മോൻ
രചന: Vijay Lalitwilloli Sathya
“നീ എന്തിനാ എന്റെ ആയിഷ ഇങ്ങനെ സങ്കടപ്പെടുന്നത്.. അവൻ നിന്റെ മകൻ ആണെങ്കിൽ അതിന്റെ ഗുണം ഒന്നുമില്ലല്ലോ അവനു… നീ കാണിക്കുന്ന സ്നേഹത്തിനും വാത്സല്യത്തിനും വില കൽപ്പിക്കുന്നു വെങ്കിൽ അവനു ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ..? എന്തൊക്കെയായാലും മക്കളോടുള്ള സ്നേഹത്തിനും വാത്സല്യത്തിന് ഒരു പരിധിയുണ്ട്.. ഇന്നലെ വരെ ഈ മുറ്റത്ത് കളിച്ചു നടന്നു വളർന്നവൻ ആണ് മുതിർന്നപ്പോൾ ഇങ്ങനെ…”
അബ്ബാസ് ഇക്കയ്ക്കു വിഷമം ദേഷ്യം പുറപ്പെടുവിച്ചു മാത്രമേ കാണിക്കാൻ പറ്റുള്ളൂ…ആളു സാധുവാണ്..
“അതല്ല ഇക്കാ ഞാനവനെ എന്റെ ആമിമോളെക്കാൾ സ്നേഹവും വാത്സല്യവും നൽകിയാണ് വളർത്തിയത്… ഇക്കാക്കും അങ്ങനെ ആയിരുന്നല്ലോ…?”
“എന്നിട്ടിപ്പോ എന്തായി കൊലക്കേസിൽ പ്രതിയാണവൻ..കോളേജിൽ വച്ച് അലമ്പ് ഉണ്ടാക്കിയവനെ അവിടുന്ന് തല്ലിയത് പോരാണ്ട് പട്ടണത്തിൽ വെച്ച് കുത്തിമലർത്തി ഇപ്പോ ഒളിവിൽ പോയിരിക്കുകയാണ്..”
“എന്നാലും എന്റെ ഈ കൈകളിൽ വളർന്ന അവന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ?
“ഇത് എന്തൊരു കഷ്ടം…പറ്റാത്തതു കൊണ്ടാണോ അവൻ അങ്ങനെയൊക്കെ ചെയ്തുകൂട്ടിയത്..?”
ആ സമയം ആയിഷുമ്മയുടെ മകൾ ആമി അവിടെ വന്നു..
അവളുടെ ചുണ്ടിൽ പരിഹാസം ഒളിപ്പിച്ച ഒരു മൂളിപ്പാട്ട് ഉണ്ടായിരുന്നു
‘അമ്മ തൻ അമ്മിഞ്ഞപ്പാലിൻ മാധുര്യം കാത്തിടേണമേ..’
അവൾ സങ്കടപ്പെട്ട് ഇരിക്കുന്ന ഉമ്മയുടെ അടുത്തെത്തി
“എന്റെ ഉമ്മച്ചി നിങ്ങൾ എന്തിനാ എപ്പോഴും ഇങ്ങനെ അപ്പൂനെ ഓർത്തു ദുഃഖിക്കുന്നതു…? മുതിർന്നാൽ മനുഷ്യന്റെ പ്രവർത്തികൾ മാറും…ഉമ്മാന്റെ മോൻ ആണെന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ. ആ മോനും തോന്നണ്ടേ..ഇപ്പോൾ അവൻ ചില കൂട്രൂകെട്ടിൽ പെട്ടെന്നാണ് തോന്നണത്…അവരെപ്പോലെ അപ്പുവേട്ടനും അങ്ങനെ ആയിട്ട് ഉണ്ടാവാം…ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട…”
അതു പറയുമ്പോഴും അപ്പുവിനെ ഓർത്ത് അവളുടെ ഉള്ളിലും ഒരു ദുഃഖക്കടൽ ഇരുമ്പുന്നുണ്ടായിരുന്നു…
അവൾക്ക് ഇക്കയാണ് ആണ് അപ്പു.. എന്നാലും അപ്പുവേട്ടനിൽ നിന്നും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല..
മകളുടെ വർത്തമാനം കേട്ടപ്പോൾ ആയിഷുമ്മയ്ക്ക് സങ്കടം കൂടി..
“പോടി അവിടുന്ന് നീ ഉമ്മയെ ഭ്രാന്ത് പഠിപ്പിക്കാതെ..”
അബ്ബാസ് ഇക്ക മകളെ വഴക്കുപറഞ്ഞു ഓടിച്ചു
അവൾ ഓടുന്ന ഓട്ടത്തിൽ ഇങ്ങനെ പറഞ്ഞു
“അതേയ്…. ശരിക്കും ഉമ്മാന്റെ വയറ്റിൽകിടന്ന ഞാൻ എത്ര സൈലന്റ് ആണ്.. പിന്നെന്താ ങ്ങളുടെ അപ്പു മാത്രം ഇങ്ങനെ ആയത്….”
മകൾ ആമി അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും അവൾക്കും വിഷമമുണ്ട് എന്ന് ആയിഷുമ്മയ്ക്ക് അറിയാം…
” പോടി അവിടുന്ന് എനിക്ക് അവൻ എന്റെ മോനാണ്..അവൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല..”
“ആ.ഹാ..നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കൂന്നതാണ്..”
ആമിക്കു അപ്പുവേട്ടനോടുള്ള ഉമ്മച്ചിയുടെ സ്നേഹവും വാത്സല്യവും അറിയാം..അവൾ ചുമ്മാ ഉമ്മച്ചിയെ ചൂടുപിടിപ്പിക്കാൻ അങ്ങനെ പറയുന്നതാണ്..അപ്പുവേട്ടൻ നിന്നും ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇപ്പോൾ നടന്നു എന്ന് പറയുന്ന സംഭവം ഉണ്ടായതായി കേൾക്കുന്നത്…
എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല…
ഇതേസമയം ആ ഗ്രാമത്തിലെ ഒരിടത്ത്..ബാത്റൂമിലെ കൊച്ചു മുറിക്കുള്ളിൽ വച്ച് ആ തമിഴത്തി നാടോടി പെൺകുട്ടി അപ്പൂന്റെ പിറകിൽ നിന്നും കെട്ടിപ്പിടിച്ച് വേറൊന്തിനോ ഒരുങ്ങി തുടങ്ങി..
പോലീസ് ജീപ്പിന്റെ ശബ്ദം അകന്നു പോയപ്പോൾ അവന് ശ്വാസം നേരെ വീണു. അപ്പോഴാണ് താൻ പിറകിലുള്ള ആ പെൺകുട്ടിയുടെ പരാക്രമണത്തെക്കുറിച്ച് അവൻ അറിയുന്നത്.
“ഛീ… വിടെടി…നാശം”
” അപ്പാ…നാശമാ… ഇതെന്നാ കഥ “
“ആഹാ കൊള്ളാല്ലോ ‘നിനക്കെന്തോ മുട്ടി ‘ എന്ന് പറഞ്ഞ് നിലവിളിച്ചു ആണല്ലോ ഇവിടെ വന്നത്.. എന്നിട്ടിപ്പോ ശൃംഗാരത്തിന്റെ മോഡ് ആണല്ലോ..?”
“അപ്പോൾ സേട്ടൻ എന്തിനാ.. എനിക്കു ബാത്റൂമിന്റെ വാതിൽ തുറന്നു തന്നു പിന്നാലെ എന്നോപ്പം ഇതിലേക്ക് ഓടിക്കയറിയത്? “
അവൾ സംശയത്തോടെ ചോദിച്ചു.
“പോടീ പൊട്ടി കാളി …ഒന്ന് “
അപ്പു ദേഷ്യത്തോടെ പുറത്തിറങ്ങി, ആ കതക് വലിച്ചടച്ചു.
അവൾക്ക് മുട്ടിയ കാര്യം സാധിക്കാനായി ബാത്റൂം കതക് അടച്ചു അകത്തുനിന്ന് കുറ്റിയിട്ടു….
അപ്പു ആളില്ലാത്ത ആ വീട്ടിൽ ഒളിവിലായിരുന്നു..
“അമ്മ … അമ്മ.” എന്നു വിളിച്ചു കുറച്ചു മുമ്പാണ് ആ നാടോടി പെൺകുട്ടി ഒന്നിന് പോകണം എന്ന് പറഞ്ഞു ആ കോമ്പൗണ്ടിൽ കയറിവന്നത്.
പതുക്കെ കതക് തുറന്നു പുറത്തിറങ്ങിയ അപ്പുനെ കണ്ടു അവളുടെ മുഖംവാടി..
എങ്കിലും അവൾ അല്പം സങ്കോചത്തോടെ കാര്യം പറഞ്ഞു. തനിക്കൊന്നും ബാത്റൂം ഉപയോഗിക്കാൻ വേണം..
അവളുടെ സങ്കടം കണ്ടപ്പോൾ അവൾ സ്ത്രീകളെയാണ് പ്രതീക്ഷിച്ചതെന്നു അവൻ മനസ്സിലായി..
അപ്പൂനോട് കാര്യം ഉണർത്തിച്ചു പരുങ്ങി നിന്നു വിഷമിക്കുന്ന അവൾക്ക് സഹിക്കാൻ പറ്റുന്ന അതിനുമപ്പുറം മുട്ടിയിരിക്കുകയാണെന്ന് അവന് മനസ്സിലായി.
മനുഷ്യസഹജമായ പ്രാപഞ്ചിക പ്രശ്നമല്ലേ ഒന്നു സഹായിച്ചു കളയാം എന്ന് കരുതിയാണ് അപ്പൂ തന്റെ ഒളിവിൽ താമസിക്കുന്ന വീടിന്റെ മുന്നിലുള്ള ആ ബാത്ത്റൂമിന്റെ കതകിന്റെ പൂട്ടു തുറന്നു അവൾക്ക് ഉപയോഗിക്കാൻ കൊടുത്തത്.
തുറന്ന് അവൾ അതിനകത്ത് കയറുന്ന സമയത്ത് തന്നെ മുന്നിലുള്ള റോഡിലൂടെ ഒരു പൊലീസ് ജീപ്പ് കടന്നു പോകുന്ന ഒച്ച കേട്ടപ്പോഴാണ് ഞൊടിയിടയിൽ അവനും ബാത്റൂമിലേക്ക് ചാടിക്കയറി കതക് അടച്ചത്.
അപ്പോഴാണ് നാടോടി പെൺകുട്ടി തെറ്റിദ്ധരിച്ചത്.
രണ്ടുദിവസം മുമ്പാണ് അപ്പൂന്റെ കോളേജിൽ അവരെ സംഘടനയുടെ ബാനർ കീറിയ അശോകനെ ക്യാമ്പസിൽ വച്ച് രണ്ടു പൊട്ടിച്ചത്. പക്ഷേ അന്ന് എല്ലാവരും കൂടി പെട്ടെന്ന് പിടിച്ചു മാറ്റിയത് കാരണം വലിയൊരു കലഹം ഒഴിവായി. പക്ഷേ ഇന്ന് രാവിലെയാണ് അശോകന് കുത്തേറ്റ് ഹോസ്പിറ്റലിലാണ് എന്ന് സംഘടനാ സുഹൃത്ത് വിളിച്ചുപറഞ്ഞത്.
എന്നിട്ട് അപ്പൂനെ ആണ് സംശയിക്കുന്നത് എന്നും തൽക്കാലം സ്ഥലം മാറി ഇരിക്കുന്നതാണ് ഉചിതമെന്നും അവന്റെ സംഘടനക്കാർ നിർദ്ദേശിച്ചു.
അങ്ങനെയാണ് ആളൊഴിഞ്ഞ സ്ഥലത്തെ ഈ വീട് ഏർപ്പാട് ചെയ്തു കൊടുത്തത്..
എല്ലാവരും തന്നെ സംശയിക്കുന്നതിന് കാരണം, അന്ന് അശോകനെ രണ്ടു പൊട്ടിക്കാൻ കിട്ടുന്നതിനു മുമ്പേ സുഹൃത്തുക്കൾ പിടിച്ചുമാറ്റി എന്നു പറഞ്ഞുവല്ലോ
‘നിന്നെ പിന്നെ എടുത്തോളാം’
എന്നു ആ അവസരത്തിൽ അവൻ ചുമ്മാ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ അവന് കുത്തേറ്റപ്പോൾ പുലിവാലായത്.
അല്പം കഴിഞ്ഞപ്പോൾ തമിഴ് നാടോടി പെൺകുട്ടി ബാത്റൂം തുറന്നു പുറത്തിറങ്ങി വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു അവൻ വിളിച്ചുപറഞ്ഞു
“അതു പൂട്ടിയിട്ട് ചാവി ഇങ്ങോട്ടു എടുത്തോളു”
“ശരി സേട്ടാ”
അവൾ ചാവി അപ്പൂനെ ഏൽപ്പിച്ചു.
അവളുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി കണ്ടു.
” ഇപ്പോൾ എല്ലാം ഒക്കെ ആയില്ലേ? “
ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.
“ആയി സെട്ടാ. നന്ദ്രി.. ..നല്ല പുണിതമാന മനസ്സ്… കടവുൾ കൊടുത്തു വെച്ചിരിക്കെ സേട്ടാ…ഉങ്കൾക്ക്..”
“ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു.”
“പോട്ടെ സേട്ടാ “
അവൻ ചിരിച്ചു കൊണ്ട് തലയാട്ടി…
അവൾ അവളുടെ കെട്ടും ഭാണ്ഡവുമായി നടന്നുനീങ്ങി.
അപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു.
“എടാ അപ്പൂ അശോകനെ കുത്തിയത് അവന്റെ അളിയൻ രഘുവാണ് …അതൊരു കുടുംബ പ്രശ്നമാണ്. ടൗണിൽ വച്ച് ചെയ്തതാണ് ആകെ കൺഫ്യൂഷൻ ആയതു…. അയാളെ പോലീസ് അറസ്റ്റ് ചെയ്തു.നീ വാ… ഇനി പേടിക്കാൻ ഒന്നുമില്ല. അവിടെ നിന്റെ വണ്ടി ഉണ്ടല്ലോ?”
“ഓക്കേ ബാലേട്ടാ….താങ്ക്സ് ശരി ഞാനിപ്പോ വരാം”
അവന് ആശ്വാസമായി…
കുത്തിയത് വേറെ ആരോ ആണെന്നറിഞ്ഞ ആയിഷുമ്മയ്ക്ക് സന്തോഷമായി..
അല്പം കഴിഞ്ഞപ്പോൾ
“ഉമ്മ അതാ അപ്പൂവേട്ടൻ വന്നു…”
ആയിഷുമ്മ കണ്ണീർ തുടച്ചു പൂമുഖത്തേക്ക് ചെന്നു..
അപ്പൂ ആയിഷുമ്മാന്റെ വീടിന് തൊട്ടു മുമ്പിലുള്ള അവന്റെ വീട്ടിൽ കയറിയ ഉടനെ അവന്റെ അച്ഛനോട് അല്പം സംസാരിച്ചശേഷം അവന്റെ പ്രിയപ്പെട്ട ആയിഷുമ്മയുടെ വീട്ടിലേക്ക് വരുകയാണ്.
ആയിഷുമ്മയുടെ മുമ്പിൽ കൊച്ചുകുഞ്ഞിനെപ്പോലെ നിന്ന്
“ഞാൻ ഒന്നും ചെയ്തില്ല ഉമ്മ” എന്ന് പറഞ്ഞു നിഷ്കളങ്കമായി ചിരിച്ചു..
ഉമ്മ അവന്റെ മുടിയിൽ തലോടി നെറ്റിലേക്ക് വീണ മുടിയൊക്കെ കോതിയൊതുക്കി കൊണ്ട് പറഞ്ഞു..
“ന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ലെന്നും ഈ ഉമ്മയ്ക്ക് അറിയില്ലേ..? “
“അത് അവരുടെ ഫാമിലി പ്രോബ്ലം അവന്റെ അളിയൻ തന്നെ ചെയ്തതാണ്…ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ടു “
നിസ്സാരമായി പറഞ്ഞ് അവന്റെ പൊന്നുമ്മ ആയിഷുമ്മയെ ആശ്വസിപ്പിച്ചു..
“എനിക്കറിയാം മോനെ എന്റെ മോന് അതിനൊന്നും ആവൂല…എന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു.. നീ ആയിഷയുടെ മോൻ ആണെങ്കിലും നീ ഈ ഉമ്മയുടെ അമ്മിഞ്ഞപ്പാലിൻ മാധുര്യം കാത്തുസൂക്ഷിക്കും എന്നു ഈ ഉമ്മക്കറിയാം..ഇവിടെ ഒരുത്തി എന്നെ കളിയാക്കിയായിരുന്നു ഒരു പാട്ടൊക്കെ പാടി..”
“സോറി ഉമ്മച്ചി”
ആമിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്നു..
ആമി സോറി പറഞ്ഞു.
“ഉമ്മയ്ക്ക് ഉമ്മാന്റെ അപ്പൂനെ അറിയുന്നതുപോലെ എനിക്കും എന്റെ അപ്പൂട്ടൻ അറിയാം. വിശ്വാസവുമാണ്..”
“അതിനു നീ എന്തിനാടി മണുങ്ങൂസേ നീ ഇപ്പൊ കരയുന്നേ….”
പെങ്ങൾ ആമിയുടെ കണ്ണ് നിറഞ്ഞപ്പോൾ അവന് വല്ലാണ്ടായി.. അവളുടെ മൂഡ് മാറ്റാൻ അവൻ കളിയാക്കി ചോദിച്ചു
അപ്പുവിനെ മണുങ്ങൂസ് എന്നുള്ള വിളി കേട്ടപ്പോൾ അവൾ ചിരിച്ചു..
അയൽപക്കത്തുള്ള ഗോപാലൻ ചേട്ടന്റെ അരുമ ഭാര്യയായിരുന്നു സാവിത്രി..
ആയിഷുമ്മയ്ക്ക് സ്കൂൾ കാലം തൊട്ട് മുതലേ അറിയുന്ന വേണ്ടപ്പെട്ട കൂട്ടുകാരി.
അസുഖമുള്ള സാവിത്രി പ്രസവത്തെ തുടർന്ന് മരണമടഞ്ഞപ്പോൾ ചോര കുഞ്ഞായ ഈ അപ്പുവിനെ മടിയിൽ കിടത്തി അമ്മിഞ്ഞപ്പാൽ നൽകി നോക്കി വളർത്തിയത് ആ സമയത്ത് ആമിയെനെ പ്രസവിച്ചു തൊട്ടയൽപക്കത്തു കിടന്ന ആയിഷുമ്മയായിരുന്നു…
ഒന്നര വയസ്സുവരെ രണ്ടു കുട്ടികളും ആയിഷുമ്മയുടെ അമൃതധാര ആകുന്ന ചൂചുകുലം നുകർന്നാണ് വളർന്നത്…!
ആ അമ്മിഞ്ഞപ്പാലിൽ മാധുര്യം അപ്പൂ കാക്കുക തന്നെ ചെയ്തു..
‘എന്റെ അപ്പൂന്റെ കോലം കണ്ടില്ലേ.. രണ്ട് ദിവസം കൊണ്ട് ആകെ കോലം കെട്ടു…”
അപ്പുവിനെ പത്തിരിയും കോഴിക്കറിയും വിളമ്പുമ്പോൾ ആയിഷുമ്മ അപ്പുവിനെ കണ്ടു പരിഭവപ്പെട്ടു പറഞ്ഞു..
“അതെ അതെ നിയ തണുക്കാൻ വച്ച കസ്കസ് ജ്യൂസ് എടുത്തുകൊടുക്ക്..അവന്റെ രാഷ്ട്രീയം അല്പം തണുക്കട്ടെ..”
“അയ്യോ ഒക്കെ നിർത്തിയേ…വാപ്പച്ചി ഇനി ഒന്നിനും ഇല്ലയെ..”
അപ്പുവിന്റെ തമാശ കേട്ട് എല്ലാവരും ചിരിച്ചു…!
അമ്മിഞ്ഞപ്പാലിന്റെ മഹാത്മ്യം -3
❤❤ ലൈക്കും കമന്റും ചെയ്യണേ…!
ശുഭം