റൂബി
രചന: സന്തോഷ് അപ്പുക്കുട്ടൻ
“ഏത് ഫുഡാണെന്നു ചോദിച്ചാ, ഞാൻ ഉണ്ടാക്കുന്ന ഏതു ഫുഡും എനിക്കിഷ്ടാ…. കഴിക്കാനാണ് ഉദ്യേശിച്ചതെങ്കിൽ ഇവൾ സ്നേഹത്തോടെ വിളമ്പുന്ന ഏത് ഫുഡും …..”
സോഫയിൽ തൻ്റെ അരികെ ഒരു പൂച്ചകുഞ്ഞിനെ പോലെ ചേർന്നിരിക്കുന്ന റൂബിയെ ചേർത്തണച്ചു കൊണ്ട് വിവേക് പറഞ്ഞതും, സ്വതവേ വെളുത്തു തുടുത്ത അവളുടെ മുഖത്തേക്ക് രക്തമിരച്ചു കയറി.
” അതിനി സയനൈഡ് ആണെങ്കിൽ കൂടി… അതിലിത്തിരി മധുരം ചേർത്ത് ഇവൾ സ്നേഹത്തോടെ തന്നാൽ ഞാൻ ഓ.കെ “
വിവേക് പറഞ്ഞു തീർന്നതും ഒരു കുറുമ്പോടെ റൂബി അവൻ്റെ കൈത്തണ്ടയിലേക്ക് തൻ്റെ കൂർത്ത നഖം കു ത്തിയിറക്കി.
“ഏയ് മാൻ….. എന്തും വിളിച്ചു പറയാൻ ഇത് നമ്മുടെ ബെഡ് റൂമല്ല കേട്ടോ…. “
അതും പറഞ്ഞ് അവനെ കടിക്കാനൊരുങ്ങിയ റൂബി, മുന്നിലിരിക്കുന്ന ആളെ ഓർത്തതും, നിരാശയോടെ പിൻവാങ്ങി.
” അത് സാരല്യ മാഡം…. ഇൻ്റർവ്യൂ ചെയ്യാനാണ് ഞാൻ വന്നതെങ്കിലും, പറയുന്നത് എല്ലാം എഴുതില്ല…. കാരണം വിവേകിനെ പറ്റി പലരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്… അവൻ്റെ പ്രകൃതവും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്”
ഇൻ്റർവ്യൂ എടുക്കാൻ വന്ന ടോണിവർഗ്ഗീസിൻ്റെ വാക്കുകൾ കേട്ട റൂബി ചിരിയോടെ തലയാട്ടി.
” വിവേകിനെ പറ്റി അറിയാമെന്നു പറയുന്ന ആളാണോ ഈ സൺഡെയിൽ തന്നെ ഇൻ്റർവ്യൂവിന് വന്നിരിക്കുന്നത് ….?”
ടോണിയോട് ചോദിച്ചു കൊണ്ട് റൂബി വിവേകിനെ നോക്കി പുഞ്ചിരിച്ചു.
” എല്ലാ സൺഡെകളും വിവേകിൻ്റെ വയർ ഒരു സ്റ്റേഡിയമായി തീരും…വി സ്കിയും, ബി യറും തമ്മിലുള്ള മത്സരം നടക്കുന്ന സ്റ്റേഡിയം “
റൂബി കുസൃതിയോടെ പറഞ്ഞതും വിവേക് ഒരു പുഞ്ചിരിയോടെ അവളെ ഒന്നുകൂടി തൻ്റെ അരികിലേക്ക് ചേർത്തണച്ചു.
” അത് എനിക്ക് അറിയാവുന്നതുകൊണ്ടല്ലേ മറ്റൊരു ദിവസം തീരുമാനിച്ചിരുന്ന ഈ ഇൻറർവ്യൂ ചെയ്യാൻ ഇന് തന്നെ ഞാൻ വന്നത് “
ടോണിയുടെ വാക്കുകൾ കേട്ട അവളുടെ ചുണ്ടിൽ ഒരു പരിഹാസചിരി പെട്ടെന്നു മിന്നി മാഞ്ഞു.
” ഒരു ഇൻട്രോവെർട്ട് ടൈപ്പ് ആയ വിവേകിൽ നിന്നും നന്നായി കാര്യങ്ങളറിയണമെങ്കിൽ ഇത്തിരി മ ദ്യം അവൻ്റെ വയറ്റിൽ വേണം… അതു മാത്രമല്ല എനിക്ക് ഓസിയായി ഒരു ഒഴിവു ദിവസം അടിച്ചു പൊളിക്കാമല്ലോ?”
ടോണിവർഗ്ഗീസിൻ്റെ വാക്കു കേട്ടതും,വിവേക് റൂബിയെ നോക്കി പുഞ്ചിരിച്ചു.
” ഇൻട്രോവെർട്ടോ?”
സംശയത്തോടെ ചോദിച്ചു കൊണ്ട് കണ്ണുചുളിച്ചു റൂബി, വിവേകിനെ പാളി നോക്കി….
“എൻ്റീശോയെ…. ഇതെന്നാ ഞാൻ കേൾക്ക് ണേ….. “
കഴുത്തിലെ നേർത്ത സ്വർണകുരിശിൽ പിടിച്ചു കൊണ്ട് അവൾ തുടർന്നു.
“അങ്ങിനെ തോന്നുന്നത് നിങ്ങൾക്കായിരിക്കും… എനിക്ക് ചെവിട്ടിൽ മൂട്ട പോയത് പോലെയാ തോന്നാറ് … അത് പുറത്ത് വെച്ചായാലും, ബെഡ് റൂമിൽ വെച്ചായാലും “
അതും പറഞ്ഞ് പ്രണയത്തോടെ അവൻ്റെ ശരീരത്തിലേക്ക് ചാരി കിടന്നു അവൾ….
വലിയൊരു വൃക്ഷത്തിൽ പടർന്നു കിടക്കുന്ന നിറയെ പൂത്തു നിൽക്കുന്ന മുല്ലവള്ളിയെ പോലെ ഓർമ്മിപ്പിച്ചു അവളുടെ ആ കിടപ്പ്…..
ചുരിദാറിനുള്ളിൽ അവളുടെ വീർത്ത ഉദ രം വീർപ്പുമുട്ടുന്നതു പോലെ തോന്നിച്ചു.
,”മാഡവും, വിവേകും എങ്ങിനെയാണ് പ്രണയത്തിലായത്….?”
ടോണിയുടെ ചോദ്യം കേട്ടതും റൂബിയുടെ മുഖം മങ്ങിയത് വിവേക് ശ്രദ്ധിച്ചു.
“കണ്ടപ്പോൾ ഇഷ്ടം തോന്നി…. ഇവനാണ് നിൻ്റെ ഭർത്താവായിരിക്കാൻ യോഗ്യൻ എന്ന് മനസ്സ് പറഞ്ഞു “
ഉറച്ച ശബ്ദത്തോടെ അവളത് പറഞ്ഞ് സോഫയിൽ നിന്നെഴുന്നേറ്റപ്പോൾ, തൻ്റെ ചോദ്യം മാഡത്തിന് ഇഷ്ടപ്പെട്ടില്ലായെന്ന് ടോണിയ്ക്ക് മനസ്സിലായി.
അകത്തേക്ക് പോകുന്ന റൂബിയെ നോക്കി, ടോണി വിവേകിൻ്റെ നേർക്ക് കണ്ണുയർത്തിയപ്പോൾ, അവൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ പുഞ്ചിരിച്ചു.
“ടോണി ഏത് ആഴ്ചപതിപ്പിൽ നിന്നാണ് വരുന്നത്?”
പാതിദൂരമെത്തിയ റൂബി തിരിഞ്ഞു നിന്നു ചോദിക്കുമ്പോൾ ആ ശബ്ദം വല്ലാതെ ഉറച്ചിരുന്നു.
” ആഴ്‌ചപതിപ്പല്ല മാഡം… മാസികയാ….. “സത്യം” എന്ന മാസിക…. ഒന്നുരണ്ട് എഡിഷൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ….. അതു കൊണ്ട് മേഡം അറിയാൻ സാധ്യതയുണ്ടോ എന്നറിയില്ല “
ടോണിയുടെ മറുപടി കേട്ട റൂബി പതിയെ തലയാട്ടി, സോഫയുടെ അടിയിലേക്ക് ഒന്നു പാളി നോക്കി കിച്ചനിലേക്ക് കടന്നു …..
അവൾ കിച്ചനിലേക്ക് കയറിയെന്ന് കണ്ട വിവേക്, സോഫയ്ക്കു താഴെ വെച്ചിരുന്ന ബി യർ ബോട്ടിലെടുത്ത്, പല്ല് കൊണ്ട് കടിച്ചു അടപ്പ് തുറന്നത് കണ്ട് ടോണി ചിരിച്ചു.
“പേരെടുത്ത ഒരു ഷെഫ്, ആറടിയോളം പൊക്കവും, അതിനൊത്തവണ്ണവും ഉള്ള ആനയെ പോലെ ഒരുത്തൻ….. ഒരു മാൻ കിടാവ് പോലെയുള്ള പെണ്ണിനെ പേടിക്കുകയോ …. ഷെയിം … “
വിവേക് അടപ്പ് തുറന്ന ബിയർ ബോട്ടിലിനുവേണ്ടി കൈ നീട്ടികൊണ്ട് ടോണിയത് പറഞ്ഞ് കുലുങ്ങി ചിരിച്ചു.
”ഞാൻ ആനയും, അവൾ മാൻകിടാവും ആയിക്കോട്ടെ… പക്ഷെ ഞങ്ങൾ ഗോദയിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന മല്ലയുദ്ധക്കാർ ആല്ല…..ഞങ്ങൾ പരസ്പരം അറിഞ്ഞു സ്നേഹിക്കേണ്ട ഭാര്യഭർത്താക്കൻമാരാണ്. അവളെ കെയർ ചെയേണ്ടത് ഞാനും… എന്നെ കെയർ ചെയ്യേണ്ടത് അവളും ആണ് “
വിവേക് പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ബിയർ ബോട്ടിൽ വായിലേക്കു കമഴ്ത്തുമ്പോൾ, അപ്രതീക്ഷിതമായി തലക്കടിയേറ്റതു പോലെയായി ടോണിയ്ക്ക്..,,,,,
വെള്ളം കുടിക്കുന്നതു പോലെ ആ ബോട്ടിൽ കാലിയാക്കി വിവേക് സോഫക്കടിയിലേക്ക് വെയ്ക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്ന ടോണിയ്ക്കു നേരെ കണ്ണടച്ചു കാണിച്ചു വിവേക്.
“ടോണി ആ ചോദ്യം ചോദിച്ചeപ്പാൾ അവൾ പിണങ്ങി പോയത് എന്തിനാണെന്ന് അറിയാമോ?”
വിവേകിൻ്റെ ചോദ്യം കേട്ടതും, അറിയില്ലെന്ന മട്ടിൽ ടോണി തല കുലുക്കി.
“നീ പ്രണയത്തിൻ്റെ കാര്യം ചോദിച്ചപ്പോൾ അവൾക്ക് അപകടം മണത്തു…അതുകൊണ്ടാണ് അവൾ എഴുന്നേറ്റു പോയത്?”
“അപകടമോ ?”
ബിയർ മൊത്തി കുടിക്കുന്നതിനിടയിൽ ടോണി പതിയെ ചോദിച്ചു.
” അതെ…. ആ ചോദ്യം കഴിഞ്ഞാൽ പിന്നെ, അതിനു പുറകെ ഞങ്ങളുടെ റിലീജിയനെ പറ്റിയൊക്കെ വരുമെന്ന് അവൾക്ക് അറിയാം…… “
“അതിന്?”
ടോണി ഒന്നും മനസ്സിലാകാതെ വിവേകിനെ നോക്കി.
“അതെല്ലാം കൊണ്ടുപോയി നീ,നിൻ്റെ പ്രസിദ്ധീകരണത്തിൽ അച്ചടിക്കും….പിന്നെ അത് വായിക്കുന്നവരുടെ പോസ്റ്റ്മോർട്ടം ചെയ്തുള്ള ഡ ർട്ടികമൻ്റ്സുകൾ….. തെറിയഭിഷേകങ്ങൾ…..”
“ഇത് ഞാൻ ചെയ്യുന്നത് ഒരു മാസികയ്ക്കു വേണ്ടിയാണ്…. അവിടെ ആരും ഡയറക്ടായി കമൻ്റിടില്ലല്ലോ?”
ടോണി ബിയർ കുടിച്ചു തീർത്തു ബോട്ടിൽ വിവേകിനു നേരെ നീട്ടികൊണ്ടു ചോദിച്ചു.
“അവിടം ഇടില്ലായെന്നറിയാം…. ഏതെങ്കിലും ഓൺലൈൻ പോർട്ടലുകൾ അതൊക്കെ ചുരണ്ടിയെടുത്ത്, ഞങ്ങളുടെ ഫോട്ടോയും വെച്ച് ഇട്ടാൽ അവിടം ഇടാമല്ലോ?”
വിവേക് ചോദിച്ചതും ടോണി നിസാരമായി ചിരിച്ചു.
“എനിക്ക് ആ കാര്യത്തിൽ ഒരു തരിമ്പും പേടിയില്ല ടോണീ…. റൂബിയ്ക്കാണ് പ്രശ്നം… അവളെയും കുറ്റം പറയാൻ പറ്റില്ല…. കുറച്ചു നാൾ മുൻപ് ഒരു സിനിമാനടൻ്റെയും, ഡോക്ടറുടെയും വിവാഹ ഫോട്ടോയ്ക്ക് താഴെ വന്ന കമൻ്റ്സുകൾ വായിച്ചാലറിയാം നമ്മുടെ പ്രബുദ്ധത “
സോഫയിലേക്ക് ചാരി കിടന്ന് വിവേക് പരിഹാസത്തോടെ പറഞ്ഞപ്പോൾ ടോണി ചിരിയോടെ തലയാട്ടി.
“ഞാനും കണ്ടിരുന്നു ആ ഫോട്ടോയും, കമൻ്റ്സും… ങ്ഹാ…. അതു പോട്ടെ റൂബി ഇത്രയ്ക്ക് നെർവസ് ആണോ?”…
“ശരിക്കും ഒരു കൊച്ചു കുട്ടിയാ…. ദേഷ്യം വന്നാൽ കടിക്കും… നുള്ളും… കൈയിൽ കിട്ടുന്നത് എടുത്ത് വീക്കും……
കിച്ചൻ്റെ ഭാഗത്തേക്ക് നോട്ടമയച്ചു കൊണ്ടു വിവേക് പതിഞ്ഞ സ്വരത്തിൽ തുടർന്നു.
” പക്ഷെ അതൊക്കെ ഞാൻ ആസ്വദിക്കും… അവളുടെ കുറുമ്പ് കാണാനാണ് എനിക്കിഷ്ടം”
വിവേക് പറയുന്നത് ശ്രദ്ധാപൂർവം കേട്ടിരുന്ന ടോണി അവൻ്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കി ഇരുന്നു.
” ഞാൻ ഒരു കാര്യം ചോദിച്ചാൽ വിവേകിന് വിഷമമാകോ ?”
ടോണിയുടെ ചോദ്യം കേട്ടതും, വിവേക് പുഞ്ചിരിയോടെ തല കുലുക്കി.
“കിരണിൻ്റെ മരണത്തെ പറ്റിയാണ് ചോദിക്കുന്നതെങ്കിൽ അതിൽ എനിക്ക് ഒരു പങ്കുമില്ല ടോണീ”
താൻ ചോദിക്കാനുദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കി അതിനു മറുപടി പറഞ്ഞ വിവേകിനെ, ടോണി അത്ഭുതത്തോടെ നോക്കി.
” പുറത്തൊക്കെ അങ്ങിനെയൊരു ന്യൂസ് ഉണ്ട്….. “
ടോണി പതിയെ പറഞ്ഞതും, സോഫക്കടിയിൽ നിന്ന് അടുത്ത ബിയറെടുത്തു വിവേക്……
” പലരും പലതും പറയുന്നുണ്ടെന്നു കേട്ടു .. പ്രൊഫഷണൽ ജെലസി ആണെന്നൊക്കെ… എൻ്റെ അഭിപ്രായത്തിൽ അവൻ വിഷം കഴിച്ചു മരിച്ചതുതന്നെയാണ്…”
ഒരു പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് അവനെ തന്നെ നോക്കിയിരുന്നു ടോണി….
“പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ അറിയാമല്ലോ മരിച്ചതാണോ, കൊന്നതാണോയെന്ന്?”
അപകടം മണക്കുന്ന ആ ചോദ്യത്തിൽ വിവേക്, ടോണിയെ കണ്ണിമ ചിമ്മാതെ നോക്കി ഒരു നിമിഷം ഇരുന്നു…..
അർത്ഥഗർഭമായി തന്നെ നോക്കുന്ന ടോണിയോട് എന്തു പറയണമെന്നറിയാതെ ഒരു നിമിഷം നിശബ്ദനായി വിവേക് .
” സ്റ്റാർ ഹോട്ടലുകളിൽ, പ്രത്യേകിച്ച് ഫൈവ്, സെവൻ കാറ്റഗറിയിൽ അങ്ങിനെ ഉണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്… പക്ഷെ ഞാൻ വിശ്വസിക്കുന്നില്ല…”
” എന്തുകൊണ്ട് വിശ്വസിക്കുന്നില്ല വിവേക്…..? എവിടെയും ഉണ്ടാകും…..ഇല്ലാതിരിക്കാൻ മനുഷ്യൻ അല്ലാതിരിക്കണം”
ഉറപ്പിച്ചു പറയുന്ന ടോണിയെ നോക്കി വിവേക് ചിരിച്ചു.
“നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ….. ലോകത്തുള്ള നല്ല പത്ത് ഷെഫുമാരെ എടുത്താൽ അതിൽ ഒരു ഇന്ത്യക്കാരനില്ല….. അതുപോലെ ഇന്ത്യയിലെ നല്ല പത്ത് ഷെഫുമാരെ എടുത്താൽ അതിൽ ഒരൊറ്റ മലയാളിയില്ല…. എന്നിട്ടും എന്ത് വെട്ടിപ്പിടിക്കാനാണ് ഈ ജെലസി? ഐ ഡോണ്ട് നോ “
“അതു എന്നോടാണോ ചോദിക്കുന്നത്?
ചിരിച്ചു കൊണ്ടാണ് ടോണി ചോദിച്ചതെങ്കിലും ആ സ്വരം മുറുകിയത് വിവേക് മനസ്സിലാക്കി.
“ഞാനൊരു പാവപ്പെട്ട വീട്ടിൽ നിന്നു വന്നതാണ്… ഇത്രയ്ക്കും ഉയരത്തിൽ എത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… ഇതിനപ്പുറത്തേക്ക് ഇനി എനിക്ക് മറ്റൊരു മോഹമില്ല…. ആ ഞാൻ എന്തിന്?”
വിവേക് ടോണിയോടു അത്രയും ചോദിച്ചുകൊണ്ട്, ഒരു ബിയറെടുത്ത് അവനു കൊടുത്തു.
“വിവേക് എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിക്കുന്നുണ്ട്…അതെനിക്കറിയാം….ബട്ട് ഞാൻ ഒരു പോലീസ് ഓഫീസറല്ലയെന്ന് നി ഓർക്കണം…. നിന്നെ പറ്റി അറിഞ്ഞതു കൊണ്ടു മാത്രമാണ് ഞാൻ
ഇതൊക്കെ ഓപ്പൺ ആയി ചോദിക്കുന്നത് “
അത്രയും പറഞ്ഞ് കൊണ്ട് ടോണി ബിയർ പതിയെ കുടിച്ചു തുടങ്ങി.
“ഞാൻ ഒന്നും ഒളിപ്പിച്ചിട്ടില്ല ടോണീ…. എനിക്ക് അതിൻ്റെ ഒരു ആവശ്യവുമില്ല… പിന്നെ റൂബിയെ പറ്റിയാണ് നീ ഉദ്യേശിച്ചതെങ്കിൽ അവളെ പറ്റി ഞാൻ പറയാം”
കിച്ചൻ്റെ ഭാഗത്തേക്ക് നോക്കി റൂബി വരുന്നില്ലായെന്ന് ഉറപ്പു വരുത്തി വിവേക് തുടർന്നു.
” ഒരു ആർ.സി.ക്രിസ്ത്യൻ അങ്കമാലികാരി…. ബിടെക് ഫുഡ് ടെക്നോളജിയിൽ പഠനം നടക്കുന്നുണ്ട്…. എൻ്റെ യുട്യൂബ് ചാനൽ അവൾ സ്ഥിരമായി
കാണാറുണ്ട്…. അങ്ങിനെ തുടങ്ങിയ സൗഹൃദമാണ്….”
വിവേക് പറഞ്ഞതും, ടോണി പതിയെ ചിരിയോടെ തലയാട്ടി.
“പിന്നെ പ്രണയം എപ്പോൾ തുടങ്ങി…..?”
“അങ്ങിനെ ഒരു പ്രണയം ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല… ഒരു ദിവസം രാവിലെ കോളിങ് ബെൽ അടിക്കുന്നത് കേട്ട് ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് റൂബിയെയായിരുന്നു… “
പറഞ്ഞു കൊണ്ട് അവൻ സോഫക്കടിയിൽ പരതിയെങ്കിലും ബിയർ ബോട്ടിൽ കിട്ടിയില്ല….
ആറു ബി യർ ബോട്ടിൽ മിസ്സായിരിക്കുന്നു എന്ന് അവൻ്റെ മനസ്സ് വിഷമത്തോടെ മന്ത്രിച്ചു.
“ഇനി അവിടെ പരതണ്ട… ബാക്കിയൊക്കെ ഞാൻ മാറ്റിവെച്ചു “
റൂബിയുടെ ശബ്ദം കേട്ട് തലയുയർത്തിയ വിവേക്, ടോണിയെ നോക്കി ചമ്മലോടെ ചിരിച്ചു……
മൗനം അവർക്കിടയിൽ കൂടു കൂട്ടുന്നതറിഞ്ഞ റൂബി, ടോണിയ്ക്ക് ഒരു വരണ്ട ചിരിയും സമ്മാനിച്ച് അവിടെ നിന്നും വീണ്ടും നടന്നകന്നു ….
“ബാക്കി പറയൂ വിവേക്..”
കൺമുന്നിൽ നിന്ന് റൂബി മറഞ്ഞപ്പോൾ ടോണി ആകാംക്ഷയോടെ വിവേകിനെ നോക്കി.
” എന്താ വേണ്ടതെന്ന എന്ന എൻ്റെ ഈർഷ്യ നിറഞ്ഞ ചോദ്യത്തിനു പകരം, വിൽ
യു മാരീ മീ?…. എന്ന പ്രണയപൂർവമുള്ള മറുചോദ്യമായിരുന്നു അവളിൽ നിന്നുയർന്നത്. “
വിവേകിൻ്റെ സംസാരം കേട്ടതും, ആശ്ചര്യത്തോടെ ടോണിയുടെ കണ്ണുകൾ വിടർന്നു…..
അവൻ റൂബി പോയ വഴിയിലേക്ക് തലയാട്ടി കൊണ്ട് നോക്കി.
“ആദ്യമായി ഞങ്ങൾ കാണുന്നത് അന്നാണ്… ആദ്യമായി സംസാരിച്ചതും ആ നിമിഷമാണ്…. ആദ്യമായി ഞങ്ങൾ പ്രണയത്തിലാകുന്നതും ആ ചോദ്യത്തോടെയാണ് “
ഒരു ചിരിയോടെ വിവേക് പറഞ്ഞു നിർത്തുമ്പോൾ, ടോണി അവനെ അസൂയയോടെ നോക്കി.
” പാലപ്പം പോലെയുള്ള ഒരു കിളുന്ത് പെണ്ണിനെ കരിവീട്ടിപോലെയുള്ള, കുഴിയിലേക്ക് കാലെടുത്ത് വെക്കാനായ വിവേകിന് കിട്ടിയത് ഒരു സൂപ്പർ ലോട്ടോ തന്നെയാണ്…. അതുമാത്രമല്ല കിട്ടിയപ്പോൾ തന്നെ അതിനെ ഗർഭിണിയുമാക്കി….. ദുഷ്ടൻ”
ഒരു അശ്ളീലചുവയോടെ, കണ്ണുകൾ ചുളിച്ചുകൊണ്ട് ടോണിയത് പറഞ്ഞപ്പോൾ വിവേകിൻ്റെ ചുണ്ടിലെ ചിരി മാഞ്ഞു….
“ചിലപ്പോൾ വിവേകിൻ്റെ സ്വത്തും, ബംഗ്ലാവ് പോലെയുള്ള ഈ വീടും കണ്ടിട്ടാവും…. അല്ലാതെ മറ്റൊന്നും ഈ “വിശുദ്ധ പ്രണയത്തിൽ ” എനിക്ക് കാണാൻ കഴിയുന്നില്ല”
ടോണി പരിഹാസമൊളിപ്പിച്ച് പറഞ്ഞപ്പോൾ, വിവേക് പുറത്തു പെയ്യുന്ന മഴയിലേക്കും, കാറ്റിലിളകുന്ന ജനൽ പാളിയിലേക്കും നോക്കി പുഞ്ചിരിച്ചു……
“എല്ലാം അവൾ കൊണ്ടു പോകുന്നെങ്കിൽ കൊണ്ടു പോകട്ടെ ടോണീ…. എൻ്റെ ജീവൻ പോലും അവൾക്ക് കൊടുക്കാൻ ഞാൻ തയ്യാറാണ്…. അതിനു മീതെയല്ലല്ലോ എൻ്റെ സ്വത്തും, വീടും? “
വിവേക് വികാരധീനനാകുന്നത് ടോണി ഒരു അത്ഭുതത്തോടെ നോക്കിയിരുന്നു……
” കാരണം അവൾ ടോണിയ്ക്കും, മറ്റുള്ളവർക്കും റൂബിയെന്ന രണ്ടക്ഷരത്തിലുള്ള ഏതോ ഒരു പെണ്ണായിരിക്കാം … പക്ഷേ എനിക്കവൾ ഒരു പുരുഷനു വേണ്ട എല്ലാ സ്ത്രീഭാവങ്ങളും കൂടി ചേർന്ന എൻ്റെ പെണ്ണാണ് … എൻ്റെ ജീവനാണ്….. “
” ഇപ്പോൾ ടോണിയ്ക്ക് മനസ്സിലായില്ലേ വിവേകിന് ഞാൻ ആരാണെന്ന്? ഒരു പെണ്ണിൻ്റെ വിലയെന്താണെന്ന്?”
റൂബിയുടെ സ്വരം പിന്നിൽ നിന്നു കേട്ടപ്പോൾ ഒരു വിളറിയ ചിരിയോടെ ടോണി തിരിഞ്ഞു നോക്കിയപ്പോൾ, പച്ചനിറത്തിലുള്ള ജ്യൂസ് നിറച്ച മൂന്ന് ഗ്ലാസ്സ് വെച്ചിരിക്കുന്ന ട്രേയും പിടിച്ച് പുഞ്ചിരിയോടെ നിൽക്കുന്നവളെയായിരുന്നു.
“പിന്നെ വിവേകിനെ ഞാൻ ആദ്യമായി കാണുമ്പോൾ ഫ്ലാറ്റിലായിരുന്നു താമസം….. അന്നെനിക്കറിയില്ല വിവേക് ഇത്രയ്ക്ക് ധനവാനാണെന്ന്…. എനിക്ക് വേണ്ടിയാണ് പിന്നെ വിവേക് ഒഴിഞ്ഞുകിടക്കുന്ന ഈ പ്രദേശത്തെ ഇത്രയും വലിയ കുന്നിൻപുറത്തെ കൊട്ടാരം പോലെയുള്ള വീട് മോഹവിലയ്ക്ക്
എടുത്തതും…. ഇവിടം പൂന്തോട്ടമൊരുക്കിയതും “
” മാഡം…. ഞാൻ അങ്ങിനെ ഉദ്യേശിച്ചല്ല”.
ടോണി വാക്കുകൾ കിട്ടാതെ വിഷമിക്കുന്നത് കണ്ടപ്പോൾ റൂബിയുടെ ചുണ്ടിൽ പരിഹാസത്തിൻ്റെ പുഞ്ചിരിയൂറി .
“അറിയാം കുഞ്ഞേ… ഈ തളർച്ചയ്ക്ക് തരാൻ കഞ്ഞിയില്ല…. അതിനു പകരം ഈ അവക്കാഡോ ജ്യൂസ് ഒന്നു പിടിപ്പിക്ക്…. ലഹരിയിൽ നിന്നും മുക്തമായി ചോദ്യങ്ങൾ ചോദിക്കാനുള്ള എനർജിയ്ക്ക് ബെസ്റ്റാ അവക്കാഡോ ജ്യൂസ് “
റൂബി ചിരിച്ചുകൊണ്ട് ജ്യൂസ്ഗ്ലാസ് ടോണിക്കു നേരെ നീട്ടിയപ്പോൾ, വിളറിയ മുഖത്തോടെ അവനത് വാങ്ങി…..
അവളുടെ കണ്ണിലേക്കു നോക്കിയിരുന്നു ജ്യൂസ് കുടിച്ചു കൊണ്ടിരുന്ന ടോണി ആ ജ്യൂസ്ഗ്ലാസ് കാലിയായത് അറിഞ്ഞില്ല……
“ടി.വിയിൽ ഒരു ന്യൂസ് വന്നിട്ടുണ്ട്….. കിരണിൻ്റെ പോസ്റ്റ്മോർട്ട റിപ്പോർട്ടിനെ പറ്റി….”
റൂബിയുടെ പതിഞ്ഞ സ്വരംകേട്ട ടോണി കണ്ണിമ ചിമ്മാതെ ആകാംക്ഷയോടെ അവളെ നോക്കി.
” വിഷം ഉള്ളിൽ ചെന്നിട്ടു തന്നെയാണ് മരിച്ചത്…. പക്ഷേ അത് അവൻ കഴിച്ചതല്ല എന്നാണ് എൻ്റെ ഉറപ്പ്…. കാരണം സ്ളോപോയിസനായിരുന്നു…. ദിവസങ്ങളോളം അവൻ കഴിച്ചിരുന്ന ഭക്ഷണത്തിൽ ആരോ കലർത്തുകയായിരുന്നുവെന്ന് വേണം കരുതാൻ “
തൻ്റെ വീർത്ത ഉദരത്തിൽ തലോടികൊണ്ട് വിഷമത്തോടെ അവളത് പറഞ്ഞു വിവേകിനെയും, ടോണിയെയും മാറി മാറി നോക്കുമ്പോൾ, അവരിവരും അമ്പരപ്പോടെ പരസ്പരം നോക്കുകയായിരുന്നു.
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….