പതിയെയുള്ള എൻ്റെ ചോദ്യത്തിന് അവൾ തല കുലുക്കിയപ്പോൾ ഞാൻ പുഞ്ചിരിച്ചു…

കണ്ണീർപൂക്കൾ

രചന: സന്തോഷ് അപ്പുക്കുട്ടൻ

ആദ്യമായി പെണ്ണുകാണാൻ പോയ പെൺക്കുട്ടിയെ ഇവിടെ ഈ വീട്ടിൽ വെച്ചു ഞാൻ കണ്ടപ്പോൾ എനിക്ക് ആശ്ചര്യത്തിലേറെ അമ്പരപ്പായിരുന്നു.

ഈ പഴയ ഓടിട്ട വീടിൻ്റെ പൊട്ടിയ ഓടുകൾ മാറ്റാനായി വന്നതായിരുന്നു ഞാൻ.

ഞാൻ ഗീതുവിനെ പെണ്ണുകാണാൻ ചെന്നത് ഒരു ഇടത്തരം ഇരുനില വീട്ടിലേക്കായിരുന്നു.

മുറ്റത്ത് നന്നായി ക്രമീകരിച്ചിരിക്കുന്ന പൂന്തോട്ടമുള്ള വീട്!

ഗെയിറ്റിൽ, “ഗീതം” എന്ന് മലയാളത്തിൽ, സുവർണ്ണ ലിപികളാൽ കൊത്തിവെച്ച വീട്!

ഇതിപ്പോൾ, മുറ്റത്ത് നിറയെ പുല്ല് വളർന്നു നിൽക്കുന്ന, പെയിൻറടർന്ന വീട്ടിൽ, പൊട്ടിയ ഓടുകൾക്കിടയിലൂടെ വീഴുന്ന മഴത്തുള്ളികളിൽ നനഞ്ഞ്….

നിറം മങ്ങിയ മാക്സിയിൽ, മുഖത്തെ രക്തപ്രസാദം വറ്റി നിൽക്കുന്ന ഗീതുവിനെ സംശയത്തോടെ ഞാൻ ഒന്നുകൂടി നോക്കി.

” ഗീതുവല്ലേ? “

പതിയെയുള്ള എൻ്റെ ചോദ്യത്തിന് അവൾ തല കുലുക്കിയപ്പോൾ ഞാൻ പുഞ്ചിരിച്ചു.

“എന്നെ അറിയോ?”

എൻ്റെ ചോദ്യത്തിന് വീണ്ടും അവൾ തല കുലുക്കി കൊണ്ട് പറഞ്ഞു.

” രമേശനല്ലേ? എനിക്കറിയാം”

അതു കേട്ട് അവൾക്ക് ഒരു പുഞ്ചിരിയും കൊടുത്ത് ഞാൻ മനസ്സിൽ മന്ത്രിച്ചു.

“ബി.കോം ക്കാരിക്ക് എന്നെ മനസ്സിലാവാതെ ഇരിക്കോ?”

” രമേശനിപ്പോഴും ഈ ജോലി തന്നെയാണോ? മറ്റൊന്നും നോക്കീല “

ഓട് വിടവിലൂടെ വീഴുന്ന മഴത്തുള്ളികളെ പിടിക്കാൻ തറയിൽപാത്രം വെച്ച് ഗീതു എന്നെ നോക്കി.

“ഈ ജോലി കൊണ്ട് ഒരു കുഴപ്പവുമില്ല ഗീതു. നേരാംവണ്ണം കഞ്ഞികുടിച്ചു പോകുന്നുണ്ട് “

ഞാൻ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയ്ക്ക് എന്നെ ആക്കിയ ഭാവമാണോ എന്ന് ഞാൻ സംശയിച്ചു.

കാരണം അന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ, ആശാരി പണിയാണെന്ന് പറഞ്ഞപ്പോഴും ഇവളുടെ ചുണ്ടിൽ ഇതേ ചിരിയാണ് വിടർന്നത്.

ദേവിയുടെ അമ്പലത്തിൽ താലം പിടിക്കുമ്പോഴായിരുന്നു ഗീതുവിനെ ആദ്യം കാണുന്നത്.

ദാവണിയുടുത്ത ഒരു കൊച്ചു സുന്ദരിയുടെ മുഖം, ചെരാതിലെ വെട്ടത്തിൽ തിളങ്ങുന്നതും നോക്കി കുറേനേരം നോക്കിയിരുന്നു.

“അതിനെ നോക്കി വെള്ളമിറക്കിയിട്ടു കാര്യമില്ല മോനെ.നമ്മുടെ ജോലി അറിയുമ്പോൾ തന്നെ അവർ പറ പറക്കും

കൂടെയുണ്ടായിരുന്ന ചങ്ങാതിയുടെ വാക്കുകൾക്ക് യഥാർത്ഥ്യത്തിൻ്റെ ശബ്ദമാണെന്ന് അറിയാമായിരുന്നു.

പെണ്ണ് കണ്ട് മടുത്ത അവൻ ഇപ്പോൾ അങ്ങിനെയൊരു ചടങ്ങ് ഉണ്ടെന്ന് മറന്നുപോയിരിക്കുന്നു.

“എല്ലാം ശരിയായി വരുമ്പോൾ ” എന്താ ജോലി ” എന്നൊരു ചോദ്യമുണ്ട് രമേശാ !
അതോടെ എല്ലാം തീർന്നു!

അവരുടെ ചോദ്യം കേൾക്കുമ്പോൾ കുടിച്ച ചായ ആവിയായി പോയിട്ടുണ്ടാകും.

ആയുധം വെച്ച് ഞാൻ കീഴടങ്ങി രമേശാ.ഇനി മറ്റൊരു ജോലി കണ്ടെത്തിയിട്ടേ ഗോദയിലിറങ്ങൂ.

അതിനു ശേഷം അവൻ പെണ്ണ് കാണാൻ പോയിട്ടില്ല!

അവൻ്റെ സങ്കടത്തിൽ നിന്നാണ് ആ വാക്കുകൾ ഉതിർന്നതെന്നും എനിക്കറിയാം.

പക്ഷെ, ചെരാതിൻ്റെ വെട്ടത്തിൽ ദിവ്യതയോടെ തിളങ്ങുന്ന മുഖം മറക്കാൻ പറ്റാത്തതുപോലെ!

സമ്പത്തുകൊണ്ടും, തറവാട്ട് മഹിമകൊണ്ടും എകദേശം തുല്യമാണെന്നു അന്വേഷിച്ചറിഞ്ഞപ്പോഴാണ് ഗീതുവിനെ പെണ്ണ് കാണാൻ പോയത്!

പക്ഷെ എല്ലാം ഒത്തുവന്നപ്പോൾ, കുലത്തൊഴിൽ മാർഗ്ഗം മുടക്കി.

“സോറി മിസ്റ്റർ രമേശ്. ഈ ജോലിയാണെന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഇങ്ങിനെയൊരു ചടങ്ങ് ഇവിടെ നടക്കില്ലായിരുന്നു.

അവളുടെ അച്ഛൻ്റെ വാക്കുകൾ സിംപിൾ ആയിരുന്നുവെങ്കിലും, അത് പവർഫുൾ ആണെന്നറിഞ്ഞത് ഗീതുവിൻ്റെ ചുണ്ടിലെ ചിരിയിലായിരുന്നു.”

എന്നെ ചിന്തകളിൽ നിന്നുണർത്തിയത്, അവളുടെ മാക്സിയുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചപ്പോഴാണ്.

“ചേട്ടാ വരുമ്പോൾ രണ്ട് കിലോ നേന്ത്രപഴം കൊണ്ടു വാ – ഇവിടെ വന്ന പണിക്കാരന് വൈകീട്ടുള്ള ചായകൊടുക്കാനാ”

അവൾ പറഞ്ഞതും, അപ്പുറത്ത് നിന്നുയരുന്ന വാക്കുകൾ കേട്ട് അവളുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു.

അവൾ ഒരു ചമ്മിയ ചിരി എനിക്കു നേരെ എറിഞ്ഞു.

“ചേട്ടൻ ബിസിയാ – ഏതോ കക്ഷിയുമായി ചർച്ചയിലാ”

ഞാൻ പതിയെ തലയാട്ടിയപ്പോൾ അവൾ പതിയെ ചോദിച്ചു.

” രമേശൻ്റെ കല്യാണം കഴിഞ്ഞോ?”

“കഴിഞ്ഞു. ഗീതുവിനെ പെണ്ണുകാണാൻ വന്നപ്പോൾ കിട്ടിയ മറുപടി കേട്ട് പെണ്ണ് കാണൽ എന്ന ചടങ്ങ് ഞാൻ നിർത്തിവെച്ചതാ! പക്ഷേ പഴയൊരു കളിക്കൂട്ടുക്കാരി പ്രൊപ്പോസ് ചെയ്തപ്പോൾ അവളെ കെട്ടി “

ഗീതു കുറച്ചു നേരം എൻ്റെ കണ്ണിൽ നോക്കി.

“ഓരോരുത്തർക്ക് ഓരോന്നും വിധിച്ചിട്ടുണ്ട് രമേശാ ! അതുപോലെ നടക്കുകയുള്ളൂ”

അത് അവൾ പറഞ്ഞത് പരിഹാസത്തോടെ അല്ലായെന്ന് ഞാൻ മനസ്സിലാക്കിയത് അവളുടെ നിറയുന്ന കണ്ണുകൾ കണ്ടപ്പോഴാണ്.

ഇതു വരെ പിടിച്ചു നിന്ന അഹങ്കാരത്തിൻ്റെ ഇതളുകൾ പതിയെ കൊഴിയുകയാണ്.

” ഗീതുവിൻ്റെ ഭർത്താവ് എന്ത് ചെയ്യുന്നു?”

എൻ്റെ ചോദ്യത്തിന് ഗീതു മറുപടി പറയും മുൻപെ ഒരു തള്ള ഓടികിതച്ചെത്തി.

“പണിക്ക് വന്ന ചെക്കനുമായി ശൃംഗരിച്ചു നിൽക്കുന്ന മൂധേവി. പണി കഴിഞ്ഞു പോകുമ്പോൾ എണ്ണികൊടുക്കുന്നത് നിൻ്റെ തന്തയുടെ കൈയിലെ പൈസയല്ല. ൻ്റെ മോൻ എരിവെയിലത്ത് കരിങ്കല്ലിറക്കുന്നതിൻ്റെ കൂലിയാ “

ആ തള്ളയുടെ വാക്ക് കേട്ടപ്പോൾ അറിയാതെ എൻ്റെ കണ്ണുകൾ അവളിലേക്കു നീണ്ടു.

അവൾ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നതേ ഉള്ളൂ.

അവളുടെ കണ്ണിൽ നിന്ന് രണ്ടിറ്റ് നീർ, തറയിലെ മഴവെള്ളത്തിൽ വീണലിയുന്നത് കണ്ടപ്പോൾ അറിയാതെ നെഞ്ച് വിങ്ങി.

ആദ്യമായി ഇഷ്ടം തോന്നിയ പെൺക്കുട്ടി!

” ഇവളോട് അധികം മുട്ടി നിക്കണ്ട മോനെ. ഇവളെ മുട്ടി നിന്നവരൊക്കെ നശിച്ചു നാറാണകല്ലെടുത്തിട്ടുള്ളൂ”

ആ തള്ളയുടെ അഗ്നി വമിക്കുന്ന കണ്ണുകൾ അവൾക്കു നേരെ നീണ്ടു.

” നല്ലൊരു ബിസിനസ്സുമായി നടന്നിരുന്ന എൻ്റെ മോനാ ഇപ്പോൾ കല്ല് ചുമക്കുന്നത്. എല്ലാം പൊളിഞ്ഞ് രണ്ട് നില വീട് വിറ്റ്, ഈ വാടക വീട്ടിലേക്ക് കയറേണ്ടി വന്നത് ഈ എരണംകെട്ടവൾ വലതുകാൽ വെച്ചു കയറിയപ്പോഴാ “

ശാപ വർഷങ്ങളിൽ ഒന്നും പറയാൻ കഴിയാതെ നിൽക്കുന്ന അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ ഞാൻ പുറത്തേക്കിറങ്ങിയപ്പോഴേക്കും പടിക്കൽ ഒരു കാറിൻ്റെ ഹോൺ മുഴങ്ങി.

” കൂട്ടുക്കാരാവും ല്ലേ മോനേ?”

പിന്നിൽ നിന്നുയർന്ന ആ അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നിന്നു.

” ൻ്റെ മോനും ഇതുപോലെ പണി കഴിഞ്ഞ് വന്നാൽ കൂട്ടുക്കാർ കാറുമായി വരും.അതിൽ കേറി അവൻ പോയാൽ പിന്നെ നാലു കാലിൽ ഇഴഞ്ഞേ വരൂ. അതു കൊണ്ട് ചോദിച്ചതാ”

ആ അമ്മയുടെ ചോദ്യം കേട്ടപ്പോൾ, കണ്ണീരൊഴുക്കി നിൽക്കുന്ന ഗീതുവിനെ നോക്കി പറഞ്ഞു.

” കൂട്ടുക്കാരാ. പണിയെടുത്ത് കഴിഞ്ഞ് രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ഉറക്കം വരില്ല “

അതും പറഞ്ഞ് നിറഞ്ഞ മഴയിലേക്കിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ, ഞാൻ പതിയെ മന്ത്രിച്ചു.

” ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ പിക്ക് ചെയ്യാൻ വന്നതാണെന്നു പറഞ്ഞാൽ അതും ചൂണ്ടികാട്ടി ഗീതുവിനെ അവർ ചുട്ടെടുക്കും.

ഗീതു,കാലവർഷം പോലെ കണ്ണീരൊഴുക്കി നിൽക്കുന്നത് കാണാൻ ശക്തിയില്ലാത്തതു കൊണ്ട്. ആദ്യമായി ഒരു കള്ളുകുടിയനായി മാറിയ നിമിഷത്തെയോർത്ത് അഭിമാനത്തോടെ കാറിലേക്ക് കയറുമ്പോൾ, ഒരു പുഞ്ചിരിയോടെ ഭാര്യ എന്നെ സ്വീകരിക്കുകയായിരുന്നു.