മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാൻ എന്തുകൊണ്ടോ ആ നിമിഷം അമലയ്ക്ക് തോന്നിയിരുന്നില്ല…

കാലം..

രചന: റിൻസി പ്രിൻസ്

മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാൻ എന്തുകൊണ്ടോ ആ നിമിഷം അമലയ്ക്ക് തോന്നിയിരുന്നില്ല…തൊട്ടുമുൻപിൽ കിടക്കുന്ന കുഞ്ഞിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു തുടങ്ങിയിരുന്നു…..

തന്റെ കുഞ്ഞ്, സ്വന്തം രക്തം….10 മാസം ചുമന്നു പ്രസവിച്ച കുഞ്ഞ്…..എങ്ങനെയാണ് പക്ഷേ ഈ കുഞ്ഞിനേയും കൊണ്ട് തനിക്ക് വീട്ടിലേക്ക് പോവാൻ കഴിയില്ല…..നഴ്സിംഗ് പഠിക്കാൻ വിട്ട പെൺകുട്ടി പരിചയത്തിലുള്ള ഡോക്ടറുമായി പ്രണയത്തിലാകുന്നു…..അയാൾ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുന്നു….പിന്നീട് ആ പ്രണയം എല്ലാ അർഥങ്ങളിലും പോകുന്നു….തുടർന്ന് ഗർഭിണിയാപ്പോഴേക്കും അയാൾ ആ നാട്ടിൽ നിന്നും സമ്മതം വാങ്ങാൻ എന്ന് പറഞ്ഞു രക്ഷപ്പെടുന്നു….പിന്നീട് കത്തിലൂടെ അയാൾ അവളെ സ്വീകരിക്കാൻ കഴിയില്ല എന്ന് പറയുന്നു…..അയാളോടുള്ള ദേഷ്യം ആണോ എന്തോ ഒരിക്കലും ഈ കുഞ്ഞിനോട് തനിക്കൊരു സ്നേഹം തോന്നിയില്ല…..പിന്നീട് അബോഷൻ ചെയ്യാൻ കഴിയാതെ പോയതുകൊണ്ട് മാത്രം ഈ കുട്ടിയെ പ്രസവിച്ചു എന്ന് മാത്രം…..പെട്ടെന്നാണ് ഒരു നേഴ്സ് മുറിയിലേക്ക് കയറി വന്നത്…..

” കുഞ്ഞിനെ ഒന്ന് ഇൻകുബേറ്ററിൽ വയ്ക്കണം….

നേഴ്സ് പറഞ്ഞു, അതുകൊണ്ട് അവിടേക്ക് കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞപ്പോൾ യാന്ത്രികമായി തല ചരിപ്പിച്ചു…..പ്രസവത്തിന് വേണ്ടിയാണ് മുംബൈയിലെത്തിയത്…..ഡൽഹിയിലായിരുന്നു തൻറെ പഠനവും എല്ലാം….ഇവിടെ മുംബൈയിൽ ഒരു കൂട്ടുകാരിയുടെ കെയറോഫിൽ ആണ് താമസിക്കുന്നത്…..പ്രസവിച്ചതിനു ശേഷം കുട്ടിയെ ഒരു ഓർഫനേജിൽ ഉപേക്ഷിച്ചതിന് ശേഷം തിരികെ നാട്ടിലേക്ക് പോകാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്….അതുകൊണ്ടുതന്നെ ഈ ആശുപത്രിയിൽ വ്യക്തമായ പേരോ മേൽവിലാസമോ ഒന്നും നൽകിയിട്ടില്ല…..നേഴ്സ് കുഞ്ഞിനെ ഇൻങ്കുബേറ്ററിൽ വയ്ക്കാൻ ലേക്ക് എടുത്തുകൊണ്ട് പോയതിനുശേഷം കുറച്ച് സമയം അങ്ങനെതന്നെ നിന്നു….

ഇനി എന്ത് ചെയ്യും…? ഇതുതന്നെയാണ് അവസരം പെട്ടെന്ന് തന്നെ കയ്യിൽ കിട്ടിയ തുണികളും മറ്റും വാരിക്കൂട്ടി ശേഷം ആരോടും പറയാതെ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു നടന്നു……ഇരുളിലേക്ക് നടക്കുമ്പോൾ അവൾക്ക് ഒട്ടും കുറ്റബോധം തോന്നിയിരുന്നില്ല…..ജീവിതത്തിൽ സംഭവിച്ചു പോയ ഒരു കറ തുടച്ചുമാറ്റി എന്നതുപോലെ അവൾക്ക് തോന്നിയുള്ളൂ…..ഒരു ഓട്ടോറിക്ഷയിൽ കയറി കൂട്ടുകാരിയുടെ ഫ്ലാറ്റിലേക്ക് എത്തി…..നാളെ തന്നെ കുഞ്ഞിനെ ഏൽപ്പിച്ച് പോകാൻ തീരുമാനിച്ചത് കൊണ്ട് നാളത്തേക്കുള്ള പായ്ക്കിങ്ങിൽ ആയിരുന്നു…..ഒറ്റശ്വാസത്തിൽ നടന്നതെല്ലാം അവളോട് പറഞ്ഞു കഴിഞ്ഞു…..

” നമുക്ക് നാട്ടിൽ പോകാം കൂടുതലെന്തെങ്കിലും അന്വേഷണങ്ങൾ വരുന്നതിനു മുൻപ്….

” നീ പേടിക്കേണ്ട ഒരു അന്വേഷണവും വരില്ല….ഒരു കണക്കിന് ഇതു തന്നെയാണ് നല്ലത്….നമ്മൾ ഏതെങ്കിലും അനാഥാലയത്തിൽ കുഞ്ഞിനെ കൊണ്ടു ചെല്ലുമ്പോൾ അവർ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യും…..തെരുവിൽ വല്ലതും ഉപേക്ഷിക്കുന്നതിലും നല്ലത് ഇത് തന്നെയാണ്…..ഏറ്റവും നല്ല മാർഗ്ഗം…..! ഇന്ന് രാത്രി തന്നെ നമുക്ക് ഈ നഗരം വിടണം….

പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഉപദേശം സമ്മതിച്ചുകൊണ്ട് അവൾ ആ നഗരത്തിനോട് ആ രാത്രി തന്നെ vida വാങ്ങി…..ആ സമയം അവളുടെ മാ റ് ചു രത്താൻ വെമ്പൽകൊള്ളുന്ന വേദനയെ അവൾ മറന്നു….ആ സമയത്തും ആ കുഞ്ഞിൻറെ മുഖം അവളുടെ ഓർമ്മകളിൽ തെളിഞ്ഞിരുന്നില്ല…..

*********************

വർഷങ്ങൾക്കുശേഷം വീണ്ടും കാലം അവളെ ഒരു ആശുപത്രിയിൽ എത്തിച്ചു…..അവൾ വന്നത് അവളുടെ മകനോടൊപ്പം ആയിരുന്നു…..അപ്പോഴേക്കും അവളുടെ മുടിയിൽ ജരാനരകൾ ബാധിച്ചിരുന്നു….വാർദ്ധക്യം അവളിൽ പിടിമുറുക്കിയിരിക്കുന്നു…..മകനോടും മരുമകളോടും ഒപ്പം മുംബൈയിലെ നഗരത്തിൽ ജീവിക്കുമ്പോൾ കൊച്ചുമക്കളെ നോക്കുകയും വീട്ടു ജോലി ചെയ്യുകയും മാത്രമായിരുന്നു അവൾക്ക് ലഭിച്ചിരുന്ന ജോലി…..അതിനോടൊപ്പം അവരുടെ കണക്കില്ലാത്ത ശകാരങ്ങളും…..! ഒടുവിൽ ഒരു ദിവസം മരുമകളുടെ സാരിയിൽ എന്തോ ഒരു കറ വീണതിനെതുടർന്ന് മരുമകൾ അമ്മയെ കൈനീട്ടി അടിച്ചിരുന്നു…..അത്‌ കണ്ടു ഒന്നും മിണ്ടാതെ നിൽക്കുന്ന മകനെ കണ്ടപ്പോൾ ആദ്യമായി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു…..പിന്നീട് ഭാര്യയുടെ വാക്കുകേട്ട് അമ്മയെ ആ ആശുപതിയിൽ ഇരുത്തി ഇപ്പോൾ വരാം എന്ന് പറഞ്ഞു മകൻ പോയി ….മകൻ തന്നെ ഉപേക്ഷിച്ചു പോയത് ആണ് എന്ന് അറിഞ്ഞപ്പോൾ രാവേറെ വൈകി….അവളുടെ തൊണ്ട വരണ്ടു…..കൈയ്യിൽ പണം ഇല്ല….അപ്പോൾ മാത്രം അവൾ ആ കുഞ്ഞിനെ ഒന്ന് ഓർത്തുപോയി….. ഏതോ ആശുപത്രിയിൽ ഉപേക്ഷിച്ചു താൻ പോയ തൻറെ കുഞ്ഞിനെ…..വിശന്നു അവൻ കരഞ്ഞിട്ടുണ്ടാകും…..അവസാന ആശ്രയത്തിനായി തന്നെ തിരക്കി കാണും….കാലം തനിക്ക് കണക്ക് പറയുകയാണോ എന്ന് പോലും അവർ ചിന്തിച്ചു പോയിരുന്നു…..ആ രാത്രിയുടെ ഒറ്റപ്പെടൽ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു….ആ സമയത്ത് ആശുപത്രി വരാന്തയുടെ തണുപ്പിൽ ഒരു പുതപ്പ് പോലുമില്ലാതെ കിടുകിടാ വിറച്ചു കൊണ്ടിരിക്കുന്നവളുടെ അരികിലേക്ക് ഒരാൾ വന്നു…..അവൾക്ക് നേരെ ഒരു കമ്പിളി നീട്ടി…ശേഷം ഇങ്ങനെ ചോദിച്ചു…

” അമ്മ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്…..?

” എന്നെ എൻറെ മോൻ ഉപേക്ഷിച്ചതാണ്….

അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..പക്ഷേ ആ കണ്ണുനീരിന് അവൾക്ക് അർഹതയില്ല എന്ന് അവളുടെ മനസ്സാക്ഷി പറയുന്നുണ്ടായിരുന്നു….പക്ഷേ കേട്ട ആളുടെ കണ്ണിലും കണ്ണുനീർ പൊടിഞ്ഞിരുന്നു…..

“മോൻ എനിക്ക് ഒരു ചായ വാങ്ങി തരാമോ…? രാവിലെ മുതൽ ഒന്നും കഴിച്ചില്ല…

” സാരമില്ല…..വരു…

ഡോക്ടർ അവളെ വിളിച്ച് കാന്റീനിൽ കൊണ്ടുപോയി, ശേഷം വയറുനിറച്ച് ആഹാരം മേടിച്ചു കൊടുത്തു….ആർത്തിയോടെ അവളത് കഴിച്ചു…

” മോൻറെ പേരെന്താ ഒരിക്കൽക്കൂടി അവൾ നന്ദിയോടെ അവനോട് ചോദിച്ചു…

” സിദ്ധാർഥ്…!അവൻ ചിരിയോടെ പറഞ്ഞു…

” മോൻറെ അമ്മ ഭാഗ്യം ചെയ്തവൾ ആണ്…

കണ്ണുനീരിന്റെ മേമ്പൊടിയോടെ അവൾ പറഞ്ഞു….

“എനിക്ക് അമ്മയില്ല….

അവൾ വേദനയോടെ അവൻറെ മുഖത്തേക്ക് നോക്കി…

“എന്നെയും അമ്മയെപ്പോലെ ആരോ ഉപേക്ഷിച്ചതാണ്…

അത്രയും പറഞ്ഞു ബില്ല് കൊടുക്കാനായി അവൻ പോകുമ്പോൾ അത്‌ സ്വന്തം അമ്മയാണെന്ന് അവനും അത്‌ സ്വന്തം മകൻ ആണ് എന്ന് അവളും അറിഞ്ഞിരുന്നില്ല….ഇങ്ങനെയൊക്കെ ആയിരിക്കും ചിലരോട് കാലം പ്രതികാരം ചെയ്യുന്നത്…