പിള്ളേരെല്ലാം ഫേസ്ബുക്കിലാണ് എന്നറിഞ്ഞതോടെ ഫോൺ ഉപയോഗം തീരെയില്ലാതിരുന്ന രാഘവൻ മാഷും ഒരു ഫേസ്ബുക്ക് തുടങ്ങി…

(ഇതെന്റെ 16-മത്തെ കഥ .ശടേന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ചു തീർക്കാം …ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന നിങ്ങളിത് വായിക്കണം 😉)

ഹണിട്രാപ്പ്

രചന: RJ SAJIN

പിള്ളേരെല്ലാം ഫേസ്ബുക്കിലാണ് എന്നറിഞ്ഞതോടെ ഫോൺ ഉപയോഗം തീരെയില്ലാതിരുന്ന രാഘവൻ മാഷും ഒരു ഫേസ്ബുക്ക് തുടങ്ങി.

റിട്ടയേർഡായി വീട്ടിലിരുന്നപ്പോൾ എല്ലാത്തിനും നല്ല സമയമുണ്ട് .

മക്കൾ രണ്ടാളും അവരുടെ കുടുംബവും പുറത്തായതുകൊണ്ട് തന്നെ വീഡിയോകോൾ ചെയ്യാനൊക്കെ ഈ സ്മാർട്ട് ഫോൺ തന്നെ വേണം .

തന്റെ സഹധർമ്മിണി ഫേസ്ബുക്കിലെ പേരക്കുട്ടികളുടെയൊക്കെ ഫോട്ടോസ് കണ്ടുകൊണ്ടിരുന്നപ്പോഴാണ് മെസ്സഞ്ചറിൽ ഒരു വീഡിയോ കാൾ വന്ന്പെട്ടത് .

ആഹാ ..ആരായിപ്പോ ഇങ്ങോട്ട് വിളിക്കാൻ ..

മാഷ് പഠിപ്പിച്ച ഏതേലും വിദ്യാർത്ഥിനിയായിരിക്കും എന്ന സന്തോഷത്തോടെ ഫോണെടുത്ത് രാഘവൻമാഷിന്റെ കയ്യിൽ കൊടുത്തു .

വിശ്രമജീവിതത്തിലെ ഏതൊരു അധ്യാപകനും സന്തോഷം നൽകുന്ന ഒന്നാണല്ലോ താൻ പഠിപ്പിച്ച കുട്ടിയെ വീണ്ടും കാണുന്നതും സംസാരിക്കുന്നതും .

രാഘവൻമാഷ് തന്റെ കണ്ണട എടുത്തുവെച്ച ശേഷം സന്തോഷത്തോടെ ഫോണിലോട്ട് നോക്കി .

ഇരുവരെയും ഞെട്ടിച്ചുകൊണ്ട് മുഖം മാത്രം തുണികൊണ്ട് മറച്ച ന ഗ്നയായി നിൽക്കുന്ന പെൺകുട്ടിയുടെ ദൃശ്യമായിരുന്നു ഫോണിൽ തെളിഞ്ഞത് .

ഇതെന്താ സംഭവിച്ചേ എന്ന മട്ടിൽ മാഷ് തന്റെ ഭാര്യയുടെ മുഖത്തോട്ട് നോക്കി .

ഭാര്യയും ഞെട്ടലോടെ തന്നെ ഫോണിൽ നോക്കിയിരിക്കുന്നു .

ഭാര്യയുടെ എത്തിനോക്കിയുള്ള മുഖംകണ്ടിട്ടാവണം അപ്പുറത്ത് നിന്നു കോൾ കട്ടാക്കി .

ഇക്കാലത്താരെങ്കിലും ഇങ്ങനെ ചെയ്യോ ..

മെസ്സഞ്ചറിൽ ഇങ്ങനെ കോൾ വരുമോ എന്നതിൽ തുടങ്ങി ഫോണിൽ വയറസ് കയറിയോ എന്നത് വരെ ചർച്ച നീണ്ടു.

ആകെയൊരു കിളിപ്പോയ അവസ്ഥയായിരുന്നു രണ്ടാൾക്കും അനുഭവപ്പെട്ടത്.

“ആരോടെങ്കിലും ഇത് പറയാൻ പറ്റുമോ ..നാണക്കേടല്ലേ…ചുമ്മാതല്ല കുട്ടികൾ വഴി തെറ്റുന്നത് “

ഇച്ചിരി ദേഷ്യത്തോടെ ഇത് പറഞ്ഞശേഷം ഭാര്യ അവിടെനിന്നും എഴുന്നേറ്റുപോയി

ചിന്തകൾ പോലും രണ്ടാളെയും മടിപ്പിച്ചിട്ടുണ്ടായിരുന്നു .

അപ്പോഴേക്കും ഫോണിൽ മറ്റൊരു മെസ്സേജ് വന്നു .

കോൾ വന്ന അക്കൗണ്ടിൽ നിന്നാണ്.

മാഷ് പേര് സൂക്ഷിച്ചുനോക്കി .

ദിവ്യ മാത്യൂസ് .

ജിജ്ഞാസയോടെ മാഷ് മെസ്സേജ് തുറന്നു.

നാലഞ്ചു സ്ക്രീൻഷോട്ടുകളായിരുന്നു .

ന ഗ്നയായ ആ പെൺകുട്ടിയും അത് നോക്കിയിരിക്കുന്ന മാഷിന്റെ ഫോട്ടോയും.

മാഷൊന്ന് അമ്പരന്നു.

ഈ കോൾ അറിയാതെ എടുത്തതല്ലേ ….ഇതിപ്പോ എന്താ സംഭവിക്കുന്നത് ..

മാഷിന്റെ ചിന്തകളെ തട്ടിയുണർത്തിക്കൊണ്ട് അടുത്ത മെസ്സേജ് വന്നു.

‘അമ്പതിനായിരം രൂപ അയച്ചുതന്നില്ലെങ്കിൽ ഈ സ്ക്രീൻഷോട്ട് നിങ്ങളുടെ കുടുംബത്തിലുള്ളോർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും.നിങ്ങൾ നിർബന്ധിച്ചിട്ടാണ് ഞാൻ തുണി ഊരിയതെന്ന് പറയും

അവരൊക്കെ ഇത് കണ്ടാൽ നിങ്ങളിത്രേം നാൾ ഉണ്ടാക്കിയെടുത്ത ആ സൽപ്പേര് ഇല്ലാണ്ടാകും…’

ഇത്രയും കേട്ടപ്പോഴേക്കും മാഷിന്റെ കയ്യൊന്ന് വിറയ്ക്കാൻ തുടങ്ങി.

ആത്മാഭിമാനം പോകുന്ന കാര്യമാണ്.

സത്യാവസ്ഥ എനിക്കല്ലേ അറിയൂ.

മാഷ് ആകെ വിഷമത്തിലായി. അധ്വാനിച്ചുണ്ടാക്കിയ ക്യാഷ് ഒരാൾ പറ്റിച്ചു വാങ്ങാൻ നോക്കുന്നു .

മാഷിന് നെഞ്ചിലൊരു വേദനപോലെ അനുഭവപെട്ടു .

ചുമ്മാ ഒരാൾക്ക് അമ്പതിനായിരം കൊടുക്കാൻ പറ്റുവോ….

എന്തൊക്കെയാണേലും ഈ പ്രായത്തിൽ ഇങ്ങനെയൊരു കാഴ്ച്ച അത്യപൂർവ്വമാണ് .

മാഷ് രണ്ടുംകൽപ്പിച്ച് ഫോണെടുത്തു ടൈപ്പ് ചെയ്യാൻ തുടങ്ങി .

‘എന്തായാലും ഞാൻ ഇത്രേം ക്യാഷ് തരുന്നു,

ഭാര്യയുണ്ടായിരുന്നതുകൊണ്ട് നേരത്തെ നിന്നെ നേരെ ഒന്ന് കാണാൻ പോലും പറ്റിയില്ല . തുറന്ന് പറയട്ടെ …ഞാനൊരു ശരീര ആസ്വാദകനാണ് . ഒരിക്കൽ കൂടി അതുപോലെ നിന്നാൽ നീ ചോദിക്കുന്ന ക്യാഷ് ഞാൻ അയച്ചു തരാം.’

അതുവരെ കാണാത്തൊരു വികാരം മാഷിന്റെ മുഖത്തു അന്നേരം തെളിഞ്ഞിരുന്നു .

വീണ്ടും വിളിക്കാമെന്ന മറുപടി പെട്ടന്ന് തന്നെ വന്നു.

“ഇപ്പോൾ ഭാര്യ ഇവിടുണ്ട്. ഒരു 15 മിനിറ്റ് കഴിഞ്ഞോന്ന് വിളിക്കാമോ..അപ്പോഴേക്കും ഞാൻ അവളെ അപ്പുറത്തെ വീട്ടിൽ അയക്കാം.”

ചുറ്റും നോക്കിയശേഷം മാഷ് വെപ്രാളത്തിൽ ടൈപ്പ് ചെയ്തു .

അപ്പുറത്ത് നിന്ന് കിട്ടിയ സമ്മതത്തിന്റെ ഉറപ്പിൽ ആ ചാറ്റവസാനിച്ചു.

പിന്നീടുള്ള മിനുട്ടുകൾ പോകാൻ മണിക്കൂറുകൾ എടുത്ത അവസ്ഥയായിരുന്നു.

എല്ലാം റെഡിയാക്കി മാഷ് അടുത്ത വിളിക്കായി കാത്തിരുന്നു.കൗതുകം നിറഞ്ഞ കണ്ണുകളായിരുന്നു അന്നേരം മാഷിന് .

ആദ്യത്തെ അനുഭവമല്ലേ …

കൃത്യം കാൽ മണിക്കൂർ കഴിഞ്ഞതും ദിവ്യയുടെ കോൾ വന്നു.

ആകാംഷയോടെ മാഷ് കോൾ എടുത്തു .

കാശ് പോകുന്ന വിഷമമൊന്നും അപ്പോൾ മാഷിന്റെ മുഖത്തില്ലായിരുന്നു.

പതിവുപോലെ തന്നെ മുഖം തുണികൊണ്ട് മറച്ച ശേഷം ന ഗ്നയായി അവൾ ക്യാമെറയ്ക്ക് മുന്നിൽ വന്നുനിന്നു.

മോൾടെ പേരെന്താ…

മാഷ് അവളുടെ മുഖത്തു തന്നെ നോക്കി ചോദിച്ചു.

“ഇതൊന്നും പറയേണ്ട ആവശ്യമില്ല ,ഇതും ഞാൻ സ്ക്രീൻഷോട്ട് എടുക്കുവാണ്.”

ഈ സ്ക്രീന്ഷോട്ട് ഞാനും എടുക്കുവാണ് മോളെ …എനിക്കിനീം ആവശ്യംവരും …എന്ന് പറഞ്ഞ ശേഷം മാഷിന്റെ വക നാണത്തിൽ പൊതിഞ്ഞ ഒരു തകർപ്പൻ പുഞ്ചിരിയും വെച്ചങ് കാച്ചി .

“മോളുടെ അക്കൗണ്ട് നമ്പർ പറ …മാഷ് കാശ് അയക്കാം..പിന്നെ ഇടയ്ക്കിടെ എന്നെ വിളിക്കണം ..

പിന്നെ ഒരു കാര്യംകൂടി ..

കാശ് അയക്കാൻ ഇവരും കൂടെയുണ്ടാകും കേട്ടോ..”

അപ്പോഴേക്കും മാഷിന്റെ പിന്നിൽ നിന്ന മൂന്നു പേര് ഫോണിന്റെ മുന്നിലേക്ക് വന്നു.

ശടേന്ന് പറയും മുന്നേ ആ കോൾ കട്ടാവുകയും ചെയ്തു.

“നന്ദി മാഷേ…യഥാ സമയം താങ്കൾ ഫോണുമായി ഇവിടെ എത്തിയത് കൊണ്ട് അവരെ ട്രാക്ക് ചെയ്യാൻ എളുപ്പമായി. ഒട്ടനവധി കേസുകൾ ഈ ഹണി ട്രാപ്പുമായി നിലവിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഒരുപാട് പേര് കാശ് കൊടുത്ത് രഹസ്യമായി ഒഴിവാക്കി തീർക്കുന്നുമുണ്ട്.

മാഷെന്തായാലും വേഗം ഫോണുമായി ഇവിടെ വന്നത് നന്നായി.”

സൈബർസെല്ലിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഇതുപറയുമ്പോൾ മാഷിനോടുള്ള റെസ്‌പെക്ട് ആ മുഖത്തു പ്രകടമായിരുന്നു .

കൂടെയുള്ളവർക്ക് നന്ദിയും പറഞ്ഞു മാഷ് വേഗം വീട്ടിലേക്ക് തിരിച്ചു.

സോഷ്യൽമീഡിയയുടെ ഉപയോഗത്തെ പറ്റി കൂടുതൽ അറിയില്ലെങ്കിലും അതിൽ വന്നേക്കാവുന്ന ഹണി ട്രാപ്പ് പോലുള്ള അപകടാവസ്ഥകളെ പറ്റി മാഷ് നേരത്തെ മനസ്സിലാക്കിയിരുന്നു .

ഭാര്യയെപ്പോലും ഇതറിയിക്കാതെ മാഷ് അന്നും സുഖമായി കിടന്നുറങ്ങി .

വീഡിയോ കോളിൽ തന്റെ സഹധർമ്മിണി മകനുമായി സംസാരിക്കുന്ന ഒച്ചകേട്ടാണ് മാഷ് പിറ്റേദിവസം എഴുന്നേൽക്കുന്നത് ..

“അച്ഛനോട് സോഷ്യൽ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കാൻ പറയണം…അച്ഛന്
ഇതിനെ പറ്റിയൊന്നും അറിയാത്തതുകൊണ്ട് ഞങ്ങൾക്കാ ടെൻഷൻ. ഒട്ടനവധി അപകടങ്ങൾ അതിൽ പതുങ്ങിയിരിക്കുന്നുണ്ട് ..

ഇന്നത്തെ പത്രത്തിൽ തന്നെ നമ്മുടെ ജില്ലയിൽ നിന്നും ഏഴോളം പേരെ ഹണിട്രാപ്പോ അങ്ങനെന്തോ കേസിന് സൈബർസെൽ വഴി അറസ്റ്റ് ചെയ്തു …

ഫേസ്ബുക് ഉപയോഗിക്കാനറിയാത്തവരാ ഇവർക്ക് മുന്നിൽ പെട്ട് പോകുന്നത് ..”

മകന്റെ ഉപദേശം കലർന്ന വർത്തമാനം അവസാനമില്ലാതെ തുടർന്നുകൊണ്ടിരുന്നു .

“എന്റെ പൊന്നുമോനെ ..സോഷ്യൽ മീഡിയ മാത്രമേ പുതിയതായി വന്നിട്ടുള്ളൂ..പറ്റിപ്പ് അന്നുമുണ്ടായിരുന്നു ..ഇതൊക്കെ കണ്ടും അറിഞ്ഞും തന്നാ ഞാനിവിടെവരെ എത്തിയത് …….”

മനസ്സിൽ പിറുപിറുത്തുകൊണ്ട് പത്രവുമെടുത്തു മുഖത്തൊരു ചെറുപുഞ്ചിരിയും ഫിറ്റ് ചെയ്ത് മാഷ് ഉമ്മറത്തു ചെന്നിരിക്കുമ്പോഴും മാഷിന്റെ കണ്ണ് പരതിയത് വാർത്തയിലെ ഏഴു തലകളിൽ ആരുടെ ഉടലാ ഇന്നലെ ന ഗ്നതയോടെ കണ്ടത് എന്നായിരുന്നു .

ശുഭം

Based on true stories

nb : ദുരുപയോഗം ചെയ്യുന്ന പല ഫ്രാഡുകൾക്കു മുന്നിലും നട്ടെല്ല് വളയ്ക്കാതെ മുന്നോട്ട് പോകുക …ഈ ശരീരമൊക്കെ എല്ലാ മനുഷ്യർക്കും ഉള്ളത് തന്നെയാണ് .ഇതിലൊന്നും വല്യ കാര്യമില്ല …