ചിത
രചന: അബ്ദുൾ റഹീം പുത്തൻചിറ
“ഏട്ടാ.. പോകാം.”.. ആദ്യമായി താൻ വാങ്ങികൊടുത്ത സാരിയിൽ അവളെ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ…
കല്യാണം കഴിഞ്ഞു രണ്ടു വർഷമായിട്ടും ഒരു വാക്ക് കൊണ്ടുപോലും ഞാനവളെ വേദനിപ്പിച്ചിട്ടില്ല.അതിനുള്ള അവസരം അവൾ ഉണ്ടാക്കിയില്ല എന്നു പറയുന്നതാണ് ശരി. ഒരു പരാതി പോലും അവളിൽ നിന്നും കേട്ടിട്ടില്ല… എന്തു പറഞ്ഞാലും ഏട്ടന്റെ ഇഷ്ട്ടം എന്നു മാത്രമേ പറയുള്ളു… അവൾക്കായി ഒരിഷ്ട്ടം എന്നില്ല …. ഒരിക്കൽ ഡ്രസ്സ് എടുക്കാൻ ചെന്നപ്പോൾ ആദ്യമായി വേണമെന്ന് പറഞ്ഞു വാങ്ങിപ്പിച്ചതാണ് ഈ സാരി… അതിലവൾ ഒരുപാട് സുന്ദരിയായി തോന്നി..
വീട് പൂട്ടി നേരെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി വിട്ടു.
ഇന്നു ചിലപ്പോൾ അവളുടെ ജീവതത്തിലെ ഒരു വിധി പറയുന്ന ദിവസമാണ്.. കുറച്ചു നാളായി തലവേദനയാണെന്ന് പറയുന്നു. വേദന സഹിക്കാൻ വയ്യാത്തത്കൊണ്ടാകണം എന്നോട് പറഞ്ഞത്… ഒരുപാട് ടെസ്റ്റുകൾ നടത്തി… അവർക്കൊരു സംശയം.. ക്യാൻസറിന്റ തുടക്കമാണോന്ന്..അവരത് എന്നോട് പറയുമ്പോൾ ഞാനത് സമ്മതിച്ചില്ല.ഇന്നു ലാസ്റ്റ് റിസൾട്ട് കിട്ടും… കഴിഞ്ഞ പ്രാവിശ്യം ചെന്നപ്പോൾ അവർക്കുറപ്പുണ്ടായിരുന്നു… എന്നിരുന്നാലും…. അവളോടിതുവരെ പറഞ്ഞിട്ടില്ല… പറഞ്ഞാൽ അവൾക്കത് താങ്ങാൻ പറ്റിയെന്നു വരില്ല…
ഡോക്ട്ടറെ കണ്ടു പുറത്തുവരുമ്പോൾ ഇടനാഴിയിലൂടെ പുറത്തേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു അവൾ….മുഖത്തൊരു ചിരിവരുത്തി അവളുടെ അടുത്തേക്ക് ചെന്നു …
“ഇനി എത്രനാൾ ഉണ്ടന്നാണ് ഡോക്ട്ടർ പറഞ്ഞത്”… മിഴികൾ പുറത്തേക്ക് നോക്കികൊണ്ട് തന്നെ അവൾ ചോദിച്ചു…
ഞാനൊന്നു ഞെട്ടി..
അവൾ തുടർന്നു .
“ജീവിതം… അതൊരിക്കൽ സംഭവിക്കുന്നതാണ്… എന്നായാലും ദൈവം വിളിക്കുമ്പോൾ നമ്മൾ പോകണം… എങ്കിലും ജീവിച്ചു കൊതി തീർന്നട്ടില്ല”… അതും പറഞ്ഞു അവളെന്നെ കെട്ടിപ്പിടിച്ചു..എന്റെ കയ്യും കാലും തളർന്നു …പ്രാണൻ ആരോ പിടിച്ചു വലിക്കുന്നത് പോലെ… എങ്കിലും ഞാൻ തളർന്നില്ല ..ഇടനാഴിയിലൂടെ അവളേയും ചേർത്തുപിടിച്ചു പുറത്തേക്ക് നടന്നു…
**********
ഇന്നവൾ പോയി…ആശുപത്രിയിൽ നിന്നും വന്നതു മുതൽ അവളെന്റെ മകളും ഭാര്യയുമായിരുന്നു.ഒരു ജന്മം കൊണ്ട് നൽകാൻ കഴിയുന്നതെല്ലാം ഞാനവൾക്ക് നൽകി…അവസാന ശ്വാസവും ദൈവം അവളിൽ നിന്നുമെടുക്കുമ്പോൾ അവളെന്റെ നെഞ്ചിലായിരുന്നു …എന്നെ നോക്കിക്കൊണ്ട് തന്നെ…
ജീവിതത്തിൽ വാക്കുകൊണ്ട് പോലും കുത്തിനോവിക്കാത്ത തന്റെ ഭാര്യയുടെ ചിതയിൽ തീ കൊളുത്തി അയാൾ ഉറക്കെ കരഞ്ഞു…