കരയരുതെന്ന് തീരുമാനിച്ചെങ്കിലും നാലു മാസം ജീവിച്ച വീടിന്റെ പടികൾ ഇറങ്ങിയപ്പോൾ നിളയുടെ മിഴികൾ ഇടറിപ്പോയി…

രചന: സുധീ മുട്ടം

“ശ്രീയേട്ടനു എന്നെ മതിയായെങ്കിൽ ഡിവോഴ്സ് ചെയ്തോ…”

പതിവു പോലെ അവളുടെ പരാതി ഉയർന്നു

“എത്ര നാളെന്നുവെച്ചാ നിള ഞാൻ സഹിക്കുന്നത്…

ശ്രീക്കുട്ടൻ ശബ്ദമുയർത്തി…

” ശ്രീയേട്ടാ എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ…ഞാനൊരു നാട്ടിൻ പുറത്തെ പെണ്ണാണു…”

“നാട്ടിൻ പുറമായാലും കാലം മാറുമ്പോൾ കോലം മാറാത്തത് ആരാ…”

“ചിലരൊന്നും മാറൂല്ല..ഞാൻ ഒരു പഴഞ്ചൻ പെൺകുട്ടിയാ….

“നീ ഒരു ഉപകാരമെങ്കിലും ചെയ്യ്..ഇനിയെങ്കിലും വഴക്കിടുമ്പോൾ ഒന്ന് കരയാതെങ്കിലും ഇരുന്നു കൂടെ.. പാർട്ടിക്കു വെളിയിൽ കൊണ്ട് ചെന്നാലും പരിഹാസമാ…നിന്റെ പെണ്ണെന്താടാ ഇങ്ങനെ ആയിപ്പോയെന്ന്.ഞാൻ നാണം കെട്ടു….”

നിളയുടെയുള്ളിൽ സങ്കടത്തിരമാലകൾ ഉയർന്നു…

“ഞാൻ പറഞ്ഞില്ലേ ശ്രീയേട്ടാ…ഏട്ടനു പറ്റാത്തവളാണു ഞാനെങ്കിൽ ഒഴിഞ്ഞു തരാമെന്ന്..പിന്നെയും എന്തിനാ എന്റെ മെക്കിട്ടു കയറുന്നത്….”

“ശരി ഞാനും സമ്മതിച്ചു. ഇത്രയും നാളും നാണക്കേട് ഓർത്താ ഞാൻ അനങ്ങാഞ്ഞത്..വിവാഹം കഴിഞ്ഞിട്ടു നാലു മാസമേ ആയിട്ടുള്ളതിനാൽ.അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാ നിന്നെ കെട്ടിയതും..”

“ശ്രീയേട്ടനെന്തിനാ അമ്മയെ കുറ്റം പറയുന്നത്.ശ്രീയേട്ടനൊപ്പം ആരാണു ജീവിക്കണമെന്നത് തീരുമാനിക്കണ്ടത് ഏട്ടനാ അമ്മയല്ല.ഒരാളുടെ വാക്ക് കേട്ട് മറ്റൊരാളുടെ ജീവിതം ഇല്ലാതാക്കുന്നതല്ല ശരി….”

“നീ കൂടുതൽ ന്യായമൊന്നും പറയണ്ട.എപ്പോഴും എന്തിനും കണ്ണീർവാർത്തു കൊണ്ടിരിക്കുന്ന നിന്നെയെനിക്കു മതിയായി….നമുക്ക് പൂർണ്ണ മനസ്സോടെ പിരിയാം….”

“എനിക്കു സമ്മതം ശ്രീയേട്ടാ…പിരിഞ്ഞാലും ഈ താലിയെന്റെ കഴുത്തിൽ കിടക്കാൻ സമ്മതിക്കണം.എന്റെ മനസ്സും ശരീരവും ആദ്യമായി കീഴടക്കിയ പുരുഷൻ ശ്രീയേട്ടനാണു…പ്ലീസ് ഇതൊരു അപേക്ഷയായി സമ്മതിക്കണം….”

ശ്രീക്കുട്ടൻ ഒരു നിമിഷം ആലോചിച്ചു..

“ഇവളെ ചുമക്കുന്നതിൽ ഭേദം ഒഴിയുന്നത് തന്നെ നല്ലത്.താൻ കെട്ടിയ താലിയല്ലേ അവൾ ചോദിക്കുന്നുള്ളൂ.മറ്റൊരു പുരുഷൻ ജീവിതത്തിൽ വരുമ്പോൾ അന്നേരം മാറ്റിക്കൊള്ളും….”

കുറച്ചു കഴിഞ്ഞു അവൻ മറുപടി നൽകി…

“ശരി സമ്മതിച്ചു…”

കരയരുതെന്ന് തീരുമാനിച്ചെങ്കിലും നാലു മാസം ജീവിച്ച വീടിന്റെ പടികൾ ഇറങ്ങിയപ്പോൾ നിളയുടെ മിഴികൾ ഇടറിപ്പോയി….

അമ്മായിയമ്മ തൊഴുകൈകളുമായി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

“അമ്മയോട് മോളു ക്ഷമിക്കണം. അമ്മക്കു തെറ്റുപറ്റിപ്പോയി.ഞാൻ കണ്ടതിൽ ഏറ്റവും നല്ല പെൺകുട്ടിയാണു നീ.പക്ഷേ എന്റെ മകനു വേണ്ടി നിന്നെ സെലക്ട് ചെയ്തതാണു ഞാൻ ചെയ്ത തെറ്റ്….”

“സാരമില്ല അമ്മേ.എന്റെ വിധിയിതാണ്.അമ്മ എന്നോട് മാപ്പ് പറയരുത്.ശ്രീയേട്ടനു ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു കൊടുക്കണം.നന്മയുണ്ടാകാനേ ഞാൻ പ്രാർത്ഥിക്കൂ…”

നനഞ്ഞൊഴുകിയ മിഴികളുമായി അവൾ യാത്ര പറഞ്ഞിറങ്ങി….

ഏകദേശം ഒരു വർഷത്തിനുശേഷം തന്റെ മുറിയിലിരുന്നു അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു ശ്രീക്കുട്ടൻ പൊട്ടിക്കരഞ്ഞു…

“അമ്മേ ഞാൻ ചെയ്ത പാപം എവിടെ കൊണ്ട് ചെന്ന് കഴുകിക്കളയും.നിളയെ ഉപേക്ഷിച്ച് നീരദയെ സ്വന്തമാക്കിയപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു..എന്റെ സങ്കൽപ്പത്തിലെ പെണ്ണെന്നു കരുതി.വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ താലിയെന്റെ മുഖത്തു വലിച്ചെറിഞ്ഞിട്ടല്ലെ അവൾ കാമുകന്റെ കൈകോർത്തു എന്റെ മുന്നിലൂടെ പോയത്.വീട്ടൽ കുടികൊണ്ട മഹാലക്ഷ്മിയെ ഉപേക്ഷിച്ച ഞാനൊരു മഹാപാപി ആണമ്മേ…

മകന്റെ കരച്ചിൽ അമ്മയുടെ മനസിനെ വേദനിപ്പിച്ചു…

” എന്തായാലും ഞാൻ പെറ്റ മകനാണ്. അവന്റെ സങ്കടങ്ങൾ എനിക്ക് കാണാതിരിക്കാൻ കഴിയില്ലല്ലോ….”

അമ്മ മകനെ ആശ്വസിപ്പിച്ചു കൊണ്ട് വിളിച്ചു…

“നിളയെ കുറിച്ച് പിന്നൊന്നും അറിയില്ല.കോടതിയിൽ വെച്ചാണ് ലാസ്റ്റ് അവളെ കണ്ടത്.നീ കെട്ടിയ താലി അവളിപ്പഴും സൂക്ഷിച്ചു വെച്ചിരിക്കുകയാകും.നമുക്ക് നാളെ അവിടെ വരെയൊന്നു പോകാം. അമ്മ വിളിച്ചാൽ അവൾ വരുമെടാ….”

അമ്മയുടെ വാക്കുകളിൽ അവനു പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം അമ്മയെ അവൾക്കു ജീവനായിരുന്നു….

“പിറ്റേന്ന് അമ്മയും മകനും കൂടി നിളയുടെ വീട്ടിലെത്തി. കാറിന്റെ ശബ്ദം കേട്ടപ്പോൾ നിളയുടെ അച്ഛൻ ഇറങ്ങി വന്നു..പരിഭവമൊന്നും ഇല്ലാതെ അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി…

” ഞങ്ങൾ നിളയെയൊന്നു കാണാൻ വന്നതാ.”

ശ്രീക്കുട്ടന്റെ അമ്മ പറഞ്ഞു…

“മോളേ നിന്നെ കാണാൻ ശ്രീയും അമ്മയും വന്നിരിക്കുന്നു.. ഇങ്ങട് ഒന്നു വരൂ…”

അച്ഛന്റെ ശബ്ദമുയർന്നതും നിള അകത്തു നിന്നും ഹാളിലേക്കു വന്നു…

ശ്രീക്കുട്ടൻ നിളയെ ആപാദചൂഡം വീക്ഷിച്ചു..

“പെണ്ണിനു അടുമുടി മാറ്റം. കൂടുതൽ സുന്ദരിയായിരിക്കുന്നു.പഴയതിനെക്കാൾ സ്മാർട്ടും കുറച്ചൂകൂടി തടി വെച്ചു..മുഖത്തൊരു ചൈതന്യം കളിയാടുന്നു…ഇവളാകെ മാറിയിരിക്കുന്നു…കഴുത്തിൽ താലിമാല.നെറ്റിയിൽ സിന്ദൂരം. അവളിപ്പോഴും തന്റെ ഭാര്യയായി ജീവിക്കുന്നു….

ശ്രീക്കുട്ടന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു…

അമ്മയുടെ മുഖം വിവർണ്ണമാകുന്നത് കണ്ട് അവനൊന്ന് ഞെട്ടി…നിളയെ ഒന്നു കൂടി ശ്രദ്ധിച്ചു..ചെറുതായി പുറത്തേക്ക് തളളി നിൽക്കുന്ന വയർ കണ്ട് അവൻ വീണ്ടും ഞെട്ടി….

” ഞെട്ടണ്ട ശ്രീയേട്ടാ.. ഞാനിപ്പോൾ പ്രഗ്നന്റാണു.വിവാഹമോചനം കൂടി എന്നെ കൂടുതൽ തളർത്തിയപ്പഴാണു എല്ലാം അറിഞ്ഞുകൊണ്ട് നന്ദേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്.ആലോചന എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല.അതിനു കാരണം ഞാൻ അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി ആയിരുന്നു…. “

“നന്ദേട്ടാ ഇങ്ങട് ഒന്നു വന്നേ…”

അവൾ അകത്തേക്ക് നോക്കി വിളിച്ചു…

അകത്തു നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു നിളയോട് ചേർന്നു നിന്നു…

“ഇതാണ് എന്റെ നന്ദേട്ടൻ.എന്റെ സങ്കടങ്ങളിൽ കൂടെ നിന്ന് ഒരു കുഞ്ഞിനെയെന്ന പോലെ പരിപാലിച്ചു. ക്ഷമയോടെ എന്നെ ഒരുപാട് മാറ്റിയെടുത്തു.ജീവിക്കാൻ പഠിപ്പിച്ചു തന്നു.അതിനെന്നും നന്ദി ശ്രീയേട്ടനോടാണു.ശ്രീയേട്ടൻ കെട്ടിയ താലി പൂജാമുറിയിൽ വെച്ചിട്ടുണ്ട്. ദിവസവും കുളിച്ചു തൊഴുതു പ്രാർത്ഥിക്കുമ്പോൾ ആ താലിയെ നോക്കി നന്ദിപറയും…” ജീവിക്കാൻ പഠിപ്പിച്ചു തന്നതിനു…”

ശ്രീക്കുട്ടൻ ആകെ വിളറി വിയർത്തു…എങ്കിലും അമ്മയുടെ മുഖത്ത് പുഞ്ചിരിയായിരുന്നു…

“അമ്മ എന്നോട് ക്ഷമിക്കണം…”

അവളുടെ സമീപത്തേക്ക് വന്നപ്പോൾ നിള പറഞ്ഞു..

“എന്തിനു ക്ഷമ…നീയാണു മോളെ ശരി. നിനക്കു കിട്ടാവുന്നതിലെ ഏറ്റവും വിലപിടിച്ച നിധിയാണു നന്ദൻ…

അമ്മ ഇരുവരെയും അനുഗ്രഹിച്ചു…

” നന്ദേട്ടനു ആരുമില്ലാത്തതിനാലും അച്ഛനെയും അമ്മയും നോക്കണ്ടതിനാലും ഞങ്ങൾ ഇവിടെയാണ് അമ്മേ താമസം… “

“അത് നന്നായി മോളേ.മാതാപിതാക്കളെ ഒരുകാലത്തും മറക്കരുത്.നീ ഭാഗ്യവതിയാണു.അമ്മ മോളെ കാണാൻ ഇടക്കിടെ വരാം…

ശ്രീക്കുട്ടനു എന്തുപറയണമെന്ന് അറിയില്ലായിരുന്നു…എങ്കിലും ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു….

“Made for each other…Congrats…”

പറഞ്ഞിട്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ മനസ്സിലവൻ പറഞ്ഞു…

“പമ്പര വിഡ്ഡി…അമൂല്യരത്നത്തെ തിരിച്ചറിയാൻ കഴിയാഞ്ഞ മരമണ്ടൻ…”

NB: നമ്മളിൽ ചിലർ ശ്രീക്കുട്ടനെപ്പോലെയാണു..കയ്യിലെ രത്നം കുപ്പയിൽ വലിച്ചെറിഞ്ഞിട്ട് ഗ്യാരന്റിയാഭരണം തേടുന്നവർ..

അവസാനിച്ചു