ദാമ്പത്യം
രചന: സന്തോഷ് അപ്പുക്കുട്ടൻ
” എടീ ജോമോളേ നിനക്ക് എന്നെ മനസ്സിലായില്ലേ?”
ദിലീപിൻ്റെ ആശ്ചര്യത്തോടെയുള്ള ചോദ്യം കേട്ട് മീന, അവനെ തന്നെ സൂക്ഷിച്ചു നോക്കി…
ഓർമ്മയിൽ പരതിയിട്ടും ആ മുഖം വ്യക്തമാകാത്തതിനാൽ അവൾ ഒന്നുകൂടി ആഴത്തിൽ ചിന്തിച്ചു.
മീനയെന്ന തന്നെ ജോമോൾ എന്ന് വിളിക്കണമെങ്കിൽ, അത് കോളേജ് കാലഘട്ടത്തിൽ ഉള്ളവൻ തന്നെയെന്ന് അവൾ ഉറപ്പിച്ചു.
“ദിലീപ്….. “
അവൾ ഓർമകളിൽ നിന്ന് പതിയെ പരതിയെടുത്തിട്ട് മനസ്സിൽ മന്ത്രിച്ചു നോക്കിയതും അവളുടെ ഉണ്ടകണ്ണുകൾ വിടർന്നു.
“കുറുക്കൻ ദിലീപ് അല്ലേ?”
അവൾ ഉറക്കെ ചോദിച്ചതും, ദിലീപ് ചമ്മലോടെ അടുത്ത് നിൽക്കുന്നവളെ നോക്കി.
” കേട്ടോ ലതേ…. ഇതാണ് മീന. ഞങ്ങൾ ഇവളെ വിളിച്ചിരുന്നത് ജോമോൾ എന്നാണ്… നിറത്തിലെ ജോമോളെ പോലെ എന്നും വീഴ്ചയായിരുന്നു കോളേജിൽ ഇവൾക്ക് “
ലതയിൽ നിന്നും കണ്ണുകളുയർത്തി ദിലീപ് മീനയെ നോക്കി.
“നിനക്ക് വല്യമാറ്റം ഒന്നും സംഭവിച്ചിട്ടില്ല മീനാ… ഇത്തിരി വെളുത്തു. ഒത്തിരി തടിച്ചു… അത്രമാത്രം…. ഇപ്പോഴും വീഴ്ചകളൊക്കെ ഉണ്ടോ?”
ദിലീപ് ചോദിച്ചതും നാണത്തോടെ മീന ലതയെ നോക്കി.
” കേട്ടോ ലതേ…. കോളേജിൽ ഒന്നു രണ്ടു വട്ടം സ്റ്റെയർകെയ്സിൽ നിന്നു വീണിട്ടുണ്ട്… അതിന് ഈ കുറുക്കനാണ് എനിക്കു ജോമോൾ എന്നു പേരിട്ടത്….”
മീന പറഞ്ഞതും ഒരു ചിരിയോടെ ദിലീപ്, ലതയുടെ തോളിലൂടെ കൈയിട്ടു.
“ഇവൾ ലത. എൻ്റെ വൺ ആൻ്റ് ഓൺലി വൈഫ് “
മീന ലതയെ നോക്കി പുഞ്ചിരിച്ചു.
കാണാൻ നല്ലൊരു പെണ്ണ്!
ഈ കുറുക്കൻ ദിലീപിന് എങ്ങിനെ ഇങ്ങിനെയൊരു സുന്ദരിയെ ഭാര്യയായി കിട്ടിയെന്ന ചിന്തയിലായിരുന്നു അവൾ.
ലതയുടെ അടുത്ത് താൻ വെറുമൊരു നിഴലാണെന്നു അവൾക്കു തോന്നി.
“എന്താ മീനേ, ഞങ്ങളെ അകത്തോട്ടേക്കു ക്ഷണിക്കാതെ ഇങ്ങിനെ മിഴിച്ചു നിൽക്കുന്നത്?”
ദിലീപിൻ്റെ ചോദ്യം കേട്ടതും ഓർമകളിൽ നിന്നുണർന്ന മീന അവനെ നോക്കി പരിഭവം കാണിച്ചു.
“എന്നാലും നിൻ്റെ കല്യാണമൊന്നും ക്ഷണിച്ചില്ലല്ലോ?”
“സോറി ജോമോളെ…. നമ്മുടെ ഒപ്പം പഠിച്ചിരുന്ന ആരെയും വിവാഹത്തിന് വിളിച്ചിരുന്നില്ല…. മനപൂർവമല്ല. ആരെയും കോൺട്രാക്റ്റ് ചെയ്യാനുള്ള നമ്പർ എന്നിൽ ഉണ്ടായില്ല”
ദിലീപ് ക്ഷമാപണ സ്വരത്തിലൂടെ പറഞ്ഞു കൊണ്ട് ലതയുടെ തോളിലൂടെ കൈയ്യിട്ടു.
” അത് സാരല്യ ദിലീപേ… ഞാൻ വെറുതെ പറഞ്ഞതാ….രണ്ടും പുതുമോടിയിലാണെന്നു തോന്നുന്നു….. “
മീന പറഞ്ഞതും നാണം കുതിർന്ന ചിരിയോടെ ലത ദിലീപിനെ നോക്കി.
“രണ്ടും പുറത്ത് നിന്ന് കൊഞ്ചി കുഴയാതെ അകത്തേക്ക് കയറ്”
മീന പറഞ്ഞു കൊണ്ട് അകത്തേക്കു നടന്നതും ദിലീപും, ലതയും അവൾക്കു പിന്നാലെ അകത്ത് കയറി.
വലിയൊരു സോഫ സെറ്റിയിലേക്ക് അമർന്ന ദിലീപ് ആ റൂമിനുള്ളിൽ കണ്ണോടിച്ചതും ഒരു ആശ്ചര്യ ശബ്ദം അവനിൽ നിന്നുയർന്നു.
“നല്ല ഡെക്കറേഷൻസ്:… എല്ലാം മീനയുടെ ഐഡിയ ആകും അല്ലേ?”
മീനയിൽ നിന്നു കണ്ണെടുത്ത് ദിലീപ് തൊട്ടുരുമ്മിയിരിക്കുന്ന ലതയെ നോക്കി.
“പഠിക്കുന്ന കാലത്ത് തന്നെ മീനയിൽ നല്ലൊരു ഡിസൈനറുണ്ടായിരുന്നു “
ഒരു പുഞ്ചിരിയോടെ തലയാട്ടി മീന അടുക്കളയിലേക്ക് പോയി ഫ്രിഡ്ജിൽ നിന്നു ജ്യൂസെടുത്ത് രണ്ട് ഗ്ലാസിൽ പകർത്തി ട്രേയിൽ വെച്ചു വന്നു.
“നിങ്ങളെന്താ അപ്രതീക്ഷിതമായി ഇവിടെ… എന്നെ കാണാൻ വന്നതോ?…അതോ മറ്റു വല്യ കാര്യത്തിനായ് വന്നപ്പോൾ കയറിയതോ?”
മീന ജ്യൂസ് ട്രേ അവർക്കു നേരെ നീട്ടി ചോദിച്ചപ്പോൾ, ദിലിപ് ജ്യൂസ് കൈയ്യിലെടുത്ത് ലതയെ ഒന്നു പാളി നോക്കി.
“ഇവിടേയ്ക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. ഇവളെയും കൊണ്ടു ഞാൻ ഇവിടെ അടുത്തുള്ള സെൻ്റ് ആൻറണിസ് ഹോസ്പിറ്റലിലേക്ക് വന്നതാ…..
പറയുന്നതിനിടയിൽ അവൻ ലതയെ പുഞ്ചിരിയോടെ നോക്കിയതും അവളുടെ കണ്ണിൽ നാണം പൂത്തുലഞ്ഞു.
“ഇവൾക്ക് വിശേഷം ണ്ട്…. ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആൻസി മാത്യു നല്ല ഗൈനക്ക് ആണെന്നു കേട്ടു …. അവരെ ഒന്നു കൺസൾട്ട് ചെയ്യാമെന്നു വെച്ചു….”
ദിലീപ് പറഞ്ഞതും മീന ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു ലതയുടെ അരികെ വന്നിരുന്നു.
” തുടക്കത്തിൽ നന്നായി ശ്രദ്ധിക്കണം കേട്ടോ…. “
നിറഞ്ഞ മിഴികളോടെ മീനയത് പറഞ്ഞപ്പോൾ ദിലീപ് അവളെ സൂക്ഷിച്ചു നോക്കി.
വിഷാദം നിറഞ്ഞ മുഖത്തിൻ്റെ പിന്നിലെ കാര്യം കുട്ടികൾ ഇല്ലാത്തതു കൊണ്ടാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.
” അതു ഞാൻ നല്ലവണ്ണം നോക്കുന്നുണ്ട് മീനാ…. ഒരു കാര്യവും ഞാൻ ഇവളെ കൊണ്ട് ചെയ്യിപ്പിക്കാറില്ല….. ഒരു ഭർത്താവിൻ്റെ കെയർ നന്നായി വേണ്ട സമയമാണ് ഇതെന്ന് എനിക്ക് നല്ല വണ്ണം അറിയാം”
ദിലീപ് പറഞ്ഞതും മീന ലതയെ നോക്കി ചിരിച്ചു.
” ലത ഭാഗ്യം ചെയ്തോളാട്ടോ…. അല്ലെങ്കി ഇങ്ങിനെ തന്നെ മനസ്സിലാക്കുന്ന ഒരു ഹസിനെ കിട്ടില്ലായിരുന്നു “
മീന പറഞ്ഞു തീർന്നതും ലത, ദിലീപിൻ്റെ കൈ എടുത്ത് മടിയിൽ വെച്ച് പതിയെ തലോടികൊണ്ടിരുന്നു.
” മീനയുടെ ഹസ്? കുട്ടികൾ?”
ദിലീപ് ചുറ്റും ഒന്നു കണ്ണോടിച്ചു കൊണ്ട് മീനയെ നോക്കി.
“ഭർത്താവ് ഹരി. ബാങ്കിൽ മാനേജറാ…. കുട്ടികൾ ആയിട്ടില്ല”
പറഞ്ഞു തീരുമ്പോഴെക്കും മീനയുടെ സ്വരം പതറിയത് അവർ തിരിച്ചറിഞ്ഞു.
” അതിന് നിരാശപ്പെടേണ്ട കാര്യം ഇല്ല മീനാ… നിങ്ങൾക്കു ഒരുപാട് സമയമുണ്ടല്ലോ?”
ലത, ആശ്വസിപ്പിച്ചപ്പോൾ മീന പുഞ്ചിരിയോടെ തലയാട്ടി.
” അതൊക്കെ പോട്ടെ….ഡോക്ടറെ കണ്ടിട്ട് എന്താ പറഞ്ഞത്?”
മീന പതിയെ ലതയുടെ കൈ തടവികൊണ്ട് ചോദിച്ചു.
” അതാ പ്രശ്നം…. ഡോക്ടർ അർജൻറായി എന്തോ മീറ്റിങ്ങിന് പോയിരിക്കാ…. വൈകീട്ടു മാത്രമേ ഇനി ഡോക്ടർ വരൂ “
ലതയോടുള്ള ചോദ്യത്തിന് ദിലീപ് ആയിരുന്നു മറുപടി പറഞ്ഞത്.
” എന്തായാലും ഇന്നു ഡോക്ടറെ കണ്ടിട്ടു മാത്രമേ മടക്കമുള്ളൂ… കാരണം രണ്ട് ദിവസം കഴിഞ്ഞാൽ എനിക്ക് ദുബായിലേക്ക് മടങ്ങിപോകേണ്ടതാണ് “
കുടിച്ചു തീർന്ന ഗ്ലാസ് ടീപ്പോയിലേക്ക് വെച്ചു കൊണ്ട് അവൻ തുടർന്നു.
” ഡോക്ടർ വരും വരെ സമയം കളയാൻ സിനിമയ്ക്ക് പോണോ? പാർക്കിൽ പോണോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നമ്മുടെ ഒപ്പം പഠിച്ചിരുന്ന ഹാരിസിനെ കണ്ടത്… മീനയുടെ വീട് ഇവിടെ അടുത്താണ് എന്ന് അവനാ പറഞ്ഞത് “
അതും പറഞ്ഞ് അവൻ ലതയെ നോക്കി ചിരിച്ചു.
” അപ്പോൾ ഇവൾ ആണ് ഈ ഐഡിയ പറഞ്ഞത്… പഴയ ക്ലാസ്മേറ്റ്സ് അല്ലേ? ഒന്നു പോയി കാണാമെന്ന്
“അതെന്തായാലും നന്നായി “
മീന പറഞ്ഞപ്പോൾ ലത ദിലീപിനെ പതിയെ നുള്ളി കൊണ്ട് തുടർന്നു.
“ഈ ചേട്ടൻ ഒരുത്തിലേക്കും പോകില്ല… എവിടെയ്ക്ക് വിളിച്ചാലും നീ ഒറ്റയ്ക്ക് പോയി വാടീ എന്ന പറയാറ് “
“അത് നല്ലതല്ലേ… നമ്മൾ സ്ത്രീകൾക്ക് ഇത്തിരി ലോക പരിചയം വേണം”
മീന, ദിലീപിനെ പിൻതാങ്ങിയപ്പോൾ ലത അഭിമാനത്തോടെ അവനെ നോക്കി.
” മീനയുടെ ഹസ് ഇത്തിരി പിശക് ആണ് ലേ… ഒരു സ്വാതന്ത്ര്യവും അനുവദിക്കാറില്ല അല്ലേ? ഹാരിസ് പറഞ്ഞ് അറിഞ്ഞതാണ്….”
ദിലീപ് ചോദിച്ചതും മീന പതിയെ നിശബ്ദയായി.
“എനിക്കു ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഹരിയേട്ടൻ അനുവദിക്കാറുണ്ട്…. പക്ഷേ ഞാൻ അങ്ങിനെ ഉപയോഗിക്കാറില്ലെന്നു മാത്രം “
മീന പതറിയ ശബ്ദത്തോടെ അത്രയും പറഞ്ഞ് ജ്യൂസ് കുടിച്ചു തീർന്ന ഗ്ലാസ് ട്രേയിൽ വെച്ച് എഴുന്നേറ്റു.
പിന്നെയൊന്നും പറയാനില്ലാതെ ദിലീപ് ചമ്മിയ ഒരു ചിരിയോടെ മീനയെ നോക്കി.
“കണ്ടതിൽ സന്തോഷം., അപ്പോൾ പിന്നെ ഡോക്ടറെ കാണാൻ വൈകിട്ട് ഇവിടെ നിന്ന് ഇറങ്ങാം അല്ലേ?”
ദിലീപ് പറഞ്ഞതും മീന പുഞ്ചിരിയോടെ തലയാട്ടി.
“വൈകീട്ടല്ലേ ഡോക്ടർ വരൂന്ന് പറഞ്ഞത്… അതു വരെ നമ്മൾക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കാം ദിലീപേ “
മീന ദിലീപിനോട് പറഞ്ഞതിനു ശേഷം, ലതയെ നോക്കി.
“ഇവിടം നിന്ന് ഹോസ്പിറ്റലിലേക്ക് പത്ത് മിനിറ്റ് നടക്കാനേ ഉള്ളൂ… ഉച്ചയ്ക്കുള്ള ഊണും കഴിഞ്ഞ്, വൈകീട്ടത്തെ ഒരു ചായയും കുടിച്ച് ഇറങ്ങിയാൽ മതി… ഡോക്ടർ വരുന്ന സമയത്തിന് നിങ്ങൾക്ക് ഹോസ്പിറ്റലിൽ എത്താം”
“അതു വേണോ ദിലീപേ ?”
ലത തടസമുന്നയിച്ചപ്പോൾ മീന ദിലീപിനെ നോക്കി.
” അവൾക്ക് ഇടയ്ക്ക് തലകറക്കം വരും… റെസ്റ്റ് എടുക്കാൻ ഇവിടെ?”
ദിലീപിൻ്റ സംസാരം കേട്ട തോടെ മീന പൊട്ടി ചിരിച്ചു.
” അതാണോ ഇത്ര വലിയ കാര്യം…. ലത പോയിട്ട് ആ റൂമിൽ റസ്റ്റ് എടുക്ക്… “
ഡൈനിങ്ങ് റൂമിൻ്റെ തൊട്ടടുത്ത റൂം ചൂണ്ടി കാണിച്ചു കൊണ്ട് മീനയത് പറഞ്ഞപ്പോൾ നാണത്തോടെ ലത അങ്ങോട്ടേക്ക് നടന്നു.
തൊട്ടുപിറകെ നടക്കാൻ തുടങ്ങിയ ദിലീപിൻ്റെ കൈയിൽ മീന പിടിച്ചു.
” അവൾ റെസ്റ്റ് എടുക്കട്ടെ… നമ്മൾ ഒരു പാട് കാലത്തിനു ശേഷം കണ്ടതല്ലേ? പറയാനും, ഓർക്കാനും കുറേയുണ്ടല്ലോ?”
മീന അങ്ങിനെ പറഞ്ഞപ്പോൾ ഒരു നിമിഷം നിരാശനായെങ്കിലും, ദിലീപ് അവളെ കൗതുകത്തോടെ നോക്കി നിന്നു.
കോളേജിൽ വെച്ച് ആദ്യമായി പ്രണയം തോന്നിയ പെണ്ണ്…..
ഉള്ളിലെ പ്രണയം തുറന്നു പറയാൻ കഴിയാതെ വെന്തുനീറിയ രാപകലുകൾ…..
തൻ്റെ കൈകളിൽ പിടിച്ചിരിക്കുന്ന മീനയുടെ കൈയിലേക്കും, തിളങ്ങുന്ന ആ കണ്ണുകളിലേക്കും നോക്കി ബോധമറ്റവനെ പോലെ അവൻ നിന്നു…..
“നീയെന്താ സ്വപ്ന ലോകത്തേക്ക് പോയോ?”
മീനയുടെ ചോദ്യം അവനെ ഓർമകളിൽ നിന്നുണർത്തിയതും, ചമ്മിയ ഒരു ചിരിയോടെ അവളെ നോക്കി.
” ആർക്കാ കുഴപ്പം?”
ദിലീപിൻ്റെ ചോദ്യം കേട്ടതും ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി.
” ആരുടെ കുഴപ്പം കൊണ്ടാണ് കുട്ടികളുണ്ടാകാത്തതെന്നാ ഉദ്യേശിച്ചത്?
ചോദ്യം കേട്ടപ്പോൾ ഒരു വരണ്ട ചിരി അവളിൽ നിന്നുയർന്നു.
“ചേട്ടന്…. മരുന്നു കഴിക്കുന്നുണ്ട് “
അവളുടെ ശബ്ദത്തിന് പ്രതീക്ഷയില്ലായെന്ന് തോന്നിയപ്പോൾ അവന് പ്രതീക്ഷകളേറുകയായിരുന്നു.
“അതൊക്കെ ശരിയാവും മീനാ … ശരിയാകാതെ എവിടെ പോകാൻ?”
ഒരു ചിരിയോടെ ദിലീപ് പറഞ്ഞപ്പോൾ അവനെ നോക്കി അവൾ നാണത്തോടെ തലയാട്ടി.
കിച്ചനിൽ അവൾ ചെയ്യുന്ന പണികളും നോക്കി അവൻ സ്ലാബിൽ കയറിയിരുന്നു.
” ഒരു കാര്യം പറഞ്ഞാൽ വിഷമമാവോ ദിലിയ്ക്ക്?”
മീനയത് പതിയെ ചോദിച്ചപ്പോൾ അവൻ ഉത്സാഹത്തോടെ സ്ലാബിൽ നിന്ന് ചാടിയിറങ്ങി.
“എന്ത് വിഷമം? നീ പറ മീനാ?”
ദിലീപ് ചോദിച്ചതും, ദൂരെ നിൽക്കുന്ന ഉയരം കുറഞ്ഞ ചെന്തെങ്ങിലേക്ക് വിരൽ ചൂണ്ടി അവൾ.
” ആ ചെന്തെങ്ങിൽ നിന്ന് മൂന്നാല് കരിക്ക് ഇട്ടു വാ… കരിക്കിൻ വെള്ളം ഗർഭിണികൾക്ക് നല്ലതാ”
മീന പറഞ്ഞതും ആവേശം ഒട്ടും ചോരാതെ അവൻ ചെന്തെങ്ങിനു നേർക്ക് നടന്നതും, അവൾ മൊബൈൽ എടുത്ത് ഹരിക്കു വിളിച്ചു.
“ഹരിയേട്ടാ… ഇവിടെ രണ്ട് ഗസ്റ്റുകൾ വന്നിട്ടുണ്ട്… അവർക്ക് ഉച്ചയ്ക്ക് കൊടുക്കാൻ വല്ല മട്ടണോ, ചിക്കനോ വാങ്ങി വാ “
അവളുടെ സംസാരം കേട്ടതോടെ ഹരിക്ക് ഭ്രാന്തിളകി.
” മീനേ…. ഞാൻ ഹോട്ടൽ പണിക്കാരനല്ല കേട്ടോ… ഒരു സ്ഥാപനത്തിലെ മാനേജറാ”
“ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് നിരസിക്കാൻ പറ്റില്ലാന്നറിയാം ഹരിയേട്ടാ…. ഒരു അഞ്ചു മിനിറ്റല്ലേ… നല്ല കുട്ടിയായ് വാങ്ങി കൊണ്ടു വാ “
മീന കൊഞ്ചി കൊണ്ട് പറഞ്ഞപ്പോൾ ഹരിയ്ക്ക് പിന്നെ എന്തു പറയണമെന്നറിയാതെയായി.
“നിനക്ക് അറിയാമല്ലോ, ബാത്ത് റൂമിൽ വീണ് കാൽ ഉളുക്കിയതുകൊണ്ട് ഞാൻ ഇന്ന് ബൈക്ക് എടുക്കാതെ ഓട്ടോയ്ക്കാണ് പോന്നതെന്ന് …”
“അത് സാരല്യ ഹരിയേട്ടാ… വൈകീട്ട് വന്നാൽ കാലിൽ ഉളുക്കിയ ഭാഗത്ത് ഞാൻ തൈലമിട്ടു തരാം”
മീനയുടെ വാക്കും കേട്ട് ഇനി എന്തു ചെയ്യണമെന്നറിയാതെ നോക്കി കൊണ്ടിരുന്ന ഫയലിലേക്ക് മുഖം കുനിച്ചു ഹരി.
” എന്താ പ്രകാശാ നമ്മടെ മാനേജർ ഫയലിൽ മുഖം പൂഴ്ത്തിയാണല്ലോ ഇരുപ്പ്?”
ചില്ലു ഗ്ലാസിനപ്പുറം കാണുന്ന മാനേജരെയും നോക്കി വീണയുടെ ചോദ്യം കേട്ടതും, പ്രകാശൻ അവൾക്കരികിൽ വന്നു നിന്നു.
“ഫയൽ നോക്കുന്നതൊന്നുമാകില്ല മാനേജർ സാർ.. പെണ്ണും പിള്ളയുടെ ഫോൺ വന്നിട്ടുണ്ടാകും”
“ഇങ്ങിനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല….. മിനിറ്റിന് മിനിറ്റിന് പെണ്ണിൻ്റെ ഫോൺ വിളിയും … പിന്നെ കലഹവും “
ഇവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന ദിവ്യ അവർക്കരികിലേക്ക് വന്നു.
“ഇത്ര ശല്യമാണെങ്കിൽ വിട്ടിട്ടുപോണം ആ നശൂലത്തിനെ…. കാണാൻ സുന്ദരനായ ഇയാൾ വേറൊരു പെണ്ണിനെ കെട്ടണം,,,,അല്ല പിന്നെ “
ദിവ്യയുടെ സംസാരം കേട്ടതും പ്രകാശനും, വീണയും പതിയെ ചിരിച്ചു.
” ഞാൻ തമാശ പറഞ്ഞതല്ല.,,, അതിനെ കാണാൻ അത്ര ചേലൊന്നുമില്ല… കറുത്ത് തടിച്ച് ഒരു രൂപം…. ഈ ആപ്പിൾ പോലെയുള്ള മനുഷ്യൻ അതിനെ കെട്ടിയത് എന്ത് കണ്ടിട്ടാവോ?”
“ഞാനും അത് പലപ്പോഴും ചിന്തിക്കാറുണ്ട്…. വല്യ കൊമ്പത്തെ സ്ത്രീ ആകുമെന്നാ ഞാൻ വിചാരിച്ചത്… പിന്നെയല്ലേ അറിഞ്ഞത് മൂന്നു നേരം ഭക്ഷണം ശരിക്കും കഴിക്കാനില്ലാത്തോടത്തെ മൂത്ത പെൺകുട്ടിയാണെന്ന് “
ദിവ്യയുടെ സംസാരത്തിന് അകമ്പടിയായി എത്തിയ വീണയുടെ വാക്കുകളായിരുന്നു അത്.
“ഭാര്യമാർക്ക് ഇത്രയ്ക്ക് അധികം വളം വെച്ചു കൊടുക്കരുത്… എപ്പോഴും അവരുടെ മേലുള്ള ചരട് നമ്മുടെ കൈയ്യിലുണ്ടാകണം”
പ്രകാശൻ പറഞ്ഞു കൊണ്ട് ഗ്ലാസ് കാബിനപ്പുറത്തുള്ള മാനേജരെ ഒന്നു പാളി നോക്കി.
“നമ്മളെ കടിച്ചുകീറാൻ വരുന്ന സാറിൻ്റെ പഞ്ചപാവം പോലെയുള്ള ഇരുപ്പ് കണ്ടിട്ട് പാവം തോന്നുന്നു “
” പ്രകാശൻ്റെ ഭാര്യയെങ്ങിനെ ഇതുപോലെയാണോ?”
വീണ ചിരിച്ചു കൊണ്ടു ചോദിച്ചപ്പോൾ അവൻ പതിയെ തലയാട്ടി.
” അതിനിത്തിരി പുളിക്കും… ഞാൻ പറഞ്ഞതിൻ്റെ അപ്പുറത്തേക്ക് ഒരടി വെക്കില്ല അവൾ…. വെക്കാൻ സമ്മതിക്കില്ല ഞാൻ…..”
പാതിയിൽ നിറുത്തി അവൻ മാനേജറുടെ റൂമിലേക്ക് നോക്കി.
” എൻ്റെ വൈഫ് മ്മടെ മാനേജറുടെ വൈഫിൻ്റെ പോലെ കാണാൻ കൊള്ളാത്തതല്ല…. അസ്സല് വെണ്ണ…. തങ്കപ്പെട്ട സ്വഭാവവും… അല്ലാതെ മാനേജറുടെ ഭാര്യ പോലെ…. ഞാൻ കൂടുതലൊന്നും അതിനെ പറ്റി പറയുന്നില്ല “
” പ്യൂൺ ആണെങ്കിലും പ്രകാശൻ ജിവിക്കാൻ പഠിച്ചോനാ ?ഹരി സാറ് മാനേജറായിട്ടെന്താ കാര്യം? ജീവിതത്തിൽ വട്ടപൂജ്യം “
വീണ അത്രയും പറഞ്ഞ് ഫയലിലേക്ക് മുഖം പൂഴ്ത്തി.
” പുരുഷനായാൽ അതിൻ്റ ചൂര് കാണിക്കേണ്ടേ… ഇയാൾ ശരിക്കും നിർഗുണൻ”
പ്രകാശൻ പറഞ്ഞു തീരുമ്പോഴേക്കും ഗ്ലാസ് ഡോർ തുറന്ന് വരുന്ന മാനേജറെ കണ്ടതും, അയാൾ വേഗം തൻ്റെ ഇരിപ്പിടത്തിലേക്ക് പാഞ്ഞതും മാനേജറുടെ വിളി വന്നു.
” പ്രകാശൻ്റെ ബൈക്ക് ഒന്നു എടുക്ക്… അഞ്ച് മിനിറ്റിനുള്ളിൽ നമ്മൾക്ക് തിരിച്ചെത്താം “
ഞൊണ്ടി വരുന്ന മാനേജർ പറഞ്ഞതും, ഭവ്യതയോടെ തലയാട്ടി കൊണ്ട് പ്രകാശൻ ബൈക്ക് എടുക്കാൻ പുറത്തേക്ക് നടന്നു.
“സാറും, ഭാര്യയും എപ്പോഴും വഴക്കാണല്ലോ?”
ബൈക്കോടിച്ചു കൊണ്ടിരിക്കുമ്പോൾ പ്രകാശൻ ചോദിച്ചതും ഹരി പതിയെ മൂളി.
” പക്ഷെ ആ വഴക്കുകൾ ഞങ്ങൾ ആസ്വദിക്കാറുണ്ട് ട്ടോ പ്രകാശാ…..
മാനേജറുടെ വാക്ക് കേട്ടതും അതിനെ പറ്റി ഒന്നും ചോദിക്കേണ്ടായിരുന്നുവെന്ന് പ്രകാശന് തോന്നി.
“കൊച്ചു കൊച്ചു കാര്യങ്ങൾക്ക് എന്നോട് വാശിപിടിക്കുമ്പോൾ ഞാൻ ദേഷ്യപ്പെടുമ്പോഴും, ഉള്ളിൽ ഞാൻ സന്തോഷിക്കാറുണ്ട്…. അത് അവൾക്കും അറിയാം”
“സാർ…. ഞാൻ “
” അതേടോ…. ഞാൻ നിർഗുണൻ തന്നെയാണ് എൻ്റെ ഭാര്യയുടെ മുന്നിൽ…കാരണം അവൾ എൻ്റെ ഭാര്യയാണ്… അല്ലാതെ എൻ്റെ ക്ലൈൻ്റ് അല്ല “
“സാർ ഞാൻ അങ്ങിനെ ഉദ്യേശിച്ചിട്ടല്ല സംസാരിച്ചത് “
ആ വിഷയത്തിൽ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി പ്രകാശന്.
“താൻ പറയുന്നതൊക്കെ ഞാൻ കേട്ടു …. അവളുടെ ആവശ്യങ്ങൾ എന്നോടല്ലാതെ തന്നോട് പറയാൻ പറ്റോ…?” അതിന് ചിലപ്പോൾ അവൾ തുരുതുരെ ഫോൺ ചെയ്തെന്നിരിക്കും… അതിന് ഞാൻ ചീത്ത പറഞ്ഞെന്നിരിക്കും….. അതൊക്കെ ഞങ്ങളുടെ സ്വകാര്യത അല്ലേ പ്രകാശാ…. അതിന് ഇങ്ങിനെ വട്ടം കൂടിയിരുന്നു ചർച്ച ചെയ്യാൻ നാണമില്ലേ നിങ്ങൾക്ക്?”
മാനേജറുടെ സ്വരമുയർന്നത് കണ്ടപ്പോൾ പ്രകാശൻ മൗനം പാലിച്ചു.
ചെവിട്ടിനുള്ളിലേക്ക് ഈയം കോരിയൊഴിക്കുന്നത് പോലെ മാനേജർ പറഞ്ഞു കൊണ്ടിരിക്കെ, പ്രകാശൻ നിശബ്ദനായി തലയാട്ടി കൊണ്ടിരുന്നു.
നല്ലൊരു ഹോട്ടലിൽ കയറി ബീഫും, മട്ടണും, പൊറോട്ടയും വാങ്ങി വീട്ടിലേക്ക് യാത്രയാകുമ്പോഴും മാനേജർ, പ്രകാശന് സ്വൈര്യം കൊടുത്തിരുന്നില്ല.
പ്രകാശൻ്റെ ബൈക്കിൽ ഹരി വീടിൻ്റ പടിക്കലെത്തുമ്പോൾ, മീന അയാളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ബീഫും, പൊറോട്ടയും അടങ്ങിയ കവർ ഹരി അവൾക്കു നേരെ നീട്ടിയതും അതു വാങ്ങാതെ അവൾ അവൻ്റെ പോക്കറ്റിൽ നിന്നും പൊടുന്നനെ
മൊബൈലെടുത്തു.
“എന്താടീ നിനക്ക് പറ്റിയ തെന്നു ഹരി ചോദിക്കുമ്പോൾ അതൊന്നും ഗൗനിക്കാതെ ഫോൺ തുറന്നു ഗ്യാലറിയിലേക്കു നോക്കുകയായിരുന്നു അവൾ.
നിമിഷങ്ങൾക്കു ശേഷം ഒരു വിവാഹ ഫോട്ടോയിലെത്തിയതും അവളുടെ കണ്ണുകൾ തുറന്നടഞ്ഞു.
ഫോട്ടോയിൽ നിന്ന് മുഖമുയർത്തി ഹരിയോട് എന്തോ പറയാനൊരുങ്ങുമ്പോഴാണ്, ആ നിമിഷം ഹെൽമറ്റ് ഊരിയ പ്രകാശനെ അവൾ ശ്രദ്ധിച്ചത്.
” ഇത് നിങ്ങളുടെ വിവാഹ ഫോട്ടോ അല്ലേ?”
ഗ്യാലറിയിൽ നിന്ന് ഒരു വിവാഹ ഫോട്ടോ സൂം ചെയ്തു പ്രകാശന് കാണിച്ചു മീന ചോദിച്ചപ്പോൾ അവൻ അതെയെന്നു തലയാട്ടി.
“വൈഫ് വീട്ടിലാണോ? അതോ വൈഫിൻ്റെ വീട്ടിലാണോ?”
മീന ചോദിച്ചപ്പോൾ ഒരു അഹങ്കാരത്തോടെ അവൻ പറഞ്ഞു.
“എൻ്റെ വീട്ടിലാ…. അവൾടെ വീട്ടിലേക്ക് ഞാൻ തള്ളി പറഞ്ഞു വിട്ടാലും അവൾ പോകില്ല”
“നല്ലത് “
അതും പറഞ്ഞ് കവറും വാങ്ങി അവൾ വീട്ടിലേക്ക് നടന്നതും, അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു.
“വാ…. രണ്ട് പേർക്കും ഒരു ചായ കുടിച്ചിട്ടു പോകാം”
ഇവൾക്ക് ഇതെന്തു പറ്റിയെന്ന ചോദ്യവുമായി ഹരിയും, മാഡത്തിന് ഭ്രാന്തു കൂടിയോ എന്ന ചിന്തയിൽ പ്രകാശനും, ബൈക്ക് അവിടെ വെച്ച് അവൾക്കു പിന്നാലെ ചെന്നു.
ടി.വി.ചെറിയ വോളിയത്തിൽ കണ്ടു കൊണ്ടിരിക്കുന്ന ആളെ കണ്ടതും, ആരെന്ന് കണ്ണുകൾ കൊണ്ട് ഹരി ചോദിച്ചു.
“ഇതാണ് ദിലീപ്…. എൻ്റ കോളേജ്മേറ്റ്… ഇവനും വൈഫുമാണ് നമ്മുടെ അതിഥികൾ….”
ഹരിക്ക്, ദിലീപിനെ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ, പിന്നാലെ വന്ന പ്രകാശനെ കണ്ട് ദിലീപ് ഇരുന്നയിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റു.
“ഹരിയേട്ടൻ ദിലീപിൻ്റെ വൈഫിനെ ഇതുവരെ കണ്ടിട്ടില്ല…. ഒന്നു വിളിക്കൂ ലതയെ”
മീനയുടെ പറച്ചിൽ കേട്ടതും, ദിലീപ് വിളറി വെളുത്തു.
ദിലീപിനെ നോക്കി ഒരു ചെറു ചിരിയോടെ മീന പോയി മുൻഭാഗത്തെ വാതിലടച്ചു.
“വിളിക്കടാ നിൻ്റെ പെണ്ണിനെ “
പറഞ്ഞു തീർന്നതും, മീനയുടെ കൈപ്പത്തി ദിലീപിൻ്റെ കവിളിൽ വല്ലാത്തൊരു ശബ്ദത്തിൽ വീണു.
ദിലീപ് അടികൊണ്ട കവിളും പൊത്തിപിടിച്ച് നിൽക്കെ, അടിയുടെ ശബ്ദം കേട്ട് റൂം തുറന്ന് വന്ന സ്ത്രീയെ കണ്ട്,പ്രകാശൻ്റെ തൊണ്ട കുഴിയിൽ നിന്നു ഒരു വിലാപ ശബ്ദം തെറിച്ചു വീണു.
“ലതാ…. “
പ്രകാശൻ്റെ വിളി കേട്ടതും ലത, ഭീതിയോടെ മുറിയിലേക്ക് ഓടി കയറാനൊരുങ്ങുമ്പോഴേക്കും മീന അവളെ പിടിച്ചു.
“ലത തന്നെയാണ്…. തല തിരിഞ്ഞവൾ “
പുച്ചത്തോടെ അതും പറഞ്ഞ് ലതയെ നോക്കി മുഖം ചുളിച്ചു മീന.
“ഹരിയേട്ടൻ പോലീസിനെ വിളിക്ക് “
” അതു വേണോ മീനാ…. പോലീസ് കേസായാൽ ലത നാറും “
സംഭവത്തിൻ്റെ കിടപ്പുവശം എല്ലാം മനസ്സിലായ ഹരി സഹതാപത്തോടെ മീനയെ നോക്കി.
” നന്നാവാനാണ് ഇവളുടെ ഉദ്യേശമെങ്കിൽ ഇവളെ നമ്മൾക്ക് ഒഴിവാക്കാം….പക്ഷേ, നമ്മുടെ വീട് ഒരു ലോഡ്ജ് ആക്കാൻ നോക്കിയ ഈ നാറിയെ, പോലീസിനെ കൊണ്ട് കൂമ്പിനിട്ട് ഇടി കൊടുപ്പിക്കും ഞാൻ…”
ദിലീപിനെ നോക്കി പറഞ്ഞു കൊണ്ടിരിക്കെ അവൾ ഹരിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് കീ ബട്ടണിൽ അമർത്തി അവനെ നോക്കി.
“ലോഡ്ജും, പാർക്കും ഒക്കെ സേഫ് അല്ലെന്നു മനസ്സിലായ ഇവരുടെ പുതിയ ഐഡിയയാണ് ഇങ്ങിനെ പഴയ ബന്ധം പറഞ്ഞു വരുന്നതിനു പിന്നിൽ… ഇത് ഇന്നത്തോടെ അവസാനിപ്പിക്കും ഞാൻ…”
മീന വിറഞ്ഞു കയറുകയായിരുന്നു……
” മീനാ…. രണ്ട് ആളും തെറ്റുകാരാണ്…. ഇത് ഇവിടം വെച്ച് നല്ല രീതിയിൽ പറഞ്ഞ് അവസാനിപ്പിക്കാം”
ഹരി, വിറച്ചു നിൽക്കുന്ന ദിലീപിനെയും, തലയും കുനിച്ചു നിൽക്കുന്ന ലതയെയും നോക്കി പറഞ്ഞു.
” അതവരുടെ കാര്യം…. അത് എങ്ങിനെ വേണമെങ്കിലും അവർ തീർത്തോട്ടെ…..എനിക്ക് അതല്ല പ്രശ്നം:… അവർ അ നാശ്യാസത്തിന് കണ്ടെത്തിയത് നമ്മുടെ വീട്……”
പറയുന്നതിനനുസരിച്ച് മീന നിന്നു ദേഷ്യത്തിൽ വിറയ്ക്കുകയായിരുന്നു.
” അതു മാത്രമല്ല ഹരിയേട്ടാ…. മറ്റൊരുത്തൻ്റെ പെണ്ണുമായി ഇവിടേയ്ക്ക് കള്ളം പറഞ്ഞു വന്ന ഇവൻ, അവളെ വിട്ട് എന്നെ വളക്കാൻ നോക്കായിരുന്നു…. അടിച്ച് പല്ലെടുക്കേണ്ടേ ഇവനെ ഞാൻ?”
മീന ചോദിച്ചതും, ഹരി ദിലീപിൻ്റെ ഇരുകവിളിലും പടക്കം പൊട്ടുന്ന രീതിയിൽ നാലഞ്ചടി അടിച്ചതും, ദിലീപ് കവിളും പൊത്തി താഴേക്ക് ഇരുന്നു.
മൊബൈൽ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതിനു ശേഷം മീന, പ്രകാശനു നേരെ തിരിഞ്ഞു.
“എസ്.ഐ.ഇപ്പോൾ വരും…. അതിനു മുൻപ് താൻ ഇവളെയും വിളിച്ചു വേഗം പൊയ്ക്കോ…. ബാക്കിയുള്ള കാര്യം ഞാൻ മാനേജ് ചെയ്തോളാം…”
പറഞ്ഞതും മീന വല്ലാത്തൊരു പുച്ഛത്തോടെ അവളെ നോക്കി.
“നല്ല ആക്റ്റിങ്ങ് ആയിരുന്നു ട്ടോ.,,, ഓസ്കാർ വരെ കിട്ടാൻ സാധ്യതയുണ്ട്…. നിന്നെ കണ്ടപ്പോൾ മുതൽ എവിടെയോ വെച്ച് കണ്ടതുപോലെ എനിക്ക് തോന്നിയിരുന്നു….. ഇനിയും ഭാവങ്ങളിറക്കാതെ ഇറങ്ങീപോടീ”
മീന അലറി പറഞ്ഞതോടെ പ്രകാശൻ പല്ലിറുമ്മി കൊണ്ട് ലതയെയും പിടിച്ച് പൊടുന്നനെ പുറത്തേക്കിറങ്ങി.
” പ്രകാശൻ ഒന്നു നിന്നേ.”
ഹരിയുടെ ശബ്ദം കേട്ട തോടെ പ്രകാശൻ ജാള്യതയോടെ നിന്നു.
“എൻ്റെ പെണ്ണ് കലഹക്കാരിയാണ് …. കറുത്തിട്ടാണ്…. തടിച്ചിട്ടാണ്…കണക്കിലെ അക്കങ്ങൾ പോലെയാണ് അവളുടെ ഷേയ്പ്… ഇതൊക്കെ നിങ്ങൾക്കു തോന്നുന്നതാണ് … പക്ഷേ എനിക്ക് അവൾ എൻ്റെ മാലാഖ തന്നെയാണ്… അത് എന്തുകൊണ്ടാണെന്ന് പ്രകാശന് ഇപ്പോൾ മനസ്സിലായില്ലേ?”
ഹരിയുടെ ചോദ്യത്തിനു മുന്നിൽ വിളറി വെളുത്തു നിന്നു പ്രകാശൻ…..
“ആർക്കും, ആരെയും ചതിക്കാൻ എളുപ്പമാണ് കുട്ടീ…. അതൊരു നല്ല കഴിവായിട്ട് കാണരുത് .. ചീഞ്ഞളിഞ്ഞ മനസ്സിനു മാത്രമുള്ള ഒരു കഴിവാണ് അത്”
ലതയോടു പറഞ്ഞതിനു ശേഷം വീട്ടിലേക്ക് നടന്ന ഹരി ഒരു നിമിഷം തിരിഞ്ഞു നിന്നു.
” ഇത്രയും നേരം ഓഫീസിലിരുന്നു നിങ്ങൾ എല്ലാവരും കളിയാക്കിയിരുന്നതല്ലേ മീനയെ…. അങ്ങിനെ ചെയ്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ അവളെയൊന്നു തൊഴുതിട്ട് പൊക്കോ”
ഹരി ചിരിയോടെ അത്രയും പറഞ്ഞ് വീടിൻ്റെ അകത്ത് കയറിയതും, അതുവരെ അമർത്തി പിടിച്ചിരുന്ന നാണക്കേട് കൈകൊണ്ട് ലതയുടെ കവിളിൽ തീർക്കുകയായിരുന്നു പ്രകാശൻ…..
ശുഭം.