സമ്പത്തിലും, മറ്റു പലതിലും വൈരുധ്യം നിലനിന്നപ്പോളും, ഒരേയൊരു കാര്യത്തിൽ ഇരുവരും തുല്യരായിരുന്നു…

ഗൃഹപ്രവേശം

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

………………………………………..

ഇന്നായിരുന്നു ഗൃഹപ്രവേശം. ആയിരത്തിയിരുന്നൂറ് ചതുരശ്ര അടിയിൽ ചെറിയൊരു ഒറ്റനില വീട്. മൂന്നു കിടപ്പുമുറികളും ബാത്ത് – അറ്റാച്ച്ഡ് ആകണമെന്ന് നിർബ്ബന്ധമുണ്ടായിരുന്നു.

അവസാന അതിഥിയും യാത്ര പറഞ്ഞു പോയപ്പോൾ, പുതുവീട്ടിൽ അനൂപും അമ്മയും ശേഷിച്ചു. അത്താഴം കഴിഞ്ഞ്, അമ്മ കിടപ്പുമുറിയിലേക്കു പോയി കതകടച്ചു. സ്വന്തം മുറിയിലെ പുതിയ കട്ടിലിൻ്റെ ചുവട്ടിലും, മൂലയിലും പാരിതോഷികങ്ങൾ നിറഞ്ഞു കിടന്നു. എങ്ങും പുതുഗന്ധം…വിരിപ്പുകളുടെ, ചായങ്ങളുടെ….എന്തിന്, തുറന്നിട്ട ജാലകത്തിലൂടെ അനുവാദം തിരക്കാതെ കടന്നുവരുന്ന കാറ്റിനു പോലുമുണ്ട് നവ്യമായൊരു സൗരഭ്യം. തൂവെള്ള നിറമുള്ള തറയോടുകളുടെ അതേ വർണ്ണത്തിൽ, മുകളിൽ ഫാൻ ചലിച്ചുകൊണ്ടേയിരുന്നു. അകത്തേയും, പുറത്തേയും കാറ്റുകളുടെ സംഗമത്തിനനുസരിച്ച് ജാലകങ്ങളിലെ നീലവിരികളുലഞ്ഞു…

അനൂപ്, ജാലകത്തിനരികിൽ വന്നു നിന്നു. നീലവിരി തെല്ലു നീക്കി പുറത്തേക്കു കണ്ണോടിച്ചു. മകരനിലാവിൻ്റെ ചുളിയാക്കസവുടുത്ത ഭൂമി. വീടിനു മുൻപിലൂടെ കടന്നുപോകുന്ന ടാർനിരത്തിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെട്ടം പതിയുമ്പോൾ തിളങ്ങിത്തെളിയുന്ന മഞ്ഞനിറങ്ങളുടെ വരിനിരകൾ…തൊടിയിലെ ചെറുമരങ്ങളുടെ നിഴലുകൾ ആധുനിക ചിത്രങ്ങൾ കണക്കേ ഉമ്മറത്തു പതിഞ്ഞിരിക്കുന്നു. പുതിയ ചായം പേറുന്ന ജനലഴികളിലേക്കു ശ്രദ്ധ പതിഞ്ഞപ്പോൾ, ഓർമ്മകളിലുണരുന്നത്, മറ്റൊരു ജാലകക്കാഴ്ച്ചകളാണ്…നാഗരികതയുടെ നാട്യങ്ങളന്യമായ, നാട്ടുനന്മയുടെ തെളിച്ചമുള്ള കാഴ്ച്ചകൾ..

ആറു വർഷം പുറകിലേക്ക്, മനസ്സേ നീയെന്തിനാണ് കൈപിടിച്ചു നടത്തുന്നത്…?

പാടത്തിൻ്റെ കരയിലെ പഴയ തറവാട്ടുവീടു പുലർത്താൻ അമ്മയെത്ര കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നു. ബാല്യത്തിൽ അച്ഛൻ നഷ്ടമായതിൻ്റെ ന്യൂനതകളറിയിക്കാതെ, മകൻ്റെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കുഞ്ഞുദ്യോഗം ലഭിക്കും വരേ, വിശ്രമമെന്നത് അമ്മയ്ക്ക് അറിയാക്കാര്യമായിരുന്നു.

നീണ്ട വയലുകൾ അതിരു തിരിച്ച ഓടുവീടിൻ്റെ ചായ്പ്പ്, എത്ര സമ്മോഹനമായിരുന്നു. തുലാവർഷത്തിനും, ഇടവപ്പാതിക്കും ക്ഷണിക്കാതെ കടന്നുവരുന്ന മഴപ്പിശറുകൾ. മഴയുടെ പാട്ടിന്, താളങ്ങൾ പലതാണ്, ചിണുങ്ങിയും, ആർത്തിരമ്പിയും പെയ്യുന്ന മഴകൾ. ഉറക്കത്തിൻ്റെയും ഉണർവ്വിൻ്റേയും ഇടവേളകളിൽ സുവ്യക്തം ശ്രവിക്കാവുന്ന മഴയുടെ ഗീതികൾ. ഓടു നീക്കി,പ്രകാശം കടന്നു വരാൻ സ്ഥാപിച്ച ചില്ലിൻ ചതുരത്തിലൂടെ പാഞ്ഞെത്തുന്ന മിന്നൽ പ്രഭകൾ, ഉടലിനെ നടുക്കങ്ങൾ കൊണ്ടു വിറപ്പിച്ച ഇടിനാദങ്ങൾ….ഇലയടരുന്ന ശിശിരങ്ങളിൽ, പഴകിക്കീറിയ പുതപ്പുകൊണ്ട് മെയ്യാകെ ആവൃതമാക്കി, കാറച്ച മണമുള്ള തലയിണയെ ഗാഢം പുണർന്നുറങ്ങിയ മരവിച്ച മകരങ്ങൾ….

അശ്വതിയെ പരിചയപ്പെടുന്നത് ട്രെയിനിൽ വച്ചാണ്. എറണാകുളത്തേക്കുള്ള പതിവു സഞ്ചാരത്തിനിടയിൽ സഹയാത്രികയായവൾ. പരിചയം പ്രണയമാകാൻ അധികം വൈകിയില്ല. ആകസ്മിക സംഭവങ്ങളുടെ ആകെത്തുകയായ ജീവിതത്തിൽ, അശ്വതി കടന്നെത്തിയതിനു തെല്ലും അതിശയോക്തി തോന്നിയില്ല. ഹൃദയം നിറയേ സങ്കൽപ്പങ്ങൾ, ആ സങ്കൽപ്പങ്ങളുടെ ആകെത്തുകയായൊരു പെൺകിടാവ്. സമ്പത്തിലും, മറ്റു പലതിലും വൈരുധ്യം നിലനിന്നപ്പോളും, ഒരേയൊരു കാര്യത്തിൽ ഇരുവരും തുല്യരായിരുന്നു.

അശ്വതിയുടെ ശൈശവത്തിൽ തന്നെയാണ്, അവളുടെ അമ്മ വിധവയായത്. പിന്നീടെല്ലാ കാര്യങ്ങളും നടത്തിപ്പോന്നത് അമ്മയുടെ ഇളയ സഹോദരനായിരുന്നു. നൂറു കണക്കിനു പവൻ സ്വർണ്ണം, അശ്വതിക്കു വേണ്ടി പണ്ടേ കരുതിയിട്ടുണ്ട്. അതിൽ, പകുതിയോളം പല പല ആവശ്യങ്ങൾക്കായി മാതൃസഹോദരൻ കൈപ്പറ്റിയുണ്ടത്രേ… കല്യാണമെത്തുമ്പോൾ മടക്കിക്കൊടുത്താൽ മതിയല്ലോ…

അമ്മാവനോടായിരുന്നു,അശ്വതി ആദ്യമായി തന്നെക്കുറിച്ചു പറഞ്ഞത്…വീടു കാണാനെത്തിയവരിൽ, അമ്മാവനൊപ്പം അമ്മായിയും, അശ്വതിയുടെ ഇളയച്ഛനും കുടുംബവും,പൊന്നും പണ്ടവും ചുമന്ന ഒന്നു രണ്ടു സ്ത്രീകളുമുണ്ടായിരുന്നു.പാടത്തിനപ്പുറത്തു കാർ നിർത്തി,വീതി കുറഞ്ഞ വയൽ വരമ്പിലെ ചേറ്റുമണം ശ്വസിച്ച് കുഞ്ഞു വീട്ടിലേക്കു നടന്നെത്തുമ്പോൾ, മിക്കവരുടേയും മുഖത്ത് ഞാറ്റുവേലയിലെ കാർമേഘങ്ങളായിരുന്നു നിറഞ്ഞു നിന്നത്….

എത്ര പൊടുന്നനേയാണ് ഒരു പ്രണയം അകാലചരമം പ്രാപിച്ചത്. ഒരൊറ്റ വാട്സ് ആപ്പ് സന്ദേശത്തിലാണ്, അശ്വതി ഭരതവാക്യം മൊഴിഞ്ഞത്. മഴ പെയ്യുമ്പോൾ ചോരുന്ന വീടും, ചെളിച്ചാറു പുരണ്ട വയൽവരമ്പും കവിഹൃദയത്തിൽ മാത്രമാണ് ശ്രേഷ്ഠമെന്ന് അവൾ തുറന്നുപറഞ്ഞു. കൂടിക്കാഴ്ച്ചകളും, മൊബൈൽ ഫോൺ ബന്ധങ്ങളും ശരവേഗം നിലച്ചു. അശ്വതിയുടെ വിവാഹം നടന്നു…വരനേക്കുറിച്ച്, പിന്നീടറിഞ്ഞപ്പോൾ ആർത്തു ചിരിച്ചു. അമ്മാവൻ്റെ ഭാര്യയുടെ ഇളയ സഹോദരനായിരുന്നുവത്രേ വരൻ.തിരിമറികൾക്കെടുത്ത പൊന്ന് അമ്മാവൻ തിരികേ കൊടുത്തില്ല..നവവരനും കുടുംബത്തിനും അതു ചോദിക്കാനും കഴിഞ്ഞില്ല…കാരണം, അവൻ്റെ പെങ്ങളുടെ ഭാവിയേയും കരുതാതെ വയ്യല്ലോ…..

ചുവരിലേ, ക്ലോക്കിൽ പതിനൊന്നു തവണ മണിയടിച്ചു.അനൂപ്, ജനവാതിലടച്ചു പിന്തിരിഞ്ഞു.കട്ടിലിൽ അലക്ഷ്യമായിക്കിടന്ന മൊബൈൽ ഫോണെടുത്തു, ഫേസ്ബുക്ക് തുറന്നു.വെറുതേ ഒരു പേരു തിരഞ്ഞു.

‘അശ്വതി പ്രസാദ്’….അശ്വതിയുടെ പ്രൊഫൈൽ വിൻഡോയിൽ വന്നു.അശ്വതിയും, ഭർത്താവും കുട്ടികളും ചിത്രങ്ങളിൽ നിറഞ്ഞു വന്നു.എല്ലാത്തിൻ്റെയും പശ്ചാത്തലം, പഴയൊരു ഓടുവീടായിരുന്നു.ലോക്ഡൗണും, പെങ്ങളുടെ ഭർത്താവു നടത്തിയ വഞ്ചനകളും അയാളെ മുഷിഞ്ഞ ഓടുവീട്ടിലേക്കെത്തിച്ചിരിക്കുന്നു.അശ്വതിയുടെ തിളക്കം നഷ്ടപ്പെട്ട മിഴികൾ പറയാതെ പറയുന്നുണ്ട്,അമ്മാവൻ്റെ നെറികേടിൻ്റെ കഥകൾ…

അനൂപ്, വീണ്ടും സ്വന്തം വാളിലേക്കു വന്നു.ഒത്തിരിയധികം നോട്ടിഫിക്കേഷനുകൾ കിടക്കുന്നുണ്ട്.പതിയെ, നോട്ടിഫിക്കേഷൻസ് ഓപ്പൺ ചെയ്തു.ഇന്നലെയിട്ട ചിത്രത്തിന്, ലൈക്കും കമൻ്റും നിറവഴിയുകയാണ്…മിക്കവാറും പേർ ബഹറിനിലെ പെട്രോളിയം കമ്പനിയിലെ സഹപ്രവർത്തകരാണ്….

“എന്തേ അനൂപേ, കുഞ്ഞുവീടു വച്ചത്..?ഒത്തിരിയധികം സൗകര്യമുള്ള വീടു പണിയാമായിരുന്നില്ലേ…?”

മിക്കവരുടേയും ചോദ്യങ്ങൾ ഒരേ തരത്തിലായിരുന്നു.എല്ലാവർക്കും ‘ലവ്’ റിയാക്ഷൻ നൽകി…ഇന്നലെ പോസ്റ്റു ചെയ്ത ചിത്രം ഒരാവർത്തി കൂടി എടുത്തു നോക്കി…

“സേവ് ദ് ഡേറ്റ്…അനൂപ് വെഡ്സ് ആതിര….

ഫോട്ടോയുടെ കീഴേ, ദിവസം കുറിച്ചിരിക്കുന്നു.ഇനിയധികം നാളില്ല,പത്തുദിവസം കൂടിയേയുള്ളൂ.അനൂപ്, ഫേസ്ബുക്കിൽ നിന്നും തിരികേ വന്നു…വാൾപേപ്പറിൽ ആതിരയുടെ ചിത്രം തെളിഞ്ഞു.സർവ്വാഭരണ വിഭൂഷിതയായ ആതിര…

മുറിയിലെ വിശാലമായ കട്ടിലിൽ, പതുപതുത്ത കിടക്കമേൽ അനൂപ് നീണ്ടു നിവർന്നു കിടന്നു.പുറത്തു മഞ്ഞു പെയ്തു കൊണ്ടിരുന്നു.നിറനിലാവും…….