റൂബി – അവസാന ഭാഗം.

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

കിരണിൻ്റെ പോസ്റ്റ്മോർട്ട റിപ്പോർട്ടിനെ കുറിച്ച് റൂബി പറഞ്ഞതും, ടോണി അർത്ഥഗർഭമായി വിവേകിനെ നോക്കി തലയാട്ടി.

അവൻ്റെ ആ നോട്ടം കണ്ടതും, റൂബി പൊടുന്നനെ വിവേകിൻ്റെ ചാരത്തായി ചെന്നിരുന്നു.

” എന്തിനാ പേടിക്ക്ണത് വിവേക്?”

അവൻ്റെ മുടിയിഴകളിലൂടെ അവൾ വിരലോടിച്ചു കൊണ്ട് ചോദിച്ചപ്പോൾ, മുഖമുയർത്തിയ വിവേകിൻ്റെ കണ്ണിൽ രണ്ടിറ്റ് കണ്ണീർ തങ്ങി നിന്നു.

” ഈ കാണുന്ന ശരീരം മാത്രമേ ഉള്ളൂ അല്ലേ? ഉള്ള് വെറും സോഫ്റ്റ് ആണല്ലേ?”

ഒരു നനുത്ത ചിരിയോടെ ചോദിച്ചു കൊണ്ട് വിവേകിൻ്റെ ഉള്ളിലെ ചൂടിനെ തണുപ്പിക്കാനെന്നവണ്ണം,റൂബിയുടെ കൈവിരലുകളുടെ ചന്ദന തണുപ്പ് അവൻ്റെ ശിരസ്സിലൂടെ പതിയെ പടർന്നിറങ്ങുന്നുണ്ടായിരുന്നു……

” ഇനി വിവേക് ആണ് ആ മരണത്തിനു പിന്നിലെങ്കിലും പേടിക്കണ്ട:..ഒരു ലീഡിങ്ങ് അഡ്വേക്കറ്റിനെ കൊണ്ടുവരും നമ്മൾ “

ടോണിയെ നോക്കി ഉറച്ച ശബ്ദത്തിലാണ് റൂബിയത് പറഞ്ഞത്……

റൂബിയത് പറഞ്ഞപ്പോൾ ടോണി അവളെ തുറിച്ചു നോക്കി കൊണ്ട് തലയാട്ടി.

മലപോലെയുള്ള വിവേക് ഈ വാർത്ത കേട്ട് തളർന്നിട്ടും, എലി പോലെയുള്ള ഇവൾക്ക് ഒരു കൂസലുമില്ല എന്നോർത്ത് ടോണി അത്ഭുതപ്പെട്ടു.

” അകലെയൊരു തോടുണ്ടെന്നു വെച്ച് ഇവിടെ നിന്നും ഉടുത്തിരിക്കുന്ന തുണി പൊക്കി പിടിക്കേണ്ട ആവശ്യമില്ല… അല്ലേ ടോണി..?”

പരിഹാസം നിറഞ്ഞ ആ ചോദ്യം തനിക്കു നേരെയുള്ളതാണെന്ന് മനസ്സിലായ ടോണി പതിയെ തലയാട്ടി.

“വിവേകിൻ്റെ അടുത്തേയ്ക്ക് അന്വേഷണം വരുമ്പോഴല്ലേ… ആ സമയത്ത് എന്തു ചെയ്യണമെന്നു അപ്പോൾ നമ്മൾക്കു ചിന്തിക്കാം… ചിയർ അപ് “

വിവേകിൻ്റെ വാടിയ മുഖം കൈ കുമ്പിളിലാക്കി ആ നെറ്റിയിൽ ചുണ്ടമർത്തി റൂബി പതിയെ പറഞ്ഞതും, അവൻ്റെ ചുണ്ടിൽ ആശ്വാസത്തിൻ്റെ ഒരു പുഞ്ചിരി-മിന്നി.

” ആ ചാപ്റ്റർ വിട് ടോണീ? പിന്നെ ആതിര എന്തു പറയുന്നു?”

വിവേകിൻ്റെ നെറ്റിയിൽ നിന്ന് ചുണ്ടെടുത്ത് റൂബി ടോണിയെ നോക്കി ചോദിച്ചതും അവൻ പൊടുന്നനെ വിളറി.

” ആതിരയോ?”

അവൻ വിളർച്ച മറച്ചുവെച്ചു ഒരു ചിരിയോടെ റൂബിയെ ചോദ്യഭാവത്തിൽ നോക്കി.

“അതെ… ആതിര തന്നെ… ആതിരദേവദാസ്….. മരിച്ച കിരണിൻ്റെ സഹോദരി…ചേട്ടൻ മരിച്ചതിൻ്റെ ദു:ഖമൊക്കെ മാറിയോ അവൾക്ക്? “

ജ്യൂസ് പതിയെ നുണഞ്ഞു കൊണ്ട് റൂബി ചോദിക്കുമ്പോൾ, അതിനൊപ്പം തുറന്ന് വെച്ച ലെയ്സ് പാക്കിൽ നിന്നു ഓരോന്നായി എടുത്ത് കൊച്ചുകുട്ടിയെ പോലെ കൊറിക്കുന്നുണ്ടായിരുന്നു അവൾ.

” അവളെ പറ്റി അവളുടെ വീട്ടുകാരോടല്ലേ ചോദിക്കേണ്ടത് മാഡം… എനിക്ക് കിരണിനെ മാത്രമേ അറിയുകയുള്ളു”

ടോണിയുടെ മറുപടി കേട്ടപ്പോൾ ലെയ്സ് കഴിക്കുന്നത് നിർത്തി അവൾ, പരിഹാസഭാവത്തോടെ അവനെ നോക്കി…..

“ആതിരദേവദാസ് പിന്നെ എങ്ങിനെ ആതിര ടോണിയായി?”

റൂബിയുടെ കൂർത്ത ചോദ്യം കേട്ടതോടെ ടോണിയുടെ മുഖം വിളറി വെളുത്തു.

റൂബി പറയുന്നതൊന്നും മനസ്സിലാകാതെ വിവേക് അവളെയും, ടോണിയെയും മാറി മാറി നോക്കി.

“നീയൊരു മാസികയുടെ പ്രതിനിധി ആയി വേഷം മാറി വന്നാൽ അറിയില്ലെന്നു വിചാരിച്ചോ ടോണീ? “

കടലിരമ്പം പോലെയുള്ള റൂബിയുടെ ചോദ്യം കേട്ടതും, ടോണി വിയർക്കാൻ തുടങ്ങി.

ലെയ്സ് പതിയെ കടിച്ചു കൊണ്ട് റൂബി വിവേകിനെ നോക്കി.

“വിവേക്…..ഇവൻ ഒരു കോ പ്പിൻ്റെയും പ്രതിനിധിയല്ല…. മരിച്ച കിരണിൻ്റെ വിശ്വസ്തനായ അളിയൻ… അളിയനു വേണ്ടി കൊല്ലാനും, ചാകാനും മടിയില്ലാത്ത ചാവേറ്….”

വിവേക് അമ്പരപ്പോടെ ടോണിയെ നോക്കി…. ഒപ്പം അവൻ കൊണ്ടുവന്ന ചെറിയ ബാഗിലേക്കും.

“കിരണിനെ കൊന്നത് വിവേക് ആണോ എന്നറിയാനുള്ള ഒരു പാരലൽ അന്വേഷണത്തിനു വേണ്ടി ഇവൻ സൃഷ്ടിച്ചെടുത്ത ഒരു മറയാണ് “സത്യം മാസിക,.. “

ടോണി ഒരു വെപ്രാളത്തോടെ ബാഗിലേക്ക് കൈ നീട്ടിയപ്പോൾ, റൂബി പൊടുന്നനെ കൈയെത്തിച്ച് അത് എടുത്തു…..

ആ ബാഗ് മടിയിൽ എടുത്ത് വെച്ചു അതിനു മുകളിൽ ജ്യൂസ്ഗ്ലാസും, ലെയ്സു പാക്കറ്റും വെച്ചു അവൾ…..

“ഈ ബാഗിലെന്താണ് ടോണീ? റിവോൾവറോ, കത്തിയോ?”

റൂബി ചോദിച്ചതും, അവൻ ബാഗ് എടുക്കാൻ വേണ്ടി ഉയർന്നതും, അവിടെ തന്നെ തളർച്ചയോടെ ഇരുന്നു പോയി….

“വിവേകിൻ്റെ ജീവൻ എടുക്കാൻ വേണ്ടിയാണ് ഇവൻ വന്നത്…സത്യങ്ങളറിയുമ്പോൾ ആ നിമിഷം തന്നെ വിവേകിനെ തീർക്കുക അതായിരുന്നു ഇവൻ്റെ ലക്ഷ്യം”

മുഖത്തു വിയർപ്പ് ചാലൊഴുകുന്ന ടോണിയെ ഭീതിയോടെ നോക്കി വിവേക്…

‘ഒരു റിപ്പോർട്ടറുടെ ചോദ്യങ്ങളാണോ ഇവൻ ആദ്യം മുതൽ ചോദിച്ചു കൊണ്ടിരുന്നത്? അതറിയാനുള്ള സെൻസ് പോലും എൻ്റെ വിവേകിന് ഇല്ലാതെ പോയല്ലോ?

വിവേകിനെ നോക്കി ചിരിയോടെ ചോദിച്ചു കൊണ്ട് അവളുടെ മിഴികൾ ടോണിയിലേക്ക് തിരിഞ്ഞു.

ഇമവെട്ടാതെയുള്ള ആ നോട്ടം കണ്ടപ്പോൾ ടോണിയുടെ മുഖം അറിയാതെ കുനിഞ്ഞു.

“ഇവൻ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോഴേ ഞാനൂഹിച്ചു…. അതു കൊണ്ടാണ് ബിയ റൊക്കെ ഞാൻ മാറ്റിവെച്ചത്…. ല ഹരി കൂടുമ്പോൾ സത്യം തുറന്നു പറയുമെന്ന് വെച്ചാണ് ഇവൻ കൂടികാഴ്ചക്ക് സൺഡെ തന്നെ തിരഞ്ഞെടുത്തത് “

തൻ്റെ പദ്ധതികൾ ഓരോന്നായി,മനസ്സു വായിച്ചതു പോലെ പറയുന്ന റൂബിയെ നോക്കി ശ്വാസമെടുക്കാൻ മറന്നു പോയിരുന്നു ടോണി ….

തനിക്കു ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ വിവേക്, റൂബിയെ നോക്കിയതും അവൾ പതിഞ്ഞ പുഞ്ചിരിയോടെ കണ്ണടച്ചു കാണിച്ചു അവനെ !

” ആതിരയുടെ വാക്കും കേട്ടു, വിവേകിൻ്റെ ജീവനെടുക്കാൻ കത്തിയും, കമ്പിപാരയുമായി ഇറങ്ങുമ്പോൾ ടോണി അറിഞ്ഞിരിക്കില്ല ഇവിടെ റൂബിയെന്ന ഒരു ഷെൽട്ടർ വിവേകിനു ചുറ്റുമുണ്ടെന്ന്…. “

റൂബി പറയുന്നതും കേട്ട് മരപ്പാവ പോലെ ഇരിക്കുന്ന ടോണിയെ നോക്കി അവൾ പതിയെ പരിഹാസത്തോടെ ചിരിച്ചു.

“നിനക്ക് കാൽകാശിൻ്റെ ബോധമില്ലല്ലോ ടോണീ? കിരൺ മരിച്ചപ്പോൾ, അവൻ്റെ സ്വത്ത് സ്വന്തമാക്കി ആതിര യോടൊത്ത് സുഖിച്ച് ജീവിക്കേണ്ടതിനു പകരം പ്രതികാരത്തിനിറങ്ങിയിരിക്കുന്നു മണ്ടൻ കൊണാപ്പൻ”

തനിക്കു നേരെ പരിഹാസവർഷങ്ങൾ ചൊരിയുന്ന റൂബിയെ നോക്കി പതിയെ പല്ലിറുമ്മി ടോണി.

“എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നു പറയുന്നു റൂബി… വിവേകിന് ഇനി അധികം ആയുസ്സില്ല… അത് ഈ ടോണിയാണ് പറയുന്നത് “

“നമ്മളുടെ ആയുസ് എത്രയുണ്ടെന്ന് നമ്മൾക്ക് തന്നെ അറിയില്ല…. ആ നമ്മളാണ് മറ്റുള്ളവരുടെ ആയുസ്സെടുക്കുമെന്ന് വെല്ലുവിളിക്കുന്നത്…. ഭയങ്കര ബോറല്ലേ ടോണീ അത്?” “

ചിരിച്ചു കൊണ്ട് പറഞ്ഞ് അവൾ ടീപ്പോയിലിരിക്കുന്ന ബാഗ് തുറന്നു.

“ഐവ….. റിവോൾവർ…. കത്തി….. “

ആശ്ചര്യത്തോടെ ബാഗിലേക്കു നോക്കി പറഞ്ഞിട്ട് അവൾ മുഖമുയർത്തി ടോണിയെ നോക്കി.

“വിവേകിനെ എങ്ങിനെ കൊല്ലാനായിരുന്നു പ്ലാൻ? പോയിൻ്റ് ബ്ലാങ്കിൽ വെച്ച് ഷൂട്ട് ചെയ്തോ, അതോ തൊണ്ടകുഴിയിലേക്ക് കത്തി കുത്തി കയറ്റിയോ?

റൂബിയുടെ ചോദ്യം കേട്ടതും, ഒരു വെപ്രാളത്തോടെ അവൻ വിവേകിനെ നോക്കി.

” റൂബി…. എത്രയും പെട്ടെന്ന് പോലീസിനെ വിളിക്ക്….. “

വിവേക്, ടോണിയെ നോക്കി പല്ലിറുമ്മി പറഞ്ഞപ്പോൾ റൂബി പതിയെ ചിരിച്ചു.

” പോലീസൊന്നും വേണ്ട വിവേക്…. മരണം വിതയ്ക്കാൻ വന്നവൻ, മരണം കൊയ്തിട്ടേ പോകാവൂ…. അത് പ്രകൃതി നിയമമാണ് ” ‘

റൂബിയുടെ വാക്ക് കേട്ടതും ടോണിയുടെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി.

സോഫയിൽ നിന്ന് എഴുന്നേറ്റ് റൂബി ടോണിയുടെ മുൻപിലായ് ചെന്നു നിന്നു.

” ഏറ്റവും വലിയ മണ്ടൻ ആരാണെന്ന് അറിയാമോ ടോണിയ്ക്ക്? ഞാൻ ബുദ്ധിമാനാണെന്നു ചിന്തിക്കുന്ന നിന്നെ പോലെയുള്ളവരാണ് ഏറ്റവും വലിയ മണ്ടൻമാർ … അവർ അറിയാതെ അബദ്ധത്തിലേക്കും, മരണത്തിലേക്കും എടുത്ത് ചാടിയിരിക്കും”

അഗ്നി സ്ഫുരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ കത്തിയെരിയുന്നതായി തോന്നി ടോണിയ്ക്ക്….

ഒരു പീറപ്പെണ്ണിനു മുന്നിൽ താൻ തളരുകയാണെന്ന ബോധ്യം വന്നതും, അതിനൊരുക്കമല്ലായെന്ന് തൻ്റെ മനസ്സിനെ തോന്നിപ്പിക്കാനെങ്കിലും എഴുന്നേറ്റ് ചെന്ന് അവളുടെ ചങ്കിന് കുത്തി പിടിക്കണമെന്നുണ്ട്…..

പക്ഷേ സോഫയിൽ നിന്നു എഴുന്നേൽക്കാൻ കഴിയാത്ത വിധം മനസ്സുപോലെ ശരീരവും തളരുന്നത് അവൻ ഒരു ഭീതിയോടെ തിരിച്ചറിയുകയായിരുന്നു.

“കിരൺ മരിക്കേണ്ടവനാണ് ടോണീ…. അവൻ മരണം ഇരന്നു വാങ്ങിയതാണ് “

റൂബിയുടെ ചുട്ടുപൊള്ളുന്ന വാക്ക് കേട്ടതും, ഒരേ ഞെട്ടലോടെ അവർ ഇരുവരും അവളെ നോക്കി.

“അവനെ കൊന്നത് വിവേക് അല്ല…. നീയാണ് അല്ലേ?”

തെല്ലു പതർച്ചയോടെയാണ് ടോണി അത് ചോദിച്ചതെങ്കിലും, ആ ശബ്ദത്തിൽ പകയുടെ മുരൾച്ചയുണ്ടായിരുന്നു.

“അതെ ഞാൻ തന്നെയാണ്…. അതിന് ഇപ്പോൾ നിനക്ക് എന്തു ചെയ്യാൻ കഴിയും എന്നെ…. ഇഫ് യു ക്യേൻ കാച്ച് മീ?”കേച്ചടാ….”

ഒരു കുട്ടിയെ പോലെ പരിഹാസം കൊണ്ട് റൂബി തന്നെ പൊതിയുകയാണെന്നറിഞ്ഞ, ടോണി, ഉള്ളിലെ ദേഷ്യം പുറത്ത് കാട്ടാതെ അവളെ തന്നെ നോക്കിയിരുന്നു.

“എന്തിന് നീ അവനെ കൊന്നു?…. എന്തു തെറ്റ് നിന്നോട് അവൻ ചെയ്തു? നിങ്ങൾ തമ്മിലുള്ള ബന്ധം?”

ചോദ്യങ്ങൾ തുരുതുരെയായി ടോണി യിൽ നിന്നുയർന്നപ്പോൾ റൂബി ഒരു ദീർഘനിശ്വാസത്തോടെ സോഫയിൽ, വിവേകിനെ ചാരി ഇരുന്നു……

എന്നിട്ടവൾ വിവേകിൻ്റെ കൈവിരലുകളിൽ, തൻ്റെ കൈവിരൽ കോർത്ത് പശ്ചാത്തപത്തോടെ അവനെ നോക്കി….

” ഞാൻ വിവേകിൽ നിന്നു ഒളിച്ചു വെച്ച ചില സത്യങ്ങൾ പറയുവാൻ പോകുകയാണ്….. ഒളിച്ചു വെച്ചത് എന്നെ സേഫ് ആക്കാനല്ലായിരുന്നു… പകരം വിവേക് വിഷമിക്കാതിരിക്കാൻ വേണ്ടി മാത്രം “

റൂബി പറഞ്ഞതും ഒരു പുഞ്ചിരിയോടെ തലയാട്ടി വിവേക് അവളെ ചേർത്തു പിടിച്ചു…

ഏതൊരു കൊടുങ്കാറ്റിലും അടിപതറില്ലായിരുന്നു അവൾ, വിവേകിൻ്റെ സ്നേഹത്തോടെയുള്ള ആ ചേർത്തുപിടിക്കലിൽ.

ടോണിയുടെ കണ്ണിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു അവൾ എന്തോ ഉറപ്പിച്ചതു പോലെ തലയാട്ടി.

” ഞാനും.കിരണും സ്നേഹത്തിലായിരുന്ന കാര്യം ടോണിയ്ക്ക് അറിയുമോ?”

റൂബിയുടെ പതിഞ്ഞ സ്വരം കേട്ട് വിവേകിൽ ഒരു ഞെട്ടൽ വന്നത് അവളറിഞ്ഞു.

വിവേകിൻ്റ കൈ മുറുകെ പിടിച്ച് ആ ശരീരത്തിലേക്ക് ചാരിയിരുന്നു റൂബി.

” അതേ വിവേക്…. ആറു മാസത്തെ ഗാഢമായ പ്രണയം…..”

വിശ്വസിക്കാനാവാത്തതുപോലെ വിവേക് അവളെ നോക്കി….

” ഒരു പാർട്ടിയിൽ വെച്ചാണ് ഞാൻ ആദ്യമായി കിരണിനെ കാണുന്നത്…. കണ്ട മാത്രയിൽ ഏതൊരു പെൺകുട്ടിയും മോഹിക്കുന്ന രൂപം…സുമുഖൻ….സുന്ദരൻ… നല്ലൊരു ഷെഫ്…. “

റൂബിയുടെ ശബ്ദം നനയുന്നുവെന്നു തോന്നിയ വിവേക് അവളെ ചേർത്ത് പിടിച്ചു.

” ആ സൗഹൃദം ഒരു പ്രണയമാക്കാൻ എനിക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല കാരണം ഒരു ഓർത്തോഡക്സ് ക്രിസ്ത്യൻ ഫാമിലിയിൽ ജനിച്ച എനിക്ക് പപ്പയെയും, മമ്മയെയും വേദനിപ്പിക്കാനാവില്ലായിരുന്നു.”

ടോണി അവിശ്വസനീയതോടെ റൂബി പറയുന്നതും കേട്ടിരുന്നു……

ഒരിക്കൽ പോലും കിരൺ ഇവളുമായി ഇങ്ങിനെയൊരു അഫയർ ഉണ്ടെന്ന് തുറന്നു പറഞ്ഞിരുന്നില്ല!

അവൾ പറയുന്ന സത്യങ്ങൾക്കായി ടോണി കാതോർത്തിരിക്കുമ്പോൾ തൻ്റെ കണ്ണുകൾ മങ്ങുന്നതു പോലെ അവനു തോന്നി.

തല കുടഞ്ഞു കൊണ്ട് ടോണി അവളിലേക്ക് തന്നെ ശ്രദ്ധയൂന്നി.

” അവനാണ് ഈ പ്രണയത്തിന് മുൻകൈയെടുത്തത്…. ജാതിയും, മതവും യഥാർത്ഥ പ്രണയത്തിന് പ്രശ്നമില്ലെന്നും, എൻ്റെ അനിയത്തി പ്രണയിച്ച് കെട്ടിയത് ഒരു ക്രിസ്ത്യ നെ ആണെന്നും പറഞ്ഞ്, ഞാൻ വിശ്വസിക്കാൻ വേണ്ടി അവൻ കാണിച്ച ഫോട്ടോയിൽ നീയും, ആതിരയുമായിരുന്നു “

“പിന്നെയെങ്ങിനെ നിങ്ങൾ പിരിഞ്ഞു?”

ടോണിയുടെ വാടിയ ശബ്ദത്തിലുള്ള ചോദ്യം കേട്ട് റൂബി ചിരിച്ചു.

“അതറിഞ്ഞിട്ട് മാസികയിൽ കൊടുക്കാനോ അതോ എന്നെ കൊല്ലാനോ? “

അവൾ ചോദിച്ചു കൊണ്ട് വിവേകിനെ നോക്കി ഒന്നു കണ്ണടച്ചു.

“രണ്ടായലും എനിക്കൊരു കുഴപ്പവുമില്ല…. എല്ലാം ഞാൻ ടോണിയോട് തുറന്നു പറയാം…. കാരണം ടോണി മഹാ അപകടകാരിയായ ക്രിമിനലാണെന്ന് കിരൺ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് “

റൂബി ചിരിയോടെ ടോണിയുടെ കണ്ണിലേക്ക് നോക്കി എന്തോ മന്ത്രിച്ച്
പതിയെ തലയാട്ടി.

” പെണ്ണിൻ്റെ പ്രണയത്തെ സ്വന്തം ഉയർച്ചയ്ക്കു വേണ്ടി കിരൺ ഉപയോഗിക്കുകയായിരുന്നുവെന്ന് മനസ്സിലായപ്പോഴാണ് ഞാൻ പതിയെ അകലാൻ തുടങ്ങിയത് ….

സ്വന്തം ബിസിനസ്സ് വിപുലീകരിക്കാനും, സമൂഹത്തിലെ ഉയർന്ന സ്ഥാനമാനങ്ങൾക്കും വേണ്ടി പ്രബലൻമാർക്കിട്ടു കൊടുക്കാൻ പറ്റിയ ഒരു ഇറച്ചി കഷ്ണമായാണ് അവൻ എന്നെ കണ്ടിരുന്നതെന്ന് മനസ്സിലായപ്പോൾ ഒഴിഞ്ഞു പോകാൻ നോക്കിയതാണ് ഞാൻ….”

അവൾ പറയുന്നത് നിർത്തി ജ്യൂസ് എടുത്തു കുടിക്കുമ്പോഴും കിതക്കുന്നുണ്ടായിരുന്നു.

” അകലാനുള്ള എൻ്റെ പ്ലാൻ മനസ്സിലായ അവൻ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി…. ഞാൻ എവിടെ പോയാലും കൊല്ലുമെന്നു പറഞ്ഞു…. ഏതോ ഒരു നാട്ടിലായിരുന്ന നിന്നെ വിളിച്ച് ക്വട്ടേഷൻ കൊടുക്കുമെന്നാ അവൻ പറഞത് …”

“എന്നിട്ട്?”

വിവേകിൻ്റെ ചോദ്യത്തിൽ വല്ലാതെ പേടി നിറഞ്ഞു നിന്നിരുന്നു.

” ആരും അറിയാതെ ഒരു കാര്യം ചെയ്താൽ എന്നെ വെറുതെ വിടാമെന്ന് പറഞ്ഞു….. ഞാനത് സമ്മതിക്കുകയും ചെയ്തു….. “

“എന്തു കാര്യം?”

വിവേക് ആകാംക്ഷയോടെ അവളോട് ചോദിച്ചു….

വിവേകിൻ്റെ ചോദ്യം കേട്ടതും, അവൻ്റെ കണ്ണുകളിലേക്ക് അവൾ നോക്കിയിരുന്നു.

പതിയെ പതിയെ ആ വിടർന്ന കണ്ണുകളിൽ നീർ നിറഞ്ഞു തുടങ്ങിയിരുന്നു.

” അവൻ പറഞ്ഞ കാര്യം വിവേകിനെ കൊല്ലുക എന്നതായിരുന്നു….ബിസിനസ്സിൽ. ഉന്നത കൂട്ടങ്ങളിൽ, ജോലിയിൽ എവിടെയും വിവേകായിരുന്നു കിരണിൻ്റെ എതിരാളി.. “

റൂബി പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ അവളിൽ നിന്നകന്നു വിവേക്…..

വിവേകിനെ കൈയെത്തി പിടിച്ച്‌ അവൻ്റെ കൈ തൻ്റെ വീർത്ത വയറിൽ ചേർത്തമർത്തികൊണ്ട് റൂബി, ടോണിയെ പാളി നോക്കി.

സോഫയിലേക്ക് ചാരി കിടന്ന്, തളർച്ചയേറിയ കണ്ണുകളോടെ തന്നെ നോക്കുന്നത് കണ്ട് റൂബി യിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

” ഉറങ്ങല്ലേ ടോണീ…. ബാക്കി കൂടി കേട്ടിട്ട് സുഖമായി ഉറങ്ങിക്കോ”

അത്രയും പറഞ്ഞ് അവൾ.അവനെ കുലുക്കിയപ്പോൾ വാടി തളർന്ന കൺപോളകൾ പണിപെട്ടു ഉയർത്തി ടോണി…..

” അന്ന് വിവേകിൻ്റെ ഫ്ലാറ്റിൽ വന്ന് ഞാൻ കോളിങ്ങ് ബെൽ അടിച്ചതും, വിവാഹം കഴിക്കുമോയെന്നു ചോദിച്ചതും, കിരൺ തന്നയച്ച വിഷം കൊണ്ട് പതിയെ പതിയെ, പ്രണയം നടിച്ച് വിവേകിനെ കൊലപ്പെടുത്താനായിരുന്നു “

പറഞ്ഞു കൊണ്ട് അവൾ വിവേകിൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

” പക്ഷെ …. എന്തോ എനിക്ക് ഈ മുഖത്ത് നോക്കിയപ്പോൾ…. ആ വാത്സല്യം, കെയർ, ചേർത്തു പിടിക്കൽ എല്ലാം അനുഭവിച്ചറിഞ്ഞപ്പോൾ, ഏതൊരു പെണ്ണും തോറ്റു പോകുന്നിടത്ത് ഞാനും തോറ്റു പോയി “

തൻ്റെ നെഞ്ചിൽ നനവു തട്ടിയപ്പോൾ, വിവേക് അവളുടെ മുഖമുയർത്തി നിറഞ്ഞ കണ്ണുകളിൽ ചുണ്ടമർത്തി.

വിവേകിനെ നോക്കി വാത്സല്യപൂർവം ഒന്നു പുഞ്ചിരിച്ച്, അവൾ വാടിയ ചേമ്പിൻ തണ്ട് പോലെ കിടക്കുന്ന ടോണിയുടെ മുഖം ബലമായി പിടിച്ചുയർത്തി ആ പാതിയടഞ്ഞ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു….

” ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ടോണീ…. കിരൺ, വിവേകിനെ കൊല്ലാൻ തന്നുവിട്ട പോയിസൻ, കിരണറിയാതെ അവൻ്റെ ഭക്ഷണത്തിൽ കലർത്തിയെന്ന ഒരൊറ്റ തെറ്റ്……. “

അതും പറഞ്ഞ് അവൾ പൊട്ടിചിരിച്ചു….

“വിവേകിൻ്റെ മരണത്തെ കുറിച്ച് ഓരോ ദിവസവും എന്നോടു തിരക്കുന്ന കിരൺ അറിയുന്നുണ്ടായിരുന്നില്ല ഓരോ നിമിഷവും മരണത്തിലേക്ക് നടന്നടുക്കുന്നത് അവനായിരുന്നുവെന്ന് “

വലിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് റൂബി,വിവേകിനെ കെട്ടി പുണർന്ന് അവൻ്റെ ചുണ്ടിൽ ഗാഢമായി ചുംബിക്കുമ്പോൾ, അവന് ജാള്യതയനുഭവപ്പെട്ടു….

നനഞ്ഞ ചുണ്ടുകൾ വേർപെടുത്തി, വിവേകിനെ പ്രണയപൂർവം ഒന്നുനോക്കി കുസൃതിയോടെ അവനെ സോഫയിലേക്ക് തള്ളിയിട്ട്, അവൻ്റെ മേലേക്ക് മുല്ലവള്ളി പോലെ പടർന്നു കയറാനൊരുങ്ങിയതും, വിവേക് സ്നേഹപൂർവ്വം അവളെ തടഞ്ഞു….

” റൂബീ…. മുന്നിൽ മറ്റൊരാളുണ്ടെന്ന് ചിന്തിക്കാതെ… ഭ്രാന്തു പിടിച്ചോ പൊട്ടിപെണ്ണേ ? “

ആ ചോദ്യം കേട്ടതും, ഒരു കുറുകലോടെ അവൻ്റെ ചെവിയിൽ ചുണ്ട് ചേർത്തു റൂബി….

” അയാൾ കണ്ണു തുറന്നു വെച്ചിരിക്കുന്നത് നോക്കണ്ട….ഹീ ഈസ് നോ മോർ “

റൂബിയുടെ പതിയെയുള്ള സംസാരം കേട്ടതും, ഒരു ഞെട്ടലോടെ അവളെ നെഞ്ചിൽ നിന്ന് പതിയെ മാറ്റി, വിവേക്, ടോമിയെ കുലുക്കിയപ്പോൾ അവൻ പതിയെ സോഫയിലേക്ക് ചെരിഞ്ഞു വീണു…..

കടവായിലൂടെ നൂൽപോലെ രക്തം കിനിഞ്ഞിറങ്ങുന്നത് അപ്പോഴായിരുന്നു വിവേക് കണ്ടത്…..

പരിഭ്രാന്തനായ വിവേക് തിരിഞ്ഞ് നോക്കിയതും, പുഞ്ചിരിയോടെ ലെയ്സ് കഴിക്കുന്ന റൂബിയെയാണ് കണ്ടത്……

” ഇങ്ങിനെയെന്തിനാണ് എന്നെ ദേഷ്യത്തോടെ നോക്കുന്നത്…. ഞാൻ ഒന്നും കഴിച്ചില്ലെങ്കിൽ വയറ്റീ കെടക്ക്ണ കുഞ്ഞാവയ്ക്ക് വിശക്കും”

റൂബിയുടെ സംസാരം കേട്ട്, തലയിൽ കൈവെച്ചു നിൽക്കുന്ന വിവേകിൻ്റെ നെഞ്ചിലേക്ക് അവൾ ചേർന്നു നിന്നു.

“കൊലപാതകം പാപമാണെന്ന് അറിയാം വിവേക് … പക്ഷേ നമ്മുടെ ജീവൻ എടുക്കാൻ വരുന്നവരെ നമ്മൾ എന്താണ് ചെയ്യാ…?ഉപദേശിച്ചു വിട്ടാലും അവർ ചതവേറ്റ പാമ്പിനെ പോലെ പകയോടെ തിരിച്ചു വരും…. അപ്പോൾ പിന്നെ അവരെ ഈ ഭൂമുഖത്ത് നിന്ന് പറഞ്ഞു വിടുന്നതല്ലേ നല്ലത്…. അവർ സ്വർഗ്ഗത്തിലും, നമ്മൾ ഭൂമിയിലും സ്വസ്ഥതയോടെ ജീവിക്കാൻ വേണ്ടിട്ടാ ഈ ഒരു കൊലപാതകം കൂടി ഞാൻ ചെയ്തത്….. “

” റൂബീ “

തലമാന്തി കൊണ്ട് വിവേക് ദേഷ്യത്തോടെ വിളിച്ചപ്പോൾ അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി….

“പിന്നെ ഇതല്ലാതെ വേറെന്ത് പരിഹാരമായിരുന്നു വിവേക് കണ്ടിരുന്നത്? ഞാനൊരു വിധവയായിക്കോട്ടെയെന്നോ? വയറ്റി കിടക്ക്ണ കുഞ്ഞിന് അച്ഛനില്ലാതായിക്കോട്ടെയെന്നോ?….. അങ്ങിനെയൊരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല വിവേക് …. അതു കൊണ്ടാണ് ഞാൻ അവക്കാഡോ ജ്യൂസിൽ പണികൊടുത്തത് “

റൂബിയുടെ സംസാരം കേട്ട് എന്തു പറയണമെന്നറിയാതെ നിൽക്കുന്ന വിവേകിനെ പരിഭവത്തോടെ നോക്കി അവൾ….

” ഇനിയും കലി അടങ്ങുന്നില്ലെങ്കിൽ പോലീസിൽ പോയി, എൻ്റെ ഭാര്യ ഒരാളെ കൊന്നെന്ന് പറഞ്ഞ് കംപ്ലയിൻ്റ് കൊടുക്ക്… അല്ല പിന്നെ “

അതും പറഞ്ഞ് കലിയോടെ തിരിഞ്ഞ അവൾ മരിച്ച് കിടക്കുന്ന ടോണിയെ നോക്കി ഒന്നു പുഞ്ചിരിച്ച് അവിടെ നിന്ന് നടക്കുമ്പോൾ ആ കൈ പിടിച്ച് വിവേക് …

‘”നിന്നോടുള്ള ദേഷ്യം കൊണ്ടല്ല റൂബികൊച്ചേ… ഇവനെ എവിടെ കുഴിച്ചിടുമെന്നുള്ള ടെൻഷനാ….. “

വിവേകിൻ്റെ പതർച്ചയോടെയുള്ള സംസാരം കേട്ടതും, ഒരു ചിരിയോടെ അവൻ്റെ വലിയ വയറിൽ പതിയെ അടിച്ചു അവൾ.

“ആ ശരീരത്തിലെ ചൂട് ഒന്നു മാറട്ടെ…. ബാക്കിയെന്തെന്ന് പിന്നെ തീരുമാനിക്കാം”

അതും പറഞ്ഞ്, സോഫയിലേക്ക് കയറിയിരുന്നു ലെയ്സ് പാക്കറ്റ് പൊട്ടിച്ച്, കറു മുറെ തിന്നുന്ന റൂബിയെ വിവേക് കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുമ്പോൾ, മനസ്സിൽ നിന്ന് ഭയാശങ്കകളെ പതിയെ മാറ്റി കൊണ്ട്, അവൻ്റെ ചുണ്ടിൽ പ്രണയത്തിൻ്റെ ഒരു പുഞ്ചിരി അറിയാതെ വിടരുന്നുണ്ടായിരുന്നു.

ശുഭം…