ജയിൽപുള്ളി
രചന: Vijay Lalitwilloli Sathya
നാട്ടിൽ കുരുത്തക്കേട് കാട്ടിയ ഒരു തെമ്മാടിയായ രാഷ്ട്രീയക്കാരനെ അടിച്ചു തല പൊട്ടിച്ച കേസിൽ മൂന്നു വർഷത്തെ ജയിലിലെ ജീവിതം അവസാനിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം.
രഞ്ജിത് ഏറെ അസ്വസ്ഥവാനായി.. എവിടെ പോകും.. നാട്ടിലേക്ക് മടങ്ങിപ്പോയാൽ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാവും..
കലിപ്പൂണ്ട അനുയായികൾ പകരം വീട്ടാൻ തന്റെ വരവും കാത്തു കണ്ണിലെണ്ണ ഒഴിച്ച് കാത്തു നിൽക്കുന്നുണ്ടാകും.
ജയിലിലായ ആദ്യ അവസരങ്ങളിൽ ചില കൂട്ടുകാർ കാണാൻ വരാറുണ്ടായിരുന്നു.
അവരിൽ നിന്നും അപ്പോൾ തന്നെ ആ കാര്യം മനസിലാക്കിയിരുന്നു…!
തന്നെ വന്നു കണ്ടു വിശേഷങ്ങൾ പങ്കുവെച്ചിരുന്ന ആ പാവങ്ങളെ കൂടി അവർ ഉപദ്രവിച്ചു ഭീഷണിപ്പെടുത്തികാണും അതാണ് പിന്നീട് കൂട്ടുകാരെ ഇങ്ങോട്ട് കാണാണ്ടായതു…
വാസുകുട്ടന്റെ നാട്ടിൽ പോയാലെന്താ…
‘രഞ്ജിത്തേട്ടൻ ജയിലിൽനിന്ന് ഇറങ്ങിയാൽ ഞങ്ങളുടെ നാട്ടിലൊക്കെ വരണേ .’
ശിക്ഷ കഴിഞ്ഞു പോവാൻ നേരം അവൻ പറഞ്ഞത് ഓർത്തു.
തന്നെ പോലെ തന്നെ അടിപിടി കേസിൽ ജയിലിൽ ആയതാണ് വാസുക്കുട്ടൻ.
താൻ വന്നിട്ട് ഒരു വർഷത്തിനുശേഷം ശിക്ഷാകാലാവധി കഴിഞ്ഞ അവൻ പോയി..
തനിക്ക് ഈ ജയിൽ ജീവിതത്തിൽ ഏറെ ഇഷ്ടപ്പെട്ട കൂട്ടുകാരൻ..
തന്നെപ്പോലെ തന്നെ ദേഷ്യത്തിന് അറിയാതെ ചെയ്തു പോയ ഒരു തെറ്റ് അതാണ് അവനെ ജയിലിലെത്തിച്ചത്.
താൻ ജയിലിലേക്ക് വരുന്നതിനും ഒരു വർഷം മുമ്പേ അവൻ ജയിലിലുണ്ടായിരുന്നു. അതിനു ശേഷം തന്റെ കൂടെ ഒരു വർഷം അങ്ങനെ രണ്ടു വർഷത്തെ ശിക്ഷ കഴിഞ്ഞ് വാസുക്കുട്ടൻ തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ വല്ലാത്ത ദുഃഖം തോന്നി..
അവൻ പറഞ്ഞ് അവന്റെ നാട്ടിലെ വിശേഷങ്ങൾ ഒക്കെ അറിയാം..
നമ്മുടെ എല്ലാ നാടുകൾക്കും ശാലീന സൗന്ദര്യവും ഭംഗിയും ഒക്കെ ഉണ്ടെങ്കിലും എവിടെയും കാണും കുറച്ചു അലവലാതികൾ.. അത് അവരുടെ നാട്ടിലിത്തിരി അധികമായിരുന്നു..
വേറൊരു നാട്ടിൽ ജോലിക്കുപോയ അവൻ അവിടെയുള്ള ഒരു പെൺകുട്ടിയെ പ്രേമിച്ചു അവളുമൊത്ത് അവിടെ നിന്നും മുങ്ങിയതാണ് സ്വന്തം നാട്ടിലേക്ക്..
സുന്ദരിയായ അവളെ വിവാഹം ചെയ്തു സമാധാനമായി അവന്റെ ജീവിതം മുന്നോട്ടു പോകവേയാണ് അപ്രതീക്ഷിതമായ ആ ദുരന്തം ഉണ്ടായത്..
അവന്റെ നാട്ടിലെ ചില സ്ത്രീ ലാംബടരായ ചട്ടമ്പികൾ വാസുകുട്ടന്റെ ഭാര്യയെ കണ്ടു വല്ലാതെ മോഹിച്ചു.
സുന്ദരിമാർ നാട്ടിലുണ്ടെങ്കിൽ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കെടുത്തും എന്നു പഴമക്കാർ പറയുന്നത് വാസുകുട്ടന്റെ ഭാര്യയുടെ കാര്യത്തിൽ സത്യമായി.
അവന്റെ വീടിന്റെ മുന്നിലൂടെ ഒരു നാട്ടുവഴി കടന്നുപോകുന്നുണ്ട്.
അവൻ ജോലിക്ക് പോയ അവസരങ്ങളിലൊക്കെ അതിലൂടെ തലങ്ങുംവിലങ്ങും സഞ്ചരിച്ച് വീട്ടിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കിയവർ ഒരുപാടുണ്ട്
എന്നും ജോലിക്ക് പോകുന്ന വാസുകുട്ടൻ അന്ന് ലീവായിരുന്നു.
വീട്ടിലെ ആട്ടിൻകുട്ടിയെ തോട്ടത്തിൽ മേയിക്കാൻ കൊണ്ടുപോയ അവന്റെ ഭാര്യയെ പൊന്തക്കാട്ടിൽ പതിയിരുന്ന് ഒരുവൻ കയ്യിൽ കയറി പിടിച്ചു തന്റെ ഇംഗിതം അറിയിച്ചു..
താൻ അത്തരക്കാരിയല്ല എന്ന് പറഞ്ഞ് അവൾ ബഹളം വെച്ചു.
കുഞ്ഞുമൊത്തു വീട്ടിലുണ്ടായിരുന്ന വാസുകുട്ടൻ ശബ്ദം കേട്ടു ഓടിച്ചെന്നു.
“വാസുവേട്ട നോക്കൂ ഇയാൾ എന്റെ കയ്യിൽ കയറി പിടിച്ചു എന്നെ….. “
കരയുന്ന ഭാര്യയെ സമാധാനിപ്പിച്ചു
അവനോടു കാര്യം ചോദിച്ചപ്പോൾ തലചൊറിഞ്ഞു നിന്ന അവനു രണ്ടു പൊട്ടിച്ചു.
അപ്പോഴേക്കും അവന്റെ കൂടെ ഉണ്ടായിരുന്നവർ എത്തി. കരുതിക്കൂട്ടി തന്നെയാണ് ഇവന്മാർ ഇന്ന് തന്റെ ഭാര്യയെ ആക്രമിക്കാൻ ഒരമ്പെട്ടതെന്നു വാസു കുട്ടനും മനസ്സിലായി.. കലുങ്കിന് അടിയിൽ ചീട്ടു കളിക്കുന്ന ഇവര് എങ്ങനെ തന്റെ തോട്ടത്തിലെത്തി..
ഇന്ന് ലീവ് ആയതു ഭാഗ്യം.. അല്ലെങ്കിൽ ഇവന്മാർ ഇന്ന് തന്റെ ഭാര്യയെ പിച്ചിചീന്തിയേനെ..
ശക്തമായി പൊരുതി കണ്ണിൽ കണ്ടവരെ ഒക്കെ തല്ലി. പക്ഷേ അവന്മാർ വിടുന്ന മട്ടില്ല..
ഉന്തും തള്ളലിനു ഇടയിൽ അവരിൽ ഒരുവൻ എളിയിൽ നിന്നും പിച്ചാത്തിയെടുത്ത് അവനെ കുത്താൻ ആഞ്ഞു.
കത്തി തിരിച്ചു കൈക്കലാക്കി ഓങ്ങി ഭീഷണിപ്പെടുത്തവേ അത് ശ്രദ്ധിക്കാതെ അവന് നേരെ കുതിച്ച ഒരുവന്റെ പ ള്ളയിലേക്ക് ആഞ്ഞു ക യറി അവന്റെ കൈയിലെ കത്തി…!
കുടൽ പുറത്ത് ചാടിയ അവനെ മറ്റുള്ളവർ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി…
പോലീസ് കേസായി.. സംഭവം നാട്ടിൽ പാട്ടായി..ഒടുവിൽ വാസുക്കുട്ടന് ഒരു രണ്ടു വർഷം കഠിന തടവ് ലഭിച്ചു.
തയ്യൽ ജോലി അറിയാവുന്നതുകൊണ്ട് ഭാര്യക്ക് തയ്യൽ മെഷീൻ വാങ്ങി നൽകിയിരുന്നു അവൻ.. അതുകൊണ്ട് അവന്റെ അഭാവത്തിലും അവളും കുഞ്ഞും അമ്മയും കഞ്ഞി കുടിച്ചു കഴിയും എന്നാണ് അവൻ പറഞ്ഞത്..
അവൻ പറഞ്ഞത് അപ്പടി ശരിയാണ്. ഭാര്യയും കുട്ടിയുമൊപ്പമുള്ള ഒരു ഫോട്ടോ അവന്റെ പേഴ്സിൽ ഉണ്ട്.. അത് അവൻ കാണിച്ചിരുന്നു..നല്ല ശാലീനസുന്ദരി..
അതുപോലുള്ള നാലു വയസ്സായ ഒരു മോനും..
തന്റെ പഴയ വസ്ത്രവും ചെരുപ്പും പിന്നെ പണിയെടുത്തതിന്റെ കൂലി ആയിട്ടുള്ള കാശും വാങ്ങി ജയിലിൽ നിന്ന് ഇറങ്ങി.
പുറംലോകം കണ്ടപ്പോൾ വല്ലാത്ത ഒരു ആശ്വാസം.. ശത്രുക്കൾ ആരെങ്കിലും പതിയിരിപ്പുണ്ടോ എന്ന് നോക്കി ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ആദ്യം ബസ്റ്റാൻഡിലേക്കും അവിടെനിന്ന് വാസു കുട്ടന്റെ നാട്ടിലേക്കും ഉള്ള വണ്ടിയിൽ കയറിയിരുന്നു.
മുക്കവലയിൽ ഇറങ്ങി. വാസു കുട്ടനെ അന്വേഷിച്ചപ്പോൾ വല്ലാത്ത ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്..
ആറുമാസം മുമ്പ് നടന്ന ഇവിടെ അടുത്ത് ഒരു വളവിൽ വെച്ചു ഒരു അജ്ഞാത വാഹനം തട്ടി വാസുക്കുട്ടൻ മരിച്ചു.പോയത്രേ..
ഒരു കുറ്റം ചെയ്തു ജയിലിൽ നിന്നിറങ്ങി നേരെ നാട്ടിൽ തിരിച്ചു പോകുമ്പോൾ എത്ര മാത്രം അപകടം ഉണ്ടെന്ന് താൻ മുൻകൂട്ടി തിരിച്ചറിഞ്ഞത് എത്ര ഭാഗ്യം..
താൻ വഴിമാറി ചവിട്ടിയത് കൊണ്ട് വാസു കുട്ടന്റെ അനുഭവം വരാതെ നോക്കാൻ ഇന്ന് പറ്റി..
പക്ഷേ ശ്രദ്ധിക്കണം.. തന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നവർ ഉണ്ടായേക്കാം
കവല വരെ വന്നിട്ട് വന്നിട്ട് വാസുകുട്ടന്റെ വീട്ടിലേക്ക് പോകാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി.
വാസുകുട്ടന്റെ വീട്ടിലെത്തി…
കൂനിന്മേൽ കുരു എന്ന വാർത്ത അന്വർത്ഥമാക്കും വിധം
ഭർത്താവിന്റെ അപകട മരണത്തിനുശേഷം വീട്ടിലുണ്ടായിരുന്ന അമ്മയും കഴിഞ്ഞാഴ്ച അസുഖം മൂലം മരിച്ചു പോയ ദുഃഖം താങ്ങാനാവാതെ വാടിയ ചേമ്പില പോലെ അവിടെ ഇരിക്കുന്ന അവന്റെ ഭാര്യയും മകനെയുംമാണ് അവിടെ കാണാൻ പറ്റിയത്..
വല്ലാത്ത പരീക്ഷണം തന്നെ..
ഭർത്താവിന്റെ ജയിലിൽ പരിചയപ്പെട്ട സുഹൃത്താണെന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ നെറ്റി ചുളിഞ്ഞു..
” വാസുക്കുട്ടൻ പറഞ്ഞില്ലേ.. എന്റെ പേര് രഞ്ജിത്ത് എന്നാണ് .”
രഞ്ജിത്ത് എന്ന പേര് കേട്ടപ്പോൾ നെറ്റിയിലെ ചുളിവ് അയഞ്ഞു.. മുഖത്ത് അല്പം ശാന്തി കളിയാടി..
” രഞ്ജിത് .. മനസ്സിലായി..കുട്ടേട്ടൻ വന്നതിനുശേഷം എന്നും കുറേ ഏറെ വിശേഷങ്ങൾ പറയുമായിരുന്നു നിങ്ങളുടെ.. വരൂ അകത്തു കയറി ഇരിക്കൂ”
രഞ്ജിത്ത് അകത്തു കയറി ഇരുന്നു.. മോൻ അവിടെ നിലത്ത് ഒരു കൊച്ചു വണ്ടി ഉരുട്ടി കളിക്കുന്നു..
‘മോന് അച്ഛനെ കാണാണ്ട് വിഷമമാവൂലേ’
അന്നു താൻ വാസുകുട്ടനോട് ചോദിച്ചപ്പോൾ
‘ഏയ്… അവന് അച്ഛനെ വലിയ കാര്യവും ഇഷ്ടം ഒക്കെ തന്നെയാണ്.. എങ്കിലും അമ്മയാണ് അവനെല്ലാം.. അമ്മ കൂടേ ഉണ്ടേൽ വേറെ ആരും ഇല്ലേലും ഒന്നുമില്ല.’
അതും പറഞ്ഞ് വാസുക്കുട്ടൻ ചിരിച്ചത് ഓർത്തു
തയ്യൽ മെഷീൻറെ അടുത്ത് ഒരുപാട് വസ്ത്രങ്ങൾ ഉണ്ടാക്കി കൊടുക്കാനുള്ളത് കണ്ടപ്പോൾ ചോദിച്ചു.
“ജോലി ഉണ്ട് അല്ലേ? “
“അടുത്തുള്ള കോൺവെന്റ് കീഴിലുള്ള നഴ്സറി സ്കൂളിൽ ഉള്ള കുട്ടികളുടെ യൂണിഫോം മൊത്തം അടിക്കാൻ സിസ്റ്റർ ഏൽപ്പിച്ചിട്ടുണ്ട്… എല്ലാ വർഷവും പതിവായി എനിക്കു ആ ജോലി കിട്ടാറുണ്ട്..”
അവൾ പറഞ്ഞു.
വാതിലിനു അടുത്ത് തന്നെ വെട്ടുകത്തിയും മറ്റു ഉപകരണങ്ങളും കണ്ടപ്പോൾ രഞ്ജിത്ത് ചോദിച്ചു.
“ഇപ്പോഴും ഉപദ്രവം ഉണ്ടോ? “
അവളൊന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു.
“കുട്ടേട്ടൻ ജയിലിലായിരുന്നപ്പോൾ അമ്മ ഉണ്ടായിരുന്നല്ലോ ഇവിടെ..അതുകൊണ്ട് വലിയ കുഴപ്പവും ഉണ്ടായില്ല.. കുട്ടേട്ടന്റെ മരണശേഷവും ഉണ്ടായില്ല. അമ്മ മരിച്ചിട്ട് ഇപ്പൊ ഏഴുദിവസം ആകുന്നു. ആറുദിവസം കുഴപ്പമില്ലായിരുന്നു…. പക്ഷെ ഇന്നലെ രാത്രിയില് തൊട്ട് വീടിനടുത്ത് നിന്നും ചെറിയ ആളനക്കവും അടക്കം പറച്ചിൽ ഒക്കെ കേൾക്കാൻ തുടങ്ങി. ഞാനും മോനും ഭയത്തോടെയാ രാത്രി കഴിച്ചുകൂട്ടിയത്..”
“അപ്പോൾ ഇനി തൊട്ട് ഉപദ്രവം ഉണ്ടാവാൻ സാധ്യതകാണുന്നു അല്ലേ..? “
അവൾ ഒന്നു തേങ്ങി..
പറഞ്ഞു തീർന്നില്ല..
“ആരാടാ പുതിയ ആള്… ഇപ്പോ വഴിയൊക്കെ തുറന്നു കിട്ടിയല്ലോ ഇനി ആരെയും വിളിച്ചു കേറ്റാലോ സുന്ദരിക്കോതയ്ക്ക്.. “
ശബ്ദം കേട്ട് രഞ്ജിത്ത് പുറത്തിറങ്ങി മൂന്നാലു യുവാക്കൾ..
ഇതാ കു ത്തേറ്റ് ടീം ആണോ
രഞ്ജിത്ത് അവരെ കണ്ടപ്പോൾ പതുക്കെ വാസുട്ടൻ ഭാര്യയോട് ചോദിച്ചു.
“അതെ”
“ചേട്ടന്മാരെ ഞാൻ രഞ്ജിത്ത് .വാസുകുട്ടന്റെ സുഹൃത്താണ്.. വാസുകുട്ടന്റെ വീടു വരെ വന്നു വിവരം അറിഞ്ഞു പോകാമെന്ന് വെച്ചു വന്നതാണ്..”
“ഓഹോ അത് ശരി.. ജയിലിൽ വെച്ച് പരിചയമുള്ള സുഹൃത്തായിരിക്കും.. അല്ലാണ്ട് ഞങ്ങൾ അറിയാത്ത ഏതാ ഒരുസുഹൃത്ത്…”
“അതെ ജയിലിൽ വച്ച് പരിചയപ്പെട്ടതാണ്.. ഇപ്പൊ വരുന്നതും ജയിലിൽ നിന്നാണ്..”
“അപ്പൊ നിനക്ക് വീടും കൂടിയും ഒന്നുമില്ലേ? “
“ഉണ്ടല്ലോ വലിയ തറവാട്… പക്ഷേ ഇപ്പോൾ അങ്ങോട്ട് ചെന്നാൽ ശരിയാവില്ല”
“അതുകൊണ്ട് ഇവിടെ കൂടാന്നു വെച്ചോ”
“പറഞ്ഞല്ലോ വാസുക്കുട്ടൻ വീട്ടുകാരുടെ വിവരമൊന്നു അറിയാൻ വന്നതാ”
“വിവരമറിഞ്ഞല്ലോ എന്നാൽ സമയം വൈകിക്കാണ്ട് പോയാട്ടെ..”
“പോകാൻ വേണ്ടിയായിരുന്നു വന്നത്.. പക്ഷേ.. ഇനിയിപ്പോ പോകാൻ പറ്റില്ലല്ലോ..”
“അതെന്താ?”
നിങ്ങളെ നിലക്ക് നിർത്തിയിട്ടേ പോകുന്നുള്ളൂ എന്ന് പറയാൻ മനസ്സിൽ തോന്നി.
പക്ഷേ പറഞ്ഞത് ഇങ്ങനെ..
“നോക്കൂ ആകാശത്തേക്ക് നോക്കൂ…ഇന്നോ നാളെയോ ഈ വർഷത്തെ മഴ തുടങ്ങും ഈ വീടിന്റെ ഓടു ഒക്കെ ഒരുപാട് പൊട്ടിയിട്ടുണ്ട് ഉള്ളിൽ വെള്ളം കയറും..അതൊക്കെ മാറ്റണം.. കുറച്ചു ദിവസത്തെ ജോലി ഇവിടെ ഉണ്ടാവും അതിനും കൂടിയാ ഞാൻ വന്നത്…”
“അതൊക്കെ അവൾ ചെയ്തോളൂ താൻ പോയേടാ…”
അവരിൽ ഒരുത്തൻ കലിയിളകി പറഞ്ഞു.
” പെണ്ണുങ്ങൾക്ക് പുര പുറത്തൊക്കെ കയറാൻ പറ്റുമോ…ഞാൻ തന്നെ നേരെയാക്കും..”
അതിലൊരുത്തൻ ദേഷ്യപ്പെട്ടു ചാടി വന്നു രഞ്ജിത്തിന്റെ കോളറിനു കുത്തി പിടിച്ചു.
ഞൊടിയിടയിൽ അതു തട്ടിമാറ്റി രഞ്ജിത്ത് പറഞ്ഞു.
“വേണ്ട… നിർത്തിക്കോ..വാസുക്കുട്ടൻ ഒരാളെ അബദ്ധത്തിൽ കുത്തിയതേയുള്ളൂ.. ഞാനാണെങ്കിൽ എല്ലാത്തിനെയും കുത്തി മലർത്തും…”
രഞ്ജിത്ത് താക്കീതു എന്ന പോലെ പറഞ്ഞു..
“വിടടാ ജയിലിൽ നിന്നും കലിപ്പ് കൊണ്ട് വന്നതാണെന്ന് തോന്നുന്നു..ഹും എത്രനാൾ ഇവിടെ കാണും എന്ന് നമുക്ക് നോക്കാം….”
രഞ്ജിത്തിന്റെ കയ്യൂക്ക് കണ്ടു കൊണ്ടോ ആത്മബലം കൊണ്ടോ… എന്തോ അവർ തൽക്കാലം അങ്ങനെ പറഞ്ഞു അവിടെനിന്നും പിരിഞ്ഞുപോയി.
വാസുക്കുട്ടൻ ഭാര്യയ്ക്ക് സമാധാനമായി.. തന്റെ ദുഃഖം അറിഞ്ഞ ഈശ്വരൻ അയച്ച ആൾ ആണെന്ന് തോന്നുന്നു.. അല്ലെങ്കിൽ ഇത്ര കൃത്യമായിട്ട് എങ്ങനെ വരാൻ പറ്റുമോ?
വീടിന്റെ പിറകിലെ വരാന്തയിൽ അട്ടി കിടക്കുന്ന ഓട് കണ്ടപ്പോൾ രഞ്ജിത്ത് പറഞ്ഞു.
“പഴയ ഓട് ഉണ്ടല്ലോ.. ഏതായാലും മാറ്റിക്കളയാം.. ആകാശത്ത് കാർമേഘം ഉരുണ്ടുകൂടുന്നത് കണ്ടോ.. ചിലപ്പോൾ ചെയ്തേക്കാം ഒരുപാട് ഓടി പൊട്ടിയത് ഉള്ളിൽ ഇരിക്കുമ്പോൾ കണ്ടു..”
അവൾ ഒന്നും മിണ്ടിയില്ല..
ഉച്ചയ്ക്കുള്ള ഭക്ഷണം അവള് നല്കിയത് കഴിച്ച രഞ്ജിത്ത് പുറത്ത് ചായ്പ്പിലെ തിണ്ണയിൽ അൽപനേരം വിശ്രമിച്ചു
വാസുകുട്ടന്റെ പഴയ ലുങ്കിയും വാങ്ങി ഉടുത്തു ചായപിലെ ഏണിയും എടുത്ത് അയാൾ വീടിന്റെ മുകളിൽ കയറി പൊട്ടിയ ഓടൊക്കെ മാറ്റിയിട്ടു..
പായും തലയണയും വാങ്ങി അത്താഴത്തിനുശേഷം പുറത്ത് ചായ്പ്പിൽ തന്നെ രഞ്ജിത്ത് കിടന്നുറങ്ങി..
പാതിരാത്രി ആയപ്പോൾ അയാൾ പ്രതീക്ഷിച്ച്പോലെ പെരുമഴ തുടങ്ങി..
വലിയൊരു ഇടി മുഴങ്ങി.. വാസകുട്ടന്റെ ഭാര്യ ഉണർന്നു.. അവൾ ഓർത്തു ഈ മഴ വെള്ളം മൊത്തം ഉള്ളിൽ ആകേണ്ടതായിരുന്നു. ഷർട്ട് സമയത്ത് വാസു ഏട്ടന്റെ ഫ്രണ്ട് വന്നതുകൊണ്ട് ഇന്ന് സമാധാനമായി കിടക്കാൻ പറ്റി..
മഴക്കാലം മുഴുവൻ രഞ്ജിത്ത് അവിടെ തന്നെ കൂടി..
തനിക്കൊരു ആശ്രയം ആയിരിക്കുന്ന രഞ്ജിത്തിനോട് അവൾക്ക് വലിയ ആരാധന തോന്നി..
എത്ര വലിയ വിധത്തിൽ നിന്നാണ് തന്നെ രക്ഷിച്ച ഇരിക്കുന്നത്.. വാസുക്കുട്ടൻ ജയിലിൽ പോയപ്പോൾ പിന്നെ നാളുകൾ എണ്ണി ആണ് കഴിഞ്ഞത്.. വന്നതിനുശേഷം കൊതി തീരും മുമ്പ് വിധി അങ്ങേരെ കൊണ്ടുപോയി…
ജയിലിൽ പോയാൽ ഒരു ദിവസം വരുമെന്ന് പ്രതീക്ഷ ഉണ്ടായി തന്റെ ജീവിതത്തിൽ.. പക്ഷേ മരിച്ചു പോയാൽ ഇനി ആരെ കാത്തിരിക്കാൻ ആണവോ.. താനും മനുഷ്യസ്ത്രീ അല്ലേ.. തനിക്കും ഇല്ലേ ആഗ്രഹങ്ങളും പ്രതീക്ഷകളും.. വാസു കുട്ടനാട് ഒപ്പം കണ്ട സ്വപ്നങ്ങൾ ഒക്കെ കുഴിച്ചുമൂടപ്പെട്ടു… ഇനി താൻ ആർക്ക് വേണ്ടി ജീവിക്കുന്നു എന്നു തന്നെയറിയില്ല…
രഞ്ജിത്തേട്ടൻ പുറത്ത് ചായ്പ്പിലും അവൾ അകത്തു ബെഡിലും കിടക്കുന്നത് ആണെങ്കിലും നാട്ടുകാർ എന്തൊക്കെയാണ് പറഞ്ഞു പരത്തുന്നത്… നാട്ടുകാർക്ക് അങ്ങനെ പറയാമെങ്കിൽ തങ്ങൾക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ..രഞ്ജിത്തേട്ടൻ തന്നെ ഇഷ്ടപ്പെടുമോ? ആ മനസ്സിൽ എന്താണ്… സുഹൃത്തിനോടുള്ള സ്നേഹമാണോ? തന്നോടുള്ള ഇഷ്ടം ആണോ?.. ഒന്നും അങ്ങോട്ട് അത്ര പിടികിട്ടുന്നില്ല. വാസു കുട്ടനു ഈ നാട്ടിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടല്ലോ.. അവർക്കൊന്നും തോന്നാത്ത എന്ത് പ്രതിബദ്ധതയ അല്ലെങ്കിൽ സ്നേഹമാണവോ ഒരു വർഷം കൊണ്ട് വാസു കുട്ടനും ഇയാളുമായി ജയിലിൽ വെച്ചു ഉണ്ടായിട്ടുള്ളത്.. അറിയില്ല..തന്നോടുള്ള ഇഷ്ടം തന്നെയാവാം…ഓരോ ദിനവും കിടക്കാൻ നേരം ഇങ്ങനെ ഓരോ ചിന്തകർ അവളെ മഥിക്കാൻ തുടങ്ങി… അവനോടുള്ള അവളുടെ ഇഷ്ടവും വളർന്നുവന്നു..
വാസൂകുട്ടന്റെ ഭാര്യ രാജി വരുത്തനെ കേറ്റി താമസിപ്പിക്കുന്ന കാര്യം നാട്ടിലാകെ മറ്റേ ടീം പറഞ്ഞുപരത്തി..
ജയിലിൽ നിന്നും കിട്ടിയ കാശുകൊണ്ട് കടയിൽ നിന്നും വരുമ്പോൾ രഞ്ജിത്ത് വീട്ടിലേക്ക് അല്ലറ ചില്ലറ സാമാനങ്ങൾ വാങ്ങിക്കാറുണ്ട്.. മോനുള്ള മിഠായികളും അതിലുണ്ടാവും…
“വാസു കുട്ടന്റെ ഭാര്യ സാധനങ്ങൾ കൊണ്ടു വരുമ്പോൾ വേണ്ടെന്നു പറയും പക്ഷേ.. അതൊന്നും രഞ്ജിത്ത് കൂട്ടാക്കാറില്ല..
“ഞാനും ഇവിടെ കഴിയുന്നത് അല്ലേ എനിക്കും ചിലവുള്ളതല്ലേ എന്ന് പറയും.”
ഒരു ദിവസം രാത്രി രഞ്ജിത്ത് കിടക്കുന്ന ചായപ്പിനു മുകളിലേക്ക് പ്ലാവിന്റെ വലിയ ചില്ല ഒടിഞ്ഞു വീണു.
ശബ്ദം കേട്ട് വാസു കുട്ടന്റെ ഭാര്യ രാജി കതക് തുറന്നു പുറത്തിറങ്ങി വന്നു..
രഞ്ജിത്ത് കിടക്കുന്നിടം മുഴുവൻ മഴ തകർത്തു പെയ്യുന്നു.. പായയും തലയിണയും വിരിപ്പു മൊത്തം നനഞ്ഞു.. ഓടുകൾ പൊട്ടി അകത്തേക്ക് വീണിട്ടുണ്ട്.
“ഇതു രാത്രിയിൽ നേരെയാക്കാൻ പറ്റൂല കഴുക്കോല് ഒടിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു..”
“അയ്യോ ഈ രാത്രിയിൽ ഒന്നും വേണ്ട കോരിചൊരിയുന്ന മഴയത്ത് ഒന്നും നടക്കൂല. നിങ്ങൾ അകത്ത് വരും ഇന്ന് ഇവിടെ കിടക്കാം..”
നനഞ്ഞ വിറയ്ക്കുന്ന രഞ്ജിത്തിനെ അവൾ അകത്തേക്ക് ക്ഷണിച്ചു
നനഞ്ഞ വസ്ത്രങ്ങൾ ഒക്കെ മാറി ഉടുക്കാൻ കൊടുത്തു.മകനെ ബെഡിലെ ഓരത്ത് ആക്കിയിട്ട് ആ ബെഡിൽ കിടക്കാൻ പറഞ്ഞു..
“അയ്യോ ഞാൻ താഴെകിടന്നോളാം. ജയിലിൽ ഒക്കെ വെറും നിലത്തു കിടന്നാ ശീലം.. ബെഡ് കണ്ടിട്ട് തന്നെ കുറെ നാളായി”
രഞ്ജിത്ത് പറഞ്ഞു.
അവൾ കൂട്ടാക്കിയില്ല..
“താഴെ ഞാൻ കിടന്നോളാം ഇന്നത്തെ ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ..”
മനസ്സില്ലാമനസ്സോടെ രഞ്ജിത്ത് ബെഡിൽ കിടന്നു..
വെറും നിലത്ത് അവൾ വിരിപ്പ് വിരിച്ചു കിടന്നു…
രാവിലെ പുറത്തു ബഹളം കേട്ടാണ് മോനും അവർ രണ്ടുപേരും ഉണർന്നത്..
തെമ്മാടികൾ ഒരുപാട് പേരെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. രണ്ടുപേരും ഒന്നിച്ചു വീടിന് ഉള്ളിൽനിന്നും ഇറങ്ങുന്നത് ജനങ്ങൾ മൊത്തം കണ്ടു..
“അല്ല രാജി നീയല്ലേ പറഞ്ഞത് അങ്ങേരു പുറത്താണ് കിടക്കുന്നത് നീ അകത്താണ് എന്നൊക്കെഇപ്പോഴെങ്ങനെ രണ്ടാളും ഉള്ളിൽ ആയത്..”
തൊട്ടയൽപക്കത്തെ ചേച്ചിയാണ്. തന്നോട് ഇത്തിരി സ്നേഹം കാണിച്ച ചേച്ചി… അവർ പോലും സംശയിച്ചു ചോദിച്ചു.
“ചേച്ചി ചായ്പ്പിൻ മേൽ മരച്ചില്ല വീണു ഒടിഞ്ഞത് കാണുന്നില്ലേ..”
രാജിക്ക് കരച്ചിൽ വന്നു.
“എന്ന് വെച്ച് കൂടെ കിടത്താം എന്നു കരുതി അല്ലേ..”
“ഞങ്ങൾ വേറെ വേറെ…”
അവൾക്കു മടുത്തു എന്തൊക്കെ പറഞ്ഞാ ബോധ്യപ്പെടുത്തേണ്ടത് എല്ലാവരും ചിരിച്ചു കൊല്ലുന്നുണ്ട്. അവൾ പറയാൻ തുടങ്ങുമ്പോൾ തന്നെ…
“ഏതായാലും ഇത് ഈ നാട്ടിൽ നടക്കൂല ഞങ്ങളൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ ഇങ്ങനെയൊരു പുലയാട്ട് നടത്താൻ ഞങ്ങൾ അനുവദിക്കില്ല..”
ഇവനെ രണ്ടു പൂശാൻ ഇതുതന്നെ നല്ല അവസരം… ആൾക്കാരുടെ ഇടയിൽ അവനെ തല്ലുമ്പോൾ അവൻ നിന്നു കൊള്ളും എന്ന് കരുതി വാസുകുട്ടന്റെ കുത്ത് കൊണ്ടുവനും കൂട്ടരും ചാടി വീണു.. രഞ്ജിത്തിനെ തല്ലാൻ ആഞ്ഞു..
“തൊട്ടുപോകരുത്… എനിക്ക് വാസുക്കുട്ടൻ ഒരു നല്ല സുഹൃത്ത് തന്നെയാണ്.. അവന്റെ അഭാവത്തിൽ അവന്റെ ഭാര്യയെ പിച്ചിച്ചീന്താൻ നിൽക്കുന്ന ചില നാ റി ക ളു ടെ ഇടയിൽ വിട്ടുപോകാൻ മനസ്സുവന്നില്ല.. അവർക്കുള്ള താക്കീത് ഞാൻ നൽകിയതായിരുന്നു.. എന്നിട്ടും അവർ ഈപെൺകുട്ടിയുടെ ജീവിതത്തെ വിടാതെ പിന്തുടരുകയാണ് .. അതുകൊണ്ട് രഞ്ജിത്ത് എന്ന് പേരുള്ള ഞാൻ പറയുകയാണ്. എന്റെ സുഹൃത്തിന്റെ കുട്ടിയെയും ഭാര്യയെയും സംരക്ഷിക്കാൻ വേണ്ടി അവളെ വിവാഹം ചെയ്യാൻ തയ്യാറാണ് .. ഞങ്ങൾ ഒന്നിച്ചു ജീവിക്കും.. നിങ്ങൾക്കൊരു താലിയുടെ പ്രശ്നമാണെങ്കിൽ വലുതെങ്കിൽ ഇവിടത്തെ കൃഷ്ണന്റെ നടയിൽ പോയി ഞങ്ങൾ താലികെട്ടു..”
അതും പറഞ്ഞു രഞ്ജിത്ത് കണ്ണീർവാർത്തു കരയുന്ന രാജിയുടെ കൈ പിടിച്ചു തന്നോട് ചേർത്തുനിർത്തി.. മറ്റേ കൈകൊണ്ട് കുഞ്ഞുമോനെയും അരികിൽ അണച്ച് പിടിച്ചു..
“ആണും പെണ്ണും അവർക്ക് തമ്മിൽ ഇഷ്ടമാണെങ്കിൽ അവർ കല്യാണം കഴിക്കട്ടെ ഇതിന് എന്തിനാ നാട്ടുകാർ ചുമ്മാ പ്രശ്നമുണ്ടാക്കുന്നത്.. ഭർത്താവ് മരിച്ചു എന്ന് കരുതി ചെറുപ്പക്കാരിയായ പെൺകുട്ടിക്ക് വേറൊരു പുരുഷനെ കല്യാണം കഴിച്ചു ജീവിച്ചു കൂടെ… വിവാഹം കഴിക്കാൻ അയാൾ സമ്മതിച്ചല്ലോ പിന്നെന്താ”
നല്ലവനായ ഒരു വൃദ്ധൻ ചോദിച്ചു..
അപ്പോൾ ഒരു സ്ത്രീ
“ഇങ്ങനെയാണോ ഭർത്താവ് മരിച്ച ഒരു സ്ത്രീ ചെയ്യേണ്ടത്….കല്യാണം കഴിക്കാതെ അന്യ പുരുഷനെ വിളിച്ചു കേറ്റി കൂടെ കിടന്നു കൊണ്ടാണോ ജീവിതം ഉണ്ടാക്കൽ”
“ആ കുട്ടിയെ ഇവിടെ കുറെ ചില ദ്രോഹികൾ ഉപദ്രവിക്കുന്നത് കണ്ടു അയാൾ അവരുടെ രക്ഷയ്ക്ക് നിന്നതായിരുന്നു അയാൾ… അവൾ വെച്ച് വിളമ്പി നൽകുന്നതും കഴിച്ച് അയാൾ പുറത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ വീടിന്റെ മുകളിൽ മരച്ചില്ല ഒടിഞ്ഞു വീണപ്പപ്പോൾ സ്വാഭാവികമായും അകത്തുകയറി കിടന്നു. ഏതായാലും അയാൾ ആ കുട്ടിക്ക് ജീവിതം കൊടുക്കാൻ തയ്യാറാണ് എങ്കിൽ അവരുടെ ആഗ്രഹം നടക്കട്ടെ..”
അയാളുടെ വാക്ക് ആ നാട്ടുകാർക്ക് വളരെ പ്രധാനമാണ്.
എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി
“അതെയതെ ഇന്നത്തെ കാലഘട്ടത്തിൽ രണ്ടുപേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ പിന്നെ അതിൽ മറ്റാർക്കും കാര്യമില്ല..”
വിവരമുള്ള പലരും അത് പറഞ്ഞു അവരവരുടെ വഴിക്ക് പോയി..
രഞ്ജിത്തേട്ടന്റെ മനോഭാവം അറിഞ്ഞ രാജിക്ക് സന്തോഷമായി.
രണ്ടു ദിവസത്തിനകം പറഞ്ഞതുപോലെ താലിയും വാങ്ങി രഞ്ജിത്ത് ആ ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി കൊണ്ടുവന്നു..
അത്താഴം കഴിച്ചു രണ്ടുപേരും കിടന്നതാണ്…
“രാജി നീ ഏത് ലോകത്തിലാ….””
സഹകരണമനോഭാവം ഇല്ലാതെ തളർന്നുകിടക്കുന്ന തന്റെ കയ്യും കാലും കണ്ടു രഞ്ജിത്ത് സംശയത്തോടെ ചോദിക്കുന്നത് കേട്ടപ്പോൾ അവൾക്ക് കുറ്റബോധം തോന്നി…
തനിക്ക് ഇതിനെക്കാളും പ്രധാന്യം ആ കരുതലും സംരക്ഷണവും ആയിരുന്നല്ലോ…
അത് കിട്ടിയ തനിയ്ക്ക്… സ്വർഗ്ഗം കിട്ടിയ പോലെയാണ്… അതിനിടയിൽ എല്ലാം മറന്നു.. അവൾ അയാളെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു….
കാമം പൂണ്ട് കൊത്തിപ്പറിക്കാൻ ഒരുമ്പെട്ട കഴുകുകളിൽ നിന്നും തന്നെ രക്ഷിച്ച വീര പുരുഷൻ…
ഒരു സ്ത്രീയുടെ ശരീരത്തിലെ ആഴങ്ങളിലേക്ക് പരമാവധി ആഴ്ന്ന് സ്പർശിക്കൽ അല്ല പുരുഷത്വം അവളെ മനസ്സിലാക്കി അവളെ ചേർത്തു നിർത്തി നിനക്ക് എന്നും ഞാനുണ്ട് എന്ന് പറഞ്ഞു സധൈര്യം ഏതു വിപത്തിലും അവളുടെ മുന്നിൽ ഉണ്ടാകുന്നതാണ് ആണത്തം..
രഞ്ജിത്തേട്ടൻ അവൾക്കൊരു ജീവിതം നൽകിയിരിക്കുന്നു.
ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പെട്ടു തീരേണ്ട അവൾക്ക് തുണയായി ഇരിക്കുന്നു..
“രാജി നീ സുന്ദരിയാണ്..”
കർണാമൃതം ഇതാണോ
അവൾ അത് കേട്ട് ചിരിച്ചു.. തന്നെ ആവോളം നുകരാൻ രഞ്ജിത്തേട്ടന് സസന്തോഷം അവൾ തന്റെ മേനിയെ നൽകി..
അവൾക്കു മനസ്സിലായി ഓരോ ആണും വ്യത്യസ്തതയാണ് സ്ത്രീക്കു നൽകുന്നത്..
രഞ്ജിത്തേട്ടന് അന്ന് ആദ്യരാത്രിയാണ്…..!
മനോഹരമായ ആ ദിവസങ്ങൾ അങ്ങനെ കഴിയവേ കുറച്ചു ദിവസങ്ങൾക്ക് ശേഷം
നാട്ടുകാർ കരുതുന്നത് പോലെ വാസു കുട്ടന്റെ മരണം സ്വാഭാവിക അപകടം മൂലം അല്ലെന്ന് രഞ്ജിത്തിനു സംശയമുണ്ടായിരുന്നു.
ഒരു ദിവസം വാസുക്കുട്ടൻ മരിച്ച ഡേറ്റ് രാജി യോട് ചോദിച്ചറിഞ്ഞു ആ ദിവസം വളവിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും പോയ വലിയ വാഹനങ്ങൾ, ടിപ്പർ പോലുള്ള ലോറിയുടെ വിവരങ്ങൾ റോഡിന്റെ വശങ്ങളിൽ ഉള്ള കടകളിൽ ഉണ്ടായിരുന്ന സിസിടിവി ഫൂട്ടേജ് നിന്നും മനസ്സിലാക്കി എടുത്തു.
അപകടം ഉണ്ടായി എന്ന് സംശയിക്കുന്ന സമയത്ത് കടന്നുപോയ ലോറി നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാസു കുട്ടന്റെ കുത്തേറ്റ നേതാവ് ടീമും ആണെന്ന് ഈ കൊലപാതകത്തിന് പിന്നിലെന്ന് രഞ്ജിത്ത് കണ്ടെത്തി…!
വിവരങ്ങൾ പൊലീസിന് കൈമാറി…പൊലീസ് പ്രതികളെ പിടികൂടി ശിക്ഷ വാങ്ങിച്ചു കൊടുത്തു ജയിലിലടച്ചു…
❤❤
കമന്റും ലൈക്കും ചെയ്യണേ….