വിളിക്കാതെ വിരുന്നെത്തുന്നവർ
രചന: നീരജ
പതിവില്ലാതാരോ കതകിൽ മുട്ടുന്നു. സാധാരണ സന്ധ്യ കഴിഞ്ഞാൽ പിന്നൊരു മനുഷ്യജീവിയെ കാണാൻ അടുത്ത ദിവസം രാവിലെയാകണം. പുറം പണികൾക്കായി മൂന്ന് നാല് പേര് സ്ഥിരം ഉണ്ടാകും. തൊഴുത്തുനിറഞ്ഞു പശുക്കൾ.. കുറച്ച് കോഴികൾ.. താറാവുകൾ.. നാലഞ്ച് ആടുകൾ.. അങ്ങനെ തനിക്കു കൂട്ടായി വീടിനു ചുറ്റിനും ജീവനുകൾ ധാരാളം. പക്ഷെ മിണ്ടിപ്പറയാനും വയ്യാതെ വന്നാൽ താങ്ങാനും ആരുമില്ല.
കതകു തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെക്കണ്ടപ്പോൾ ഒന്നും മിണ്ടാതെ മാറി നിന്നു.
അയാൾ അകത്തു കയറിയിരുന്നു.
“വിശക്കുന്നു…. കഴിക്കാൻ.. എന്താണുള്ളത് “
അടുക്കളയിലേക്ക് നടന്നു.. ചോറും കറിയും എടുത്ത് മേശപ്പുറത്തു വച്ചു. അയാൾ വന്നു കൈകഴുകിയിരുന്നു കഴിച്ചു.
“ഇന്ന് ഞാൻ പോകുന്നില്ല.. “
ഒന്നും മിണ്ടാതെ അയാൾക്കായി കട്ടിലിൽ ബെഡ്ഷീറ്റ് വിരിച്ചു കൊടുത്തിട്ട് കുളിക്കാനായി കുളിമുറിയിലേക്ക് നടന്നു.. കുളിച്ചു ഭക്ഷണം കഴിച്ചു കിടക്കുന്നതിനു മുൻപ് അയാളെ പോയി നോക്കി.. കട്ടിലിന്റെ ഓരം ചേർന്നുകിടന്നയാൾ കൂർക്കം വലിക്കുന്നുണ്ടായിരുന്നു.
ഇങ്ങനെയും മനുഷ്യർ ഉണ്ടായിരിക്കുമോ..? ഒരിക്കൽ ഉപേക്ഷിച്ചു മറ്റൊരു ജീവിതം തേടിപ്പോയി.. ഇപ്പോൾ ആദ്യഭാര്യയുടെ കാശിന്റെ വീതം പറ്റാൻ വന്നിരിക്കുന്നു. വിയർപ്പിന്റെ അസുഖമുള്ള അയാൾക്ക് രണ്ടാം ഭാര്യയെയും മക്കളെയും നോക്കാൻ താൻ സമ്പാദിക്കുന്ന പണം വേണം. പൂ പോലെയുള്ള രണ്ടു പൊന്നോമനകൾ.. ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. ഒരിക്കൽ അയാളുടെ ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞു കണ്ട പിഞ്ചുമുഖങ്ങൾ… ഒപ്പം വ്യാകുലത നിഴലിക്കുന്ന മുഖത്തോടെ ഒരു സ്ത്രീരൂപവും.
തനിക്ക് ആകുന്നതുപോലെ പറ്റുന്ന കാലത്തോളം അതുങ്ങൾ സുഖമായി ജീവിക്കട്ടെ. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം ഊരിയിട്ടിരുന്ന അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി. ഈ തറവാട് അയാളുടെയാണ്. ഒരുകണക്കിന് അതുങ്ങൾക്കു അവകാശപ്പെട്ടതാണ് ഈ വീട്.. അയാളുടെ അനന്തരാവകാശികൾക്ക്. മകൻ ഉപേക്ഷിച്ചു പോയ മരുമകൾക്ക് എല്ലാം എഴുതി വയ്ക്കുമ്പോൾ ആയമ്മ ഇതെല്ലാം മനക്കണ്ണിൽ കണ്ടിട്ടുണ്ടാകാം.മരണം വരെ താനിവിടെ തന്നെ താമസിക്കും അതുകഴിയുമ്പോൾ അയാൾ ആർക്കാണെന്ന് വച്ചാൽ കൊടുത്തോട്ടെ.
രാവിലെ തൊഴുത്തിൽ ജോലിചെയ്യുന്നവർക്ക് നിർദേശങ്ങൾ കൊടുത്തുകൊണ്ട് നിൽക്കുമ്പോഴാണ് അയാൾ വന്നു ചുമച്ചു ശ്രദ്ധ ക്ഷണിച്ചത്.. ജോലിക്കാർ കേട്ട് പുതിയ കഥകൾ മെനയാൻ അവസരം കൊടുക്കേണ്ട കാര്യമില്ലല്ലോ എന്നോർത്ത് വീടിനു മുൻ വശത്തേക്കു നടന്നു.
“നിങ്ങൾക്ക് എന്താണ് വേണ്ടത്… “
“അവൾക്കു സുഖമില്ല… എന്നെക്കൊണ്ട് പറ്റുന്നില്ല എല്ലാക്കാര്യങ്ങളും നോക്കാൻ.. “
“ഞാനെന്തു വേണമെന്നാണ് നിങ്ങൾ പറയുന്നത്. “
“ഞാൻ അവളെയും കുഞ്ഞുങ്ങളെയും ഇങ്ങോട്ട് കൊണ്ട് വരട്ടെ.. “
അയാളുടെ ആവശ്യം കേട്ട് ഇനിയെന്ത് വേണമെന്നറിയാതെ നിന്നുപോയി. രണ്ടു കുഞ്ഞുമുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. ഒറ്റയായിപ്പോയ ഒരുവളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറുനാമ്പുകൾ മുളച്ചു കഴിഞ്ഞിരുന്നു.
അയാൾ മറുപടി പ്രതീക്ഷിക്കുന്നില്ലെന്ന് തോന്നി.. പിന്തിരിഞ്ഞു നടന്നു.
“ഒന്നു നിന്നേ..”
“അവർ ഇവിടെ താമസിക്കുന്നതിൽ എനിക്ക് വിരോധമില്ല.. പക്ഷെ നിങ്ങൾ..നിങ്ങളെ ഇവിടെ ഞാൻ താമസിപ്പിക്കില്ല… സമ്മതമാണെങ്കിൽ.. അവരെ ഇവിടെ കൊണ്ടുവന്നു വിടാം “
ഒരാഴ്ച കഴിഞ്ഞൊരു പകൽ ഒരു കാർ വന്നു പടിക്കൽ നിന്നു. മെലിഞ്ഞുണങ്ങി.. നടക്കാൻ പോലും ആരോഗ്യമില്ലാതെ ആടിയാടി ഒരു രൂപം കാറിൽ നിന്നും ഇറങ്ങി അടുത്തേക്ക് വന്നു… അവരുടെ കണ്ണിൽ നിന്നും ഒഴുകി വീഴുന്ന ചെറുതുള്ളികൾ സാരിയിൽ പാടുകൾ വീഴ്ത്തുന്നുണ്ടായിരുന്നു.
അവരുടെ അവസ്ഥയോർത്തു കണ്ണു നിറഞ്ഞു. പാവം.. കുഞ്ഞുങ്ങളെ ഓർത്താകും തന്റെ കാലുപിടിക്കാൻ തീരുമാനിച്ചത്. ഓരോ മനുഷ്യ ജന്മങ്ങളുടെ അവസ്ഥകൾ. അയാൾ കെണിയിൽ വീഴിച്ചു നശിപ്പിച്ച മറ്റൊരു ജന്മം. അലിവോടെ അവരെ ചേർത്തുപിടിച്ച് അകത്തെ മുറിയിൽ വിരിച്ചിട്ടിരുന്ന കിടക്കയിൽ ഇരുത്തി.
“അല്പം നേരം കിടന്നോ… ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ… സങ്കടപ്പെടണ്ട… സ്വന്തം ചേച്ചിയായി കരുതാം… “
വിങ്ങി കരഞ്ഞുകൊണ്ട് അവർ കിടക്കുന്നതു കണ്ടപ്പോഴാണ് കൂടെ രണ്ടു കുഞ്ഞുങ്ങൾ കൂടി ഉണ്ടായിരുന്നല്ലോ എന്ന കാര്യം ഓർമ്മ വന്നത്. വേഗം മുൻ വശത്തേക്കു ചെന്നു നോക്കി. മുറ്റത്ത് അയാളും വന്ന കാറും ഉണ്ടായിരുന്നില്ല. കുട്ടികളെയും കൊണ്ടുപോയിക്കാണുമോ. രണ്ടു പെൺകുഞ്ഞുങ്ങൾ അതോർത്തപ്പോൾ ഉള്ളിലൊരു വിങ്ങൽ.
മുറ്റത്തുകൂടി കോഴികൾ അങ്ങിങ്ങു നടക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ആരോ കോഴിക്കൂട് തുറന്ന് വിട്ടിരിക്കുന്നു. വേഗം ചെന്നു നോക്കി. കോഴികളെ സൂക്ഷിച്ചിരുന്ന മുറിയുടെ കതക് തുറന്ന് കിടക്കുന്നു. ഉള്ളിലായി വലയടിച്ചു തിരിച്ച ചെറിയ മുറിയിൽ അധികം പ്രായമാകാത്ത താറാവ് കുഞ്ഞുങ്ങളിൽ ഒന്നിനെ കൊഞ്ചിച്ചു കൊണ്ട് ഒരു കുഞ്ഞുജീവൻ.
അവളുടെ കുഞ്ഞേച്ചിയെ ആട്ടിൻകൂടിനുള്ളിൽ നിന്നാണ് കിട്ടിയത്. രണ്ടുപേരെയും കൂട്ടി വീടിനുള്ളിലേക്ക് നടക്കുമ്പോൾ ജീവിതം പെട്ടെന്ന് മാറിമറിഞ്ഞതിന്റെ തിക്കുമുട്ടൽ. ഒപ്പം മുന്നോട്ടുള്ള ജീവിതത്തിൽ വസന്തം നിറയ്ക്കാൻ ചിലരെ കിട്ടിയതിന്റെ സന്തോഷവും മനസ്സിൽ നിറഞ്ഞു.