അങ്ങിനെയൊരു ചോദ്യമുണ്ടാകണമെങ്കിൽ തന്നെ അത് ഞങ്ങൾ തമ്മിൽ കല്യാണം കഴിച്ചതിനു ശേഷമല്ലേ…

യോഗം

രചന: സന്തോഷ് അപ്പുക്കുട്ടൻ

“മോളേ, വന്നൊന്നു തെങ്ങ് കേറി തരോ?”

കാണാൻ വന്ന പെണ്ണിനെ നോക്കി, അങ്ങോട്ടേക്ക് ഓടി കയറി വന്ന സ്ത്രീ അങ്ങിനെ ചോദിച്ചപ്പോൾ, രാകേഷിൻ്റെ കൈയ്യിൽ നിന്ന് ജ്യൂസ് ഗ്ലാസ്സ് നിലത്ത് വീണ് ചിതറി.

അവൻ വിഷമത്തോടെ കൂടെ വന്ന അളിയനെ നോക്കിയപ്പോൾ കണ്ടത്, അയാൾ തൊണ്ടയിൽ തടഞ്ഞ ഉപ്പേരി ഇറക്കുവാൻ വേണ്ടി പെടാപാട് പെടുന്നതാണ്.

” ഇവിടെ സുജയെ പെണ്ണുകാണാൻ വന്നവരാണ് ഇവർ.ആ സമയത്താണോ?”

ഭാനുചേച്ചിയെ നോക്കി വാക്കുകൾ പറയാൻ കഴിയാതെ, അമ്മ വിഷമിക്കുന്നത് കണ്ടപ്പോൾ സുജ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു.

” ജോലി കിട്ടാനുള്ള ഡിഗ്രിയുണ്ടെങ്കിലും, ഒഴിവ് സമയത്ത് ഞാൻ തെങ്ങേറ്റത്തിന് പോകും”

സുജ ലാഘവത്തോടെ പറഞ്ഞപ്പോൾ എന്തു പറയണമെന്നറിയാതെ അളിയൻസ് പരസ്പരം നോക്കി.

” ഇത്രയും പഠിച്ചിട്ട് ഇങ്ങിനെയൊരു ജോലി?”

വാക്കുകൾ മുറിഞ്ഞ് കൊണ്ട് രാകേഷ് ചോദിച്ചപ്പോൾ സുജ ചിരിച്ചു.

“ഈ ജോലിക്കെന്താണ് ഒരു കുറവ്? കക്കാനും മോഷ്ടിക്കാനും പോകുന്നില്ലല്ലോ?”

സുജയുടെ ചോദ്യത്തിന് ഉത്തരമില്ലാതായ രാകേഷ് അളിയനെ നോക്കി.

തൊണ്ടയിൽ തടഞ്ഞിരുന്ന ഉപ്പേരി താഴേക്കിറങ്ങിയതും അയാൾ ഉഷാറായി.

” എന്തു കുറവില്ലാന്നാണ് കുട്ടി പറയുന്നത്? ഭാര്യയ്ക്ക് തെങ്ങേറ്റമാണെന്ന് ൻ്റെ അളിയന്.നാലാളോട് പറയാൻ പറ്റോ?”

“അങ്ങിനെയൊരു ചോദ്യമുണ്ടാകണമെങ്കിൽ തന്നെ അത് ഞങ്ങൾ തമ്മിൽ കല്യാണം കഴിച്ചതിനു ശേഷമല്ലേ?”

സുജയുടെ ചോദ്യം വലിയൊരു സ്റ്റോപ്പ് സിഗ്നലാണെന്ന് തിരിച്ചറിഞ്ഞ രാകേഷ് ദേഷ്യത്തോടെ അളിയനെ നോക്കി.

പിന്നെ പതിഞ്ഞ പുഞ്ചിരിയോടെ സുജയുടെ നേർക്ക് തിരിഞ്ഞു.

” സുജയെ എനിക്കിഷ്ടപ്പെട്ടു. പക്ഷെ വിവാഹം കഴിഞ്ഞാൽ പിന്നെ ഈ പണിക്ക് പോകരുത് “

ഒരു ഉത്തരവുമില്ലാത്ത നിമിഷങ്ങൾക്ക് ഒടുവിൽ സുജ പതിയെ അയാളുടെ അരികത്തേക്ക് വന്നു.

” പ്രൊഫഷണൽ എന്ന രീതി നിർത്താം – പക്ഷേ അത്യാവശഘട്ടത്തിൽ, ഇങ്ങിനെ ചിലർ വിളിച്ചാൽ എനിക്ക് ചെയ്തു കൊടുക്കാതിരിക്കാനാവില്ല “

ഭാനുവേച്ചിയെ കാണിച്ചുക്കൊണ്ട് അവളത് പറഞ്ഞപ്പോൾ രാകേഷിന് എന്തു പറയണമെന്നറിയാതെയായി.

” അതിലൊരു നാണക്കേടും എനിക്കില്ല ഇരുപത്തിയൊന്നു വർഷം ഞാൻ ചോറ് ഉണ്ടത് അച്ഛൻ ഈ പണി ചെയ്തിട്ടാണ് “

പറഞ്ഞു തീർന്നതും തെക്കേമുറിക്കുള്ളിൽ നിന്ന് കുത്തിക്കുത്തിയുള്ള ചുമ ഉയർന്നു.

” ൻ്റെ അച്ഛനാ- ഇപ്പോൾ വയ്യാതായി.ആൺക്കുട്ടിയായിട്ട് ആരുമില്ലാത്ത ൻ്റെ അച്ഛനെ എനിക്കു നോക്കേണ്ടേ?” പെൺക്കുട്ടിയാണെന്ന് പറഞ്ഞ് വീട്ടിലിരുന്നാൽ ൻ്റെ അച്ഛനുള്ള മരുന്നും, ഭക്ഷണവും നാട്ടുക്കാർ തരോ?”

അവൾ ഒന്നു നിർത്തി അളിയൻസിനെ നോക്കി.

“നാട്ടുക്കാർ തരാമെന്നു വെച്ചാൽ തന്നെ എനിക്ക് വാങ്ങിക്കാൻ കഴിയില്ല. കാരണം ആൺക്കുട്ടിയില്ലാന്നുള്ള അച്ഛൻ്റെ വിഷമം തീരണമെങ്കിൽ, ഞാൻ ഒരു ആൺകുട്ടിയാകണം”

“ഇതൊരു നടയ്ക്ക് പോകണ കേസല്ല രാകേഷേ?”

അളിയൻ രാകേഷിൻ്റെ കാതിൽ മന്ത്രിച്ചതു കേട്ട ഭാനുവേച്ചി അയാൾക്കരികിലേക്ക് ചെന്നു.

“ഓള് ഇങ്ങനെയാ മക്കളേ – ചെറുപ്പം തൊട്ടേ ഒരു ആൺകുട്ടിയെപോലെ അച്ഛനെ എല്ലാ കാര്യത്തിലും സഹായിക്കും. അതിപ്പോ മരത്തിൽ കേറൽ മാത്രമല്ല., വീടിൻ്റെ മുകളിൽ കയറി പൊട്ടിയ ഓട് മാറ്റിവെക്കും, മരപ്പണി ചെയ്യും, തെങ്ങിന് തടമെടുക്കും, വീടിന് പെയിൻ്റടിക്കും – എന്നു വേണ്ടാ അവൾ ചെയ്യാത്ത പണിയൊന്നുമില്ല.”

ഭാനുവേച്ചി രാകേഷിൻ്റെ കൈയിൽ പിടിച്ചു.

“ഓളൊരു നിധിയാണ് മോനെ. അതു വിവാഹം കഴിഞ്ഞാൽ മോനു മനസ്സിലാവും”

രാകേഷ് പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് ഭാനു ചേച്ചിയെ നോക്കി.

“റിസൾട്ട് പിന്നെ കിട്ടാൻ ഞാൻ വന്നത് ലോട്ടറി ടിക്കറ്റ് എടുക്കാനല്ല എൻ്റെ രീതിയിൽ, ഒത്തൊരുമിച്ച് പോകാൻ പറ്റുന്ന ഒരു പെണ്ണിനെ തേടിയാണ് – അത് സാധ്യമല്ലായെന്നു മനസ്സിലായി “

രാകേഷ് അളിയനെ നോക്കിയതും, അയാൾ പെട്ടെന്ന് എഴുന്നേറ്റ് സുജയെ നോക്കി.

” ൻ്റെ അളിയന്, മരം കേറണ,ഒരു പെണ്ണു വേണ്ട. അത്ര തന്നെ “

ക്ഷോഭത്തോടെ’വീട് വിട്ടിറങ്ങുന്ന അളിയൻ സിനെ നോക്കി സുജ പതിയെ ചിരിച്ചു പിന്നെ ഭാനുവേച്ചിയുടെ നേർക്ക് തിരിഞ്ഞു.

” പോകാം ചേച്ചി നമ്മൾക്ക് “

അതും പറഞ്ഞ് അവൾ വരാന്തയിലിരിക്കുന്ന തെങ്ങുകയറ്റ യന്ത്രമെടുത്ത് പുറത്തിറങ്ങി.

” സുജടമ്മേ എനിക്കറിയില്ലായിരുന്നു ട്ടാ അവർ പെണ്ണുകാണാൻ വന്നവരാണെന്ന്”

അവർ കയറിയ ഓട്ടോ അകന്നു പോകുന്നതും നോക്കി വിഷമത്തോടെ നിൽക്കുന്ന ശാരദയുടെ കൈയിൽ പിടിച്ചു ഭാനുചേച്ചി.

“കറി വെക്കാൻ നോക്കിയപ്പോളാ തേങ്ങ ഇല്ലെന്നു കണ്ടത്. കറിയിൽ തേങ്ങ അരച്ചു ചേർത്തില്ലെങ്കിൽ അവിടുത്തെ കാലമാടൻ എന്നെ ചവിട്ടി കുത്തുമെന്ന് അറിയാമല്ലോ?അതോണ്ടാ ഒന്നും നോക്കാതെ “

അതും പറഞ്ഞ് വിഷമത്തോടെ തലയിൽ കൈയ്യും വെച്ചിരുന്ന ഭാനുവേച്ചിയുടെ അടുത്തേക്ക് വന്നു സുജ

” അവർ എന്നെ കണ്ടു ഇഷ്ടപ്പെട്ടില്ല പോയി – അതിനിവിടെ ആർക്കാ,വിഷമം അല്ലേ അമ്മേ ?”

ഭാനുവേച്ചിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുക്കൊണ്ട് അവൾ പതിയെ ചിരിച്ചു.

” കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും മോളേ കെട്ടാനെന്ന് ൻ്റെ അമ്മക്കറിയാം”

സുജയുടെ വാക്ക് കേട്ടതോടെ, കണ്ണിൽ നിറഞ്ഞ നീരിനെ പുറം കൈതുടച്ചുക്കൊണ്ട് ശാരദ അകത്തേക്ക് നടന്നു.

ഇളം ചാറ്റൽ മഴയത്ത്, യന്ത്രവും ഉപയോഗിച്ച് തെങ്ങുകയറി സുജ മുകളിലെത്തി ഒരു കുല നാളികേരം വെട്ടിയിട്ടു.

“മോളേ ഒരു കുല ഇളനീർ കൂടിയിട്ടോ – കാക്ക വിരുന്ന് വിളിക്ക്ണണ്ട്. ആരെങ്കിലും വന്നാൽ തന്നെ കൊടുക്കാൻ ഒന്നുമില്ല ഇവിടെ”

തെങ്ങോലയിൽ ഇരുന്നു കരയുന്ന കാക്കയെ നോക്കി ഭാനുവേച്ചി പറഞ്ഞപ്പോൾ, അവൾ ഒരു കുല ഇളനീർ കൂടി വെട്ടിയിട്ടു.

നനഞ്ഞ മണ്ണിൽ വീണു ചിതറിയ ഇളനീർ പെറുക്കുന്നതിനിടയിലാണ് ഒരു ഓട്ടോ പടിക്കൽ വന്നു നിൽക്കുന്നത് ഭാനുചേച്ചി കണ്ടതും, മുഖമുയർത്തി സുജയെ നോക്കിയതും.

“പിണങ്ങി പോയവർക്ക് മാനാസാന്തരം വന്നിട്ട് തിരിച്ചു വന്നിട്ടുണ്ട് “

ഭാനുവേച്ചി പറഞ്ഞതും, സുജ പടിക്കലേക്ക് നോക്കിയപ്പോൾ കണ്ടത്, ഓട്ടോയിൽ നിന്ന് ഇറങ്ങി വരുന്ന മൂന്ന് പേരെയാണ്.

രാകേഷിനെയും, അളിയനെയും മനസ്സിലായ അവൾ പതിയെ താഴോട്ടിറങ്ങാൻ തുടങ്ങിയതും, മൂന്നാമത്തെ ആൾ ഓടിവന്നു സുജയെ നോക്കി.

“ഇറങ്ങല്ലേ കുട്ടീ – കുട്ടി കുരൽ വ്യത്തിയാക്കിയോ?”

സുജ അമ്പരപ്പോടെ അയാളുടെ ചോദ്യം കേട്ട് നിൽക്കെ, രാകേഷിൻ്റെ അളിയൻ്റെ ചിരി അവൾ കേട്ടു .

” ഞങ്ങൾ വിവാഹത്തിനു സമ്മതമാണെന്നു പറയാൻ മടങ്ങിവന്നതല്ല. ഈ കൃഷിആഫീസർ ഒരു ഓട്ടോ കിട്ടാതെ സ്റ്റോപ്പിൽ നിൽക്കുമ്പോൾ, ഒന്നു സഹായിച്ചതാ”

അളിയൻ്റെ പറച്ചിൽ കേട്ട് രാകേഷിൻ്റെ ചുണ്ടിലും ഒരു പരിഹാസചിരി ഉതിർന്നു .

“മണ്ടരിയോ,മണ്ടചീയലോ, കുലവാട്ടമോ, ചെള്ളിൻ്റെ ഉപദ്രവമോ എന്തെങ്കിലുമുണ്ടോ?”

കൃഷി ഓഫീസറുടെ ചോദ്യത്തിൽ അവൾ ഇല്ലെന്നു തലയാട്ടി.

നിലത്ത് വീണ ഇളനീർ എടുത്ത് ചൂണ്ടുവിരൽ കൊണ്ട് പൊട്ടിച്ച്, അയാൾ കുടിച്ചു കൊണ്ട് തെങ്ങിലിരിക്കുന്ന സുജയെ നോക്കി.

“നല്ല മധുരമുളള കരിക്കിൻ വെള്ളം – രാസവളം ഉപയോഗിക്കുന്നില്ല അല്ലേ?”

അവൾ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി.

“തെങ്ങിന് ഉപയോഗിക്കുന്ന വളങ്ങളും, അത് ഏതേത് മാസങ്ങളിലാണ് ചെയ്യുന്നതെന്നും താൻ താഴെ വന്നിട്ട് ചോദിക്കാം – അതിനു മുൻപ് എനിക്കൊരു ചോദ്യമുണ്ട്?”

കൃഷി ഓഫീസറുടെ വർത്തമാനം കേട്ടപ്പോൾ സുജ, അമ്പരപ്പോടെ ഭാനുചേച്ചിയെ നോക്കി.

“തെങ്ങ് സത്യമുള്ള വൃക്ഷമാണന്നറിയാലോ? അതിൽ ഇരുന്ന് സത്യം മാത്രമേ പറയാവൂ”

കൃഷി ഓഫീസറുടെ ചോദ്യം കേട്ടപ്പോൾ സുജ മൂന്നാമതും തല കുലുക്കി.

“ഞാൻ കൃഷി ഓഫീസർ പ്രകാശൻ.എനിക്ക് കുട്ടിയെയും, കുട്ടിയുടെ തൻ്റേടത്തെയും ഇഷ്ടമാണ്. എന്നെ കുട്ടിക്ക് ഇഷ്ടപ്പെടുമെങ്കിൽ?”

കൃഷി ഓഫിസർ ചോദിച്ചതും, സുജയിൽ നിന്ന് വാക്കത്തി ഒരിക്കൽ കൂടി അന്തരീക്ഷത്തിലേക്ക് പാഞ്ഞു.

ഒരു കുല ഇളനീർ നനഞ്ഞ മണ്ണിൽ വീണു ചിതറി, നന്ത്യാർവട്ട പൂക്കളെ പോലെ കണ്ണു തുറന്നു.

” അപ്പോൾ വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോട്ടെ? അവർ ഒരു മണിക്കൂറിനുള്ളിൽ ഇവിടെയെത്തും “

ഇപ്രാവശ്യം അവൾ തലയാട്ടിയില്ല. പകരം പ്രണയപൂർവ്വം അയാളെ നോക്കി ചിരിച്ചു.

ചാറ്റൽ മഴയിൽ പതിയെ തെങ്ങിൽ നിന്നിറങ്ങുമ്പോൾ, അവളുടെ മിഴികളിൽ പ്രണയതുമ്പികൾ പറന്നിറങ്ങുകയായിരുന്നു.

കൃഷി ഓഫീസർ പോക്കറ്റിൽ നിന്ന് അഞ്ഞൂറ് രൂപ എടുത്ത് രാകേഷിന് കൊടുത്തു.

” എൻ്റെ ഒരു സന്തോഷത്തിന് -ഇത് കൈയിൽ വെച്ചോ- ഇനി നിങ്ങൾ പൊക്കോ – ഒരു മണിക്കൂറിനുള്ളിൽ എൻ്റെ വീട്ടുക്കാരെത്തും “

യാന്ത്രികമായി രാകേഷ് കൈ നീട്ടുമ്പോൾ, അവൻ്റെ മിഴികളിൽ തെങ്ങിൽ നിന്നിറങ്ങി വന്ന സുജയിൽ ആയിരുന്നു.

ചിന്നി ചിതറിയ ഇളനീർപൂളുകൾക്കിടയിൽ വിയർത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ .കുട്ടിക്കാലത്ത് വായിച്ച കഥയിലെ ഒരു രാജകുമാരിയെ പോലെ അവനു തോന്നി.