കാർത്തിക പറഞ്ഞത് കേട്ട് വല്യച്ഛൻ്റ അടുത്തേക്ക് ഓടാൻ തുനിഞ്ഞ ഇന്ദുവിനെ, ഭാമ പിടിച്ചു…

കഞ്ഞിപയർ

രചന: സന്തോഷ് അപ്പുക്കുട്ടൻ

“പലവട്ടം പറഞ്ഞിട്ടില്ലേ ഈ വീട്ടിൽ കഞ്ഞിപയർ പാകം ചെയ്യരുതെന്ന് “

പുറത്തു പെയ്യുന്ന മഴയ്ക്കൊപ്പം കൂടെ വന്ന ഇടിമുഴക്കം പോലെയുള്ള ശബ്ദവുമായി ദേവൻ അടുക്കളയിലെത്തിയതും, ഭാമ അബദ്ധം പറ്റിയതു പോലെ നെറ്റിയിൽ കൈവെച്ചു.

കഞ്ഞിപയറിനെ വരവേൽക്കാനായി, പ്ലേറ്റിൽ പുട്ടുമായി അടുപ്പിനരികെ ആകാംക്ഷയോടെ നിന്നിരുന്ന ഇന്ദു, അച്ഛൻ്റെ ശബ്ദം കേട്ടതും പേടിയോടെ പിന്നിലേക്ക് മാറി.

ദേഷ്യം കൊണ്ട് കിതച്ച ദേവൻ പാകമാകുന്ന കഞ്ഞിപയറിലേക്ക്, വെള്ളത്തിൻ്റെ ജഗ്ഗ് എടുത്ത് കമഴ്ത്തി.

“ഈ നശിച്ച കഞ്ഞി പയർ ഒഴിച്ച് ഇവിടെ എന്തു പാചകം ചെയ്താലും എനിക്ക് കുഴപ്പമില്ലാന്ന് നിനക്ക് അറിയാം. അതറിയുന്ന നീ വീണ്ടും .”

ദേവൻ പറഞ്ഞു തീർന്നതും കഞ്ഞിപയറിൻ്റെ കലം തലചക്രം പോലെ കറങ്ങി കറങ്ങി അടുക്കളവാതിലിനപ്പുറത്തെ മഴവെള്ള ചാലിലേക്ക് ചെന്നു വീണു.

ആ നിമിഷം,കാണികളുടെ കൈയടി പോലെ ആകാശത്ത് ഇടി കുടുങ്ങി കൊണ്ടിരുന്നു.

ഡിസ്ക്കസ്ത്രോയിൽ ഒന്നാം സ്ഥാനം കിട്ടിയ ജേതാവ് വിക്ടറി സ്റ്റാൻഡിലേക്ക് നടക്കുന്നതുപോലെ, കിച്ചനിൽ നിന്ന് നടന്നകലുന്ന ഭർത്താവിനെയും നോക്കി, ഇനിയെന്ത് എന്ന ഭാവത്തിൽ ഭാമ സ്ളാബിൽ കയറിയിരുന്നു.

അച്ഛൻ്റെ കോപത്തിൻ്റെ കാര്യമറിയാൻ ഇന്ദു, മഞ്ഞപ്പിത്തം മുഖത്തടിച്ചിരിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന അമ്മയുടെ അരികത്തേക്ക് നീങ്ങി.

“കഞ്ഞിപയറിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

ഇന്ദു സംശയം ചോദിച്ചതും, പുറത്ത് മഴയും കൊണ്ട് കിടക്കുന്ന കറികലത്തിലേക്ക് നോക്കി ഭാമ മുരണ്ടു.

“എന്തേ നാത്തൂനെ ഇവിടെ ഒരു ബഹളം ?”

കാർത്തിക ചോദ്യത്തോടെ മുറിയിലേക്ക് വന്നതും ഇന്ദു നടന്ന സംഭവം ആൻ്റിയോടു വിശദീകരിച്ചു.

കാര്യം കേട്ടപ്പോൾ കാർത്തിക ചിരിയോടെ ഭാമയുടെ കൈ പിടിച്ചു.

“വല്യേട്ടന് കഞ്ഞി പയറിൻ്റെ മണമടിച്ചാൽ സങ്കടം വരുമെന്ന് നാത്തൂന് അറിയാവുന്നതല്ലേ?”

കാർത്തിക ചോദിച്ചപ്പോൾ ഭാമ നനഞ്ഞ കണ്ണുകളോടെ തലയാട്ടി.

” പൂമുഖത്ത് ഇരുന്നു ഞങ്ങൾ സംസാരിക്കുമ്പോഴും, വല്യേട്ടൻ സംസാരത്തിൽ ശ്രദ്ധിക്കാതെ ഇടയ്ക്കിടെ മൂക്ക് വികസിപ്പിച്ച് മണം പിടിക്കുന്നുണ്ടായിരുന്നു. ഒടുക്കം ആ കണ്ണ് നിറഞ്ഞപ്പോഴാണ് കുഞ്ഞേട്ടന് കാര്യമെന്താണെന്ന് കത്തിയത്. അത് മനസ്സിലായ ഞങ്ങൾ പരസ്പരം നോക്കുന്ന സമയത്താണ് വല്യേട്ടൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയത് “

കാർത്തിക, ഭാമയുടെമുഖം പിടിച്ചുയർത്തി പതിയെ ചിരിച്ചു.

“ഇനി ആ ഓർമയിൽ ഒരു ഫുൾബോട്ടിൽ വല്യേട്ടൻ ഇന്നു തീർക്കുമോ എന്നാണ് പേടി “

” ഫുൾബോട്ടിൽ തീർക്കുന്നതിലല്ല എനിക്കു പേടി. അതിനുള്ള കപ്പാസിറ്റി ചേട്ടനുണ്ട്. അതല്ല ഇവിടുത്തെ പ്രശ്നം കുടിച്ചു കഴിഞ്ഞാൽ കരച്ചിലോടെ ‘കല്യാണീ ” എന്നൊരു നീട്ടി വിളിയുണ്ട്. അഞ്ചു വീട് അപ്പുറത്തേക്ക് കേൾക്കാം ആ വിളി “

അടുക്കള വാതിൽക്കൽ എത്തി അതും പറഞ്ഞ് ദേഷ്യം തീരാതെ ദേവൻ ചവിട്ടി കുലുക്കി പോയി.

അച്ഛൻ പറയുന്നതെന്തെന്ന് മനസ്സിലാകാതെ ഇന്ദു അമ്മയെയും, ആൻ്റിയെയും നോക്കി.

“പോട്ടെ നാത്തൂനേ… കുടിച്ചു ഓവറായാൽ വല്യേട്ടൻ്റ ഇന്നത്തെ പെണ്ണുകാണൽ കുളമാകുമെന്ന് പേടിച്ചിട്ടാ കുഞ്ഞേട്ടൻ ഇത്രയ്ക്കും ദേഷ്യപ്പെട്ടത് “

കാർത്തിക പറഞ്ഞു തീർന്നപ്പോൾ ഭാമ സങ്കടത്തോടെ അവളെ നോക്കി.

“ഇന്ദുവിന് കഞ്ഞിപയർ വേണമെന്ന് ഒരു ആശ പറഞ്ഞപ്പോൾ, തെക്കേലെ ചെക്കനെ വിട്ടു വാങ്ങിയതാ! അതിപ്പം ഇങ്ങിനെ ആയി”

“പോട്ടെ നാത്തൂനേ… ഇവൾക്ക് കഞ്ഞി പയറിനു പകരം വല്ല മുരിങ്ങാതോരനും വെച്ചു കൊടുക്കാം “

ആൻ്റി, അമ്മയെ ആശ്വസിപ്പിക്കുന്നത് കണ്ട് ഇന്ദു അവർക്കരികിലേക്ക് വന്നു.

” ആൻറീ,ഞാൻ ചെറുപ്പത്തിൽ തൊട്ടേ കേൾക്കുന്നതാണ് ഈ കഞ്ഞിപയർ വിരോധം. എന്താണ് ഇതിൻ്റെ കാരണം?”

ഇന്ദുവിൻ്റെ ചോദ്യം കേട്ടതും കാർത്തിക ചിരിയോടെ ഭാമയെ നോക്കി.

“ഞങ്ങളിൽ നിന്നും ഈ കഥ കേൾക്കുന്നതിലും രസം നീ നിൻ്റെ വല്യച്ഛനിൽ നിന്നും കേൾക്കുന്നതാ”

കാർത്തിക പറഞ്ഞത് കേട്ട് വല്യച്ഛൻ്റ അടുത്തേക്ക് ഓടാൻ തുനിഞ്ഞ ഇന്ദുവിനെ, ഭാമ പിടിച്ചു.

” പെണ്ണ് കെട്ടില്ലാന്ന് ശപഥമെടുത്ത വല്യച്ഛൻ, നിൻ്റെ അച്ഛൻ്റെയും, ആൻറിയുടെയും നിർത്താതെയുള്ള നിർബന്ധം മൂലം, ഇന്ന് ഒരു പെണ്ണിനെ കാണാൻ പോകാണ്’…. മോളായിട്ട് ഇനി കഞ്ഞിപയറിൻ്റെ കാര്യം ചോദിച്ച് ആ പോക്ക് മുടക്കണ്ട “

അമ്മയുടെ വാക്ക് കേട്ടപ്പോൾ ഇന്ദു പുഞ്ചിരിയോടെ ആൻ്റിയെ നോക്കി.

“ഇതാണ് ലേ വല്യച്ഛൻ മുടി കറുപ്പിച്ച്,, മീശ വടിച്ച്, മസിലും പെരുപ്പിച്ച് രാവിലെ തന്നെ സൽമാൻഖാനെ പോലെ ഇരിക്കുന്നത് .അമ്പടാ കള്ളാ. ഇത് ചോദിച്ചിട്ടു തന്നെ കാര്യം “

ഭാമയുടെ വാക്കിനെ അവഗണിച്ചു കൊണ്ട് ഇന്ദു വല്യച്ചൻ്റെ റൂമിലേക്ക് വരുമ്പോൾ, കൈയിൽ മദ്യഗ്ലാസും പിടിച്ച് കുമാരൻ തുറന്നിട്ട ജാലകത്തിലൂടെ പുറത്തെ മഴയിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

ഒന്നുരണ്ടെണ്ണം വിട്ട് നല്ല മൂഡിലാണ് വല്യച്ഛനെന്നു കണ്ടപ്പോൾ ഇന്ദുവിന് ഉത്സാഹമായി.

“വല്യച്ഛാ…. കഞ്ഞിപയറും വല്യച്ഛനും തമ്മിൽ എന്താണ് കണക്ഷൻ ?”

ഇന്ദുവിൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ടതും, ആത്മാവിൽ ആരോ മുട്ടിയതുപോലെ തോന്നിയപ്പോൾ കുമാരൻ പൊടുന്നനെ തിരിഞ്ഞു.

ആകാംക്ഷയോടെ നിൽക്കുന്ന ഇന്ദുവിനെ നോക്കി കുറച്ചു നേരം കുമാരൻ അങ്ങിനെ തന്നെ നിന്നു.

പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം പതിയെ ചിരിച്ചു….

നഷ്ടബോധത്തിൻ്റെ ചിരി …….

” ആ ബന്ധം തുടങ്ങുന്നത് ഒരു പാട് വർഷങ്ങൾക്കു മുൻപാണ് മോളെ…….”

ഏതോ ഓർമയിലേക്കു മനസ്സ് കൊണ്ട് യാത്രയാകുന്ന വല്യച്ഛനെ അവൾ സാകൂതം നോക്കിയിരുന്നു.

“എൻ്റെ സ്ക്കൂൾ ജീവിതം വരെ പഴക്കമുണ്ട് ആ ബന്ധത്തിന് “

കുമാരൻ്റെ സംസാരം കേട്ട് അന്തം വിട്ടിരുന്ന ഇന്ദുവിനെ നോക്കി അയാൾ ഒന്നു ചിരിച്ചു.

“എൻ്റെ പ്രണയ ബന്ധത്തിൻ്റെ പ്രതീകമാണ് കഞ്ഞി പയർ “

വല്യച്ഛൻ്റെ സംസാരം കേട്ടതും, പൊട്ടിവന്ന ചിരി അടക്കി കൊണ്ട് അവൾ അയാളെ കൗതുകത്തോടെ നോക്കി.

“വല്യച്ഛന് പ്രണയമോ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല “

ഇന്ദുവിൻ്റെ സംസാരം കേട്ടതും അയാൾ ഒരു വരണ്ട ചിരിയോടെ പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

“മോൾ മാത്രമല്ല, ആരും വിശ്വസിക്കില്ല.. പക്ഷെ കുറച്ചു പേർക്ക് അറിയാം…. നിൻ്റെ അച്ഛന് അമ്മയ്ക്ക്… ആൻ്റിയ്ക്ക്… അങ്ങിനെ കുറച്ചു പേർക്ക് “

കുമാരൻ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ അയാളെ അത്ഭുതത്തോടെ നോക്കി നിന്നു.

വല്യച്ഛനൊരു നിരാശ കാമുകനാണെന്നത് ഇന്ദുവിന് പുതിയ ഒരു അറിവായിരുന്നു!

കൈയിൽ പിടിച്ചിരുന്ന മദ്യഗ്ലാസ് വായിലേക്ക് കമഴ്ത്തി അയാൾ ഒരു നിമിഷം എന്തോ ഓർത്തു നിന്നു.

” മൊയ്തീനെ കാത്തിരുന്ന കാഞ്ചനമാലയെ മാത്രമേ മക്കൾക്ക് അറിയൂ… കല്യാണിയെ കാത്തിരിക്കുന്ന കുമാരനെ മക്കൾക്ക് അറിയില്ല…. അങ്ങിനെ എത്രയെത്ര കുമാരൻമാർ ഇപ്പോഴും കാത്തിരിക്കുന്നുണ്ട് “

വല്യച്ഛൻ്റെ സങ്കടം നിറഞ്ഞ വാക്കുകൾ കേട്ട് വിഷമത്തോടെ ഇരുന്ന ഇന്ദുവിൻ്റെ മൊബൈലിൽ പൊടുന്നനെ മെസേജ് ട്യൂൺ ഉയർന്നതും, അവൾ മൊബൈലിലേക്കു നോക്കി മുഖം ചുളിച്ചു.

“ആരാ മോളേ അത്?”

“അത് പ്ലസ് ടു ക്ലാസിൽ ഒപ്പം പഠിക്കുന്ന ഒരു ചെക്കനാ…. കുറച്ചു മാസമായി പിന്നാലെ കൂടിയിട്ട് … എന്നോടു മുടിഞ്ഞ പ്രേമാ….”

അവൾ അതും പറഞ്ഞ് അനിഷ്ടത്തോടെ മൊബൈൽ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞു.

” അങ്ങിനെയാണെങ്കിൽ പെണ്ണുകാണൽ പിന്നെ…. എൻ്റെ മോളെ ശല്യപ്പെടുത്തുന്നവനോട് ചോദിച്ചിട്ടു തന്നെ കാര്യം “

വല്യച്ഛൻ ചൂടാകുന്നത് കണ്ട ഇന്ദു ചിരിയോടെ അയാളെ നോക്കി തലയാട്ടി.

“ആദ്യം വെല്യച്ഛൻ്റെ പെണ്ണുകാണൽ… അതിനു ശേഷം അവനോട് ചോദിക്കാം. അല്ലെങ്കിലും ഇനി അവൻ എന്നെ കാണുമെന്നുറപ്പില്ല. വെക്കേഷന് അച്ഛൻ്റെ ഒപ്പം ദുബായിലേക്ക് പോകല്ലേ ഞാനും അമ്മയും…. വന്നാൽ തന്നെ ഞാൻ വിമൻസ് കോളേജിലേ പോകുകയുള്ളൂ”

അവൾ പറഞ്ഞു തീർന്നപ്പോൾ അയാൾ സമാധാനത്തോടെ തലയാട്ടി.

” ലൗവ്സ്റ്റോറി പറയ് വെല്യച്ഛാ…. “

കുമാരൻ വീണ്ടും ഗ്ലാസ് നിറയ്ക്കാൻ തുടങ്ങിയതും അവൾ ആകാംക്ഷയോടെ ധൃതികൂട്ടി.

” അങ്ങിനെ കളർഫുൾ കഥയൊന്നുമല്ല മോളെ… ഒരു ബ്ലാക്ക് ആൻറ് വൈറ്റ് കഥ…. പുകയടിച്ച് കറുത്ത ചുമരുകളുള്ള കഞ്ഞി പുരയിൽ മൊട്ടിട്ട ഒരു മങ്ങിയ പ്രണയം”

പുറത്തു പെയ്യുന്ന മഴ പോലെ, മനസ്സിലേക്ക് ഓർമ്മകൾ പെയ്തിറങ്ങുന്നതിൻ്റെ നിർവൃതിയിൽ അയാളൊന്നു കണ്ണടച്ചിരുന്നു.

“സ്കൂളിലെ കഞ്ഞിപുരയിൽ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്… കഞ്ഞിയുണ്ടാക്കാനുള്ള വെള്ളം കോരുമ്പോഴും, കത്തിക്കാനുള്ള വിറക് വെട്ടി കീറുമ്പോഴും, നീറി കത്തുന്ന അടുപ്പിലേക്ക് വല്ലാത്തൊരു ശക്തിയോടെ ഊതി തീ പടർത്തുമ്പോഴും ഞാൻ വിചാരിച്ചിരുന്നത് അവൾ കഞ്ഞിയുണ്ടാക്കുന്ന ചേച്ചിയെ സഹായിക്കാൻ വന്നതാണെന്നാ…. “

വല്യച്ഛൻ പറയുന്നതും കേട്ട് ഇന്ദു ആകാംക്ഷയോടെ ഇരിക്കുമ്പോൾ മൊബൈലിൽ വീണ്ടും മെസേജ് ട്വൂൺ ഉയർന്നത് കേട്ട അവളുടെ ചുണ്ടിൽ ഒരു പുച്ഛ ചിരിയുതിർന്നു

” ചില പിരീയഡുകളിൽ കല്യാണി എൻ്റെ ക്ലാസിൽ വന്നിരിക്കുന്നത് കണ്ട ഞാൻ ഒരു ദിവസം എൻ്റെ സംശയം തീർക്കാനായി അവളോട് ചോദിച്ചപ്പോൾ ……..

” നമ്മൾ ഒരു ക്ലാസിലാണ് പഠിക്കുന്നത് കുമാരാ…. നീ ഈ സ്കൂളിലേക്ക് പുതിയതായി വന്നതല്ലേ?..’ അതു കൊണ്ടാണ് എന്നെ അറിയാത്തത് ….”

അവൾ പറഞ്ഞത് സത്യമായിരുന്നു…

മറ്റൊരു സ്കൂളിൽ നിന്ന് ടി.സി.യും വാങ്ങി വന്ന എനിക്ക് എല്ലാവരും അപരിചിതരായിരുന്നു…

ആരെയും വലിഞ്ഞു കയറി പരിചയപെടണമെന്ന ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നില്ല….

കുമാരൻ ഒന്നു നിർത്തി ഗ്ലാസിലേക്ക് മ ദ്യം ഒഴിക്കുമ്പോൾ ഇന്ദു ചിരിയോടെ പതിയെ തലയാട്ടി.

” പക്ഷെ കഞ്ഞിപുരയിലെ ചേച്ചിയുമായി ഞാൻ പെട്ടെന്ന് പരിചയപ്പെടുകയും, സഹായിയായി കൂടുകയും ചെയ്തു. കാരണം വയറുനിറയെ ഭക്ഷണം കഴിക്കാനും, വീട്ടിലേക്ക് കൊണ്ടുപോകാനും ആ ചേച്ചി കടാക്ഷിക്കണമല്ലോ?”

വെല്ല്യച്ഛൻ്റെ വാക്കും കേട്ട് അമ്പരപ്പോടെ ഇന്ദു ഇരുന്നു….

ഭൂതകാലത്തിലെ ഇല്ലായ്മ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“മോൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? അങ്ങിനെ ഒരു കാലമുണ്ടായിരുന്നു നിൻ്റെ വെല്യച്ഛനും, അച്ഛനും, ആൻറിക്കും”

കുമാരൻ്റെ കണ്ണിൽ നനവൂറുന്നത് കണ്ട ഇന്ദുവിൻ്റെ നെഞ്ചകം പൊള്ളി.

“നിൻ്റെ അപ്പൂപ്പനും, അമ്മൂമയും പെട്ടെന്ന് പോയപ്പോൾ, നിൻ്റെ അച്ഛനെയും, ആൻറിയെയും നോക്കേണ്ട കടമ ഈ വെല്യച്ഛൻ്റെതായി തീർന്നു.”

വാക്കുകൾ ഇടറി കുമാരൻ വീണ്ടും ഗ്ലാസിലേക്ക് മദ്യം പകർത്തിയപ്പോൾ, ഇന്ദു മദ്യകുപ്പി മാറ്റിവെച്ചു.

“സ്കൂളിലും പോകണം, താഴെ ഉള്ളവരെയും നോക്കണമെന്നായപ്പോൾ ഞാൻ എടുത്ത തീരുമാനമാണ് ഉച്ച കഞ്ഞിയെടുക്കുന്ന ചേച്ചിയെ സഹായിക്കൽ. അതാവുമ്പോൾ പഠിക്കുകയും ചെയ്യാം… ഒരു ദിവസം മൂന്നു പേർക്ക് കഴിക്കാനുള്ള ഭക്ഷണം പാത്രത്തിലാക്കി കൊണ്ടു വരുകയും ചെയ്യാം “

കുമാരൻ ഒരു നിമിഷം പറഞ്ഞു നിർത്തി പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി ഇരുന്നു.

ഭൂതകാലത്തിൻ്റെ ഇരമ്പൽ പോലെ മഴശബ്ദം കാതിൽ വന്നടിച്ചപ്പോൾ കുമാരൻ്റ കണ്ണു നിറഞ്ഞു തുടങ്ങി.

” അന്നു എന്നെ ഒരുപാട് സഹായിച്ചവളാണ് കല്യാണി. നമ്മളെ പോലെ തന്നെ ദാരിദ്ര്യത്തിൽ മുങ്ങി താഴുന്ന ഒരു വീട്ടിൽ നിന്ന് വന്നവൾ…..

കഞ്ഞിപുരയിൽ തിളയ്ക്കുന്ന കഞ്ഞി കണ്ട് മനം നിറയുന്ന രണ്ട് പേർ, ഒടുവിൽ ജീവിതത്തിലൊന്നാകാമെന്ന ദൃഢനിശ്ചയമെടുത്ത് പ്രണയത്തിലായി തീർന്നു….

വിശപ്പിൻ്റെ പ്രണയം…

ദാരിദ്ര്യത്തിൻ്റെ പ്രണയം…

ഒരിക്കല്യം മനസ്സിൽ നിന്ന് മാറ്റാനാകാൻ കഴിയില്ലെന്നു വിചാരിച്ചിരുന്ന നന്മയുടെ പ്രണയം……

“പിന്നെ എങ്ങിനെ നിങ്ങൾ വഴിപിരിഞ്ഞു?”

ഇന്ദുവിൻ്റെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്താനെന്നവണ്ണം കുറച്ചു നേരം കുമാരൻ നിശബ്ദതയിലാണ്ടതിനു ശേഷം പതിയെ തുടർന്നു.

” അവൾടെ അച്ഛൻ മരിച്ചപ്പോൾ സ്കൂളിൽ നിന്ന് ഞങ്ങൾ എല്ലാവരും പോയിരുന്നു. അതിനു ശേഷം സ്കൂളിലേക്ക് കുറച്ചു ദിവസം കാണാതായപ്പോൾ അച്ഛൻ മരിച്ചതിൻ്റെ വിഷമത്തിൽ വരാത്തതാകുമെന്ന് വിചാരിച്ചു. ഒരു മാസമായിട്ടും കാണാതായപ്പോൾ, ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ അറിയുന്നത് അവർ വീടും സ്ഥലവും വിറ്റ് ദൂരെ ഏതോ ദിക്കിലേക്ക് പോയെന്നാണ് “

കുമാരൻ എന്തോ ഓർത്തിട്ടെന്നവണ്ണം പതിയെ പുഞ്ചിരിച്ചു.

” ഞാൻ അത്രയ്ക്കധികം സ്നേഹിച്ചിരുന്നത് ആ മണ്ടിക്ക് അറിയില്ലായിരിക്കാം…. അതുകൊണ്ടാണല്ലോ യാത്രപോലും പറയാതെ പോയത്?”

മഴയുടെ താളം പതിയുന്നതു പോലെ കുമാരൻ്റെ ശബ്ദവും പതിഞ്ഞു വന്നു.

മരം പെയ്യുന്നത് പോലെ രണ്ടിറ്റ് കണ്ണുനീർ അയാളുടെ കവിളിലേക്ക് അടർന്നു വീണു.

“സുന്ദരിയായിരുന്നോ കല്യാണിയമ്മ ? “

നാൽപ്പത് കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വത്തിൻ്റെ മാറ്റ് കുറയാത്ത വല്യച്ഛൻ്റെ മനസ്സിളക്കിയ ആ സ്ത്രീയെ കുറിച്ചറിയാൻ ഇന്ദുവിന് ആകാംക്ഷയേറി. അതോടൊപ്പം സ്കൂൾ കാലത്തെ പ്രണയം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്നത് ഓർത്തിട്ടുള്ള കൗതുകവും.

” ഒരുപാട് സുന്ദരിയായിരുന്നു കല്യാണി “

കുമാരൻ പറഞ്ഞു തീർന്നതും കാർത്തികയുടെ ഭർത്താവ് സുരേഷ് മുറിയിലേക്ക് പാഞ്ഞെത്തി.

“അളിയാ കാറ് വന്നിട്ടുണ്ട്. വേഗം ഇറങ്ങ് “

സുരേഷ് ധൃതി കൂട്ടിയപ്പോൾ കുമാരൻ അവരോടൊക്കെ ചമ്മലോടെ യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോഴെക്കും, ഇന്ദു ഡ്രസ് മാറ്റി വേഗം പുറത്തിറങ്ങി.

“നീ ഇത് എങ്ങോട്ടാ?അവര് കണ്ടിട്ടു വരട്ടെ”

ദേവൻ അവളെ പിടിച്ചപ്പോൾ കൈ കുതറി കൊണ്ട് അവൾ വല്യച്ഛൻ്റ അരികിലേക്ക് ഓടി.

“വല്യച്ഛൻ പെണ്ണുകാണാൻ പോകുന്നതല്ലേ? ഒരു ധൈര്യത്തിന് ഞാനുണ്ടാകുന്നത് നല്ലതാ”

പറഞ്ഞു തീർന്നതും അവൾ പിൻസീറ്റിൽ കയറി കുമാരനരികിൽ ഇരുന്നു.

കാർ മുന്നോട്ടെടുത്തതും, ഈ വിവാഹം എങ്ങിനെയെങ്കിലും നടക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് അവർ കാർ കണ്ണിൽ നിന്നും മറയുന്നതു വരെ നോക്കി നിന്നു.

“അളിയാ … പെൺകുട്ടിക്ക് അളിയനെക്കാൾ ഇത്തിരി പ്രായം കുറവാണ്. പിന്നെ അളിയനെ കണ്ടാലും അധികം പ്രായം തോന്നില്ലല്ലോ?”

സുരേഷ് പറയുന്നത് എന്താണെന്ന് മനസ്സിലാവാതെ കുമാരൻ അയാളെ നോക്കി.

“അവിടെ ചെന്ന് പെൺകുട്ടിക്ക് പ്രായം കുറവാണെന്നു പറഞ്ഞ് ഇറങ്ങി ഓടരുത്…. അളിയനേം കൊണ്ട് ഒരുപാട് സുന്ദരികളെ കാണാൻ പോയതിൻ്റെ അനുഭവം ഉള്ളതുകൊണ്ട് പറയുന്നതാണ് “

സുരേഷ് പറഞ്ഞപ്പോൾ കുമാരൻ്റെ മുഖത്ത് ഒരു ചമ്മിയ ചിരി വിരിഞ്ഞു.

“പിന്നെ ഈ കല്യാണം മുടങ്ങിയാൽ അവർക്കും വിഷമം ആകും … ഇതിനു താഴെ രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്… അച്ഛനില്ലാത്ത കുട്ടികളാ… അമ്മയാണെങ്കിൽ കിടപ്പിലും “

കുമാരൻ പതിയെ തലയാട്ടി പുറത്തെ മഴയിലേക്ക് നോക്കിയിരുന്നു.

“പിന്നെ ഇപ്പോൾ അളിയൻ നല്ല ഫോമിലാണ് എന്നറിയാം. അതു കൊണ്ട് കഞ്ഞിപയറിൻ്റെ മണം എവിടെ നിന്നെങ്ങാനും അടിച്ചാൽ കല്യാണീ യെന്ന് കരഞ്ഞു വിളിക്കരുത് “

ഇന്ദു ചിരിയോടെ സുരേഷിനെ നോക്കി.

” തമാശ പറഞ്ഞതല്ല മോളെ… പോണ വഴിയ്ക്ക് ഹൈവേ കയറിയിറങ്ങിയാൽ ഒന്നു രണ്ട് അംഗൻവാടികളും, സ്കൂളും ഉണ്ട്. അതോർത്തിട്ട് നെഞ്ചിൽ തീയാണ്”

“അതു സാരല്യ സുരേഷേ… അങ്ങോട്ടേയ്ക്ക് ഒരു ഷോർട്ട്കട്ട് ഉണ്ട്.. അതിലേ പോകാം നമ്മൾക്ക് “

പരിചിതനായ ഡ്രൈവർ പറഞ്ഞപ്പോൾ സുരേഷ് ആശ്വസിച്ചു.

” അതാ നല്ലത് …. തുളുമ്പാൻ വിധത്തിൽ അളിയൻ അടിച്ചിട്ടുണ്ട്… ഇനി അതിൻ്റേം കൂടി മണമടിച്ചാൽ വെളിച്ചപാടിനെ പോലെ ഉറഞ്ഞു തുള്ളും..ദാ ഇതങ്ങട് അളിയൻ വായിലേക്ക് കമഴ്ത്തിയേ

സുരേഷ് പാരച്യൂട്ടിൻ്റെ വെളിച്ചെണ്ണ നീട്ടിയപ്പോൾ കുമാരൻ ചിരിയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി.

” ദേ അളിയാ തമാശ കളിക്കല്ലേ… ബാറിൻ്റെ അടുത്തുകൂടി പോകുന്ന ഒരു സ്മെൽ ആണിപ്പോൾ… പെണ്ണും വീട്ടുകാർ ഇറങ്ങിയോടും ചിലപ്പോൾ….”

സുരേഷിൻ്റെ നിർബന്ധത്തിനു വഴങ്ങി ഒരു ചെറിയകുപ്പി വെളിച്ചെണ്ണ കുമാരൻ വിഴുങ്ങി.

“അളിയൻ അവിടെ ചെന്ന് വായ്തുറക്കണ്ട. എല്ലാം ഞാൻ പറഞ്ഞോളാം”

സുരേഷ് പറഞ്ഞതും കേട്ട് മറുപടി ഒന്നും പറയാതെ കുമാരൻ പുറത്തേക്ക് നോക്കി ഇരുന്നു…..

കോൺക്രീറ്റ് വനങ്ങളെയും, വിളഞ്ഞ നെൽപാടങ്ങളെയും, പിന്നിലാക്കി കൊണ്ട് കാർ റബർ തോട്ടത്തിനിടയിലുള്ള ചരലിട്ട റോഡിലേക്ക് കയറിയപ്പോഴെക്കും സമയം ഒരു മണികൂർ പിന്നിട്ടിരുന്നു.

റബർ തോട്ടത്തിലൂടെ കുറച്ചു നേരം ഓടി ഒരു കോളനിക്കു മുന്നിലായ് കാർ നിന്നു…..

അവരെ കാത്തു നിന്ന ഒരു പയ്യൻ്റെ ഒപ്പം, അവർ പെണ്ണും വീട്ടിലേക്ക് നടക്കുമ്പോൾ, കുമാരന് കാറ്റു പിടിച്ചു തുടങ്ങിയിരുന്നു’

അളിയൻ കൈയിൽ നിന്ന് ഊർന്നു പോകാതിരിക്കാൻ സുരേഷ് അയാളെ ബലമായി പിടിച്ചു.

ഓടിട്ട ചെറിയ വീട്ടിലേക്ക് കടന്നപ്പോൾ, തൈലത്തിൻ്റെയും, കുഴമ്പിൻ്റെയും രൂക്ഷഗന്ധമാണ് അവരെ വരവേറ്റത്.

” പെണ്ണിൻ്റെ അമ്മയാണ് മുറിയിൽ. അവരെ ഇപ്പോൾ കൊണ്ടുവരാം “

കൂടെയുള്ള ചെക്കൻ അതും പറഞ്ഞ് മുറിയിലേക്ക് പോയതും, കുറച്ചു നിമിഷത്തിനു ശേഷം പെണ്ണിൻ്റെ അമ്മയെ തോളിലിട്ടു കൊണ്ടുവന്നു അടുത്തുള്ള കസേരയിൽ ഇരുത്തി.

സുരേഷ് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ, ആ സ്ത്രീ വീട്ടിലെ കഷ്ടപാടുകളെ പറ്റി പറഞ്ഞു ഒടുക്കം അരികത്തു നിൽക്കുന്ന പയ്യനെ നോക്കി.

” അടുത്ത വീട്ടിലെ പയ്യനാണ് … ഇവനുള്ളതാ ഞങ്ങളുടെ ആശ്വാസം”

ആ സ്ത്രീ അത്രയും പറഞ്ഞതിനു ശേഷം, ആരെയോ നോക്കിയിട്ടെന്നവണ്ണം പുറത്തേക്ക് മിഴിനട്ടു.

” കാര്യമെല്ലാം അറിയാമല്ലോ നിങ്ങൾക്ക് … മൂന്നു പെൺമക്കളാ എനിക്ക്…രണ്ടാള് ടെക്സ്റ്റെയിൽ സിലെ പണിക്ക് പോയിരിക്കുവാ … നിങ്ങൾ കാണാൻ വന്ന മൂത്തവൾ എൻ്റെ അനിയത്തിയുടെ ഒപ്പം തൊഴിലുറപ്പ് പണിക്ക് പോയിരിക്കാ… അനിയത്തിയാണ് ഈ വീട് നോക്കുന്നത്. അവർ ഇപ്പം വരും ട്ടോ “

“അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലേ?”

സുരേഷ് സംശയത്തോടെ ചോദിച്ചപ്പോൾ, അവർ ഇല്ലെന്ന് തലയിളക്കി.

” ആദ്യം അവൾക്ക് വിവാഹത്തിന് താൽപര്യമില്ലായിരുന്നു. പിന്നെ ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി അവൾ സമ്മതിച്ചപ്പോൾ, കാണാൻ വരുന്നവരൊക്കെ ചുമരിലടിച്ച റബർപന്ത് പോലെ പിന്നോട്ടു പോകുകയാണ് ചെയ്തത്.. കാണാൻ അത്ര മെനയില്ല അവളെ. ഞങ്ങൾ അഞ്ചു മക്കളിൽ ഏറ്റവും ഇളയവളാണ് അവൾ എനിക്കു താഴെയുള്ള മൂന്ന് അനിയൻമാരും പെണ്ണും കെട്ടി പല വഴിക്ക് പിരിഞ്ഞു..”

ഒന്നും ഉള്ളിൽ വെക്കാതെ പറയുന്ന ആ സ്ത്രീയെ കുമാരൻ നോക്കുമ്പോൾ ഇന്ദുവിൻ്റെ കണ്ണുകൾ ആ വീടിൻ്റെ ദയനീയ സ്ഥിതിയിലേക്കു നീണ്ടു.

നിമിഷങൾ ഇഴഞ്ഞു നീങ്ങവെ സുരേഷിനെയും, ഇന്ദുവിനെയും ഞെട്ടിച്ചു കൊണ്ട് അടുത്ത വീട്ടിൽ നിന്ന് കഞ്ഞിപയറിൻ്റെ ഗന്ധം ഉയർന്നതും, കുമാരൻ അസ്വസ്ഥതയോടെ പുറത്തേക്ക് ഇറങ്ങിയതും “എൻ്റെകല്യാണീ” എന്ന കുമാരൻ്റെ കരച്ചിൽ ഉയർന്നതും ഓരേ-നിമിഷമായിരുന്നു.

എല്ലാം കൈവിട്ടു പോയെന്ന ഭാവത്തിൽ നെഞ്ചിൽ കൈവെച്ച് സുരേഷ് ഇന്ദുവിനെ നോക്കി പുറത്തേക്കിറങ്ങിയതും മുന്നിൽ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു.

തലയിൽ വട്ടതോർത്ത് ചുറ്റിയ കറുത്ത് തടിച്ച ഒരു പെണ്ണിനെ ധൃതരാഷ്ട്രാലിംഗനം ചെയ്തു നിൽക്കുകയാണ് കുമാരൻ….

ആ പെണ്ണിൻ്റെ കൈകൾ കുമാരനെ പൊതിഞ്ഞു തുടങ്ങിയപ്പോൾ, സുരേഷി നോടൊപ്പം, പുറത്തേക്ക് വന്ന ഇന്ദുവും അമ്പരന്നു.

വർഷങ്ങളിലെ വിരഹ വേദനയാണ് സന്തോഷ കണ്ണീരാൽ അവർ പങ്കിടുന്നതെന്നറിയാതെ, സുരേഷ് പതിയെ ചുമച്ചതും, ആലിംഗനത്തിൽ നിന്ന് വിടുതലായി കുമാരൻ സുരേഷിനെ നോക്കി ഒന്നു ചിരിച്ചു.

കുമാരൻ്റെ ചുണ്ടിൽ ഇന്നോളം വരെ, ഇത്ര ഭംഗിയിൽ ഒരു ചിരി വിടർന്നിട്ടുണ്ടായിരുന്നില്ല.

“ഇതാണ് എൻ്റെ കല്യാണി… ഇവൾക്കു വേണ്ടിയാണ് ഞാൻ ഇത്രനാളും അലഞ്ഞത്…”

സുരേഷിനെ നോക്കി അഹ്ളാദത്തോടെ പറഞ്ഞതും, കുമാരൻ വേഗം വീട്ടിലേക്ക് ഓടികയറി ആ സ്ത്രീയുടെ അരികിലേക്ക് ചെന്നു.

“മോളെ കാണാൻ വന്നിട്ട് അനിയത്തിയെ കൊണ്ടു പോകുന്നതിൽ ശപിക്കരുത്… ഇവൾക്കു വേണ്ടിയാണ് ഞാൻ ഇത്രയും കാലം കെട്ടാതെ നടന്നിരുന്നത്.പിന്നെ ഇവളെ കെട്ടിയാലും നിങ്ങൾടെ അനിയനായി ഞാൻ ഈ വീട്ടിലുണ്ടാവും… നിങ്ങൾ ടെ കാര്യം നോക്കിയിട്ട് “

ആ സ്ത്രീ സന്തോഷത്തോടെ തലയാട്ടിയതും,കുമാരൻ സുരേഷിനെ നോക്കി.

“കല്യാണിയെ ഇപ്പോൾ തന്നെ കൊണ്ടു പോകാം:.. താലി കെട്ടൊക്കെ സമയം നോക്കിയിട്ട് നമ്മുടെ ക്ഷേത്രത്തിൽ വെച്ചാകാം”

കുമാരൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ സുരേഷ് പതിയെ തലയാട്ടി.

എല്ലാവരോടും അനുവാദം ചോദിച്ചിട്ട്, കല്യാണിയെയും കൈപിടിച്ച് കാറിലേക്ക് കയറുമ്പോൾ, ലോകം വെട്ടി പിടിച്ച ഒരു ജേതാവിൻ്റെ ഭാവമായിരുന്നു അയാൾക്ക്!

ഓടികൊണ്ടിരുന്ന കാറിൽ ഇരുന്നു കൊണ്ട് ഇന്ദു കല്യാണിയെ ഇടംകണ്ണിട്ടു നോക്കി ….

കാണാൻ ഒരു ഭംഗിയുമില്ലാത്ത കറുത്ത് തടിച്ച സ്ത്രീ….

കാണാൻ വന്നവരൊക്കെ ചുമരിലടിച്ച റബർപന്ത് പോലെ പിന്നോട്ടു പോയത് ഈ സ്ത്രീയെ കണ്ടിട്ടാണ് .. “

അങ്ങിനെയുള്ള പെണ്ണിനെയാണ് വല്യച്ഛൻ നല്ല സുന്ദരിയെന്ന് വിശേഷിപ്പിച്ചത്…..

അതേ സ്ത്രീ മനസ്സിലുള്ളതുകൊണ്ടാണ് ഒരു സുന്ദരികളോടും വെല്യച്ചന് ഇഷ്ടം തോന്നാതിരുന്നത്!

ഇതല്ലേ പ്രണയം!

ഇതല്ലേ,ഈ നാട്ടിലെ മനുഷ്യമനസ്സുകളിൽ നിന്നും പതിയെ പതിയെ അന്യമായി കൊണ്ടിരിക്കുന്ന ശുദ്ധമായ പ്രണയം!

സ്നേഹമാണ് സൗന്ദര്യത്തിന് നിദാനമെന്നറിഞ്ഞ നിമിഷം എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ മൊബൈൽ എടുത്ത്, അവസാനം വന്ന രാഹുലിൻ്റെ മെസേജ് ഓപ്പൺ ചെയ്തു.

“ഇനി നിന്നെ ഞാൻ മെസേജ് അയച്ച് ബുദ്ധിമുട്ടിക്കില്ല ഇന്ദൂ… പക്ഷെ ഒരു കാര്യം നീ മനസ്സിലാക്കണം.. ഒരാളുടെ സൗന്ദര്യം കാണേണ്ടത് അയാളുടെ ശരീരത്തിലൂടെയല്ല… അവൻ്റെ മനസ്സിലൂടെയാണ്.പിന്നെ ഒരാളുടെ യോഗ്യത നിർണയിക്കേണ്ടത് അവൻ്റെ സാമ്പത്തികം വെച്ചല്ല പകരം അവൻ്റെ നന്മകൾ വെച്ചാണ്..ഭാവിയിൽ നീ ആരെ സെലക്ട് ചെയ്യുമ്പോഴും ഈ ഓർമ്മ നിൻ്റെ മനസ്സിൽ വേണം. ബൈ “

തൻ്റെ മനസ്സ് അറിഞ്ഞതുപോലെയുള്ള രാഹുലിൻ്റെ മെസേജ് വായിച്ചു തീർന്നതും അവൾ ഇടംകണ്ണിട്ട്, നോക്കിയപ്പോൾ വെല്യച്ഛൻ്റ തോളിൽ ചാരി കിടക്കുന്ന കല്യാണി വെല്യമ്മയെ കണ്ട് ലജ്ജയോടെ പുഞ്ചിരിച്ചു

കുറച്ചു നിമിഷം കഴിഞ്ഞ് രാഹുലിൻ്റെ നമ്പർ എടുത്ത് കോളിങ്ങ്ബട്ടൻ അമർത്തി മൊബൈൽ ചെവിയോരം ചേർത്തു.

കുറച്ചുനേരം റിങ്ങ് ചെയ്ത ശേഷം അവിടെ നിന്ന് സന്തോഷം നിറഞ്ഞ “ഹലോ “വിളി കേട്ടപ്പോൾ കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അവൾ കോൾ കട്ട് ചെയ്തു മൊബൈൽ സൈലൻ്റിലാക്കി.

ഡിസ്പ്ലേയിൽ വരുന്ന രാഹുലിൻ്റെ കോളുകളുടെ എണ്ണമെടുത്ത് അവൾ പതിയെ
പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത്, എവിടെ നിന്നോ വന്ന കാറ്റിനോട് പ്രണയപൂർവ്വം സല്ലപിക്കുന്ന സ്വർണ നിറമാർന്ന നെൽചെടികളെ ആയിരുന്നു!!!.

ശുഭം.