തെളിവ്
രചന: Vijay Lalitwilloli Sathya
” ഡിവോഴ്സ് വേണമെന്ന് മാഡത്തിന് അത്രയ്ക്കുംനിർബന്ധമാണോ? “
“അതെ “
അഖിലയുടെ സ്വരം കടുത്തതായിരുന്നു.
“എന്താ അയാളുടെ പേര്?
“മനു “
“പുള്ളി ദേഹോപദ്രവം ചെയ്യുമോ? “
“ഇല്ലാ”
“മദ്യപിക്കുമോ? “
“എല്ലാം വർഷവും ജൂൺ 10ന് അപ്പന്റെ ആണ്ടിന് ഇത്തിരി മ ദ്യപിക്കും”
“അയ്യേ അതൊന്നും പോരാ സ്ഥിരം മ ദ്യപാനം വേണം”
“അതില്ല”
“പൊതുജനങ്ങൾക്കോ സമൂഹത്തിനോ ഉപദ്രവകരമാകുന്ന മറ്റു ദുശീലങ്ങൾ വല്ലതുമയുണ്ടോ? “
“അങ്ങനെ ഒന്നുമില്ല. പുള്ളിയെ എനിക്കിപ്പോൾ ഇഷ്ടമല്ല അത്രതന്നെ”
“നിങ്ങൾക്ക് ഏഴു വയസായ ഒരു ആൺ കുട്ടിയുണ്ടല്ലോ ഈ ബന്ധത്തിൽ “
“ഉവ്വ് “
“കുട്ടി ഇപ്പോൾ ആരുടെ കൂടെ? “
“അങ്ങേരുടെ കൂടെ”
“ജുവനൈൽ ആക്ട് അതിശക്തമാണ്. കുട്ടിയെ അനാഥമാക്കുന്ന ഒന്നിനും കോടതി കൂട്ടുനിൽക്കില്ല.”
“സാർ എനിക്ക് ഡിവോഴ്സ് കിട്ടിയേ തീരൂ കുമാർജി വിളിച്ചു പറഞ്ഞില്ലേ? “
ഡൈവേഴ്സ് കേസ് കൊടുക്കാൻ വന്ന അവൾ അസഹ്യമായി ചോദിച്ചു.
” പറഞ്ഞു”
“ആട്ടെ…മാഡത്തിന് എന്താ ജോലി? “
“മനുവിനെ കല്യാണം കഴിഞ്ഞതിൽ പിന്നെ ജോലിക്കൊന്നും ശ്രമിച്ചില്ല. ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ്. അവിടെ നിന്ന് ഞാനൊരു ജോലിക്ക് ശ്രമിച്ചു.ഈ കഴിഞ്ഞ ജൂൺ 1ന് ജോലി കിട്ടി. “
“അവസാനം ഒന്നു ചോദിക്കുകയാ മനു ദാമ്പത്യപരമായി എങ്ങനെ . ഐ മീൻ ഫിസിക്കൽ റിലേഷനിൽ?”
“അതൊന്നിനും മോശമല്ല”
“പിന്നെ എങ്ങനെ മാഡം ഡിവോഴ്സ് കിട്ടുക..? അയാൾക്ക് സൈക്കിക്കൽ ആയിട്ട് വല്ല പ്രോബ്ലം ഉണ്ടോ? “
“അയാൾ ഇന്റലിജന്റും പിന്നെ ജീനിയേർസ് ആണ്..! കൂടാതെ നാട്ടുകാർക്കൊക്കെ പ്രിയങ്കരനാണ്. അല്പം പഴഞ്ചനാനു ആൾ. കർഷകനും കരകൗശല വിദ്യ, നാടക ചമയങ്ങൾ ഒക്കെയായി എപ്പോഴും വീട്ടിൽ തന്നെ കൂടും.”
“മാഡംഡിവേഴ്സ് കിട്ടൂല. തള്ളി പോകും.. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അതിനു ഫൈൻ ഉണ്ടാവും…പിന്നെ ശ്രമിച്ചിട്ട് എന്തിനാ? “
“ഇതു പിടിക്ക് കുമാർജി തന്നതാ ഒത്തിരി രൂപയുണ്ട്”
അവൾ നൽകിയ തുക കണ്ടു വക്കീലിൻറെ കണ്ണുമഞ്ഞളിച്ചു.
” അഖില മാഡം ഈ വക്കാലത്തിൽ ഒപ്പിട്ടോളു, .ഞാൻ വിളിക്കുമ്പോൾ കോടതിയിൽ വന്നാൽമതി.”
അന്ന് ജൂൺ 10 ആയിരുന്നു അപ്പന്റെ ആണ്ടിന് ഇത്തിരി മദ്യം ആത്മാവിന് മീത് വെച്ചതും കഴിച്ചു രാത്രി കിടന്നുറങ്ങുകയായിരുന്നു മനു..
കുറച്ചു പോലീസുകാർ വന്ന് വാതിൽ തട്ടിവിളിച്ചു മനുവിനെ പുറത്തിറക്കി ജീപ്പിൽൽ കയറ്റി കൊണ്ടുപോയി.
രണ്ടു മണിക്കൂറിനു ശേഷം വീണ്ടും വീട്ടിൽകൊണ്ട് വിട്ടു..അവർ പോയി.
“മാഡം നാളെ കോർട്ടിൽ വന്നോളൂ “
പിറ്റേന്ന് തൊട്ട് വിചാരണ ആരംഭിച്ചു. തുടർന്നു നടന്ന ഡിവോഴ്സ് ട്രയലുകളിൽ മനു ഒരു സ്ഥിരം മ ദ്യപാനിയാണെന്ന് സ്ഥാപിക്കുന്ന ആ മെഡിക്കൽ സർട്ടിഫിക്കറ്റ് ശക്തമായി നില കൊണ്ടു !
സ്വന്തം ഭർത്താവിൻറെ ജീവിതത്തിലെ ഏറ്റവും ലളിതമായ ഒരു സ്വകാര്യ നിമിഷത്തിലെ കുഞ്ഞു കുസൃതിയെ ഒറ്റിക്കൊടുത്തു ഉണ്ടാക്കിയ തെളിവിനാൽ അഖില ആ ബന്ധം അറുത്തു മാറ്റി. ഡിവോഴ്സ് നേടി…
കോടതി പടി ഇറങ്ങിയ ഉടനെ അഖിലയെ കാത്തു കുമാർ ജി കാറുമായി എത്തി….
❤❤