ഏതു ഘട്ടത്തിലും സുഖമായുറങ്ങാനുള്ള ഭാര്യയുടെ പ്രാപ്തിയിൽ യദുവിന് മുൻപേ അതിശയമാണ്…

ഗീതേച്ചി

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ദീർഘദൂര ബസ്, കുതിച്ചും കിതച്ചും ഓടിക്കൊണ്ടേയിരുന്നു. കോവിഡ് കാലഘട്ടമായതിനാലാകാം ഇരിപ്പിടങ്ങൾ പലതും ഒഴിഞ്ഞുകിടന്നു. മുഖത്തു പ്രതിരോധ കവചം ധരിച്ച യാത്രികരിൽ പലരും പാതിയുറക്കത്തിലായിരുന്നു, മറ്റു ചിലർ മൊബൈൽ ഫോണിൻ്റെ ഇത്തിരിച്ചതുരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചും സഞ്ചാരം തുടർന്നു. കാലം പാരിതോഷികം നൽകിയ അപ്രതീക്ഷിത മുഖംമൂടികൾ, അപരിചിതത്വങ്ങളെ ഇരട്ടിയാക്കുന്നു.

യദുകൃഷ്ണൻ, അടച്ചിട്ട ചില്ലുജാലകത്തിലൂടെ പുറം കാഴ്ച്ചകൾ തേടിക്കൊണ്ടിരുന്നു. പോയ കാലം കണക്കേ, പിന്തിരിഞ്ഞകന്നു മാറുന്ന ദർശനങ്ങൾ. അരികിൽ ചേർന്നിരുന്ന ഹേമയുടെ ഉറക്കം, രണ്ടാംഘട്ടത്തിലേക്കു കടന്നിരിക്കുന്നു.

തോളിലേക്കു മുഖം ചരിച്ച്, അനുക്രമമായ ശ്വാസോഛ്വാസങ്ങൾ കഴുത്തിൽ ചൂടുപകരുന്നു. ബസ്സിൻ്റെ ഇളകിയാടലുകൾക്കനുസൃതമായി ചിലപ്പോളൊക്കെ തല താഴേക്കു ചരിയുന്നു. വീണ്ടും ചേർന്നു പറ്റിയുറങ്ങുന്നു.

ഏതു ഘട്ടത്തിലും സുഖമായുറങ്ങാനുള്ള ഭാര്യയുടെ പ്രാപ്തിയിൽ യദുവിന് മുൻപേ അതിശയമാണ്. കിടപ്പുമുറിയിലാണെങ്കിൽ, ഒരു കാലെടുത്ത് നെഞ്ചിനും വയറിനുമിടയിൽ കയറ്റി വക്കും. ഇവിടെ അതു സാധ്യമല്ലെന്ന വ്യതിയാനം മാത്രമേയുള്ളൂ.

വേനലിൽ ചുട്ടുപഴുത്ത ടാർ നിരത്ത് പെരുമ്പാമ്പു കണക്കേ മുന്നോട്ടു നീണ്ടു പുളഞ്ഞു കിടന്നു.

ഗീതച്ചേച്ചിയുടെ വീട്ടിലെക്കെത്തുവാൻ, ഇനിയും ഒരു മണിക്കൂർ കൂടി സഞ്ചരിക്കണം. യദു ഓർത്തു. ഇന്നലേയും ഗീതേച്ചി മനസ്സിൽ വന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തൻ്റെ നാൽപ്പത്തിരണ്ടാം പിറന്നാൾ. ഒരു ദിവസം മുൻപാണ് ഗീതേച്ചിയുടെ ജന്മദിനം. അപ്പോൾ, മിനിയാന്ന് ഗീതേച്ചിക്ക് അമ്പത്തിരണ്ടു വയസ്സു തികഞ്ഞു. കാലം, എത്ര വേഗമാണ് കടന്നുപോകുന്നത്…യദു ഓർത്തു. ഓർമ്മകളിൽ കഴിഞ്ഞ കാലത്തെ രംഗങ്ങൾ കടന്നു വന്നു.

കുട്ടിക്കാലം…

തൊട്ടയൽവക്കത്തായിരുന്നു ഗീതേച്ചിയും കുടുംബവും താമസിച്ചിരുന്നത്. രണ്ടാങ്ങളമാർക്ക് ഒറ്റപ്പെങ്ങളായ ഗീതേച്ചി. അച്ഛനും, അമ്മയും സർക്കാർ ജോലിക്കാരായതിനാൽ താൻ എപ്പോഴും ഗീതേച്ചിയുടെ വീട്ടിലായിരുന്നു. പത്തു വർഷത്തിൻ്റെ വ്യതിയാനമുള്ള പിറന്നാളുകൾ തലേന്നും പിറ്റേന്നുമായി ഇരുവീടുകളിലും സഹർഷം ആഘോഷിച്ചു പോന്നു. ഒത്തിരി വായിക്കുമായിരുന്നു ചേച്ചി. ചേച്ചിയുടെ മുറിയകത്ത് ഏറെ പുസ്തകങ്ങൾ അടുക്കി വച്ചിരുന്നു. ഒരു പക്ഷേ, വായനയുടെ ലോകത്തേക്കുള്ള തൻ്റെ ആദ്യചുവടു ചേച്ചിയുടെ കിടപ്പുമുറിയിലെ ഷെൽഫിലെ പുസതകക്കൂട്ടങ്ങളിൽ നിന്നും തന്നെയായിരുന്നു.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയപ്പോൾ മുതൽ, ചേച്ചിക്കു വിവാഹാലോചനകൾ വന്നു. ജാതകത്തിൻ്റെ കാര്യത്തിൽ ചേച്ചിയുടെ വീട്ടുകാർ തികഞ്ഞ യാഥാസ്ഥിതികരായിരുന്നു. ചൊവ്വാദോഷം എന്നത് അത്രമേൽ തീഷ്ണമായി ആ മംഗല്യ യോഗങ്ങൾക്കു മേലെ അശനിപാതം തീർത്തു.

ഗീതേച്ചിക്കു മുപ്പതുകൾ പിന്നിട്ടപ്പോൾ, താൻ യൗവ്വനാരംഭത്തിൻ്റെ തീഷ്ണതയിലാരുന്നു. എന്നു മുതലാണ് തൻ്റെ കണ്ണുകൾ മറ്റൊരു രീതിയിൽ ഗീതച്ചേച്ചിയിൽ പതിക്കാൻ തുടങ്ങിയതെന്നു നിശ്ചയമില്ല. സഹോദരങ്ങൾക്കു കുടുംബമായിട്ടും, കെട്ടാമങ്കയായി ഗീതച്ചേച്ചി നിന്നു. എങ്കിലും, തീഷ്ണമായൊരു സൗന്ദര്യമായിരുന്നു അവർക്ക്. വാരിച്ചുറ്റിയ സമൃദ്ധമായ തലമുടിയുമായി മുറ്റമടിക്കുമ്പോൾ അവരുടെ അനാവൃതമായ കാലുകളിലും കൈത്തണ്ടകളിലും തെളിഞ്ഞു നിന്ന രോമരാജികൾ അസഹിഷ്ണുത വർദ്ധിപ്പിച്ചു. ഏതോ കഥയിൽ വായിച്ചതോർത്തു. “ഏറെ മുടിയുളളവർ, ഏറെ സെ ക്സിയാണ്….”

വായനശാലയിൽ നിന്നും ചേച്ചിക്കു വേണ്ടി പുസ്തകങ്ങളെടുക്കുമ്പോൾ മനപ്പൂർവ്വം മസാലക്കഥകളെടുക്കാൻ ശ്രദ്ധിച്ചു. എം ടിക്കൊപ്പം, പമ്മനും, അയ്യനേത്തും, മാത്യു മറ്റവും ചേച്ചിയെത്തേടി വന്നു. തൻ്റെ നോട്ടങ്ങളും, ഭാവങ്ങളും അവർ മനസ്സിലാക്കിയിട്ടുണ്ടാകും. എങ്കിലും, അവർക്ക് തന്നോട് പത്തു വയസ്സിനു മൂപ്പുള്ള ചേച്ചിയുടെ വാത്സല്യമായിരുന്നു.

ഹേമയെ വിവാഹം കഴിക്കുമ്പോൾ, അന്നത്തേ ചടങ്ങുകളിൽ ഗീതേച്ചി തിളങ്ങി നിന്നു. നാൽപ്പതുകളിലെത്തിയ അവരുടെ മേനിത്തിളക്കം ഏറെ മങ്ങിത്തുടങ്ങിയിരുന്നു. മോൻ ജനിച്ച്, രണ്ടു വർഷം കഴിഞ്ഞപ്പോളായിരുന്നു ആ അപ്രതീക്ഷിത വിവാഹം. ഏറെ ദൂരം അകലെയുള്ള, ആ സമാന ജാതകക്കാരൻ്റെ വീട്ടിലേക്കു ചേച്ചി കൂടുമാറി…..

എതിരെ വന്ന ഏതോ വാഹനത്തിനെ മറികടക്കാൻ വെട്ടിച്ചപ്പോൾ, ബസ്സ് വല്ലാതൊന്നുലഞ്ഞു. ഹേമയുടെ ഉറക്കം മുറിഞ്ഞു. അവൾ മൂരി നിർവർന്ന് യദുവിനോടു ചേർന്നിരുന്നു. എന്നിട്ട് ചോദിച്ചു.

“എന്തൂട്ടാ ആലോചിക്കുന്നത്, മോനേക്കുറിച്ചാണോ…? അവൻ, അച്ഛൻ്റെയും അമ്മയുടെയും കൂടെ സുഖമായിരിക്കും. പത്തു വയസ്സായില്ലെ….ടെൻഷനൊന്നും വേണ്ട…..”

തെല്ലിട മൗനമായിരുന്ന ശേഷം, ഹേമ തുടർന്നു.

“ഗീതേച്ചി, സ്വന്തം വീട്ടിലേക്കു തിരിച്ചുപോരുമോ….? ഭർത്താവു മരിച്ചിട്ട്, ചേച്ചിക്കവിടെ എന്താണു നിലനിൽപ്പ്….ഒന്നോർത്താൽ ആ ചേച്ചിയുടെ കല്യാണം കഴിയേണ്ടായിരുന്നു.രണ്ടു കൊല്ലം കഴിഞ്ഞപ്പോളെ അങ്ങേര് കാൻസർ രോഗിയായി. പിന്നെ, ചേച്ചിയനുഭവിച്ച കഷ്ടപ്പാടുകൾ…മക്കളൂല്യാ….യദുച്ചേട്ടനെ ചേച്ചിക്ക് എത്ര ഇഷ്ടമായിരുന്നൂലേ….കാണുമ്പോഴൊക്കെ പറയും….”

യദു ഒന്നും മിണ്ടിയില്ല…..

അയാളുടെ ഉൾക്കാഴ്ച്ചകളിൽ, ജീവിതത്തിൽ തനിച്ചായ ഒരു പാവം സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു. തന്നെ കാണുമ്പോൾ, ചേച്ചി ആർത്തലച്ചു കരയുമായിരിക്കും…തീർച്ച….ആ കണ്ണുകളിലേക്കു നോക്കുവാൻ തനിക്കു കഴിയുമോ….?

ബസ് കുതിച്ചുപാഞ്ഞു.അങ്ങകലെയുള്ള ഗീതേച്ചിയുടെ നാട്ടിലേക്ക്……..