വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലും മൂന്നു മാസത്തെ ദൈർഘ്യമുണ്ടായിരുന്നു…

‘സേവ് ദ് ഡേറ്റ്’

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

……………………………..

ഉരുളിയിലെ തിളച്ചുമറിയുന്ന പുളിയിഞ്ചി, മൺകലത്തിലേക്ക് ഏറെ അവധാനതയോടെ പകർത്തുകയാണ് ശ്രീലക്ഷ്മി, അരികിൽ ചേർന്നു നിന്നുകൊണ്ട് വിനോദ് ചോദിച്ചു.

” ശ്രീക്കുട്ട്യേ, ആകെ മുപ്പതു പേരോളമല്ലേ, നാളത്തെ ചടങ്ങിനുണ്ടാകൂ…അപ്പോൾ എല്ലാം നാളെ വച്ചുണ്ടാക്കിയാൽ പോരെ…? സമയം പത്തര കഴിഞ്ഞു. ദേ, അച്ഛൻ ഉറങ്ങാൻ പോയി…ഇപ്പോൾ നിനക്ക് ഒരു അമ്മായിയമ്മയെ മിസ് ചെയ്യണില്ലേ…? കട്ടയ്ക്കു കൂട്ടുനിൽക്കുന്ന ഒരമ്മായിയമ്മ….അമ്മയുണ്ടായിരുന്നെങ്കിലെന്നു തോന്ന്വാ…സ്വർഗ്ഗത്തിലിരുന്നു നമ്മളെ നോക്കണുണ്ടാവുമിപ്പോൾ….അതൊക്കെ പോകട്ടേ,ഇനി ഏതു കറിയാണ് ഇന്നു ശരിയാക്കുന്നത്…? നാളെ പോരെ ബാക്കി….”

മോരുകറിയുടെ മേഖലയിലേക്കു കടക്കുകയായിരുന്ന ശ്രീലക്ഷ്മി, തല ചെരിച്ച് ഭർത്താവിനെ നോക്കി…എന്നിട്ടു ചിരി തൂകി പറഞ്ഞു….

“ഡാ, മടിയാ….മോരുകറിയും, പുളിയിഞ്ചിയും കഴിഞ്ഞാൽ പിന്നേ, മീനില്ലാത്ത മീൻ കറി, പിന്നേ, മാങ്ങാ കൊത്തിയരിഞ്ഞ് ഒരു കിടിലൻ അച്ചാറ്….കല്യാണങ്ങളുടെ തലേദിവസമുള്ള അച്ചാറില്ലേ, അതുപോലെ…കഴിയുമെങ്കിൽ, സാമ്പാറും തീർക്കണം…മെഴുക്കുപുരട്ടികളും, പപ്പടവും നാളെ ചെയ്യാം….പായസവും നാളെയാക്കാം…വിനുച്ചേട്ടൻ, എൻ്റെ കൂടെ നിന്നാൽ മതി…നാളത്തെ, ഏട്ടൻ്റെ പിറന്നാൾ സദ്യ നമുക്ക് തകർക്കണം…എല്ലാരും ഞെട്ടട്ടേ,കല്യാണം കഴിഞ്ഞ് ആറുമാസമാകുമ്പോളേക്കും ഈ പിറന്നാള് വന്നത് നന്നായി…എൻ്റെ പാചകം, നാളത്തെ പലരുടേയും വാചകമാകാൻ ഇടയുണ്ട്…”

തികട്ടി വന്ന കോട്ടുവാ, കൈ പൊത്തി നിയന്ത്രിച്ച് വിനോദ് പറഞ്ഞു.

“ഇതൊക്കെ നമ്മുടെ ടൗണിലെ കാറ്ററിംഗ് സെൻ്ററിൽ ഏൽപ്പിക്കാന്നു ഞാൻ നൂറുവട്ടം പറഞ്ഞതല്ലേ…അപ്പോൾ നിനക്ക് പാചക നൈപുണ്യം തെളിയിക്കണം….ഇതൊക്കെ ഏൽപ്പിച്ചിരുന്നെങ്കിൽ, ഈ നേരത്ത്…..”

ശ്രീലക്ഷ്മി ഭർത്താവിൻ്റെ വാ പൊത്തി…പ്രണയം പൊതിഞ്ഞ ശാസനയോടെ മൊഴിഞ്ഞു.

“അതിനൊക്കെ എന്നും സമയമില്ലേ…പിറന്നാള് ആണ്ടിലൊന്നേയുള്ളൂ…അത് നമുക്ക് അവിസ്മരണീയമാക്കണം….ഏട്ടൻ്റെ കൂട്ടുകാര് ആരൊക്കെ വരുംന്ന് തീർച്ചയായോ…?”

“കൂട്ടുകാര്,ആറു പേരുണ്ടാകും…ഞാനല്ലേ കൂട്ടത്തിൽ ആദ്യം കെട്ടീത്…ഷെറിനും, അമലും,ശരത്തും, കണ്ണനും, അവിനാഷും, ജിനേഷുമുണ്ടാകും…അവരില്ലാതെ എനിക്കെന്താഘോഷം…”

ശ്രീലക്ഷ്മിയുടെ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി വിടർന്നു.ഇത്തിരി ശുണ്ഠിയിലാണ് സംസാരം പുറത്തുവന്നത്….

“ആ ശരത്തില്ലേ, അങ്ങേരെയാണ് എനിക്കു പേടി…ശരിക്കും ഒരു വായ പോയ കോടാലിയാണ്…എന്തെങ്കിലും കാര്യം നല്ലത് ആള് പറഞ്ഞിട്ടുണ്ടോ…? മ്മടെ കല്യാണത്തിൻ്റെയന്നത്തേ കാര്യം വിനുച്ചേട്ടൻ മറന്നോ….?”

വിനോദിൻ്റെ ഓർമ്മകൾ,ആറു മാസം പുറകിലേക്കു സഞ്ചരിച്ചു. വിവാഹ ദിനം, നാൽപ്പതു കിലോമീറ്ററിലധികം ദൂരമുണ്ട് വധൂവരന്മാരുടെ വീടുകൾ തമ്മിൽ…വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയിലും മൂന്നു മാസത്തെ ദൈർഘ്യമുണ്ടായിരുന്നു. പാതിരാ ഫോൺ വിളികളിൽ, ശ്രീലക്ഷ്മിയുടെ ടെൻഷൻ മുഴുവൻ ആ ദൂരത്തേക്കുറിച്ചായിരുന്നു. അവൾക്ക് ദീർഘദൂരയാത്ര പറ്റില്ല. അപ്പോൾ ചർദ്ദിക്കും….അങ്ങനേ കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പതിവായി ധൈര്യം കൊടുക്കാറുമുണ്ട്…ഒരു മാസത്തിനു മുൻപ് ‘സേവ് ദി ഡേറ്റ്’ ഷൂട്ടിംഗ് നടത്തി. ശ്രീലക്ഷ്മിയുടെ വീടിനടുത്തേ ഒരു കടലോരത്തു വച്ചായിരുന്നു ‘സേവ് ദ് ഡേറ്റ്’ എടുത്തത്….

കല്യാണദിനം…കോവിഡ് കാലത്തേ കല്യാണത്തിന് പങ്കാളികൾ തുച്ഛമായിരുന്നു.വധുവിൻ്റേ വീട്ടിലേക്കുള്ള തിരികേ യാത്രയിൽ, ഈ ആറു കൂട്ടുകാരുടേയും, വധുവിൻ്റെ മാതാപിതാക്കളടക്കമുള്ള ഉറ്റബന്ധുക്കളുടേയും വാഹനങ്ങൾ അനുയാത്ര ചെയ്തു. ചെറുക്കൻ്റെ വീട്ടിലേക്കുള്ള യാത്രയിൽ ചർദ്ദി ഉണ്ടായില്ല… തിരികേ പോകുമ്പോഴും അങ്ങനെയായാൽ മതിയായിരുന്നു. ഇരുവരുടെയും പ്രാർത്ഥന വിഫലമായി.. പാതിദൂരം പിന്നിട്ടപ്പോൾ, അലങ്കരിച്ച കാറിൽ നിന്നും നവവധു ചാടിയിറങ്ങി, വഴിയിരികിലേക്കു കുനിഞ്ഞ് ഓക്കാനിക്കാൻ തുടങ്ങി….

പെണ്ണിൻ്റെ അമ്മയും, ചെറിയമ്മയും അവളുടെ പുറം തിരുമ്മിക്കൊടുത്തു. കല്യാണച്ചെറുക്കൻ വിഷണ്ണനായി നിന്നു. അപ്പോളാണ്, കൂട്ടുകാർ സഞ്ചരിച്ചിരുന്ന വാഹനം അരികിലെത്തി നിന്നത്. സുഹൃത്തുക്കൾ ചാടിയിറങ്ങി, സംഭവസ്ഥലത്തേക്കു വന്നു. പെണ്ണ്, ചെറുനാവു തെറിച്ചു പോകും വിധത്തിൽ ഉറക്കേ ഓക്കാനിച്ചുകൊണ്ടിരുന്നു. അന്നേരമാണ്, വിടുവായനായ ശരത്ത്, പെൺവീട്ടുകാരോട് ഇങ്ങനെ പറഞ്ഞത്….

“കല്യാണം കഴിഞ്ഞ്, വീടെത്തും മുൻപേ പെണ്ണ് ചർദ്ദിച്ചാ….? നന്നായി….നിങ്ങളല്ലാണ്ട് കല്യാണത്തിന് ഒരു മാസം മുൻപ് ‘സേവ് ദ് ഡേറ്റ്’ എടുക്കാൻ ഇവൻ്റെ കൂടെ തനിച്ചു വിട്വോ….ഇപ്പോൾ, സംഗതി പാളീല്ലേ….?”

ഇത്രയും പറഞ്ഞ് അവൻ ഉറക്കേ ചിരിച്ചു. ‘ഫ്രണ്ട്സ്’ സിനിമയിലേ ശ്രീനിവാസൻ കണക്കേയുള്ള അനവസരത്തിലേ ചിരി. പെൺ വീട്ടുകാരുടെ ഇരുണ്ട മുഖത്തേ കണ്ടില്ലെന്നു നടിച്ച്, ഒരു ഇളിഞ്ഞ ചിരി മുഖത്തു വരുത്തി, അവനേ കാറിനരികിലേക്ക് കൊണ്ടു പോകുമ്പോൾ വിനോദ് അവൻ്റെ കാതിൽ പറഞ്ഞു

“ഞാൻ തിരിച്ചു വരട്ടേ ട്ടാ… നിന്നെ ശരിയാക്കിത്തരാടാ പ ട്ടീ…”

ചർദ്ദി തോർന്നു….വാഹനം പിന്നേയും വധൂഗൃഹം ലക്ഷ്യമാക്കി നീങ്ങി….ഇപ്പോൾ സഹയാത്രികരുടെ മുഖത്ത് പതിവു തിളക്കമില്ലെന്നു മനസ്സിലാക്കിയ പുതുമണവാളൻ, മണവാട്ടിയോടു ചേർന്നിരുന്നു ഉറക്കം ഭാവിച്ചു.

“എന്തൂട്ടാ വിനുച്ചേട്ടാ ആലോചിക്കണ്…ആ ബീൻസും, പച്ചപ്പയറും ഒന്നു നന്നാക്കി വച്ചേ…..അതു കഴിഞ്ഞാൽ കിടക്കാം….ബാക്കി നാളെ നേരത്തേ എഴുന്നേറ്റിട്ട്…ഇന്നു വെറും കിടപ്പേ ഉള്ളൂട്ടാ….നാളെ നേരത്തേ എണീക്കേണ്ടതാ….”

വിനോദ്, ചിന്തകളിൽ നിന്നുണർന്നു.ശ്രീലക്ഷ്മിയേ ചേർത്തുപിടിച്ച് കാതിൽ മന്ത്രിച്ചു…

“ഒന്നൂല്ല്യടീ ശ്രീക്കുട്ടീ…..പഴയ ഓരോ കാര്യങ്ങൾ ഓർത്തുപോയതാ….”

അവളുടെ കവിളിൽ ഒരുമ്മ കൊടുത്ത്, അവൻ പതിയേ പച്ചപ്പയർ നന്നാക്കാനാരംഭിച്ചു. മകരനിലാവ് പരന്ന ഭൂമി അതിസുന്ദരിയായി നിന്നു.നേരം, പതിയേ മുന്നോട്ടു നീങ്ങി…

ശ്രീക്കുട്ടിയുടെ വിനുവിൻ്റെ, പിറന്നാൾ ദിനത്തിലേക്ക്….