(ഇതെന്റെ 15-മത്തെ കഥയാണ്…15 വയസ്സിനു മുകളിലുള്ളവർ വായിക്കുക.. ശടെന്ന് പറയും മുന്നേ വായിക്കാം )
മിഥുന്റെ പ്രേതക്കഥ
രചന: ആർ ജെ സജിൻ കാട്ടാക്കട
ഒരു പ്രേതക്കഥ എഴുതണമെന്ന് മിഥുൻ വിചാരിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറേ നാളായി.
അതിനൊരു കാരണവുമുണ്ട്.
ഈയിടയായി പതിവായി പ്രേതസ്വപ്നങ്ങളാണ് അവൻ കാണാറുള്ളത്.
മിഥുന് തന്റെ സ്വപ്നങ്ങൾ ഒന്ന് കുത്തിക്കുറിക്കാൻ തോന്നി.
എല്ലാ സ്വപ്നങ്ങളുടെ പിന്നിലും ഒരു കഥ ഒളിഞ്ഞിരുന്നത് അവന് എഴുതാൻ കൂടുതൽ പ്രേരണ നൽകി.
ഒട്ടനവധി വായനക്കാരുള്ള ഫേസ്ബുക്ക് ഗ്രൂപ്പിൽ കഥയെഴുതി പോസ്റ്റ് ചെയ്യണം.
തന്റെ വായനക്കാരെ പേടിപ്പിക്കാൻ മിഥുന് വല്ലാത്തൊരു ആഗ്രഹം തന്നെയുണ്ടായിരുന്നു.
യൂട്യൂബിൽ സ്വപ്നങ്ങളെക്കുറിച്ചുള്ള വീഡിയോസ് കണ്ടു.
എഴുതുന്നത് സ്വപ്നത്തിൽ നിന്നുള്ള കഥയായതുകൊണ്ടുതന്നെ മനഃശാസ്ത്രപരമായി ആ സ്വപ്നത്തിന് എന്തേലും ബന്ധമുണ്ടോ എന്നവന് അറിയണമായിരുന്നു.
അങ്ങനെ എഴുതാൻ നല്ല മൂടുള്ള സമയമെത്തി.
പ്രേതത്തിനുപോലും വേണ്ടാത്ത ചൊവ്വാഴച്ച ദിവസമായിരുന്നു അന്ന്.
ഇരുണ്ടുമൂടിക്കിടന്ന രാത്രിയെ നോക്കിനിന്നു അവൻ മുല്ലപ്പൂവിന്റെ സുഗന്ധം ആസ്വദിച്ചു.
എഴുതി തീർക്കാൻ പറ്റിയ നേരം ഇതാണെന്നവന്റെ മനസ്സ് മന്ത്രിച്ചു.
പകൽ നന്നായി കിടന്നുറങ്ങിയതുകൊണ്ടുതന്നെ നിദ്രാദേവി തിരിഞ്ഞുപോലും നോക്കില്ലന്ന് ഉറപ്പ് നൽകി.
പ്രേതക്കഥയാകുമ്പോൾ രാത്രിതന്നെ എഴുതുന്നതാണ് സുഖം.
ഉള്ളിൽ ശരിക്കുമൊരു ഭയം വന്നാലേ എഴുത്തിൽ അത് പ്രതിഭലിക്കൂ എന്ന ചിന്തയിൽ വീട് പൂട്ടി താഴെ കുളക്കരയിലേക്ക് നടന്നു.
കുളക്കരയിലേക്ക് നടക്കാനൊരു കാരണവുമുണ്ടായിരുന്നു.
സ്വപ്നങ്ങളിലൊന്ന് രാഘവൻചേട്ടൻ പ്രേതമായി വരുന്നതായിരുന്നു.
സമയമപ്പോഴേക്കും 12 കഴിഞ്ഞിരുന്നു.
ചുറ്റുമൊന്നും വേറെ വീടില്ല.
ഉള്ളൊരു വീടാണേൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു..
അതായിരുന്നു രാഘവൻ ചേട്ടന്റെ വീട്.
കുത്തനയുള്ള ഇറക്കമിറങ്ങിവേണം ആ വീട്ടിലേക്ക് പോകാൻ.
രാഘവൻ ചേട്ടൻ തൂങ്ങിമരിച്ചതിൽ പിന്നെ ഭാര്യ വേറൊരാളുടെ കൂടെപ്പോയി..
ഇപ്പോൾ വീട് ആർക്കും വേണ്ടാതായി.
വീടിന്റെ തൊട്ട് മുന്നിൽ തന്നെ രാഘവൻ ചേട്ടന്റെ കല്ലറയുമുണ്ട്.
അവിടെയിരുന്ന് എഴുതുകയാണേൽ കുറച്ചു ഭയം ഉള്ളിൽ വരുകയും വായനക്കാരുടെയുള്ളിലത് സമ്മാനിക്കാൻ പറ്റുകയും ചെയ്യുമെന്ന് അവന് തോന്നി.
അന്ന് രാഘവൻചേട്ടൻ തൂങ്ങി നിന്നത് ഓടിവന്നു കണ്ടവരിൽ അവനുമുണ്ടായിരുന്നു.
ഉടുതുണിയില്ലാതെ കണ്ണും തള്ളി നാക്കും പുറത്തിട്ടു തൂങ്ങിനിന്ന രാഘവൻചേട്ടന്റെ ദൃശ്യം അത്രപെട്ടന്നൊന്നും അവന്റെ മനസ്സിൽ നിന്നും പോയിരുന്നില്ല.
ഇറക്കമായതിനാൽ തൊട്ടടുത്തുനിൽകുന്ന മരങ്ങളിൽ പിടിച്ചു പിടിച്ചു മെല്ലെ താഴോട്ട് നടന്നു.
ഓരോ മരത്തിലും കരമമർത്തുമ്പോഴും കാലുകൾ വഴുതാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഭയത്തോടെ ശ്വാസമെടുത്തുകൊണ്ട് അവൻ കൈ പിന്നിലേക്ക് വലിച്ചത് വളരെ പെട്ടെന്നായിരുന്നു.
അവൻ സൂക്ഷിച്ചുനോക്കി.
അതെ.. അതൊരു മരം തന്നെ.
ഒരു മനുഷ്യവിരലുകളിൽ സ്പർശിക്കുന്നപോലെയാണ് അവനത് അനുഭവിച്ചത്.
തോന്നലുകളുണ്ടാകുന്നത് ഭയമേറിവരുമ്പോഴാണെന്ന ചിന്തയിൽ അവൻ കല്ലറയുടെ അടുത്തേക്ക് ചെന്നു.
ഭീതിയുടെ തീ ഉള്ളിൽ ആളിക്കത്താൻ തുടങ്ങി.
കുളക്കരയിലുള്ള ഒരേയൊരു വീടാണ്.
എന്ത് സംഭവിച്ചാലും രാത്രിയാരും ഇങ്ങോട്ടേക്ക് ഇറങ്ങാറേയില്ല.
അൽപ്പം വിറയലോടെ കല്ലറയ്ക്കരുകിൽ അവൻ ഇരുന്നു
അല്ലേലും ഈ എഴുത്തിലും സിനിമയിലും മാത്രമേ ഈ പ്രേതവും പിശാശുമുള്ളൂ…
മനോധൈര്യം ചോർന്നുപോകാതിരിക്കാൻ അവൻ സ്വയം പിറുപിറുത്തു.
എന്നിരുന്നാലും ഉള്ളിൽ നല്ലൊരു വിറയൽ അനുഭവപ്പെട്ടു.
രാഘവൻചേട്ടന്റെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങുന്നതായി അവനു തോന്നി.
തൊണ്ട അപ്പോഴേക്കും വരണ്ടുതുടങ്ങിയിരുന്നു.
കല്ലറയാകെ കാടുപിടിച്ചു കിടക്കുകയാണ്.
ചേട്ടന് മക്കളൊന്നുമില്ല. ചേട്ടന്റെ ഭാര്യക്കും ജീവിക്കണ്ടേ..
അതാകും ഒരാളോടൊപ്പം പോയത്.
കാലിന്റെ വിരലിൽ തണുപ്പടിച്ചപ്പോഴാണ് ഒരു ഞെട്ടലോടെ താഴോട്ട് നോക്കിയത്.
അപ്പോഴേക്കുമത് കാലിലൂടെ ഇഴഞ്ഞങ് പോയി.
നേർത്ത വണ്ണമുള്ള കുഞ്ഞു പാമ്പ്
ചാടിയെണീറ്റ വെപ്രാളത്തിൽ വീടിനുള്ളിലെ രാഘവൻ ചേട്ടൻ പണ്ട് തൂങ്ങിനിന്നയിടത്തേക്ക് നോക്കി.
കണ്ടത് ഇരുട്ടിലും തിളങ്ങുന്ന പല്ലുകളും കണ്ണുകളുമായി കാലുകൾ വിടർത്തി തൂങ്ങി നിൽക്കുന്നൊരു ശരീരം.
“ആഹ്ഹ……… “
ഉറക്കെ നിലവിളിച്ചു ഓടാൻ മാത്രമേ മിഥുന് തോന്നിയുള്ളൂ…
വായിൽ നിന്ന് ശബ്ദംവരാത്ത അവസ്ഥ.
മരത്തിന്റെ സഹായത്തോടെ ഇറങ്ങിയ ഇറക്കത്തിലൂടെ ആരുടേം സഹായമില്ലാതെ മുന്നോട്ട് കുതിച്ചു.
ഓട്ടത്തിനിടേൽ മരത്തിന്റെ വശത്തു മനുഷ്യക്കൈയ്യൊക്കെ ശ്രദ്ധയിൽപെട്ടിരുന്നു.
അത് തിരിഞ്ഞുപോലും നോക്കാതെ വീട്ടിലേക്ക് ഓടി
ഓടുമ്പോൾ കാറ്റ് പിന്നിലേക്ക് വലിക്കുമ്പോലെ അവന് അനുഭവപ്പെട്ടു
കാലുകൾ നല്ലപോലെ കുഴഞ്ഞു..
‘ഠപ്പേ ‘
ഒരു കല്ലിൽ തട്ടി വീണു.
വീണ്ടുമെഴുന്നേറ്റോടി.
കിതപ്പോടെ വീട്ടിൽ വന്ന് കയറി.
വന്നപാടെ ഫ്രിഡ്ജിൽ നിന്ന് കുറേ വെള്ളമെടുത്തു കമത്തി.
കുറേ തന്റെ തലയിലുമൊഴിച്ചു.
ഭയമുണ്ടാക്കിയ തോന്നലാണ് ആ ദൃശ്യങ്ങളെന്ന് അവന്റെ മനസ്സിനെ പറഞ്ഞുമനസ്സിലാക്കാൻ അവന് കുറച്ചു നേരംവേണ്ടി വന്നു.
അതിനായി കുറച്ചു മനഃശാസ്ത്രജ്ഞരുടെ വീഡിയോകളും കാണേണ്ടി വന്നു.
വായനക്കാരെ പേടിപ്പിക്കാൻപോയവൻ അടപടലം പേടിച്ചു മോങ്ങി വന്നിരിക്കേണ്ട അവസ്ഥയായിപ്പോയത് അവനെ ചെറുതായൊന്ന് ചിരിപ്പിച്ചു.
ഒരുപാട് വെള്ളം കുടിച്ച ശേഷം ചൂടോടെ തന്നെ സ്വപ്നത്തിലന്നുകണ്ട കഥ അങ്ങെഴുതി.
‘രാഘവൻ ചേട്ടൻ മരിച്ചതല്ല,
അയാളെ കൊന്ന് കെട്ടിത്തൂക്കിയതാണ്. മാറ്റാരുമല്ല അയാളുടെ ഭാര്യയും ഭാര്യയുടെ കാമുകനും.’
ഇതായിരുന്നു അന്ന് കണ്ട രാഘവൻ ചേട്ടന്റെ സ്വപ്നം.
സ്വപ്നമാണെങ്കിലും ഒരു കഥയ്ക്കുള്ള വകുപ്പുള്ളതിനാലാണ് അതിനെപ്പറ്റി എഴുതാൻ ആ വീട്ടിലേക്ക് പോയതും.
താമസിയാതെ തന്നെ കഥയെഴുതി.
ക്ലൈമാക്സ് എന്തെഴുതണമെന്ന് അപ്പോഴും അവനൊരു പിടുത്തമില്ലായിരുന്നു.
‘ദൂരെ പണിക്കുപോയ രാഘവൻ ചേട്ടൻ തിരിച്ചു വന്ന ദിവസം വീട്ടിൽ മറ്റൊരാളെ കണ്ടതും വാക്ക് തർക്കമാവുകയും ഭാര്യയുടെ കാമുകൻ കഴുത്ത് ഞെ രിച്ചു കൊ ല്ലുകയുമാണ് ചെയ്തത്.
അതാരും കാണാതെ അവർ തന്നെ കെട്ടിത്തൂക്കി ആത്മഹത്യ എന്ന് വരുത്തി .
കേസന്വേഷണമൊന്നുമില്ലാതെ അതങ്ങ് തേഞ്ഞുമാഞ്ഞു പോയി.
ആ സ്ത്രീ ഇപ്പോൾ കാമുകനുമൊത്ത് ജീവിക്കുകയും ചെയ്യുന്നു.
ഇതിലെവിടെ ക്ലൈമാക്സ്?
ക്ലൈമാക്സ് ഇല്ലാത്ത കഥ എന്തിന് കൊള്ളാം..? പോസ്റ്റ് ചെയ്യണോ…?
ഒരുപാട് നേരത്തെ ആലോചനയിൽ അവനറിയാതങ്ങു മയങ്ങി.
പിറ്റേദിവസം ഒരു ഞെട്ടലോടെയാണ് മിഥുൻ പുലർച്ചയെ വരവേറ്റത്.
രാഘവൻ ചേട്ടന്റെ സ്വപ്നം തന്നെയായിരുന്നു അതിനുള്ള കാരണവും.
അന്ന് കണ്ട അതെ സ്വപ്നം അവൻ വീണ്ടുംകണ്ടു.
പെട്ടന്നൊരു ആശയം അവന്റെ മനസ്സിൽ ഉടലെടുത്തു.
‘രാഘവൻ ചേട്ടന്റെ പ്രേതം നിരന്തരം സ്വപ്നത്തിലൂടെ ശല്യം ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഫ്രാന്തിയിൽ ഭാര്യ എല്ലാമെഴുതിവെച്ചശേഷം ആത്മഹത്യ ചെയ്യുന്നു.
തുടർന്ന് കാമുകനെപോലീസ് അറസ്റ്റ് ചെയ്യുന്നു…’
ആഹ്..ഇതുമതി..ഇതുമതി ക്ലൈമാക്സ്..
അവൻ സ്വയം പിറുപിറുത്ത് ബാക്കി എഴുതുകയും അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരുപാട് നല്ല കമന്റുകൾ വന്നുതുടങ്ങി.
അമ്മ തന്ന ചൂട് ചായയും കുടിച്ച് മുറ്റത്തേക്കിറങ്ങിയ മിഥുൻ കണ്ടത് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതാണ്..
എന്താണ് ചേട്ടാ പ്രശ്നം…?
വെപ്രാളപ്പെട്ട് നടന്ന മണിയൻ ചേട്ടനോട് മിഥുൻ ഉറക്കെ ചോദിച്ചു.
“അത് ആ.. രാഘവന്റെ ഭാര്യ.. കുളത്തിന്റ കരയിലുള്ള ആ വീട്ടിൽ തൂങ്ങി നിൽക്കുന്നു.”
തിടുക്കത്തിൽ മണിയൻ ചേട്ടൻ അത് പറഞ്ഞപ്പോൾ തന്നെ മിഥുന്റെ കയ്യിലെ ഗ്ലാസ് താഴെ വീണു.
ചുറ്റിലും ഒരു മുഴക്കംപോലെ . അവനുതോന്നി.
തല കറങ്ങുന്നപോലെ അനുഭവപ്പെട്ടു.
ശർദ്ദിക്കാൻ വരുന്ന ഒരു വെപ്രാളം.
അപ്പോൾ ഇവരുടെ ബോഡിയാണോ ഞാനിന്നലെ ആ വീട്ടിൽ കണ്ടത്.
അപ്പോളത് എന്റെ തോന്നൽലല്ലായിരുന്നോ….
മിഥുൻ കണ്ണുകൾ മേക്കോട്ട് നോക്കി തൊട്ടടുത്ത പടിയിൽ വന്നിരുന്നു .
എന്നാൽ മിഥുന്റെ ബോധംപോയത് മണിയൻ ചേട്ടന്റെ വായിൽ നിന്നും അടുത്തകാര്യം കേട്ടപ്പോഴായിരുന്നു.
“രാഘവൻ ചേട്ടൻ ആത്മഹത്യ ചെയ്തതല്ല..
ഇവളും കാമുകനും കൂടെ കഴുത്ത് ഞെരിച്ചു കൊന്നതാണ്…രാഘവൻ ചേട്ടന്റെ ആത്മാവ് സ്വപ്നത്തിൽ വന്നിവളെ ശല്യം ചെയ്യാറുണ്ടെന്നും അതിൽ മനംനൊന്താണ് ആത്മഹത്യ ചെയുന്നതെന്നും ഇവൾ എഴുതിവെച്ചിട്ടുണ്ടത്രേ…
ആഹ്… കാമുകനെ പോലീസ് അറസ്റ്റ് ചെയ്തെന്നാ കേട്ടത്..”
ശുഭം