ഒരു കൈക്കുഞ്ഞിനേയും കൈയ്യില്‍ പിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പുറകെ തന്നെ ലക്ഷ്മിയമ്മയും കയറി വന്നു…

മാനസസരസ്സ്

രചന: ദിപി ഡിജു

‘ഡോക്ടര്‍…. ഡോക്ടര്‍ ഒന്നു പെട്ടെന്ന് വരൂ…’

ആമിയെ കൈകളില്‍ കോരിയെടുത്ത് കൊണ്ട് കാഷ്വാലിറ്റിയിലേയ്ക്ക് ഓടി കയറിയതാണ് വിവേക്.

അവളുടെ ഇടത്തേ കൈത്തണ്ടയിലെ മുറിവില്‍ ഇറുകെ ചുറ്റി വച്ചിരുന്ന തുണിയില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു.

ഒരു കൈക്കുഞ്ഞിനേയും കൈയ്യില്‍ പിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പുറകെ തന്നെ ലക്ഷ്മിയമ്മയും കയറി വന്നു.

എവിടേയ്ക്ക് കിടത്തണം എന്നറിയാതെ ചുറ്റിനും നോക്കി നിന്ന വിവേകിനടുത്തേയ്ക്ക് ഒരു നേഴ്സ് ഓടി വന്നു.

‘ഇതാ… ഇങ്ങോട്ട് കിടത്തിക്കോളൂ… ലിസി സിസ്റ്റര്‍, ഡോക്ടറോട് ഒന്നു വരാന്‍ പറയൂ… ഒരു എമര്‍ജെന്‍സി കേസ് ആണെന്ന് പറയണേ…’

വിവേക് ആമിയെ കട്ടിലിലേക്ക് കിടത്തി അവളുടെ കവിളില്‍ മൃദുവായി ഒന്നു തലോടി.

‘ആമി… മോളെ… കണ്ണു തുറക്ക്… നിന്‍റെ വിവേകേട്ടനാണ് മോളെ… ഒന്നു കണ്ണു തുറക്ക്…’

‘നിങ്ങള്‍ ഒന്നു പുറത്തേക്കിറങ്ങി നില്‍ക്കണം മിസ്റ്റര്‍…’

കാഷ്വാലിറ്റിയിലേയ്ക്ക് കയറി വന്ന ഡോക്ടര്‍ ഗൗരവത്തോടെ പറഞ്ഞതും വിവേക് കണ്ണുകള്‍ ഷര്‍ട്ട് കൊണ്ട് തുടച്ചു ആമിയെ ഒന്നു നോക്കിയിട്ടു പുറത്തേക്കിറങ്ങി.

ആര്‍ത്തുക്കരയുന്ന കുഞ്ഞിനെ ലക്ഷ്മിയമ്മയുടെ കൈയ്യില്‍ നിന്നെടുത്ത് അയാള്‍ മാറോടണച്ചു.

‘അതേ… വിവേകേട്ടാ… വിവേ… കേട്ടാ….’

വിവേകിന്‍റെ നെഞ്ചില്‍ തലചേര്‍ത്ത് കിടന്നു കൊണ്ട് ആമി കൊഞ്ചി.

‘ഉംംംം…’

‘ഞാന്‍ ഒരു കാര്യം പറയട്ടെ…’

‘ഉംംംം…’

‘എന്തു പറഞ്ഞാലും ഉംംം ഉംംം… ഞാന്‍ പറയുന്നില്ല…’

അവള്‍ കെറുവിച്ചു മാറി കിടന്നു. വയറില്‍ അവന്‍റെ കൈകള്‍ ഇക്കിളി കൂട്ടിയതും അവള്‍ തിരിഞ്ഞു കിടന്നു മുഖം വീര്‍പ്പിച്ചു.

‘ഹാ… പിണങ്ങല്ലേടീ… എന്താ… പറഞ്ഞോ… എന്തു കാര്യമാണേലും ഞാന്‍ കേട്ടോളാം…’

‘തല്‍ക്കാലം ഞാന്‍ പറയുന്നില്ല…’

‘അങ്ങനെ പറയല്ലേ… എന്‍റെ ചക്കരയല്ലേ… മുത്തല്ലേ… പറയൂന്നേ…’

‘അതേ…’

‘അതേ…???’

‘എന്‍റെ കുളിതെറ്റീന്നാണ് തോന്നണേ…’

‘അതെന്താ…??? പൈപ്പില്‍ വെള്ളം വരുന്നില്ലേ…???’

‘ഹോ… ഇങ്ങനെ ഒരു മനുഷ്യന്‍… എന്തു കാര്യം പറഞ്ഞാലും ചുമ്മാ കളിയാക്കും…’

‘സത്യായിട്ടും എനിക്ക് മനസ്സിലായില്ലെടി… നീ എന്താ പറഞ്ഞേ…???’

അവള്‍ അവന്‍റെ വലതു കൈ എടുത്ത് അവളുടെ വയറ്റില്‍ വച്ചു.

‘അതേ… ഇവിടെ ഒരാളുണ്ടോ എന്നൊരു സംശയംന്ന്…’

‘സത്യം…???’

നാണത്തോടെ അവള്‍ തല കുലുക്കി. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

‘അമ്മയോട് പറഞ്ഞോ…???’

‘ഇല്ല… സംശയം തോന്നിയപ്പോള്‍ ആദ്യം ഏട്ടനോട് പറഞ്ഞിട്ടാകാം എന്നു കരുതി…. നാളെ പറയാം…’

‘ഞാന്‍ എന്തായാലും നാളെ ലീവ് വിളിച്ചു പറയാം… ഗീത ഡോക്ടറുടെ ഒരു അപ്പോയ്ന്‍റ്മെന്‍റ് എടുക്കാം…’

‘ഒരു കിട്ട് വാങ്ങി ആദ്യം പരിശോധിച്ചിട്ട് പോരെ…’

‘ഹേയ്… ഇതു അതു തന്നെ ആകുള്ളൂ… എന്‍റെ കിങ്ങിണിക്കുട്ടി…’

‘ഉവ്വ ഉവ്വ… ഇതേ എന്‍റെ കള്ളക്കണ്ണന്‍ ആണ്…’

‘ആരായാലും സാരമില്ല… പെട്ടെന്ന് ഇങ്ങോട്ട് വന്നു കിട്ടിയാല്‍ മതി…’

‘അയ്യോടാ… അതിനേ കുറച്ചുനാള്‍ കാത്തിരിക്കണം… ഒരു ഒമ്പതുമാസം കേട്ടോ…’

അവള്‍ കുട്ടികളെ പോലെ കിലുങ്ങിച്ചിരിച്ചു.

‘മിസ്റ്റര്‍ വിവേക്… ഈസ് ഈറ്റ് എ സൂയിസൈഡ് അറ്റംറ്റ്…???’

ഡോക്ടറിന്‍റെ മേശയിലേയ്ക്ക് കൈകള്‍ വച്ച് വിവേക് തല കുമ്പിട്ടിരുന്നു.

‘അതേ ഡോക്ടര്‍…!!!’

‘എന്തിനായിരുന്നു…??? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഇഷ്യൂസ്…???’

‘ഇല്ല ഡോക്ടര്‍… അങ്ങനെ ഒന്നുമില്ല… ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല… എന്‍റെ ആമി എന്തിനാണങ്ങനെ…!!!’

‘ഓക്കെ… നിങ്ങള്‍ പുറത്തേക്കിരുന്നോളൂ… ആ കുട്ടി കോണ്‍ഷ്യസ് ആയിട്ട് ഞാന്‍ ഒന്നു സംസാരിക്കട്ടെ… ആ കുട്ടിയുടെ ഡെലിവറി കഴിഞ്ഞിട്ട് എത്ര നാള്‍ ആയി…???’

‘മൂന്നു മാസം ആയി ഡോക്ടര്‍… തൊണ്ണൂറു കഴിഞ്ഞിട്ട് കഴിഞ്ഞ ആഴ്ച്ചയാണ് എന്‍റെ വീട്ടിലേയ്ക്ക് കൊണ്ടു വന്നത്…’

‘ഓക്കെ വിവേക്… ലെറ്റ് മീ ടോക്ക് ടൂ ഹേര്‍ ഫസ്റ്റ്…’

ഗര്‍ഭകാലം മുഴുവന്‍ സന്തോഷവും ആകാംക്ഷയും നിറഞ്ഞതായിരുന്നു.

‘വിവേകേട്ടാ… എനിക്ക് ഇത് വേണം…’

ഫേസ്ബുക്കില്‍ കൂട്ടുകാരി ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോയിലേയ്ക്ക് ചൂണ്ടി കാട്ടി കൊണ്ടാണ് ആമിയുടെ നില്‍പ്പ്.

ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം പുഡ്ഡിങ്ങ് ആയിരുന്നു അത്.

‘ആമീ… അവള്‍ യൂക്കെയില്‍ ഒക്കെ അല്ലെ… അവിടൊക്കെ ഇങ്ങനെയുള്ള സാധനങ്ങള്‍ ഒരുപാടു കിട്ടും… ഇവിടെ നമ്മുടെ നാട്ടില്‍ ഇതൊന്നും കിട്ടില്ല…’

‘എനിക്ക് വല്ലാണ്ട് കൊതി ആയിട്ടല്ലേ ചേട്ടാ… ഒന്നു എവിടുന്നേലും വാങ്ങി തരൂന്നേ…’

‘ഭഗവാനേ… ഈ ഗര്‍ഭിണികള്‍ക്ക് ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കണം എന്നൊക്കെ പറയും… പക്ഷെ ഇത്… നിനക്ക് വല്ല മസാലദോശയോ അല്ലേല്‍ പച്ചമാങ്ങയോ ഒക്കെ ആഗ്രഹിച്ചാല്‍ പോരെ…’

‘അല്ലേലും എന്‍റെ ആഗ്രഹത്തിനൊന്നും ഒരു വിലയും ഇല്ലല്ലോ…’

‘ഹാ… പിണങ്ങേണ്ട… വല്ലയിടത്തു നിന്നും കിട്ടുമോ എന്നു നോക്കാം…’

വിവേകിന്‍റെ ഒരു സുഹൃത്തിന്‍റെ സുഹൃത്ത് വഴി പലതരം പുഡ്ഡിങ്ങുകള്‍ വീട്ടില്‍ ഉണ്ടാക്കി കൊടുക്കുന്ന ഒരു സ്ത്രീയുടെ നമ്പര്‍ ഒപ്പിച്ചു.

‘1500 രൂപ വരും…’

‘1500…??? ആ സാരമില്ല… ചേച്ചി ഓര്‍ഡര്‍ എടുത്തോളൂ… എന്നു തരാന്‍ പറ്റും…???’

‘ഞായറാഴ്ച്ച മതിയോ…???’

‘ഹാ… മതി ചേച്ചി… കാശ് ഞാന്‍ ഓണ്‍ലൈന്‍ ഇടാമേ…’

ഫോണ്‍ കട്ട് ചെയ്ത് വിവേക് ദയനീയമായി ആമിയെ നോക്കി. ഒരു കള്ളച്ചിരിയോടെ അവള്‍ മുകളിലേക്ക് നോക്കി നിന്നു. അവളുടെ ആ നില്‍പ്പ് അവനിലും ചിരി ഉണര്‍ത്തി.

‘എന്നാലും എന്തിനാ അമ്മേ അവള്…??? ഞാന്‍ അവളോടു എന്തു തെറ്റ് ചെയ്തിട്ടാണ്… ഈ കുഞ്ഞിനെ പോലും അവള്‍ ഓര്‍ത്തില്ലല്ലോ…!!!’

‘എനിക്കറിയില്ല മോനെ… ഇന്നിപ്പോള്‍ ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ എന്‍റെ കുഞ്ഞ്…!!! ഓര്‍ക്കാന്‍ കൂടി വയ്യ…’

ഏഴാം മാസം വീട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള സമയം അവള്‍ വിവേകിനെയും ലക്ഷ്മിയമ്മയേയും കെട്ടിപിടിച്ചു കരഞ്ഞു.

ദിവസവും അവര്‍ ഇരുവരും അവളുടെ വീട്ടില്‍ ചെല്ലുകയും അവളുടെ ആവശ്യങ്ങള്‍ എല്ലാം ഒരു കുറവും കൂടാതെ നടത്തി കൊടുക്കുകയും ചെയ്തിരുന്നു.

‘അല്ലേ… ലക്ഷ്മിയമ്മേ… നാട്ടുനടപ്പ് അനുസരിച്ചു ഏഴാം മാസം കഴിഞ്ഞാല്‍ പെണ്‍കൊച്ചിന്‍റെ ചിലവെല്ലാം ഞങ്ങള്‍ പെണ്‍വീട്ടുകാര്‍ അല്ലേ നോക്കേണ്ടത്… ഞങ്ങള്‍ക്കും ഒരു അവസരം തരൂന്നേ…’

ആമിയുടെ അമ്മ പറയുന്നത് കേട്ട് ലക്ഷ്മിയമ്മ അവളുടെ നെറുകയില്‍ വാത്സല്യത്തോടെ തടവി.

‘ഇവള്‍ എന്‍റെ മകള്‍ അല്ലെ… അപ്പോള്‍ ഞങ്ങളും പെണ്‍വീട്ടുകാര്‍ തന്നെ…’

അവരുടെ മാറോടു ചേരുമ്പോള്‍ അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ ജലബിന്ധുക്കള്‍ കാണാമായിരുന്നു.

പ്രാര്‍ത്ഥനയോടെ ലേബര്‍ റൂമിന് പുറത്തു നിന്നിരുന്ന ലക്ഷ്മിയമ്മയുടെ കൈകളിലേയ്ക്ക് ഉണ്ണിക്കുട്ടനെ ഏറ്റുവാങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ തിരഞ്ഞത് ആമിയുടെ വിവരം അറിയാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന വിവേകിനെ ആയിരുന്നു.

അതേ ആശുപത്രി…!!! അതേ ഭാവം…!!!

‘ആമി സുഖമായിരിക്കുന്നു… കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റും…’

നേഴ്സിന്‍റെ നാവില്‍ നിന്നു വീണ ആ വാക്കുകള്‍ വിവേകില്‍ ആശ്വാസത്തിന്‍റെ തിരിനാളം തെളിച്ചു.

‘ഡോക്ടര്‍ നിങ്ങളെ കാണണം എന്നു പറഞ്ഞു…’

ഡോക്ടറുടെ റൂമിലേക്ക് നടക്കുമ്പോള്‍ വിവേകിന് തന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷ ആയിരുന്നു.

‘പ്രസവം കഴിഞ്ഞു വീട്ടില്‍ എത്തിയ ആമിയില്‍ എന്തെങ്കിലും മാറ്റം നിങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ…???’

‘അങ്ങനെ ചോദിച്ചാല്‍… അവള്‍ക്ക് നല്ല ടെന്‍ഷന്‍ ആയിരുന്നു എന്നാണ് തോന്നിയത്… അവളുടെ അമ്മയോട് ചോദിച്ചപ്പോള്‍ അത് എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ടാവും… തേച്ചുകുളിയും പ്രസവശുശ്രൂഷയും ഒക്കെ കഴിയുമ്പോള്‍ മാറിക്കോളും എന്നാണ് പറഞ്ഞത്…’

‘ഉംംം… അമിതമായ ദേഷ്യം… സങ്കടം… മറവി… അങ്ങനെ എന്തെങ്കിലും…???’

‘ആ… ശരിയാണ് ഡോക്ടര്‍ അവള്‍ക്ക് ആകെ ദേഷ്യവും സങ്കടവും ഒക്കെ ആയിരുന്നു… ഞാന്‍ കരുതിയത് രാത്രിയാണേലും പകല്‍ ആണേലും കുഞ്ഞിനെ ശ്രദ്ധിക്കാനുള്ളതു കൊണ്ട് ഉറക്കം ശരിയാകാത്തതിന്‍റെ ആകും അതെല്ലാം എന്നാണ്… കഴിഞ്ഞ ദിവസം കുഞ്ഞിന് പാല്‍ തിളപ്പിക്കാന്‍ വച്ചിട്ട് മറന്നു പോയിരുന്നു… പാല്‍ തിളച്ചു പാത്രം കരിയുന്ന മണം വന്നപ്പോഴാണ് അവള്‍ക്ക് അത് ഓര്‍മ്മ വന്നത്…’

‘അതിന് നിങ്ങള്‍ അവളെ ചീത്ത പറഞ്ഞിരുന്നോ…???’

‘ഇല്ല ഡോക്ടര്‍… അമ്മ വളരെ ശാന്തമായി ആണ് ‘ഇതൊക്കെ ശ്രദ്ധക്കണേ മോളെ’ എന്നു പറഞ്ഞത്… ഞാനും ഉണ്ടായിരുന്നു അവിടെ… അതും അവള്‍ക്ക് വലിയ സങ്കടം ആയി എന്നു തോന്നിയിരുന്നു…’

‘നിങ്ങളോട് ഏതെങ്കിലും രീതിയിലുള്ള വെറുപ്പോ മറ്റോ കാണിച്ചിരുന്നോ…???’

‘അങ്ങനെ ചോദിച്ചാല്‍… അവളുടെ അടുത്ത് ചെല്ലുമ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറിയിരുന്നു… ചിലപ്പോഴൊക്കെ കുഞ്ഞിനോടും എന്തോ ഇഷ്ടക്കുറവ് ഉള്ളതു പോലെയും എനിക്ക് തോന്നിയിട്ടുണ്ട്…’

‘ഉംംം… സീ മിസ്റ്റര്‍ വിവേക്… ആമിയോട് ഞാന്‍ സംസാരിച്ചിരുന്നു… നമ്മളില്‍ പല സാധാരണ ആളുകള്‍ക്കും അറിയാത്ത ഒരു സ്റ്റേജിലൂടെയാണ് ആ കുട്ടി കടന്നു പോകുന്നത്… ”പോസ്റ്റ് പാര്‍ട്ടല്‍ ഡിപ്പ്രഷന്‍” എന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ…???’

‘ഇല്ല ഡോക്ടര്‍… എന്താണത്…???’

‘പ്രസവം കഴിയുന്ന ഒത്തിരി സ്ത്രീകളില്‍ ഉണ്ടാകുന്ന ഒരു വിഷാദരോഗം ആണത്… ചിലര്‍ക്ക് ചെറിയ രീതിയില്‍… മറ്റു ചിലര്‍ക്ക് ഇത്തിരി സീരിയസ്സ് ആയി… ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പരിധി വരെ ഇതിനു കാരണമാകുന്നുണ്ട്… പെട്ടെന്ന് ഒരു അമ്മ എന്ന സ്ഥാനം തനിക്ക് ഏറ്റെടുക്കാന്‍ ആകുമോ…??? താന്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമാണോ…??? പ്രസവം കഴിഞ്ഞ തന്‍റെ ചുളിവ് വീണ ശരീരം ഇനി ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുമോ…??? ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍ ആ മനസ്സിനുള്ളില്‍ ഒരു പുഴ പോലെ ഒഴുകും… അതാണ് സാവധാനം ഇങ്ങനെ ഒരു വിഷാദാവസ്ഥയിലേയ്ക്ക് നയിക്കുന്നത്…’

‘ഡോക്ടര്‍… അപ്പോള്‍ ഇത് ഇനി മാറില്ലേ…???’

‘ആരു പറഞ്ഞു മാറ്റാന്‍ കഴിയില്ലെന്ന്…??? ചിലര്‍ക്ക് അത് താനെ മാറാറുണ്ട്… മറ്റു ചിലര്‍ക്ക് ട്രീറ്റ്മെന്‍റ് വേണം… അത്രേ ഉള്ളൂ… നിങ്ങളുടെ ചേര്‍ത്തു നിര്‍ത്തല്‍… തളര്‍ന്നു പോകുന്ന സമയത്തു നിങ്ങള്‍ നല്‍കുന്ന ധൈര്യം… അത് ഇതിനെല്ലാം ഉപരി ഉപകാരപ്പെടും… ഞാന്‍ തല്‍ക്കാലം കാര്യങ്ങള്‍ ആമിയെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്… ഇനി അവള്‍ക്ക് നിങ്ങളുടെ സപ്പോര്‍ട്ട് ആണ് വേണ്ടത്… മെഡിക്കല്‍ പാര്‍ട്ട് നിങ്ങള്‍ എനിക്കു വിട്ടോളൂ… അതിനെ കുറിച്ച് ആധി വേണ്ട… ആമിയെ ഷിഫ്റ്റ് ചെയ്തു കഴിയുമ്പോള്‍ യൂ കാന്‍ സീ ഹേര്‍…’

‘താങ്ക്യൂ സാര്‍…’

‘ആ… പിന്നെ വിവേക്… നിങ്ങളുടെ വീട്ടുകാരെയും ഇതെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം… കാരണം ഈ അവസ്ഥ അവള്‍ തരണം ചെയ്യാന്‍ നിങ്ങള്‍ എല്ലാവരും ഒരു പോലെ വിചാരിക്കണം… കേട്ടല്ലോ…???’

‘മനസ്സിലായി സാര്‍…’

ആശുപത്രി കിടക്കയില്‍ ജനലിനു വെളിയിലേക്ക് നോക്കി കിടക്കുകയായിരുന്നു ആമി. സ്റ്റിച്ച് ചെയ്ത ഭാഗത്തെ കരസ്പര്‍ശം അവളുടെ ചിന്തകളില്‍ നിന്ന് അവളെ ഉണര്‍ത്തി.

‘വിവേകേട്ടാ… ഞാന്‍…!!!’

‘ഒന്നും പറയേണ്ട… ഇങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു തരാന്‍ ആരുമില്ലാതെ പോയി… അതു കൊണ്ടാണ്… അതു കൊണ്ട് മാത്രം… ഇനി അനുവദിക്കില്ല… മനസ്സു കൊണ്ട് പോലും ഇങ്ങനെയൊന്നു ചിന്തിക്കാന്‍…’

കുഞ്ഞിവിരലുകള്‍ ചപ്പി വലിച്ചു കൊണ്ട് ലക്ഷ്മിയമ്മയുടെ കൈയ്യില്‍ ഇരിക്കുന്ന ഉണ്ണിക്കുട്ടനെ അവള്‍ കൈ നീട്ടി വാങ്ങി.

‘അമ്മയോട് ക്ഷമിക്കെടാ കുഞ്ഞാ…’

അവള്‍ ആ കുഞ്ഞിന്‍റെ നിറുകയില്‍ മൃദുവായി ചുംബിച്ചു.