ഇന്നത്തെ വിജയിയുടെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ഹാൾ ടിക്കറ്റ് മുഖ്യം ബിഗിലെ എന്ന്..

രചന: Darsaraj R Surya

നമസ്കാരം

ദൂരദർശൻ വാർത്തകളിലേക്കു സ്വാഗതം…..ഞാൻ ബാലകൃഷ്ണൻ…സംസ്ഥാനത്തു നാളെ മുതൽ S.S.L.C പരീക്ഷക്ക്‌ തുടക്കം…………..

നാളെ മുതൽ ആണ് ആ പ്രതിഭാസം ആരംഭിക്കുന്നത് എന്ന് അറിയാമെങ്കിലും ബാലൻ ചേട്ടന്റെ കടുകട്ടി സ്വരത്തിൽ ഒന്നൂടെ അത് ഓർമ്മിപ്പിച്ചപ്പോൾ ഉള്ളിൽ എന്തോ ഒരു പേടി പിന്നെയും പൊന്തി വന്നു… കാരണം അത്രക്കും മീതെ ആണ് വീട്ടുകാരും നാട്ടുകാരും അധ്യാപകരും കൂടി പത്താം തരം പരീക്ഷയെ വർണ്ണിച്ചു തന്നിരിക്കുന്നത്… ഇതാണ് ജീവിതത്തിന്റെ സുപ്രധാന വഴി തിരിവ്, ഇതിനപ്പുറം ഒന്ന് തല്ക്കാലം ഇല്ലത്രേ!!!!!!!!!!!!!!

ഈ വർഷം മുതൽ ഗ്രെയിഡിങ് സമ്പ്രദായം ആണ് മാർക്ക്‌ നിർണ്ണയിക്കുന്നത്, IT ഉള്ളതാണ് ഏക ആശ്വാസം !!!!!!! കൃഷ്ണാ,,,,, ഒരു A+ എങ്കിലും കിട്ടാൻ ഇടവരുത്തണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു…….

പരീക്ഷക്ക്‌ ഒരു മാസം മുമ്പേ സ്വയം പഠിക്കാൻ ടൈം ടേബിൾ ഒക്കെ സെറ്റ് ചെയിത ഞാൻ, എന്നിട്ട് പഠിച്ചു തുടങ്ങിയതോ പരീക്ഷയുടെ തൊട്ട് മുമ്പുള്ള ദിവസം മുതൽ…….

പുലർച്ചെ 4:30 നു അലാറം കേട്ടോണ്ട് ഞെട്ടി ഉണർന്നു…SSLC പരീക്ഷ ആയത് കൊണ്ടുള്ള അമ്മയുടെ സ്പെഷ്യൽ ട്രെയിനിങ് !!! അല്ലാണ്ട് അന്നൊക്കെ ആ കൊച്ചുവെളുപ്പാൻകാലത്ത്‌ ഞാൻ എഴുന്നേറ്റിരുന്നു പഠിക്കാനോ !!!!!!! ഓരോ ഗദ്യവും പദ്യവും എഴുതിയ മഹത് വ്യക്തികളേയും അവരെ കുറിച്ചുള്ള വിവരണങ്ങളും ലേബർ ഇന്ത്യ നോക്കി കാണാ പാഠം പഠിച്ചു…ഫൈനൽ ടച്ച്‌ അപ്പ് ആയത്കൊണ്ട് എന്ത് കിട്ടിയാലും വായിക്കാൻ തക്ക തിടുക്കത്തിൽ ആയിരുന്നു….അപ്പോഴാ പണ്ടെങ്ങോ വാങ്ങിയ കൊച്ചുത്തുമ്പിയും കൂട്ടുകാരും കണ്ടത്…ഒരു കാലത്ത് പാവങ്ങളുടെ ലേബർ ഇന്ത്യ ആയിരുന്നു

“കൊച്ചുത്തുമ്പിയും കൂട്ടുകാരും”….അതും ഓടിച്ചു വായിച്ചു….. എല്ലാം കൂടെ ഒരു അവിയൽ പരുവമായി !!!! എന്നാലും സാരമില്ല ഒരു വഴിക്ക് പോകയല്ലേ ഇരിക്കട്ടെ…….ഞാൻ ഒരു മിഡിൽ ബെഞ്ച് വിദ്യാർത്ഥിനി ആയിരുന്നു, കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ പഠിപ്പിസ്റ്റും അല്ല, ഉഴപ്പിയും അല്ല…. അതിന്റെ ഗുണവും ദോഷവും വഴിയേ പറയാട്ടോ……………..

ഒടുവിൽ പരീക്ഷക്കു പോകാൻ ടൈം ആയി…..

ഇന്നത്തെ വിജയിയുടെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ഹാൾ ടിക്കറ്റ് മുഖ്യം ബിഗിലെ എന്ന് അമ്മ നൂറു വട്ടം വിളിച്ചു പറയുന്നുണ്ട്….. സകല ദൈവങ്ങളേയും പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പരീക്ഷക്ക്‌ പുറപ്പെട്ടു… അങ്ങനെ സ്കൂൾ എത്തി…. ഈശ്വര എന്തേലും മറന്നോ? ഏയ് ഇല്ല…. അടുത്ത ചടങ്ങ് ഏത് ക്ലാസ്സ്‌ ആണെന്ന് കണ്ടെത്തണം..ഒടുവിൽ കണ്ടെത്തി എന്റെ പഴയ ക്ലാസ്സ്‌ ആയിരുന്ന 8B…വല്യ കാര്യത്തിൽ ഒന്നൂടെ ഹാൾ ടിക്കറ്റ്, നമ്പർ ബോർഡിലെ എഴുത്തുമായി ഒത്തുനോക്കിയപ്പോൾ ലാസ്റ്റ് ഒരു നമ്പർ മാറ്റം… ലാസ്റ്റ് ഡിജിറ് 80 വരെ ആയിരുന്നു ആ ക്ലാസ്സിൽ…

എടീ,നമ്മൾ 8 C യിൽ ആണ് എന്ന് പറഞ്ഞോണ്ട് ചങ്കത്തി സായൂജ്യ എന്നേം കൊണ്ടു അവിടേക്ക് പോയി……………..

ഇനി ഒരു മണിക്കൂർ കൂടി ഉണ്ട് എക്സാം തുടങ്ങാൻ……………………

ചെറുതല്ലാത്ത ഇച്ചിരി വല്യ ടെൻഷൻ പിന്നെയും ഉടലെടുത്തു….അടുത്തിരിക്കുന്ന ടീനയോടു ഞാൻ ചോദിച്ചു, ഡി വല്ലതും പഠിച്ചോടി?? എനിക്കാണേൽ നല്ല ടെൻഷൻ … അവൾ ക്ലാസ്സിലെ ബുജി ആണ്. അവളിൽ നിന്നും എന്ത് പ്രതികരണമാണോ ഞാൻ പ്രതീക്ഷിച്ചത് അത് തന്നെ കിട്ടി…അവൾ ഇപ്രകാരം പറഞ്ഞു…

“എന്റെ കൊച്ചേ, ഞാൻ ഒന്നും നോക്കിയില്ലെടി….എന്ത് എഴുതുമോ എന്തോ !!!!ശോ….പേടി ആവുന്നു”

അവളുടെ കണ്ണ് കണ്ടാൽ അറിയാം, ഇന്നലെ ഒരു പോള കണ്ണടക്കാതെ കുത്തി ഇരുന്നു പഠിച്ചിട്ടാണ് വന്നത് എന്ന് 😏 പിന്നെ ആരെ കാണിക്കാൻ ഈ നാടകം !!!!

തൊട്ടപ്പുറത്ത് കൂട്ടത്തിലെ താന്തോന്നി ഷാനിഫ, ഓരോ ഓരോ തുണ്ടുപേപ്പറുകൾ വെട്ടി സെറ്റ് ആക്കി പരീക്ഷയെ എതിരിടാൻ തയ്യാറായി ഇരിക്കുന്നു… ഈശ്വര, മലയാളത്തിനു വരെ ഇവൾ ഇങ്ങനെ ആണെങ്കിൽ ബാക്കി വിഷയങ്ങൾക്കോ !!!!

എന്തായാലും സമയം കളയാതെ ഒന്നൂടെ എല്ലാം ഓടിച്ചു വായിച്ചു…. സത്യം പറഞ്ഞാൽ ആ അവസാന ഘട്ട വായന ആണ് ഉള്ളത് കൂടി പോയിപ്പിച്ചത്…. അത് വരെ കൃത്യമായി പഠിച്ചു വെച്ച കൃതികൾ എഴുതിയവരുടെ പേരും വിവരവും ആകെ പാടെ കുഴഞ്ഞു മറിഞ്ഞു… മെല്ലെ ബുക്ക്‌ അടച്ചു… ഉള്ളതൊക്കെ മതി !!!!

മറ്റേതോ സ്കൂളിൽ നിന്നുള്ള ടീച്ചർ ആണ് ക്ലാസ്സിൽ നിൽക്കുന്നത് എന്ന് BBC ദേവു വഴി അറിഞ്ഞു….ബെൽ മുഴങ്ങി, എങ്ങും നിശബ്ദത….ദാ ഒരു കാർട്ടണുമായി ടീച്ചർ എത്തി…. ചോദ്യ പേപ്പർ ആണോ പണക്കിഴി ആണോന്നു തെല്ലു സംശയിച്ചു, ഇജ്ജാതി പൊതിയൽ !!!!!!!!

കണ്ണാടിയൊക്കെ വെച്ച് ഇച്ചിരി കലിപ്പ് എന്ന് പറയാൻ പറ്റിയ ഒരു ടീച്ചർ. പുള്ളിക്കാരി വന്ന ഉടനെ മേശയൊക്കെ കുറച്ചൂടെ അകലത്തിൽ ഇടീപ്പിച്ചു…..നാഴികക്ക് നാൽപ്പതു വട്ടം സൈലെൻസ് പ്‌ളീസും വെച്ച് കാച്ചി…………പോരാഞ്ഞിട്ട് കണ്ണ് ഉരുട്ടി പഞ്ചു ഡയലോഗ് ഉം….

“മൊട്ടു സൂചി വീണാൽ പോലും എനിക്ക് കേൾക്കണം”

ഇതിനുമാത്രം മൊട്ടുസൂചികൾ ഈ പരീക്ഷ ഹാളിൽ എവിടന്നു ആണോ ആവോ 🙏

ഫസ്റ്റ് ബെൽ കേട്ടാൽ ഉടൻ ചോദ്യ പേപ്പർ തരും, ആദ്യത്തെ 15 മിനിറ്റ് വായിക്കാൻ ആണത്രേ !!! ഞാൻ ഏറ്റവും പുറകിലെ ബെഞ്ചിൽ ആയിരുന്നു… എന്റെ ബെഞ്ചിന്റെ അങ്ങേ അറ്റത്തു ഫ്രീക്കി സയനോര !! ഞങ്ങൾ എല്ലാം ടെൻഷൻ അടിച്ചു ഇരുന്നപ്പോൾ അവൾ കളർ പൗഡറും ലിപ്സ്റ്റിക്കും വാരി പൊത്തുക ആയിരുന്നു ആരും കാണാതെ… പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ചിലപ്പോൾ പത്രക്കാര് SSLC പരീക്ഷയുടെ ആദ്യ ദിവസത്തെ ആർട്ടിക്കിളിൽ ഇടാൻ ഫോട്ടോ എടുക്കാൻ വന്നാലോ!!!!!!!!!

ബാഗ് എല്ലാവരും പുറത്ത് കൊണ്ടുപോയി വെക്കാൻ പറഞ്ഞു !!! എന്തിനേറെ, പരീക്ഷ ബോർഡ് പോലും. പൂച്ചക്കണ്ണൻ വിനീതിന്റെ ഫോട്ടോ ഒട്ടിച്ച ബോർഡ്‌ മനസ്സില്ലാ മനസ്സോടെ ഞാൻ പുറത്ത് കൊണ്ടിട്ടു……

എല്ലാവരുടേയും ഹാൾ ടിക്കറ്റ് പരിശോധിച്ച ശേഷം ടീച്ചർ അപ്പുറത്തോട്ടു എന്തിനോ പോയ തക്കത്തിൽ ഞങ്ങൾ കുശു കുശുപ്പ് തുടങ്ങി…..മടങ്ങി വന്ന ടീച്ചർ എഴുതാൻ ഉള്ള പേപ്പർ തന്നു !!! ഇതു ഒരു ബുക്ക്‌ പോലെ ഉണ്ടല്ലോ !!! സത്യം പറഞ്ഞാൽ സാധാരണ A4 സൈസ് പേപ്പർ ആയിരിക്കുമെന്നാ ഞാൻ വിചാരിച്ചത്.. പക്ഷെ ഇത് !!!

എല്ലാവരും ഹാൾ ടിക്കറ്റ് നമ്പറും വിഷയവുമൊക്കെ എഴുതാൻ തുടങ്ങി…അത് എഴുതാൻ തന്നെ അപ്പുറത്തെ പേപ്പർ കോപ്പി അടി തുടങ്ങി…

എടി, ഈ കോളത്തിൽ എന്താ?? മറ്റേലോ??

ടീച്ചർ പിന്നേയും കണ്ണുരുട്ടി…

സൈലെൻസ് 🤫

ഹാൾ ടിക്കറ്റ് ഇല്ലാത്തവർ ആരേലും ഉണ്ടോ?? ടീച്ചർ എടുത്ത് എടുത്ത് ചോദിച്ചു.. ഭാഗ്യത്തിന് ആരും ഇല്ലായിരുന്നു… ഒരാൾ ഇനിയും എത്തിയിട്ടില്ല പരീക്ഷക്ക്‌ !!! സാന്ദ്ര….അവൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ വെറും 5 മിനിറ്റ് മതി….ക്ലാസ്സിൽ ആണേലും അവൾ ലേറ്റ് ആയെ വരൂ… എന്നാലും അവൾ ഇന്ന് നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചു….. എവിടന്ന്!!!!!!!

ദാ എത്തി പോയി, ടീച്ചറിന്റെ കയ്യിൽ നിന്നും പൊങ്കാലയും ഏറ്റു വാങ്ങി അവൾ ബെഞ്ച് അന്വേഷണം തുടങ്ങി..ഒടുവിൽ എന്റെ തൊട്ടു മുന്നിൽ വന്നിരുന്നു…ബെൽ മുഴങ്ങി..ചോദ്യ പേപ്പർ പൊട്ടിച്ചു………

ടെൻഷൻ ഇരട്ടി ആയി, ഇരു കയ്യും നീട്ടി ചോദ്യ പേപ്പർ വാങ്ങി തലങ്ങും വിലങ്ങും അനുഗ്രഹിച്ചു…….

ഇനി 15 മിനിറ്റ് വായന ആണ്……………..

ആദ്യ വായനയിൽ കിളി പറന്നെങ്കിലും ഇരുത്തി വീണ്ടും വീണ്ടും വായിച്ചപ്പോൾ ചോദ്യങ്ങൾക്കു അനുസരിച്ചുള്ള ഉത്തരങ്ങളൊക്കെ കിട്ടി തുടങ്ങി…..പക്ഷെ ചോദിക്കില്ല എന്ന് വിചാരിച്ചു കാര്യമായിട്ട് വായിക്കാതെ പോയ പലതും ദാ കിടക്കുന്നു ഒരു പുറത്തിൽ കവിയാതെ എന്ന ഭീഷണിയോടുകൂടി….എനിക്കാരേം മുഖം കാണാൻ പറ്റുന്നില്ല അവസാനത്തെ ബെഞ്ച് ആയോണ്ട് !!!അടുത്തിരിക്കുന്ന ടീന ആവട്ടെ ഏതാണ്ട് മിഥുനത്തിലെ ഇന്നസെന്റ് ചേട്ടന്റെ മുഖ ഭാഗം !!! ഉത്തരം ഒന്നും അറിയാത്ത ഇരിപ്പായിരുന്നോ അതോ അവൾ പഠിച്ചത് മുഴുവനും വന്നതിന്റെ അഹംങ്കാരം ആയിരുന്നോ എന്ന് ആർക്കറിയാം !!!!!!!!!

അങ്ങനെ വായന സമയം കഴിഞ്ഞു… നീണ്ട ബെല്ല്‌ മുഴങ്ങി…. ശാർക്കര ദേവി ക്ഷേത്രത്തിൽ കൊണ്ടു പോയി പൂജ ചെയ്യിപ്പിച്ച നീല റെയ്നോൾഡ്സും ആയി ഞാൻ അങ്കം കുറിക്കാൻ തുടങ്ങി…. ഡീ രണ്ടു പേന ഉണ്ടോ എന്ന് ഭാഗ്യത്തിന് ക്‌ളീഷേ ഉണ്ടാക്കാൻ ആരും ചോദിച്ചില്ല………….

അപ്പുറത്തെ വീട്ടിലെ രഞ്ജിനി ചേച്ചി ഇന്നലെ ടിപ്പ് ആയി പറഞ്ഞു തന്നത് ഞാൻ വേദ വാക്യം പോലെ അനുസരിച്ചു…..ഒന്നാമത് ആയി സമയം നോക്കി ഓരോ ചോദ്യവും നേരിടണം… ഇന്ന ചോദ്യത്തിന് ഇത്ര മിനിറ്റ് എന്ന തോതിൽ….
രണ്ടാമത്തെ ഉപദേശം,അറിയാവുന്ന ചോദ്യങ്ങൾ ആദ്യമേ എഴുതി പോകുക… ഇത് രണ്ടും പാലിച്ചുകൊണ്ട്‌ എഴുതി തുടങ്ങി….ആദ്യത്തെ പേജിലെ എന്റെ കയ്യക്ഷരം തിടമ്പ് അണിഞ്ഞു നിൽക്കുന്ന കൊമ്പനെ പോലെ ആയിരുന്നു…. പക്ഷെ പിന്നീടുള്ള പേജുകൾ പ്രസ്തുത കൊമ്പന് മദമിളകിയ പോലെ ആയി പോയി….

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ടീച്ചറിന് ചായ എത്തി… ആ തക്കത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ ഉത്തരങ്ങൾ കൈ മാറാൻ ശ്രമിച്ചു….പക്ഷെ ഒന്നും നടന്നില്ല………….പരീക്ഷക്ക്‌ കാണിച്ചു തരാമെന്നൊക്കെ പറഞ്ഞ വിപഞ്ചിക പേപ്പർ കിട്ടി കഴിഞ്ഞ ശേഷം ഒറ്റ എണ്ണത്തിനെ ഗൗനിച്ചില്ല !ദുഷ്ട്ടത്തി 😏…..

പഠിപ്പി ടീന ദാ അഡീഷണൽ ഷീറ്റും വാങ്ങി…. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി, ഇവൾ ഇത് എന്തോന്ന് എഴുതുന്നത് !!! ഇവിടെ മനുഷ്യൻ ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം വിട്ട് വിട്ട് എഴുതിയിട്ടും ഇരുപുറവും കൂട്ടി 5 പോലും ആയില്ല……………

ഞാനും വിട്ടുകൊടുത്തില്ല, എന്തൊക്കെയോ എഴുതി കൂട്ടി…. ഏതാണ്ട് രണ്ടു മണിക്കൂർ അടുത്തപ്പോൾ ഷാനിഫയുടെ തുണ്ട് പേപ്പർ, ടീച്ചർ പൊക്കി….കൂട്ട ചിരി ആയി ക്ലാസ്സിൽ…. ടീച്ചറെ കോപ്പി എന്ന് എഴുതല്ലെന്നും പറഞ്ഞു അവൾ കണ്ണീർപന്തൽ ഉണ്ടാക്കി പരീക്ഷ ഹാളിൽ… ഒടുവിൽ ടീച്ചർ വെറുതെ വിട്ടു..പുരുഷ കേസരങ്ങൾ ഇത് വായിക്കും എന്ന് അറിയാവുന്നതുകൊണ്ട് അവൾ തുണ്ട് ഒളിപ്പിച്ച ശരീരഭാഗം തല്ക്കാലം ഞാൻ വിഴുങ്ങുന്നു…. പക്ഷെ ആ അവൾ ഇന്ന് കാര്യവട്ടം ക്യാംപസിലെ ഇംഗ്ലീഷ് ലെക്ച്ചറർ ആണ് 😊

ഏതാണ്ട് സമയം തീരാറായി, സായൂജ്യ ദാ പേപ്പറും കൊണ്ടു പോണു,, അവൾക് ടാഗ് പോലും വേണ്ടി വന്നില്ല… പക്ഷെ അരമണിക്കൂർ കഴിഞ്ഞിട്ടേ ടീച്ചർ അവളെ വിട്ടോളു…. ബാക്കി എല്ലാവരും എഴുത്തോട് എഴുത്ത്…. ചിലപ്പോൾ ഒരു മാർക്ക്‌ വ്യത്യാസത്തിൽ വല്ലോം A+ പോയാലോ !! ഞാനും തകർത്തു….. അവസാന ബെല്ലിനു തൊട്ടു മുമ്പത്തെ ബെൽ അടിച്ചു…. ഇനി പേപ്പർ പിൻ ചെയ്തിട്ട് മതി എഴുത്ത് എന്ന് ടീച്ചർ ഓർമ്മിപ്പിച്ചു…. അഡീഷണൽ ഷീറ്റുകൾക്കു വേണ്ടി കൈകൾ പല ദിക്കിൽ നിന്നും പൊങ്ങി വന്നു……

നിർത്തിക്കോ എന്ന് പറഞ്ഞിട്ട് ടീച്ചർ പേപ്പർ ഓരോന്നായി വാങ്ങി തുടങ്ങി….ഒന്ന് ഓടിച്ചു വായിച്ചിട്ടു പേജുകൾ ഓരോന്നായി എണ്ണി തിട്ടപ്പെടുത്തുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ….. പക്ഷെ ആ ഫീൽ ആസ്വദിച്ചു തീരും മുമ്പേ ടീച്ചർ പേപ്പറും വാങ്ങി പോയി…….

എക്സാം കഴിഞ്ഞിറങ്ങിയ എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു “കുഴപ്പമില്ല “……..

വീട്ടിൽ ചെന്ന ഉടൻ ചോറ് പോലും തിന്നാതെ ഞാൻ തന്നെ എനിക്ക് മാർക്ക്‌ ഇടാൻ തുടങ്ങി…കൂട്ടി കിഴിച്ചൊക്കെ നോക്കിയപ്പോൾ ഏതാണ്ട് കാലാവസ്ഥ പ്രവാചകരെ പോലെ A+ കിട്ടാനും കിട്ടാതിരിക്കാനും ചിലപ്പോൾ B വരെ ആയി പോവാനും ചാൻസ് കണ്ടു !!! ഒന്നുറപ്പിച്ചു തോൽക്കില്ല…….. ആശ്വാസം !!!!!!

കുളി പിന്നെ ആവാം, ചോറ് കഴിക്കാൻ വേണ്ടി കൈ കഴുകാൻ നോക്കിയപ്പോൾ കൈ വെള്ള മുഴുവനും റെയ്നോൾഡ്സ് കുത്തുകൾ !!!! ഉത്തര കടലാസ് എന്റെ കൈ ആണോന്നു തോന്നിപോയി ഒരു നിമിഷം.. … അന്നും ഇന്നും എനിക്കറിയില്ല ഈ എഴുതുമ്പോൾ ഏത് സമയത്താ ഇത്തരം കുത്തുകൾ കൈവെള്ളയിൽ പതിയുന്നത് എന്ന് 🙏🙏🙏🙏🙏🙏🙏

എന്തായാലും മലയാളം റിസൾട്ട് വന്നപ്പോൾ എനിക്ക് പഠിപ്പിസ്റ്റ് ടീനയെക്കാൾ മാർക്ക്‌ കിട്ടി…..

എല്ലാവരും 10 A+ കിട്ടുമെന്ന് പറഞ്ഞോണ്ട് നടന്ന മിക്ക ബുജികൾക്കും അഞ്ചിലും ആറിലും ഒതുങ്ങേണ്ടി വന്നു.. എന്നാൽ നമ്മൾ ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത എന്റെ ചങ്ക് കൂട്ടുകാരി, അതിനുപരി നമ്മുടെ മിഡിൽ ബെഞ്ചിന്റെ ക്യാപ്റ്റൻ അനുരാധ 10+ വാങ്ങി സ്റ്റാർ ആയി….

ഒരേ ഒരു കാരണം !!!! ഞങ്ങൾ മിഡിൽ ബെഞ്ചേഴ്‌സ് ചിലപ്പോൾ അങ്ങനെയാ ചില നേരത്ത് വേറെ ലെവലാ !!!! A+ കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ച ഈ എനിക്ക് ഐ.ടി. ക്കു കിട്ടിയതോ D+ !!!!!!!!!!!!!!!!!!!

ഞങ്ങളുടേതായ ദിവസങ്ങളിൽ ഏത് കൊമ്പനെ വേണേലും മലർത്തി അടിക്കാനും, ചില ദിവസങ്ങളിൽ ഏത് കുഞ്ഞന്റെ മുമ്പിൽ വരെ തോൽക്കാനും ഞങ്ങൾ ആവറേജ് പിള്ളേർ റെഡി 😉😉😉

10 ആം ക്ലാസ്സിലെ എക്സാം ഹാളിൽ നിന്നും തല്ക്കാലം വിട പറഞ്ഞുകൊണ്ട് നിങ്ങളുടെ സ്വന്തം

യുവിദ്ര ലക്ഷ്മി ✍️