തെന്നൽ
രചന: സന്തോഷ് അപ്പുക്കുട്ടൻ
ഞാൻ പ്രാണനെക്കാൾ സ്നേഹിക്കുന്നവളുടെ വിവാഹത്തിൻ്റെ തലേദിവസമാണ് ഇന്ന്.
എൻ്റെ ഒറ്റമുറി വീടിൻ്റെ ജനാലയിൽ കൂടി നോക്കിയാൽ കാണാം, വൈദ്യുതി വെളിച്ചത്തിൽ മുങ്ങി കിടക്കുന്ന അവളുടെ ആ വലിയവീട്.
പാട്ടും കൂത്തും മേളവുമായി ഒരു ആഘോഷരാവ് അവർ തകർത്തു തീർക്കുകയാണ് .
കണ്ണഞ്ചിക്കുന്ന വസ്ത്രം ധരിച്ച നാരീമണികൾക്കിടയിൽ എൻ്റെ കണ്ണുകൾ തിരഞ്ഞത് അവളെ മാത്രമായിരുന്നു.
മൂന്ന് വർഷത്തോളംഎൻ്റെ മനസ്സ് എന്ന മരുഭൂമിയിൽ വർഷമായി പെയ്തിറങ്ങിയവൾ:
ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട് പോകുമ്പോൾ, നിനക്ക് ഞാനുണ്ടെടാ എന്ന് പറഞ്ഞ് കൂടെ കൂടിയവൾ’
നിറങ്ങളില്ലാത്ത എൻ്റെ ലോകത്ത് മഴവില്ലായ് വിരിഞ്ഞു നിന്നവൾ.
കൂൾബാറിൻ്റെ അകത്തിരുന്നു പുറത്തെ മഴയിലേക്കും നോക്കി എന്നോടു ഒരുപാട് കഥകൾ പറഞ്ഞവൾ.
തൂലികാതുമ്പിനാൽ എത്രയെഴുതിയാലും പൂർണമാകാത്തവൾ!
അനാഥാലയത്തിൻ്റെ നിറം മങ്ങിയ ചുമരുകൾ കണ്ട് മനം മടുത്തിരുന്ന എനിക്ക്, അവൾ നിറങ്ങളുടെ അത്ഭുതം തന്നെയായിരുന്നു.
കറുത്ത് തിളങ്ങുന്ന മിഴികൾ….
ഇളം ചുവപ്പാർന്ന കവിൾത്തടങ്ങൾ……
ഒറ്റ കല്ല് മൂക്കുത്തി തിളങ്ങുന്ന, വിയർപ്പിൽ കുതിർന്ന ചുവപ്പ് നിറം പൂണ്ട നാസിക….:
അവളുടെ പ്രണയത്തിന് മാത്രം നിറങ്ങളില്ലായിരുന്നു!
നിറങ്ങൾ കൂടി ചേർന്ന് നിറങ്ങളല്ലാതായി തീരുന്ന ആ അവസ്ഥ.
അതായിരുന്നു അവളുടെ പ്രണയം!
അവളുടെ നിറങ്ങളെക്കാൾ ഞാൻ സ്നേഹിച്ചത് അവളിലെ നന്മകളെയായിരുന്നു.
അവളുടെ വിയർപ്പ്…..
അവളുടെ ശ്വാസം….
എത്രയെത്ര വാരിപുണർന്നാലും അവളപ്പോൾ മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി ചിരിക്കുമായിരുന്നു’
“ഹേയ് മാൻ – ഞാനൊരു വെറും പെൺക്കുട്ടിയാണു ട്ടോ!”
അതെ അവൾ വെറും പെൺക്കുട്ടി തന്നെയായിരുന്നു.
അച്ഛനമ്മമാരുടെ കാന്താരിയായിട്ടും …
ആങ്ങളമാരുടെ ത്സാൻസിറാണിയായിട്ടും…
മുത്തശ്ശൻ്റെയും, മുത്തശ്ശിയുടെയും ഉണ്ണിയാർച്ചയായിട്ടും…
കൂടെ ചേർന്നു നടക്കുന്നവരുടെ ഫൂലൻ ദേവിയായിട്ടും….
അവൾ പറഞ്ഞതിത്ര മാത്രം!
ഞാൻ വെറും സാധാരണ പെൺകുട്ടിയാണെന്ന്.
അവൾ പറഞ്ഞതായിരുന്നു ശരി!
എത്രയെത്ര വിശേഷണങ്ങൾ ചാർത്തി കൊടുത്താലും അവൾ വെറും പെൺക്കുട്ടി തന്നെയാണ്.
കുടുംബ ബന്ധങ്ങൾ തകർന്നു പോകരുതെന്ന് കരുതി, സ്വന്തം ജീവൻ, സ്വന്തം പ്രണയം ത്യജിക്കുന്നവൾ.
അവളെക്കുറിച്ചുള്ള,ഓർമ്മകളെ പൂട്ടിയിട്ട്,പുറത്തു പെയ്യുന്ന മഴയിലേക്ക് ഒരു നിമിഷം നോക്കി നിന്ന ശേഷം ഞാൻ അകത്തേക്ക് പതിയെ വന്നു.
കൂട്ടുക്കാർ കൊണ്ടു വെച്ച വിദേശമദ്യത്തെ കണ്ടില്ലെന്ന് നടിച്ച് കൂജയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് കുടിച്ചുക്കൊണ്ട് ഞാൻ പായയിൽ മലർനു കിടന്നു ,മുറിയുടെ മൂലയ്ക്ക് ഇരിക്കുന്ന ആസിഡ് കുപ്പിയെ നോക്കി.
“ടാ ബ്രോ അവളുടെ മുഖം തകർത്തു കളയണം തേക്കുന്നവർക്ക് ഇത് മറക്കാനാവാത്ത ഒരു പാoമായിരിക്കണം.
മറക്കാനാവാത്ത പാഠം?
ഇത്രയും നാൾ സ്നേഹിച്ചതിന്?
തെറ്റായ കൂട്ടുകെട്ടിൽ നിന്ന് പിൻതിരിപ്പിച്ചതിന്?
തകർന്നു പോയിക്കൊണ്ടിരുന്ന എന്നെ “മോട്ടിവേറ്റീവ് ” ചെയ്തതിന്?
കലിക്കൊണ്ട് നിൽക്കുന്ന ആ ചങ്ങാതിയോട് പറഞ്ഞത് ഇത്രമാത്രം!
” അവളുടെ ഒരു നിമിഷത്തെ സ്നേഹം മതി ബ്രോ,ഈ ജീവിതം എനിക്ക് ജീവിച്ചു തീർക്കാൻ “
അന്തം വിട്ടിരിക്കുന്ന ആ ചങ്ങാതിയെ വട്ടം കൂട്ടി പിടിച്ചു ഞാൻ.
പ്രതികാരത്തിനായ് മിന്നിതിളങ്ങുന ചങ്ങാതിയുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പതിയെ മന്ത്രിച്ചു’
“തിരിച്ചു കിട്ടൂലായെന്ന് കാണുമ്പോൾ പക വീട്ടുന്നത് പ്രണയമല്ല!
അത് വെറും കാമം മാത്രം!
അവളുടെ നിമ്ന്നോതങ്ങളിൽ മുങ്ങാംകുഴിയിടാൻ പറ്റിയില്ലല്ലോ എന്ന മനസ്സിൻ്റെ ജീർണാവസ്ഥ “
ഓർമ്മകളിൽ സഞ്ചരിക്കവെ, ആകാശ കോണിൽ ഇടിവെട്ടി.
തുരുതുരയായി മിന്നൽ ഭൂമിയിലേക്ക് ഇറങ്ങി വന്നു.
കാലം തെറ്റി പെയ്ത മഴയിൽ, മണ്ണ് കോരിത്തരിച്ച നിമിഷം.
” തെന്നൽ – നീ എവിടെയായാലും സന്തോഷത്തോടെ ജീവിക്കുക – അതിനെക്കാൾ സന്തോഷം എനിക്ക് മറ്റൊന്നുമില്ല.”
മഴനൂലുകൾക്കപ്പുറത്തെ കല്യാണ വീട്ടിലേക്ക് നോക്കി മന്ത്രിച്ചു കൊണ്ട് ഞാൻ ജാലക വാതിലുകൾ അടച്ചു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴായിരുന്നു വാതിലിൽ തെരുതെരെ മുട്ടുകേട്ടത്.
ഉറക്കം വരാത്ത ഈർഷ്യയിൽ വാതിൽ തുറന്ന ഞാൻ പുറത്തു കണ്ട രൂപത്തെ കണ്ടു അമ്പരന്നു.
നാളത്തെ കല്യാണ പെണ്ണ്.
പൊന്നിൽ കുളിച്ചു നിൽക്കുന്ന തെന്നൽ!
മഴവെള്ളം അവൾക്കു താഴെ ഒഴുകി പടരുന്നുണ്ടായിരുന്നു.
” അവസാന നിമിഷം വരെ ഞാൻ കെഞ്ചി അയാളോട്. എല്ലാം ഒരു പരിഹാസം നിറഞ്ഞ ചിരിയോടെയാണ് അയാൾ കേട്ടിരുന്നത് “
അനുവാദം ചോദിക്കാതെ അകത്തു കടന്നവൾ, തറയിൽ വിരിച്ചിരുന്ന കൈതോല പായയിൽ കിടന്നു കരഞ്ഞു തുടങ്ങി.
“തിരിച്ചു പോ,തെന്നൽ “
എൻ്റെ വാക്ക് കേട്ടതും അവൾ അമ്പരപ്പോടെ എന്നെ നോക്കി.
പുറത്തപ്പോഴും മഴ തകർത്തു പെയ്യുകയായിരുന്നു.
കൊള്ളിയാൻ ഞങ്ങളെ പലവട്ടം ചുംബിച്ചു കൊണ്ട് കടന്നു പോയി.
കുറച്ചു നിമിഷം എന്നെ ഒരു പരിഹാസത്തോടെ -നോക്കിയ നിമിഷം അവൾ കൈയിൽ കിടന്നിരുന്ന വള ഊരി എനിക്കു നേരെ നീട്ടി.
” കാമുകി തേച്ചിട്ടു പോയെന്നു പറഞ്ഞ് കള്ളുകുടിക്കാൻ കാശ് വേണ്ടേ ?”
ഒരു വരണ്ട ചിരി അവൾക്കു കൊടുത്തിട്ടു, എനിക്ക് ജന്മം തന്നിട്ട് മരണത്തിലേക്ക് പോയ എൻ്റെ അമ്മ ഉപയോഗിച്ചിരുന്ന പഴയ അലമാരി തുറന്ന്, നിറം മങ്ങിയ ഒരു ചുരിദാർ അവൾക്കു നേരെ നീട്ടി.
“തൂങ്ങിയാടുന്ന ആഭരണങ്ങൾ അണിയാതെ, ഈ ചുരിദാർ മാത്രം ഇട്ട് നീ നിൻ്റെ വീട്ടിൽ നിൽക്കുക “
ഒന്നും മനസ്സിലാവാതെ എന്നെയും നോക്കി നിൽക്കുന്ന അവളുടെ കാതിലേക്ക് ഞാൻ ചുണ്ട് ചേർത്തു.
“കൊണ്ടു പോകാൻ വരും നിന്നെ ഞാൻ -ആര് എതിർത്താലും “
തളർച്ചയോടെ അവൾ എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ, അവളുടെ ശിരസ്സിൽ ഞാൻ പതിയെ തഴുകിക്കൊണ്ട് പറഞ്ഞു.
“നിന്നെ മാത്രമാണ് ഞാൻ സ്നേഹിച്ചത് – നിന്നോളം നിൻ്റെ ആടയാഭരണങ്ങളെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല തെന്നൽ “