മക്കളൊക്കെ ഉമ്മയുടെ ചുറ്റിനും നില്ക്കുന്നത് കണ്ട് അയാൾക്ക് ആശ്വാസം തോന്നി…

രചന: സജി തൈപ്പറമ്പ്

വീതം വെപ്പ് കഴിഞ്ഞ് , മക്കളൊക്കെ അവരവരുടെ വീട്ടിലേക്ക് മടങ്ങിയപ്പോൾ, സെയ്തലവിയും സുഹറാബീവിയും , പഴക്കംചെന്ന ആ തറവാട്ടിൽ തനിച്ചായി.

മക്കളെല്ലാരും , തുല്യ ഭാഗം കണക്ക് പറഞ്ഞ് വാങ്ങിയപ്പോൾ, നമ്മളെ വേണമെന്ന് ഒരാളു പോലും പറഞ്ഞില്ലല്ലോ സുഹറാ ..

സെയ്തലവി വേദനയോടെ ഭാര്യയോട് ചോദിച്ചു.

അയിന് നമ്മളെക്കൊണ്ട് , അവർക്കിനി എന്താ പ്രയോജനം, കൂടെ കൂട്ടിയാൽ , നമ്മൾ അവർക്കൊരു ബാധ്യതയാകുമെന്ന് തോന്നി കാണും

എന്നാലും അവരെ നാലുപേരെയും നമ്മൾ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് , പ്രായമാകുമ്പോൾ അവര് നമ്മളെ പൊന്നുപോലെ നോക്കുമെന്ന് കരുതിയ നമ്മളാണ് വിഡ്ഢികൾ

സൈതലവി ,നിരാശയോടെ പറഞ്ഞു.

നിങ്ങൾ ഇനി ,അതൊന്നുമോർത്ത് ബേജാറാവണ്ട, മക്കളോടുള്ള കടമകളൊക്കെ നിറവേറ്റിയില്ലേ? ഇനി നിങ്ങൾ നിയ്യത്ത് ചെയ്തതുപോലെ, ഹജ്ജിന് പോകാൻ നോക്ക്

ഉം , നീ പറഞ്ഞത് ശരിയാ, ഇനിയും അത് നീട്ടിവെച്ചു കൂടാ, അള്ളാഹുവിനോടുള്ള കടമ, അത് നിർവഹിച്ചേ മതിയാകൂ, നാളെ തന്നെ, ട്രാവൽസിൽ പോയി അപേക്ഷ കൊടുക്കാം

പിറ്റേന്ന് തന്നെ സൈതലവി ടൗണിലെ, ടൂർസ് ആൻ്റ് ട്രാവൽസിൽ പോയി, ഹജ്ജ് വിസയ്ക്കുള്ള അപേക്ഷ നൽകി.

തിരിച്ചു വീട്ടിലേക്ക് വന്ന് കയറിയ സൈതലവി കണ്ടത്, കോലായിൽ ബോധമില്ലാതെ കിടക്കുന്ന സുഹറാബീവിയെയാണ്.

നിരവധി തവണ തട്ടി വിളിച്ചിട്ടും അനക്കമില്ലാതിരുന്നപ്പോൾ, അയാൾ അയൽക്കാരെ വിളിച്ച് അവരെ ആശുപത്രിയിലെത്തിച്ചു.

നിരവധി പരിശോധനകൾക്ക് ശേഷം, ഡോക്ടർ പഞ്ഞത് കേട്ട് സൈതലവി തളർന്ന് പോയി.

ഹൃദയവാൽവിന് തകരാറുണ്ട്, ഒരു ഓപ്പറേഷൻ കൊണ്ട് മാത്രമേ അതിന് പരിഹാരമുണ്ടാക്കാൻ കഴിയു, അധികം താമസിക്കാതെ അത് ചെയ്യുന്നതാണ് ഉത്തമം

അതിന്എത്ര രൂപ ചിലവ് വരും ഡോക്ടർ ?

ഏകദേശം ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കരുതണം ,ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലല്ലേ ?അത് കൊണ്ട് പൈസ മുൻകൂർ അടച്ച് ഡേറ്റ് ഫിക്സ് ചെയ്യണം

ഒരു മൂന്ന് മാസത്തേയ്ക്ക് ഓപ്പറേഷൻ നീട്ടിവയ്ക്കാൻ കഴിയുമോ? ഞാനിപ്രാവശ്യം ഹജ്ജിന് പോകാൻ അപേക്ഷ കൊടുത്ത് നില്ക്കുവാ ,ചിലപ്പോൾ അടുത്ത മാസം പോകേണ്ടി വരും. അത് കഴിഞ്ഞിട്ടായിരുന്നെങ്കിൽ സൗകര്യമായിരുന്നു.

ഉം അത് കുഴപ്പമില്ല, മൂന്ന് മാസത്തേക്ക് വേണമെങ്കിൽ ടാബ് ലറ്റ് കഴിച്ചാൽ മതിയാകും, അത് കഴിഞ്ഞാൽ ഉടൻ തന്നെ സർജ്ജറിക്കുള്ള ഏർപ്പാട് ചെയ്യണം

അത് ചെയ്യാം ഡോക്ടർ ,വളരെ ഉപകാരം

ഡോക്ടറോട് നന്ദി പറഞ്ഞ് തിരിച്ച് വാർഡിലെത്തുമ്പോൾ, മക്കളൊക്കെ ഉമ്മയുടെ ചുറ്റിനും നില്ക്കുന്നത് കണ്ട് അയാൾക്ക് ആശ്വാസം തോന്നി.

ഉമ്മയുടെ ഓപ്പറേഷന് വേണ്ട തുക മക്കള് തന്നെ സംഘടിപ്പിക്കുമെന്നായിരുന്നു അവരോടതിനെ കുറിച്ച് ചർച്ച ചെയ്യുന്നത് വരെ അയാൾ ധരിച്ചിരുന്നത്.

ഉപ്പയെന്തിനാ കയ്യിൽ കാശ് വച്ചിട്ട് മക്കളോടിരക്കുന്നത് ,ഞങ്ങളൊക്കെ ഓരോ പ്രാരാബ്ദങ്ങളുമായി ജീവിക്കുന്നവരാ ,നിങ്ങൾക്ക് പ്രത്യേകിച്ച് ചിലവൊന്നുമില്ലല്ലോ? പിന്നെ ടൗണിൽ ചെന്നപ്പോൾ ട്രാവൽസിലെ ഷുക്കൂറിക്ക പറഞ്ഞിരുന്നു, നിങ്ങള് ഹജ്ജിന് പോകാൻ ഒരുങ്ങുവാണെന്ന്, തല്ക്കാലം ആ കാശെടുത്ത് ഉമ്മാടെ ഓപ്പറേഷൻ നടത്താൻ നോക്ക് ,ആയുസ്സുണ്ടെങ്കിൽ ഹജ്ജിന് പിന്നീടെപ്പോഴെങ്കിലും പോകാമല്ലോ?

മൂത്ത മകൻ്റെ പ്രതികരണം തന്നെയായിരുന്നു, താഴെയുള്ള മക്കൾക്കും

ഇളയ മകളുടെ ഔദാര്യത്തിൽ അവരുടെ കാറിലാണ്, ഡിസ്ചാർജ് ചെയ്ത സുഹറാബീവിയെ, വീട്ടിലെത്തിച്ചത്.

രാവിലെ ഇറങ്ങിയതാ വീട്ടീന്ന്, കുട്ടികളൊക്കെ എന്തായി കാണുമെന്നറിയില്ല ,ഞങ്ങളന്നാൽ ഇറങ്ങട്ടെ?

മക്കളെയോർത്തുള്ള ഇളയ മകളുടെ വേവലാതി കണ്ടപ്പോൾ, തങ്ങളും പണ്ട് ഇതേ സ്വാർത്ഥതയുള്ളവരായിരുന്നെന്ന് സൈതലവി ഓർത്തു.

ഞാനിത്തിരി കഞ്ഞിയുണ്ടാക്കാം, നീ തത്ക്കാലം അത് കുടിച്ചിട്ട് ഗുളിക കഴിക്കാൻ നോക്ക് ,രണ്ടീസം അങ്ങനെ പോകട്ടെ, അത് വരെ നീ റസ്റ്റെടുക്ക്

ഭാര്യയോട് പറഞ്ഞിട്ട് സൈതലവി അടുക്കളയിലെക്ക് പോയി.

മക്കള് പറഞ്ഞത് നിങ്ങള് കാര്യാക്കണ്ട ,പടച്ചോനോടുള്ള കടം നീട്ടി വയ്ക്കണ്ട, നിങ്ങളെന്തായാലും ഹജ്ജിന് പോയിട്ട് വാ

ചൂട് കഞ്ഞി ,ഈതി കുടിക്കുമ്പോൾ, സുഹറാബീവി ഭർത്താവിനെ ഉപദേശിച്ചു.

ഉള്ള കാശുമായി ഞാൻ ഹജ്ജിന് പോയാൽ പിന്നെ, തിരിച്ച് വരുമ്പോൾ നിൻ്റെ ഓപ്പറേഷൻ എങ്ങനെ നടത്തും?

അതപ്പോഴല്ലേ ?ആ സമയത്ത് എന്തെങ്കിലും വഴിയുണ്ടാവും, ഇല്ലെങ്കിൽ വിധിപോലെ വരട്ടെ ,ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ മരിക്കേണ്ടവരാ ,നിങ്ങള് ഹജ്ജ് ചെയ്യുമ്പോൾ, എൻ്റെ ദീർഘായുസ്സിന് വേണ്ടി ദുഅ: ചെയ്താൽ മതി ,പരിശുദ്ധ ഹജ്ജിൻ്റെ ഫലം നമുക്ക് കിട്ടാതിരിക്കില്ല

നീ പറഞ്ഞത് ശരിയാ, ആയുസ്സിനുടയവൻ അള്ളാഹുവല്ലേ? അവന് വേണ്ടി ചെയ്യുന്ന സത്ക്കർമങ്ങൾ കൊണ്ട്, ചിലപ്പോൾ നിനക്ക് ശിഫയുണ്ടാകുമായിരിക്കും

ഒരാഴ്ച കഴിഞ്ഞപ്പോൾ ട്രാവത്സിൽ നിന്നും വിളി വന്നു.

സുഹറാ.. വിസയ്ക്കുള്ള കാശ് കൊണ്ട് ചെന്നടയ്ക്കാൻ പറഞ്ഞു ,ഞാനെന്തായാലും ട്രാവൽസിൽ പോയി ക്യാഷ് അടച്ചിട്ട് വരാം

ട്രാവത്സിൽ കൊടുക്കാനുള്ള മുഴുവൻ തുകയുമായി, സൈതലവി ടൗണിലേക്ക് പോയപ്പോൾ, സുഹറാബീവിയുടെ മനമൊന്ന് തേങ്ങി.

ഭർത്താവിനോട് ഹജ്ജിന് പോകണമെന്ന് പറയുമ്പോഴും അദ്ദേഹം അത് സമ്മതിക്കാതെ തൻ്റെ ഓപ്പറേഷനുള്ള കാര്യങ്ങൾ നോക്കുമെന്നായിരുന്നു അവർ കരുതിയത്, ആ മനുഷ്യന് തന്നോട് എത്രമാത്രം ആത്മാർത്ഥതയുണ്ടെന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നത് ,പക്ഷേ തൻ്റെ മക്കളും ഭർത്താവും സ്വാർത്ഥമതികളാണെന്ന് മനസ്സിലാക്കിയ സുഹറാബീവിയുടെ കണ്ണ് നിറഞ്ഞു.

ഉച്ചകഴിഞ്ഞപ്പോൾ സുഹറാബീവീ..എന്ന് വിളിച്ച് കൊണ്ട് ,സൈതലവി ഉമ്മറത്തെത്തിയപ്പോൾ, അവർ ഉറക്കം നടിച്ച്, കണ്ണടച്ച് കിടന്നു.

വിസ ശരിയായിക്കാണും, ആ സന്തോഷ വാർത്ത തന്നെ അറിയിക്കാൻ ഓടി വന്നതാ ദുഷ്ടൻ..

സുഹറാബീവി മനസ്സിൽ പറഞ്ഞ് അനങ്ങാതെ കിടന്നു.

ഉം.. നീ ഉറങ്ങുവല്ലെന്ന് എനിക്ക് മനസ്സിലായി കെട്ടോ? ങ്ഹാ പിന്നേ .. നാളെ രാവിലെ തന്നെ ഹോസ്പിറ്റലിൽപോയി അഡ്മിറ്റാകണം ,അടുത്ത തിങ്കളാഴ്ചത്തേയ്ക്കാ ഡേറ്റ് കിട്ടിയിരിക്കുന്നത്, ഇപ്പോൾ തന്നെ വേണ്ട സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വച്ചാൽ, രാവിലെ തന്നെ ഇറങ്ങാൻ പറ്റും

അത് കേട്ടതും, സുഹറാ പെട്ടെന്ന് കണ്ണുകൾ തുറന്നു.

ങ്ഹേ, ഓപ്പറേഷനുളള പൈസയടച്ചോ ? നിങ്ങളപ്പോൾ ഹജ്ജിന് പോകുന്നില്ലേ?

ഇല്ല സുഹറാ.. നിൻ്റെ ജീവിതം വച്ചൊരു പരീക്ഷണം നടത്താൻ മനസ്സനുവദിച്ചില്ല, അള്ളാഹുവിനറിയാം, എനിക്കിപ്പോൾ നീ മാത്രമേയുള്ളെന്നും, നിൻ്റെ ജീവനാണ് എനിക്ക് പ്രധാനമെന്നും ,പത്ത് നാല്പത്തിയഞ്ച് വർഷങ്ങളായി എൻ്റെ എല്ലാ കാര്യങ്ങളും യാതൊരു കുറവും കൂടാതെ നോക്കി, എൻ്റെ നാല് മക്കളെ നൊന്ത് പ്രസവിച്ച നിൻ്റെ ജീവന് യാതൊരു വിലയും കല്പിക്കാതെ ഹജ്ജ് ചെയ്യാൻ ഞാൻ പോയാൽ, അള്ളാഹു അത് സ്വീകരിക്കില്ല

ഒഹ് ,ഞാൻ കരുതി മക്കളെ പോലെ, നിങ്ങൾക്കും എന്നെ വേണ്ടാതായെന്ന്

അങ്ങനെ പറയരുത് സുഹറാ…മക്കള് എത്ര സ്വാർത്ഥത കാണിച്ചാലും ,ഭാര്യയ്ക്കോ ഭർത്താവിനോ അങ്ങനെയാവാൻ കഴിയില്ല ,താങ്ങും തണലുമായി ജീവിതാവസാനം വരെ അവർ കൂടെ തന്നെയുണ്ടാവും