പാർത്ഥൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നു എന്ന് അറിഞ്ഞ മാത്രയിൽ ഓടിവന്നതാണ് പാർവ്വതി…

രചന: മഹാ ദേവൻ

” അല്ല അമ്മേ, ഈ പാർത്ഥൻ ഇതെന്ത് ഭാവിച്ചാ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഒന്നല്ലെങ്കിൽ ആ പെണ്ണിനൊരു കൊച്ചില്ലേ. വീട്ടിലുള്ളവരുടെ നാണക്കേട് ഓർത്തോ? അതുമല്ലെങ്കിൽ നാട്ടുകാർ എന്ത് പറയും എന്നെങ്കിലും ചിന്തിക്കണ്ടേ അവൻ.എന്നോടോ വിശ്വട്ടനോടോ എങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ പറഞ്ഞു മനസ്സിലാക്കിയേനെ. ഇതിപ്പോ…അല്ലെങ്കിലും പണ്ട് മുതലേ മറ്റുള്ളവരുടെ മുഖത്തു കരിവാരി തേച്ചാണല്ലോ അമ്മേടെ മോന് ശീലം. “

പാർത്ഥൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നു എന്ന് അറിഞ്ഞ മാത്രയിൽ ഓടിവന്നതാണ് പാർവ്വതി. വിശ്വന്റെ അനിയത്തിന്റെ കൊണ്ട് കെട്ടിക്കാമെന്ന് കരുതി ഇരിക്കുമ്പോൾ ഇങ്ങനെ ഒരു നീക്കം അവനിൽ നിന്നും ഉണ്ടാകുമെന്ന് രണ്ട് പേരും കരുതിയില്ല . കലിതുള്ളി വന്നവൾ പായാരം പറച്ചിൽ തുടങ്ങിയപ്പോൾ അമ്മ അതിന് ചെവി കൊടുക്കാതെ അടുക്കളയിലെ പണിയിൽ മുഴുകി.

” ഈ അമ്മയ്ക്കിത് ഒന്നും പറയാനില്ലേ? ഇങ്ങനെ ഒന്നിനെയും കൂടെ ഒരു ട്രോഫിയുമായി അവൻ കയറിവന്നപ്പോൾ തന്നെ ചൂലുംകേട്ടെടുത്തു അടിച്ച്പുറത്താക്കണമായിരുന്നു. ഇതിപ്പോ ഇനി കണ്ടോ, അവളുടെ ഭരണം ആയിരിക്കും. അമ്മ ഇങ്ങനെ ഒന്നും മിണ്ടാതിരുന്നോ. നാളെ അനുഭവിക്കുമ്പോൾ മനസ്സിലാകും “

അവളുടെ അമർഷം ആവർത്തനമായപ്പോൾ അമ്മ ഒന്ന് ചിരിച്ചു.

” ഞാൻ എന്തിനാ ഇനി പറയുന്നത്. എല്ലാം നീ തന്നെ പറയുന്നില്ലേ.? പിന്നെ അവൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവന്നെന്നും വെച്ച് മോള് വെറുതെ തുള്ളേണ്ട. നീ ഒരിക്കൽ ഇതുപോലെ നിനക്ക് ഇഷ്ട്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപോയവൾ അല്ലെ. എന്നിട്ടിപ്പോ അവൻ ഒന്നിനെ കൊണ്ട് വന്നതിന് നിനക്കെന്തിനാ ഇത്രയ്ക്ക് ദണ്ണം ?”

അമ്മയുടെ ചോദ്യം ചിരിച്ചുകൊണ്ട് ആയിരുന്നെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത് പാർവ്വതിയ്ക്ക് മനസ്സിലായി. അല്ലെങ്കിലും ഈ കാര്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ അമ്മ പഴയ കാര്യം എടുത്തിടുമെന്ന് നേരെത്തെ ഊഹിച്ചിരുന്നു അവൾ.

“അതുപോലെ ആണോ അമ്മേ ഇത്. ഞാൻ ഒരുത്തന്റെ കൂടെ പോയെങ്കിൽ ഇതുപോലെ കൂടെ ഒരു കൊച്ചിനെയും കൊണ്ടല്ല പോയത്. പിന്നെ ഞാൻ പോയെങ്കിൽ അയാളെന്നെ അന്തസ്സായി പൊന്ന് പോലെ തന്നെ നോക്കുന്നുണ്ട്. ഇതിപ്പോ…… “

വാക്കുകൾ മുഴുവനാക്കും മുന്നേ അമ്മ അവളെ തടഞ്ഞു.

” അന്തസ്സോട് നോക്കണമല്ലോ. അതിന് കഴിവില്ലാത്തവൻ ഈ പണിക്ക് നിൽക്കാനും പാടില്ല. പിന്നെ, എന്റെ മോൻ ഒരു പെണ്ണിനെ കൊണ്ട് വന്നെങ്കിൽ അവനും അവളെ നോക്കാനുള്ള പ്രാപ്തി ഉണ്ട്. ഇത്രേം കാലം അവൻ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നല്ലോ. എന്തെ, പെങ്ങൾക്കും അളിയനും കൂടി അവനെ നല്ല ഒരാളെ കൊണ്ട് കെട്ടിക്കാമായിരുന്നില്ലേ. അപ്പോൾ കെട്ടിയോന്റെ പെങ്ങളെ ഇവന്റെ തലയിൽ കെട്ടിവെക്കാൻ വേണ്ടി വന്ന ആലോചന കൂടി മുടക്കാൻ നടന്നു. എന്നിട്ടിപ്പോ എന്തായി. അവൻ അവന്റ ഇഷ്ടത്തിന് ഒന്നിനെ കെട്ടിക്കൊണ്ട് വന്നു. അതിൽ എനിക്ക് സന്തോഷമേ ഉളളൂ.. എനിക്കും എന്റെ മോനും ഇല്ലാത്ത ദണ്ണം ഒന്നും എന്റെ മോൾക്ക് വേണ്ട. കേട്ടല്ലോ. “

അമ്മ പാർത്ഥൻ കൊണ്ട് വന്ന പെണ്ണിനെ മനസ്സാൽ അംഗീകരിച്ചെന്ന് പാർവ്വതിയ്ക്ക് മനസ്സിലായി. പക്ഷേ, അങ്ങനെ ഒരുവളെ വെറുതെ വിട്ടുകൂടാ എന്ന ചിന്ത മനസ്സിനെ വ്രണപ്പെടുത്തിതുടങ്ങിയിരുന്നു.

” എന്നിട്ടെവിടെ ആ കെട്ടിലമ്മയും കെട്ടുമ്പോൾ കിട്ടിയ ടട്രോഫിയും “

അവളുടെ വാക്കിലെ കളിയാക്കൽ മനസ്സിലായെങ്കിലും നല്ല ഒരു ദിവസം ആയിട്ട് ഒരു പ്രശ്നം വേണ്ടെന്ന് കരുതി ക്ഷമിച്ചു അമ്മ.

” നീ ഇങ്ങനെ കുനുഷ്ട്ട് മാത്രം ചിന്തിക്കാതെ ഉള്ള സമയം ഒന്ന് സ്നേഹത്തോടെ ആ കൊച്ചിനോട് പെരുമാറ്. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇപ്പോൾ അവൾ ഇവിടെ അന്യയൊന്നും അല്ലല്ലോ, അനിയന്റെ ഭാര്യയല്ലേ, അതുകൊണ്ട് ഇനി അതിന്റ പിറകെ നടന്നു സ്വന്തം വില കളയാൻ നിൽക്കാതെ അവളാ റൂമിൽ ഉണ്ട്, ഒന്ന് പോയി നല്ലത് പോലെ സംസാരിക്ക്. “

അമ്മയുടെ വാക്കിനു മുഖം കൊടുക്കാതെ ഒന്ന് അമർത്തി മൂളിക്കൊണ്ട് പാർവ്വതി പാർത്ഥന്റെ മുറി ലക്ഷ്യമാക്കി നടന്നു. റൂമിന്റെ വാതിലിൽ മുട്ടുമ്പോൾ കനപ്പിച്ച ഭാവമായിരുന്നു അവളിൽ.

വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നവളെ തറപ്പിച്ചൊന്ന് നോക്കി പാർവ്വതി.

മുന്നിൽ നിൽക്കുന്നവൾ തന്നെക്കാൾ സുന്ദരി ആണെന്ന് കണ്ടപ്പോൾ മനസ്സിൽ കുമിഞ്ഞുകൂടിയ അസൂയ കൂടി അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു.

” ഓഹ്, അപ്പോൾ ഇതാണ് എന്റെ അനിയനെ മയക്കിയെടുത്ത രംഭ. കൊള്ളാം. കെട്ടിയോൻ ഇട്ടിട്ട് പോയപ്പോൾ ഒത്ത ഒരുത്തനെ ചാക്കിട്ട് പിടിച്ചല്ലേ നീ. നിന്റ ചങ്കൂറ്റം കൊള്ളാം “

അവളുടെ വാക്കിലെ പരിഹാസം മനസ്സിലാക്കിയെങ്കിലും ഒന്നും പറയാതെ വാതിൽക്കൽ നിന്നും മാറിനിന്നു ആര്യ.

” ഒക്കത്തൊന്നിനേം കൊണ്ട് നിൽക്കുന്നവളെ കെട്ടാൻ മാത്രം എന്റെ ചെറുക്കൻ എന്ത് കണ്ടാവോ മയങ്ങിയത് എന്ന് കരുതി. തന്തേം തള്ളേം പഠിപ്പിച്ചു തന്നതെന്നോ ഈ കറക്കിയെടുക്കൽ “

പുച്ഛം നിറഞ്ഞ ചോദ്യം മുന്നിൽ നിൽക്കുന്ന ആര്യയെ ചൂളിപ്പിച്ചെന്ന് തോന്നിയപ്പോൾ ഉള്ളാലൊന്ന് ചിരിച്ചു പാർവ്വതി. പക്ഷേ, ആര്യയിൽ നിന്ന് ഒരു മറുചോദ്യം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു.

” ചേച്ചി കുറച്ചു മുന്നേ ചോദിച്ച അതെ ചോദ്യം ഞാൻ തിരിച്ചു ചോദിക്കുന്നില്ല. കാരണം നിങ്ങടെ അമ്മ ഇപ്പോൾ എന്റേം കൂടി അമ്മയാണ്. പിന്നെ ചാക്കിലിട്ട് പിടിക്കാനും ചാടിപ്പോവാനും എന്നെക്കാൾ എക്സ്പീരിയൻസ് ചേച്ചിക്ക് ഉണ്ടെന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് വിട്. എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞ ആളുടെ കൂടെയാണ് ഞാൻ വന്നത്. അതും എനിക്കൊരു കൊച്ചുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെ. അപ്പൊ പിന്നെ ചേച്ചിക്ക് ഇനി എന്തേലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ഏട്ടനോട് ആകാം. അല്ലാതെ വന്ന് കേറിയത് മുതൽ നാത്തൂൻഭരണം ആണ് ഉദ്ദേശമെങ്കിൽ…… “

അതും പറഞ്ഞുള്ള ആര്യയുടെ പുഞ്ചിരിയ്ക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടെന്ന് തോന്നി പാർവ്വതിയ്ക്ക്. ” ഇവൾ വിട്ട പുള്ളി അല്ലല്ലോ ” എന്ന് മനസ്സിൽ പറയുന്നതിനോടൊപ്പം ആര്യയെ രൂക്ഷമായി നോക്കുമ്പോൾ അവളുടെ ചുണ്ടിലെ ചിരി അസഹനീയമായി തോന്നി.

” നീ ചിരിച്ചോ.. പക്ഷേ, അത് കരയാനുള്ളതാ. ഇവിടെ ഇനി നിനക്ക് എന്തും ആവാലോ.. പാവം, അമ്മ, എന്ത് പറഞ്ഞാലും കാട്ടിയാലും വിശ്വസിക്കും. നിന്നെപ്പോലെ ഒരുവൾ വന്നാൽ മതി, ഇനി ഈ കുടുംബം മുടിഞ്ഞോളും. നിന്നെ കണ്ടാൽ അറിയാം “

” ചേച്ചി ഇവിടെ പത്തിരുപതിനാല് വർഷം നിന്നിട്ട് മുടിയാത്ത കുടുംബം ഇനി വേറെ ഒരാളെ കൊണ്ടും മുടിപ്പിക്കാൻ കഴിയില്ല ചേച്ചി. അതിപ്പോ സ്വയം ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും.

പിന്നെ അമ്മ.. ആ വാക്കിന്റെ അർത്ഥവും വ്യാപ്തിയും നന്നായി അറിയുന്ന ആളാ ഞാൻ. അതുകൊണ്ട് ആ കാര്യം ഓർത്ത് ചേച്ചി പേടിക്കണ്ട. എനിക്ക് ഇല്ലാതെപോയ ഒരു അമ്മയെ കിട്ടിയെന്ന് ഞാൻ കരുതിക്കൊള്ളാം. ഇടയിൽ പാര വെക്കാതിരുന്നാൽ മതി. ഏട്ടൻ പറഞ്ഞിട്ട് ചേച്ചിയെ നന്നായി അറിയുന്നത് കൊണ്ട് പറയാ .. ഇവിടെ എങ്കിലും ഒരു നല്ല മരുമോളായി ജീവിക്കാനാ വന്നത്. ഇനി അത് കണ്ട് സഹിക്കാതെ എന്നെ പുകച്ചു പുറത്തുചാടിക്കാൻ ആണ് നാത്തൂൻ കച്ചകെട്ടി ഇറങ്ങുന്നതെങ്കിൽ…….. “

അതിൽ ഒരു ഭീക്ഷണിയുടെ സ്വരം ഉണ്ടെന്ന് തോന്നി പാർവ്വതിയ്ക്ക്. ഇവളിത് ഒരു നടയ്ക്ക് പോകുന്ന ലക്ഷണമില്ലെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ആര്യയെ ഒന്ന് ഇരുത്തിനോക്കി പാർവ്വതി അവിടെ നിന്നും നേരെ അടുക്കളയിലേക്ക് നടന്നു.

” എന്തായി മോളെ.. അവളെ പരിചയപ്പെട്ടോ? ഒരു പാവം കൊച്ചാ. നിന്നോട് സംസാരിച്ചില്ലേ അവൾ “

അടുക്കളപ്പണിക്കിടയിലുള്ള അമ്മയുടെ ചോദ്യങ്ങൾ കേട്ട് അവൾ മുഖത്തെ വിളർച്ച മറച്ചുകൊണ്ട് അമ്മയെ നോക്കി പറയുന്നുണ്ടായിരുന്നു

” ഈ പെണ്ണ് നിങ്ങൾക്ക് ശരിയാകില്ല അമ്മേ, എന്തൊരു അഹങ്കാരം ആണ് അവൾക്ക്. എന്നെ ഭരിക്കാൻ വരുന്ന പോലാ അവളുടെ സംസാരം. ഒന്നല്ലെങ്കിൽ ആകെ ഉള്ള ഒരു നാത്തൂൻ അല്ലെ ഞാൻ. ആ ബഹുമാനം എങ്കിലും വേണ്ടേ. ഹോ”

പാർവ്വതി മനസ്സിലേറ്റ കല്ലുകടി അപ്പടി അമ്മയ്ക്ക് മുന്നിൽ ഛർദിക്കുമ്പോൾ മകളുടെ സ്വഭാവം അറിയുന്ന അമ്മ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

” നമ്മൾ കൊടുക്കുന്നതെ നമുക്ക് തിരിച്ചു കിട്ടൂ മോളെ. മോളെ അവൾ ഭരിക്കാൻ വന്നെങ്കിൽ നീ അവളെ എങ്ങനെ ഭരിക്കാൻ നോക്കിയിട്ടുണ്ടാകും എന്ന് അമ്മയ്ക്ക് ഊഹിക്കാവുന്നതേ ഉളളൂ..പിന്നെ, ബഹുമാനം…. അതൊക്കെ നമ്മുടെ പ്രവർത്തി പോലെ ഇരിക്കും. നീ പറഞ്ഞപോലെ.. ആകെ ഉള്ള നാത്തൂൻ അല്ലെ…. അങ്ങനെ നീയും ഒന്ന് ചിന്തിച്ച് പെരുമാറി നോക്ക്.

നാത്തൂൻപോര് മാത്രമല്ല, നാത്തൂൻസ്നേഹവും ആവാം… പെണ്ണ് ആയാൽ പോരല്ലോ, പൊന്ന് പോലൊരു മനസ്സും വേണം… ന്നാലെ കുടുംബം എന്നത് അങ്ങട് പൂർണ്ണമാകൂ….മോൾക്ക് മനസ്സിലായെങ്കിൽ ദേ, ഈ പായസം ഇച്ചിരി കഴിച്ചോ.. മോന്റെ കല്യാണസ്പെഷ്യൽ ആണ്… മനസ്സിലെ കുനുഷ്ട്ട് ഒക്കെ മാറ്റിവെച്ചു കഴിച്ചോ.. നല്ല മധുരം ഉണ്ടാകും.. അല്ലെങ്കിൽ കൈക്കും… ജീവിതവും അങ്ങനെ ആണ്… “

അവൾ അമ്മയുടെ ഉപദേശം കേട്ട് പുച്ഛത്തോടെ ചുണ്ട് കോട്ടുമ്പോൾ അമ്മ അടുക്കളപണിയിൽ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങി മനസ്സിൽ പഴഞ്ചോല്ലും ഓർത്തുകൊണ്ട്….

” പട്ടീടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞുതന്നെ ഇരിക്കൂ “