രചന: Darsaraj Surya
“കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴം ആകട്ടേന്ന് എന്റെ പുന്നാരേ, മാമ്പഴം ആകട്ടേന്ന്”………………
ഏതാണ്ട് 13 വർഷങ്ങൾക്ക് മുമ്പുള്ള എന്റെ ഓർമ്മകളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു…..
എന്റെ കോളേജ് റൂട്ടിൽ ഓടിയിരുന്ന “വാസന്തി” ബസ്സിൽ ഇട്ടിരുന്ന, “കണ്ണിമാങ്ങ പ്രായത്തിൽ”പാട്ടും കേട്ടോണ്ട് ആണ് അന്നത്തെ ദിവസം ആരംഭിച്ചത്. പൊതുവെ 80’s ലെ പാട്ട് മാത്രമാണ് ഡ്രൈവർ കണാരേട്ടൻ യാത്രക്കാർക്കായി വെച്ചുകൊടുക്കുക. ഇതിപ്പോൾ എന്താ ഇന്നൊരു മാറ്റം???? മണിച്ചേട്ടന്റെ കണ്ണിമാങ്ങ നാടൻപാട്ട് കേരളക്കരയിൽ തരംഗമായ സമയം……….
പതിവ് പോലെ അന്നും കണ്ടക്ടർ സാബു സ്ഥിരം ഡയലോഗ് ഇറക്കി
‘ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം ഉണ്ടല്ലോ മുന്നിൽ’.അങ്ങോട്ട് നീങ്ങി നിൽക്ക് പിള്ളേരെ……ഇവിടെ കിടന്ന് ഞെരുക്ക് കൂടാതെ
ആദ്യ തള്ളിൽ ഞാൻ നേരെ ചെന്നിരുന്നത് ഡ്രൈവറിന്റെ സീറ്റിന്റെ ഇടത്തെ വശത്തെ പെട്ടിയുടെ മണ്ടയിൽ………
സൗണ്ട് കേട്ടതും ഡ്രൈവർ ചെക്കൻ എന്നെ ഒരു നോട്ടം….
എന്റമ്മോ… സാക്ഷാൽ സിനിമാനടൻ പൂച്ചക്കണ്ണൻ വിനീതിന്റെ അതേ ലുക്ക്………………..
കല്യാണം കഴിക്കുക ആണേൽ അത്, പൂച്ചക്കണ്ണുള്ള ചെക്കനേ ആയിരിക്കൂ എന്ന് മനസ്സിൽ ഉറപ്പിച്ച നാളുകൾ
ആ രംഗം ഇന്നോർക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ള ആളെ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞ് പെയ്യുന്ന ഒരു സുഖം ഉണ്ടാകുമെന്ന് നസ്രിയ ഏതോ ഒരു സിനിമയിൽ പറഞ്ഞ അതേ ഫീൽ
ഒന്ന് മുട്ടിയാലോ…. രണ്ടും കൽപ്പിച്ചോണ്ട് ആ കണ്ണിൽ തന്നെ നോക്കി ഞാൻ ചോദിച്ചു
കണ്ണേട്ടൻ??? അയ്യോ സോറി.. കണാരേട്ടൻ???
പുള്ളിക്കാരന്റെ ഭാര്യക്ക് നല്ല സുഖമില്ല.. ഈ ആഴ്ച്ച മുതൽ ഞാനാ ഡ്രൈവർ.. എന്തേ പിടിച്ചില്ലേ???
സാധാരണ മഞ്ജു ചേച്ചിടെ ഉണ്ണിമായയെ പോലെ ഇങ്ങോട്ട് തർക്കുത്തരം കേട്ടാൽ അങ്ങോട്ട് ഇരട്ടി വിളമ്പുന്നതാണ് എന്റെ ശീലം.. പക്ഷെ എനിക്ക് പുള്ളിയുടെ മറുപടി കേട്ടപ്പോൾ നാണം ആണ് വന്നത്….
ആ ടിക്കറ്റ് ടിക്കറ്റ് ടിക്കറ്റ്
ഞാൻ പത്തിന്റെ നോട്ട് എടുത്ത് സാബുവിന് നേരെ നീട്ടി… കുറെ എണ്ണം ചില്ലറ ഇല്ലാതെ ഇറങ്ങിക്കോളും മനുഷ്യനെ രാവിലെ മെനക്കെടുത്താൻ ആയിട്ട്…
ചെറുതായിട്ട് ഒന്ന് ചമ്മി എങ്കിലും, ഞാൻ ഡ്രൈവർ ചെക്കന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു പോയി
ഒടുവിൽ കോളേജ് സ്റ്റോപ്പ് എത്തി….കണ്ണിമാങ്ങ പാട്ട് പിന്നേയും ഡ്രൈവർ ചെക്കൻ റിപ്പീറ്റ് ഇട്ടു ..അല്ലേലും ഇഷ്ടപ്പെട്ട പാട്ട് വരുമ്പോൾ കൃത്യ സ്ഥലം എത്തുന്നത് സ്ഥിരം ബസ്സ് സവാരിയിലെ ക്‌ളീഷേ സീൻ ആണ്….
അവസാനമായി ഒന്നുകൂടി ഡ്രൈവർ ചെക്കനെ നോക്കിയിട്ട് ഞാൻ പടി ഇറങ്ങി….. ആള് ഇച്ചിരി ജാഡ ആണെന്ന് തോന്നിയെങ്കിലും ക്രോസ്സ് ചെയ്യാൻ നിന്നപ്പോൾ എന്നെ നോക്കി ചിരിച്ചോണ്ട് ബസ്സ് എടുത്തു……
ആദ്യമായി പ്രണയത്തിൽ വീണ ഫീൽ ആയിരുന്നു അന്നത്തെ ദിവസം മുഴുവനും………
കണാരേട്ടൻ ഇനി ഒരിക്കലും വാസന്തിയിൽ ഡ്രൈവർ ആയി വരരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു….
പതിയെ പതിയെ വാസന്തി ബസ്സിലെ കണ്ണിമാങ്ങ പാട്ടും പൂച്ചക്കണ്ണൻ ഡ്രൈവറിന്റെ സൈഡിലെ പെട്ടിപ്പുറം സീറ്റും, എന്നിലെ കാമുകിയെ പുറത്ത് കൊണ്ട് വന്നു…
ഒരു ദിവസം രണ്ടും കൽപ്പിച്ചോണ്ട് ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്‌തു….
“എനിക്ക് എന്തോ ഇയ്യാളെ ഇഷ്ടം ആണെന്ന് തോന്നുന്നു “……….ഇയ്യാൾക്കോ?????
എന്നെ കുറിച്ച് എന്തൊക്കെ അറിയാം എന്നായിരുന്നു ചെക്കന്റെ മറു ചോദ്യം
നടൻ വിനീത് കുമാറിന്റെ പൂച്ചക്കണ്ണുണ്ട്, പിന്നെ മണി ചേട്ടന്റെ ഫാൻ, നന്നായി വണ്ടി ഓടിക്കും, ആ ഇത്രയൊക്കെ അറിയൂ……… ഇതിൽ കൂടുതൽ എന്താ??
ചെക്കൻ ചിരിച്ചോണ്ട് വണ്ടി ചവിട്ടി……
കോളേജ് എത്തി, ഇറങ്ങൂ….പോയി പഠിക്കാൻ നോക്ക്
ഞാൻ ഏതാണ്ട് പുച്ഛം വിതറിയ മുഖവും ആയി പടി ഇറങ്ങി… പക്ഷെ വിട്ടുകൊടുത്തില്ല…
എന്റെ കൂട്ടുകാരി രേഷ്മ വഴി ഫുൾ ഡീറ്റെയിൽസ് ഞാൻ അരിച്ചു പറക്കി….
ഓല കെട്ടിയ വീട്, ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയ അച്ഛൻ, സംസാര ശേഷി ഇല്ലാത്ത അനിയത്തി,കുറച്ചു നാളായി ജോലിക്ക് പോവാൻ പോലും ആവാതെ കിടപ്പിലായ അമ്മ….. ഇതാണ് അവന്റെ ഹിസ്റ്ററി… പൊന്നുമോളെ വിട്ടുപിടി, നിന്റെ അച്ഛൻ അറിഞ്ഞാൽ നീ ബാക്കി ഉണ്ടാവില്ല…….
കിട്ടിയ വിവരങ്ങൾ എല്ലാം പറഞ്ഞോണ്ട് പിറ്റേ ദിവസം ഞാൻ വീണ്ടും പ്രൊപ്പോസ് ചെയ്‌തു
അന്നത്തെ മറുപടി ഇങ്ങനെ ആയിരുന്നു
“സിംപതി ആണോ പരിശുദ്ധ പ്രേമമാണോ”???
അങ്ങനെ ചോദിച്ചാൽ…….
ആ അതിന്റെ ഉത്തരം കിട്ടുമ്പോൾ വാ, നമുക്ക് ആലോചിക്കാം
ഞാൻ കുറെ ദിവസം മനസ്സിരുത്തി ആലോചിച്ചു… ഒടുവിൽ ഉത്തരവുമായി പെട്ടിപ്പുറത്ത് വീണ്ടും ചെന്നു
“എനിക്ക് സിംപതിയുടെ പേരിലെ പ്രേമം അല്ല”
പിന്നെ?????തന്റെ ഇഷ്ട നടൻ ആയ വിനീതിനെ പോലുള്ള എന്റെ കണ്ണ് കണ്ടോ??
അങ്ങനെ ഒന്നും ചോദിച്ചാൽ എനിക്ക് അറിയില്ല……എനിക്ക് വീട്ടിൽ കല്യാണആലോചനകൾ വരുന്നുണ്ട്.. ഞാൻ തന്റെ കാര്യം വീട്ടിൽ പറഞ്ഞു. അമ്മക്ക് ഏതാണ്ട് സമ്മതം ആണ്. പക്ഷെ അച്ഛൻ ഇച്ചിരി പാടാ സമ്മതിക്കാൻ….എന്താ ഇയ്യാളുടെ അഭിപ്രായം??
എന്റെ അനിയത്തിയെ ആദ്യം ഒന്ന് കെട്ടിച്ചയക്കട്ടെ…. അറിഞ്ഞു കാണുമല്ലോ?സംസാര ശേഷി ഇല്ലാത്ത കുട്ടി ആണ്..വരുന്നവർക്കെല്ലാം ആ കുറവിനെ ബാലൻസ് ചെയ്യാൻ തക്ക പണം വേണം…
അത് സാരമില്ല ഞാൻ കാത്തിരിക്കാം, പക്ഷെ കൈ വിടരുത്……….
ഞാൻ കാത്തിരുന്നു പുള്ളിയുടെ അനിയത്തിയുടെ കല്യാണം വരെ…. പക്ഷെ അപ്പോഴേക്കും എന്റെ വീട്ടിൽ കാര്യങ്ങൾ കൈ വിട്ടുപോയിരുന്നു. ഒടുവിൽ വീട്ടുകാരെ ഉപേക്ഷിച്ച് ഞാൻ അദ്ദേഹത്തോടൊപ്പം ഇറങ്ങിപോയി…….
“ഒരുകാലത്തും നീ ഗുണം പിടിക്കില്ല” പെറ്റ വയറിന്റെ ശാപം ആണ്.. നീ മനസ്സിൽ കുറിച്ചോ…. പോലീസ് സ്റ്റേഷനിൽ വെച്ച് അമ്മ പറഞ്ഞ ആ വാക്കുകൾ ഇന്നുമെന്നെ വേട്ടയാടുന്നു………..
പതിയെ ഞങ്ങൾ ജീവിതം ആരംഭിച്ചു
ഉറുമ്പുകൾ ധാന്യങ്ങൾ ശേഖരിക്കും പോലെ ഞാനും അദ്ദേഹവും നല്ലൊരു നാളെക്കായി കരുതലുകൾ ഇന്നേ തുടങ്ങിയിരുന്നു …….
ഡിഗ്രി ഉയർന്ന മാർക്കിൽ പാസ്സ് ആയെങ്കിലും അദ്ദേഹത്തിന്റെ അമ്മയെ ഒറ്റയ്ക്ക് വീട്ടിൽ ആക്കി പോവാൻ പറ്റാത്ത സാഹചര്യം ആയത്കൊണ്ട്,വീട്ടിൽ തന്നെ ഞാൻ കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുത്തു…..
എന്നേയും കുടുംബത്തേയും നോക്കാൻ രാപ്പകൽ ഇല്ലാതെ ഏത് മാന്യമായ ജോലിക്കും അദ്ദേഹവും പോകുമായിരുന്നു…കൂട്ടത്തിൽ ഏറ്റവും ഇഷ്ടം മണി ചേട്ടനെ പോലെ ഓട്ടോ ഓടിക്കാൻ ആയിരുന്നു….എനിക്കും കേറി വരണം മായാ, മണി ചേട്ടനെ പോലെ ഒന്നും ഇല്ലായിമയിൽ നിന്നും നല്ല നിലയിലേക്ക്….
മീനത്തിൽ താലികെട്ട് സിനിമയിൽ കണ്ടത് പോലെ വല്യ ഒരു ബുക്കിന്റെ അകത്ത്, ചതുരം വെട്ടി ഞാനും അദ്ദേഹവും ഓരോ പൈസയും സേവ് ചെയ്യാൻ തുടങ്ങി………….
അതൊരു പ്രേത്യക സുഖമാണ്… നമ്മൾ സമ്പാദിച്ച പൈസ എണ്ണി എണ്ണി തിട്ടപ്പെടുത്തി സ്വരുകൂട്ടുന്നത്…..
മഴയുള്ള എത്രയോ രാത്രികളിൽ ഒന്ന് കെട്ടിപിടിച്ചു റൊമാന്റിക് മൂഡ് ആവുമ്പോഴേക്കും മഴത്തുള്ളികൾ പൊഴിഞ്ഞിടൂമി “ഓലയ്ക്കിടയിൽ ” എന്ന വരികൾക്ക് സമാനമായി ദേഹത്ത് വെള്ളത്തുള്ളികൾ പതിച്ചിരുന്നു.. പിന്നെ മൂടിപ്പുതച്ചോണ്ട് ബക്കറ്റും വെച്ചിരുപ്പാണ്….. മഴ തീരും വരെ
വല്യ ആഡംബരം ഒന്നുമില്ലാത്ത ഒരു വീട്, അതായിരുന്നു ഞങ്ങളുടെ ആദ്യ സ്വപ്നം.. രണ്ടാമത്തെ സ്വപ്നം ഒരു കുഞ്ഞ് കാറിൽ ഞങ്ങളെ ഒരുമിക്കാൻ ഇടയാക്കിയ “കണ്ണിമാങ്ങാ” പാട്ടും ഇട്ടോണ്ട് അതേ കോളേജ് റൂട്ടിൽ കൂടി ഒരു യാത്ര……..
പതിയെ പതിയെ ഞങ്ങൾ ബിസിനസിന്റെ ലോകത്ത് കാൽ വെച്ചു തുടങ്ങി….ഞങ്ങളെ ഒന്നാക്കിയതിൽ പരോക്ഷമായ പങ്ക് വഹിച്ച അതേ കണ്ണിമാങ്ങയുടെ അച്ചാർ ഉണ്ടാക്കി പരീക്ഷണം തുടങ്ങി വെച്ചു… നല്ല രീതിയിൽ അത് ക്ലച് പിടിച്ചു. അമ്മയും പതിയെ ആരോഗ്യം വീണ്ടെടുത്തു
സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട് ….. പക്ഷെ അപ്പോഴും ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള ഭാഗ്യം ദൈവം നമുക്ക് തന്നില്ല…………
വർഷങ്ങൾ കടന്നു പോയി………..
അദ്ദേഹത്തിന് നല്ലൊരു കമ്പനിയിൽ സ്ഥിരജോലി കിട്ടി…ഒപ്പം വീടിന്റെ പണിയും വണ്ടി എടുക്കാൻ ഉള്ള പ്ലാനുകളും തുടങ്ങി വെച്ചു………
2016 മാർച്ച് 6
എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ ദിവസം
2016 മാർച്ച് 7 ന് ഞങ്ങളുടെ വീടിന്റെ പാലുകാച്ചൽ ആയിരുന്നു…. ഇരട്ടി സന്തോഷമെന്നോളം 2016 മാർച്ച് 6 ന് ഒരു സന്തോഷ വാർത്ത ഞങ്ങളെ തേടി എത്തി
5 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരമ്മ ആകാൻ പോകുന്നു ……
സന്തോഷം സഹിക്കാൻ വയ്യാതെ ഞാൻ ഏട്ടനെ വിളിച്ചു
“വരുമ്പോൾ കണ്ണിമാങ്ങാ വാങ്ങി വാ, ഒടുവിൽ നമ്മുടെ മാവും പൂത്തു”……
അത്രയും പറഞ്ഞോണ്ട് ഞാൻ നാണിച്ചു ഫോൺ കട്ട് ചെയിതു……….
എനിക്ക് ഊഹിക്കാം, എന്റെ ഏട്ടൻ ഇപ്പോൾ എന്ത് മാത്രം ഇപ്പോൾ സന്തോഷിക്കുന്നു എന്ന്…
കുറച്ചു സമയത്തിന് ശേഷം TV ഓൺ ആക്കിയപ്പോൾ ഞാൻ കണ്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു.നമ്മുടെ മണി ചേട്ടൻ മരണപ്പെട്ടിരിക്കുന്നു…….
സ്തംഭിച്ച അവസ്ഥ ആയിരുന്നു ഏതാണ്ട് കുറെ നേരം. അപ്പോഴാ ഏട്ടന്റെ വണ്ടിയുടെ ശബ്ദം പുറത്ത് നിന്നും കേട്ടത്…. അമ്മ ആകാൻ പോണ സന്തോഷത്തിലും,മണിച്ചേട്ടന്റെ പെട്ടെന്നുള്ള വിനിയോഗത്തിലെ ദുഃഖവും ഏറി ഞാൻ ഏട്ടൻ ക്രോസ്സ് ചെയ്ത് വരുന്നതും കാത്ത് വേലിക്കൽ ചെന്നു നിന്നു…..
പെട്ടന്ന് ആണ് എങ്ങ് നിന്നോ വന്ന ഒരു പൂച്ചകുഞ്ഞ് ഏട്ടന്റെ ബൈക്കിന്റെ മുന്നിലേക്ക് എടുത്ത് ചാടിയത്….വെട്ടിമാറ്റുന്നതിനിടയിൽ അടുത്ത് ഉണ്ടായിരുന്ന പോസ്റ്റിൽ തല ഇടിച്ച് എന്റെ ഏട്ടൻ………
ചോരയിൽ മുങ്ങി എന്റെ മടിയിൽ കിടന്നോണ്ട് പറഞ്ഞു……”മോളേ…… നമ്മുടെ കുഞ്ഞിനെ കാണാൻ എങ്കിലും ദൈവത്തോട് എന്നെ തിരിച്ചെടുക്കല്ലെന്നു പറയടാ”…. ‘ഏട്ടാ’എന്ന് വിളിച്ച് എന്റെ നെഞ്ചിൽ അദ്ദേഹത്തെ പിടിച്ചു കിടത്തിയത് മാത്രം ഓർമ്മ ഉണ്ട്…. ഇടത്തെ കൈയ്യിൽ എനിക്ക് ആയി കരുതിയിരുന്ന ചോരയിൽ മുങ്ങിയ “കണ്ണിമാങ്ങ” കൈ വിടാതെ അദ്ദേഹം എന്നെന്നേക്കുമായി ഈ……
വാക്കുകൾ ഇടറുന്നു…..
“മേലെ പടിഞ്ഞാറ് സൂര്യൻ താനെ മറയുന്ന സൂര്യൻ, ഇന്നലെ ഈ തറവാട്ടിൽ തത്തികളിച്ചൊരു പൊൻസൂര്യൻ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ”
……………………………………………………..
ഇന്ന് ഞങ്ങളുടെ “മണികൂടാരം” വീട്ടിൽ ഇരുന്ന് ഈ ഓർമ്മകൾ അയവിറക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ശരിക്കും മിസ്സ് ചെയ്യുന്നു…. ഒപ്പം നമ്മുടെ മണി ചേട്ടനെയും…..ഇന്നും ഞങ്ങളുടെ മോൾ ശ്രീലക്ഷ്മിയും ആയി കാറിൽ പോകുമ്പോൾ ഞങ്ങളെ ഒരുമിപ്പിച്ച, ഞങ്ങളുടെ ജീവിതത്തിൽ ഏറെ പങ്ക് വഹിച്ച ആ കണ്ണിമാങ്ങാ പാട്ട് ഞാൻ വെക്കാറുണ്ട്… വെറുതെ എങ്കിലും എന്നിട്ട് ചിന്തിക്കും,ഒരു ദിവസം എന്റെ ഡ്രൈവർ സീറ്റിന്റെ ഇടത്തെ വശത്ത് ഏട്ടൻ വന്നിരുന്നാലോ? പണ്ട് ഞാൻ ബസ്സിൽ പെട്ടിപ്പുറത്തു ഇരിക്കാൻ ചെന്ന പോലെ……..
എനിക്ക് ഇപ്പോഴും അറിയില്ല, വെറും പൊട്ടി പെണ്ണായിരുന്ന എനിക്ക് ഇത്ര ചെറുപ്പത്തിലേ പാതി ജീവനെ നഷ്ടപ്പെട്ടിട്ടും തന്റേടത്തോടെ സമൂഹത്തിൽ ജീവിക്കാൻ ഉള്ള ധൈര്യം എങ്ങനെ കിട്ടി എന്ന്……..ഇന്നെന്റെ ലോകം എന്റെ മോളും ഏട്ടന്റെ ജീവിക്കുന്ന ഓർമ്മകളും ആണ്……..
“അമ്മാ, നമ്മുടെ വീട്ടിലെ മാവിൽ കണ്ണിമാങ്ങ” പൂത്തു… വേഗം വാ………..
ആ വരുന്നു മോളെ………….
“ജീവിതം ഒരു കണ്ണിമാങ്ങ പോലെ ആണ്, ലക്ഷണമൊത്ത “മാമ്പഴം” ആവാൻ ഏറെ കടമ്പകൾ കടക്കണം”