എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്…

അഭിരാമി

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

അഭിരാമി….കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു.ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്.ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ.അവരിൽ സ്ത്രീയും പുരുഷനുമുണ്ട്.അമ്മയുടെ ഡയറിയിലെ കവിതകൾ,എത്ര ഉപകാരമായെന്നോ…

എത്ര പൊടുന്നനേയാണ് ‘അഭിരാമി’ എന്ന പ്രൊഫൈലിന് ആരാധകരുണ്ടായത്.
പ്രത്യേകിച്ചും ആവണിയുടെ മൂന്നു സുഹൃത്തുക്കൾ കൂട്ടുകാരായി വന്നപ്പോൾ ആഹ്ലാദം ഇരട്ടിയായി.

ഇനിയൊരു നല്ല മുഖച്ചിത്രം വേണം.അമ്മയുടെ അകന്ന ബന്ധത്തിലുള്ള ആ സുന്ദരിപ്പെൺകുട്ടിയുടേ കുറേ ചിത്രങ്ങൾ, അമ്മ ലാപ് ടോപ്പിൽ ശേഖരിച്ചു വച്ചിട്ടുണ്ട്.ഒത്തിരി വർഷം മുൻപ്, ഒരു കാറപകടത്തിൽ മരിച്ച പെൺകുട്ടിയുടേ ചിത്രങ്ങൾ.അവളുടെ ഒരു ചിത്രമെടുത്ത് പ്രൊഫൈൽ പിക്ച്ചറാക്കി.അഭിരാമിക്ക് ഒരു മുഖം ലഭിച്ചിരിക്കുന്നു.സുന്ദര വദനം…

അഭിരാമിയിലൂടെ, കൃഷ്ണേന്ദു ആവണിയെ തിരഞ്ഞു.കണ്ടെത്തി….ആവണി അജയഘോഷ്…മൂന്നു മ്യൂച്ചൽ ഫ്രണ്ട്സ്….ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു…കാത്തിരുന്നു.രണ്ടുമൂന്നു ദിവസം പ്രതികരണമില്ലാതിരുന്നപ്പോൾ, നിരാശ തോന്നാതിരുന്നില്ല.പക്ഷേ,നാലാംനാൾ അഭിരാമിയുടെ സൗഹൃദാഭ്യർത്ഥന ആവണി സ്വീകരിച്ചു.കൃഷ്ണേന്ദു സ്വയം മറന്നു ചിരിച്ചു.

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്.ആവണി കീഴടങ്ങിയത്, ആ കവിതകൾക്കു മുന്നിലായിരുന്നിരിക്കണം.അവളും, ഒരെഴുത്തുകാരിയായിരുന്നുവല്ലോ…

ആവണി, അഭിരാമിയ്ക്കു മുന്നിൽ സ്വയം വെളിപ്പെടുത്തുകയായിരുന്നു.ഇന്നലേകൾ,പരിണയത്തിലെത്താഞ്ഞ പ്രണയം,പ്രിയപ്പെട്ട കാമുകൻ്റെ മറ്റൊരു വിവാഹം…വിവാഹശേഷവും അവനോടു തോന്നുന്ന ഇഷ്ടങ്ങൾ,സമാഗമങ്ങൾ, സംഗമങ്ങൾ….

“എങ്ങനെയാണ്, ആവണി പ്രജീഷുമായി സംസാരിക്കുന്നത്? അവൻ്റെ ഭാര്യയറിയാതെ….?”

അഭിരാമിയുടെ ചോദ്യത്തിന്, എഫ് ബി മെസേഞ്ചറിൽ രണ്ടു ചിരിമുഖങ്ങൾ വിരുന്നു വന്നു.തെല്ലുനേരം കഴിഞ്ഞ്, ടൈപ്പു ചെയ്ത മറുപടിയുമെത്തി.

“അഭിരാമീ….എൻ്റെ ഫ്രണ്ട് ലിസ്റ്റിലെ, ശ്വേതാ എന്ന പ്രൊഫൈൽ ഫേക്ക് ആണ്…അതു പ്രജിഷാണ്.”

സംഭാഷണം തുടർന്നുകൊണ്ടിരുന്നു.അഭിരാമി നല്ല കേൾവിക്കാരിയായി…മൊബൈൽ സ്ക്രീനിൽ ഇതൾ വിടർന്ന അക്ഷരക്കൂട്ടങ്ങളിൽ ഒരു പ്രണയകഥ നിറഞ്ഞുനിന്നു.ഇടയ്ക്ക് മറുപടികൾ വരാൻ ആവശ്യത്തിലധികം നേരമെടുത്തു.അഭിരാമി, ക്ഷമയോടെ കാത്തിരുന്നു.ആവണിയുടേയും, വിവാഹിതനായ പ്രജീഷിൻ്റേയും മാം സനിബദ്ധമായ കഥ…ഇപ്പോഴും തുടരുന്ന രഹസ്യ സമാഗമങ്ങൾ…..കഥ പെയ്തു തോർന്നു.ആവണിയുടെ ഫോണിൽ നിന്നും വിരുന്നെത്തിയ പ്രജീഷിൻ്റെ ചിത്രങ്ങൾ മരപ്പെയ്ത്തായി ശേഷിച്ചു.ആ ചിത്രങ്ങളിൽ, അയാളുടെ നെറ്റിക്കും വലതു പുരികത്തിനുമിടയിലേ കാലം ബാക്കി വച്ചൊരു മുറിപ്പാടു തെളിഞ്ഞു നിന്നു…

“എന്തൂട്ടാ കൃഷ്ണേ….ഈ രാത്രീല് കൂട്ടുകാരിയോടൊരു ചാറ്റ്…?”

കിടക്കയിൽ കമിഴ്ന്നടിച്ചു കിടന്ന്, അന്നേരം വരേ ചാറ്റു ചെയ്തു കൊണ്ടിരുന്ന ഭർത്താവ് ഫോൺ താഴെ വച്ച്, അവൾക്കരികിലേക്കു ചേർന്നു കിടന്നു. അയാളുടെ, ഷർട്ടിടാത്ത ദേഹത്തു നിന്നും പനിച്ചൂടുയരുന്നുണ്ടായിരുന്നു.

“മതി, ഫോണെടുത്തു വയ്ക്ക്…നമുക്ക് കിടക്കാൻ നോക്കാം…”

അയാൾ, അവളുടെ അനുവാദത്തിനു കാത്തു നിൽക്കാതെ, അവളുടെ രാവുടുപ്പ് അ രയിലേക്ക് തെറുത്തു കയറ്റി.ആ ഉച്ഛാസങ്ങളിൽ, കാ മത്തിൻ്റെ അഗ്നിയുണർന്നു.

അവൾ, ഫോൺ കട്ടിൽത്തലയ്ക്കലേ മേശപ്പുറത്തേക്കിട്ടു.അയാളുടെ ആസക്തി നിറഞ്ഞ മിഴികളിലേക്കു നോക്കി, പതിയേ വിളിച്ചു.

“ശ്വേതാ…….”

അയാൾ അതികഠിനമായൊന്നു നടുങ്ങി.ബെഡ് ലാമ്പിൻ്റെ അരണ്ട വെട്ടത്തിലും അവൾ വ്യക്തമായി കണ്ടു.അയാളുടെ വലതുപുരികത്തിനും, നെറ്റിക്കുമിടയിലെ ആ മുറിവുണങ്ങിയ പാട്….അവിടം, വിയർപ്പിൽ മുങ്ങിയിരുന്നു.