രചന: സുധീ മുട്ടം
“ഇനിയൊരു വിവാഹം അതെനിക്ക് ആലോചിക്കാൻ കൂടി കഴിയില്ല.അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം”
അത്രയും പറഞ്ഞിട്ട് ഞാൻ ഓടിയെന്റെ മുറിയിൽ കയറി ബെഡ്ഡിലേക്ക് വീണു.സങ്കടങ്ങൾ കണ്ണീരരുവിയായി പെയ്തിറങ്ങി കൊണ്ടിരുന്നു….
നന്ദനെ സ്നേഹിച്ചു വിവാഹം കഴിച്ചത് അന്നത്തെ പ്രായത്തിന്റെ ചോരത്തിളപ്പിലായിരുന്നു….
ഇഷ്ടപ്പെട്ട പുരുഷന്റെ കാര്യം വീട്ടിൽ അവതരപ്പിച്ചപ്പോൾ വലിയൊരു പൊട്ടിത്തെറി നടന്നു..സാമ്പത്തികവും ജാതിയിലും തറവാട്ട് മഹിമയിലും തങ്ങളെക്കാൾ കുറഞ്ഞവരാണെന്നായിരുന്നു അമ്മയുടെ വാദം.അതുകൊണ്ട് ഈ വിവാഹം നടത്താൻ പറ്റില്ലെന്ന് അമ്മ തറപ്പിച്ചു പറഞ്ഞു. പക്ഷേ അച്ഛൻ പറഞ്ഞത് മറ്റൊന്നായിരുന്നു….
“മോളേ നീയൊരു ടീച്ചറാണ്. തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമുണ്ട്.പയ്യന്റെ സാമ്പത്തികം,ജാതി,തറവാട് മഹിമ ഇതൊന്നും അച്ഛൻ കണക്കാക്കുന്നില്ല.പക്ഷേ ജോലിയൊന്നുമില്ലാതെ കുടിച്ചു നടക്കുന്ന അവൻ നിന്നെ എങ്ങനെ സംരക്ഷിക്കുമെന്നൊന്ന് നീ ചിന്തിക്ക് “
‘നന്ദേട്ടനു വിദ്യാഭ്യാസമുണ്ട്..നല്ലൊരു ജോലി കിട്ടും.അതുവരെ കഴിയാനായി എനിക്കൊരു ജോലിയുണ്ടല്ലോ.നന്ദേട്ടനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസവുമുണ്ട്”
അച്ഛൻ പറഞ്ഞ വാക്കുകൾ തള്ളി ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു..
“ശരി അങ്ങനെയെങ്കിൽ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ”
അമ്മയുടെ എതിർപ്പിനെ മറി കടന്ന് അച്ഛൻ ഞങ്ങളുടെ വിവാഹം നടത്തി തന്നു.എന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ ആദ്യരാരാത്രിൽ നന്ദേട്ടൻ മദ്യപിച്ച് വന്നത് എനിക്കൊരു വേദനയായി…
“ഇന്നെങ്കിലും കുടിക്കാതിരുന്നു കൂടായിരുന്നോ നന്ദേട്ടാ”
പറഞ്ഞു തീരും മുമ്പേ നന്ദേട്ടനിൽ നിന്ന് ഉയർന്നത് തെറിവിളി ആയിരുന്നു. എന്നിട്ടും ഞാൻ സഹിച്ചു.കുടിച്ച് പൂസായ നന്ദേട്ടൻ ആദ്യരാരാത്രിൽ കാട്ടി കൂട്ടിയതൊക്കെ എന്റെ ശരീരത്തെയും മനസ്സിനെയും നന്നായി വേദനിപ്പിച്ചു….
തുടർന്നുള്ള രാത്രികളിൽ അതൊരു തുടർക്കഥ ആവുകയായിരുന്നു.പലപ്പോഴും നന്ദേട്ടനൊപ്പം ഉറങ്ങാൻ ഞാൻ ഭയപ്പെട്ടു….
നീ ലചിത്രങ്ങളിലെ ര തിവൈകൃതങ്ങൾ ചെയ്യാൻ എന്നെയും നിർബന്ധിച്ചതോടെ ദാമ്പത്യം എനിക്ക് മടുത്തു തുടങ്ങി. കിടക്കറയിൽ നന്ദേട്ടനാവശ്യം ഭാര്യയെ ആയിരുന്നില്ല മറിച്ച് അയാളുടെ ആസ്ക്തിക്കൊരു ഉപകരണമായിരുന്നു…
സ്വന്തം ഇഷ്ടപ്രകാരം നടന്ന വിവാഹമായതിനാൽ വീട്ടിൽ പറയാൻ ഞാൻ മടിച്ചു.നന്ദേട്ടന്റെ അമ്മയോട് മകന്റെ പരാക്രമങ്ങൾ തുറന്നു പറഞ്ഞിട്ടും തണുപ്പൻ പ്രതികരണമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്….
നന്ദേട്ടനെ മാറ്റിയെടുക്കാനുളള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഞാനെന്റെ അമ്മയുടെ അടുത്ത് എല്ലാം തുറന്നു പറഞ്ഞു. അമ്മ കുറ്റപ്പെടുത്തുമെന്ന് കരുതിയെങ്കിലും ആശ്വസിപ്പിക്കയാണു ചെയ്തത്….
“സാരമില്ല എന്റെ മോൾ രക്ഷപ്പെട്ടുവെന്ന് കരുതിയാൽ മതി”
അച്ഛനും അമ്മയും എന്നെ മനസ്സിലാക്കി എന്റെ കൂടെ നിന്നു.തുടർന്ന് ഡിവോഴ്സും മറ്റുമായി പിന്നെയും ഒന്നര വർഷം പിന്നിട്ടു..ഇനിയൊരു വിവാഹം ജീവിതത്തിൽ വേണ്ടെന്ന് കരുതിയപ്പഴാണു അച്ഛനും അമ്മയും മറ്റൊരു ആലോചന കൊണ്ട് വന്നത്….
“മോളേ ഈ ആലോചന അച്ഛനും അമ്മയും കൊണ്ട് വന്നതാണ്.. നിനക്ക് ദോഷകരമായി ഞങ്ങൾ ഒന്നും ചെയ്യില്ല”
മുറിയിലേക്ക് കയറി വന്ന അമ്മ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല…
സ്കൂളും കുട്ടികളുമായി ഞാനെന്റെ ജീവിതം തള്ളി നീക്കുമ്പോഴാണു ക്ലാസിലെ വിദ്യാർത്ഥിനി അമ്മുക്കുട്ടി എന്റെ മനസ്സ് കീഴടക്കിയത്….
“ടീച്ചർക്ക് എന്റെ അമ്മ ആയിക്കൂടെയെന്ന് അവളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിനു മുമ്പിൽ ചിരിച്ചു കാണിച്ചു…
” മോളുടെ അമ്മയെവിടാണ്”
“അമ്മയങ്ങ് ആകാശത്താണ്.രാത്രിയിൽ ചിരിക്കുന്ന നക്ഷത്രമായി ഞാൻ മിക്ക ദിവസവും അമ്മയെ കാണും”
“ആരാ മോളൂനോടിത് പറഞ്ഞു തന്നത്”
“അച്ഛൻ”
“അച്ഛനെന്നും കുടിയാണ് ടീച്ചറെ.അമ്മ മരിച്ചതിൽ പിന്നെയിങ്ങനാ”
.അമ്മുക്കുട്ടി അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ മദ്യപിച്ചു വരുന്ന നന്ദേട്ടനെയെനിക്ക് ഓർമ്മ വന്നു…അമ്മുക്കുട്ടിയുടെ അച്ഛനെ കണ്ടതോടെ എനിക്ക് മനസിലായി ഭാര്യയോട് ആ മനുഷ്യനുളള സ്നേഹത്തിന്റെ ആഴം….
“മകൾക്കായി ജീവിച്ചു കൂടെ..കുടിക്കാതിരിക്കരുതൊ”
ഞാൻ അയാളോട് ചോദിച്ചു..
“ആഗ്രഹമുണ്ട് ടീച്ചറെ…പക്ഷേ തിരുത്താനും നേർവഴിക്ക് നയിക്കാനും അവൾ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ആരുമില്ല”
“ഞാൻ ഉപദേശിച്ചു നേരെയാക്കിയാലോ”
അന്നേരത്തെ ആവേശത്തിൽ ഞാൻ ചോദിച്ചതാണ്.ഞാൻ അറിഞ്ഞിരുന്നില്ല അയാൾ അടിമുടി മാറുകയാണെന്ന്…..
ആ മനുഷ്യന്റെ ആലോചനയാണ് അച്ഛനും അമ്മയും കൊണ്ട് വന്നതെന്ന് ഞാൻ വൈകിയാണ് അറിഞ്ഞത്…
പിന്നെയൊന്നും ഞാൻ ചിന്തിച്ചില്ല.വിവാഹത്തിനു സമ്മതം മൂളി…കാരണം മറ്റൊന്നും അല്ലായിരുന്നു….
“ഉപദേശിച്ചു ഞാൻ നേരെയാക്കട്ടെയെന്ന് ചോദിച്ചത് ഉൾക്കൊണ്ട് നന്നാകാൻ തീരുമാനിച്ച ആ മനുഷ്യനെയല്ലെ ഞാൻ സ്വീകരിക്കേണ്ടത്…എന്നെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമ്മുക്കുട്ടിയും അവളുടെ അച്ഛനുമാണ്…..
വിവാഹത്തിനു ഞാൻ പച്ചക്കൊടി കാണിക്കുമ്പോൾ ആ മനുഷ്യന്റെയും അമ്മുക്കുട്ടിയുടെയും മുഖം സന്തോഷത്താൽ പൂർണ്ണചന്ദ്രനെപ്പോലെ പ്രഭ പരത്തുകയായിരുന്നു….കൂടെ എന്റെയും
ഒപ്പമെന്റെ അച്ഛന്റെയും അമ്മയുടെയും… മകൾക്കൊരു നല്ല ജീവിതം കിട്ടിയതിൽ..
എന്റെ സ്നേഹം ആവശ്യമുള്ള ഒരു ആണൊരുത്തനെയും മോളേയും ലഭിച്ചതിനാൽ…..
അവസാനിച്ചു