വെള്ളവും ചൂടാക്കാൻ വെച്ച് വീട് അടിച്ചു തുടച്ചു വൃത്തിയാക്കി പാത്രയും കഴുകി തുണി അലക്കി തോരാനിട്ട് ചോറും വാർത്തു മറ്റു കുഞ്ഞ് പണികൾ കൂടി ചെയ്ത് കഴിയുമ്പോൾ സമയം കണ്ട് ശരിക്കും ഞാൻ ഞെട്ടി. 7.30 ആയതേ ഉളളൂ. അപ്പോഴേക്കും ഒരു വിധം പണിയെല്ലാം ആയിരുന്നു. ഇനി കറിയും മെഴുക്കുപുരട്ടിയും കൂടി ആയാൽ എല്ലാം ആയി.
ജോലിക്ക് പോകുന്നില്ലെന്ന് വിചാരിച്ച ഞാൻ വേഗം കുളിച്ചൊരുങ്ങി ജോലിക്ക് പോവാൻ റെഡിയാകുമ്പോൾ ശരിക്കും ഞാൻ ചിന്തിക്കുകയായിരുന്നു ” ഈ ഞാൻ ഒറ്റയ്ക്ക് ഈ നേരം കൊണ്ട് ഇത്രേം ചെയ്തെങ്കിൽ രണ്ട് പെണ്ണുങ്ങൾ ഉള്ള വീട്ടിൽ ഇങ്ങനെ നടുവൊടിയാൻ മാത്രം അമ്മ പറയുന്ന പണികൾ എന്താണെന്ന്. കുറച്ചൊക്കെ അടുക്കിയും പെറുക്കിയും അവർ ഓരോ പണികൾ സ്വയം ഉണ്ടാക്കിയാലും ഏറിയാൽ പത്തു മണിവരെ. അതിനുള്ളിൽ ഒരുവിധം എല്ലാം ഒതുങ്ങും. എന്നിട്ട് പറയുന്നതോ പാതിരാത്രി വരെ ഇവിടെ പണി തീരുന്നില്ലെന്നും. എത്ര ആലോചിച്ചിട്ടും ഇന്നും അതിനുള്ള ഉത്തരം എനിക്ക് കിട്ടുന്നില്ല.. ഇന്നും വീട്ടിലെ പണി മുഴുവൻ ഒതുക്കിക്കഴിഞ്ഞപ്പോൾ സമയം ഒൻപത് ആയതേ ഉളളൂ…. അപ്പൊ പിന്നെ ഇതിൽ കൂടുതൽ എന്ത് ചെയ്തിട്ടാണ് ഇവിടെ ചാവുന്ന വരെ ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടുന്നില്ലെന്ന് പറയുന്നത്.
ഓരോ ദിവസവും വീട്ടിലെ പണിയെല്ലാം തീർത്ത് പണിക്ക് പോയി അവിടെ വെയിലത്ത് കിടന്ന് ഉരുകി വൈകീട്ട് കേറിവരുമ്പോൾ പിന്നെയും തന്നെ കാത്തിരിക്കുന്ന പണിയിൽ മുഴുകിയിട്ടും എനിക്ക് തോന്നാത്ത വിമ്മിഷ്ടം വീട്ടിലെ മാത്രം പണികൾ ചെയ്യുന്ന ഇവർക്ക് എങ്ങനെ ഉണ്ടാകുന്നു എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ, ഒന്നും ചോദിക്കാറോ പറയാറോ ഇല്ല. കാരണം , ചോദിച്ചാൽ പിന്നെ മുപ്പതു കൊല്ലം മുൻപ് മുതലുള്ള കാര്യം എടുത്തിട്ട് വാ തുറക്കാൻ പോലും പറ്റാത്ത പോലെ ആക്കും അമ്മ. അതിന് മുന്നിൽ തോൽക്കും എന്നുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ ഇന്നും പണിയിലങ്ങനെ മുഴുകും. ഒരു പരാതിയും ഇല്ലാതെ…..
ആരുടേം കഥയിൽ വരാത്ത ചില ആണുങ്ങളും ഇങ്ങനെ വീട്ടിലെ യന്ത്രമാകുന്നുണ്ട് എന്നൊരു ഓർമ്മപ്പെടുത്തലോടെ..