അപരാധി
രചന: ദിപി ഡിജു
‘രാഘവാ… ഒരു നല്ല വാര്‍ത്ത ഉണ്ടല്ലോ…’
വാഴയ്ക്ക് തടം എടുക്കുകയായിരുന്ന രാഘവന്‍ മുണ്ടഴിച്ചു നേരെ നിന്നു മണ്‍വെട്ടി താഴേക്കിട്ടു.
‘എന്താ സാറേ…???’
‘നിനക്ക് നല്ല നടപ്പ് കാരണം ശിക്ഷ ഇളവ് കിട്ടിയിട്ടുണ്ട്… അടുത്ത മാസം ഇറങ്ങാം… എന്താ സന്തോഷമായില്ലേ…???’
‘പിന്നെ സന്തോഷമാകാതിരിക്കുമോ സാറേ…???’
അയാള്‍ നിറഞ്ഞു വന്ന കണ്ണുകളൊപ്പി.
‘ഇനി ഇങ്ങനെയുള്ള പരാക്രമങ്ങള്‍ ഒന്നും ചെയ്യാന്‍ പോയി ഞങ്ങളുടെ കൈക്ക് വീണ്ടും പണിയുണ്ടാക്കരുത് കേട്ടോ…’
രാഘവന്‍ സ്വയം പുച്ഛിച്ചു കൊണ്ടുള്ള ഒരു ചിരിയില്‍ തന്‍റെ മറുപടി ഒതുക്കി.
‘ഹാ… എന്തായാലും പണി നടക്കട്ടെ…’
രാഘവന്‍ വീണ്ടും പണി തുടര്‍ന്നു.
‘കോളടിച്ചല്ലോ രാഘവേട്ടാ… രണ്ടു വര്‍ഷം മുന്‍പേ തന്നെ അപ്പോള്‍ കെട്ടിയോളുടെയും മോന്‍റെയും കൂടെ ജീവിക്കാന്‍ പറ്റുമല്ലോ… എന്നാലും എനിക്കിപ്പോഴും മനസ്സിലാകാത്തത് അവരാരും ഇതു വരെ ഒന്നു ഇവിടെ വന്നു കാണുകയോ ഒരു കത്തിടുകയോ ഒന്നും ചെയ്യാഞ്ഞതെന്താ രാഘവേട്ടാ…’
‘അതു പിന്നെ സുകുവേ… ഞാന്‍ ഇങ്ങനെ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ അവരെ കാണുന്നതും അവിടുത്തെ വാര്‍ത്തകള്‍ അറിയുന്നതും പെട്ടെന്ന് അങ്ങോട്ടു തിരികെ ചെല്ലാന്‍ എന്നെ പ്രേരിപ്പിക്കും… താങ്ങില്ലെടോ എനിക്ക് അതൊന്നും… അവര്‍ക്കും അതു തന്നെ ആവും അവസ്ഥ… അതു കൊണ്ട് ഞാന്‍ തന്നെയാ പറഞ്ഞെ… നല്ലതാണേലും ചീത്തയാണേലും ഞാന്‍ ഈ അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ ഒന്നും അറിയിക്കേണ്ട എന്ന്… പിന്നെ ഗോവിന്ദന്‍ മുതലാളി അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുക്കും എന്നത് എനിക്കും ഉറപ്പാണേ… അതു കൊണ്ട് അതില്‍ എനിക്ക് വേവലാതി ഒന്നുമില്ല… മുതലാളി വാക്കു പറഞ്ഞാല്‍ പറഞ്ഞതാണ്… എത്ര കാലം ഉണ്ടായിരുന്നതാണ് ഞാന്‍… ഒരു നിഴലു പോലെ കൂടെ…!!!’
രാഘവന്‍ തടമെടുത്ത ഭാഗത്ത് വെള്ളം ഒഴിച്ചു കുതിര്‍ത്തു കൊണ്ടു പറഞ്ഞു നിര്‍ത്തി.
പത്തുവര്‍ഷമായി ഈ കൂറ്റന്‍ മതില്‍കെട്ടിനുള്ളില്‍ തന്‍റെ ജീവിതം ഹോമിച്ചിട്ട്.
ഭാര്‍ഗ്ഗവിയോടും സച്ചു എന്നു വിളിക്കുന്ന സച്ചിദാനന്ദന്‍ എന്ന പ്ളസ്സ്ടൂക്കാരന്‍ മകനുമൊത്ത് ഉള്ളതു കൊണ്ട് സംതൃപ്തമായി ജീവിതം മുന്നോട്ടു നീക്കുമ്പോഴും ആരോടും പറയാതെ മനസ്സില്‍ ഒളിപ്പിച്ച കുറച്ച് സ്വപ്നങ്ങള്‍ എന്നും കൂട്ടായി ഉണ്ടായിരുന്നു.
ടര്‍പ്പായ വലിച്ചു കെട്ടി മണ്ണുപാകിയ വീടിന് പകരം അടച്ചുറപ്പുള്ള ഒന്ന്. അതും ആ കോളനിയില്‍ അല്ലാതെ സ്വന്തമായി ഒരു തുണ്ടു ഭൂമിയില്‍. പഠിക്കാന്‍ സമര്‍ത്ഥന്‍ ആയിരുന്ന മകനെ ഡോക്ടര്‍ പഠനത്തിന് അയക്കണം.
എല്ലാം പക്ഷെ ഗോവിന്ദന്‍ മുതലാളിയുടെ വെറുമൊരു ഡ്രൈവര്‍ മാത്രമായിരുന്ന രാഘവനു എത്തി പിടിക്കാവുന്നതിന് അപ്പുറം ആയിരുന്നു.
‘രാഘവാ… രാഘവാ…’
അസമയത്ത് വീടിന് വെളിയില്‍ നിന്നു വിളിക്കുന്ന വാസുവിന്‍റെ ശബ്ദം കേട്ട് രാഘവന്‍ പുറത്തേക്കിറങ്ങി.
‘എന്താ വാസു…??? എന്താ ഈ നേരത്ത്…???’
‘ഒരത്യാവശ്യമുണ്ട്…ഗോവിന്ദന്‍ മുതലാളി വിളിക്കുന്നുണ്ട് നിന്നെ…’
‘ആരാ ഏട്ടാ…???’
തലമുടി ഉച്ചിയിലേയ്ക്ക് ഉയര്‍ത്തി കെട്ടിക്കൊണ്ട് ഭാര്‍ഗ്ഗവി പിന്നാലെ വന്നു.
‘വാസുവാണ് ചേച്ചി…’
‘നീ എന്‍റെ ഷര്‍ട്ടും ആ ടോര്‍ച്ചും ഇങ്ങോട്ട് എടുത്തേ… മുതലാളി വിളിക്കുന്നെന്ന്… എവിടേലും പോകാനാകും…’
ഒന്നു കോട്ടു വായ ഇട്ടു കൊണ്ട് ഭാര്‍ഗ്ഗവി അകത്തേക്ക് കയറി ഷര്‍ട്ടും ടോര്‍ച്ചുമായി വന്നു.
‘നീ കതകടച്ചു കിടന്നോ… എന്നെ നോക്കി ഇരിക്കേണ്ട… അധികം വൈകിയാല്‍ ഞാന്‍ അവിടുത്തെ ചായ്പ്പില്‍ കിടന്നോളാം…’
അവര്‍ ഇരുവരും പോകുന്നത് ഒരു നിമിഷം നോക്കി നിന്നശേഷം ഭാര്‍ഗ്ഗവി അകത്തേക്ക് കടന്നു കതകടച്ചു.
നാട്ടിലെ പ്രമാണിയും അതോടൊപ്പം അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനവുമൊക്കെ ഉള്ളയാളായിരുന്നു ഗോവിന്ദന്‍ മുതലാളി. നേരം വെളുത്തു ഇരുട്ടുവോളം പരാതികളും തീര്‍പ്പു കല്‍പ്പിക്കലുകളുമായി ആ വീട്ടുമുറ്റത്തു ആളുകള്‍ ഉണ്ടാകുമായിരുന്നു. സ്വതവേ എല്ലാവരോടും മാന്യമായി പെരുമാറുന്ന അയാള്‍ ജനങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം മഹത്തായ പ്രതിച്ഛായ നിലനിര്‍ത്തിയിരുന്നു. വരാനിരിക്കുന്ന ഇലക്ഷനില്‍ ഒരു എം എല്‍ എ സ്ഥാനവും ഏറെക്കുറെ ഉറപ്പായിരുന്നു.
രാഘവന്‍ ചെല്ലുമ്പോള്‍ ഗോവിന്ദന്‍ മുതലാളി കോലായിലെ ചാരുകസേരയില്‍ ഇരുന്ന് വല്ലാത്ത പരവേശത്തോടെ ഒരു ഗ്ളാസ്സില്‍ നിന്ന് മദ്യം വായിലേയ്ക്ക് ഒഴിക്കുന്നതാണ് കണ്ടത്.
കാവി മുണ്ട് മാത്രം ധരിച്ചിരുന്നതിനാല്‍ അയാളുടെ നീണ്ട സ്വര്‍ണ്ണമാലയില്‍ എപ്പോഴും തൂക്കിയിട്ടിരുന്ന രുദ്രാക്ഷം രാഘവന്‍റെ കണ്ണുകള്‍ തേടി. അത് അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
‘എന്താ മുതലാളി വരാന്‍ പറഞ്ഞത്…??? എവിടെയെങ്കിലും പോകാനുണ്ടോ…???’
രാഘവന്‍റെ ചോദ്യം കേട്ട് ഞെട്ടലോടെ അവനെ നോക്കിയ ഗോവിന്ദന്‍റെ മുഖം കണ്ടപ്പോള്‍ മനസ്സിലായി അയാളുടെ ചിന്തകള്‍ മറ്റെവിടെയോ ആണെന്ന്.
‘രാഘവാ… നീ… നീയെന്നെ രക്ഷിക്കണം..’
ആകെ തകര്‍ന്ന രീതിയില്‍ ഉള്ള അയാളുടെ സംസാരം രാഘവനില്‍ അത്ഭുതം ഉളവാക്കി.
‘രക്ഷിക്കാനോ…?? ഞാനോ…??? എന്തൊക്കെയാ മുതലാളി ഈ പറയുന്നേ…??? ഞാനെങ്ങനെ…???’
‘രാഘവാ… എനിക്കൊരു കൈയ്യബദ്ധം പറ്റി… ഇന്നു കുറച്ച് അധികം കഴിച്ചിരുന്നു… ഞാന്‍… ഞാന്‍… അവളെ… അടിച്ചുതളിക്കാരി മാധവിയുടെ മകള്‍ ജാനകിയെ കയറി പിടിച്ചു… മനപ്പൂര്‍വ്വം അല്ല… പെട്ടെന്ന് മനസ്സിന്‍റെ താളം തെറ്റിയ ഒരു നിമിഷത്തില്‍… രക്ഷപ്പെട്ടു ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ അവള്‍ കാലു തെന്നി വീണു തലയിടിച്ചു…’
‘എന്നിട്ട്…???’
‘തീര്‍ന്നു…!!!’
‘ജാനകി… അവള്‍… കൊച്ചു പെണ്‍കൊച്ച് അല്ലെ മുതലാളി…??? എങ്ങനെ തോന്നി…???’
‘ഞാന്‍ പറഞ്ഞില്ലേ… പറ്റി പോയെടാ… നീയെന്നെ സഹായിക്കണം…’
‘ഞാനെന്തു ചെയ്യാനാ മുതലാളി…???’
‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പുറം ലോകമറിഞ്ഞാല്‍ എന്‍റെ സത്പേര്… എന്‍റെ കുടുംബം… എന്‍റെ രാഷ്ട്രീയഭാവി… എല്ലാം തകരും… രാഘവാ… നിനക്ക് ഈ കുറ്റം ഏറ്റെടുക്കാന്‍ പറ്റുമോ…???’
ഗോവിന്ദന്‍റെ വാക്കുകള്‍ കേട്ട് രാഘവന്‍ രണ്ടടി പിന്നോട്ടു നീങ്ങി.
‘മുതലാളി എന്തൊക്കെയാ ഈ പറയുന്നേ…??? അപ്പോള്‍ എനിക്കില്ലേ സത്പേര്…??? എനിക്കും ഇല്ലേ കുടുംബം…??? എന്‍റെ മകനു നല്ലൊരു ഭാവി ഉണ്ടാകുമോ ഇത് പുറത്തറിഞ്ഞാല്‍…???’
‘നിന്‍റെ കുടുംബത്തിന്‍റെ കാര്യം ഞാന്‍ നോക്കിക്കോളാം രാഘവാ… എന്‍റെ തലയോലപറമ്പിലെ വീടും സ്ഥലവും ഞാന്‍ നിന്‍റെ പേരില്‍ എഴുതി തന്നോളാം…നിന്‍റെ കുടുംബത്തിന്‍റെ മുഴുവന്‍ ചെലവും ഞാന്‍ നോക്കിക്കൊള്ളാം… നിന്‍റെ മകന്‍… അവന് ഡോക്ടര്‍ ആകണമെന്നല്ലെ ആഗ്രഹം…??? അതും ഞാന്‍ നടത്തി കൊടുത്തോളാം… ഒരു ജന്മം മുഴുവന്‍ നീ പണിയെടുത്താലും ഇതൊക്കെ നിന്നെ കൊണ്ടാകുമോ…???’
അയാളുടെ വാക്കുകളില്‍ സംശയം പൂണ്ടു നിന്ന രാഘവന്‍റെ അടുത്തേക്ക് നടന്നടുത്ത് അയാള്‍ അവന്‍റെ തോളില്‍ കൈയ്യിട്ടു.
‘പിന്നെ സത്പേര്… കുറച്ചു നാള്‍ പറഞ്ഞു നടന്നിട്ട് നാട്ടുകാര്‍ പിന്നെ മറ്റെന്തേലും കാര്യം അന്വേഷിച്ചു പൊയ്ക്കോളും… സത്യാവസ്ഥ നിനക്ക് നിന്‍റെ വീട്ടുകാരെ മാത്രം ബോധിപ്പിച്ചാല്‍ പോരെ…??? നീയെന്താ ചിന്തിക്കുന്നേ…???’
‘രാഘവാ… രാഘവാ… നീയെന്താ ചിന്തിച്ചോണ്ടിരിക്കുന്നേ…??? ദേ നിന്നെ സൂപ്രണ്ട് സാര്‍ വിളിക്കുന്നുണ്ട്… പോകണ്ടേ നിനക്ക്…???’
പോലീസുകാരന്‍റെ വിളി കേട്ടാണ് ഇത്രയും സമയം താന്‍ പഴയ കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുകയായിരുന്നു എന്ന ബോധം അയാളില്‍ ഉണര്‍ന്നത്.
‘ടാ… സുകുവേ… ഞാന്‍ പോകുവാട്ടോ…’
‘നിങ്ങള്‍ രക്ഷപെട് രാഘവേട്ടാ… ഇനി ഇവിടെ വച്ചു കാണാം എന്നു പറയാന്‍ പറ്റില്ലല്ലോ… ഞാന്‍ വരാം… നിങ്ങടെ വീട്ടിലേയ്ക്ക് ഇറങ്ങി കഴിയുമ്പോള്‍…കക്കാനല്ലാട്ടാ… ഹി ഹി ഹി…’
‘ഒന്നു പോടാപ്പാ… എന്നാല്‍ ശരിയെടാ… ഞാന്‍ ഇറങ്ങുവാണ്… പുറത്ത് എവിടേലും വച്ചു കാണാം…’
ബസ്സിറങ്ങി തലയോലപറമ്പിലെ വീടിനോട് നടന്നടുക്കും തോറും നെഞ്ചിനകത്ത് പെരുമ്പറ കൊട്ടുകയായിരുന്നു. പത്തു വര്‍ഷത്തിനിടയില്‍ പരോളില്‍ പോലും താന്‍ വരാതിരുന്നത് പിന്നീടുള്ള തിരിച്ചു പോക്ക് ആര്‍ക്കും താങ്ങാനാവില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ ആയിരുന്നു.
‘എന്നെ കാണുമ്പോള്‍ എന്തായിരിക്കും ഭാര്‍ഗ്ഗവിയുടേയും സച്ചുവിന്‍റേയും ഭാവം…??? അവര്‍ ഓടി വന്നു എന്നെ കെട്ടിപുണരുമായിരിക്കും… സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞൊഴുകുമായിരിക്കും… എന്‍റെ മുഖം മുഴുവന്‍ മുത്തങ്ങള്‍ കൊണ്ട് മൂടുമായിരിക്കും…’
ചിന്തകളുടെ പാഞ്ചാരിമേളത്താല്‍ അയാളുടെ ഹൃദയം തുടികൊട്ടി.
”ഡോ. സച്ചിദാനന്ദന്‍ എം ബി ബി എസ്, എം ഡി”
വീടിനു മുന്നിലെ ആ വലിയ ബോര്‍ഡ് കണ്ട് അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
തന്‍റെ ജീവിതത്തിലെ പത്തു വര്‍ഷങ്ങളുടെ കൂലി..!!!
വാതില്ക്കല്‍ എത്തി ബെല്ലമര്‍ത്തി അയാള്‍ മിടിക്കുന്ന ഹൃദയത്തോടെ നോക്കി നിന്നു. വാതില്‍ തുറന്നു തന്നെ അമ്പരന്നു നോക്കുന്ന ഭാര്‍ഗ്ഗവിയുടെ മുഖം അയാള്‍ മനസ്സില്‍ കണ്ടു.
‘ആരാ…???’
പരിചിതമല്ലാത്ത ഒരു സ്ത്രീ ശബ്ദം അയാളെ സ്വബോധത്തിലേയ്ക്ക് കൊണ്ടു വന്നു.
‘സച്ചു…???’
‘സച്ചുവേട്ടന്‍ കുളിക്കുവാണ്… കയറി ഇരിക്കൂ…’
‘മോള്…???’
‘ഞാന്‍ സച്ചുവേട്ടന്‍റെ ഭാര്യ ആണ്… ദുര്‍ഗ്ഗ… ഇരിക്കൂട്ടോ… ആരാണെന്ന് പറയണം…???’
‘ഞാന്‍….!!! ഭാര്‍ഗ്ഗവി…???’
‘അമ്മ മരിച്ചിട്ടു രണ്ടു വര്‍ഷമായി… അമ്മയെ അറിയുമോ…???’
‘ഭാര്‍ഗ്ഗവി…. തന്‍റെ ഭാര്‍ഗ്ഗവി മരിച്ചുവെന്നോ…??? എന്നിട്ട് ആരും തന്നെ അറിയിച്ചില്ലല്ലോ…??? സ്വന്തം മകന്‍റെ കല്ല്യാണം കഴിഞ്ഞതു പോലും അറിയാന്‍ കഴിയാഞ്ഞ ഹതഭാഗ്യവാനായ അച്ഛന്‍… താന്‍ തന്നെയാണ് ആരോടും വരേണ്ട എന്നും ഒന്നും അറിയിക്കേണ്ട എന്നും പറഞ്ഞത്… ശരിയാണ്… തന്‍റെ തെറ്റു തന്നെയാണ്… തന്‍റെ മാത്രം തെറ്റ്…’
അയാളുടെ മനസ്സ് അലമുറയിട്ടു കരഞ്ഞു.
‘ആരാ ദുര്‍ഗ്ഗേ…???’
അകത്ത് നിന്നു കേട്ട ശബ്ദത്തിന്‍റെ ഉറവിടത്തിലേയ്ക്ക് രാഘവന്‍റെ കണ്ണുകള്‍ ഊളിയിട്ടു. അനുസരണയില്ലാത്ത കുഞ്ഞിനെ പോലെ മിഴികള്‍ നിറഞ്ഞൊഴുകി കാഴ്ച്ച മറയ്ക്കുന്നു.
‘ഈശ്വരാ… എന്‍റെ മകന്‍… എന്‍റെ സച്ചു…’
തല തുവര്‍ത്തി കൊണ്ട് അങ്ങോട്ടു വന്ന സച്ചിദാനന്ദന്‍റെ മുഖം മാറിയത് പെട്ടെന്നായിരുന്നു.
‘അച്ഛന്‍…!!!’
അവന്‍റെ ചുണ്ടുകള്‍ മൊഴിഞ്ഞതും, ദുര്‍ഗ്ഗയുടെ മുഖത്തു നിന്നു പുഞ്ചിരി മാഞ്ഞു കാര്‍മേഘം ഉരുണ്ടുകൂടിയതും ഒരുമിച്ചായിരുന്നു. അവള്‍ പെട്ടെന്ന് അകത്തേക്ക് കയറി പോയി.
‘മോനെ…!!! മോനെ സച്ചു…!!! നീ…!!! നീ ഒത്തിരി വലുതായി… വലിയ ഡോക്ടര്‍ ആയി…!!! അച്ഛനു സന്തോഷായി മോനെ… സന്തോഷായി…!!!’
അയാള്‍ ഓടിച്ചെന്നു അവനെ തോളില്‍ പിടിച്ചു തന്നോടു ചേര്‍ത്തു.
‘എപ്പോള്‍ ഇറങ്ങി…???’
നിര്‍വികാരനായുള്ള അവന്‍റെ ചോദ്യം സ്നേഹത്താല്‍ അന്ധനായ ആ അച്ഛന്‍ ശ്രദ്ധിച്ചില്ല.
‘സച്ചുവേട്ടാ… ഒന്നിങ്ങട് വരുമോ…???’
‘അച്ഛന്‍ ഇരിക്കൂ… ഞാനിപ്പോള്‍ വരാം…’
സച്ചു അകത്തെ മുറിയിലേയ്ക്ക് കയറി.
രാഘവന്‍ ചുറ്റും നോക്കി അവിടെയുള്ള സോഫയില്‍ ഇരുന്നു. വലതുവശത്തായി മാലയിട്ട് തിരി കത്തിച്ചു വച്ചിരിക്കുന്ന ഭാര്‍ഗ്ഗവിയുടെ ചിത്രം കണ്ട് അയാള്‍ എഴുന്നേറ്റു അവിടേയ്ക്ക് നടന്നു.
ആ ദീപനാളത്തിന്‍റെ ശോഭയേക്കാള്‍ അവളുടെ ചുണ്ടില്‍ വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിയ്ക്ക് അഴകുണ്ടെന്ന് അയാള്‍ക്കു തോന്നി.
‘അവള്‍ തന്നെ നോക്കി ആനന്ദാശ്രു പൊഴിക്കുന്നുണ്ടോ…??? ഉണ്ട്… തന്‍റെ വരവ് അവളില്‍ സന്തോഷം നിറച്ചിട്ടുണ്ട്…’
ഒരു മന്ദമാരുതന്‍ അയാളെ തഴുകി പോയപ്പോള്‍ അവളുടെ സാന്നിധ്യം അയാള്‍ക്കു അനുഭവപ്പെടുന്നതു പോലെ തോന്നി.
‘നിങ്ങള്‍ ഇത് എന്തു ഉദ്ദേശിച്ചാണ് മനുഷ്യാ…??? നിങ്ങളുടെ അച്ഛന്‍ മരിച്ചു പോയി എന്നല്ലേ എന്‍റെ ബന്ധുക്കളോടൊക്കെ പറഞ്ഞിരിക്കുന്നേ…??? ആദ്യം ഞങ്ങളോടും അതു മറച്ചു വച്ചതല്ലേ…??? പിന്നെയല്ലേ…??? എന്‍റെ കണ്ണീര് കണ്ടിട്ടും ഇനി അയാളെ ഇവിടെ കേറ്റില്ല എന്നു നിങ്ങള്‍ വാക്കു തന്നിട്ടുമല്ലെ എന്‍റെ അച്ഛന്‍ ഈ ബന്ധം തുടരാന്‍ സമ്മതിച്ചേ…??? അയാളെ പോലെ ഒരു പെണ്ണുപിടിയന്‍ ആണ് നിങ്ങളുടെ അച്ഛന്‍ എന്ന് ബന്ധുക്കള്‍ എല്ലാം അറിഞ്ഞാല്‍…??? ചിന്തിച്ചിട്ടുണ്ടോ പിന്നെ നിങ്ങളുടെ വില എന്തായിരിക്കും ഈ സമൂഹത്തില്‍ എന്ന്… ഒന്നും വേണ്ട… എന്തു ധൈര്യത്തിലാണ് നമ്മുടെ മകളെ അയാളുടെ കൂടെ നിര്‍ത്തുക…??? പ്രായം പോലും നോക്കാതെ കാമവെറി മൂത്ത് ഒരുത്തിയെ കൊന്നവന്‍ ആണ്… അയാളെ ഇവിടെ നിര്‍ത്താനാണ് ഉദ്ദേശ്യം എങ്കില്‍ ഞാനും എന്‍റെ കുഞ്ഞും ഇവിടുന്നു ഇറങ്ങി പോകും… നോക്കിക്കോ…’
‘എടീ… നീയൊന്നു സമാധാനപ്പെട്… ഞാന്‍ പയ്യേ ഒഴിവാക്കിക്കോളാം… ഞാന്‍ സലീമിനെ വിളിച്ച് അവന്‍റെ പരിചയത്തിലെ ഓള്‍ഡേജ് ഹോമില്‍ അങ്ങേരെ ചേര്‍ക്കാനുള്ള ഏര്‍പ്പാട് ചെയ്യാം… ഞാനും നാണക്കേടു കൊണ്ടു തന്നെയല്ലെ ഈ നാട്ടുകാരില്‍ നിന്ന് ഇതൊക്കെ മറച്ച് വച്ചേക്കുന്നേ… എന്‍റെ അച്ഛന്‍ എന്നു പറയുന്ന മനുഷ്യന്‍ എന്‍റെ മനസ്സില്‍ മരിച്ചിട്ട് വര്‍ഷം പത്തു കഴിഞ്ഞു… തല്‍ക്കാലം ഞാന്‍ അങ്ങോട്ടു ചെല്ലട്ടേ…’
മുറിയില്‍ നിന്നു പുറത്തിറങ്ങിയ സച്ചു ഒഴിഞ്ഞ സോഫയിലേയ്ക്ക് നോക്കി ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
‘ഭാഗ്യം… സ്വയം ഒഴിഞ്ഞു പോയല്ലോ…!!!’
വഴിയിലൂടെ ഇറങ്ങി നടക്കുകയായിരുന്നു രാഘവന്‍. അയാളുടെ ചെവികളില്‍ തന്‍റെ മകന്‍റെ നാവില്‍ നിന്നു കേട്ട വാക്കുകള്‍ അലയടിച്ചു കൊണ്ടേ ഇരുന്നു.
നെഞ്ചിന് വല്ലാത്ത ഒരു ഭാരം പോലെ തോന്നിയ അയാള്‍ വഴിയരികില്‍ കുഴഞ്ഞു വീണു. ആരെല്ലാമോ ചേര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോയി.
‘ഡോക്ടര്‍ സച്ചു… ഇന്നലെ ഒരു അജ്ഞാതജഡം കിട്ടിയിട്ടുണ്ട്… ആരും ഇതു വരെ ക്ളേം ചെയ്തിട്ടില്ല…’
‘പത്രത്തില്‍ കൊടുത്തില്ലേ…???’
‘നാളത്തെ എഡിഷനില്‍ കൊടുക്കും…’
‘എവിടെയാണ്…??? ഞാന്‍ ഒന്നു കാണട്ടെ… മോര്‍ച്ചറിയില്‍ ഇല്ലേ…???’
അയാള്‍ മോര്‍ച്ചറിയില്‍ കയറി പുതിയതായി വന്ന ആ മൃതദ്ദേഹത്തിന്‍റെ ശിരസ്സില്‍ നിന്ന് വെളുത്ത തുണി മാറ്റി. തന്‍റെ അച്ഛന്‍റെ ചേതനയറ്റ ശരീരം അവനില്‍ ഒരു ഞെട്ടല്‍ ഉളവാക്കി.
‘ഡോക്ടര്‍ സച്ചു… രണ്ടാഴ്ച്ച ആയിട്ടും ആ ബോഡി ക്ളേം ചെയ്യാന്‍ ആരും വന്നിട്ടില്ല… മെഡിക്കല്‍ സ്റ്റുഡന്‍ഡ്സിന് പഠിക്കാനായി വിട്ടു കൊടുത്താലോ…???’
‘ഓക്കെ നമുക്ക് അങ്ങനെ ചെയ്യാം…’
ആ ഓതറൈസേഷന്‍ ഫോമില്‍ ഒപ്പു വയ്ക്കുമ്പോള്‍ തന്‍റെ ജീവിതം തന്നെ പണയം വച്ച് താന്‍ നേടി കൊടുത്ത ഡോക്ടര്‍ കുപ്പായത്തിനുള്ളിലെ തന്‍റെ മകന്‍റെ കൈകളില്‍ ഒരു വിറയല്‍ പോലും ഉണ്ടായില്ല എന്നത് ആ ആത്മാവിനെ അത്യധികം വേദനിപ്പിച്ചു.
ആര്‍ക്കൊക്കെയോ വേണ്ടി ജീവിതം മുഴുവന്‍ ഉരുകി തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു നിരപരാധിയുടെ ആ ശരീരം അറിയാത്ത തെറ്റുകള്‍ക്ക് സ്വയം അപരാധിയായി കീറി മുറിച്ച് പഠിക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ കാത്തു കിടക്കുമ്പോള്‍, ആത്മാവ് ഗതി കിട്ടാതെ അവിടെയെങ്ങും അലഞ്ഞു തിരിയുകയായിരുന്നു, തന്നെ മനസ്സിലാക്കിയ ആ ഒരേയൊരു ആത്മാവിനെ തേടി.