നിനക്കിതൊന്നും ആദ്യം അറിയാൻ പാടില്ലായിരുന്നൊ, അവൾക്ക് ആകാൻ കണ്ട ഒരു നേരം, അതൊന്നും സാരമില്ല…

ക്ലൈമാക്സ്

രചന: സുരേഷ് മേനോൻ

” ഇത് ഒരു ആറ് ഏഴ് പവൻ കാണും “

മകൻ കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ മാലകളോരോന്നും അതിശയത്തോടെ നോക്കി കയ്യിലെടുത്ത് അമ്മ പറഞ്ഞു

“ഇത് നോക്കമ്മെ വളകള് … പുതിയ ഡിസൈനാ …എന്താ വെയിറ്റ് …..”

ചെക്കന്റെ മൂത്ത പെങ്ങൾ കണ്ണുകൾ വിടർത്തി അതിലേക്ക് കൊതിയോടെ നോക്കി പറഞ്ഞു

“അമ്മെ രണ്ട് വള എനിക്ക് വേണെ … “

” അവിടെ നിക്കെടി …ഞാനത് പതിയെ ശരിയാക്കി തരാം ” അമ്മ മകളെ ആശ്വസിപ്പിച്ചു

“എല്ലാം കൂടി പത്ത് മുന്നൂറ് പവൻ കാണും അല്ലെ അമ്മെ “

മരുമകളുടെ സ്വർണ്ണം അലമാരയിൽ വെച്ച് പൂട്ടി താക്കാൽ മുണ്ടിന്റെ കോന്തലയിൽ കെട്ടിവെച്ച് അമ്മയും മകളും അവരുടെ ബഡ് റൂമിന്റെ വാതിൽ അടച്ച് കിടന്നു ….

………..

ബെഡ് റൂമിന്റെ വാതിൽ തുറന്ന് അയാൾ അകത്ത് കയറിയപ്പോൾ പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു ….അവൾ അയാളെ അടിമുടി ആർത്തിയോടെ നോക്കിയപ്പോൾ അവൾക്ക് എന്തോ പോലെ…..സ്വന്തം ശരീരം കൂടുതൽ മറച്ചു പിടിക്കാനായാണ് അവൾക്ക് തോന്നിയത് …

ഒട്ടും പ്രതീക്ഷിക്കാതെയാണ് അയാൾ അവളെ ചേർത്തു പിടിച്ചതും ആ ചുണ്ടിൽ അമർത്തി ചുംബിച്ചതും …. വേദന സഹിക്കാതെ ആയപ്പോൾ അവൾ അയാളെ തള്ളി മാറ്റി ….. തന്റെ ചുണ്ടിൽ പൊടിഞ്ഞ ചോരതുള്ളികളെ കൈവിരലുകളാൽ തുടച്ചു മാറ്റിയ അവൾക്ക് അയാളോട് എന്തോ ഒരറപ്പു തോന്നി ..

” തള്ളി മാറ്റുന്നൊ ….നിന്നെ കെട്ടി കൊണ്ടുവന്ന വനാ ഞാൻ ….”

അയാൾ വീണ്ടും അവളെ കടന്ന് പിടിച്ച് ചുമലിൽ നിന്നും സാരി മാറ്റാൻ ശ്രമിച്ചു

“പ്ലീസ് …ഇന്ന് വേണ്ട …പ്ലീസ് ..ഞാനിപ്പൊ ആയി … ഒരു രണ്ടു മൂന്ന് ദിവസം കഴിയട്ടെ … നല്ല വയറ് വേദനയും …..”

“നിനക്കിതൊന്നും ആദ്യം അറിയാൻ പാടില്ലായിരുന്നൊ: അവൾക്ക് ആകാൻ കണ്ട ഒരു നേരം … അതൊന്നും സാരമില്ല “

ബലം പ്രയോഗിച്ച് അവളുടെ സാരിക്കുത്തിൽ അയാളുടെ കൈ വീണപ്പോൾ സകല ബലവും ഉപയോഗിച്ച് അവൾ തട്ടി മാറ്റി ….

“ഛീ അനുസരണക്കേട് കാണിക്കുന്നൊ …. “

ദേഷ്യം സഹിക്കാനാകാതെ അയാൾ വീണ്ടും ചീറി അടുത്തപ്പോൾ അവൾ സർവ്വ ശക്തിയുപയോഗിച്ച് അയാളുടെ നേരെ വിരൽ ചൂണ്ടി : അയാൾ ഒരു നിമിഷം പകച്ചു …

” തൊട്ടു പോകരുത് എന്നെ … കെട്ടിവലിച്ചു കൊണ്ട് വന്നത് മാന്തി പറിക്കാനല്ല…..അത് ആദ്യം മനസ്സിലാക്ക് ……”

ദേഷ്യം വന്ന് ചുകന്ന് തുടുത്ത അവളുടെ മുഖം കണ്ട അയാൾ പകച്ചു….രൂക്ഷമായി അയാളെ നോക്കി അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി …. ഗേറ്റ് തുറന്ന് വീടിന് പുറത്തിറങ്ങാൻ നേരം അവൾ എന്തോ ഓർത്തു. തിരിഞ്ഞു നടന്നു

അമ്മയും നാത്തൂനും കിടക്കുന്ന ബഡ് റൂമിന്റെ വാതിലിൽ അവൾ മുട്ടി

” അമ്മെ ഞാൻ കൊണ്ടുവന്ന സ്വർണ്ണമെല്ലാം എവിടെ ” പെട്ടെന്ന് മരുമകളെ കണ്ട അമ്മ ഒന്നും മനസ്സിലാകാതെ അമ്പരപ്പോടെ പറഞ്ഞു ….

“അതെല്ലാം അലമാരിയിൽ വച്ചു പൂട്ടിയിരിക്കയാ”

“അതിന്റെ താക്കോലിങ്ങ് താ ….”

“ന്തിനാ ….”

“നിങ്ങൾക്കും മോൾക്കും കുറെ പൊന്നും നിങ്ങളുടെ മകന് കടിച്ച് കീ റിതിന്നാൻ പാകത്തിൽ ഒരു പെണ്ണിനെയുമാണ് ആവിശ്യം …അതിന് പറ്റിയതല്ല ഞാൻ ……”

തന്റെ സ്വർണ്ണം വെച്ച ബാഗുമായി അവൾ ആ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി ….

…………………………………

“അതേയ് എന്റെയീ പുതിയ കുഞ്ഞി കഥ എങ്ങിനെയുണ്ട് ..ഞാൻ വായിച്ചു കേൾപ്പിക്കട്ടെ “

എസി യുടെ തണുപ്പിൽ കണ്ണടച്ചു കിടക്കുന്ന വേണുവിനെ തോണ്ടി മാലിനി ചോദിച്ചു

” നീ വായിച്ചൊ … ഞാൻ കേൾക്കാം “

മുഴുവൻ കേട്ട് കഴിഞ്ഞ വേണു പതിയെ പറഞ്ഞു

” പതിവ് പോലെ ഷ്ടായി …. അഭിനനന്ദനങ്ങൾ ” വേണു ഒന്ന് നിർത്തി കണ്ണടച്ചു കൊണ്ടു തന്നെ തുടർന്നു

” … ഇന്ന് ശനിയാഴ്ച … വീക്കെൻഡ് …. പ്പൊ എങ്ങനെയാ ….”

” ഒരു രക്ഷയുമില്ല കുട്ടാ …..ഞാനായി …..”

” ങ്ങേ ….ക്ലൈമാക്സ് മാറ്റാൻ പറ്റുമൊ …..”

” പറ്റൂലല്ലൊ….” ഒരു പുഞ്ചിരിയോടെ വേണുവിന്റെ ചെവിയിൽ മാലിനി മന്ത്രിച്ചു ….

“ഈ ക്ലൈമാക്സ്തന്നെ ഓർത്ത് അങ്ങട് ഉറങ്ങിക്കൊ ന്റെ കുട്ടൻ “

ഭാര്യയുടെ ക്ലൈമാക്സി നോട് പൂർണ്ണമായി യോജിച്ചു കൊണ്ട് വേണു പതിയെ ഉറക്കത്തിലേക്ക് നീങ്ങി ….

ഇനിയും എഴുതാത്ത …. പറയാത്ത …. കഥയുടെ ആ പുതിയ ക്ലൈമാക്സിന് ജീവൻ നൽകാൻ ബെഡ്റും ലാംപിന്റെ അരണ്ട വെളിച്ചത്തിൽ മാലിനി എഴുത്ത് തുടർന്നു

അവസാനിച്ചു