രചന: ദിവ്യ കശ്യപ്
“ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വരച്ചാൽ മുറ്റം തൂപ്പ് ആവില്ല..നല്ല പോലെ വീശി തൂക്കണം…ചവറു വകഞ്ഞു വെക്കുകയല്ല വേണ്ടത്…തൂത്ത് കൂട്ടി വാരി കത്തിച്ചു കളയണം….”
രാവിലെ എഴുന്നേറ്റ്… എഴുന്നേറ്റ ക്ഷീണം തീർക്കാൻ ഒന്ന് മൂരി നിവർത്തി അടുക്കളപ്പടിയിൽ നിന്നൊന്നൂയർന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ വനജാമ്മെടെ ശബ്ദം കേട്ടത്…
നിന്നിടത്ത് നിന്ന് ഒന്നുകൂടി എത്തി നോക്കി..പോരാ… കാഴ്ച അത്ര വ്യക്തമല്ല…മതിലിനടുത്ത് ചെന്നു നിന്നു വീണ്ടുമോന്ന് എത്തി നോക്കി…നോ രക്ഷ…
“പൊക്കമില്ലയ്മയാണ് എൻ്റെ പൊക്കം”..എന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിനെ സ്മരിച്ചു കൊണ്ട് അവിടെ കിടന്ന രണ്ടിഷ്ടിക എടുത്തിട്ട് അതിനു മേലെ കേറി നിന്ന് എത്തി നോക്കി..ബാലൻസ് തെറ്റി വീഴാൻ പോയപ്പോൾ കയറി പിടിക്കാനാഞ്ഞത് ഒരു മുള്ളുമുരിക്കിലായിരുന്ന്…”ഹൊ..രാവിലെ തന്നെ കാര്യ തടസമാണല്ലോ മഹാദേവ…” മുഖം ചുളിച്ചു കൊണ്ട് ഒരു അഡ്ജസ്റ്റ്മെൻ്റിൽ മുരിക്കിൽ പിടിച്ചു നിന്നു കൊണ്ട് മതിലിനപ്പുറത്തേക്ക് നോക്കി…
അപ്പുറത്തെ വനജാമ്മ കഴിഞ്ഞയാഴ്ച മകൻ ബിൻഷു കെട്ടി കൊണ്ട് വന്ന പുതുപെണ്ണിനെ മുറ്റം തൂക്കാൻ പഠിപ്പിക്കുകയാണ്…ചൂലും പിടിച്ചു കൊണ്ട് പേടി വന്ന മുഖത്തോടെ നിൽക്കുന്ന ആ കൊച്ചിനെ കണ്ടൂ എനിക്ക് സങ്കടം തോന്നി…എന്നേലും മൂന്നോ നാലോ വയസ് ഇളപ്പമെ കാണൂ…പഠിച്ചൊണ്ട് നടക്കുന്ന കൊച്ചാണ് എന്നാരോ പറഞ്ഞു കേട്ടിരുന്നു…ലോക് ഡൗൺ കല്യാണം ആയത് കൊണ്ട് ഞങ്ങളാരും പോയില്ലാരുന്നു…
ഞാനെൻ്റെ മുറ്റത്തേക്ക് നോക്കി..ടൗക്ക്തെ ചുഴലിക്കാറ്റ് അത്തപ്പൂക്കളം തീർത്ത മുറ്റം…പറമ്പിലെ സകലമാന മരത്തിൻ്റെ ഇലകളും കാറ്റ് ചുഴറ്റി കൊണ്ട് വന്നു പൂമുഖത്ത് തന്നെ ഇട്ടിട്ടുണ്ട്…””അവിടെ കിടക്കട്ടെ…””ഞാൻ കാശൂട്ടൻ്റെ ബൂസ്റ്റ് അടിച്ചു മാറ്റി ഒരു ചായയിട്ട് കുടിക്കാൻ അടുക്കളയിലേക്ക് കയറി…
പ്രാതലിന് ദോശയുണ്ടാക്കിയിട്ട് സാമ്പാർ ഉണ്ടാക്കാൻ മടിയായത് കൊണ്ട് ഒരു തട്ടിക്കൂട്ട് ചമ്മന്തി ഉണ്ടാക്കി കഴിച്ചിട്ട് എല്ലാവരും കഴിച്ച പാത്രവുമായി പുറത്തെ വാഷ് ബേസ്സ്‌നിൽ കഴുകാൻ കൊണ്ട് വന്നപ്പോഴാണ് മതിലിനപ്പുറത്ത് നിന്നും വനാജാമ്മ ഒരു പാത്രം മതിലിനു ഇപ്പുറത്ത് നിൽക്കുന്ന എൻ്റെ അമ്മയുടെ (അമ്മായിയമ്മ) കയ്യിലേക്ക് കൊടുക്കുന്നത് കണ്ടത്…
ആഹ… വനജാമ്മ എന്തോ സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട്…അതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ അങ്ങോട്ട് തന്നെ നോക്കി നിന്നു…
“അല്ലെങ്കിൽ രാജിച്ചെച്ചി തന്നെ പറ…ഇങ്ങനെയാണോ പുട്ട് ഉണ്ടാക്കൂന്നെ. ഇതിൽ എവിടാ പീര… പീരയുടെ ഒരംശം ഉണ്ടോ ഇതിൽ…??”
“പോട്ടെ വനജെ…ഇത്തിരി പീരയുടെ പോരായ്മ അല്ലെയുള്ളു… പീര ഇല്ലെങ്കിൽ നീയിത്തിരി പീരയിട്ടങ്ങു കഴിച്ചേക്കണം… അത്രയല്ലേയുള്ളു…”
അവരുടെ അടുക്കളപ്പടിക്കും അപ്പുറം ദയനീയമായ ആ മുഖം ഞാൻ അപ്പോഴും കണ്ടൂ…””പാവം””
ഉച്ചയ്ക്കും കേട്ടു വനാജാമ്മെടെ ഒച്ച…
“വെറുതെ മയക്കി വെച്ചാൽ പാത്രം വൃത്തിയാവില്ല…സോപ്പും ചകിരിയും ഇട്ട് തേച്ചു കഴുകി വൃത്തിയാക്കി വെയ്ക്കണം… ഇങ്ങനൊക്കെയാവും വീട്ടിലും…”
അവരുടെ ജനലഴികൾക്കപ്പുറം ഇത്തവണ ഞാൻ ആ നിറഞ്ഞ മിഴികൾ കണ്ടൂ…പേടിയോടെ വനജാമ്മെടെ പുറകിൽ നിന്ന്…ഇട്ടിരിക്കുന്ന ചുരിദാറിൽ നനഞ്ഞ കൈ തുടച്ചു കൊണ്ട് നിൽക്കുന്ന…അവളെ…
അറിയാതെ ആ കണ്ണുകൾ ഇങ്ങോട്ട് വന്നപ്പോൾ എൻ്റെതുമായി കൂട്ടിമുട്ടി…ഞാൻ കണ്ണടച്ച് കാണിച്ചു..കൈകൊണ്ട് സാരമില്ല എന്നും…അത്രേ എനിക്ക് പറ്റുകയുള്ളായിരുന്നു….
ഒപ്പം വനജാമ്മയുടെ എല്ലാം തികഞ്ഞ…ആദ്യമൊക്കെ കെട്ടിച്ച വീട്ടിൽ രണ്ടാഴ്ച തികച്ചു നിൽക്കാത്ത സ്വന്തം മോളെ നല്ലത് പോലെ ഒന്ന് സ്മരിച്ചു…
………………………
വൈകിട്ട് മൊബൈലിൽ തോണ്ടി ഇരിക്കുമ്പോൾ അമ്മ വന്നു പറഞ്ഞു…
“തുണിയോന്നും എടുക്കുന്നില്ലേ അയയിൽ നിന്നും…?? മഴക്കാറുണ്ട്…നന്നായി ഉണങ്ങിട്ടുണ്ടാവില്ല…”
“മ്മ് …എടുക്കാൻ പോവാ…”ഞാൻ വീണ്ടും ഒരു അര മണിക്കൂർ കൂടി അവിടിരുന്നു മൊബൈലിൽ തൊണ്ടിക്കൊണ്ട്…
കുറച്ച് കഴിഞ്ഞ് ആടിപ്പാടി തുണി എടുക്കാൻ ചെന്നപ്പോൾ അവിടം ശൂന്യമായിരുന്നു… അമ്മ ഉണങ്ങാത്ത തുണികൾ മുകളിൽ കൊണ്ട് പോയി വിരിച്ച് ..ഉണങ്ങിയ തുണികൾ ഞങ്ങളുടെ റൂമിൽ കൊണ്ട് ചെന്നും ഇട്ടിട്ടുണ്ടാരുന്നു…
കറങ്ങി തിരിഞ്ഞ് വീണ്ടും പൂമുഖത്ത് വന്നപ്പോൾ രാവിലെ കണ്ട… ടവ്ക്തെ ചുഴലിക്കാറ്റിൻ്റെ ഇലകൾ കൊണ്ട് അത്തം തീർത്ത മുറ്റം…ഞാൻ എളിക്ക് കയ്യും കൊടുത്ത് അതും നോക്കി നിന്നു…
“ഇനിയിപ്പോ നാളെ അടിക്കാം ദേവൂട്ടിയെ…ഞാനും കൂടാം…”അമ്മ രാവിലത്തെ ബാക്കി പത്രം വായനയിലാണ്…
“””നാളെയെന്നല്ല…ഇനി ടവ്ക്‌തെ ചുഴലിക്കാറ്റ് ഗോവൻ തീരവും ഗുജറാത്ത് തീരവും വിടാതെ ഞാനീ മുറ്റം അടിക്കുന്ന പ്രശ്നമില്ല….”””